കല്യാണ ശേഷവും നീതു ജോലി ചെയ്തിരുന്നു. രണ്ടാമത് ഗർഭിണിയായതോടെ ജോലിക്ക് പോകൽ നിന്നു. അതിനിടയിൽ നീതുവിന്റെ അച്ഛന് ഒരു അപകടമുണ്ടായി. അതോടെ ചെറിയ കുഞ്ഞ് കൂടിയുള്ള, ടി.ടി.സി കഴിഞ്ഞ് ടീച്ചറായി ജോലി ചെയ്തിരുന്ന നീതു ജോലി ഉപേക്ഷിച്ചു. “ജോലിക്ക് ശ്രമിച്ചിരുന്നു, പക്ഷേ സാഹചര്യങ്ങൾ കൊണ്ടാണ് പോകാൻ പറ്റാതായത്. ഇപ്പോൾ വീണ്ടും ജോലിക്ക് ശ്രമിക്കുകയാണ്. മുമ്പ് ജോലി ചെയ്ത സ്കൂളിൽ വേക്കൻസി വരും, വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.” നീതു പ്രതീക്ഷയോടെ പറയുന്നു. ഇത് നീതുവിന്റെ മാത്രം അനുഭവമല്ല, വീടുകളിലെ പരിചരണ ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്ത്രീകൾക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്നതായി കേരള നോളജ് ഇക്കോണമി മിഷൻ സ്ത്രീ തൊഴിലന്വേഷകർക്കിടയിൽ സംഘടിപ്പിച്ച സർവേ റിപ്പോർട്ട് പറയുന്നു. 2023 ജൂലൈ മാസം പുറത്തുവന്ന ഈ റിപ്പോർട്ടിന് ആധാരമായ സർവേയിൽ ഉൾപ്പെട്ട, നീതു അടക്കമുള്ള 57 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കാൻ കാരണം കുട്ടികളേയും പ്രായമായവരേയും പരിചരിക്കേണ്ടി വരുന്നു എന്നതാണ്.
അന്വേഷണത്തിന്റെ തുടക്കം
വിദ്യാസമ്പന്നരായ തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരങ്ങളൊരുക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയാണ് നോളജ് ഇക്കണോമി മിഷന്‍. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്ക്) നോളജ് ഇക്കണോമി മിഷന്‍ നടത്തിപ്പിന്റെ ചുമതല. 2026നുള്ളിൽ വിവിധ തൊഴിൽ മേഖലകളിലായി 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് കേരള നോളജ് ഇക്കണോമി മിഷൻ ലക്ഷ്യമിടുന്നത്.
“നോളേജ് മിഷന്റെ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത 14 ലക്ഷം ആളുകളിൽ പകുതിയലേറെ സ്ത്രീകളായിരുന്നു. തൊഴിലന്വേഷകരായ സ്ത്രീകൾക്ക് വേണ്ടി തൊഴിലരങ്ങത്തേക്ക് എന്ന പ്രത്യേകമായ ഡ്രൈവ് കഴിഞ്ഞ വർഷം നടത്തിയിരുന്നു. ആയിരം സ്ത്രീകൾക്ക് മാർച്ച് എട്ടിന് മുൻപ് തൊഴിൽ നൽകുക എന്നുള്ളതായിരുന്നു രണ്ട് മാസം നീണ്ട് നിന്ന പ്രോഗ്രാമിലൂടെ ഉദ്ദേശിച്ചത്. പതിനായിരത്തോളം സ്ത്രീകൾ രജിസ്റ്റർ ചെയ്തതിൽ ആയിരത്തിലധികം ആളുകൾക്ക് ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ട് ഇത്രയും സ്ത്രീകൾ ജോലി അന്വേഷിക്കുന്നു എന്നുള്ളത് പരിശോധിച്ചപ്പോൾ ജോലി അന്വേഷിക്കുന്നവിൽ കൂടുതൽപ്പേരും കരിയർ ബ്രേക്ക് വന്ന സ്ത്രീകൾ ആയിരുന്നു എന്ന് മനസ്സിലായി. അതിന്റെ കാരണം എന്താണ് എന്നറിയാൻ വേണ്ടിയിട്ടാണ് ഫോളോ അപ് സ്റ്റഡി നടത്തിയത്. എല്ലാ പഞ്ചായത്തിൽ നിന്നും കുടുബശ്രീയുടെ കമ്മ്യൂണിറ്റി അംബാസിഡർമാർ വഴി ഒരു പഞ്ചായത്തിലെ അഞ്ച് സ്ത്രീകൾ എന്ന രീതിയിൽ സാംപിളുകൾ ശേഖരിച്ചാണ് ഈ സർവേ നടത്തിയത്.
1027 തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്ന് 4458 സ്ത്രീകളാണ് 2023 ഏപ്രിൽ 17നും മെയ് 17 നും ഇടയിൽ ഓൺലൈനായി സർവ്വേയിൽ പങ്കെടുത്തത്. പതിനായിരം അപേക്ഷകരിൽ ആയിരം പേർക്കേ ജോലി നൽകാൻ പറ്റിയുള്ളൂ. പലരും നമ്മൾ നൽകിയ ഗ്രൂമിങ് സെക്ഷൻ കഴിഞ്ഞ് ഇന്റവ്യൂവിൽ പങ്കെടുത്തവരാണ്. പക്ഷെ അവർക്ക് ജോലി കിട്ടിയിട്ടില്ല. അവർക്ക് വേണ്ടി എന്ത് തുടർ നടപടികൾ ചെയ്യണമെന്നറിയാൻ വേണ്ടിയാണ് സർവേ നടത്തിയത്.” കേരള നോളേജ് എകോണമി മിഷനിലെ റീജിണൽ പ്രോഗ്രാം മാനേജർ ഡയാന കേരളീയത്തോട് പറഞ്ഞു.
വീടുകളിലെ പ്രായമായവരെയോ കുട്ടികളെയോ നോക്കുന്നതിനായി ജോലിയുപേക്ഷിച്ചു എന്നാണ് സർവ്വെയിൽ പങ്കെടുത്ത 57 ശതമാനം (2040 പേർ) സ്ത്രീകൾ പറയുന്നത്. 20 ശതമാനത്തിന് (703 പേർ) വിവാഹത്തിന് ശേഷം സ്ഥലം മാറിയത് മൂലമാണ് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. 3.92 ശതമാനം (175 പേർ) സ്ത്രീകൾക്ക് ജോലി ചെയ്യാൻ കുടുബത്തിൽ നിന്ന് അനുമതിയില്ലാത്തതുകൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്നു. 147 സ്ത്രീകൾ യാത്രാ സൗകര്യത്തിലുള്ള കുറവ് മൂലമാണ് ജോലി ഉപേക്ഷിച്ചത്. 10.31 ശതമാനം (460 പേർ) സ്ത്രീകൾ കുറഞ്ഞ വേതനം മൂലമാണ് ജോലി ഉപേക്ഷിച്ചത്. വെറും 16 പേർ മാത്രമാണ് ജോലിയിൽ തുടരാൻ താൽപ്പര്യമില്ലാതിരുന്നവർ. അതായത് 96.5 ശതമാനം സ്ത്രീകളും ജോലിയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
“പ്ലസ് ടു കഴിഞ്ഞ് സിവിൽ ഡ്രാഫ്റ്റ് മാൻ ആയി പത്ത് കൊല്ലം ജോലി ചെയ്തിരുന്നു. കല്യാണത്തിന് ശേഷം ഒരു മാസമേ ജോലി ചെയ്യാനായുള്ളൂ. ജോലിക്ക് പോകുന്നതിന് ഭർത്താവിന് ചെറിയ എതിർപ്പുണ്ടായിരുന്നു. പോകാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നെ സമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ട് എനിക്ക് കുടലിന് നീര് വന്ന് ചെറിയ ആരോഗ്യ പ്രശ്നവുണ്ടായി. അങ്ങനെ ആ ജോലിക്ക് പോകുന്നത് നിന്നു. പിന്നീട് അടുത്തുള്ള കഫേയിൽ ജോലിക്ക് പോകുമായിരുന്നു. സാലറി കുറവായിരുന്നു, ജോലിയുടെ സമയവും പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ ആറേഴ് മാസം ആയി കഫേയിലെ ജോലിക്കും പോകുന്നില്ല.” സർവ്വേയിൽ പങ്കെടുത്ത, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി കേരളീയത്തോട് പറഞ്ഞു. സിവിൽ ഡ്രാഫ്റ്റ് മാൻ ജോലി ഉപേക്ഷിച്ചിട്ട് അഞ്ച് കൊല്ലം കഴിഞ്ഞെന്നും ആ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒക്കെ മറന്നുപോയെന്നും ഇപ്പോൾ താൻ ജോലിക്ക് പോകുന്നതിൽ ഭർത്താവിന് പ്രശ്നമില്ലെന്നും അവർ പറയുന്നു.
കുടുംബം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമോ?
കണ്ടീഷനിങ്ങിന്റെ പ്രശ്നമുണ്ടെന്നാണ് സർവ്വേ ഫലത്തിൽ നിന്ന് മനസിലാക്കുന്നതെന്ന് ഡയാന പറയുന്നു. “വിവാഹം കഴിഞ്ഞാൽ പുരുഷന്റെ ജോലി സ്ഥലത്തേക്ക് അല്ലെങ്കിൽ താമസസ്ഥലത്തേക്ക് പോകാൻ സ്ത്രീ നിർബന്ധിതയാകുന്നു. വിവാഹാലോചനയുടെ സമയത്ത് പെൺകുട്ടിയുടെ ജോലി സൗകര്യത്തിന് അനുസരിച്ചുള്ള പങ്കാളിയാണോ എന്ന് ആരും ആലോചിക്കാറില്ല. ബ്രഡ് വിന്നർ പുരുഷൻ ആണെന്ന് നമ്മൾ കണ്ടീഷൻഡ് ആണ്. സ്ത്രീ ജോലി എടുക്കുന്നത് അവളുടെ സന്തോഷത്തിനും കുടുംബത്തിന്റെ സപ്പോർട്ടിനും എന്ന രീതിയിലാണ് കേരളത്തിൽ കാണുന്നത്. അല്ലാതെ പ്രധാന ബ്രഡ് വിന്നർ സ്ത്രീ ആണെന്ന് അംഗീകരിക്കാൻ ഇവിടെ മടിയാണ്. വിവാഹത്തിന് മുൻപ് തന്നെ സ്ത്രീയുടെ ജോലിക്ക് സെക്കണ്ടറി ഇമ്പോർട്ടൻസ് മാത്രമേ ഇവിടെയുള്ളൂ. ജോലിക്ക് പോയില്ല എങ്കിൽ സ്ത്രീകളെ ആരും കുറ്റം പറയില്ല. പക്ഷേ മുറ്റം അടിച്ചില്ലെങ്കിൽ, കുട്ടിക്ക് സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കിൽ കുറ്റം പറയുന്ന സമൂഹമാണ്. ഗൃഹ പരിപാലനം ചെയ്യുന്ന പുരുഷൻ പലപ്പോഴും പുണ്യവാനായ മനുഷ്യൻ ആകുന്നു. എന്നാൽ അയാൾ ജോലിക്ക് പോയില്ലെങ്കിൽ കുറ്റകരമായ കാര്യം ആകുകയും ചെയ്യും.” ഡയാന വ്യക്തമാക്കുന്നു. ജോലി കണ്ടെത്തി കൊടുത്തിട്ടും രണ്ടാഴ്ച കഴിയുമ്പോൾ രണ്ട് ബസ് മാറി കേറണം എന്ന് പറഞ്ഞ് പല സ്ത്രീകളും ജോലി ഉപേക്ഷിച്ച അനുഭവങ്ങളും ഡയാന പങ്കുവെച്ചു. “ബസ് മാറി കേറുന്നതല്ല പ്രശ്നം. ആ ബസ് മാറി കേറി വീട്ടിൽ എത്തുമ്പോൾ അവർ ചെയ്യേണ്ട അധിക ജോലികൾ ഉണ്ടല്ലോ? ചെയ്യാതെ മാറ്റി വെച്ച ജോലിയെ പ്രതി സ്ത്രീകൾക്ക് സ്വന്തമായി തോന്നുന്നതോ മറ്റുള്ളവർ കൊടുക്കുന്നതോ ആയ പ്രഷർ ഉണ്ടല്ലോ? വീട്ടിലെ മറ്റുള്ളവരുടെ സൗകര്യങ്ങൾ ഇവർ ജോലിക്ക് പോകുമ്പോൾ തടസപ്പെടുന്നതിനാൽ അതിൽ അവർ കുറ്റം കേൾക്കേണ്ടി വരാം. അല്ലെങ്കിൽ അത്രയും റിവാർഡിങ്ങ് ആയ ജോലിയോ ഗവൺമെന്റ് ജോലിയോ ആയിരിക്കണം. 36 വയസ് വരെ പി.എസ്.സി രജിസ്റ്റർ ചെയ്ത് ഗവൺമെന്റ് ജോലിക്കായി കാത്തിരിക്കുന്ന സ്ത്രീകളുമുണ്ട്.” ഡയാന കൂട്ടിച്ചേർത്തു.
ദേശീയതലത്തിലുള്ളതിനേക്കാൾ കേരളത്തിലെ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതലാണെങ്കിലും സ്ത്രീകൾ കുടുംബ കാര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കേണ്ടതെന്നുള്ള ഇന്ത്യയിൽ ആകെത്തന്നെയുള്ള മനോഭാവം കേരള സമൂഹത്തിലും നിലനിൽക്കുന്നുണ്ടെന്നതിന്റെ പ്രതിഫലനമാണ് സർവ്വേ റിപ്പോർട്ടെന്ന് കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല അഭിപ്രായപ്പെട്ടു.
“വിദ്യാഭ്യാസത്തിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള ഒരുപാട് പരിശ്രമങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങളുണ്ടായി, അത് അവർ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പക്ഷേ കുടുംബവുമായി ബന്ധപ്പെട്ട് കടമകൾ എന്ന പേരിൽ നിൽക്കുന്നവ സ്ത്രീകളെ ഇപ്പോഴും പുറകോട്ട് വലിക്കുന്നു. സമൂഹത്തിന്റെ ഈ മനോഭാവം മാറണം. അങ്ങനെ മനോഭാവം മാറണമെന്ന് പറയുന്നതോടൊപ്പം തന്നെ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവരെ പരിചരിക്കാനുമൊക്കെ വിശ്വസനീയവും ആധുനികവുമായിട്ടുള്ള സൗകര്യം പ്രാദേശികതലത്തിൽ ഉണ്ടായിവരുകയാണെങ്കിൽ അത്തരമൊരു സൗകര്യത്തെ ആശ്രയിച്ച് ഈ സ്ത്രീകൾക്ക് ജോലിയിൽ തുടരാൻ കഴിയും. സമൂഹത്തിന്റെ ബോധത്തിൽ മാറ്റം വരുത്താനുള്ള ഒരു അവയർനെസ് പ്രോഗ്രാം നിരന്തരം നമ്മൾ നടത്തികൊണ്ട് ഇരിക്കണം.” ശ്രീകല പറയുന്നു. വീട്ടിലെ സഹായത്തിനും, കുഞ്ഞുങ്ങളെ നോക്കുന്നതിനും, മുതിർന്നവരെ പരിപാലിക്കുന്നതിനും സന്നദ്ധരായവരുടെ ഒരു കൂട്ടത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കണ്ടെത്തിയാൽ സ്ത്രീകൾക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെ തുടരുന്നതിന് അത് സഹായകമാകുമെന്നും നിലവിലെ പ്രതിസസന്ധിക്ക് പരിഹാരമാകുമെന്നും ശ്രീകല അഭിപ്രായപ്പെട്ടു.
കുഞ്ഞുണ്ടായ ശേഷം ഇഷ്ടമുള്ള ബാങ്ക് ജോലിക്ക് ശ്രമിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് എറണാകുളം സ്വദേശി രേവതിയ്ക്ക് പറയാനുണ്ടായിരുന്നത്. “22-ാമത്തെ വയസിൽ വിവാഹിതയാകുമ്പോൾ ജോലി ഉണ്ടായിരുന്നു. രണ്ട് മാസം കഴിഞ്ഞ് ഗർഭിണി ആകുമ്പോൾ ഞാനൊരു മൾട്ടി നാഷണൽ കമ്പിനിയാലാണ് ജോലി ചെയ്തിരുന്നത്. ഗർഭിണി ആയതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ ബാങ്ക് സംബന്ധമായ ജോലിക്കായുള്ള പരീക്ഷകൾക്ക് തയ്യാറെടുത്തിരുന്നു. പല ലിസ്റ്റിലും വന്നിരുന്നു. കുട്ടി ആയ ശേഷം അത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പറ്റാതായി. 2019 ലാണ് ഇപ്പോൾ ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ഈ ജോലി ഞാൻ അത്ര ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല. ബാങ്കിങ്ങ് മേഖലയാണിഷ്ടം. കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പെട്ടെന്ന് പോകണമെന്നതുകൊണ്ട് കൂടി ഭർത്താവ് ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ തന്നെ ജോലി തുടരുന്നത്. എന്തായാലും ജോലി ഉപേക്ഷിക്കരുത് എന്ന് എനിക്കുണ്ടായിരുന്നു. കൊറോണ സമയം എല്ലാവർക്കും മോശം സമയമായിരുന്നുവെങ്കിൽ എനിക്ക് നല്ല സമയമായിരുന്നു. ആ സമയം ജോലി ഉപേക്ഷിച്ച് മത്സര പരീക്ഷകൾക്കായി തയ്യാറെടുത്തിരുന്നു. അതിൽ പലതും വിജയിച്ചു.” ആ ജോലികളിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി തുടരുകയാണ് രേവതി.
അമ്മയാവുക, മാതാപിതാക്കൾക്ക് പ്രായമാവുക എന്നീ അവസ്ഥകളിൽ തട്ടിതടഞ്ഞ് വീഴുന്നത് ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രശസ്ത സംരംഭക അഞ്ജലി ചന്ദ്രൻ പറയുന്നത്. “സ്ത്രീ പരിചരിക്കാൻ വേണ്ടിയുള്ളതായിട്ടാണ് നമ്മൾ കാണുന്നത്. മുലയൂട്ടുക എന്നത് ബയോളജിക്കലി അങ്ങനെയായതുകൊണ്ട് സ്ത്രീകൾ ചെയ്യേണ്ടതുണ്ട്. എന്നാൽ അതിന് പോലും ആൾട്ടർനേറ്റീവ് സംവിധാനങ്ങൾ ഇന്നുണ്ട്. ജോലി കഴിഞ്ഞ് സ്ത്രീ വരുന്നത് വരെ കുട്ടിയെ നോക്കാൻ ആളുകൾ കാണും. എന്നാൽ അവർ എത്തിക്കഴിഞ്ഞാലുടൻ കുട്ടിയെ കൈമാറും. മാത്രമല്ല ഭക്ഷണം ഉണ്ടാക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും അവരെ കാത്തിരിക്കുന്നുണ്ടാകും. അമ്മക്ക് റസ്റ്റ് എന്നൊരു ഫാക്ടർ ഉണ്ട്. ജോലിയുള്ള സ്ത്രീ അഭിപ്രായം പറഞ്ഞാൽ സ്വന്തം കാലിൽ നിലക്കുന്നതിന്റെ അഹങ്കാരമാണെന്ന് പറയുന്ന സമൂഹമാണ് നമ്മുടെത്. ഇത്തരം കാര്യങ്ങളിൽ മാറ്റം ഉണ്ടാകണമെങ്കിൽ നല്ലൊരു പങ്കാളി ഉണ്ടാവേണ്ടതുണ്ട്. കുടുംബം മാറണം. അയൽവാസികളും അടുത്ത ബന്ധുക്കളും അടങ്ങുന്ന നമ്മുടെ സമൂഹം മാറണം.” അഞ്ജലി വ്യക്തമാക്കി.
“എന്റെ മകൾക്ക് ഒരു വയസ് ആകും മുന്നേ സംരംഭകയായി യാത്ര തുടങ്ങിയ ആളാണ് ഞാൻ. എന്നെ സംബന്ധിച്ച് ഇംപ്രസയും (അഞ്ജലിയുടെ സംരഭകം) എന്റെ മകളും ഒരേ പ്രായത്തിൽ എന്റെ കൂടെ ഒരുമിച്ച് വളർന്നവരാണ്. എനിക്കൊരു നല്ല സപ്പോർട്ട് സിസ്റ്റം ഉള്ളതുകൊണ്ടാണിത് സാധ്യമായത്. എന്നിട്ട് പോലും ഞാൻ പല കാര്യങ്ങളിലും ബുദ്ധിമുട്ടിയിട്ടുണ്ട്, നമ്മൾ നമ്മളുടേതായ രീതിയിൽ യാത്ര ചെയ്യേണ്ടി വരും, പല ആളുകളെ കാണാൻ പോകേണ്ടി വരും, മറ്റ് ജോലികൾ പോലെ 9 മുതൽ 5 വരെ ജോലി അല്ല. സംരംഭകർക്കാണെങ്കിൽ ലീവുമില്ല. പലപ്പോഴും സ്ത്രീകളുടെ ബിസിനസ് എന്ന് പറയുമ്പോൾ ഒരാൾ ഇരുന്ന് ബാക്കിയുള്ള സ്റ്റാഫുകളെ മാനേജ് ചെയ്യുന്ന രീതി ആയിരിക്കില്ല. എന്നെ പോലെ സാധാ സംരംഭകരുടെ ആദ്യ കാലത്ത് നമ്മൾ തന്നെ ആയിരിക്കും എല്ലാം ചെയ്യുന്നത്. കണ്ടന്റ് റൈറ്റിങ്ങ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് എല്ലാം നമ്മൾ ആയിരിക്കും. സംരംഭക ആയിരിക്കുമ്പോൾ എന്തെങ്കിലും അത്യാവശ്യമുള്ളവർക്ക് കുട്ടിക്ക് അസുഖം വന്നാൽ നമുക്ക് നല്ലൊരു സപ്പോർട്ടിങ്ങ് സിസ്റ്റം ഇല്ല എങ്കിൽ ബുദ്ധിമുട്ടാണ്” എന്നും അഞ്ജലി വിശദമാക്കി.
പഠനങ്ങളുടെ പരിമിതികൾ
ഈ സർവേയേക്കാൾ പ്രധാനമായി നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം കേരളത്തിലെ തൊഴിലില്ലായ്മയാണെന്നാണ് വിദേശത്ത് ജോലി ചെയ്യുന്ന ഫർഹാന ഷിറിൻ പി.എസ് പറയുന്നത്. “സ്ത്രീകൾ വീട്ടിൽ ഇരിക്കുന്നവർ കൂടുതലുണ്ടാകാം, എങ്കിലും മുൻ കാലങ്ങളിൽ നിന്ന് വ്യത്യാസം വന്നിട്ടുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. കേരളത്തിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. കേരളത്തിലെ തൊഴിലില്ലായ്മ, വേതനക്കുറവ്, കുട്ടികളെയും പ്രായമായവരെയും നോക്കാനുള്ള സംവാധാനങ്ങളുടെ കാര്യക്ഷമത എന്നിവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദേശത്ത് ജീവിക്കുന്ന സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരു ജോലി ഉണ്ടെങ്കിൽ, കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ എന്റെ ജോലി സമയത്തിന് അനുസരിച്ച് അവരെ നോക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. നാട്ടിലെ ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തന സമയവും നമ്മുടെ ജോലിയുടെ സമയവും വ്യത്യസ്തമാണ്. ഇത്തരമൊരു സംവിധാനം ഇല്ലാത്തപ്പോൾ സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. അത് ജോലിക്ക് പോകുന്ന സ്ത്രീക്ക് ലഭിക്കുന്ന സാലറിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തുക ആയിരിക്കും. അതുപോലെ ഇവിടെ ഷിഫ്റ്റ് സംവിധാനമുണ്ട്. നാട്ടിലുള്ളവരെ വെച്ച് നോക്കുമ്പോൾ തൊഴിലുമായി ബന്ധപ്പെട്ട് ഭർത്താക്കൻമാർ കുറച്ചുകൂടി വീട്ടിലെ ജോലികൾ പങ്കുചേർന്ന് ചെയ്യാനും അവരുടെ ജോലി സമയം നമ്മുടേതിന് അനുസരിച്ച് ക്രമീകരിക്കാനും തയ്യാറാണ്. ഇവിടെ ബ്രഡ് വിന്നർ എന്നാൽ രണ്ട് പേരും ആണ്. അതിൽ നിന്ന് മനസിലാക്കുന്നത് ഇത് നമ്മുടെ സാമൂഹിക അന്തരീക്ഷത്തിന്റെ പ്രശ്നമണെന്നാണ്.” ഫർഹാന അഭിപ്രായപ്പെടുന്നു.
വിവാഹശേഷം ജോലി ചെയ്യുന്ന സ്ത്രീകൾ മലബാർ മേഖലയിൽ കുറവാണെന്ന വാദത്തെയും ഫർഹാന ചോദ്യം ചെയ്യുന്നു. “മലബാർ മേഖലയിൽ നിന്നും പഠനത്തിനും ജോലിക്കും പോകുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ട്. യു.കെ, കാനഡ പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉപരി പഠനത്തിന് ഒരുപാട് മുസ്ലീം പെൺകുട്ടികൾ പോകുന്നുണ്ട്. ദുബായിലേക്ക് ജോലിക്കായി വരുന്ന മലബാർ മേഖലയിൽ നിന്നുള്ള ധാരാളം സ്ത്രീകളുണ്ട്. പുറത്ത് ജോലി ചെയ്യാൻ സാഹചര്യം ഇല്ലാത്ത സ്ത്രീകൾ വീട്ടിൽ ഇരുന്ന് ട്യൂഷൻ എടുത്ത് സമ്പാദിക്കാൻ ശ്രമിക്കുന്നുണ്ട്. കൊറോണക്ക് ശേഷം ഓൺലൈനായി ജോലി എന്ന സാധ്യത ഉപയോഗപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്. മലബാറിനെ സംബന്ധിച്ച് ജനസംഖ്യ വളരെ കൂടുതലാണ്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ അത് കൂടി നോക്കിയാകണം താരതമ്യം ചെയ്യേണ്ടത്. മലബാർ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇത്തരം ചർച്ചകൾ നിർത്തേണ്ട സമയം കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.”
കുടുംബം എന്നത് സിംഗിൾ യൂണിറ്റായി എടുത്തുകൊണ്ടുള്ള പഠനങ്ങൾ വിഷയത്തിന്റെ ‘വസ്തുത’കളിലേക്ക് സൂക്ഷ്മമായി എത്തുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നു കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർത്ഥി ഭുവനേശ്വരി കെ.പി. “തീരമേഖലയെ പരിശോധിക്കുമ്പോൾ സ്ത്രീകൾക്കിടയിലെ കരിയർ ബ്രേക്ക് പല അടരുകളുള്ളതാണ്. തൊഴിൽ രംഗത്തെ സാധ്യതകളോട് മത്സരിക്കാവുന്ന നൈപുണ്യം ആർജിക്കാൻ പറ്റാതെ പോവുന്നത് മുതൽ എല്ലാ യോഗ്യതകളുമുണ്ടായിട്ടും പിന്തള്ളപ്പെടുന്നതുവരെയുണ്ട്. അവിടെ സ്റ്റേറ്റും അതിന്റെ ഭാഗമായ വെൽഫെയർ സംവിധാനങ്ങളുടെ അനാസ്ഥകളും, സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്ന സംവരണ വിഷയങ്ങളുമെല്ലാം കടന്നുവരുന്നു. തൊഴിൽ ചെയ്തുവന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധി കുടുംബമാണെന്ന രീതിയിലുള്ള ഈ കണ്ടെത്തലുകൾക്ക് അതുണ്ടായി വന്ന പശ്ചാത്തലങ്ങളെ എളുപ്പത്തിൽ മറച്ചുപിടിക്കാൻ സാധിക്കും. സ്ത്രീകൾക്ക് അവരുടെ അവകാശമായ തൊഴിൽ ചെയ്യാനുള്ള സാധ്യത റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ കുറ്റവാളി കുടുംബം മാത്രമല്ല. ലിംഗപരമായ വിവേചനത്തിന്റെ ഉറവിടം കുടുംബം മാത്രമാണെന്ന പോപ്പുലർ ധാരണകൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ പ്രദേശം, വർഗം എന്നിങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങളുടെ സ്വഭാവമനുസരിച്ചും പുതിയകാല രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ചും കുടുംബം എന്നത് അതിന്റെ ആവശ്യകതയ്ക്കനുസരിച്ച് പുരോഗമനപരമോ അല്ലാതെയോ പെരുമാറുന്നുണ്ട് എന്നത് നേരാണ്. അവിടെ ഇപ്പറയുന്ന വെല്ലുവിളികൾ കുടുംബങ്ങളിൽ സംഭവിക്കുന്നത് മാത്രമല്ലെന്നും ഒരു വിശാലതലത്തിൽ പലതിന്റെയും ഉത്പന്നവും പ്രകടനവുമാണെന്നും വ്യക്തമാവുമെന്ന് മത്സ്യത്തൊഴിലാളി സമൂഹാംഗം കൂടിയായ ഭുവനേശ്വരി വിമർശിക്കുന്നു.
ഇടപെടലുകൾ ആവശ്യപ്പെടുന്ന പഠനങ്ങൾ
“കരിയർ ബ്രേക്ക് വന്ന സ്ത്രീകളെ തൊഴിലിലേക്ക് തിരിച്ചുകൊണ്ടുവരാൻ പഠനത്തിൽ പങ്കെടുത്തവരെ ഫോക്കസ് ചെയ്തുകൊണ്ട് ഒരു പ്രത്യേക പ്രോജക്റ്റായി തന്നെ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിലാണ്, അത് കഴിഞ്ഞാൽ കോർപ്പറേഷൻ-മുൻസിപ്പാലിറ്റി ഏരിയ ഫോക്കസ് ചെയ്യാമെന്ന് വിചാരിക്കുന്നു. കാരണം കൂടുതലും അവിടെയാണ് ഇത്തരത്തിലുള്ള സ്ത്രീകളുടെ എണ്ണം കൂടുതൽ എന്നാണ് മനസിലാക്കുന്നത്. അപ്പോൾ ഘട്ടം ഘട്ടമായി അതിലേക്ക് പോകാനാണുദ്ദേശിക്കുന്നത്.” മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല പറഞ്ഞു.
എൻ.എസ്.എസ്.ഒ (നാഷനൽ സാമ്പിൾ സർവേ ഓർഗനൈഷേസൻ)യുടെ തൊഴിൽ സർവേ (2018-19) പ്രകാരവും കേരളത്തിൽ 15 വയസിനും 59 വയസിനുമിടയിലുള്ള പുരുഷന്മാരിൽ 74 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കിൽ, ഇതേ പ്രായത്തിലുള്ള സ്ത്രീകളിൽ 29 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയണ്മെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) 2018-19ൽ നടത്തിയ ഗ്രാമതലപഠനത്തിലും 61 ശതമാനത്തോളം സ്ത്രീകൾ വിവാഹം, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം ജോലി ഉപേക്ഷിച്ചതായി അഭിപ്രായപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മറ്റ് സാമൂഹിക സൂചികകളിലുമെല്ലാം കേരളത്തിലെ സ്ത്രീകൾ ദേശീയതലത്തിൽ മുന്നിലാണെന്നത് ആഘോഷിക്കപ്പെടുമ്പോൾ തൊഴിലിന്റെ കാര്യത്തിലുണ്ടാകുന്ന ഇത്തരം പിന്നോട്ട് പോകലുകൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യപ്പെടാത്തത്?
14 ജില്ലകളിൽ നിന്നുമുള്ള 4458 സ്ത്രീകളുടെ അഭിപ്രായങ്ങളെന്ന നിലയിൽ നോളേജ് ഇക്കോണമി മിഷന്റെ സർവേ ഫലങ്ങളെ ഗൗരവപരമായി തന്നെ സമീപിക്കേണ്ടതുണ്ട്. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും തൊഴിൽ, വിവാഹം, കുടുംബം എന്നിവ സ്ത്രീകളെ ലിംഗപരമായി അടിച്ചമർത്തുന്നുവെന്ന് തുറന്നുകാണിക്കുന്നതാണ് ഇത്തരം പഠനങ്ങൾ. ആണധികാര വ്യവസ്ഥ സൃഷ്ടിച്ച ശീലങ്ങളിൽ നിന്നും കുടുംബവും സാമൂഹവും മാറേണ്ടുന്നതിന്റെ പ്രാധാന്യം കൂടിയാണ് പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഒപ്പം ജോലിക്ക് പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിന് സഹായകമാകുന്ന കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇടപെടലുകൾ നടത്തേണ്ടുന്നതിന്റെ പ്രാധാന്യത്തിലേക്ക് കൂടി ഇത്തരം പഠനങ്ങൾ വിരൽ ചൂണ്ടുന്നു.