ഗാന്ധിയുടെ ധർമ്മധാതുക്കൾ – 1

​ഭാ​ഗം-1

പറയുന്ന വാക്കിനേക്കാള്‍ എത്രയോ അധികം ശക്തിയുള്ളതാണ് നിര്‍മ്മലമായ ചിന്ത : ഗാന്ധി

ഭൂമിയിലെ മുഴുവന്‍ ജനങ്ങളും അനേകം ഭാഷകളിലൂടെ പറയുന്ന വാക്കുകള്‍ ഒരുനിമിഷം എത്രത്തോളം വരും? നേരിട്ടും അല്ലാതെയും എത്രയെത്ര മാധ്യമങ്ങളിലൂടെയാണ് നാം പറയുന്ന വാക്കുകള്‍ പുറത്തുവരുന്നത്. ഇവയിലേറെയും നമുക്കറിയാം പൊള്ളയാണ്, അനാവശ്യമാണ്. പലതും മറ്റുള്ളവരെ മുറിപ്പെടുത്തുന്നതാണ്, വേദനിപ്പിക്കുന്നതാണ്, വെറുപ്പുണ്ടാക്കുന്നതാണ്. മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കുന്നതാണ്.

ഞാനീ പറയുന്നത് എത്രത്തോളം ശരിയാണെന്ന് നാം ഓരോരുത്തരും സ്വയം പരിശോധിച്ചാല്‍ മതിയാകും. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ നാം പറയുന്ന വാക്കുകള്‍ നാമറിയാതെ ഏതെങ്കിലും യന്ത്രം രേഖപ്പെടുത്തിയത് ഒന്ന് റീവൈന്‍ഡ് ചെയ്ത് നോക്കൂ. നാം തുപ്പുന്ന വാക്കുകളില്‍ എത്ര ആവശ്യമായിട്ടുണ്ട്! അധികാരത്തിന്റെ, പ്രലോഭനത്തിന്റെ, പകയുടെ, പ്രശംസയുടെ, അഹംഭാവത്തിന്റെ വാക്കുകള്‍ കേട്ട് നാം തന്നെ ലജ്ജിച്ച് പോകും. നാം ഒരു സ്വയം വിമര്‍സനത്തിന് തയ്യാറാവുകയാണെങ്കില്‍, ഞാനിത് പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണ്.

വാക്കുകളുടെ മലിനീകരണം കൊണ്ട് വിഷമയമാവുന്നതാണ് നമ്മുടെ അന്തരീക്ഷം. വാക്കുകളുടെ മലിനീകരണം കൂടുതലാകുമ്പോള്‍, നമ്മുടെ വീടും തെരുവുകളും, പുഴയും, കാടും, കടലും, മലയും, ധ്രുവ പ്രദേശങ്ങളും മലിനമാകുന്നു. ഭൂമി മരണശ്വാസം വലിക്കുന്നു. വാക്കുകളെക്കൊണ്ട് നമ്മുടെ അകവും പുറവും മലിനമാക്കുന്നതിന് പകരം, ഒരു നല്ല ചിന്ത ഹൃദയത്തില്‍ അങ്കുരിക്കാന്‍ നാം അനുവദിക്കുകയാണെങ്കില്‍, അത് നമുക്കും സമൂഹത്തിനും സമഷ്ടിക്കും നന്മയുടെ നറുമണമായി മാറും. നൂറ് ടണ്‍ വാക്കിനേക്കാള്‍ എത്രയോ ശക്തമാണ് ഒരു തുള്ളി നല്ല പ്രവൃത്തി.

അതുപോലെ തന്നെ നാം പറയുന്ന ആയിരം ടണ്‍ വാക്കിനേക്കാള്‍ ഊര്‍ജ്ജമുള്ളതാണ് നമ്മുടെ ഉള്ളില്‍ ഉറപൊട്ടുന്ന നിര്‍മ്മലമായ ഒരു ചിന്ത. നിര്‍മ്മലമായ ചിന്തകള്‍, നമ്മില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍, ആട്ടിപ്പായിക്കാന്‍ ഇന്ന് അനേകം സ്ഥാപനങ്ങള്‍ സായുധരായി തയ്യാറായി നില്‍പ്പുണ്ട്. മാധ്യമങ്ങള്‍, ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍, നിയമപാലകര്‍, എന്ന് തുടങ്ങി പടുകൂറ്റന്‍ സ്ഥാപനങ്ങള്‍ ഭീകരരൂപിയായ കോര്‍പ്പറേറ്റുകളുമായി സന്ധിചെയ്ത്, നമ്മെ ചിന്തിക്കാത്ത ഒരു വര്‍ഗ്ഗമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. നാം ഇനി ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഒന്നുകില്‍ അത് ഹിംസയുടെ കലര്‍പ്പുള്ളതാകും. അല്ലെങ്കില്‍ മാറ്റാരെങ്കിലും ചിന്തിച്ചതിന്റെ കാര്‍ബണ്‍ പതിപ്പുകളാകും. നമ്മുടെ അകം (ഉള്ള്) സ്വതന്ത്രചിന്തയുടെ കാറ്റ് കടക്കാന്‍ നാം അനുവദിക്കാറില്ല. നാം നമ്മുടെ ചിന്താശേഷി സ്വയം അടിമപ്പെടുത്തിയിരിക്കുകയാണ്. അതായത് പറയുന്ന വാക്കുകളിലെ ഹിംസ ഒഴിവാക്കിയാല്‍ മാത്രം പോരാ, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി സ്വയം വീണ്ടെടുക്കണം.

കേൾക്കാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read