ഈ ‘ചേരി’യിലാണ് ഇതെല്ലാം നടന്നത്!

ഓഫ്‌റോഡ്-20

“എടാ നമ്മുടെ ശറഫിയ ചേരിയാണത്രെ! ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം മുക്കാലും പൊളിച്ചു കഴിഞ്ഞു. സൗദി സർക്കാരിന്റെ/ജിദ്ദ മുനിസിപ്പാലിറ്റിയുടെ ചേരി നിർമാർജനമാണ് ശറഫിയയിൽ നടക്കുന്നത്. പഴയ ശറഫിയയുടെ ഒരു തരിമ്പും ഇനി ബാക്കിയുണ്ടാകില്ല”. സുലൈമാൻ ഫോണിൽ ഇങ്ങിനെ പറഞ്ഞതിനു ശേഷം വിവിധ വാർത്താമാധ്യമങ്ങളിൽ ശറഫിയ ചേരി നിർമാർജനത്തെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. ടി.വി ചാനലുകളിൽ ജെ.സി.ബികൾ മദം പൊട്ടിയ ആനകളെപ്പോലെ കെട്ടിടങ്ങൾ കുത്തിമറിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ. മലയാളികൾ വാട്സാപ്പുകളിലൂടെ പങ്കുവെക്കുന്ന അവർ സ്വയം പകർത്തിയ വീഡിയോ ദൃശ്യങ്ങൾ. ഒരു പ്രദേശം അപ്പാടെ തുടച്ചു മായ്ച്ചുകളയുന്നതിന്റെ വിവിധ രംഗങ്ങൾ. ചേരി, അപ്പോൾ ഇവിടെയാണ് ഇതെല്ലാം നടന്നത്! അങ്ങിനെയെങ്കിൽ മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ പ്രധാന അധ്യായങ്ങളിലൊന്ന് അരങ്ങേറിയത് ഈ ചേരിയിലാണ്, ശറഫിയയിൽ. മുംബൈയിലെ ധാരാവിയോടാണ് ഈ പ്രദേശത്തെ എങ്കിൽ ഉപമിക്കേണ്ടത്. (ധാരാവിയുടെ പ്രാധാന്യത്തെക്കുറിച്ച് മലയാളി മാധ്യമ പ്രവർത്തകൻ അമൃത്‌ലാൽ ദില്ലി ദാലി പോഡ്കാസ്റ്റിൽ പറഞ്ഞത് ധാരാവി എങ്ങിനെ കൂറ്റൻ വ്യവസായ ശാലകൾക്കാവശ്യമായ വസ്തുക്കൾ നിർമിച്ചു കൊടുക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു). 13 വർഷം ജിദ്ദയിലെ ഫൈസലിയയിൽ ജീവിച്ചിരുന്ന ഞാൻ ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും ശറഫിയയിൽ പോകുമായിരുന്നു. ആ സ്ഥലത്തെക്കുറിച്ച് നിരവധിയായ ഓർമ്മകൾ ജിദ്ദയിൽ കഴിഞ്ഞ, ഇപ്പോഴും തുടരുന്ന മലയാളികളുടെ മനസ്സിൽ ഉണ്ടാകും. ശറഫിയ മലയാളികളുടെ ഗൾഫ് പ്രവാസ ജീവിതത്തിന്റെ അടിപ്പടവ് തന്നെയായിരുന്നു. ഡയസ്‌പോറ പണ്ഡിതരുടെ ഭാഷയിൽ പറഞ്ഞാൽ ‘ട്രാൻസ് നാഷണൽ ലോക്കൽ’ ദേശമാണ് ശറഫിയ. സൗദി അറേബ്യയുടെ വേനൽക്കാല തലസ്ഥാനമാണ് മക്കയിലേക്കുള്ള കവാട നഗരമായ ജിദ്ദ. ആ നഗരത്തിലെ ഒരു ഡിസ്ട്രിക്ടാണ് ശറഫിയ. 1960തുകൾ മുതൽ മലയാളികളുടെ താവളം. ഇപ്പോഴും അതിനു വലിയ മാറ്റം വന്നിട്ടില്ല. ഇനി മാറ്റങ്ങളുണ്ടാകും, തീർച്ച.

ശറഫിയയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ

വ്യാഴാഴ്ച്ച വൈകുന്നേരം (വെള്ളിയാഴ്ചയാണ് പൊതു അവധി) ശറഫിയയിൽ മലയാളികൾ പലയിടങ്ങളിൽ നിന്നും കൂട്ടത്തോടെ വന്നു ചേരുമായിരുന്നു. അവിടെ സ്വന്തം നാട്ടുകാരേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണും. റോഡിൽ നിന്നു തന്നെയാണ് സംസാരം. നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയവരുടെ കയ്യിൽ കൊടുത്തയച്ച സാധനങ്ങളും കത്തുകളും വാങ്ങി മടങ്ങുന്നവരും തൊഴിൽ തേടി അലയുന്നവർ ആശ്വാസത്തിനും സഹായത്തിനുമായെത്തുന്നതും ഇവിടെയായിരുന്നു. അങ്ങിനെ നിരവധിയായ മനുഷ്യ വിനിമയങ്ങൾ നടന്നുപോന്നിരുന്ന ഒരിടം. 2013ൽ സൗദി ജീവിതം മതിയാക്കി ഞാൻ നാട്ടിലേക്കു മടങ്ങുമ്പോഴും ശറഫിയ മലയാളികളുടെ ആധിപത്യ ദേശമായിരുന്നു. ആദ്യകാല പ്രവാസികൾക്കെല്ലാം ഇവിടെയുണ്ടായിരുന്ന ഒരു കടയിലെ പോസ്റ്റ് ബോക്‌സിലേക്കാണ് കത്തുകൾ വന്നു കൊണ്ടിരുന്നത്. അങ്ങിനെ ശറഫിയ കേരളം തന്നെയായി എത്രയോ പതിറ്റാണ്ടുകൾ നിലനിന്നു.

ഇവിടെയുള്ള വീടുകളും കടകളും പൊളിച്ചു നീക്കിയപ്പോൾ കുടിയിറക്കപ്പെട്ടത് അഞ്ചുലക്ഷം പേരാണെന്ന് മാധ്യമ വാർത്തകളിൽ കാണുന്നു. ഇവരിൽ പതിനായിരത്തോളം പേർ താമസ-തൊഴിൽ രേഖകളില്ലാത്ത ‘അനധികൃത’ കുടിയേറ്റക്കാരാണ്. 40 വർഷത്തിലേറെ പഴക്കമുള്ള സ്‌കൂൾ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിലുൾപ്പെടും. കുടിയിറക്കപ്പെട്ട അഞ്ചുലക്ഷം പേരും മലയാളികളാണെന്നു കരുതരുത്. അവിടെ നിരവധി രാജ്യക്കാർ ജീവിക്കുന്നു, ജോലി ചെയ്യുന്നു. മലയാളികളല്ലാത്ത ഇന്ത്യക്കാരുമുണ്ട്. ശറഫിയയുടെ ഹൃദയഭാഗത്തുള്ള ചെറുകിട-ഇടത്തരം ഹോട്ടലുകൾ, ഗ്രോസറി-തുണിക്കടകൾ, ബേക്കറികൾ, വീഡിയോ ഷോപ്പുകൾ, ആഴ്ച്ചപ്പതിപ്പുകളും പ്രസിദ്ധീകരണങ്ങളും വിൽക്കുന്ന കടകൾ… ഇതെല്ലാം നടത്തിപ്പോന്നത് മലയാളികളാണ്. അതുകൊണ്ടാണ് ശറഫിയയിൽ മലയാളികൾക്ക് ആധിപത്യം കിട്ടിയത്. ഈ കടകളെല്ലാം ഇപ്പോൾ ഇല്ലാതായി. സൗദി നിയമമനുസരിച്ച് സ്വദേശികൾക്കേ സ്ഥാപനങ്ങൾ നടത്താൻ അനുമതിയുള്ളൂ. മലയാളികളുടെ കടകളുടേയും സ്ഥാപനങ്ങളുടേയും ലൈസൻസി ഒരു സൗദി ആയിരിക്കും. അയാൾക്ക് പ്രതിമാസം ഒരു സംഖ്യ കൊടുക്കും. കടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്ന വിവരം സൗദി സർക്കാർ/മുനിസിപ്പാലിറ്റി ‘ലൈസൻസി’കളെ അറിയിച്ചിരുന്നു. നഷ്ടപരിഹാരവും നൽകി. എന്നാൽ ലൈസൻസി കട നടത്തുന്ന മലയാളികളെ വിവരമറിയിച്ചില്ല. ജെ.സി.ബി വന്ന് കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോൾ മാത്രം അവർ അറിഞ്ഞു. ആ മലയാളികൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഗൾഫ് പ്രവാസത്തിലെ അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത അധ്യായങ്ങളിലൊന്നായി ശറഫിയ സംഭവം മാറുന്നതും ഇതുകൊണ്ടു കൂടിയാണ്. പുതിയ കെട്ടിടങ്ങൾ ഉയർന്നുപൊങ്ങുമ്പോൾ പഴയ കച്ചവടക്കാർക്ക് അവിടെ തുടരാൻ കഴിയുമോ? ഒരു ഉറപ്പുമില്ല.

ജിദ്ദയിലെ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പ്രവർത്തനമേഖലയും ശറഫിയ ആയിരുന്നു. സൗദിയിൽ പൊതുപരിപാടികൾ നടത്താൻ പാടില്ല എന്ന നിയമം നിലനിൽക്കെ, അതിനെ മറികടന്ന് സാംസ്‌കാരിക സംഗമങ്ങളും കലാപരിപാടികളും നടന്നിരുന്നത് ശറഫിയയിലെ മലയാളി ഹോട്ടൽ ഓഡിറ്റോറിയങ്ങളിലായിരുന്നു. സക്കറിയ, പി. ഗോവിന്ദപ്പിള്ള, കെ.ഇ.എൻ, അക്ബർ കക്കട്ടിൽ, ബി രാജീവൻ, മധുസൂദനൻ നായർ, കെ.പി രാമനുണ്ണി, ഹരീന്ദ്രനാഥ്, എം.എൻ കാരശ്ശേരി, എം.എം ബഷീർ, ബി.എം സുഹ്‌റ, പി സുരേന്ദ്രൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങി (ലിസ്റ്റ് അപൂർണം) എത്രയോ പേർ അവരുടെ സൗദി സന്ദർശനത്തിന്റെ ഭാഗമായി ജിദ്ദയിൽ വരികയും ശറഫിയയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയുമുണ്ടായി. വലിയ സദസുകളാണ് ഇവരെയെല്ലാം ശറഫിയയിൽ കാത്തിരുന്നത്. സൗദി സർക്കാർ ഭാഷ്യം അനുസരിച്ച് പറയുകയാണെങ്കിൽ ഈ മഹാരഥന്മാരെല്ലാം വന്നു സംസാരിച്ചത് ഒരു ചേരിയിലായിരുന്നു. മറ്റൊരു ചേരിയിലും പോയി പ്രസംഗിച്ച അനുഭവവും ഇവർക്കൊന്നും അധികമൊന്നും ഉണ്ടാകാനുമിടയില്ല. സദ്ദാം ഹുസൈൻ ഇറാഖിൽ തൂക്കിക്കൊല്ലപ്പെട്ട ദിവസമാണ് പി ഗോവിന്ദപ്പിള്ള സൗദിയിലെത്തുന്നത്. സൗദിക്ക് ഇറാഖുമായി അതിർത്തിയുമുണ്ട്. എന്നിട്ടുപോലും സദ്ദാമിനെ തൂക്കിക്കൊന്നതിൽ സൗദിയിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടക്കാത്തതന്തെന്ന ചോദ്യം അദ്ദേഹം പരിപാടികൾ സംഘടിപ്പിക്കുന്നവരോട് ചോദിച്ചു. അതൊന്നും ഇവിടെ പറ്റില്ലല്ലോ എന്ന് പറഞ്ഞ് സൗദി അവസ്ഥ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചു. പി.ജി തന്റെ ചോദ്യം അടക്കിപ്പിടിച്ചുവെങ്കിലും ശറഫിയയിലെ പ്രസംഗത്തിൽ അത് നേരിട്ടല്ലാതെ പുറത്തുവന്നു. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ആത്മവിചാരണയിൽ താൻ പരാജയപ്പെടുമെന്ന് പറഞ്ഞ് അദ്ദേഹം നിറഞ്ഞു ചിരിച്ചത് ഇപ്പോഴും മറന്നിട്ടില്ല. കേരളം ഭരിക്കുന്നവരുടെ പിടിപ്പു കേടുകൊണ്ടാണ് മലയാളികൾക്ക് പ്രവാസികളാകേണ്ടി വന്നതെന്ന സക്കറിയയുടെ പ്രസംഗവും വലിയ ചർച്ചകളുണ്ടാക്കി. തൊഴിൽ കൊടുക്കാൻ കഴിയാത്തവരുടെ ഭരണം മലയാളിയെ കേരളത്തിനും ഇന്ത്യക്കും പുറത്തേക്ക് നിർബന്ധിതമായി ഓടിക്കുകയായിരുന്നുവെന്നാണ് സക്കറിയ വാദിച്ചത്. മലയാളിയുടെ തൊഴിൽ പ്രവാസത്തെ അദ്ദേഹം ധൈര്യപൂർവം അവതരിപ്പിച്ചു.

ജിദ്ദ ശറഫിയയിലെ വേദിയിൽ സക്കറിയ

ശറഫിയയിലെ മലയാളികൾ നടത്തുന്ന ആശുപത്രികളിലെ ഓഡിറ്റോറിയങ്ങളിലും പരിപാടികൾ നടന്നിരുന്നു. സത്യത്തിൽ ആശുപത്രി ഓഡിറ്റോറിയങ്ങളിൽ നടന്ന പരിപാടികൾ ‘കൾച്ചറൽ ക്ലിനിക്കു’കളായിരുന്നു. ഓഡിറ്റോറിയത്തിനു താഴെ ക്ലിനിക്കൽ ചികിത്സ. മുകളിൽ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക ചികിത്സ. അങ്ങിനെ ഒരു ഓഡിറ്റോറിയത്തിൽ സിനിമാ സംവിധായകൻ കമലുമായി നടന്ന മുഖാമുഖം പരിപാടി ഓർക്കുന്നു. നടൻ മോഹൻലാൽ ജിദ്ദ സന്ദർശിച്ചു. പക്ഷെ ശറഫിയയിൽ പരിപാടിയുണ്ടായില്ല. എരിത്രിയൻ എംബസിയുടെ കോമ്പൗണ്ടിലായിരുന്നു പരിപാടി എന്നാണ് ഓർമ. ജിദ്ദ മലയാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന നിരവധി സംഘടനകൾ ഇത്തരം പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. രാഷ്ട്രീയവും മറ്റു പരിഗണനകളും മറന്ന് മലയാളി സമൂഹം പൊതുവായി ഇങ്ങിനെയുള്ള വേദികളിൽ ഒഴുകിയെത്തി.

ജിദ്ദ ശറഫിയയിൽ ഇംപാല ഗാർഡനിൽ സക്കറിയ സംസാരിക്കുന്നു

രാഷ്ട്രീയ നേതാക്കളും ഇതേപോലെ ശറഫിയയിൽ പരിപാടികളിൽ പങ്കെടുത്തു. വിവിധ പാർട്ടികളുടെ ഏറ്റവും വലിയ നേതാക്കന്മാർ മുതൽ പഞ്ചായത്തംഗങ്ങൾ വരെ ജിദ്ദയിൽ വന്നു. ശറഫിയയിലെ വലുതും ചെറുതുമായ പരിപാടികളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഫണ്ട് പിരിവു മുതൽ ചാനൽ വിഭവ സമാഹാരണം വരെ ഇത്തരം പരിപാടികളിലൂടെ നടന്നു. ഗൾഫ് പ്രവാസമാണ് കേരളത്തെ നിലനിർത്തുന്നതെന്ന് അവരെല്ലാം പ്രസംഗിച്ചു. പക്ഷെ പ്രവാസിക്ക് വോട്ടില്ലാത്തതെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്നും കിട്ടിയിട്ടുമില്ല.

അങ്ങിനെ മലയാളിയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട സ്ഥലമാണ് ശറഫിയ. ആ സ്ഥലം അതിന്റെ പഴയ എല്ലാ വിശദാംശങ്ങളും ബുൾഡോസ് ചെയ്യപ്പെട്ട് ഇല്ലാതായിക്കഴിഞ്ഞു. ശറഫിയയിൽ മലയാളികളുടെ പരിപാടികൾ നടന്നിരുന്ന പ്രധാന ഹോട്ടലും നിലംപൊത്തിയതായി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രം അതിങ്ങനെ റിപ്പോർട്ട് ചെയ്തു. “ജിദ്ദയിലെ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയിരുന്ന ഇംപാല ഗാർഡനും പൊളിച്ചു മാറ്റി. നിരവധി സാംസ്‌കാരിക പരിപാടികൾക്ക് വേദിയായിരുന്നു ഇവിടം. ജിദ്ദ ചേരി വികസനത്തിന്റെ ഭാഗമായാണ് പൊളിച്ചു മാറ്റൽ. ഇതോടെ നിരവധി സാംസ്‌കാരിക വേദികൾക്ക് ജിദ്ദയിലെ മലയാളികൾ വേദിയൊരുക്കിയിരുന്ന ഒരിടം കൂടി മാഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഇംപാല ഗാർഡനിലെ ഓഡിറ്റോറിയത്തിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇംപാല ഗാർഡനും പൊളിച്ചത്. ശറഫിയയുടെ ഹൃദയത്തിലായിരുന്നു ഇംപാല ഗാർഡൻ സ്ഥിതി ചെയ്തിരുന്നത്. ഇവിടെ നിന്ന് ഇനി മലയാളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക പരിപാടികൾ അടുത്തൊന്നും ഉയരില്ല”

പി ഗോവിന്ദപ്പിള്ള സൗദി സന്ദർശനവേളയിൽ

ജിദ്ദ എല്ലാ കാലത്തും ‘അനധികൃത’ ( ഈ പ്രയോഗം ശരിയാകുന്നത് സർക്കാർ വ്യാഖ്യാനത്തിൽ മാത്രമാണ്) കുടിയേറ്റക്കാരുടെ ദേശമായിരുന്നു. അതിനുള്ള പ്രധാന കാരണം ഉംറ വിസയുമായിരുന്നു. ഉംറ മക്കയിൽ നിർവ്വഹിക്കുന്ന ചെറിയ തീർത്ഥാടനമാണ് (ഹജ്ജാണ് വലിയ, ആരോഗ്യവും സമ്പത്തുമുള്ള വിശ്വാസിക്ക് നിർബന്ധമാക്കപ്പെട്ട തീർത്ഥാടനം). ഉംറക്ക് വരാൻ ഒരു മാസം കാലാവധിയുള്ള വിസ നൽകും. വിസയുടെ സമയം കഴിഞ്ഞ് വർഷങ്ങൾ ജിദ്ദയിലോ മക്കയിലോ തന്നെ ഉംറക്കാർ തങ്ങും. കിട്ടുന്ന ജോലികളെടുക്കും. പണം നാട്ടിലേക്കയക്കും. ഒരു മാസത്തെ വിസക്ക് വന്ന് എട്ടും പത്തും വർഷങ്ങൾ ജിദ്ദയിൽ നിന്ന പലരേയും കണ്ടിട്ടുണ്ട്. മിക്ക ഉംറക്കാരും ബാച്ചിലർ (കുടുംബം കൂടെയില്ലാത്ത പുരുഷ പ്രവാസികളുടെ താമസസ്ഥലങ്ങൾ) മുറികളിലെ പാചകക്കാരായിരുന്നു. പോലീസിനേയും പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥരേയും ഭയന്ന് പുറത്തിറങ്ങാതെ അവർ ഇത്തരം ബാച്ചിലർ മുറികളിൽ വർഷങ്ങൾ ജോലി ചെയ്ത് ജീവിച്ചു. മാനം (ആകാശം) കാണാൻ പൂതിയാകുന്നു എന്ന് പറഞ്ഞിരുന്ന ഒരു ഉംറ പാചകത്തൊഴിലാളിയെ ഒരിക്കലും മറക്കാൻ കഴിയില്ല. അങ്ങിനെ ജോലി ചെയ്ത് മക്കളെ കെട്ടിച്ചയച്ചവരും വീടു വെച്ചവരും മാതാപിതാക്കളെ ചികിത്സിപ്പിച്ചവരും മറ്റു കാര്യങ്ങൾ ചെയ്തവരും പതിനായിരങ്ങളാണ്. മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ ഔദ്യോഗിക ഭാഷ്യം ചമക്കുന്നവർക്ക് ഈ പ്രവാസികളെ അറിയാൻ പോലും വഴിയില്ല. ഒടുവിൽ നാട്ടിൽ പോയേ പറ്റൂ എന്നാകുമ്പോൾ ഇവർ ‘പിടുത്തം’ കൊടുക്കും. അതായത് ജവാസാത്തിന് (പാസ്‌പോർട്ട് വിഭാഗം) കീഴടങ്ങും. ( ഈ കീഴടങ്ങലിന് കളമൊരുക്കാൻ നാട്ടിൽ പോകുന്നവരോട് പണം വാങ്ങുന്ന സൗദി ഓഫീസർമാരും ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന മലയാളികളുമുണ്ടായിരുന്നു). കീഴടങ്ങിയവർ/പിടിയിലായവർ തർഹീൽ എന്ന നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയും. എംബസി ഉദ്യോഗസ്ഥർ വന്ന് നാടുകടത്തൽ രേഖകൾക്കാവശ്യമായ കാര്യങ്ങൾ ചെയ്യും. സൗദി സർക്കാർ നൽകുന്ന വിമാന ടിക്കറ്റുകളിൽ നാടുകളിലേക്ക് മടങ്ങും.

ഇത് ജിദ്ദയിൽ എത്രയോ കാലം നടന്നു. കുറച്ചു വർഷങ്ങൾ കൂടുമ്പോൾ സൗദി സർക്കാർ പൊതുമാപ്പ് പ്രഖ്യാപിക്കും. രേഖകൾ ഇല്ലാത്തവർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കും. സത്യത്തിൽ മലയാളി പ്രവാസത്തിന്റെ ചരിത്രം ഒരു പൊതുമാപ്പിനും മറ്റൊരു പൊതുമാപ്പിനും ഇടയിലായിരുന്ന കാലം പോലുമുണ്ട്. ജയിൽ വഴിയുള്ള മടക്കം എന്നാണതിന് പറയുക. മലയാളി പ്രവാസത്തിന്റെ ഈ വലിയ അധ്യായം മാധ്യമ വാർത്തകളിൽ മാത്രം ഒതുങ്ങി. പ്രവാസ ചരിത്രത്തിന് ഔദ്യോഗിക ഭാഷ്യമെഴുതുന്നവർക്ക് ഇതെന്തായിരുന്നുവെന്ന് ഇനിയും മനസ്സിലായിട്ടില്ല. ശറഫിയയുടെ ഹൃദയത്തെ മുറിച്ചുപോകുന്ന കന്തറ പാലം ഇങ്ങിനെ നാട്ടിൽ പോകുന്നവരുടെ അഭയ കേന്ദ്രമായിരുന്നു. കൂട്ടത്തോടെ പാലത്തിനടിയിൽ ആളുകൾ വിരിക്കും. പാസ്‌പോർട്ട്/ പോലീസ് ഉദ്യോഗസ്ഥർ വന്ന് ഇവരെ കസ്റ്റഡിയിലെടുക്കും. പിന്നീട് തർഹീൽ വഴി നാട്ടിലേക്കയക്കും. പാലത്തിനടിയിൽ പോയിരിക്കുക എന്നാണ് ഇതിന് ജിദ്ദയിൽ പറയുക. ഈ ഇരുത്തത്തിന്റെ ഭയപ്പെടുത്തുന്ന രംഗങ്ങൾക്ക് 2009ൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഞാൻ സാക്ഷിയായി. മുമ്പും ചെറു സംഘങ്ങൾ പാലത്തിനിടയിൽ വന്നിരിക്കുന്നത് കണ്ടിരുന്നു. എന്നാൽ 2009ൽ പതിനായിരക്കണക്കിന് മനുഷ്യർ കൂട്ടത്തോടെ പാലത്തിനടയിലേക്ക് ഒഴുകി.

കന്തറപ്പാലത്തിനടിയിലെ മനുഷ്യർ

സൗദിയിൽ വന്ന് പ്രണയത്തിലായി വിവാഹിതരായ ഇന്ത്യക്കാരനും ഇന്ത്യോനേഷ്യക്കാരിയും എന്തു ചെയ്യുമെറിയാതെ പാലത്തിനിടയിൽ ഉഴറുന്നത് അന്ന് കണ്ടിട്ടുണ്ട്. രണ്ടാൾക്കും ഒരു രേഖയുമില്ല. രണ്ടു മക്കളുണ്ട്. അവരുടെ പൗരത്വം ഏതു നാട്ടിലേതെന്ന് തീരുമാനിക്കുന്നത് അനിശ്ചിതമായി നീണ്ടു. പിടികൂടിയിട്ടും അവരെ പോലീസുകാർ പാലത്തിനടിയിൽ തന്നെ കൊണ്ടുവന്നുവിട്ടു. പാലത്തിനടിയിലെ ജനക്കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നു. ഒരു ദിവസം അവിടെ ഒരു ശ്രീലങ്കക്കാരി പ്രസവിച്ചു. മറ്റു സ്ത്രീകൾ തുണികൾ കൊണ്ട് മറവുണ്ടാക്കി. അതിനുള്ളിലായിരുന്നു പ്രസവം. ഈ പെൺകുഞ്ഞിന് നിങ്ങൾ എന്തു പേരിടുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാലം എന്നല്ലാതെ മറ്റെന്ത് പേരിട്ട് ഞാനിവളെ വിളിക്കുമെന്ന് വിളറിപ്പോയ ചിരിക്കിടെ ആ അമ്മ പ്രതികരിച്ചു.

കന്തറപ്പാലത്തിനടിയിൽ ‘പിടുത്തം’ കൊടുക്കാനെത്തിയ അമ്മയും മകളും

പാലത്തിനടിയിലെ മനുഷ്യർക്കിടയിലൂടെ നടക്കുമ്പോൾ അസോസിയേറ്റഡ് ഫോറിൻ പ്രസ് ഫോട്ടോഗ്രാഫർ ഉമർ സാലിമിനെ ഒരിക്കൽ കണ്ടിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു. “ഇത്രയും അശാന്തമായ മുഖമുള്ള മനുഷ്യരെ എന്റെ ക്യാമറ ഇതിനു മുമ്പ് പകർത്തിയിട്ടില്ല. ക്യാമറയുടെ ഫ്രെയിമിൽ നിന്ന് അനിശ്ചിതത്വവും ചൂടും നൽകിയ വിയർപ്പ് ഇറ്റി വീഴുകയാണ്”. ജിദ്ദയിലെ പകൽ ചൂടിൽ (തണുപ്പുകാലം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ) കോൺക്രീറ്റ് കെട്ടിടത്തിനു കീഴിൽ കാർഡ് ബോർഡ് കഷ്ണങ്ങൾ നിവർത്തിയിട്ട് കിടക്കുകയോ ഇരിക്കുകയോ ചെയ്തിരുന്ന മനുഷ്യർ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. മനുഷ്യന്റെ യഥാർചത്ഥ ‘ചൂര്’ പാലത്തിനടിയിൽ കെട്ടി നിന്നിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പ് അന്ന് കന്തറ പാലത്തിനടിയിൽ പലർക്കുമുണ്ടായി. പൊതു മാപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. എന്നാൽ അനൗദ്യോഗികമായി പൊതുമാപ്പ് നിലവിൽ വന്നുവെന്ന പ്രചാരണമാണ് ആയിരങ്ങളെ പാലത്തിനടിയിലേക്ക് എത്തിച്ചത്. അവർക്ക് കുടിവെള്ളവും ഭക്ഷണവും എത്തിച്ചതും പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യമൊരുക്കിയതും മലയാളികളായിരുന്നു. അതിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരാൾ ഓർമ്മയിലേക്കു വരുന്നു, മുഹമ്മദലി പടപ്പറമ്പ്. പള്ളികൾ തുറന്നുകൊടുത്ത് പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾപോലും അന്ന് മലയാളി കൂട്ടായ്മകളൊരുക്കുകയുണ്ടായി.
കേരളത്തിലെ പാലിയേറ്റീവ് കെയർ പോലുള്ള പ്രസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായുള്ള പെട്ടികൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ശറഫിയയിലെ ഹോട്ടൽ-ഗ്രോസറി കൗണ്ടറുകളിലായിരുന്നു. ഈ ആശയം പിന്നീടാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്നത്. കേരളത്തിൽ നടപ്പാക്കപ്പെട്ട പല മനുഷ്യ സഹായ പദ്ധതികളുടേയും തുടക്കം ശറഫിയ കേന്ദ്രീകരിച്ചുള്ള മലയാളി കൂട്ടായ്മകളിലായിരുന്നു. ഇടത്തരം അധോലോക ഗ്യാങ്ങുകൾ (പ്രത്യേകിച്ചും പലിശക്കാരുടെ പിരിവുകാർ, ലഹരിക്കച്ചവടക്കാർ. ഇങ്ങിനെയുള്ള ഗ്യാങ്ങിലുണ്ടായിരുന്ന ഉണ്ണി എന്ന മലയാളി പോലീസ് റെയ്ഡിനിടെ കെട്ടിടത്തിൽ നിന്നും ചാടുകയും മൃതദേഹം മണിക്കൂറുകൾ എ.സിയുടെ ഔട്ടർ കവറിനു മുകളിൽ തങ്ങി നിന്നതും ഓർക്കുന്നു), വട്ടിപ്പലിശക്കാർ, കൃത്രിമ രേഖകളുണ്ടാക്കുന്നവർ എന്നിവരുടെ സാന്നിധ്യം കൂടി ശറഫിയയിലുണ്ടായിരുന്നു. പക്ഷെ അതിന്റെ പൊതുമുഖം ഏറ്റവും താഴ്ന്ന വാടകയിൽ താമസവും ഏറ്റവും കുറഞ്ഞ ചിലവിലുള്ള മെസ് കേന്ദ്രങ്ങളുമായിരുന്നു. നിരവധി മെസ്‌ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളെല്ലാം ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. 180 റിയാലിന് മൂന്നു നേരത്തെ ഭക്ഷണം കിട്ടിയിരുന്ന കേന്ദ്രങ്ങൾ 200ത്തിന്റെ തുടക്കത്തിൽ ശറഫിയയിലുണ്ടായിരുന്നു. ജിദ്ദയിൽ പ്രവാസിയായി എത്തുന്നവരെ ഈ പ്രദേശം നല്ലതും ചീത്തതും ഒരേപോലെ കാണിച്ചുകൊടുത്തു. ഇഷ്ടമുള്ളത് സ്വീകരിക്കാൻ പഠിപ്പിച്ചു. മഹാഭൂരിഭാഗവും നല്ലത് തെരഞ്ഞെടുത്തു. നാട്ടിൽ കഴിയുന്ന കുടുംബത്തിന്റെ കഞ്ഞി തന്നെയായിരുന്നു അവർക്ക് പ്രധാനം. ശറഫിയ അവരെ അതിജീവിക്കാൻ പഠിപ്പിച്ചു. ഇതെന്താ ഇവിടെ സൗദികൾ നടക്കുന്നതെന്ന് ആശ്ചര്യപ്പെടുത്തുംവിധം മലയാളി നാടാക്കി ആ പ്രദേശത്തെ മലയാളികൾ മാറ്റിയെടുത്തു. വീട്ടുവേലക്കാരികൾ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും ഒളിച്ചോടി ശറഫിയയിൽ അഭയം തേടുന്ന പതിവുണ്ടായിരുന്നു. അവരിൽ ചിലർക്കെങ്കിലും തീർച്ചയായും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

അടുത്ത കാലത്താണ് സൗദിയിൽ സിനിമ തീയേറ്ററുകൾ അനുവദിക്കപ്പെട്ടത്. അതുവരേയും സിനിമ പൈറേറ്റഡ് ആയിരുന്നു. മലയാള സിനിമകൾ നാട്ടിലോ ദുബായിലോ തീയേറ്ററുകളിൽ നിന്നും പകർത്തി ‘ക്യാമറ പ്രിന്റുകൾ’ എന്ന പേരിലുള്ളവ ശറഫിയയിലെ വീഡിയോ ഷോപ്പുകളിൽ വരും. സിനിമയുടെ ഏകദേശ ഛായ പോലും പലപ്പോഴും മനസ്സിലാക്കാൻ പറ്റില്ല. പിന്നീട് സി.ഡികൾ വന്നു. വ്യാജ സി.ഡികളും. അതും ശറഫിയയിൽ കിട്ടിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് അതിന്റെ ഉൽപ്പാദകരറിയാതെ ചിലയിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനു തുല്യമായ ഒന്നായിരുന്നു ഈ സി.ഡികൾ. അതുകൊണ്ടു മാത്രം അന്ന് സിനിമകൾ കാണാൻ കഴിഞ്ഞു. അക്കാലത്ത് ഞാനെഴുതിയ ലേഖനത്തിൽ വ്യാജ സി.ഡികളുണ്ടാക്കുന്നവർ സൗദിയിലെ മലയാളികളുടെ വിപ്ലവകാരികൾ എന്നുപോലും എഴുതുകയുണ്ടായി. 2008 ഡിസംബറിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ജസ്റ്റിൻ പതാലിൽ എഴുതിയ ‘സൗദി സിനിമയിലേക്കുള്ള 500 കിലോ മീറ്ററുകൾ’ എന്ന ലേഖനത്തിൽ ശറഫിയയിലെ വീഡിയോ ഷോപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. സൗദി സംവിധായകൻ അബ്ദുള്ള അൽ ഇയാഫ് എടുത്ത സിനിമ 500 കിലോമീറ്റർ എന്ന ചിത്രത്തെക്കുറിച്ചാണ് ആ ലേഖനം. റിയാദിൽ നിന്ന് 500 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് അയൽ രാജ്യമായ ബഹ്‌റൈനിൽ പോയി തീയേറ്ററിൽ നിന്നും സിനിമ കാണുന്ന സൗദി യുവാക്കളെ ആ സിനിമ നമുക്ക് കാണിച്ചുതരുന്നു. ലേഖനത്തിൽ പ്രസിദ്ധീകരിച്ച ശറഫിയയിലെ വീഡിയോ ഷോപ്പിന്റെ ബോർഡിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് സിനിമകൾ ലഭിക്കും എന്ന അറിയിപ്പുണ്ടായിരുന്നു. ആ കടയും ഇപ്പോൾ ഇല്ലാതായി. സിനിമാ പ്രേമികളുടെ അഭയം ഇത്തരം വീഡിയോ ഷോപ്പുകളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. പിന്നീട് വജ്ദ എന്ന സിനിമയിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൗദി സംവിധായിക ഹൈഫ അൽ മൻസൂറുമായുള്ള അഭിമുഖവും അതിലുണ്ടായിരുന്നു.

ജസ്റ്റിൻ പതാലിലിന്റെ ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ച ശറഫിയയിലെ വീഡിയോ ഷോപ്പിന്റെ ഫോട്ടോ

ലേഖനത്തിലൊരിടത്ത് ഇങ്ങിനെ വായിക്കാം, “ഇന്ത്യക്കാർ ഏറെയുള്ള സൗദിയിൽ തിയേറ്റർ റിലീസിനും മുമ്പെ ഇന്ത്യൻ ഭാഷാ സിനിമകളുടെ വ്യാജ ഡി.വി.ഡികൾ എത്തുന്നത് അല്ലാതെ മറ്റു മാർഗങ്ങളില്ലാത്തതിനാലാണെന്ന് പ്രവാസികൾ പറയുന്നു”. മലയാളികളുടെ ഈ സിനിമാ അനുഭവത്തിന് ജിദ്ദയിൽ വേദിയായി മാറിയത് ശറഫിയയിലെ വീഡിയോ ഷോപ്പുകൾ തന്നെയായിരുന്നു.

ശറഫിയയുടെ കടകളുടെ ബോർഡുകളിൽ മലയാളവും സ്ഥാനം പിടിച്ചിരുന്നു. മലപ്പുറം ജില്ലയിലൂടെ യാത്ര ചെയ്യുന്നതിനിടെ അഞ്ചിടത്ത് ശറഫിയ സ്റ്റോർ, ഹോട്ടൽ എന്നിങ്ങനെയുള്ള ബോർഡുകളും കണ്ടിട്ടുണ്ട്. മറ്റു ജില്ലകളിലും ഇങ്ങിനെയുള്ള കടകളുണ്ടാകാൻ സാധ്യതയുണ്ട്. ശറഫിയക്ക് ജിദ്ദ മലയാളി പ്രവാസത്തിൽ അത്രയും സ്ഥാനവും സ്വാധീനവുമുണ്ടായിരുന്നു.

പ്രവാസി മലയാളി ജീവിച്ച ഇടങ്ങൾ ഇല്ലാതാവുന്നു. അതൊന്നും ആരും കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. ശറഫിയയിലെ ബാച്ചിലർ താമസ സ്ഥലങ്ങൾ ഫോട്ടോ-വീഡിയോ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്തുതരം ചുറ്റുപാടുകളിലാണ് മലയാളികളിലെ സാധാരണക്കാരായ മനുഷ്യർ ജീവിച്ചത് എന്നതിന്റെ തെളിവുകളായിരുന്നു ആ സ്ഥലങ്ങൾ. നാട്ടിൽ പറയുന്ന ഗൾഫ് പകിട്ടിന്റെ യാഥാർത്ഥ്യം ഇത്തരം സ്ഥലങ്ങളിൽ ബാച്ചിലർ ജീവിതം നയിച്ച് കഠിനമായി അധ്വാനിച്ചവരുടേതാണ്. ആ ചരിത്രം ജെ.സി.ബികൾ കൂട്ടത്തോടെ പറിച്ചും മായ്ച്ചും കളഞ്ഞു. ഗൃഹാതുരതയല്ല, ചരിത്ര രേഖകൾ കത്തിച്ചു കളയുമ്പോളുണ്ടാകുന്ന ഞെട്ടൽ തന്നെ ‘ശറഫിയ വികസന’ വാർത്തകൾ നൽകുന്നു. പല കൂട്ടായ്മകളുടേയും ഓഫീസുകളും കേന്ദ്രങ്ങളും ഇങ്ങിനെ ഇല്ലാതായി. അവിടെയുണ്ടായിരുന്ന രേഖകളും പ്രസിദ്ധീകരണങ്ങളും ലൈബ്രറികളും ഉപേക്ഷിക്കേണ്ടി വന്നു.

ശറഫിയയിൽ ബാച്ചിലർമാർ മാത്രമല്ല, കുടുംബങ്ങളും താമസിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങൾ ഇടിച്ചു വീഴ്ത്തിയത് പലരേയും തെരുവിലാക്കി. ശറഫിയയിൽ നിന്നുള്ളവർക്ക് അപ്പാർട്ട്മെന്റുകൾ നഷ്ടമായ വിവരമറിഞ്ഞ് നഗരത്തിന്റെ മറ്റിടങ്ങളിൽ ഉടമകൾ വാടക നാലിരട്ടി വരെ ഉയർത്തി. ഇത്രയും പണം കൊടുത്ത് അപ്പാർട്ട്മെന്റുകൾ വാടകക്ക് എടുക്കാൻ നിരവധി കുടുംബങ്ങൾ നിർബന്ധിതരായി. അതവരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു. ശറഫിയ ഇക്കോണമി ജീവിതത്തിന്റെ സ്ഥലം കൂടിയായിരുന്നു. ഏറ്റവും താഴെ തട്ടിലുള്ള ഇടത്തരക്കാർക്കു പോലും അവിടെ കുടുംബ ജീവിതം സാധ്യമായിരുന്നു. കഴിഞ്ഞ ചില ദിവസങ്ങളിൽ വീടുകളിൽ നിന്നും കുടിയിറങ്ങിയവർ പുതിയ വീടന്വേഷിക്കുന്ന ‘എക്‌സോഡസി’നു സമാനമായ രംഗങ്ങൾ ജിദ്ദ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായതായി അവിടെയുള്ള സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഒഴിവാക്കാൻ കഴിയാത്തതാണിതെന്ന് ഔദ്യോഗിക വിശദീകരണം. പല കെട്ടിടങ്ങളും സ്വയം നിലംപൊത്തും മുമ്പുള്ള നടപടി എന്നാണ് വിശദീകരണം. അതിൽ യാഥാർത്ഥ്യവുമുണ്ട്.

പഴയ ശറഫിയ ഒരു ദൃശ്യം

ഈ അവസ്ഥകളെക്കുറിച്ച് മലയാളി ഗൾഫ് പ്രവാസി പഠിതാക്കൾ അറിഞ്ഞില്ല. അവർ റെമിറ്റൻസിലൂടെ മാത്രമാണ് പ്രവാസ ജീവിതത്തെ എണ്ണിത്തിട്ടപ്പെടുത്തുന്നത്. ശറഫിയ ഗൾഫ് പ്രവാസത്തെ മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല പാഠപുസ്തകമായി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഡോക്കുമെന്റേഷൻ ഏറെക്കുറെ അസാധ്യമാക്കിക്കൊണ്ട് ശറഫിയ ചേരി നിർമാർജനം സമ്പൂർണ്ണമായിക്കൊണ്ടിരിക്കുന്നു. ഗൾഫ് പണം കൊണ്ട് മലബാറിൽ പഴയ മുസ്‌ലിം പള്ളികൾ പൊളിച്ച് പുതിയവ പണിത നിരവധി സന്ദർഭങ്ങളുണ്ട്. പഴയ പള്ളികളിലുണ്ടായിരുന്ന രേഖകൾ, കടലാസുകൾ, ഗ്രന്ഥങ്ങൾ എന്നിവ ആരും സംരക്ഷിച്ചില്ല. ഗാർബേജിന്റെ ഭാഗമായി കളഞ്ഞു. അതേപോലെ പ്രവാസ ചരിത്രത്തിലെ സുപ്രധാനമായ ഒരേട് രേഖകളൊന്നും അവശേഷിപ്പിക്കാതെ അവസാനിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്.

ഒരു ചേരിയിലാണ് മലയാളി ജീവിതത്തിന്റെ ഏറ്റവും സജീവമായ ഒരധ്യായം പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് ഇന്നത്തെ ‘വികസനം’ ബോധ്യപ്പെടുത്തുന്നു. നിരവധി ഗ്രാമങ്ങൾ വന്നുചേർന്ന ഒരു മേൽത്തരം അങ്ങാടിയായാണ് ശറഫിയ എന്നും അനുഭവപ്പെട്ടിരുന്നത്. ചേരിത്തം എവിടേയുമുണ്ടായിരുന്നില്ല. അല്ലെങ്കിൽ അതിനെ അങ്ങാടിയായി നിലനിർത്താൻ, പരിണമിപ്പിക്കാൻ അവിടെയുണ്ടായിരുന്ന മനുഷ്യർ ജാഗ്രത കാണിച്ചു. ലോകം അവിടെ സമ്മേളിച്ചു. ഒരിക്കലും പാസ്‌പോർട്ട് കിട്ടാനിടയില്ലാത്ത, പിറന്ന രാജ്യം തെളിയിക്കാൻ കഴിയാത്തവർ മുതൽ സ്വന്തം നാടുകളിലേക്ക് കൃത്യമായ ഇടവേളകളിൽ യാത്ര ചെയ്യുന്ന മനുഷ്യരുടെ വരേ നാടായിരുന്നു ശറഫിയ. തൊഴിൽ പ്രവാസത്തിന്റേയും അഭയാർത്ഥിത്വത്തിന്റേയും ബഹിഷ്‌കൃതരുടേയും നാട്. അങ്ങിനെയൊരു ലാൻഡ്സ്‌കേപ്പ് ഇല്ലാതായി. പുതിയ ശറഫിയ ‘മാന്യപൗര’രുടെ ലോകമായിരിക്കാനാണിട. അവിടം ചേരിയല്ലാതാവും. പക്ഷെ അവിടെ മനുഷ്യരുടെ ചേരിയിൽ നിന്നവർ എവിടെപ്പോകും? അവരെ ആര് ഓർക്കും?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read