ഗാന്ധിയുടെ ധർമ്മധാതുക്കൾ – 20

എന്റെ ആഴമേറിയ ചില ഉത്തമ വിശ്വാസങ്ങൾ റസ്കിന്റെ UNTO THIS LAST എന്ന ഈ മഹാഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നതായി എനിക്ക് തോന്നി: ​ഗാന്ധി

സ്കോട്ട്ലാന്റുകാരനായ ജോൺ റസ്കിൻ വാസ്തുശില്പം, ചിത്രകല, വ്യാവസായിക പ്രശ്നങ്ങൾ, സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്നിവയെ കുറിച്ച് പുതിയ ആശയങ്ങൾ പ്രചരിപ്പിച്ച ആളാണ്. റസ്കിന്റെ UNTO THIS LAST രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള വിപ്ലവാത്മകമായ പുസ്തകമാണ്. യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിനടിപ്പെട്ടവർ അതിനെ തള്ളിക്കളഞ്ഞു.1862 ലാണ് അതിന്റെ പൂർണരൂപം പ്രസിദ്ധീകരിക്കുന്നത്. (1867ലാണ് കാറൽ മാർക്സിന്റെ ‘മൂലധനം’ (Das Capital) ആദ്യമായി പുറത്തുവരുന്നത്).

കാലത്തെ ജീവിക്കുന്ന ഒരു രചനയായിട്ടാണ് റസ്കിൻ UNTO THIS LAST നെ വിശേഷിപ്പിച്ചത്. പ്രവാചക സ്വഭാവമുള്ള ഈ പുസ്തകം 19-ാംനൂറ്റാണ്ടിലെ ഭൂവുടമകളുടെ ഉറക്കം കെടുത്തി. അവരതിനെ എക്കാലത്തേക്കുമായി കുഴിച്ചുമൂടാൻ ആഗ്രഹിച്ചു. അയൽക്കാരന്റെ അധ്വാനത്തിലും വിയർപ്പിലും രക്തത്തിലും വേവിച്ചെടുത്ത അവരുടെ സമ്പത്ത് അസ്തമിക്കും. റസ്കിന്റെ പ്രവചനവും അദ്ദേഹത്തിന്റെ ശത്രുക്കളുടെ ഭയവും ഗാന്ധിയിൽ യാഥാർത്ഥ്യമായി. യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രമുയർത്തിപ്പിടിച്ച അനീതിയുടെയും ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും മതിലുകൾക്കെതിരെ അത് ഗാന്ധിയിൽ നിരന്തരമായ ഇടിമുഴക്കം സൃഷ്ടിച്ചു. ‌

1904ലാണ് ഗാന്ധി ജോഹന്നസ്ബർഗ്ഗിൽ നിന്ന് ഡർബനിലേക്കുള്ള തീവണ്ടി യാത്രയിൽ റസ്കിന്റെ UNTO THIS LAST വായിക്കുന്നത്. “ആ പുസ്തകത്തിലെ ആശയങ്ങൾക്കനുസരിച്ച് എന്റെ ജീവിതം മാറ്റുവാൻ ഞാൻ നിശ്ചയിച്ചു.” മനുഷ്യനുള്ളിലെ നന്മയെ സ്വാധീനിക്കാൻ കഴിയുന്ന കവിയായി റസ്കിനെ ഗാന്ധി തിരിച്ചറിഞ്ഞു. എല്ലാ മതങ്ങളുടെയും സത്ത ധാർമ്മികതയാണ്. ധാർമ്മിക നിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതാണ് മനുഷ്യരുടെ, മനുഷ്യരാശിയുടെ ക്ഷേമവും ശ്രേയസ്സും. റസ്കിന്റെ പുസ്തകത്തിന്റെ ആധാരശിലയും അതാണ്. റസ്കിൻ സാമ്പത്തിക ശാസ്ത്രത്തിൽ ധാർമ്മിക നിയമങ്ങളുടെ പ്രസക്തി എടുത്തുകാട്ടി.

വര: വി.എസ് ​ഗിരീശൻ

സോക്രട്ടീസിന്റെ ആശയങ്ങളുടെ വികാസമാണ് റസ്കിന്റേത്. സോക്രട്ടീസ് മനുഷ്യന്റെ ധർമ്മം എന്തെന്ന ആശയത്തിന് രൂപം നൽകി. റസ്കിൻ സോക്രട്ടീസിന്റെ തത്വങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ വിവിധ ജീവിത മേഖലകളിൽ എങ്ങനെ സ്വാതന്ത്രനാകണമെന്ന് വിശദീകരിച്ചു. ഗാന്ധിക്ക് റസ്കിൻ മനുഷ്യനെ വെറും യന്ത്രമാക്കാതെ അവന്റെ സാമ്പത്തിക ഘടകം മുൻനിർത്തി സമഗ്രമായി കണ്ട തത്വചിന്തകനാണ്. ഇത് രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നു.

1) ശുദ്ധശാസ്ത്രത്തിലേതുപോലെ മനുഷ്യനെ ഒരു യന്ത്രമായി കാണുവാൻ പാടില്ല. മനുഷ്യനെ എല്ലാ ക്രിയാത്മക സിദ്ധികളോടും കൂടി കാണണം.

2) മനുഷ്യന്റെ ക്രിയാത്മക സിദ്ധികൾ സാമ്പത്തിക ശാസ്ത്രത്തിലേക്ക് ചെലുത്തിയാൽ അതിന്റെ ഫലം വിപ്ലവാത്മകമായിരിക്കും.

1908 ൽ ഗാന്ധി UNTO THIS LASTന് ഗുജറാത്തി പരിഭാഷ നൽകി – “സർവോദയം, സമസ്ത ജീവന്റെയും ക്ഷേമം.” അതിന്റെ പ്രയോഗ പരിഭാഷകളായിരുന്നു ഗാന്ധിയുടെ ഫിനിക്സ് സെറ്റിൽമെന്റും ടോൾസ്റ്റോയി ഫാമും സബർമതിയും സേവാഗ്രാമും. മാർക്സ് ‘മൂലധന’ത്തിൽ സാമ്പത്തിക ചരിത്രം അപഗ്രഥിച്ച് കണ്ടെത്തിയത് സ്വകാര്യ സ്വത്ത് സാമൂഹ്യവൽക്കരിക്കുന്നതിലൂടെ സാമൂഹ്യ വിപ്ലവം സാധ്യമാണെന്നാണ്. എന്നാൽ, കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സാമൂഹികവൽക്കരണം, സമ്പത്തിന്റെ കേന്ദ്രീകരണം സ്റ്റേറ്റിലേക്കും അധികാരികളിലേക്കും മാറി. അതോടെ ഏകാധിപത്യം, സമഗ്രാധിപത്യം, ഫാസിസം എന്നിവ വളർന്നു. ഗാന്ധിയാകട്ടെ സ്വകാര്യ സ്വത്ത് വ്യക്തികേന്ദ്രീകൃതമായി നിലനിർത്തിക്കൊണ്ടാണ് മൂലധനത്തിന്റെ വീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായത്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read