1974 ലാണ് എം മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ രചിക്കുന്നത്. നോവലിന് 50 വയസ്സ് തികഞ്ഞിരിക്കുന്നു. ആധുനികതയ്ക്ക് പുതിയ മുഖം നൽകി, പാശ്ചാത്യ ദർശനങ്ങളെ മലയാളത്തിലേക്ക് ആവിഷ്കരിച്ച നോവൽ വ്യത്യസ്ത വായനാനുഭവമാണ് സമ്മാനിച്ചത്. ഫ്രഞ്ചും മലയാളവും ചേർന്ന് സൗഹൃദം ചാലിച്ച ഭാഷ അന്നും ഇന്നും വായനയിൽ പുതുമ പകരുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തിന്റെ കഥയാണ് നോവൽ, ചന്ദ്രികയുടെയും ദാസന്റെയും ദുരന്തപര്യവസായിയായ പ്രണയകഥയും. ഫ്രഞ്ചുകാരുടെയും മയ്യഴി ജനതയുടെയും സൗഹൃദത്തിന്റെ പുസ്തകവും മയ്യഴിയുടെ സംസ്കാരത്തിന്റെ പരിച്ഛേദവുമാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. ആൾക്കൂട്ടത്തിലും ഒറ്റയായി പോകുന്ന, കൂട്ടം തെറ്റി മേയുന്ന ചില മനുഷ്യരുടെ കഥയെന്നും നോവലിനെ വിശേഷിപ്പിക്കാം. അസ്തിത്വവാദചിന്തകൾ മലയാള നോവലിൽ പ്രാമുഖ്യം നേടിയ കാലത്തെഴുതിയ, സ്വയംപേറുന്ന പീഡാനുഭവങ്ങളുടെ കഥയായും ഈ നോവലിനെ പരിഗണിക്കാം. അങ്ങനെ നിരവധി അടരുകളായി മയ്യഴി ഇന്നും ഓരോ വായനയിലും നവീകരിക്കപ്പെടുന്നു. “മായേ സേത്ത് ആ വൂ” (മയ്യഴി നിങ്ങളുടേതാണ്) എന്ന് മൂപ്പൻ സായ്‌വ് പറഞ്ഞതുപോലെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന രചനയും വായനക്കാർ ചേർത്തുനിർത്തുന്നു.
“ഒരു യുവാവിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രൈണ ചിന്തകൾ തുളുമ്പി നിൽക്കുകയാണ് ചന്ദ്രികയിൽ” എന്ന് മുകുന്ദൻ ചന്ദ്രികയെ വിശേഷിപ്പിക്കുന്നുണ്ട്. മുഖ്യധാരാ വ്യവഹാരങ്ങളിൽ നിലനിൽക്കുന്ന പ്രണയിനീസങ്കല്പം പൂർണ്ണമായി ഉൾക്കൊള്ളുന്ന കഥാപാത്രമാണ് ചന്ദ്രിക. ദാസനോടുള്ള സ്നേഹത്തിലൂടെയാണ് ചന്ദ്രിക ജീവിതത്തെ കണ്ടത്. ദാസനോടുള്ള പ്രണയം മാത്രമായിരുന്നു ചന്ദ്രികയ്ക്ക് ജീവിതം. അവളുടെ ചിന്തകളും സ്വപ്നങ്ങളും ദാസനെ ചുറ്റിപ്പറ്റി മാത്രം. ഒരു കാല്പനിക പ്രണയ നായികയ്ക്ക് അപ്പുറം വളരാൻ ചന്ദ്രികക്ക് കഴിയുന്നതേയില്ല. പരന്ന വായനയും ഗഹനമായ ലോക ചിന്തകളും ഉണ്ടായിരുന്ന, ദാസനെപ്പോലെയുള്ള യുവാക്കൾക്ക് സ്വാതന്ത്ര്യബോധം പകർന്നുകൊണ്ട് മയ്യഴിയുടെ സ്വാതന്ത്ര്യത്തിനായി ദാസനെയും കൂട്ടരെയും പരിവർത്തിപ്പിച്ച കുഞ്ഞനന്തൻ മാസ്റ്ററുടെ മരുമകൾ ആയിരുന്നിട്ടും ചിന്തയിലോ പ്രവൃത്തിയിലോ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിണാമങ്ങൾ ചന്ദ്രികയിൽ ഉണ്ടാവുന്നില്ല. ഒരു കാല്പനിക പ്രണയിനിയുടെ സവിശേഷതകൾക്കപ്പുറത്തേക്ക് വളരുന്ന വ്യക്തിത്വം ചന്ദ്രികയിൽ ഇല്ല. അതുകൊണ്ടുതന്നെയാണ് ദാസനെ നഷ്ടപ്പെടുമ്പോൾ അവൾ ആത്മാവുകൾ തുമ്പികളായി പരിണമിക്കുന്ന വെള്ളിയാങ്കല്ലിൽ അഭയം കണ്ടെത്തുന്നതും.
ചന്ദ്രിക എന്ന പേര് ആസ്വാദകർക്ക് പ്രണയത്തിന്റെ പ്രതീകം തന്നെയാണ്. ചങ്ങമ്പുഴയുടെ ചന്ദ്രികയും കാല്പനിക പ്രണയ നായിക തന്നെയല്ലേ? എന്നാൽ രമണനോടുള്ള പ്രണയം തിരസ്കരിക്കാൻ അവൾക്ക് അധികമാലോചിക്കേണ്ടി വന്നില്ല. രമണന്റെ ജീവിതത്തെക്കുറിച്ച് ചങ്ങമ്പുഴയുടെ ചന്ദ്രിക ഒട്ടും ബോധവതിയായിരുന്നില്ല. എം മുകുന്ദന്റെ ചന്ദ്രിക ചങ്ങമ്പുഴയുടെ ചന്ദ്രികയുടെ വിരുദ്ധ ധ്രുവമാണ്. ദാസനെ ലഭിക്കില്ല എന്നുള്ള യാഥാർത്ഥ്യത്തോട്, മറ്റൊരാളെ സ്വീകരിക്കണം എന്ന കൽപ്പനയോട് അവൾക്ക് പൊരുത്തപ്പെടാനാവുന്നില്ല. ‘സ്നേഹവ്യാഹതി തന്നെ മരണം’ എന്ന് കുമാരനാശാൻ പറഞ്ഞതുപോലെ മരണം വരിക്കാനേ ചന്ദ്രികയ്ക്ക് കഴിഞ്ഞുള്ളൂ
(രമണൻ പുറത്തിറങ്ങിയ കാലത്ത് കെ സരസ്വതിയമ്മ എഴുതിയ ‘രമണി’ എന്ന കഥയിലെ ചന്ദ്രികയെ വരച്ചിടുന്നത് വ്യത്യസ്തമായാണ്. രമണന്റെ ആത്മഹത്യയ്ക്ക് നിദാനമായതിന് ലോകം മുഴുവനും കുറ്റപ്പെടുത്തിയ ചന്ദ്രികയെ അവളുടെ പക്ഷത്ത് നിന്നു കൂടി നോക്കിക്കാണുകയാണ് സരസ്വതിയമ്മ. കൂട്ടുകാരനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ മദനനും പങ്കുണ്ടെന്ന് കഥാകാരി സമർത്ഥിക്കുന്നു. ‘രമണി’യിലെ വരികൾ ഇങ്ങനെ വായിക്കാം: “ചന്ദ്രികയെ അപലപിക്കുകയും ശപിക്കുകയും ചെയ്യരുത്, അവളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും വേണം. കാലങ്ങളായി പുരുഷൻ സ്‌ത്രീകളോട് ചെയ്‌തുകൊണ്ടിരിക്കുന്ന ഭീകരമായ വഞ്ചനയ്‌ക്കെതിരെ ഒരു സ്‌ത്രീ ഈ പരിമിതമായ പ്രതികാരം ചെയ്‌തിരിക്കുന്നു….”)
തീക്ഷ്ണമായ അന്യവൽക്കരണം അനുഭവിക്കുന്ന കഥാപാത്രമാണ് ദാസൻ. ബാഹ്യ ലോകത്തിന്റെ നിയമസംഹിതകളെ ഉൾക്കൊള്ളാനാവാതെ അവനവനിൽ നിന്നുതന്നെ അന്യത്വം പേറുന്ന അയാൾക്ക് അയാളുടെതായ ശരി തെറ്റുകൾ ഉണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിത മൂല്യങ്ങളോ നിയമങ്ങളോ അയാൾക്ക് സ്വീകാര്യമല്ല. സാമാന്യതയിൽ നിന്ന് വ്യത്യസ്തമായി അയാൾ ജീവിതത്തെ അനുഭവിച്ചറിയുന്നു. രാഷ്ട്രീയവും സാമൂഹികവും വ്യക്തിപരവുമായ അരക്ഷിതാവസ്ഥ അന്യവൽക്കരണത്തിന്റെ മുഖമുദ്രയാണ്.
യാഥാർത്ഥ്യനിഷ്ഠമായ സംഭവങ്ങളെ ആശ്രയിച്ചാണ് ദാസന്റെ വിധി നിർണയിക്കപ്പെടുന്നത്. മയ്യഴിയുടെ മോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുന്ന ദാസൻ മയ്യഴിയുടെ ദാസനാണ്. കൊളോണിയൽ അടിമത്തത്തിന്റെ ദാസനായി കഴിയാൻ അയാൾ ആഗ്രഹിക്കുന്നില്ല. അതിനാൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഉദ്യോഗം നിരസിക്കുന്നു. സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ദാസൻ. ദാസന്റെ തെരഞ്ഞെടുപ്പുകൾ അയാൾക്കു നൽകുന്നത് നരകയാതനകളാണ്. എന്താണ് ആധുനികത എന്ന തന്റെ പുസ്തകത്തിൽ മുകുന്ദൻ പറയുന്നതുപോലെ “നമ്മുടെ ഭാവിയും ജീവിതവും എല്ലാം നമ്മൾ തിരഞ്ഞെടുക്കുന്ന നിമിഷത്തെ ആശ്രയിച്ചു നിൽക്കുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്ന ആ നിമിഷം ഭയവും ആശങ്കയും നമ്മെ കിടിലം കൊള്ളിക്കുന്നു. നമ്മൾ നരകയാതന അനുഭവിക്കുന്നു.” തെരഞ്ഞെടുപ്പുകളുടെ നീണ്ട ഘോഷയാത്രയാണ് അസ്തിത്വം എന്ന് മുകുന്ദൻ വിലയിരുത്തുന്നു. സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തതിനാൽ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ദാസൻ വിധിക്കപ്പെടുന്നു. അച്ഛനമ്മമാരുടെയും കുറമ്പിയമ്മയുടെയും വേദനകൾ താൻമൂലമാണെന്ന ചിന്ത ദാസനെ അലട്ടുമ്പോഴും സ്വതന്ത്രമായ തിരഞ്ഞെടുപ്പിൽ നിന്ന് മോചിതനാകാൻ അയാൾക്ക് കഴിയുന്നില്ല. ജീവിതത്തിന്റെ നിർണ്ണായക സന്ദർഭത്തിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ജോലിയോ സ്കോളർഷിപ്പോ ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന ദാസന് തന്റെ തീരുമാനം പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി ഉണ്ട്. തന്റെ അസ്തിത്വത്തിന്റെ ഭാഗമായ ചന്ദ്രികയുടെ മരണം ദാസന് സ്വന്തം മരണം തന്നെയാണ്. പ്രണയവും വിപ്ലവവും ദാസന്റെ ജീവിതത്തിൽ ഉണ്ട്. എന്നാൽ പ്രണയ ജീവിതത്തിലും വിപ്ലവ ജീവിതത്തിലും സാഹചര്യങ്ങൾക്കനുസൃതമായ പരിണാമത്തിന് വിധേയനാകാൻ അയാൾക്ക് സാധിക്കുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലിയും യുവത്വത്തെ അഭിസംബോധന ചെയ്യുന്ന കഥാപാത്രസൃഷ്ടിയും ദാസന്റെ വ്യതിരിക്തതയ്ക്ക് നിദാനമാകുന്നു.
മയ്യഴിയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം സഫലമായപ്പോൾ സ്വയംവരിച്ച ശൂന്യതയിൽ ദാസന് ചന്ദ്രികയും നഷ്ടപ്പെടുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഫ്രഞ്ച് ഗവൺമെന്റിന്റെ ജോലിയോ സ്കോളർഷിപ്പോ സ്വീകരിക്കാതിരുന്ന ദാസൻ സ്വാതന്ത്ര്യ ബോധം പുലർത്തുന്ന വ്യക്‌തിയാണ്. അയാളുടെ തെരഞ്ഞെടുപ്പിനെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ മയ്യഴിയുടെ സ്വാതന്ത്ര്യാനന്തരം സ്വയം സൃഷ്ടിച്ച തുരുത്തിലേക്ക് ഒതുങ്ങുകയാണ് ദാസൻ. ലക്ഷ്യബോധം നഷ്ടപ്പെട്ട, സ്വയം അന്യവൽക്കരണം നേരിടുന്ന ദാസൻ മുകുന്ദൻ സൃഷ്ടിച്ച അസ്തിത്വവാദ ചിന്തകളുടെ പ്രതീകമാണ്. ആത്മപീഡാരതിയാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. സ്വപ്നങ്ങളും ഇച്ഛകളും അടങ്ങിയ ഒരു ലോകം അയാളുടെ ഉള്ളിൽ സൃഷ്ടിച്ചെടുക്കുന്നു. അവനവനിൽ നിന്ന് പോലും അന്യനായിത്തീരുന്ന ദാസനെയാണ് അവിടെ നാം കണ്ടുമുട്ടുന്നത്. വേദനയെ പോലും ഒരു ലഹരിയായി കാണുന്ന ദാസൻ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണ്. ചന്ദ്രികയെ വീണ്ടെടുക്കാനല്ല, നഷ്ടപ്പെടുത്താനാണ് അയാൾ ആഗ്രഹിക്കുന്നത്. സ്വയം ഉരുകി ഇല്ലാതാകുന്ന മരണമാണ് അയാൾ കാംക്ഷിക്കുന്നത്. അന്യവൽക്കരണം പേറുന്ന ഈ ദാസനാണ് മയ്യഴിയിൽ മറ്റൊരു തുമ്പിയായി പുനർജനിക്കുന്ന ചന്ദ്രികയെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെയാണ് വെള്ളിയാങ്കല്ല് അയാൾക്ക് അഭയമാകുന്നത്.
മിത്തുകളും ബിംബങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭാഷ മയ്യഴിയിൽ സ്വീകരിച്ച മുകുന്ദൻ പിന്നീട് ഉത്തരാധുനിക രചനാരീതികളിലെ സാധ്യതകളെ തന്റെ രചനകളിൽ കൃത്യമായി ഉപയോഗപ്പെടുത്തി. പാഠാന്തരതയും (intertextuality) അതികഥനവും (meta-fiction) ഉൾപ്പെടുന്ന ആഖ്യാനസാധ്യതകൾ ഒരു ദലിത് യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങൾ, ദൽഹി ഗാഥകൾ തുടങ്ങിയ നോവലുകളിലൊക്കെ ദൃശ്യമാണ്. നോവലിനുള്ളിൽ നാടകവും നോവലും ഇഴപിരിയുന്ന ആഖ്യാനം സ്വീകരിച്ചുകൊണ്ട് തനിക്ക് പറയാനുള്ളത് പരോക്ഷമായും പ്രത്യക്ഷമായും പറയാനാകും എന്ന് മുകുന്ദൻ തന്റെ രചനകളിലൂടെ തെളിയിക്കുന്നു. കറുത്ത ഹാസ്യവും (black humor) ദുരന്ത ഫലിതവും (tragic joke) ഇതിനായി മുകുന്ദൻ സ്വീകരിക്കുന്നു. ഭാഷയിലും ആഖ്യാനത്തിലും കഥാപാത്രസൃഷ്ടിയിലും നിരന്തരം പുതുക്കിപ്പണിയുന്നതുകൊണ്ടാണ് എം മുകുന്ദന്റെ നോവലുകൾ ഇന്നും വ്യതിരിക്തതയോടെ നിലകൊള്ളുന്നത്.