നാം നമ്മുടെ ആദർശം ഉപേക്ഷിക്കുന്നില്ലെങ്കിൽ, ആദർശം ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ല: ഗാന്ധി
ഗാന്ധിയിൽ ആദർശം വെറും അക്ഷരങ്ങളല്ല. അവസരങ്ങൾക്കനുസരിച്ച് ഉപേക്ഷിക്കേണ്ട വസ്ത്രങ്ങളല്ല. അത് ജൈവികമാണ്, ധാർമ്മികവുമാണ്. തന്റെയുള്ളിൽ തന്നെയുള്ള സൂക്ഷ്മ മനുഷ്യനാണ്. തന്റെ ഓരോ ചലനത്തിലും പ്രവൃത്തിയിലും വാക്കിലും നോക്കിലും അത് തന്നെ നിരീക്ഷിക്കുന്നുണ്ട്. എവിടെയെങ്കിലും ഒരു ചെറിയ പിഴവ് പറ്റിയാൽ, അതിന്നത് തിരിച്ചറിയാനാകും. തന്റെ മാംസത്തിലും രക്തത്തിലും മജ്ജയിലും എല്ലിലും പഞ്ചേന്ദ്രിയങ്ങളിലും മനസ്സിലും തന്നോടൊപ്പം ഉണർന്നിരിക്കുന്ന താൻ തന്നെയായി വളരുന്നുണ്ട് ആദർശം.
ദൈവത്തെപ്പറ്റിയുള്ള ഗാന്ധിയുടെ കാഴ്ച്ചപ്പാട് നോക്കിയാൽ ഇത് മനസ്സിലാകും. ഓരോ നിമിഷത്തിലും ഗാന്ധിയിൽ ദൈവമെന്ന ആദർശം വളരുകയാണ്. ഒരു ഘട്ടത്തിൽ താൻ തേടുന്ന ദൈവം തന്നിലെ സത്യം തന്നെയെന്ന് തിരിച്ചറിയുന്നുണ്ട് ഗാന്ധി.
മറ്റൊരു ഘട്ടത്തിൽ, സത്യം തന്നെയാണ് അഹിംസയെന്നും. സത്യത്തിൽ അഹിംസ ജൈവീകമായി ഉൾച്ചെർന്നിരിക്കുന്നു. അഹിംസയിൽ സത്യവും. ഗാന്ധിയുടെ ദൈവത്തിൽ സത്യം ആന്തരീകമായി സമന്വയിക്കുന്നുണ്ട്, സത്യത്തിൽ ദൈവവും. ജീവിതാവസാനം വരെ, മൂന്ന് വെടിയുണ്ടകളാൽ ആ ശരീരം തറയിൽ വീണ് ചലനമറ്റ് ഇല്ലാകുന്നതുവരെ, ഗാന്ധിയിൽ ദൈവവും സത്യവും അഹിംസയും പരസ്പരപൂരകമായി, ഒന്നായി പരിണമിച്ചുകൊണ്ടിരുന്നു. ഗാന്ധി കൊല്ലപ്പെട്ടിട്ട് എഴുപത്തഞ്ച് കൊല്ലങ്ങൾ പിന്നിട്ടിട്ടും ദൈവവും സത്യവും അഹിംസയും അതന്വേഷിക്കുന്നവരിലൂടെ ജീവിക്കുന്നുണ്ട്, വികസിക്കുന്നുണ്ട്, പരിണമിക്കുന്നുണ്ട്. ഭൂമിയുടെ അതിജീവനത്തിനുള്ള സിദ്ധൗഷധമായി, ജൈവീക സ്രോതസ്സായി മാറുന്നുണ്ട്. അതാണ് ആദർശം ജീവിതമാക്കുന്നവരുടെ പ്രവാചക ധാതു. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” – ഗാന്ധിയുടെ വാക്കുകൾ ഇവിടെ ദൈവമായി – സത്യമായി – അഹിംസയായി ജ്വലിക്കുന്നു.
സത്യാനന്തരകാലത്ത് ആദർശങ്ങൾക്ക് കടലാസിന്റെ വിലപോലുമില്ല. എഴുതപ്പെടുന്നതോടെ, വാക്കുകളായി തുപ്പുന്നതോടെ അത് മരണപ്പെടുന്നു. നമ്മുടെ രാഷ്ട്രീയക്കാർ, ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, പുരോഹിതർ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, ഭിഷഗ്വരർ, ബുദ്ധിജീവികൾ, എഴുത്തുകാർ – എന്നിവരെ നിരീക്ഷിച്ചാൽ ഇക്കാര്യം നമുക്ക് വ്യക്തമാകും. ഭൂമിയുടെ അതിജീവനത്തിന് വേണ്ടിയുള്ള ആഗോള സെമിനാറുകൾ, കരാറുകൾ എല്ലാം വൃഥാവിലാകുന്നത് ആദർശം വെറും വാക്കുകൾ മാത്രമായി മാറുന്നതുകൊണ്ടാണ്. കാരണം, നാം പറയുന്ന ആദർശം അടുത്ത നിമിഷം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നാം ഉപേക്ഷിക്കുന്നു. ഇവിടെയാണ് ഗാന്ധി കത്തുന്ന പന്തമായി നമ്മുടെ മുന്നിലുള്ളത്. വേണമെങ്കിൽ ഈ വഴി സ്വീകരിക്കാം, അല്ലെങ്കിൽ…
കേൾക്കാം