മാതേരാനിലെ മൺസൂൺ മാജിക്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കന്യാകുമാരി മുതൽ ഗുജറാത്ത്‌ വരെ 1600 കിലോ മീറ്റർ നീണ്ട് കിടക്കുന്ന പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മാതേരാൻ മലനിരകൾ. സമുദ്ര നിരപ്പിൽ നിന്നും 2625 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മനോഹരമായ ഹിൽ സ്റ്റേഷൻ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജത് താലൂക്കിലാണ്. 1850-ഇൽ ബ്രിട്ടീഷുകാരാണ് മാതേരാൻ മലനിരകൾ കണ്ടെത്തി ഹിൽ സ്റ്റേഷനാക്കി മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ വേനൽക്കാല ഉല്ലാസയിടമായി ഇവിടം മാറി. കൊളോണിയൽ രീതിയിലുള്ള ബംഗ്ലാവുകളും, റോഡുകളും, വ്യൂ പോയിന്റുകളും അവർ ഇവിടെ നിർമ്മിച്ചു. നെരാലിൽ നിന്നും മാതേരാനിലേക്കുള്ള നാരോ ഗേജ്‌ റെയിൽപാതയും ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. ഇവിടുത്തെ പ്രധാന വ്യൂ പോയിന്റുകളൊക്കെ ഇന്നും ബ്രിട്ടീഷുകാരുടെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്യത്തിന് ശേഷവും പൂർണ്ണ പ്രൗഡിയോടെ വിനോദ സഞ്ചാരത്തിനായി മാതേരാൻ മലനിരകൾ കാത്തുസൂക്ഷിക്കപ്പെട്ടു. വാഹനസൗകര്യം ഇല്ലാത്ത ഏഷ്യയിലെ ഏക ഹിൽ സ്റ്റേഷൻ ആണ് മാതേരാൻ. അപൂർവ്വമായി മാത്രം കാണപ്പെടുന്ന സസ്യ വന്യജീവി സാന്നിധ്യം കൊണ്ടും പരിസ്ഥിതി ലോലമായ ഈ പ്രദേശത്തെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും മാതേരാനിലേക്ക് പോകാമെങ്കിലും ഏറ്റവും മനോഹരമായ കാഴചകളും, പ്രകൃതി ഭംഗിയും ആസ്വദിക്കാൻ പറ്റുന്നത് മഴക്കാലത്ത് തന്നെയാണ്. മൺസൂൺ കാലത്തെ മാതേരാനിലെ മഞ്ഞും, മഴയും, തണുപ്പും, പച്ചപ്പും അവിസ്മരണീയ അനുഭവമാണ്.

കോട മഞ്ഞ് കയറിയ മാതേരാൻ കാടുകൾ

കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ എത്താൻ ഏറ്റവും അനുയോജ്യമായ റെയിൽ റൂട്ട് ആണ് കൊങ്കൺ റെയിൽവേ. കർണാടകയിലെ മംഗലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹ വരെ കാടും മലയും തുരന്ന് നീണ്ടുകിടക്കുന്ന കൊങ്കൺ റെയിൽ പാത യാത്രികർക്ക് എക്കാലത്തും മികച്ച അനുഭവമാണ്. 91 തുരങ്കങ്ങളും 1800 ൽ അധികം പാലങ്ങളുമുള്ള കൊങ്കൺ റെയിൽപാത കേരളം, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്കുള്ള ദൂരം ഗണ്യമായി കുറച്ചു. കൊങ്കൺ റെയിൽ കാഴ്ചകൾക്ക് ഇരട്ടി ഭംഗിയാണ് മഴക്കാലത്ത്. അടിമുടി നനഞ്ഞ് കുതിർന്ന സഹ്യൻ പച്ച മേലങ്കിയണിഞ് നിൽകുന്നു. സസ്യസമ്പത്തിന്റെയാകെ ദാഹമകറ്റാൻ യഥേഷ്ടം അരുവികളും നീരൊഴുക്കുകളും. നിറഞ്ഞൊഴുകുന്ന ചെറുതും വലുതുമായ നദികൾ. നെൽപ്പാടങ്ങളിലെല്ലാം വെള്ളം കയറി നിൽക്കുന്നു. പൊടിപടലങ്ങൾ നിറഞ്ഞ് ശ്വാസം മുട്ടിച്ചിരുന്ന തുരങ്കങ്ങളിളെല്ലാം ഉറവകളും ചാലുകളും ഈർപ്പവും നിറഞ്ഞു. പേരറിയാത്ത വലിയ മരങ്ങൾ പിങ്കും വയലറ്റും നിറത്തിൽ പൂവിട്ട് നിൽക്കുന്നു. ആവേശത്തോടെ വളർന്ന് കയറി പടർന്ന് പന്തലിച്ച വള്ളിചെടികൾ കുറേയധികം വന്മരങ്ങളെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ആർത്തലച്ച് പെയ്യുന്ന മഴവെള്ളമെല്ലാം എങ്ങോട്ടൊക്കെയോ ഒഴുകി പോകുന്നു. കൊങ്കൺ റെയിൽ റൂട്ട് ആസ്വദിക്കാൻ ഇതിലും നല്ല സീസൺ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

കേരളത്തിൽ നിന്നോ ഇന്ത്യയിൽ മറ്റെവിടെ നിന്നോ മാതേരാനിലേക്ക് നേരിട്ട് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല. മാതേരാൻ മലനിരകളുടെ പ്രവേശന കവാടമായ നെരാളിൽ എത്തി വേണം മല കയറാൻ. മുംബൈയിലെ ദാദർ സ്റ്റേഷനിൽ ഇറങ്ങി രാത്രി അവിടെ തങ്ങിയ ഞങ്ങൾ പിറ്റേന്ന് വെളുപ്പിന് അഞ്ച് മണിക്ക് ദാദറിൽ നിന്നും നെരാൽ വഴി പോകുന്ന സബർബൻ ട്രെയിൻ കയറി. മുംബൈ ചത്രപതി ശിവജി മഹാരാജ് ടെർമിനൽ, ദാദർ, താനേ സ്റ്റേഷനുകളിൽ നിന്നും നെരാലിലേക്ക് ധാരാളം ട്രെയിൻ സർവീസുകൾ ഉണ്ട്. രണ്ട് മണിക്കൂർ നീണ്ട സബർബൻ യാത്രയിൽ നിന്നും ഇറങ്ങിയത് മഴയത്തേയ്ക്കായിരുന്നു. കോടമഞ്ഞിൽ പഴക്കം ചെന്ന നെരാൽ സ്റ്റേഷന് പ്രത്യേക ഭംഗിയായിരുന്നു. കനത്ത മഞ്ഞത്തും അങ്ങ് അകെലെയായി വലിയ മലകളും ചോക്ക് കൊണ്ട് വരയിട്ട പോലെ വെള്ളചാട്ടങ്ങളും കാണാൻ പറ്റുന്നുണ്ടായിരുന്നു. ശരീരം തണുത്തെങ്കിലും മനസ്സ് മാതേരാനിലേക്കുള്ള ആവേശ ചൂടിലായിരുന്നു. മൺസൂൺ കാലത്ത് ടോയ് ട്രെയിൻ സർവീസ് നടത്താറില്ല. രണ്ടര മണിക്കൂറിലധികം സമയം വേണ്ടി വരും മലമുകളിൽ എത്താൻ. കാഴ്ചകൾ കണ്ട് ആസ്വദിച്ച് പതിയെ പോകേണ്ടവർക്ക് ടോയ്‌ ട്രെയിൻ ആണ് നല്ലത്. നെരാലിൽ നിന്ന് ഒരാൾക്ക് 100 രൂപയ്ക്ക് ഷെയർ ടാക്സി എടുത്താൽ 20 മിനിറ്റ് കൊണ്ട് കുന്നിൻ മുകളിൽ എത്താം. ആറോ എഴോ പേരെയാണ് ഒരു ടാക്സിയിൽ കൊണ്ട് പോകുക. മത്സരയോട്ടമാണ് ടാക്സികൾ തമ്മിൽ. നെരാലിൽ നിന്ന് മല കയറി തുടങ്ങിയപ്പോഴേ മഴ കനത്തു. വളഞ്ഞും പുളഞ്ഞുമുള്ള റോഡുകളെ കീറി മുറിച്ചുകൊണ്ട് നാരോ ഗേജ്‌ റയിൽ ട്രാക്കുകൾ കുറുകെ കടന്നുപോകുന്നുണ്ട്. ഉയരം കൂടുന്നതിനൊപ്പം ആകാംഷയും വർധിച്ചു വന്നു.

ടോയ് ട്രെയിൻ സർവീസ് നടത്തുന്നു ട്രാക്ക്

മലകയറി മുകളിൽ എത്തുന്നത് അമാൻ ലോഡ്ജ് എന്ന സ്ഥലത്തേയ്ക്കാണ്. അവിടെ നിന്ന് മാതേരാനിലേക്ക് നടക്കുകയോ മറ്റ് യാത്ര സംവിധാനങ്ങൾ തേടുകയോ വേണം. മഴയ്ക്ക് ഒരു ശമനവും ഇല്ല. റെയിൻ കോട്ടും ഇട്ട് ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിന്നു. അൻപത് രൂപയാണ് ഒരാൾക്ക് ഇവിടെ പ്രവേശന ഫീസ്. അമാൻ ലോഡ്ജ് ഒരു റെയിൽവേ സ്റ്റേഷൻ കൂടിയാണ്. ഇവിടെ നിന്നും മാതേരാനിലേക്ക് ടോയ് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. നൂറ് കണക്കിന് കുതിരകളെയും ഇവിടെ യാത്രികർക്ക് വേണ്ടി റെഡിയാക്കി നിർത്തിയിട്ടുണ്ട്. വനപ്രദേശമാണ് ഇവിടം. മറ്റ് മോട്ടോർ വാഹനങ്ങൾ ഒന്നും ഇവിടെ ഇല്ല. തണുത്ത കാറ്റും കോടയും ചാറ്റൽ മഴയും മാതേരാന്റെ പ്രവേശന കവാടത്തിന് പ്രത്യേക ഭംഗി നൽകി. അമാൻ ലോഡ്ജിൽ നിന്നുമുള്ള ആദ്യത്തെ ട്രെയിൻ ഇതിനോടകം അവിടെ നിന്ന് പോയിരുന്നു. കാഴ്കൾ കാണാനുള്ള അടങ്ങാത്ത ആവേശം നടക്കാൻ ഊർജ്ജം നൽകി. ഞങ്ങൾ ട്രാക്കിലൂടെ നടന്ന് തുടങ്ങി.

രാവിലെ ആയതുകൊണ്ട് സന്ദർശകരുടെ നല്ല തിരക്കാണ്. നടന്ന് നീങ്ങുമ്പോൾ കാടിനപ്പുറം ഏതെങ്കിലും വെള്ളച്ചാട്ടങ്ങൾ കാണാൻ പറ്റുന്നുണ്ടോന്ന് കണ്ണുകൾ പരതുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ചെറിയ കൂടാരക്കടകൾ ഉണ്ട്. ചൂട് ചായയും കാപ്പിയും വടപ്പാവും മാഗിയും ബജ്ജിയും ഒക്കെയാണ് ഇവിടുത്തെ ചെറുഭഷണങ്ങൾ. ട്രാക്കിലൂടെ നടന്ന ഞങ്ങൾ നാനൂറ് മീറ്റർ കഴിഞ്ഞപ്പോൾ ഇടത്തേയ്ക്ക് ഒരു കാട്ടുവഴിയിലേക്ക് തിരിഞ്ഞു. രണ്ട് കിലോമീറ്ററിനുള്ളിൽ നാല്, അഞ്ച് പോയിന്റുകൾ ഉണ്ടെന്ന് ബോർഡ് കണ്ടിട്ടാണ് പോയത്. ‌ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ പറ്റിയ വെള്ളം ഒഴുകുന്ന വഴികൾ. ഉൾക്കാട്ടിലേക്കാണ് വഴി നീളുന്നത്. തണുപ്പും കൂടി കൂടി വന്നു. ആളുകളുടെ ശബ്ദമൊന്നും കേൾക്കാനില്ല. നമ്മുടെ കാടുകളിലെ പോലെ ചീവിടുകളോ, ചെറുപ്രാണികളോ, തവളയോ ഒന്നും തന്നെ ശബ്‌ദിക്കുന്നില്ല. മഞ്ഞ് മൂടിയ കാടിനുള്ളിൽ നിന്ന് വന്യമൃഗങ്ങൾ ചാടിവീഴുമോ എന്നുള്ള ഭയം ചെറുതല്ലാതെ ഞങ്ങളെ അലട്ടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആ അതിമനോഹര കാഴ്ചയും ഞങ്ങളുടെ മുന്നിലേക്ക് വന്നത്. അകലെയായി നിവർന്നു നിൽക്കുന്ന വലിയ മലയുടെ നെറുകയിൽ നിന്നും താഴേയ്ക്ക് പതിക്കുന്ന വലിയ വെള്ളച്ചാട്ടം. അതിനോട് ചേർന്ന് തന്നെ വേറെയും വെള്ളച്ചാട്ടങ്ങൾ ഉണ്ടായിരുന്നു. നേർ എതിർ വശത്തായി വലിയ മലഞ്ചെരിവും അവിടെയെല്ലാം അടുക്കി വെച്ചിരിക്കുന്ന ചെറിയ വീടുകളും. പ്രകൃതിരമണീയമായ കാഴ്ചകൾ മറച്ചും തെളിച്ചും കോടമഞ്ഞ് മാറി മറിഞ്ഞു. ചാറ്റൽ മഴയും തണുത്ത കാറ്റും തലോടലായി തോന്നി. എന്തേ ഇവിടെ എത്താൻ വൈകിയെന്ന് മനസ്സിൽ കുറ്റബോധം തോന്നിപ്പോയി. കാലൊന്ന് തെറ്റിയാൽ ആയിരമടി താഴ്ച്ചയിലേക്ക് പതിക്കും. പൊടി പോലും വീട്ടിലെത്തിക്കാൻ കിട്ടില്ലെന്ന് ചുരുക്കം. പുതിയ ചിന്തകളുണർത്തുന്ന മനസ്സിനെ ഉന്മാദിപ്പിക്കുന്ന ശുദ്ധമായ വായു ശ്വസിച്ച് കുറച്ച് നേരം ഞങ്ങൾ അവിടെ ഇരുന്നു.

ടോയ് ട്രെയിൻ കാത്തുനിൽക്കുന്ന സഞ്ചാരികൾ

കാഴ്ചകൾ കണ്ടുള്ള നടപ്പിനിടയിൽ ഒരു ഹോം സ്റ്റേ നടത്തിപ്പുകാരനെ പരിചയപ്പെട്ട് റൂം എടുത്തു. ആദ്യം കണ്ട വെള്ളച്ചാട്ടത്തിന് എതിർവശത്തുള്ള മലയിൽ ആണ് ഞങ്ങളുടെ താമസം. അവിടെ നിന്നും വ്യത്യസ്തതരം കാഴ്ചകളാണ് ഞങ്ങൾക്ക് കിട്ടിയത്. ലഗേജ്‌ അവിടെ വെച്ച് വീണ്ടും നടപ്പ് തുടർന്നു. ഇടയ്ക്കിടെ മലയാളി യാത്രികരെ കാണുന്നുണ്ടായിരുന്നു. പേരും സ്ഥലവും ചോദിച്ച് പരിചയപ്പെട്ടു. മലയാളികളുടെ പ്രിയപ്പെട്ട മൈരാ പോയിന്റിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞാണ് മാതേരാൻ മാർക്കറ്റ്. ഭക്ഷണശാലകൾ, പഴക്കടകൾ, ബേക്കറി ഒക്കെയാണ് ഇവിടെ കൂടുതലും. പക്ഷേ, മഴക്കോട്ട്, കുടകൾ, ചെരുപ്പുകൾ ഒക്കെയാണ് ഇവിടെ അധികവും വിറ്റു പോകുന്നത്. നെരാലിൽ നിന്നും മലകയറി അമാൻ ലോഡ്ജിൽ എത്തിച്ച്, പിന്നീട് കുതിരപ്പുറത്ത് കയറ്റിയാണ് സാധനങ്ങൾ ഇവിടെക്ക് കൊണ്ടുവരുന്നത് അതുകൊണ്ട് തന്നെ അൽപ്പം വില കൂടുതലാണ് സാധനങ്ങൾക്കെല്ലാം. മാർക്കറ്റിനോട് ചേർന്ന് തന്നെയാണ് മാതേരാൻ റെയിൽവേ സ്റ്റേഷനും. ഒരു ടോയ് ട്രെയിൻ അമാൻ ലോഡ്ജിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ഏറെ പ്രശസ്തമായ ലൗയ്‌സ പോയിന്റ്, മങ്കി പോയിന്റ്, കിംഗ് ജോർജ്‌ പോയിന്റ്, കിംഗ് എഡ്‌വാർഡ് പോയിന്റ്, എക്കോ പോയിന്റ് ഇവയെല്ലാം ഏകദേശം അടുത്തതടുത്താണ്.

യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ കുതിരകൾ

പകൽ സമയത്തും തിങ്ങി നിറഞ്ഞ കാടിനുള്ളിൽ മഞ്ഞ് കയറി നിൽക്കുകയാണ്. തൊട്ടടുത്തുള്ള കാഴ്ച മാത്രം കാണാം, ബാക്കിയെല്ലാം അവ്യക്തമാണ്. എനിക്കേറ്റവും ഭംഗിയായി തോന്നിയത് ലൗയ്‌സ പോയിന്റും, കിംഗ് ജോർജ്‌ പോയിന്റുമാണ്. ലൗയ്‌സ പോയിന്റിൽ നിന്നും നോക്കിയാൽ അപ്പുറത്തെ മലയിലെ നിരവധി വെള്ളച്ചാട്ടങ്ങൾ കാണാം. പണ്ടെങ്ങോ കണ്ട ചുവർ ചിത്രങ്ങൾ പോലെയോ, കമ്പ്യൂട്ടറിലെ വാൾപേപ്പർ പോലെയോ, കലണ്ടറിൽ കാണാറുള്ള ചിത്രങ്ങൾ പോലെയോ തോന്നിപോകും. അത്രയ്ക്ക് മനോഹരമാണ് പച്ച തലപ്പാവണിഞ്ഞ മലകളിൽ നിന്നും താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ആയിരകണക്കിന് അടി താഴ്ച്ചയുള്ളതാണ് ഓരോ വ്യൂ പോയിന്റും. കമ്പി വേലികൾ പേരിനുണ്ടെങ്കിലും എല്ലാം പൊളിഞ്ഞ് കിടക്കുന്നു. സന്ദർശകർ യഥേഷ്ടം വേലിക്കപ്പുറം കടന്ന് കാഴ്ചകൾ പകർത്തുന്നുണ്ട്. വ്യൂ പോയിന്റുകളിൽ ഏറ്റവും അപകടം നിറഞ്ഞതായി തോന്നിയത് അലക്സാണ്ടർ പോയിന്റാണ്. ശക്തമായ കാറ്റാണ് അവിടെ. മൂന്ന് വലിയ മലനിരകളുടെ താഴ്‌വാരത്തിലേക്ക് ഒഴുകിയിറങ്ങുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. അൽപ്പം സാഹസം കാണിച്ച് താഴ്‌വാരത്തിലേക്ക് എത്തിനോക്കിയാൽ വെളുത്ത വരപോലെ ഇവയെല്ലാം ചേർന്ന് ഒഴുകി പോകുന്നത് കാണാം. ഇതിലൊക്കെ അപ്പുറം ഞങ്ങളെ അത്ഭുതംകൊള്ളിച്ചത് ഈ മലമുകളിലും ഒരു തടാകം സ്ഥിതി ചെയുന്നു എന്നുള്ളതാണ്. എക്കോ പോയിന്റിനും ലൗയ്‌സ പോയിന്റിനും അടുത്തുള്ള ഈ തടാകത്തിന് ഷർലോട്ട് ലേക്‌ എന്നാണ് പേര്. മഞ്ഞിലും തണുത്ത കാറ്റിലും ചെറിയ ഓളങ്ങൾ ഷർലോട്ട് തടാകത്തെ കൂടുതൽ സുന്ദരിയാക്കി. ആഴമുള്ള ഈ തടാകത്തിലേക്ക് കരയിലെ മരങ്ങളൊക്കെ ചെരിഞ്ഞു നിൽക്കുന്നുണ്ട്. മഴക്കാലം ആയതിനാൽ അപകട സാധ്യതാ ബോർഡുകളും അവിടെ കണ്ടു. ഇരുപതിലധികം വ്യൂ പോയിന്റുകൾ മാതേരാനിലുണ്ട്. ഓരോ വ്യൂ പോയിന്റുകളും വ്യത്യസ്ത തരം കാഴ്കളാണ് സമ്മാനിക്കുക. ഒപ്പം വ്യത്യസത തരം അനുഭവങ്ങളും. എത്ര പറഞ്ഞാലും കണ്ടാലും മതിവരാത്ത ദൃശ്യ ചാതുര്യം.

മഞ്ഞും മലയും വെള്ളച്ചാട്ടങ്ങളും

മൺസൂൺ കാലത്ത് യാത്രികരുടെ ഹൃദയം കവരുന്ന ഇടമാണ് മാതേരാൻ ഹിൽസ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് മാതേരാനിലെ സീസൺ സമയം. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകുന്നതാണ് ഇവിടുത്തെ കാഴ്ചകളും കാലാവസ്ഥയും. കുറഞ്ഞ ബജറ്റിൽ റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെ ലഭ്യമാണ്. ചെറുതല്ലാത്ത രാത്രി ജീവിതത്തിനും മാതേരാനിലെ മാർക്കറ്റും പരിസരവും അവസരം ഒരുക്കും. ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും മറ്റും മാതേരാൻ ഇന്ന് എല്ലാവർക്കും പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. കാണാത്തവർക്ക് പോലും മാാാാാാതേരാൻ ഒരു കുളിരുള്ള ഓർമ്മയായി ആവശേഷിക്കുന്നു. നാഗരികതയുടെ പോറൽ അത്രകണ്ട് ഏറ്റിട്ടില്ലാത്ത മലനിരകളോട് യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. മാതേരാനിലെ മനസ്സൂൺ മാജിക്കിൽ മതിമറന്ന് പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി.

(കേരള സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ.)

Also Read

6 minutes read August 14, 2025 11:09 am