ഗാന്ധിയുടെ ധർമ്മധാതുക്കൾ – 18

സ്വഭാവ രൂപീകരണം സാധ്യമാകാത്ത വിദ്യാഭ്യാസം യാതൊന്നിനും കൊള്ളാത്തതാണ്: ഗാന്ധി

1937 ഒക്ടോബർ 22ന് വാർദ്ധയിൽ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ ഗാന്ധി ഇന്ത്യയുടെ പ്രാഥമിക വിദ്യാഭ്യാസം എന്തായിരിക്കണമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളുടെയും ദക്ഷിണാഫ്രിക്കൻ ഗ്രാമങ്ങളുടെയും തീവ്രമായ അനുഭവങ്ങളിൽ നിന്നാണ് ഗാന്ധി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിന്റെ പരീക്ഷണങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് സെറ്റിൽമെന്റിലും ടോൾസ്റ്റോയ് ഫാമിലും ഇന്ത്യയിലെ സബർമതിയിലും സേവാഗ്രാമിലും ഗാന്ധി നടത്തിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഗ്രാമീണജനതയുടെ മോചനമാണ് ലക്ഷ്യമാക്കുന്നത്. സ്വഭാവരൂപീകരണത്തിലൂടെ വളരാത്ത വിദ്യാർത്ഥിക്ക് തന്റെ സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റിയോ മോചനത്തെപ്പറ്റിയോ സമൂഹത്തിന്റെ മോചനത്തിനെപ്പറ്റിയോ സംസാരിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല.

ഗാന്ധിയുടെ ഉറച്ച അഭിപ്രായത്തിൽ, ഇന്നത്തെ പ്രാഥമിക വിദ്യാഭ്യാസം വെറും പാഴ്വേലയാണെന്ന് മാത്രമല്ല, തീർച്ചയായും ഉപദ്രവകരവുമാണ്. മിക്കവർക്കും മാതാപിതാക്കളെ നഷ്ടപ്പെടുന്നു, അവരുടെ തൊഴിലും നഷ്ടപ്പെടുന്നു. എന്തോ ചിലത് അവർക്ക് കിട്ടുന്നുണ്ടെങ്കിലും അതിനെ വിദ്യാഭ്യാസം എന്ന് വിളിക്കാനാവില്ല.

വര: വി.എസ് ​ഗിരീശൻ

ഗാന്ധിയുടെ വിദ്യാഭ്യാസ പദ്ധതി ഹിന്ദുവിനും മുസൽമാനും പാഴ്സിക്കും ക്രിസ്ത്യാനിക്കും ഒരുപോലെയാണ്. മതപരമായ പഠനത്തിന് ഗാന്ധി ഊന്നൽ നൽകിയില്ല. കാരണം അദ്ദേഹം വിദ്യാഭ്യാസത്തിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിച്ചത് പ്രായോഗിക മതമാണ് – സ്വാശ്രയത്തിന്റെ മതം. ഏഴുകൊല്ലത്തെ പഠനത്തിലൂടെ, അദ്ധ്വാനത്തിലൂടെ വിദ്യാർത്ഥി തന്റെ ജീവിതം കണ്ടെത്തുന്നു. അതോടെ അവൻ/ അവൾ സാമൂഹ്യജീവിതത്തിലെ ധാർമ്മികതയുള്ള അംഗമായി മാറുന്നു.
വർഗ്ഗീയ സംഘർഷവും അന്തർദേശീയ സംഘർഷവും ഒഴിവാക്കുവാൻ ഗാന്ധിയുടെ വിദ്യാഭ്യാസമായിരിക്കും അവരുടെ അടിത്തറ. അവരെ നമ്മുടെ നാഗരികതയുടെ , സംസ്കാരത്തിന്റെ, രാജ്യത്തിന്റെ ശരിയായ ധിഷണയുടെ പ്രതിനിധികളാക്കണം. സ്വാശ്രയമായ വിദ്യാഭ്യാസത്തിലൂടെയല്ലാതെ ഇത് സാധ്യമല്ല. യൂറോപ്പ് നമുക്കൊരു മാതൃകയല്ലെന്നും അത് ഹിംസയിൽ വിശ്വസിക്കുന്നതിനാൽ അവരുടെ പദ്ധതികൾ ഹിംസാത്മകമാണെന്നും ഗാന്ധി പറഞ്ഞു.

പക്ഷേ, നാം സ്വീകരിച്ചത്, ഇന്നും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഹിംസയിലൂന്നിയ യൂറോ വിദ്യാഭ്യാസ പദ്ധതിയാണ്. ചരിത്രം തിരുത്തിയെഴുതുന്നത് അതിന്റെ ഭാഗമാണ്. അപരനെ വെറുപ്പിലൂടെ സൃഷ്ടിക്കുന്നതും അങ്ങനെതന്നെ. വ്യക്തിയുടെ സ്വാതന്ത്ര്യം, സ്വാശ്രയത്തം, താൻ ജീവപ്രപഞ്ചത്തിന്റെ ഒരംഗം മാത്രമാണെന്ന സരളമായ ബോധ്യം, കാരുണ്യത്തിലൂന്നിയ പ്രപഞ്ചബോധം, അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. അത് ധാർമ്മികതയിലൂന്നിയ സ്വഭാവ രൂപീകരണത്തിലൂടെയെ സാധ്യമാകൂ. ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പദ്ധതി ആർത്തിയും ആസക്തിയും ഹിംസയും ചൂഷണവും ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read