

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ആകാശം ഇരുണ്ടു കനത്തിരുന്നു. മഴ പെയ്യും മുമ്പെ തിയറ്ററിലെത്താനായ് സായാഹ്നത്തിന്റെ തിരക്കൊഴിയാത്ത നിരത്തിലൂടെ നൂണ്ടുകടക്കുമ്പോൾ വഴിക്കിരുവശവും ഇടവിട്ടിടവിട്ട് പൊലീസ് വാഹനങ്ങളുടെ കാവലുണ്ടായിരുന്നു. മന്ത്രിമാരാരെങ്കിലും കടന്നുപോകാനായ് കാത്തുനിൽക്കുകയാവും എന്നു കരുതിയെങ്കിലും സിനിമ പ്രദർശിപ്പിക്കുന്ന മാളിന്റെ കവാടത്തിലും ഉള്ളിലേക്കുള്ള വഴിയിലും പടിക്കെട്ടിൻ മുന്നിലുമെല്ലാം പൊലീസ് സന്നാഹം കണ്ടു. തൊട്ടടുത്ത മൂന്ന് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ അതീവ ജാഗ്രതയോടെ മാളിന് ചുറ്റും റോന്തുചുറ്റുന്നത് കണ്ട്, വയർലസ് കയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു പൊലീസുകാരനോട് പ്രതിഷേധിക്കാനായി ആരെങ്കിലും എത്തുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഏയ്… ഇല്ല’ എന്ന നിസ്സംഗമായ മറുപടി കേട്ട് പിന്നെന്തിനാണ് ഈ പടക്കോപ്പുകളെന്നറിയാതെ മാളിനകത്തേക്ക് കയറി.


മൾട്ടിപ്ലക്സിന്റെ കവാടത്തിന് മുന്നിൽ അസാമാന്യമായ തിരക്കുണ്ടായിരുന്നു. മെറ്റൽ ഡിക്റ്റക്ടറിലൂടെ കടത്തിവിട്ട ആളുകളെ മാളിലെ ഗാർഡുകൾ പതിവുപോലെ ദേഹ പരിശേധന നടത്തിക്കൊണ്ടിരുന്നു. എന്നാൽ പതിവില്ലാതെ പട്ടാള വേഷധാരികളായ മൂന്നുപേർ ലാത്തിയുമായി ഒരുവശത്തും ഒരുകൂട്ടം പൊലീസുകാർ മറുവശത്തും നിലയുറപ്പിച്ചിരുന്നു. പരിശോധനകൾ കടന്ന് അകത്തെത്തിയപ്പോഴും കനത്ത സുരക്ഷയുടെ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന പൊലീസുകാരും പട്ടാളക്കാരും. സി.ഐ, എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ തിയറ്ററിനകത്ത് സൂക്ഷ്മ പരിശോധന നടത്തികൊണ്ടിരിക്കെ അഞ്ചാം നമ്പർ സ്ക്രീനിന് മുന്നിൽ കാണികൾ കൂടിക്കൊണ്ടിരുന്നു. കുട്ടികളും കൗമാരക്കാരുമൊഴികെ, യുവാക്കളും മധ്യവയസ്ക്കരും വൃദ്ധരും ഉൾപ്പെടെയുള്ള പ്രേക്ഷകർ അക്കൂട്ടത്തിലുണ്ടായിരുന്നു. തിയറ്ററിനകത്തെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മേലുദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ കാണികളെ ഓരോരുത്തരെയായി കീഴുദ്യോഗസ്ഥർ അകത്തേക്ക് വിട്ടു തുടങ്ങി. കവാടത്തിനരികിൽ ഒരു വനിതാ കോൺസ്റ്റബിൾ ഓരോ കാണികളുടെയും മുഖം പകർത്തിക്കൊണ്ടിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ, ഡ്യൂട്ടിയുടെ ഭാഗമാണ് എന്ന് മാത്രമായിരുന്നു മറുപടി. തിയറ്ററിന് പുറത്ത് മാത്രമായിരുന്നില്ല പൊലീസും പട്ടാളവും, തിയറ്ററിനകത്ത് ആളുകൾ കയറി വരുന്നിടത്തും മൂന്ന് പട്ടാളക്കാർ ജാഗരൂകരായി നിൽപ്പുണ്ടായിരുന്നു, കൂടെ വീഡിയോ പിടിക്കുന്ന ഒരാളും. സിനിമ കഴിഞ്ഞിറങ്ങുവോളവും അവർ അവിടെ നിലയുറപ്പിച്ചു.
രാജ്യവിരുദ്ധ ശക്തികളെയും തീവ്രവാദികളെയും തുറന്നുകാട്ടുന്നു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട ഈ സിനിമയുടെ പ്രദർശനം തടയുന്നതിനായി ആയുധധാരികളായ തീവ്രവാദികൾ മാളിലെത്തുമോ ? തിയറ്ററിനകത്തേക്ക് ഇരച്ചു കയറുമോ ? കാണികളിൽ നിന്നും ഒരു തീവ്രവാദി എഴുന്നേറ്റു നിന്ന് മുദ്രാവാക്യം മുഴക്കുമോ ? വെറുതെ ഒരു രാജ്യദ്രോഹി ആവാതിരിക്കാനായി ഇത്തരം ആലോചനകളെല്ലാം അപ്പോൾ തന്നെ തലക്കുപുറത്താക്കി സിനിമ കാണാനായി ഞാൻ സീറ്റിൽ ചാഞ്ഞിരുന്നു.


ഐ.എസ്.ഐ.എസ് തീവ്രവാദി സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യു.എൻ സമാധാന സംഘത്തിന്റെ ‘പിടിയിലായ’ ഫാത്തിമ എന്ന് പുനർനാമകരണം ചെയ്ത ശാലിനി ഉണ്ണികൃഷ്ണൻ വിചാരണ വേളയിൽ വെളിപ്പെടുത്തുന്ന ഭീതിതമായ അനുഭവങ്ങളാണ് സിനിമയുടെ ആഖ്യാനം. ഫ്രീ കാശ്മീർ എന്ന മുദ്രാവാക്യങ്ങളും ഉസാമാ ബിൻലാദന്റെ ചുവർച്ചിത്രവുമുള്ള കാസർഗോഡിലെ ഒരു നഴ്സിങ്ങ് കോളേജിൽ നിന്നും ഐ.എസ്.ഐ.എസിന്റെ സിറിയൻ ക്യാമ്പിലേക്ക് തന്നെ എത്തിച്ച സംഘടിതമായ ചതിയുടെ വിവരണമാണ് ഫാത്തിമ ഉദ്യോഗസ്ഥരോട് വിവരിക്കുന്നത്. അന്താരാഷ്ട്ര പ്രസക്തിയും അത്രയേറെ സങ്കീർണ്ണവുമായ ഈ സിനിമയുടെ പ്രമേയത്തെ വളരെ ലഘുവായ സമവാക്യങ്ങളിലൂടെയാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെന്നും തിരക്കഥാകൃത്തുക്കളും കൈകാര്യം ചെയ്തിരിക്കുന്നത്. കഥാപാത്ര നിർമ്മിതികളെ വിശകലനം ചെയ്താൽ തന്നെ അത് ബോധ്യപ്പെടുന്നതാണ്.
ഹിന്ദുവായ ശാലിനി, കമ്മ്യൂണിസ്റ്റ് കുടുംബപശ്ചാത്തലമുള്ള ദൈവവിശ്വാസമില്ലാത്ത ഗീതാജ്ഞലി, ക്രിസ്ത്യാനിയായ നിമ, മുസ്ലീമായ ആസിഫ എന്നിങ്ങനെ സിനിമയുടെ കഥാപാത്രങ്ങൾ ഓരോരുത്തരും ആത്മാവില്ലാത്ത നിഴലുകളും കരുക്കളും മാത്രമാണ്. ഹോസ്റ്റൽ മുറിയിൽ വച്ച് ഈ നഴ്സിങ്ങ് വിദ്യാർത്ഥികൾ പരിചയപ്പെടുന്ന രംഗത്തിൽ ആസിഫ സ്വയം പരിചയപ്പെടുത്തുമ്പോൾ, മലപ്പുറത്ത് നിന്നാണ് ആസിഫ വരുന്നതെന്ന് അവൾ പറയും മുന്നേ മറ്റുള്ളവർക്കെല്ലാം തീർച്ചയാണ്. അതുപോലെ ഐ.എസ്.ഐ.എസ് തീവ്രവാദികളുടെ ഇസ്ലാമിക പഠനകേന്ദ്രം സ്ഥിതി ചെയ്യുന്നതാകട്ടെ കോഴിക്കോടും.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമെല്ലാം വരുന്ന വിദ്യാർത്ഥികളും സിനിമയിലെ മറ്റ് കഥാപാത്രങ്ങളും ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നവരും കഷ്ട്ടപ്പെട്ട് മലയാളം മൊഴിയുന്നവരും ആണെന്ന് മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ ആരും മലയാളികളാണെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ പോലും സംവിധായകന് കഴിയുന്നില്ല, അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല. ഉത്തരേന്ത്യൻ സിനിമകളിൽ മാത്രം കണ്ടുവരുന്നതാണ് കോഴിക്കോട്ടെ മതപരിവർത്തന കേന്ദ്രത്തിൽ വച്ച് നടക്കുന്ന നിർബന്ധിത നിക്കാഹിന്റെ രംഗങ്ങൾ. ആസിഫയുടെ വീട്ടിൽ വച്ച് നടക്കുന്ന പെരുന്നാൾ വിരുന്നിന്റെ രംഗങ്ങളിലും ഇതേ ഉത്തരേന്ത്യൻ ഛായ കാണാം. എന്നാൽ ശാലിനി ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്ന ആമുഖ ഗാനത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കേരളാ ടൂറിസത്തിന്റെ പരസ്യചിത്രങ്ങൾ പോലെ കേരളത്തിന്റെ പ്രതീകമായ കഥകളിവേഷവുമൊത്തുള്ള കളിയാട്ടത്തിലൂടെയാണ്. അതിനാൽ സിനിമ കാണുന്ന ഒരു മലയാളി പ്രേക്ഷകനെങ്കിലും ഇതൊരു കേരളാ സ്റ്റോറിയല്ല എന്ന് ബോധ്യപ്പെടേണ്ടതാണ്. മറിച്ച് ഹിന്ദുത്വവാദികൾ സങ്കൽപ്പിക്കുന്ന ഒരു കേരളത്തിന്റെ കഥയാണ് കേരളാ സ്റ്റോറി. കേരളത്തിലെ പ്രേക്ഷകരെയല്ല സിനിമ ലക്ഷ്യം വയ്ക്കുന്നത് എന്നും വ്യക്തമാണ്.


സനാതന ധർമ്മത്തെക്കുറിച്ച് അജ്ഞരായ ഹിന്ദുക്കളുടെയും അരക്ഷിതരായ ക്രിസ്ത്യാനികളുടെയും അവിവേകികളായ കമ്യൂണിസ്റ്റുകാരുടെയും തീവ്രവാദികളായ മുസ്ലിങ്ങളുടെയും പ്രതീകങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നാല് വിദ്യാർത്ഥിനികളും. സനാതന ധർമ്മത്തെക്കുറിച്ച് അജ്ഞയായതിനാൽ ശാലിനിയെയും, കമ്യൂണിസ്റ്റുകാരനായ പിതാവ് ഹിന്ദുമതമൂല്യങ്ങൾ പഠിപ്പിക്കാത്തതിനാൽ ഗീതാഞ്ജലിയെയും അവരുടെ സഹവാസിയും സുഹൃത്തുമായ ആസിഫയക്ക് അനായാസേനെ ചോദ്യം ചെയ്യാനാകുന്നു. എന്നാൽ ക്രിസ്ത്യാനിയായ നിമയാകട്ടെ ആസിഫയെ എതിരിടാൻ ഉറച്ച വിശ്വസിയായിരുന്നു.
കേരളാ സ്റ്റോറിയുടെ പ്രദർശനത്തോട് അനുബന്ധമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മതപരിവർത്തനം ചെയ്ത് തിരിച്ചുവന്ന യുവതികളുടെ അനുഭവാഖ്യാനങ്ങളിലും ഇതേ കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നതായി കാണാം. ഇവയെല്ലാം തന്നെ സമാനമായി നൽകുന്ന മുന്നറിയിപ്പ് സനാതന ധർമ്മങ്ങളെ കുറിച്ച് കേരളത്തിലെ ഹിന്ദുക്കൾ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തില്ലെങ്കിൽ മദ്രസകളിൽ നിന്നും മതം പഠിക്കുന്ന മുസ്ലിംങ്ങൾ കേരളത്തിലെ ഹിന്ദുക്കളെ ചോദ്യം ചെയ്യുകയും ആകുലരാക്കുകയും ഇസ്ലാമിലേക്ക് ആകർഷിക്കുകയും
നരകത്തിലെ ശിക്ഷകളെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുകയും മതം മാറ്റുകയും ചെയ്യുമെന്നാണ്. ഘർ വാപസി ചെയ്ത യുവതികളുടെ അനുഭവാഖ്യാനങ്ങളും കേരളാ സ്റ്റോറി എന്ന സിനിമയുടെ ആഖ്യാനവും സമാനമാവുന്നതും ഒരേ സമയം പ്രത്യക്ഷപ്പെടുന്നതും തികച്ചും യാദൃശ്ചികമല്ല. കേരളത്തിലെ ഉറക്കം നടിക്കുന്ന ഹിന്ദുക്കളെ ഉണർത്തുക എന്ന ലക്ഷ്യമാണ് ഇവ സംഘടിതമായി നിർവഹിക്കുന്നത്.
അതിനായി ഹിന്ദുത്വവാദികൾ സ്വീകരിക്കുന്ന മുസ്ലിം അപരവത്കരണവും തീവ്രവാദിവത്കരണവും തന്നെയാണ് കേരളാ സറ്റോറിയും സ്വീകരിക്കുന്ന മാർഗം. രാജ്യമൊട്ടാകെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുമ്പോഴും, സ്റ്റാൻ സ്വാമിയെ പോലെയുള്ള പാതിരിമാർ വേട്ടയാടപ്പെടുമ്പോഴും കേരളത്തിലെ ക്രിസ്ത്യാനികളുടെ ശത്രുക്കൾ മുസ്ലിങ്ങളാണ് എന്ന ഹിന്ദുത്വ പ്രചാരണം തന്നെയാണ് കേരളാ സ്റ്റോറിയിലും പ്രതിഫലിക്കുന്നത്. ശാലിനിയെയും ഗീതാജ്ഞലിയെയും പോലെ ആസിഫയുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറാത്ത തലമുടി മറയ്ക്കാൻ കൂട്ടാക്കാത്ത നിമയെ ഐ.എസ്.ഐ.എസ് തീവ്രവാദികളായ ആസിഫയുടെ ആൺ സുഹൃത്തുക്കൾ വിഷം നൽകി കൂട്ട ബലാത്സംഗത്തിന് ഇരയക്കുന്നു. കമ്മ്യൂണിസ്റ്റുകാരിയായ ഗീതാജ്ഞലിയുടെ രക്ഷിതാക്കൾ മുടി മറച്ചുകൊണ്ട് അവൾ വീട്ടിലെത്തുമ്പോൾ പരിഭ്രമിക്കുകയും ആകുലപ്പെടുകയും ചെയ്യുന്നത് ചിത്രീകരിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ ഹിപ്പോക്രസിയെ പരിഹസിക്കുന്ന സിനിമ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്റെ വിവാദ പ്രസ്താവന പരാമർശിച്ചുകൊണ്ട് പത്ത് വർഷങ്ങൾക്കുള്ളിൽ കേരളം ഒരു ഇസ്ലാമിക്ക് സ്റ്റേറ്റ് ആയി മാറുമെന്ന മുന്നറിയിപ്പും നൽകുന്നു. എന്നാൽ ആ പത്ത് വർഷങ്ങൾ കടന്നുപോവുകയും കേരളത്തിലെ മുസ്ലിങ്ങൾ എന്നത്തേക്കാളും അരക്ഷിതരാവുകയും ചെയ്തിരിക്കുന്നു. സിനിമ സ്വയം റദ്ദ് ചെയ്യുന്ന രംഗങ്ങളിൽ ഒന്നു മാത്രമാണിത്.


കഥാപാത്രങ്ങളുടെ വികാസവും, പരിണാമവും കഥാഗതിയും എല്ലാം തീർത്തും പ്രവചനാത്മകമാണെന്നു മാത്രമല്ല ആസിഫ പരിചയപ്പെടുത്തുന്ന ഐ.എസ് തീവ്രവാദികളുമായി ശാലിനിയും, ഗീതാജ്ഞലിയും പ്രണയത്തിലാവുന്നതും ഒട്ടും വിശ്വസിനീയമായല്ല. സാമാന്യയുക്തി പോലും പരിപാലിക്കാതെയാണ് സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് എന്നുള്ളതിനും, കേരളാ സ്റ്റോറി ഒരു മതതീവ്രവാദ കേന്ദ്രമായി കേരളത്തെ ചിത്രീകരിക്കാനുള്ള ഹിന്ദുത്വ അജണ്ടയാണെന്നും മനസ്സിലാക്കുന്നതിനായി രണ്ട് രംഗങ്ങൾ മാത്രം സൂചിപ്പിക്കാം.
ശാലിനിയും, ഗീതാജ്ഞലിയും, നിമയും ഒരു മാളിൽ പോവുകയും അവിടെ വച്ച് ആസിഫയുടെ നിർദ്ദേശ പ്രകാരം ആഭാസരായ ആണുങ്ങൾ അക്ഷരാർത്ഥത്തിൽ അവരെ പിച്ചി ചീന്തുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ഒടുവിൽ പർദ്ദ ധരിച്ച ഒരു സ്ത്രീ അവരുടെ കറുത്ത ഷാളുകൊണ്ട് മൂവരെയും പുതപ്പിക്കുന്നതുവരെ മറ്റാരും തന്നെ ഇക്കാര്യത്തിൽ ഇടപെടുന്നില്ല. മാത്രമല്ല ഒരു പൊലീസ് കേസോ അന്വേഷണമോ ഒന്നും തന്നെ അതിനെ തുടർന്ന് ഉണ്ടാവുന്നില്ല. ഇത്തരത്തിൽ യാതൊരു സദാചാരവും സംരക്ഷണവും നിയമവാഴ്ച്ചയും ഇല്ലാത്ത ഒരിടമാണോ കേരളം?
തിരിച്ച് ഹോസ്റ്റൽ മുറിയിലെത്തിയ സഹവാസികളെ ആശ്വസിപ്പിക്കുന്നതിന് പകരം എന്തുകൊണ്ട് നിങ്ങളെ മാത്രം അവർ ആക്രമിച്ചു എന്ന് ചോദ്യം ചെയ്യുകയും തല മറച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നും അള്ളാഹു സംരക്ഷിക്കുമെന്നും ഉപദേശിക്കുകയും ചെയ്യുന്നു ആസിഫ. ആ ഉപദേശം സ്വീകരിച്ച് ശാലിനിയും, ഗീതാജ്ഞലിയും തല മറച്ചുതുടങ്ങുന്നു. അനുതാപമില്ലാതെ ഇത്തരം മതപ്രചാരണം ആരെങ്കിലും സ്വീകരിക്കുമോ? തല മറയ്ക്കാത്തവരെല്ലാം ആക്രമിക്കപ്പെടുന്ന ഒരിടമാണോ കേരളം?
മറ്റൊരു രംഗം കൂടി പറയാം, ആസിഫയുടെ ഐ.എസ് സുഹൃത്തുമായുള്ള പ്രണയബന്ധത്തിലൂടെ ഗർഭിണിയായ ശാലിനി മറ്റൊരു വഴിയുമില്ലാതെ വിവാഹിതയാവാനായി മതം മാറാൻ സമ്മതിക്കുന്നു. നഴ്സിങ്ങ് വിദ്യാർത്ഥികളാണെങ്കിലും ഒരാൾ പോലും ഗർഭച്ഛിദ്രത്തെ കുറിച്ച് ഓർക്കുന്നതേയില്ല. കോഴിക്കോട്ടുള്ള ഇസ്ലാമിക പഠനകേന്ദ്രത്തിൽ നിന്നും വിവാഹിതയാവാനായി മതം മാറുന്ന ശാലിനിയാവട്ടെ ഒടുവിൽ വിവാഹം കഴിക്കുന്നത് ഇസ്ലാമിക പഠന കേന്ദ്രത്തിലെ മൗലവി വേഷമണിഞ്ഞ ‘തീവ്രവാദി’ ചൂണ്ടികാണിക്കുന്ന ആരാണെന്നുപോലും അറിയാത്ത മറ്റൊരു ‘തീവ്രവാദി’യെ, അതും ഇസ്ലാമിക പൂർവ്വ ജീവിതത്തിലെ പാപപരിഹാരങ്ങൾക്കായി സിറിയയിൽ പോയി ജിഹാദ് ചെയ്യുന്നതിനായി ! ഇതിനെല്ലാം നിദാനമായിരിക്കുന്നതാവട്ടെ കേവലം ഒരു വിവാഹപൂർവ്വ ഗർഭം !
കേരളാ സ്റ്റോറി വിവരിക്കുന്ന മുസ്ലിം തീവ്രവാദത്തിന്റെ പ്രവർത്തന രീതിയാണ് ഇത്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയത്തിലാക്കുക, ലഹിരി ഗുളികളികൾ കൈമാറുക, ഗർഭിണികളാക്കുക, വിവാഹം കഴിക്കാനായി മതം മാറ്റുക, ജിഹാദിനായി സിറിയയില്ക്ക് അയക്കുക. ഇങ്ങനെ കേരളത്തിലെയും ഇന്ത്യയിലെയും ഓരോ ഹിന്ദു, ക്രിസ്ത്യൻ യുവതികളെയും ഗർഭിണികളാക്കി കേരളം ഒരു ഇസ്ലാമിക്ക് സ്റ്റേറ്റായി മാറുമെന്നാണ് കേരളാ സ്റ്റോറിയുടെ വിചാരധാര.


കേരളത്തിൽ നിന്നും ഇതിനകം തന്നെ മുപ്പതിനായിരത്തിലധികം യുവതികൾ ഇങ്ങനെ ചതിക്കപ്പെട്ട് തീവ്രവാദ പ്രവർത്തികൾക്കായി പല രാജ്യങ്ങളിലേക്കും കയറ്റിയയക്കപ്പെട്ടിട്ടുണ്ടെന്നും, കേരളത്തിൽ ശരീഅത്ത് ഗ്രാമങ്ങളുണ്ട് എന്നുമൊക്കെയാണ് ഉന്നത പോലീസ് അധികാരിയുടെ മുന്നിൽ നിമ അവകാശപ്പെടുന്നത്. മുപ്പതിനായിരത്തിൽ നിന്നും മൂന്നിലേക്ക് ചുരുങ്ങിയ ഈ സംഖ്യ ഇപ്പോഴും തിയറ്ററിൽ അലയടിക്കുന്നുണ്ട്. ഹിന്ദുത്വവാദികളും, ഹിന്ദുത്വവാദികളായ ക്രിസ്ത്യാനികളും കേരളത്തിൽ പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന വിദ്വേഷ തന്ത്രമാണ് കേരളാ സ്റ്റോറിയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നത്. കേരളത്തിലെ ഓരോ വർഷത്തെയും മതം മാറ്റ സംഖ്യയും, മിസ്സിങ് കേസുകളും എല്ലാം ചേർത്തുവെച്ചുകൊണ്ടാണ് ഈ ആശയം അവതരിപ്പിക്കുന്നത്. മതം മാറ്റങ്ങൾ നിഷ്ക്കളങ്കമല്ല എന്നും അവയെല്ലാം ചതിയും ഐ.എസ് റിക്രൂട്ട്മെന്റുകളുമാണെന്നും കേരളാ സ്റ്റോറി ആവർത്തിക്കുന്നു. എന്നാൽ വികാരവിക്ഷുബ്ദതയോടെ ഈ കണക്കുകളെല്ലാം അവതരിപ്പിച്ച ശേഷം ഇവയ്ക്കൊന്നും തന്നെ തെളിവുകളില്ല എന്ന് സിനിമ തന്നെ ഈ വാദങ്ങളെ സ്വയം റദ്ദു ചെയ്യുന്നു. ഇങ്ങനെ ലൗ ജിഹാദ് എന്ന ആശയം എത്രമാത്രം പരിഹാസ്യമാണെന്ന് കേരളാ സ്റ്റോറി ബോധ്യപ്പെടുത്തുന്നു.
ഇത് ഒരു മതത്തെയും ലക്ഷ്യം വെക്കുന്ന സിനിമയല്ലെന്നും തീവ്രവാദത്തെ എതിർക്കുന്ന സിനിമയാണെന്നും സംവിധായകൻ അവകാശപ്പെടുമ്പോഴും കേരളാ സ്റ്റോറി അതിന്റെ ആഖ്യാനത്തിലുടനീളം ഹിന്ദുത്വ അജണ്ടകൾ പ്രചരിപ്പിക്കുന്നു. നഴ്സിങ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ (ആസിഫ പതിച്ചതായിരിക്കാം) ഒരു പോസ്റ്ററിൽ അത് വളരെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ‘രാജ്യസ്നേഹികളല്ല നിങ്ങൾ മുസ്ലിങ്ങളാണ്, അത് മറക്കരുത്’ എന്ന് വലിയ അക്ഷരങ്ങളിൽ നിറങ്ങളിൽ തന്നെ ആ പോസ്റ്ററിൽ തെളിഞ്ഞു കാണാം. അതേക്കുറിച്ചൊന്നും യാതൊരു സംശയവും തോന്നാതെയാണ് ശാലിനിയും ഗീതാജ്ഞലിയും ആസിഫയുടെ തന്ത്രങ്ങളിൽ വീഴുന്നത്. തീവ്രവാദികളല്ലാത്ത ഒരു മുസ്ലിം കഥാപാത്രം പോലും സിനിമയിൽ ശബ്ദിക്കുന്നില്ല എന്നു മാത്രമല്ല മുസ്ലിം കഥാപാത്രങ്ങൾ സംസാരിക്കുമ്പോഴെല്ലാം മുഴങ്ങി കേൾക്കുന്ന പശ്ചാത്തല സംഗീതം ചതി മുഴക്കുകയും കാതുകളെ ക്രൂശിക്കുകയും ചെയ്യുന്നു. എന്നാൽ സനാതന ധർമ്മമെന്തെന്നറിയാത്തതിനാൽ ചിന്താശേഷിയില്ലാത്ത കഥാപാത്രങ്ങൾക്ക് അത് കേൾക്കാനാവുന്നില്ല. കേരളത്തിലെ മുസ്ലിങ്ങളെ മുഴുവൻ രാജ്യദ്രോഹികളായും, തീവ്രവാദികളായും, ഐ.എസ് ഏജന്റുമാരായും ചിത്രീകരിച്ചുകൊണ്ടാണ് കേരളാ സ്റ്റോറി തീവ്രവാദത്തിനെതിരെ പോരാടുന്നത്. തീവ്രവാദിയല്ലാത്ത ഒരു മുസ്ലിം കഥാപാത്രം ഇല്ലെന്നു മാത്രമല്ല മറ്റൊരു മതത്തിലെയും തീവ്രവാദികൾ കേരളാ സ്റ്റോറിയിൽ പ്രത്യക്ഷപ്പെടുന്നുമില്ല. സാധാരണ സിനിമകൾ സ്വീകരിക്കുന്ന അത്തരത്തിലുള്ള യാതൊരു ബാലൻസിങ് തന്ത്രങ്ങളും സുദീപ്‌തോ സെന്‍ സ്വീകരിച്ചിട്ടില്ല. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ജൂറി അംഗമായിരുന്ന സുദീപ്‌തോ സെന്‍, ‘കശ്മീർ ഫയൽസ്’ എന്ന സിനിമയ്ക്കെതിരെ ജൂറി ചെയർമാൻ നദാവ് ലാപിഡ് പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ‘കശ്മീർ ഫയൽസ്’ ഒരു പ്രൊപ്പഗണ്ട സിനിമയാണ് എന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. ആ അഭിപ്രായത്തോട് എന്തുകൊണ്ട് സുദീപ്‌തോ സെന്‍ വിയോജിച്ചു എന്നത് കേരളാ സ്റ്റോറി കാണുമ്പോൾ വ്യക്തമാകുന്നുണ്ട്.
ഏതൊരു കലയും ആവശ്യപ്പെടുന്ന സത്യസന്ധതയുടെ ഒരു കണികപോലും ഇത്തരം സങ്കീർണ്ണമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമയിൽ എവിടെയും കണ്ടെത്താനാവില്ല. ഈ സിനിമ നിരോധിക്കരുത് എന്നും ആവിഷ്കാര സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെന്നും വാദിച്ചിരുന്നവർ ഇതൊരു സിനിമയാണോ അതോ ഹിന്ദുത്വവാദികളുടെ പ്രൊപ്പഗണ്ടയാണോ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്രയും വിദ്വേഷകരമായ ഒരു പ്രൊപ്പഗണ്ട എങ്ങനെയാണ് കലാസ്വാതന്ത്ര്യമാവുന്നത് എന്നും ഇത് ഇന്ത്യക്കകത്തും കേരളത്തിലും എത്തരത്തിലാണ് പ്രതിഫലിക്കുകയെന്നും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. സിനിമ അവസാനിക്കുമ്പോൾ ഇത് കേവലം സിനിമയല്ലെന്നും യഥാർത്ഥ ജീവിതാനുഭവങ്ങളാണെന്നും, ഇരയാക്കപ്പെട്ടവരുടെ വീട്ടുകാരുടെ സത്യവാങ്മൂലവും കാണാം. സിനിമ അവസാനിച്ചപ്പോൾ എഴുന്നേറ്റു നിൽക്കുന്നവരുടെ കൈയടികളാണ് ഞാൻ കണ്ട തിയറ്ററിൽ മുഴങ്ങിയത് എങ്കിൽ കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ അത് എത്തരം പ്രതിഫലനങ്ങളാണ് ഉണ്ടാക്കുക? തീവ്രവാദത്തെ തുറന്നുകാട്ടുന്ന ഈ സിനിമ പ്രദർശിപ്പിക്കപ്പെടുമ്പോൾ ‘ദ മോഡി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി എന്തുകൊണ്ട് നിരോധിക്കപ്പെട്ടു എന്ന മറുചോദ്യവും അവശേഷിക്കുന്നു.