ഗാന്ധിയുടെ ധർമ്മധാതുക്കൾ – 8

ജനവികാരം ശരിയായറിഞ്ഞു വെളിവാക്കലാണ് പത്രധർമ്മങ്ങളിലൊന്ന് : ഗാന്ധി

ഹിന്ദ് സ്വരാജിന്റെ ഒന്നാം അദ്ധ്യായത്തിൽ ഗാന്ധി പത്രധർമ്മത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. നാമത് വായിച്ച് അപഗ്രഥിച്ച് വിലയിരുത്തേണ്ടതാണ്. പത്രധർമ്മത്തിന്റെ മറ്റൊരുതലം, ഗാന്ധിയിലൂടെ തെളിയുന്നത് “ഹിതകരമായ മാനസികാവസ്ഥകൾ ജനങ്ങളിൽ വളർത്തിയെടുക്കൽ” ആണ്. മൂന്നാമത്തെ ധർമ്മം, “പത്രം ജനങ്ങളുടെ തെറ്റുകുറ്റങ്ങൾ എടുത്ത് പറയണം” എന്നതാണ്.

ഈ മൂന്ന് മർമ്മപ്രധാനമായ ധർമ്മങ്ങൾ നമ്മുടെ കാലത്തെ പത്രങ്ങളോ ചാനലുകളോ സാമൂഹ്യ മാദ്ധ്യമങ്ങളോ നിർവ്വഹിക്കുന്നുണ്ടോയെന്ന് നിങ്ങൾ, വായനക്കാർ തന്നെ സ്വയം പരിശോധിക്കുക. അത് പൗരരെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഭൂമിയിലെ ഒരു ജീവിയെന്ന നിലയിലും നമ്മുടെ ധാർമ്മികമായ ഉത്തരവാദിത്തമല്ലേ? ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളാണെങ്കിൽ, മാദ്ധ്യമം നാലാം തൂണാണെന്നാണ് പൊതുവായുള്ള സങ്കല്പം. ആദ്യത്തെ മൂന്ന് തുണുകളും ജീർണ്ണിച്ച് നിലംപൊത്തുമോയെന്ന ആശങ്കയിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ നാലാംതൂണിനെ ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് പത്രങ്ങളുടെ (എല്ലാ മാധ്യമങ്ങളുടെയും) അവസ്ഥ ദയനീയമാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഇരിക്കാൻ പറഞ്ഞപ്പോൾ പത്രങ്ങൾ മുട്ടിലിഴയുകയായിരുന്നു എന്നത് പഴങ്കഥയല്ല. എന്നിട്ടും അന്ന് ഒറ്റയ്ക്കും തെറ്റയ്ക്കും ചില പത്രങ്ങളും എഴുത്തുകാരും കാർട്ടൂണിസ്റ്റുകളും വരകൾക്കിടയിലും വരികൾക്കിടയിലും അഹിംസയുടെ മൈനുകൾ ഒളിപ്പിച്ച് വെച്ചിരുന്നത് അക്കാലത്തെ നിരീക്ഷിച്ചവർക്കറിയാം.

വര: വി.എസ് ​ഗിരീശൻ

ഇന്നത്തെ അവസ്ഥ അതിനേക്കാളൊക്കെ അതിദയനീയമാണ്. പത്ര-മാദ്ധ്യമങ്ങളെല്ലാം (ബഹുഭൂരിപക്ഷവും) വൻകിട കോർപ്പറേറ്റുകളുടെ പിടിയിലാണ്. ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നതോ, കച്ചവടവും ലാഭവും മാത്രം ലക്ഷ്യമാക്കിയുള്ള ഭീമൻ കോർപ്പറേറ്റുകളും. കുതിച്ചുയരുന്ന പേപ്പർ വിലയും ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന ചെലവും താങ്ങാൻ കോർപ്പറേറ്റുകളുടെ പരസ്യങ്ങൾ പത്രങ്ങൾക്ക് കൂടിയേ തീരൂ. ഇതിനു പുറമേയാണ് ഭരണകൂടങ്ങളുടെ രഹസ്യവും പരസ്യവുമായ നിയന്ത്രണങ്ങളും. ഭയമാണ് സമൂഹത്തിന്റെ രക്തധമനികളിലൂടെ ഒഴുകുന്നത്. അയൽക്കാരൻ തന്റെ ഒറ്റുകാരനാണോയെന്ന് പരസ്പരം സംശയിക്കുന്നു.

ദേശീയ സ്വാതന്ത്ര്യ സമരത്തിലും അടിയന്തരാവസ്ഥയിലും ഗാന്ധിയെപ്പോലെയും ജയപ്രകാശ് നാരായണനെപ്പോലെയുമുള്ളവർ സൈക്ലോസ്റ്റൈൽ കോപ്പികൾ വഴിയും മനുഷ്യർ തമ്മിലുണ്ടായിരുന്ന പരസ്പരമുള്ള വിനിമയങ്ങളിലൂടെയുമാണ് ഭരണകൂടങ്ങൾക്കെതിരെ മാദ്ധ്യമ പ്രതിരോധം ഉയർത്തിയിരുന്നത്. ജനവികാരം ഭയത്തിൽ ചൂഴ്ന്നതാണെങ്കിൽ അവരിൽ (ജനങ്ങളിൽ) നിർഭയത്തിന്റെ അഹിംസാത്മക വിത്തുകളിടുക. അതിലൂടെ പ്രതിരോധത്തിന്റെ ഹിതകരമായ അവസ്ഥ ഭരണകൂടത്തിന്റെ തെറ്റായ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ രൂപപ്പെടുന്നതാകും. ​ഗാന്ധി പറഞ്ഞ മൂന്നാമത്തെ ധർമ്മമായ, പത്രങ്ങളുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കലും ഇതിലൂടെ സാധിക്കും. കഥയെഴുത്തുകാർക്കും നോവലിസ്റ്റുകൾക്കും കവികൾക്കും ചിത്രകാരന്മാർക്കും സിനിമാപ്രവർത്തകർക്കും നാടകക്കാർക്കും എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അധികാരകേന്ദ്രങ്ങൾക്കുനേരെ, കലാപരമായി, നിർഭയമായി, നിശബ്ദമായി പ്രവർത്തിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നാണ് ഗാന്ധി വായനയിലൂടെ മനസ്സിലാവുക.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

2 minutes read July 25, 2023 2:48 am