സാമ്രാജ്യത്തിന്റെ ഭരണത്തിന് അതിർത്തികളില്ല

സാമ്രാജ്യം നമ്മുടെ കണ്മുന്നിൽ തന്നെ യാഥാർത്ഥീകരിക്കപ്പെടുകയാണ്. കഴിഞ്ഞ നിരവധി ദശകങ്ങളിലൂടെ കൊളോണിയൽ ഭരണങ്ങൾ തൂത്തെറിയപ്പെടുകയും, തുടർന്ന് സുപ്രധാനമായ രീതിയിൽ ലോക മാർക്കറ്റിന് മുന്നിലുണ്ടായിരുന്ന സോവിയറ്റ് അതിർത്തിവേലികൾ നിലംപൊത്തുകയും ചെയ്യുന്നതിനിടയിൽ നാം ദർശിച്ചത് സാമ്പത്തിക-സാംസ്കാരിക വിനിമയങ്ങളുടെ അപ്രതിരോധ്യവും തിരിച്ചാക്കാനാകാത്തതുമായ ആഗോളവൽക്കരണത്തെയാണ്. ആഗോള വിപണിക്കും ആഗോള ഉല്പാദന സർക്യൂട്ടുകൾക്കുമൊപ്പം ഒരു ലോകക്രമം ഉയർന്നുവന്നു. ഒരു പുതിയ ഭരണയുക്തിയും ഘടനയും. ചുരുക്കത്തിൽ, പരമാധികാരത്തിൻ്റെ ഒരു പുതിയ രൂപം. ഈ ആഗോള വിനിമയങ്ങളെ, ലോകത്തെ ഭരിക്കുന്ന പരമാധികാരശക്തിയെ, ഫലപ്രദമായി റെഗുലേറ്റ് ചെയ്യുന്ന (നിയന്ത്രിക്കുന്ന) രാഷ്ട്രീയ കർതൃത്വമാണ് സാമ്രാജ്യം.

നിരവധിപേർ വാദിക്കുന്നത് മുതലാളിത്ത ഉല്പാദനത്തിന്റെയും വിനിമയത്തിന്റെയും ആഗോളവൽക്കരണത്തിൻ്റേയർത്ഥം സാമ്പത്തികബന്ധങ്ങൾ രാഷ്ട്രീയ നിന്ത്രണങ്ങളിൽ നിന്ന് കൂടുതൽ സ്വാശ്രിതത്വം നേടിയെന്നാണെന്നും, അതിൻ്റെ അനന്തരഫലമെന്നോണം രാഷ്ട്രീയ പരമാധികാരം ദുർബലമായിയെന്നുമാണ്. ഈ പുതിയ യുഗത്തെ രാഷ്ട്രീയ ശക്തികൾ അടിച്ചേല്പിച്ച നിയന്ത്രണങ്ങളിലും വഴിതെറ്റിക്കലുകളിലും നിന്ന് മുതലാളിത്ത സമ്പദ്ഘടനക്കുണ്ടായ വിമോചനമെന്ന നിലയിൽ ചിലർ ആഘോഷിക്കുന്നു. മുതലാളിത്ത ലാഭത്തിന്റെ തണുത്ത യുക്തിയെ തൊഴിലാളികൾക്കും പൗരന്മാർക്കും സ്വാധീനിക്കുകയോ ചെറുക്കുകയോ ചെയ്യാൻ ഏത് ചാനലുകളിലൂടെയാണോ കഴിയുമായിരുന്നത് ആ സ്ഥാപനപരമായ ചാനലുകളുടെ അടച്ചുകളയലാണിത് എന്ന് മറ്റുള്ളവർ പരിതപിക്കുന്നു. ആഗോളവൽക്കരണ പ്രക്രിയയുടെ ചുവടുവെപ്പുകൾക്കൊപ്പം ദേശ-രാഷ്ട്രങ്ങളുടെ പരമാധികാരം (അതിപ്പോഴും ഫലപ്രദമാണെങ്കിൽത്തന്നെയും) ദുർബലപ്പെട്ടുവന്നു എന്നത് തീർച്ചയായും സത്യമാണ്. ഉല്പാദനത്തിന്റെയും വിനിമയത്തിന്റെയും പ്രാഥമികഘടകങ്ങൾ-പണം, സാങ്കേതികവിദ്യ, ജനങ്ങൾ, ചരക്കുകൾ ദേശീയാതിർത്തികൾക്കുകുറുകെ വർദ്ധിച്ചു വരുന്ന അനായാസതയോടെ ഒഴുകുന്നു. അങ്ങനെ ദേശരാഷ്ട്രങ്ങൾക്ക് ഈ ഒഴുക്കുകളെ നിയന്ത്രിക്കാനുള്ള അധികാരം കുറഞ്ഞു കുറഞ്ഞു വരുന്നു. അതിനൊപ്പം സമ്പദ്ഘടനകൾക്കുമേൽ അതിൻ്റെ അധികാരം അടിച്ചേൽപ്പിക്കാനുള്ള അധികാരവും കുറഞ്ഞുവരുന്നു. ഏറ്റവും മേധാവിത്വമുള്ള ദേശരാഷ്ട്രങ്ങൾ പോലും അതിൻ്റെ അതിർത്തികൾക്കകത്തും, അതിനു പുറത്തും (രണ്ടിടത്തും), പരമോന്നത ശക്തിയെന്നോ, പൂർവ്വാധികാരശക്തിയെന്നോ ഉള്ള മട്ടിൽ ഇനിയങ്ങോട്ട് കണക്കിലെടുക്കപ്പെടാൻ പാടില്ല. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെ ഈ ദുർബലപ്പെടൽ എന്നതുകൊണ്ട് തനിമട്ടിലുള്ള പരമാധികാരം ദുർബലപ്പെട്ടു എന്നർത്ഥമാക്കിക്കൂടാ. സമകാലിക രൂപാന്തരീകരണങ്ങളിലുടനീളം, രാഷ്ട്രീയനിയന്ത്രണങ്ങൾ, ഭരണകൂടധർമങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സാമ്പത്തിക സാമൂഹ്യ ഉല്പാദനത്തിന്റെയും വിനിമയത്തിന്റെയും മണ്ഡലത്തെ ഭരിച്ചുപോന്നിട്ടുണ്ട്. ഞങ്ങളുടെ അടിസ്ഥാനപരമായ അനുമാനം പരമാധികാരം ഒരു പുതിയ രൂപം കൈവരിച്ചുവെന്നാണ്. ഭരണത്തിൻ്റെ ഏക യുക്തിയിൽ ഒന്നിച്ചുചേർന്ന ഒരു നിര ദേശീയ-അതിദേശീയ സംവിധാനങ്ങളാൽ (organism) രൂപപ്പെടുത്തപ്പെട്ടതാണ് ആ രൂപം. പരമാധികാരത്തിൻ്റെ ഈ പുതിയ ആഗോള രൂപത്തെയാണ് ഞങ്ങൾ സാമ്രാജ്യം എന്നു വിളിക്കുന്നത്.

ആഫ്രിക്കയിലെ യൂറോപ്യൻ കോളനികൾ കടപ്പാട്: ബ്രിട്ടാനിക്ക കിഡ്സ്

ദേശരാഷ്ട്രങ്ങളുടെ ദുർബലപ്പെടുന്ന പരമാധികാരവും, സാമ്പത്തിക-സാംസ്ക്കാരിക വിനിമയങ്ങളെ നിയന്ത്രിക്കാനുള്ള അവയുടെ വർദ്ധിച്ചുവരുന്ന കഴിവുകേടുമാണ് യഥാർത്ഥത്തിൽ സാമ്രാജ്യത്തിന്റെ ഉയർന്നുവരലിന്റെ പ്രാഥമിക ലക്ഷണം. ആധുനിക കാലത്തുടനീളം യൂറോപ്യൻ ശക്തികൾ കെട്ടിപ്പടുത്ത സാമ്രാജ്യത്വങ്ങളുടെ മൂലക്കല്ല് ദേശരാഷ്ട്രങ്ങളുടെ പരമാധികാരമായിരുന്നു. പക്ഷേ ‘സാമ്രാജ്യം’ എന്നതിലൂടെ, ഞങ്ങൾ മനസ്സിലാക്കുന്നത് ‘സാമ്രാജ്യത്വം’ എന്നതിൽ നിന്ന് തീർത്തും വിഭിന്നമായ എന്തോ ചിലതാണ്. ദേശരാഷ്ട്രങ്ങളുടെ ആധുനിക വ്യവസ്ഥയാൽ നിർവചിതമായ അതിർത്തികൾ യൂറോപ്യൻ കൊളോണിയലിസത്തിനും സാമ്പത്തിക വിപുലീകരണത്തിനും അടിസ്ഥാനപരമായ കാര്യമായിരുന്നു: പുറത്തുള്ള വിദേശ ഭൂപ്രദേശങ്ങളിൽ ഭരണം പ്രയോഗിക്കപ്പെട്ടിരുന്നതേത് അധികാരകേന്ദ്രത്തിൽ നിന്നാണോ അതിനെ ഉല്പാദനത്തിൻ്റേയും സർക്കുലേഷന്റേയും ഒഴുക്കുകളെ ഇടവിട്ടിടവിട്ട് സുഗമമാക്കുകയും തടയുകയും ചെയ്തിരുന്ന ചാനലുകളുടെയും കടമ്പകളുടേതുമായ ഒരു വ്യവസ്ഥയിലൂടെയത് അപരിമിതമാക്കി. ശരിക്കും സാമ്രാജ്യത്വമെന്നത് യൂറോപ്യൻ ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തിൻ്റെ, തങ്ങളുടെ സ്വന്തം അതിർത്തികൾക്കപ്പുറത്തേക്കുള്ള വിപുലനമായിരുന്നു. അന്തിമമായി ലോകത്തെ മുഴുവൻ ഭൂപ്രദേശങ്ങളെയും കഷ്ണം കഷ്ണമാക്കി മൊത്തം ലോകഭൂപടത്തിൽ യൂറോപ്യൻ നിറങ്ങളിൽ രേഖപ്പെടുത്താൻ പറ്റും എന്നു വന്നു. ബ്രിട്ടീഷ് പ്രദേശത്തിന് ചുവപ്പ്, ഫ്രഞ്ച് പ്രദേശത്തിന് നീല പോർച്ചുഗീസിന് പച്ച എന്നിങ്ങനെ. എവിടെയെല്ലാം ആധുനിക പരമാധികാരം നിലവിൽ വന്നോ, അവിടെയെല്ലാം അതൊരു ലെവിയാതനെ സൃഷ്ടിച്ചു. അതതിൻ്റെ സാമൂഹ്യമേഖലയെ കവിഞ്ഞുവളരുകയും ശ്രേണീബദ്ധമായ ഭൂപ്രദേശാതിർത്തികളെ അടിച്ചേല്പിക്കുകയും ചെയ്തു; തങ്ങളുടെ സ്വന്തം സ്വത്വ ശുദ്ധിയെ കാത്തുരക്ഷിക്കാനും, അപരമായ സകലതിനെയും ഒഴിവാക്കാനും വേണ്ടി.

സാമ്രാജ്യത്തിലേക്കുള്ള കടന്നുപോക്ക് ഉയർന്നുവരുന്നത് ആധുനിക പരമാധികാരത്തിൻ്റെ അസ്തമനത്തിൽ നിന്നാണ്. സാമ്രാജ്യത്വത്തിൽ നിന്ന് വ്യത്യസ്തമായി സാമ്രാജ്യം ഒരു ഭൂമിശാസ്ത്രപരമായ അധികാരകേന്ദ്രത്തെയും സ്ഥാപിക്കുന്നില്ല; അത് ഉറപ്പിക്കപ്പെട്ട അതിർത്തികളെയോ തടസ്സങ്ങളെയോ ആശ്രയിക്കുന്നുമില്ല. അത് ഭരണത്തിൻ്റെ കേന്ദ്രരഹിതവും ഭൂപ്രദേശപരതയില്ലാതാക്കുന്നതുമായ സംവിധാനമാണ്. ഒപ്പം തന്നെയത് അതിൻ്റെ തുറന്നതും വികസ്വരവുമായ അതിർത്തികൾക്കുള്ളിൽ മൊത്തം ലോകത്തെയും ഉൾപ്പെടുത്തുകയും ചെയ്യുന്നു. സാമ്രാജ്യം ഹൈബ്രിഡ് സ്വത്വങ്ങളെയും അയവുള്ള ശ്രേണീക്രമങ്ങളെയും, ബഹുത്വ പൂർണമായ വിനിമയങ്ങളെയും ആജ്ഞാ കേന്ദ്രങ്ങളുടെ ക്രമീകരിക്കുന്ന നെറ്റ്വർക്കുകളിലൂടെ മാനേജ് ചെയ്യുന്നു. ലോകത്തിൻ്റെ സാമ്രാജ്യത്വ ഭൂപടത്തിലെ വ്യതിരിക്തമായ ദേശീയ നിറങ്ങൾ ആഗോള സാമ്രാജ്യ മഴവില്ലിനകത്ത് ലയിച്ചുചേരുകയും അതിലെ അവിഭാജ്യചേരുവയാകുകയും ചെയ്തിരിക്കുന്നു.

ഭൂ​ഗോളത്തിന്റെ ആധുനിക സാമ്രാജ്യത്വ ഭൂമിശാസ്ത്രത്തിന്റെ രൂപാന്തരീകരണവും ലോകവിപണിയുടെ യാഥാർത്ഥീകരണവും സൂചിപ്പിക്കുന്നത് മുതലാളിത്ത ഉത്പാദനരീതിക്കകത്തുതന്നെയുള്ള ഒരു കടന്നുപോകലാണ്. ഏറ്റവും പ്രധാനം മൂന്നുലോകങ്ങളുടെ സ്ഥലപരമായ വിഭജനങ്ങൾ (ഒന്നാം ലോകം, രണ്ടാം ലോകം, മൂന്നാംലോകം) ഞെരിഞ്ഞമർന്നു എന്നതാണ്. അതുകൊണ്ട്, നാം തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത് മൂന്നാം ലോകത്ത് ഒന്നാം ലോകത്തെരും ഒന്നാം ലോകത്ത് മൂന്നാം ലോകത്തെയുമൊക്കെയാണ്; രണ്ടാം ലോകത്തെ എവിടെയും കാണുന്നുമില്ല. മൂലധനം ഒരു മിനുസമേറിയ ലോകത്തെ അഭിമുഖീകരിക്കുന്നു-അഥവാ യഥാർത്ഥത്തിൽ, വ്യതിരേകീകരണത്തിന്റെയും ഏകതാനവൽക്കരണത്തിന്റെയും പുതിയതും സങ്കീർണവുമായ ഭരണങ്ങളാൽ, ഭൂപ്രദേശപരതയില്ലാതാക്കലിൻ്റെയും പുനർഭൂപ്രദേശ പരതാസൃഷ്ടിയുടെയും ഭരണങ്ങളാൽ നിർവചിക്കപ്പെടുന്ന ഒരു ലോകത്തെ. ഈ ആഗോള ഒഴുക്കുകളുടെ പാതയുടെ നിർമ്മാണത്തിനും പരിമിതികൾക്കും അകമ്പടിയായി വന്നത് ആധിപത്യ ഉല്പാദന പ്രക്രിയകളുടെ തന്നെ ഒരു രൂപാന്തരീകരണമാണ്. അതിന്റെ ഫലം വ്യാവസായിക ഫാക്ടറിത്തൊഴിലാളിയുടെ പങ്കിന്റെ ചുരുങ്ങലും അതിനുപകരം കമ്യൂണിക്കേറ്റീവ്, കോ-ഓപ്പറേറ്റീവ്, അഫക്ടീവ് തൊഴിലാളിക്ക് മുൻഗണന കിട്ടിയതുമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉത്തരാധുനികവൽക്കരണത്തിൽ സമ്പത്തിൻ്റെ സൃഷ്ടികൂടുതലായ ജൈവ-രാഷ്ട്രീയ ഉല്പാദനത്തിനുനേരെ ചായുന്നു, സാമൂഹ്യജീവിത ത്തിന്റെ തന്നെ ഉല്പാദനത്തിനുനേരെ. അതിനകത്ത് സാമ്പത്തികം, രാഷ്ട്രീയപരം, സാംസ്ക്കാരികം എന്നിവ കൂടുതൽ കൂടുതലായി പരസ്പരം ഓവർലാപ്പ് ചെയ്യുകയും പരസ്പരം ഒന്ന് മറ്റൊന്നിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

അന്റോണിയോ നെഗ്രി

ആഗോളവൽക്കരണ പ്രക്രിയയിന്മേലും പുതിയ ലോകക്രമത്തിന്മേലും അന്തിമമായി ഭരണം നടത്തുന്ന അധികാരിയായി ഒട്ടേറെപ്പേർ യു.എസ്.എയെ കാണുന്നു. പിന്താങ്ങികൾ യു.എസ്.എയെ ഏകലോകനേതാവും സൂപ്പർ പവറുമായി പ്രശംസിക്കുന്നു. എതിരാളികൾ അതിനെ സാമ്രാജ്യത്വ മർദ്ദകനായി അപലപിക്കുന്നു യൂറോപ്യൻ രാജ്യങ്ങളിപ്പോൾ താഴെയിട്ട ആഗോളാധികാരത്തിൻ്റെ പുറന്തോട് യു.എസ്.എ. വെറുതെ കൈക്കലാക്കി എന്ന അനുമാനത്തിന്മേലാണ് രണ്ടു വീക്ഷണങ്ങളും നിൽക്കുന്നത്. 19-ാം നൂറ്റാണ്ട് ബ്രിട്ടീഷ് നൂറ്റാണ്ടായിരുന്നെങ്കിൽ, 20-ാം നൂറ്റാണ്ട് ഒരമേരിക്കൻ നൂറ്റാണ്ടാണ്. അഥവാ യഥാർത്ഥത്തിൽ ആധുനികത യൂറോപ്യനാണെങ്കിൽ, അപ്പോൾ ഉത്തരാധുനികത അമേരിക്കനാണ്. ഇപ്പോൾ വിമർശകർക്ക് മുന്നോട്ടുവെക്കാൻ കഴിയുന്ന ഏറ്റവും കടുത്ത ആരോപണം അമേരിക്ക പഴയ യൂറോപ്യൻ സാമ്രാജ്യത്വവാദികൾ നടത്തിയ കാര്യങ്ങൾ ആവർത്തിക്കുകയാണെന്നാണ്. അതേസമയം, അതിന്റെ പിന്താങ്ങികൾ അമേരിക്കയെ കൂടുതൽ കാര്യക്ഷമതയും കൂടുതൽ കരുണയുമുള്ള ലോകനേതാവ് എന്ന നിലയിൽ ആഘോഷിക്കുന്നു; യൂറോപ്യന്മാർക്ക് തെറ്റുപറ്റിയയിടത്തൊക്കെ അമേരിക്ക ശരിയാണ്. പരമാധികാരത്തിന്റെ പുതിയൊരു സാമ്രാജ്യരൂപം ഉയർന്നുവന്നിരിക്കുന്നുവെന്ന ഞങ്ങളുടെ അടിസ്ഥാനപരമായ അനുമാനം, ഈ രണ്ടു വീക്ഷണങ്ങളേയും നിരാകരിക്കുന്നു. അമേരിക്ക ഇന്നൊരു സാമ്രാജ്യത്വ പദ്ധതിയുടെ കേന്ദ്രത്തെ രൂപപ്പെടുത്തുന്നില്ല; എന്നുമാത്രമല്ല, ഇന്നൊരു രാജ്യത്തിനും അത്തരമൊന്നാകാൻ കഴിയുകയുമില്ല. ആധുനിക യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നമട്ടിൽ ഇനിയൊരു രാജ്യവും ലോകനേതാവാകില്ല.

സാമ്രാജ്യത്തിനകത്ത് അമേരിക്കക്ക് വിശേഷാധികാരങ്ങളുള്ള ഒരു പദവി തീർച്ചയായുമുണ്ട്. പക്ഷേ ഈ സവിശേഷ പദവി പഴയ യൂറോപ്യൻ ശക്തികളുമായി അതിനുള്ള സമാനതകളിൽ നിന്നല്ല ഉരുത്തിരിയുന്നത്; മറിച്ചവയുമായി അതിനുള്ള വ്യത്യാസങ്ങളിൽ നിന്നാണ്. അമേരിക്കൻ ഭരണഘടനയുടെ ശരിയായ വിധം സാമ്രാജ്യപരമായ (സാമ്രാജ്യത്വപരമല്ല) അടിസ്ഥാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ നമുക്ക് തിരിച്ചറിയാനാകും. ഇവിടെ ഞങ്ങൾ ഭരണഘടനയെന്നതുകൊണ്ട് എഴുതപ്പെട്ട ഭരണഘടനയും അതിന്റെ വിവിധങ്ങളായ ഭേദഗതികളും നിയമസംവിധാനങ്ങളും ചേർന്ന ഔപചാരിക ഭരണഘടനയെയും, ഒപ്പം ഭൗതികമായ ഭരണഘടനയെയും അർത്ഥമാക്കുന്നുണ്ട്. ഭൗതികമായ ഭരണഘടന എന്നതുകൊണ്ട് സാമൂഹ്യശക്തികളുടെ ഘടനയുടെ നിരന്തരമായ രൂപീകരണത്തെയും പുനർരൂപീകരണത്തെയുമാണർത്ഥമാക്കുന്നത്. തോമസ് ജെഫേഴ്സണും ഫെഡറലിസ്റ്റ് എഴുത്തുകാരും, അമേരിക്കയുടെ മറ്റ് പ്രത്യയശാസ്ത്ര സ്ഥാപകരും പ്രാചീനമായ സാമ്രാജ്യ മാതൃകയിൽ നിന്നാവേശം കൊണ്ടവരാണ്; അവർ ചിന്തിച്ചത് അറ്റ്ലാൻ്റിക്കിന്റെ മറുകരയിൽ അവർ തുറന്നതും വികസിക്കുന്ന അതിർത്തികളുള്ളതും, അധികാരം ഫലപ്രദമായ വിധം വിവിധ നെറ്റ് വർക്കുകളിൽ വിതരണം ചെയ്യപ്പെട്ടതുമായ ഒരു പുതിയ സാമ്രാജ്യം സൃഷ്ടിക്കുകയാണെന്നാണ്. അമേരിക്കൻ ഭരണഘടനയുടെ ചരിത്രത്തിലുടനീളം ഈ സാമ്രാജ്യപര മായ ആശയം അതിജീവിക്കുകയും പക്വതയാർജ്ജിക്കുകയും, ഇപ്പോൾ അതിന്റെ പൂർണമായും യാഥാർത്ഥീകരിക്കപ്പെട്ട രൂപത്തിൽ ആഗോളതലത്തിൽ ഉയർന്നുവരികയും ചെയ്തിരിക്കുന്നു.

‘സാമ്രാജ്യം’ പുസ്തകത്തിന്റെ മലയാളം കവർ

ഞങ്ങളിവിടെ ഒരു രൂപകമായല്ല ‘സാമ്രാജ്യം’ എന്നതിനെ ഉപയോഗിച്ചിരിക്കുന്നത് എന്നതിനൂന്നൽ നല്കേണ്ടതുണ്ട്. ഒരു രൂപകമാകുമ്പോൾ ഇന്നത്തെ ലോകക്രമവും റോം, ചൈന, അമേരിക്കകൾ എന്നിവിടങ്ങളിലെ സാമ്രാജ്യങ്ങളുമായുള്ള സാഹചര്യങ്ങൾ വിശദീകരിച്ചുകാട്ടേണ്ടതാവശ്യമായിവരും. പക്ഷേ ഞങ്ങളിവിടെ ഒരു സങ്കൽപ്പനമായാണത് മുന്നോട്ടുവയ്ക്കുന്നത്. അതിന് പ്രാഥമികമായും ഒരു സൈദ്ധാന്തിക സമീപനമാണാവശ്യമായി വരിക. സാമ്രാജ്യം എന്ന സങ്കല്പനത്തിൽ അടിസ്ഥാനപരമായ സവിശേഷത അതിർത്തികളുടെ അഭാവമാണ്. സാമ്രാജ്യത്തിൻ്റെ ഭരണത്തിന് അതിർത്തികളില്ല. അപ്പോൾ, ഒന്നാമതായും ഏറ്റവും പ്രധാനമായും സാമ്രാജ്യം എന്ന സങ്കല്പനം സ്ഥാനപ്പെടുത്തുന്നത് ഫലപ്രദമായ ഒരു സ്ഥലപരമായ ആകെത്തുകയേയോ അഥവാ മൊത്തം പരിഷ്കൃതലോകത്തും ശരിക്കും ഭരണം നടത്തുന്നതായ, ഒരു ഭരണത്തെയോ ആണ്. ഒരു ഭൂപരമായ അതിർത്തികളും അതിൻ്റെ ഭരണത്തെ പരിമിതപ്പെടുത്തുന്നില്ല. രണ്ടാമതായി, സാമ്രാജ്യമെന്ന സങ്കല്പനം സ്വയം അവതരിപ്പിക്കുന്നത് കീഴടക്കലുകളിൽ നിന്നുത്ഭൂതമായ ഒരു ചരിത്രപരമായ ഭരണത്തെയല്ല, മറിച്ച് ചരിത്രത്തെ ഫലപ്രദമായി അസാധുവാക്കുന്നതും അതിലൂടെ നിലവിലുള്ള സ്ഥിതിഗതികളെ നിത്യമായത് എന്ന നിലയിൽ ഉറപ്പിക്കുന്നതുമായ ഒന്നിനെയാണ്. സാമ്രാജ്യത്തിൻ്റെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ എക്കാലത്തുമിങ്ങനെയായിരിക്കും, അവ എക്കാലത്തുമായിരിക്കാനുദ്ദേശിക്കപ്പെട്ടിരിക്കുന്നതും ഇങ്ങനെതന്നെയാണ്. മറ്റു വാക്കുകളിൽപ്പറഞ്ഞാൽ, ചരിത്രത്തിൻ്റെ ചലനത്തിലെ കടന്നുപോകുന്ന ഒരു നിമിഷമായല്ല സാമ്രാജ്യം അതിന്റെ ഭരണത്തെ അവതരിപ്പിക്കുന്നത്, മറിച്ച് ലൗകികമായ യാതൊരതിർത്തികളുമില്ലാത്ത ഒന്നായാണ്. ഈയർത്ഥത്തിൽ ചരിത്രത്തിനു പുറത്താണത്, അഥവാ ചരിത്രത്തിന്റെ അവസാനമാണത്. മൂന്നാമതായി, സാമ്രാജ്യത്തിന്റെ ഭരണം സാമൂഹ്യലോകത്തിന്റെ ആഴങ്ങളിലേക്ക് വരെ നീണ്ടെത്തുന്ന വിധം സാമൂഹ്യക്രമത്തിന്റെ എല്ലാ രജിസ്റ്ററുകളിലും പ്രവർത്തിക്കുന്നു. സാമ്രാജ്യം ഒരു ഭൂപ്രദേശത്തെയും ഒരു ജനതയെയും മാനേജ് ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മറിച്ചത്, അതധിവസിക്കുന്ന അതേലോകത്തെ സൃഷ്ടിക്കുക കൂടിചെയ്യുന്നു. മാനുഷിക പരസ്പര പ്രതിപ്രവർത്തനങ്ങളെ ക്രമപ്പെടുത്തുക മാത്രമല്ല അത് ചെയ്യുന്നത്, മറിച്ച് മനുഷ്യസ്വഭാവത്തിനുമേൽ നേരിട്ട് ഭരണം നടത്താൻ കൂടി അത് ലക്ഷ്യംവെക്കുന്നു. ഒടുവിലായി, സാമ്രാജ്യത്തിന്റെ പ്രവർത്തനം നിരന്തരം രക്തത്തിൽക്കുളിച്ചതാണങ്കിലും, സാമ്രാജ്യത്തിന്റെ സങ്കല്പനം എല്ലായ്പ്പോഴും സമാധാനത്തിന് സമർപ്പിക്കപ്പെട്ടതാണ്-ചരിത്രത്തിന് പുറത്തുള്ള ഒരു നിരന്തരവും സാർവത്രികവുമായ സമാധാനത്തിന്.

നാം നേരിടുന്ന സാമ്രാജ്യം മർദ്ദനത്തിന്റെയും നശീകരണത്തിന്റെയും വമ്പിച്ച അധികാരങ്ങൾ കൈയ്യാളുന്നതാണ്. പക്ഷേ ആ വസ്തുത നമ്മെ ഒരു രീതിയിലും ആധിപത്യത്തിൻ്റെ പഴയ രൂപങ്ങളോട് ഗൃഹാതുരത്വം വച്ചുപുലർത്തുന്നവരാക്കാൻ പാടില്ല. സാമ്രാജ്യത്തിലേക്കുള്ള കടക്കലും അതിന്റെ ആഗോളവൽക്കരണ പ്രക്രിയകളും വിമോചനത്തിന്റെ ശക്തികൾക്ക് പുതുസാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. തീർച്ചയായും ആഗോളവൽക്കരണം ഒരൊറ്റ സംഗതിയല്ല; നാം ആഗോളവൽക്കരണമെന്ന നിലയിൽ തിരിച്ചറിയുന്ന വിവിധങ്ങളായ പ്രക്രിയകൾ ഏകീകൃതമോ അല്ലെങ്കിൽ ഏകതാനമോ അല്ല. ഈ പ്രക്രിയകളെ ചെറുക്കുകയല്ല, മറിച്ചവയെ പുതിയ ലക്ഷ്യങ്ങൾക്കായി പുനഃസംഘടിപ്പിക്കുകയും പുതിയ ദിശകളിലേക്ക് തിരിച്ചുവിടുകയുമാണ് നമ്മുടെ രാഷ്ട്രീയ കടമകളെന്നാണ് ഞങ്ങൾ വാദിക്കുന്നത്. സാമ്രാജ്യത്തെ നിലനിർത്തുന്ന ജനസഞ്ചയത്തിൻ്റെ ക്രിയാത്മക ശക്തികൾക്ക് സ്വതന്ത്രമായി ഒരു പ്രതി സാമ്രാജ്യം സൃഷ്ടിക്കുന്നതിനും കഴിവുണ്ട്; ആഗോള ഒഴുക്കുകളുടെയും വിനിമയങ്ങളുടെയും ഒരു ബദൽ രാഷ്ട്രീയ സംഘടനയെ സാമ്രാജ്യത്തെ എതിർക്കാനും തകിടംമറിക്കാനും, ഒപ്പം തന്നെ ഒരു യഥാർത്ഥ ബദൽ നിർമ്മിച്ചെടുക്കാനുമുള്ള സമരങ്ങൾ, അങ്ങനെ, ഒരു സാമ്രാജ്യ പ്രതലത്തിൽത്തന്നെയാണ് നടക്കുക-തീർച്ചയായും ഇത്തരം പുതുസമരങ്ങൾ ഇതിനകം തന്നെ ഉയർന്നുവന്നു തുടങ്ങി. ഈ സമരങ്ങളിലൂടെയും ഇത്തരം മറ്റു നിരവധി സമരങ്ങളിലൂടെയും ജനസഞ്ചയം പുതിയ ജനാധിപത്യരൂപങ്ങളും ഒരു പുതിയ ഭരണഘടനാപരമായ അധികാരവും കണ്ടുപിടിക്കേണ്ടിവരും; അതാണ് നമ്മളെ ഒരു നാൾ സാമ്രാജ്യത്തിലൂടെ അതിനപ്പുറത്തേക്ക് കൊണ്ടുപോവുക.

നെഗ്രിയുടെ മൾട്ടിറ്റ്യൂഡ് എന്ന പുസ്തകത്തിന്റെ കവർ

സാമ്രാജ്യത്വത്തിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള കടന്നുപോക്കിനെക്കുറിച്ചുള്ള ഞങ്ങളുടെ അപഗ്രഥനത്തിൽ ഞങ്ങൾ പിന്തുടരുന്ന വംശാവലി ആദ്യം യൂറോപ്യനും തുടർന്ന് യൂറോ-അമേരിക്കനുമായിരിക്കും. ഈ മേഖലകൾ പുതിയ ആശയങ്ങളുടെയും ചരിത്രപരമായ പുതുമകളുടെയും ഏകവും സവിശേഷവുമായ ഉറവിടമാണ് എന്ന് ഞങ്ങൾ കരുതുന്നതുകൊണ്ടല്ല അത്. മറിച്ച്, ലളിതമായി, ഇന്നത്തെ സാമ്രാജ്യത്തെ സജീവമാക്കുന്ന സങ്കല്പനങ്ങളും പ്രയോഗങ്ങളും വികസിച്ചുവന്നത് ഈ ഭൂമിശാസ്ത്രപരമായ പാതയിലൂടെയാണ് എന്നതാണതിന് കാരണം. അത് മുതലാളിത്ത ഉല്പാദനരീതിയുടെ ചുവടൊപ്പിച്ചുമാണ് എന്ന് ഞങ്ങൾ വാദിക്കും. ഈയർത്ഥത്തിൽ സാമ്രാജ്യത്തിന്റെ വംശാവലി യൂറോകേന്ദ്രിതമായിരിക്കുമ്പോൾ, പക്ഷേ, അതിന്റെ ഇന്നത്തെ ശക്തികൾ ഏതെങ്കിലുമൊരു പ്രദേശത്ത് പരിമിതപ്പെട്ട് നിൽക്കുന്നില്ല. ചിലയർത്ഥത്തിൽ യൂറോപ്പിലും അമേരിക്കയിലുമുറവെടുത്ത ഭരണത്തിന്റെ യുക്തികൾ ഇപ്പോൾ ഭൂഗോളത്തിലുടനീളം ആധിപത്യത്തിന്റെ പ്രയോഗങ്ങൾ നിക്ഷേപിക്കുന്നു. ഈ ബദൽ ശക്തികളുടെ ഭൂമിശാസ്ത്രം പുതിയ ഭൂപട നിർമ്മാണം ഇനിയും എഴുതപ്പെടാനായി കാത്തുനില്ക്കുന്നു. അഥവാ, അത് യഥാർത്ഥത്തിലെഴുതപ്പെടുന്നത് ജനസഞ്ചയത്തിന്റെ ചെറുത്തുനില്ലുകൾ, പോരാട്ടങ്ങൾ, അഭിലാഷങ്ങൾ എന്നിവയിലൂടെയാണ്.

ഈ പുസ്തക രചനയിൽ വിശാലമായ വിജ്ഞാനശാഖകളുടെ ഒരു ഇടകലരലിന്റെ സമീപനം പ്രയോഗിക്കാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ വാദമുഖങ്ങൾ തുല്യനിലയിൽ തത്വചിന്താപരവും ചരിത്രപരവും, സാംസ്ക്കാരികവും, സാമ്പത്തികവും, രാഷ്ട്രീയവും, നരവംശാസ്ത്രപരവും ആയിരിക്കണമെന്ന് ഞങ്ങളുന്നം വെക്കുന്നു. ഭാഗികമായി, ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം ഈയൊരു വിവിധ വിഷയങ്ങളിടകലരുന്ന സമീപനമാവശ്യമാക്കുന്നുണ്ട്; ഇടുങ്ങിയ വിഷയപരിധികളെ മുമ്പ് ന്യായീകരിച്ചിരുന്ന അതിർവരമ്പുകൾ സാമ്രാജ്യത്തിന് ശേഷം കൂടുതൽ, കൂടുതലായി തകർന്നടിയുകയാണ്. ഉദാഹണത്തിന്, സാമ്രാജ്യപരമായ ലോകത്ത് സമ്പദ്ഘടനയെ മനസ്സിലാക്കാൻ സാമ്പത്തികശാസ്ത്രജ്ഞന് സാംസ്ക്കാരികോല്പാദനത്തെപ്പറ്റി പ്രാഥമികമായ അറിവെങ്കിലും വേണം. അതേമട്ടിൽ, സംസ്ക്കാരത്തെ മനസ്സിലാക്കാൻ സാംസ്ക്കാരിക വിമർശകന് സാമ്പത്തിക പ്രക്രിയകളെപ്പറ്റി പ്രാഥമികമായ വിവരമെങ്കിലും വേണം. ഞങ്ങളുടെ പദ്ധതി ആവശ്യപ്പെടുന്നതായ ഒരാവശ്യകതയാണത്. ഞങ്ങൾ ഈ പുസ്തകത്തിൽ സംഭാവന ചെയ്തതായി പ്രതീക്ഷിക്കുന്നത് സാമ്രാജ്യത്തിനകത്തും അതിനെതിരെയും പ്രവർത്തിക്കുന്നതിനും സിദ്ധാന്തീകരിക്കുന്നതിനും ഒരു സാമാന്യമായ സൈദ്ധാന്തിക ചട്ടക്കൂടും സങ്കല്പനങ്ങളുടെ ഒരുപകരണപ്പെട്ടിയുമാണ്.

നെഗ്രിയെ ഇറ്റാലിയൻ ജഡ്ജി ചോദ്യം ചെയ്യുന്നു

ഏറെക്കുറെ മിക്ക വലിയ പുസ്തകങ്ങളുമെന്നപോലെ ഇതും നിരവധി രീതികളിൽ വായിക്കപ്പെടാം-മുന്നിൽനിന്ന് പിന്നിലേക്ക് പിന്നിൽ നിന്ന് മുന്നിലേക്ക്. ഭാഗം ഭാഗമായി തോന്നും പടിയുള്ള പാറ്റേണുകളിൽ, എഴുത്തുകുത്തുകളിലൂടെ. പാർട്ട് ഒന്നിലെ ഭാഗങ്ങൾ സാമ്രാജ്യത്തിന്റെ സാമാന്യമായ പ്രശ്നമണ്ഡലത്തെ പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ മധ്യഭാഗത്ത്, പാർട്ട് ഒന്നിലും രണ്ടിലും, ഞങ്ങൾ ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്കുള്ള കടന്നുപോക്കിൻ്റെ കഥ പറയുന്നു. അതായത്, യഥാർത്ഥത്തിൽ സാമ്രാജ്യത്വത്തിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള കടന്നു പോക്കിൻ്റെ. പാർട്ട് രണ്ട് ഈ കടന്നുപോക്കിനെ പ്രാഥമികമായും ആധുനികതയുടെ ആരംഭകാലം മുതൽ ഇന്നുവരെയുള്ള ആശയങ്ങളുടെയും സംസ്ക്കാരത്തിൻ്റെയും നിലപാടുതറയിൽ നിന്ന് വിവരിക്കുന്നു. ഈ പാർട്ടിൽ ഉടനീളം കടന്നുപോകുന്ന ചുകപ്പ് നൂൽ പരമാധികാരമെന്ന സങ്കല്പനത്തിൻ്റെ വംശാവലിയാണ്. പാർട്ട് മൂന്ന് അതേ കടന്നുപോക്കിനെ ഉല്പാദനത്തിൻ്റെ നിലപാടു തറയിൽനിന്ന് വിവരിക്കുന്നു- ഇവിടെ ഉല്പാദനമെന്ന് മനസ്സിലാക്കപ്പെടുന്നത് വളരെ വിശാലമായ ഒരർത്ഥത്തിലാണ്; സാമ്പത്തികോല്പാദനം മുതൽ കർതൃത്വത്തിന്റെ ഉല്പാദനം വരെയുള്ള ഒരു വിശാലപരിധിയിൽ. ഈ വിവരണം ഒരു ചെറിയ കാലഘട്ടത്തിന്റെതാണ്; പ്രാഥമികമായും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇന്നുവരെയുള്ള മുതലാളിത്തോല്പാദനത്തിൻ്റെ രൂപാന്തരങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അങ്ങനെ പാർട്ട് രണ്ടിൻ്റെയും പാർട്ട് മൂന്നിൻ്റെയും ആന്തരിക ഘടനകൾ ഒത്തുപോകുന്നു: ഓരോന്നിൻ്റെയും ആദ്യ സെക്ഷനുകൾ ആധുനിക, സാമ്രാജ്യത്വ ഘട്ടത്തെ കൈകാര്യം ചെയ്യുന്നു, മധ്യസെക്ഷനുകൾ കടന്നുപോക്കിൻ്റെ മെക്കാനിസത്തെ കൈകാര്യം ചെയ്യുന്നു; അവസാന സെക്ഷനുകൾ നമ്മുടെ പോസ്റ്റ് മോഡേൺ-സാമ്രാജ്യ-ലോകത്തെ അപഗ്രഥിക്കുന്നു.

ഞങ്ങൾ ആശയത്തിൻ്റെ മണ്ഡലത്തിൽ നിന്നും ഉല്പാദനത്തിന്റെ മണ്ഡലത്തിലേക്കുള്ള മാറ്റത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിടുന്നതിനാണ് ഇത്തരത്തിൽ പുസ്തകത്തെ സംവിധാനം ചെയ്തത്. പാർട്ട് രണ്ടിനും പാർട്ട് മൂന്നിനുമിടയിലുള്ള ചെറുഭാഗം ഒരു നിലപാടിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തെ വിശദീകരിക്കുന്ന തിരിക്കുറ്റിയുടെ ധർമ്മമാണ് നിർവഹിക്കുന്നത്. മാർക്സ് മൂലധനത്തിൽ വിനിമയത്തിൻ്റെ ബഹളമയമായ മണ്ഡലത്തെയുപേക്ഷിച്ച് ഉല്പാദനത്തിൻ്റെ മറഞ്ഞിരിക്കുന്ന സങ്കേതിതത്തിലേക്കിറങ്ങിവരാൻ നമ്മെ ക്ഷണിക്കുമ്പോഴത്തേത് പോലുള്ള ഒരു നിമിഷമായി നിലപാടിലെ മാറ്റം പ്രവർത്തിക്കുന്നതിനാണുദ്ദേശിച്ചിരിക്കുന്നത്. ഉല്പാദനത്തിൻ്റെ മണ്ഡലത്തിലാണ് സാമൂഹ്യഅസമത്വങ്ങൾ വ്യക്തമായി അനാവരണം ചെയ്യപ്പെടുന്നത്; അതിലുമപ്പുറം, അവിടെയാണ് സാമ്രാജ്യത്തിനെതിരായ ഫലപ്രദമായ ചെറുത്തുനില്പുകളും ബദലുകളുമുയർന്നുവരുന്നതും. പാർട്ട് നാലിൽ, അങ്ങനെ, ഞങ്ങൾ ഇന്ന് സാമ്രാജ്യത്തിനപ്പുറത്തേക്കുള്ള ചലനത്തിന്റെ രേഖകൾ അടയാളപ്പെടുത്തുന്ന ഈ ബദലുകളെ കണ്ടെത്താൻ ശ്രമിക്കുന്നു.

പേർഷ്യൻ ഗൾഫ് യുദ്ധം കഴിഞ്ഞശേഷമാണ് ഞങ്ങൾ ഈ പുസ്തകമാരംഭിച്ചത്. കൊസോവോയിലെ യുദ്ധം തുടങ്ങുന്നതിനുമുമ്പ് ഞങ്ങളിത് പൂർത്തീകരിച്ചു. അതുകൊണ്ട് വായനക്കാരൻ സാമ്രാജ്യത്തിന്റെ നിർമ്മാണത്തിലെ ഈ രണ്ട് ദിശാസൂചികളായ സംഭവങ്ങളുടെ മധ്യത്തിൽ വാദമുഖങ്ങളെ സ്ഥാനപ്പെടുത്തണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 19, 2023 1:57 pm