ഗാന്ധിയുടെ ധർമ്മധാതുക്കൾ – 19

മറ്റുള്ളവരെപ്പറ്റി ചിന്തിക്കാൻ തുടങ്ങുന്നതോടെ നമ്മെപ്പറ്റി മാത്രം ചിന്തിക്കുന്നത് അവസാനിക്കും: ഗാന്ധി

നമ്മുടെ സത്യാനന്തര കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം നാം നമ്മെപ്പറ്റി മാത്രം ചിന്തിക്കുന്നു, അതിനായി പ്രവർത്തിക്കുന്നു. ഞാൻ, എന്റെ ഭാര്യ, മക്കൾ എന്നതിനപ്പുറം നമുക്ക് പോകാൻ കഴിയാറില്ല. മിക്കപ്പോഴും അത് എന്നിൽ തന്നെ ചുരുങ്ങുന്നതായി കാണാം. ആ സങ്കോചിക്കൽ ചില അവയവങ്ങളിലേക്ക് മാത്രമായി മാറുന്നതും സംഭവിക്കുന്നുണ്ട്. അയൽക്കാരൻ, അന്യമതക്കാരൻ, വേറെ ജാതിക്കാരൻ, ഭാഷസംസാരിക്കുന്നവർ, മറ്റ് ജില്ലക്കാരൻ, സംസ്ഥാനക്കാരൻ, രാജ്യക്കാരൻ എന്നു തുടങ്ങി നമ്മെ വിഭജിക്കുന്ന, വിഘടിപ്പിക്കുന്ന ഘടകങ്ങൾ ഇന്ന് നിരവധിയാണ്. അയൽക്കാരന്റെ മരണം പോലും നാമറിയുന്നത് പ്രാദേശിക ചാനലുകളിലെ സ്ക്രോൾ നോക്കിയായിരിക്കും.

വര: വി.എസ് ​ഗിരീശൻ

ഇന്ത്യയുടെ പുതിയ ഭരണ നേതൃത്വം അവരുടെ രാഷ്ട്രീയ അണികളിലൂടെ കഴിഞ്ഞ പത്തുകൊല്ലമായി ‘അപരത്വ’ത്തിന്റെ (otherness) പേരു പറഞ്ഞാണ്, അപരനെ ശത്രുവാക്കിയാണ്, വോട്ട് ചോദിക്കുന്നതും ജയിക്കുന്നതും ഭരിക്കുന്നതും. അപരന്റെ പേരിൽ ഭൂതകാലത്തിന്റേതെന്ന് പറയപ്പെടുന്ന വ്യാജമായ കണക്കുകൾ പകയോടെ തീർക്കുന്നു. ആരാധനാലയങ്ങൾ തകർക്കുന്നു. അതിനായി ചരിത്ര പുസ്തകങ്ങൾ മാറ്റിയെഴുതുന്നു. ചരിത്ര പുരുഷന്മാരെ പാഠപുസ്തകങ്ങളിൽ നിന്ന് തമസ്കരിക്കുന്നു. ഭക്ഷണം, വസ്ത്രം, ആചാരങ്ങൾ എന്നിവയുടെ പേരിൽ അപരനെ ചുട്ടുകൊല്ലുന്നു. തല്ലിക്കൊല്ലുന്നു. ക്രമസമാധാനം പാലിക്കേണ്ടവർ കണ്ണടയ്ക്കുന്നു. ന്യായാധിപന്മാർ അവർക്കനുകൂലമായി വിധികൾ പ്രസ്താവിക്കുന്നു. ഇതെവിടെ ചെന്നവസാനിക്കും എന്ന് ചോദിക്കാൻ നാം വിസമ്മതിക്കുന്നു.

അപരന്, അന്യന്, മറ്റേയാൾക്ക് എന്ത് സംഭവിച്ചാലും എന്നെ അത് ബാധിക്കില്ല, ഞാനെന്തിന് അതിൽ തലയിടണം? ഇതാണ് ഭൂരിപക്ഷം മധ്യവർഗ്ഗികളുടെയും മനസ്സിലിരിപ്പ്. ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെട്ടാൽ എനിക്കെന്താണ് പ്രശ്നം? ദലിതർ പീഡിപ്പിക്കപ്പെട്ടാൽ എനിക്കെന്ത്? ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ ചുട്ടുകൊന്നാൽ എനിക്കെന്ത്? പൊലീസ് സെല്ലുകളിൽ നിരപരാധികൾ മർദ്ദനമേറ്റ് കൊല്ലപ്പെട്ടാൽ എനിക്കെന്ത്? ഇങ്ങനെയായിരിക്കുന്നു നമ്മുടെ സമൂഹം.

“അവനവനാത്മ സുഖത്തിന്നാചരിക്കുന്നത്, അപരന്നു സുഖത്തിനായിട്ടാവണം” എന്ന ഗുരുവാക്യം എന്നേ നാം മറന്നുകഴിഞ്ഞു. ഇതിനെന്താണ് കാരണം? ധാർമ്മികതയും, സത്യവും, നന്മയും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് കയ്യൊഴിയപ്പെട്ടുന്നു. പകരം സ്വാർത്ഥതയും, ആർത്തിയും, മത്സരവും, പകയും, വെറുപ്പും, അസഹിഷ്ണുതയും നമ്മുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. ധാർമ്മികതയും സത്യവും നന്മയും പഠിപ്പിക്കേണ്ട വീടുകൾ, വിദ്യാലയങ്ങൾ, പൊതുയിടങ്ങൾ വിഷലിപ്തമാവുന്നു. നാം കടുത്ത ധാർമ്മിക പ്രതിസന്ധിയിലാണ്. അപരന്റെ വാക്കുകൾ നമ്മുടെ ഹൃദയത്തിന് സംഗീതമായി മാറുന്ന ഒരു കാലത്തിലേക്ക് എന്നാണ് നാം നീങ്ങുക?

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read