Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കച്ചവട സിനിമയെന്നും ഉച്ചപ്പടം അഥവാ ആർട്ട് ഫിലിമെന്നും പരസ്പര വിരുദ്ധങ്ങളായ രണ്ട് ശാഖകളായി 1970 കളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന മലയാള സിനിമ ഈ രണ്ട് ചേരിയിലും പെടാത്ത പുതിയൊരു തരം ചലച്ചിത്രശൈലിയിലേക്ക് 1978-80 കാലത്ത് മാറിപ്പോകുന്നത് കാണാം. ആർട് സിനിമകൾ എന്നറിയപ്പെടുന്ന അരവിന്ദൻ്റെയും അടൂരിൻ്റെയും മറ്റും ചിത്രങ്ങൾ ആസ്വദിക്കുന്ന ചെറുവിഭാഗം പ്രേക്ഷകരെയും നസീറിൻ്റെയും മധുവിൻ്റെയും മറ്റും കുടുംബചിത്രങ്ങളുടെ ആസ്വാദകരായ സാമാന്യജനത്തെയും ഒരേപോലെ തീയേറ്ററുകളിലേയ്ക്ക് അടുപ്പിച്ച പല സമാന്തര ചലച്ചിത്രങ്ങളും അക്കാലത്ത് എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകർക്ക് ഒന്നാകെ ഒരു നവഭാവുകത്വം അനുഭവിപ്പിച്ചു.
ആർട് ഫിലിമിൻ്റെ ദോഷമായി ആരോപിക്കുന്ന സംഭാഷണക്കുറവോ നീളമേറിയ ഷോട്ടുകളുടെ മുഷിപ്പോ കഥയിലെ ദുരൂഹതയോ കൊണ്ട് ഇത്തരം നവതരംഗ സിനിമകൾ സാധാരണക്കാരെ തീയേറ്ററിൽ നിന്നും അകറ്റിയില്ല. എന്നാൽ അവ കച്ചവട സിനിമകൾ പോലെ താരമൂല്യത്തെ വല്ലാതെ പിൻതുടരുകയോ വശീകരണത്തിൻ്റെ മെലോഡ്രാമ കടുംനിറമായി സ്വീകരിക്കുകയോ ചെയ്തില്ല. പ്രമേയം, കഥാപാത്രങ്ങൾ, കാസ്റ്റിംഗ്, അവതരണ ശൈലി എന്നിവയില്ലെല്ലാം കലാപരമായ മികവുകൾ പുലർത്തിക്കൊണ്ട് കച്ചവട സിനിമയുടെ സെക്സ്, സ്റ്റണ്ട്, ഡാൻസ്, താരമൂല്യം എന്നിങ്ങനെ പല സ്ഥിരം ചേരുവകളെയും അതേപടി പിൻതുടർന്നുമില്ല. മോഹൻ (ശാലിനി എൻ്റെ കൂട്ടുകാരി -1978, രണ്ടു പെൺകുട്ടികൾ -1978), ഭരതൻ (തകര -1979, ചാമരം -1980, ലോറി – 1980), കെ.ജി ജോർജ്ജ് (ഉൾക്കടൽ-1979, മേള -1980) എന്നിവരായിരുന്നു ഇത്തരം സമാന്തര സിനിമകളുടെ മുൻനിര വക്താക്കൾ.
പ്രേംനസീർ, മധു, ജയൻ ഇങ്ങനെയുള്ളവരുടെ താരശോഭ കൊണ്ട് തങ്ങളുടെ സിനിമകളെ ജനപ്രിയമാക്കുന്നതിൽ യാതൊരു താല്പര്യവും സമാന്തര സിനിമക്കാർ കാണിച്ചില്ല. കഥാപാത്രങ്ങൾക്ക് യോജിച്ച നടീനടന്മാരെ, അവരുടെ ആസ്വാദക പ്രീതി ഒട്ടും നോക്കാതെ തിരഞ്ഞെടുത്തു ഈ സംവിധായകർ. കഥയിലും സ്ഥിരം കുടുംബ/പുരാണ/കൊള്ളസംഘ/കളളക്കടത്ത് സംഭവങ്ങളെ അവർ ഉപേക്ഷിക്കുകയും വ്യത്യസ്തങ്ങളായ നിരവധി പ്രമേയങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്തു. വ്യവസായമെന്ന നിലയ്ക്കും ബഹുജന വിനോദമെന്ന തരത്തിലും കലാസൃഷ്ടി എന്ന രീതിയിലും മലയാള സിനിമയ്ക്ക് പാകത വരുന്നതും അതോടൊപ്പം തീയേറ്റർ വിജയം നേടുന്നതും 1980 കളിൽ ശക്തി നേടിയ ഈ നവതരംഗ സംവിധായകർക്കൊപ്പമാണ്. സിനിമയെ ഈ മധ്യപാതക്കാർ ആർട് ഫിലിം പ്രസ്ഥാനക്കാരെ പോലെ തന്നെ സംവിധായകൻ്റെ കലയാക്കി മാറ്റി. എന്നാൽ പാശ്ചാത്യനാടുകളിൽ നിന്നും വലിയ വ്യത്യാസമില്ലാതെ ആർട് ഫിലിം ഇവിടെ പറിച്ചുനട്ട വിരസശൈലിയെ അവർ അവഗണിച്ചു. ഒപ്പം മുഖ്യധാരാ സിനിമയിൽ മുന്തി നിന്നിരുന്ന, നാടകത്തോടും സാഹിത്യത്തോടുമുള്ള ആഭിമുഖ്യ ബാധകളെ ഒഴിപ്പിക്കുകയും ചെയ്തു.
നിരവധി പുതിയ അഭിനേതാക്കൾ, അവർ പരമ്പരാഗത നായികാനായക വേഷത്തിൻ്റെ ഗ്ലാമർ ഇല്ലാത്തവരാണെങ്കിലും മുഖ്യകഥാപാത്രങ്ങളായി സ്ക്രീനിൽ കടന്നുവരാൻ വഴിയൊരുക്കിയത് കരവിരുതിൻ്റെ ആത്മവിശ്വാസവും ധൈര്യവും കൈമുതലായ ഈ സമാന്തര സംവിധായകരാണ്. അരവിന്ദൻ്റെയും അടൂരിൻ്റെയും ചിത്രങ്ങളിലൂടെ വന്ന കൊടിയേറ്റം ഗോപിയും നെടുമുടി വേണുവും ഇത്തരം സിനിമയുടെ സാന്നിദ്ധ്യമായി. അവരെ പോലുള്ളവർ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളായി സിനിമയിലെ അഭിനയകല എന്താണെന്നു നമ്മളെ അത്ഭുതപ്പെടുത്തി. നല്ല ചിത്രങ്ങൾ ആസ്വദിക്കാൻ ബഹുജനങ്ങളിൽ എല്ലാ വിഭാഗത്തിനും കഴിവുണ്ടെന്ന് നവതരംഗ സംവിധായകർ ബോധ്യപ്പെടുത്തി. പ്രേക്ഷകർ ആവശ്യപ്പെടുന്നതെന്തോ അതാണ് ഞങ്ങൾ നൽകുന്നത് എന്ന മുഖ്യധാരാ സിനിമയുടെ സ്ഥിരം വാദത്തെ തങ്ങളുടെ സിനിമകൾ കൊണ്ട് ഖണ്ഡിക്കുകയും, പ്രേക്ഷക സമൂഹത്തിൽ മുമ്പ് ഉറപ്പിച്ചെടുത്ത അഭിരുചികളെ പുതുക്കിപ്പണിയുകയും ചെയ്തു ഇവർ. ഇതാണല്ലോ ഞങ്ങൾ കാണാനിരുന്ന കഥാപാത്രങ്ങളും കഥനശൈലിയും എന്ന് കാണികൾ അപ്പോൾ അറിയാതെ ഉള്ളിൽ പറഞ്ഞു. അങ്ങനെ കൊമേഷ്യൽ സിനിമയെന്നും ബുദ്ധിജീവിപ്പടമെന്നുമുള്ള അതിർത്തികൾ മായ്ച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കാണികൾ തീയേറ്ററിൽ ഇടകലർന്ന കാലമാണ് മലയാള സിനിമാ ചരിത്രത്തിലെ 1980 കൾ.
ഇക്കാലത്തെ ചില ചിത്രങ്ങൾ ഓർക്കുക: വേനൽ (1981), കോലങ്ങൾ (1981), കള്ളൻ പവിത്രൻ (1981), വിട പറയും മുമ്പേ (1981), യവനിക (1982), മർമ്മരം (1982), ഇടവേള (1983), രചന (1983), സന്ധ്യമയങ്ങും നേരം (1983), കൂടെവിടെ (1983), ആദാമിൻ്റെ വാരിയെല്ല് (1984), പഞ്ചവടിപ്പാലം (1984), ഇരകൾ (1985), മീനമാസത്തിലെ സൂര്യൻ (1985), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), സ്വാതിതിരുനാൾ (1987), ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം (1987), തൂവാനത്തുമ്പികൾ (1988), വൈശാലി (1988)…
ഇപ്രകാരം സമാന്തര സിനിമ ഇവിടെ ശക്തമായ ഭാവുകത്വ അഴിച്ചുപണി ആരംഭിക്കുകയും അത് ഫലം കാണുകയും ഒരു പുതിയ പ്രേക്ഷക സമൂഹം ഉയർന്നുവരുകയും ചെയ്ത 1980 കളുടെ ആദ്യവർഷങ്ങളിൽ തന്നെയാണ് മലയാളത്തിലെ രണ്ട് നടന്മാർ – മമ്മൂട്ടിയും മോഹൻലാലും – വെള്ളിത്തിരയിൽ ഉദിക്കുന്നത്. എന്നാൽ 1980 മുതലുള്ള പത്ത് വർഷക്കാലം നവതരംഗ ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ടെങ്കിലും, അത്തരം സിനിമകൾ അവരുടെ അഭിനയ പ്രതിഭയെ ഉപയോഗപ്പെടുത്തിയതല്ലാതെ ആ ചിത്രങ്ങൾ ഇന്നു കാണുന്ന സൂപ്പർസ്റ്റാർ പരിവേഷത്തിലേയ്ക്ക് ഈ നടന്മാരെ ഉയർത്തുകയുണ്ടായില്ല. അതായത് 1985-86 കാലം മുതൽ ഇരുവരും സൂപ്പർസ്റ്റാർ പദവിയിലേയ്ക്ക് പടികൾ കയറിയപ്പോഴും സമാന്തര ചലച്ചിത്ര പ്രവർത്തകർ ഇത്തരം താരാധിപത്യ പ്രവണതകൾക്കു പൂർണ്ണമായും കീഴടങ്ങാതെ മുന്നോട്ടുപോകുന്നതാണ് നാം കാണുന്നത്. 1980-85 കാലങ്ങളിൽ തന്നെ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ അഭിനയസിദ്ധിയുടെ വിവിധ സാധ്യതകൾ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, താരങ്ങൾക്കൊത്ത്, അവർക്കുവേണ്ടി തിരക്കഥയെഴുതി സിനിമ നിർമ്മിക്കുന്ന അതി കച്ചവടശീലം അനാരോഗ്യകരമെന്ന് കണ്ട് മലയാളത്തിലെ സമാന്തര സിനിമാലോകം സധൈര്യം ഇത്തരം താരാധിപത്യത്തിൻ്റെ ഭവിഷ്യത്തുകളെ 1990 വരെയുള്ള പത്ത് വർഷക്കാലം ശക്തമായി ചെറുത്തു നിൽക്കുന്നുണ്ട്. 1985 മുതൽ മമ്മൂട്ടിയോ മോഹൻലാലോ ബോക്സ് ഓഫീസ് വിജയത്തിന് ആവശ്യമാണെന്നു വന്നപ്പോഴും ഇത്തരം താരപ്രഭയില്ലാതെ തന്നെ സമാന്തര സംവിധായകരുടെ ചിത്രങ്ങൾ തീയേറ്ററുകളിൽ മുമ്പെന്ന പോലെ ബഹുജന പ്രീതി നേടുന്നുമുണ്ട്.
1985 മുതലാണ് മോഹൻലാലും മമ്മൂട്ടിയും പ്രത്യേക തരം സ്ക്രിപ്റ്റുകളിലൂടെ താരരാജാക്കന്മാരായി മാറുന്നതും, അവരെ ചുറ്റിപ്പറ്റിയുള്ള താരാധിപത്യ മാർക്കറ്റ് കേരളത്തിൽ ബലപ്പെടുന്നതും. ഇതിനു ചുക്കാൻ പിടിച്ച ചില സംവിധായകരെയും നമുക്കു കാണാം. അനീതിയെ ചോദ്യം ചെയ്യുന്ന കരുത്തനായ നായകൻ, ആദർശധീരനായ പൊലീസ് ഓഫീസർ, കള്ളക്കടത്തും ഗുണ്ടായിസവും ഉള്ള നല്ലവൻ, മറ്റുള്ളവരിൽ നിന്നും പല വിധ പീഡനങ്ങൾ ഏൽക്കുമ്പോഴും അതെല്ലാം സഹിച്ചു നന്മമാത്രം ചെയ്യുന്നയാൾ, ആദ്യം യജമാനൻ്റെ തിന്മകൾക്കു കൂട്ടുനിൽക്കുകയും പിന്നീട് അയാളെ നേരിട്ടു ധർമ്മം സ്ഥാപിക്കുകയും ചെയ്യുന്നവൻ, ഇപ്രകാരം കായികബലവും ധർമ്മബോധവും, എന്നാൽ അടിക്ക് തിരിച്ചടിയും ഉള്ള ആണത്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി ഈ സംവിധായകർ സൃഷ്ടിച്ചത്. ഇവരിൽ എടുത്തു പറയേണ്ട രണ്ടു സംവിധായ കരാണ് ഐ.വി. ശശിയും ജോഷിയും.
കള്ളക്കടത്തുകാരനായ താരാദാസ് എന്ന നായകനായി മമ്മൂട്ടി വരുന്ന, 1984 ൽ പുറത്തിറങ്ങിയ ‘അതിരാത്ര'(ഐ.വി.ശശി) മാണ് മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കി ഉയർത്തിയതിൽ ആദ്യ പങ്ക് വഹിച്ചത്. മമ്മൂട്ടിയെ മാത്രമല്ല മോഹൻലാലിനെയും ഇതേ വിധം ഉയർത്തിയതിൽ ഐ.വി.ശശിയുടെ പങ്കിനെ പ്രശംസിച്ചു കൊണ്ട് ഇദ്ദേഹത്തെ ‘കിംഗ് മേക്കർ’ എന്ന് വിളിക്കാറുണ്ട്. ആൺകരുത്തിൻ്റെ അവസാന വാക്കായി 1970 കളുടെ അന്ത്യത്തിൽ ജോഷി, ശശി എന്നിവരാൽ നിർമ്മിക്കപ്പെട്ട ആക്ഷൻ ഹീറോ ജയൻ്റെ ആകസ്മിക മരണത്തോടെയാണ് അതേ ആൺപോരിമയുടെ പലവിധ പുതിയ ഷേഡുകളായി, ഇതേ സംവിധായകർ മമ്മൂട്ടി – മോഹൻലാൽ താരങ്ങളെ 1980 കളിൽ അവതരിപ്പിക്കുന്നത്. അതായത് ഭരതൻ മുതൽപ്പേർ 1980 കൾ വരെ നിലനിന്നിരുന്ന താരമൂല്യത്തെയും ആണത്തത്തിൻ്റെ നായക സ്വരൂപത്തെയും കാസ്റ്റിങ്ങിലും കഥയിലും തച്ചുതകർക്കുന്ന അതേ കാലത്തുതന്നെ പൗരുഷത്തിൻ്റെ പുത്തൻ അവതാരങ്ങളായി മമ്മൂട്ടി – മോഹൻലാൽ സ്ക്രീനിൽ വരുന്ന സിനിമകൾ നിർമ്മിച്ചുകൊണ്ടാണ് ഐ.വി ശശിയുടെ ചിത്രങ്ങൾ ഹിറ്റുകളായി മാറുന്നത്.
‘മൂർഖൻ’ (1980) എന്ന തൻ്റെ ജയൻ ചിത്രത്തിൻ്റെ തുടർച്ചയായി മമ്മൂട്ടിയെ മുൻനിർത്തി 1980 കളുടെ പകുതി മുതൽ, കണിശക്കാരനും ധീരനും കരുത്തനുമായ നായകനെ ജോഷി വെള്ളിത്തിരയിലേയ്ക്കു വിട്ടു. ഡെന്നിസ് ജോസഫിൻ്റെ തിരക്കഥയിൽ ജോഷി ചെയ്ത മിക്ക ചിത്രങ്ങളും മമ്മൂട്ടിയെ മുൻനിർത്തി തയ്യാറാക്കിയവയാണ്. ചില ഉദാഹരണങ്ങൾ: ന്യൂഡൽഹി (1987), തന്ത്രം (1988), സംഘം (1988), നായർ സാബ് (1989), കൗരവർ (1990). ഐ.വി ശശിയാകട്ടെ 1983 ൽ ഇറങ്ങിയ ‘ഇനിയെങ്കിലും’ മുതൽ 1987 ൽ വന്ന ‘അടിമകൾ ഉടമകൾ’ വരെയുള്ള പല ചിത്രങ്ങളിലും മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിച്ചഭിനയിപ്പിക്കുകയും, അതോടൊപ്പം ഓരോരുത്തരെയും നായകപാത്രങ്ങളാക്കി ഹിറ്റുകൾ തീർക്കുകയും ചെയ്തു. മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയ ‘ഉയരങ്ങളിൽ’ (1984), രഞ്ജിത്തിൻ്റെ തിരക്കഥയിൽ 1993 ൽ വന്ന ‘ദേവാസുരം’ എന്നിവ ഉദാഹരണം. അതേപോലെ ‘അതിരാത്ര’ത്തിന് ശേഷം ആവനാഴി (1986), ഇൻസ്പെക്ടർ ബൽറാം (1991), ബൽറാം v/s താരാദാസ് (2006) എന്നീ മമ്മൂട്ടി ചിത്രങ്ങൾ പലതും ഒരേ അച്ചിൽ നിർമ്മിക്കപ്പെട്ടവയാണ്. 1985 വരെ മമ്മൂട്ടിയെയും മോഹൻലാലിനെയും ചേർത്ത് ഐ.വി. ശശി ചെയ്ത ചിത്രങ്ങളിലെ ലാലിൻ്റെ നെഗറ്റീവ് ഹീറോയിസത്തെ കേന്ദ്രമാക്കി 1986 ൽ ഡെന്നിസ് ജോസഫ് തിരക്കഥയിൽ തമ്പി കണ്ണന്താനം തീർത്ത ഹിറ്റു ചിത്രം ‘രാജാവിൻ്റെ മകനി’ലെ വിൻസൻ്റ് ഗോമസ് ലാലിൻ്റെ എക്കാലത്തെയും ഹീറോ റോളിൻ്റെ ആർക്കിടൈപ്പാണ്.
ഇപ്രകാരം 1980 കളുടെ രണ്ടാം പകുതി മുതൽ സ്വരൂപിക്കപ്പെട്ട സൂപ്പർസ്റ്റാർ വിപണി മൂല്യം കാണികളിൽ വിതച്ച ഭ്രാന്തമായ താരാഭിനിവേശത്തെ അതിസമർത്ഥമായി കൊയ്തെടുത്ത സിനിമയാണ് 1998 ൽ ഫാസിൽ കൊണ്ടു വന്ന ഹരികൃഷ്ണൻസ്. 1987 ലെ ‘അടിമകൾ ഉടമകൾ’ എന്ന ചിത്രം വരെ ഐ.വി ശശി വിജയകരമായി പയറ്റിയതും, എന്നാൽ രണ്ട് പ്രബല സാമ്രാജ്യശക്തികളായി ലാലും മമ്മൂട്ടിയും ഫാൻസുകളിലൂടെ ശീതസമരം രൂക്ഷമായതിനാൽ നിലച്ചു പോയതുമായ ഈ കൂട്ടുകെട്ടിനെ പത്ത് വർഷത്തിന് ശേഷം പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഫാസിൽ. ഇപ്രകാരം താരങ്ങളെ കേന്ദ്രമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുന്ന സൂപ്പർ സ്റ്റാർ നിർമ്മാണ ശൈലി 1985 മുതൽ മലയാളത്തിൽ കൊടികുത്തി വാഴ്ച ആരംഭിച്ചു. സമാന്തര ചലച്ചിത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യതയെ അട്ടിമറിക്കുന്ന വിധത്തിൽ, താരത്തിളക്കം കാട്ടി, ഈയാംപാറ്റകളെ പോലെ ആളുകളെ അഭ്രപാളികളിലേക്ക് ആകർഷിക്കുകയാണ് ശശി-ജോഷി ശൈലീപാരമ്പര്യം ചെയ്തത്. ഇപ്രകാരം സൂപ്പർ സ്റ്റാറുകളെ നിർമ്മിച്ച് തീയേറ്റർ വിജയം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 1985-86 കാലത്ത് ആദ്യം മോഹൻലാൽ ഫാൻസ് അസോസിയേഷനും, അടുത്ത വർഷം മമ്മൂട്ടി ഫാൻസ് അസോസിയേഷനും രൂപീകൃതമായി.
ഫാൻസ് സംഘടന കൊണ്ട് സിനിമാ വിജയത്തിനും, അതുവഴി ജനപ്രീതിക്കും രാഷ്ട്രീയ പ്രവേശനത്തിനും വഴി വെട്ടിയത് ഇന്ത്യൻ സിനിമയിൽ എം.ജി.ആറും എൻ.ടി.ആറും ആയിരുന്നല്ലോ (1970 ൽ എം.ജി. ആർ. ഫാൻസ് രൂപം കൊണ്ടു, തുടർന്ന് 1970 കളുടെ ആദ്യം തന്നെ The Nandamuri Fans Association എൻ.ടി.ആറിന് വേണ്ടി തെലുങ്കിൽ സ്ഥാപിതമായി). പത്തുവർഷം കഴിഞ്ഞപ്പോൾ, ഇതേ പാതയിൽ, 1980 ൽ കമൽഹാസനും രജനീകാന്തും അവരവരുടെ ഫാൻസ് സാമ്രാജ്യങ്ങൾ സൃഷ്ടിച്ച് താരാരാധനയുടെ സർവ്വ അതിരുകളും ഭേദിക്കുന്ന ദ്രാവിഡ മാതൃകയ്ക്കു വീണ്ടും നവജീവൻ കൊടുത്തു. 1982 ൽ ഹിന്ദിയിൽ ബച്ചൻ ഫാൻസും രൂപീകൃതമാകുന്നുണ്ട്. ഇത്തരം ഫാൻസ് മോഡലാണ് 1980 കളുടെ മധ്യത്തിൽ കേരളത്തിലേയ്ക്കും കൊണ്ടുവന്നത്.
ചലച്ചിത്ര നിർമ്മാണ കമ്പനികളുടെ മുഖ്യ കാർമ്മികത്വത്തിൽ, സിനിമകളുടെ മാർക്കറ്റിംഗ് തന്ത്രത്തിൻ്റെ കുറുക്കുവഴിയായി സൂപ്പർസ്റ്റാറുകളെ സൃഷ്ടിക്കുന്നതിന് 1920 കളിൽ നിശ്ശബ്ദ ചിത്രങ്ങളുടെ കാലത്തുതന്നെ ഫാൻസ് ക്ലബ്ബുകൾ ഹോളീവുഡിൽ രൂപം കൊള്ളുന്നതിൽ ആരംഭിക്കുന്നു ഫാൻസ് സംഘങ്ങളുടെ ചരിത്രം. 1970-1980 കളായപ്പോൾ ഇത്തരം ക്ലബ്ബുകൾ കുറേക്കൂടി വിപുലവും സംഘടിതവുമാവുകയും, സിനിമാ വിജയത്തിൻ്റെ നിർണ്ണായക ശക്തികളിൽ പ്രധാന കണ്ണിയായി വ്യവസ്ഥാപിതമാകുകയും ചെയ്തു അമേരിക്കയിൽ. ഇതിൻ്റെ ഏഷ്യൻ പതിപ്പുകളെ സിനിമാ നിർമ്മാണക്കമ്പനികളും സംവിധായകരും നടന്മാരും ഒത്തുചേർന്ന് ഫ്യൂഡൽ മൂല്യങ്ങൾ ദൃഢമായ ആൾക്കൂട്ടങ്ങളെ ആരാധനാ ലഹരിയിൽ ഉറഞ്ഞു തുള്ളിക്കുന്ന വിധം ഇവിടെയും ആവിഷ്ക്കരിച്ചു.
മലയാളത്തിലും താരരാജാക്കന്മാരെ സൃഷ്ടിക്കുന്നതിനും, അതുവഴി മാർക്കറ്റിൽ ഹിറ്റുകൾ സൃഷ്ടിക്കുന്നതിനും വേണ്ടി സംവിധായകരും തിരക്കഥാകൃത്തുക്കളും നടന്മാരും ചേർന്നു നിർമ്മിച്ച സൂപ്പർസ്റ്റാർ ഫാൻസ് സംസ്ക്കാരം മലയാള സിനിമയുടെ മൊത്തം ഗതിയെ തന്നെ 1980 കളുടെ പകുതി മുതൽ സ്വാധീനിക്കുകയുണ്ടായി. മലയാളത്തിൽ വലിയ മാറ്റങ്ങൾക്ക് വേദിയായ നവതരംഗ സിനിമ താരാധിപത്യത്തിൻ്റെയും ഫാൻസ് അടിമത്തത്തിൻ്റെയും വെള്ളപ്പൊക്കത്തിൽ മെല്ലെ മെല്ലെ ശ്വാസം മുട്ടുന്നതാണ് അപ്പോൾ മുതൽ നാം കാണുന്നത്. പ്രേക്ഷക ഹൃദയങ്ങളുടെ ചക്രവർത്തികളായ സൂപ്പർ സ്റ്റാറുകളെ നായകസ്ഥാനത്ത് കൊണ്ടുവരാത്ത ചിത്രങ്ങളുടെ വിപണി വിജയം, അവ എത്രമാത്രം മികച്ചതായാലും പരുങ്ങലിലായി. 1985 നു ശേഷം പത്മരാജൻ ചെയ്ത ചിത്രങ്ങൾ നോക്കുക. അതിൽ സൂപ്പർ താരങ്ങൾ ഇല്ലാത്ത സിനിമകൾ പ്രമേയത്തിലും അവതരണത്തിലും നിലവാരം പുലർത്തിയിട്ടും വേണ്ടവിധം പ്രേക്ഷകരെ കൊണ്ടുവന്നില്ല. ‘ഞാൻ ഗന്ധർവ്വൻ’ എന്ന താരാധിപത്യമില്ലാത്ത പത്മരാജൻ ചിത്രം തന്നെ ഉദാഹരണം.
സൂപ്പർസ്റ്റാറുകളുടെ ഫാൻസ് സാമ്രാജ്യം വിപുലമാക്കുന്നതിനു പറ്റിയ പരിവേഷങ്ങളാൽ സ്ത്രീവിരുദ്ധവും ജാതിക്കോയ്മ സ്ഥാപിക്കുന്നതുമായ നായക കത്തിവേഷങ്ങൾ വെള്ളിത്തിരയിൽ ആടിത്തകർക്കുന്ന കാലമാണ് 1990 കൾ. അതായത് നവതരംഗ സിനിമ മലയാളത്തിൽ സ്ഥാപിച്ചെടുത്ത പ്രമേയപരമായ വൈവിധ്യവും താരമൂല്യത്തെ വകവെയ്ക്കാതെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടീനടന്മാരെ സ്വീകരിക്കലും തെല്ലും സാധ്യമല്ലെന്നാക്കി 90 കളിലെ താരമേധാവിത്വ സിനിമാലോകം. സിനിമ കാണുന്നതിന് പകരം സൂപ്പർസ്റ്റാറുകളെ കാണാൻ പോകുന്ന ആസ്വാദകലോകമായി നമ്മൾ ഒതുക്കപ്പെട്ടുവെന്നർത്ഥം.
നവതരംഗ സിനിമാ സംവിധായകർ 1990 കളിൽ പുറത്തിറക്കിയ ചലച്ചിത്രങ്ങളിൽ പഴയ പോലെ പാത്രങ്ങൾക്കനുസരിച്ച് അഭിനേതാക്കളെ ഉൾക്കൊള്ളുക എന്ന ശൈലി ഇനിമേൽ തീയേറ്റർ വിജയത്തിനു സാധ്യമല്ലെന്നാകുകയും, സൂപ്പർ താരങ്ങളില്ലാതെ അവർക്കും സിനിമ നിർമ്മിക്കാൻ പറ്റാത്ത നില വന്നുചേരുകയും ചെയ്തു. കഥയും കഥാപാത്രവും മുതൽ സിനിമയുമായി ബന്ധപ്പെട്ട നടീനടന്മാരും സാങ്കേതിക ജോലിക്കാരുമെല്ലാം ആരാകണം എന്ന് തീരുമാനിക്കുന്നതിൻ്റെ അവസാനവാക്കായി മാറി പിന്നീട് താരദൈവങ്ങളുടെ അരുളപ്പാടുകൾ. സിനിമയുടെ ജയപരാജയങ്ങളും അതിനകത്തെ അവസരങ്ങളും താരരാജാക്കന്മാരുടെ ഏകാധിപത്യ അഭീഷ്ടങ്ങളെ ആശ്രയിക്കുന്നതിനാൽ താരദൈവങ്ങളുടെ സ്തുതിപാഠക സംഘമായി മത്സരിക്കുന്നവരാണിന്ന് സിനിമയിലെ സഹപ്രവർത്തകർ ഏറെയും. അവരെ നിരസിച്ച് സ്വന്തം കഴിവിൽ നിലനിൽക്കുമെന്ന് സധൈര്യം തീരുമാനിച്ച തിലകൻ്റെ ഗതി എല്ലാവർക്കും പാഠമായി തീർന്നു.
1980 കളിൽ നവതരംഗ ചലച്ചിത്രങ്ങൾ കൊണ്ട് തിരുത്തിയെഴുതാൻ പരിശ്രമിച്ച താരപ്പൊലിമയുടെ പൊള്ളത്തരം 1990 കളായപ്പോൾ വർദ്ധിത കരുത്തുനേടി താര സർവ്വാധിപത്യവാഴ്ചയായി മാറുകയും നല്ല ചിത്രങ്ങൾ, സിദ്ധിയുള്ള നടീനടന്മാരുടെ രംഗപ്രവേശം, വൈവിധ്യമുള്ള പ്രമേയം എന്നിവ നൽകുന്നതിൽ വിലങ്ങുതടിയായി തീരുകയും ചെയ്തു. സിനിമാ മേഖലയിൽ വേതനത്തിൽ നിലനിൽക്കുന്ന വലിയ അന്തരം മുതൽ നിരവധി അസമത്വങ്ങൾക്കും അനീതികൾക്കും അടിസ്ഥാന കാരണം ഇതേ ഊതിപെരുപ്പിച്ച താരാധിപത്യമാണ്. അതോടൊപ്പം ഏതാനും ചില താരദൈവങ്ങളെ ആശ്രയിച്ചു മാത്രം ചലിക്കുന്ന ചലച്ചിത്ര സംസ്ക്കാരം സമൂഹത്തിൽ വർദ്ധിച്ച് വരുന്ന സാമ്പത്തിക – സാമൂഹിക അസമത്വങ്ങളുടെ കൂടി നീതികരണമായി നിൽക്കുന്നു. മാത്രമല്ല ഇതിൻ്റെ സാമൂഹിക പ്രതിഫലനമെന്നോണം രാഷ്ട്രീയത്തിലും വിഗ്രഹവൽക്കരിക്കപ്പെട്ട ഏകാധിപതികളെ ക്ഷണിച്ച് വരുത്തുന്ന അരാഷ്ട്രീയ സമൂഹത്തിലേയ്ക്കും ഈ സിനിമാ സംസ്ക്കാരം നമ്മെ എത്തിക്കുന്നു.
1980 കളിൽ സമാന്തര സിനിമയ്ക്കൊപ്പം പിറന്ന പ്രേക്ഷക സമൂഹത്തെയും താരവൈഭവങ്ങളുടെ കുത്തകവിപണി 1990 കൾ മുതൽ ഇല്ലായ്മ ചെയ്തിരിക്കുന്നു. ഫ്യൂഡൽ ജാതിമൂല്യങ്ങളെയും അധോലോക നായകത്വത്തെയും പുരുഷാധിപത്യത്തെയും ഒരേ പോലെ ആദർശവൽക്കരിക്കുന്ന ഫാൻസ് അടിമകളായി, ചേരിതിരിഞ്ഞ് പോരടിക്കുന്ന ആൾക്കൂട്ടമാക്കി സിനിമാ വിപണി കാണികളെ അധഃപതിപ്പിച്ചിരിക്കുന്നു. സിനിമയുടെ നിർമ്മാണം മുതൽ ആസ്വാദനം വരെയുള്ള എല്ലാ തലങ്ങളിലും വാണിജ്യ വിജയം ഒന്നിന് മാത്രമായി ചെയ്തു വെച്ച സൂപ്പർസ്റ്റാർ നിർമ്മിതിയിലാണ് ഇന്ന് മലയാള സിനിമാ മേഖലയെ ബാധിച്ച പ്രകടമായ സ്ത്രീവിരുദ്ധതയും ഗുഢസംഘ ആധിപത്യവും വേരുറപ്പിച്ചിരിക്കുന്നത്. എവിടെ സാധാരണ മനുഷ്യർ അതിമാനുഷ വിഗ്രഹങ്ങളായി മാർക്കറ്റ് താൽപ്പര്യങ്ങളാൽ പ്രതിഷ്ഠിക്കപ്പെടുന്നുവോ അവിടെ നീതിയും നിയമവും ധാർമ്മികതയും സ്വാതന്ത്ര്യവും സ്വാഭിമാനവും നിരന്തരം അവഹേളിക്കപ്പെടുന്നു.
താര സാമ്രാജ്യങ്ങൾ തീർത്ത തൻപോരിമയുടെയും ധനാധിപത്യ ശക്തിയുടെയും അധോലോക ബന്ധങ്ങളുടെയും പ്രത്യക്ഷ പ്രകടനമായിരുന്നു സഹപ്രവർത്തകയായ ഒരു നടിയെ താര രാജാക്കളിൽ ഒരാൾ ആക്രമിക്കുന്നതിലേക്കും അപമാനിക്കുന്നതിലേക്കും വരെ എത്തിച്ചത്. സൂപ്പർ താരങ്ങളുടെ ഏകാധിപത്യം വരുത്തിവെച്ച ഈ കൊടുംവിനയ്ക്കതിരെയാണ് ആത്മാഭിമാനികളായ കുറച്ചു പെണ്ണുങ്ങൾ ഉയിർത്തെഴുന്നേറ്റ്, അതിപ്പോൾ പല പല വിഗ്രഹങ്ങളും താഴെ വീണ് ഉടയുന്നതിലേക്ക് ചലച്ചിത്രരംഗത്തെ എത്തിച്ചത്. വെള്ളിത്തിരയിലും സെറ്റിലും അതിനപ്പുറത്തും സൂപ്പർസ്റ്റാർ വാഴ്ച ബോധപൂർവ്വം കെട്ടിച്ചമച്ച നിർമ്മാതാക്കൾ, സംവിധായകർ, തിരക്കഥക്കാർ, നടന്മാർ എന്നിവർക്കും, കഥയേതും അറിയാതെ ഫാൻസുകളുടെ ആരവമായി മാറി, അന്ധമായ താര ദൈവാരാധനയാൽ സ്വയം നെറ്റിയിൽ വെട്ടുന്ന കോമരക്കൂട്ടങ്ങൾക്കും ഈ കുറ്റങ്ങളിൽ നിന്നും കൈകഴുകാനാവില്ല.