അട്ടപ്പാടി ഷോളയൂർ വട്ടുലക്കി ഊരുമൂപ്പനായ ചൊറിയ മൂപ്പനെയും മകൻ വി.എസ് മുരുകനെയും അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2021 ആഗസ്റ്റ് 8ന് നടന്ന പോലീസ് അതിക്രമത്തെ തുടർന്നാണ് എച്ച്.ആർ.ഡി.എസ് എന്ന സംഘടനയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ ചർച്ചയാകുന്നത്. എച്ച്.ആർ.ഡി.എസ് അഥവാ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി എന്ന എൻ.ജി.ഒ കുറച്ച് വർഷങ്ങളായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. എച്ച്.ആർ.ഡി.എസ് നടത്തുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ മുരുകൻ നടത്തിയ ഇടപെടലുകളാണ് കുറുന്താചലം എന്ന പ്രദേശവാസിയുമായി തർക്കത്തിലേക്ക് നയിച്ചതും മുരുകന്റെ അറസ്റ്റിന് കാരണമായിത്തീരുന്നതും. മുരുകന്റെ ഭാര്യയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കുറുന്താചലത്തിനെതിരെ ആഗസ്റ്റ് 4, 5, 6 തീയതികളിൽ ഷോളയൂർ പോലീസിൽ തുടർച്ചയായി പരാതി നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ തിരിച്ച് എതിർകക്ഷികൾ മുരുകനെതിരെ ഉന്നയിച്ച പരാതിയെ തുടർന്നാണ് കോളനിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് മുരുകനെയും അച്ഛനെയും അറസ്റ്റ് ചെയ്യുന്നത്. എച്ച്.ആർ.ഡി.എസ് എന്ന സംഘടയുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ്, മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒരു കേസിൽ ഇത്തരത്തിൽ അറസ്റ്റ് നടക്കുന്നതിലേക്ക് നയിച്ചതെന്ന് മുരുകനും ഊരിലെ മറ്റ് ആദിവാസികളും പറയുന്നു.
” എന്റെ ഭാര്യ രാജാമണി പശുക്കളെ മേയ്ച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആ ഭൂമിയിൽ നിന്നും ഇറങ്ങിപ്പോകണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും പറഞ്ഞ് കുറുന്താചലം ഭീഷണിപ്പെടുത്തുന്നത്. ഇത് ഞങ്ങളുടെ ഭൂമിയാണെന്നും എച്ച്. ആർ.ഡി.എസ്സുമായി തർക്കത്തിലിരിക്കുന്ന ഭൂമിയാണെന്നും അവൾ പറയാൻ ശ്രമിച്ചെങ്കിലും അയാൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും നിരവധി തവണ പോലീസിൽ പരാതിപ്പെടുകയും ചെയ്തെങ്കിലും ഒരു ഫലവുമുണ്ടാവില്ലെന്ന് അവരുടെ മറുപടിയിൽ നിന്നു തന്നെ മനസ്സിലായിരുന്നു. ആഗസ്റ്റ് 8 ന് നടന്ന അറസ്റ്റോടെ അതെനിക്ക് ബോധ്യമായി. ഒരു തീവ്രവാദിയെ പിടിച്ചുക്കൊണ്ടു പോകുന്നതുപോലെയാണ് പോലീസെന്നെ കൊണ്ടുപോയത്. പത്തിലധികം പോലീസുകാർ വെളുപ്പിന് 6 മണിക്ക് മുന്നേ എന്റെ വീടു വളഞ്ഞിരുന്നു. അറസ്റ്റിനുള്ള കാരണം ഞാൻ പല തവണ തിരക്കിയെങ്കെങ്കിലും അത് സ്റ്റേഷനിൽ ചെന്നു പറയാമെന്നാണവർ പറഞ്ഞത്. എന്റെ ഉടുമുണ്ടെല്ലാം വലിച്ചുമാറ്റി ഊരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ എന്നെയും അച്ഛനെയും അറസ്റ്റു ചെയ്തത്. നാലു ദിവസത്തെ ജയിൽവാസത്തിനു ശേഷം രണ്ടു മാസത്തേക്ക് ഷോളയൂർ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടു കൂടിയാണ് ഞങ്ങളെ വിട്ടയച്ചത്. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തം ഊരിൽ പ്രവേശിക്കാനാവുന്നില്ല. ഭീകരാവാദികളെപ്പോലെ മറ്റൊരു ഊരിൽ (കൽക്കണ്ടി, ഓമപ്പടിയൂർ) താമസിക്കുകയാണ്.”
അട്ടപ്പാടിയിലെ ഭൂമി തർക്കങ്ങളിൽ പൊലീസ് പതിവായി ഭൂമാഫിയയ്ക്കൊപ്പം നിൽക്കുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവമെന്നും ആദിവാസികൾ ആരോപിക്കുന്നു. എച്ച്.ആർ.ഡി.എസിൻറെ പ്രോജക്ട് ഡയറക്ടറും എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത ബിജു കൃഷ്ണൻ ഫേസ്ബുക്കിലൂടെ വി.എസ് മുരുകനെതിരെ രംഗത്തുവന്നതോടെ എച്ച്.ആർ.ഡി.എസ്സിന് ഈ വിഷയത്തിലുള്ള താത്പര്യം കുറച്ചുകൂടി വ്യക്തമായി.
എച്ച്.ആർ.ഡി.എസ്സും വിദ്യാധിരാജ ട്രസ്റ്റും
വട്ടുലക്കി ഊരിലുള്ളവർ പാരമ്പര്യമായി ആടുമാടുകളെ മേയ്ക്കുന്ന ഭൂമിയിൽ എച്ച്.ആർ.ഡി.എസ് ചില പദ്ധതികളുമായി വരുകയും ഭൂമി പൂജ നടത്തുകയും ചെയ്തതോടെയാണ് ആദിവാസികൾ അവകാശത്തർക്കം ഉന്നയിക്കുന്നത്. എന്നാൽ ഈ 55 ഏക്കർ ഭൂമി തിരുവനന്തപുരത്തെ ഹിന്ദു മിഷൻ റോഡിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാധി സമാജം എന്ന ട്രസ്റ്റിന്റെ കൈവശമാണെന്ന വിവരം പൊലീസ് ആദിവാസികളെ അറിയിക്കുകയും പ്രതിഷേധത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കുകയും ആയിരുന്നു. എച്ച്.ആർ.ഡി.എസ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മുൻ കേരള ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ പേരിലുള്ള ട്രസ്റ്റാണ് ഇത് എന്ന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ 38 വർഷമായി ഭൂമി ട്രസ്റ്റിൻറെ ഉടമസ്ഥതയിലാണെന്നും ട്രസ്റ്റാണ് ഈ ഭൂമി എച്ച്.ആർ.ഡി.എസ്സിന് കൈമാറിയതെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വട്ടുലക്കി ഊരുകാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഈ ഭൂമിയിൽ നടന്നിരിക്കുന്നത് അനധികൃതമായ കൈവശപ്പെടുത്തലാണെന്നും ഇത് അനുവദിക്കില്ലെന്നുമുള്ള തീരുമാനത്തിൽ മുരുകനും കൂട്ടരും ഉറച്ചു നിന്നു. അവർ എച്ച്.ആർ.ഡി.എസ്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും ഊര് ഭൂമിയിൽ കുടിൽ കെട്ടുകയും ചെയ്തു. എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് ഷോളയൂർ സി.ഐ വിനോദ് കൃഷ്ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി, അജി കൃഷ്ണന്റെ സാന്നിധ്യത്തിൽ ഈ കുടിലുകൾ കത്തിച്ചു എന്ന് ആദിവാസികൾ പറയുന്നു. ഈ സംഘർഷങ്ങളുടെ തുടർച്ചയായാണ് മുരുകൻ അറസ്റ്റു ചെയ്യപ്പെടുന്നത്.
അതേസമയം, മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന്റേതാണ് എന്നു പറയുന്ന 55 ഏക്കർ ഭൂമിയിൽ തങ്ങൾക്കുള്ള പരമ്പരാഗത അവകാശത്തിന്റെ രേഖകൾ കാണിച്ചുതരുന്നുമുണ്ട് ആദിവാസികൾ. വട്ടുലക്കിയിലെ പ്രകാശ്, രവികുമാർ, വെള്ളങ്കിരി, മരുതൻ, പഴനിസാമി എന്നിവരെല്ലാം വിദ്യാധിരാജ ട്രസ്റ്റ് കൈവശപ്പെടുത്തിയ ഭൂമിയുടെ അവകാശികളാണ്. ഇതുപ്രകാരമുള്ള സർവ്വെ നമ്പറുകളിലുള്ള ഭൂമിയുടെ അടിയാധാരമെല്ലാം ആദിവാസികളുടെ പേരിൽ തന്നെ ആയിരിക്കെ 1982-83 കാലത്ത് ഈ ഭൂമി തങ്ങൾ വിലയ്ക്ക് വാങ്ങി എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്.
“ഈ ഭൂമി കോട്ടത്തറ വില്ലേജിൽ സർവ്വെ നമ്പർ 543, 544, 545, 525, 527, 540, 541, 302, 303, 587, 576 തുടങ്ങിയ സർവ്വേ നമ്പരുകളിലായി 55 ഏക്കർ ഭൂമി ട്രസ്റ്റ് വിലയ്ക്കു വാങ്ങി എന്നാണ് രേഖകളിൽ പറയുന്നത്. ആദിവാസികൾ സാമൂഹിക അവകാശങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വരുന്ന സ്ഥലമാണിത്. ആട്മാട് മേയ്ക്കുകയും വിറകുകളെടുക്കുകയും ചെയ്യുന്ന സ്ഥലമാണ്. തൊഴിലുറപ്പ് പണികളും ഞങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്. എച്ച്.ആർ.ഡി.എസ് പണികൾ നടത്താൻ വന്നതോടെയാണ് ഭൂമി നഷ്ടമായിപ്പോയ വിവരം ഞങ്ങൾ അറിയുന്നത്.” മുരുകൻ പറയുന്നു.
നിയമവിരുദ്ധമായ കൈമാറ്റം
1975ലെ ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമ പ്രകാരം ആദിവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിലക്കുള്ള കാലമാണിതെന്നും അതുകൊണ്ടുതന്നെ ട്രസ്റ്റിന്റെ രേഖകൾ വ്യാജമാണെന്നും മുരുകൻ പറയുന്നു. വട്ടുലക്കി ഊരിലെ 22 കുടുബങ്ങളുടെ ഭൂമിയാണ് രാഷ്ട്രീയ സ്വാധീനങ്ങളിലൂടെ ട്രസ്റ്റ് തട്ടിയെടുത്തതെന്ന് പ്രകാശ് പറയുന്നത്. എന്നാൽ, മണ്ണാർക്കാട് കോടതിയിൽ വിദ്യാധിരാജ ട്രസ്റ്റ് സെക്രട്ടറി ഡോ. ജയകുമാർ ഹർജി നൽകുകയും വട്ടുലക്കി ഊരിൽ താമസിക്കുന്ന ആദിവാസികളായ മുരുകൻ അടക്കമുള്ളവർ ഈ ഭൂമിയിലേക്ക് അതിക്രമിച്ച് കടക്കരുതെന്ന് താത്കാലിക വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഇതൊകൊണ്ടൊന്നും പിന്നോട്ട് പോകില്ലെന്നും സർക്കാർ സംവിധാനങ്ങളെല്ലാം എതിരായി നിന്നാലും ആദിവാസികളുടെ അവകാശം തെളിയിക്കുന്നത് വരെ സമരം തുടരുമെന്നും വട്ടുല്കകിയിലെ ആദിവാസികൾ പറയുന്നു.
വീട് നിർമ്മാണത്തിലും ആക്ഷേപം
അജി കൃഷ്ണൻ, ബിജു കൃഷ്ണൻ എന്നീ സഹോദരങ്ങളുടെ നേതൃത്വത്തിൽ തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ് ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ പേരിലാണ് അട്ടപ്പാടിയിലേക്ക് എത്തുന്നത്. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്.കൃഷ്ണകുമാർ ആണ് എച്ച്.ആർ.ഡി.എസ് രക്ഷാധികാരി. ആദിവാസികളുടെ ഭൂമിയിൽ നിയമവിരുദ്ധമായി പാട്ടക്കരാറുണ്ടാക്കുന്നതിന് രണ്ട് വർഷം മുമ്പ് എച്ച്.ആർ.ഡി.എസ് നടത്തിയ നീക്കം ഒറ്റപ്പാലം സബ്കളക്ടർ ഇടപെട്ട് തടഞ്ഞിരുന്നു. അത് പരാജയപ്പെട്ടതിനെ തുടർന്ന് ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള പദ്ധതിയുമായാണ് എച്ച്.ആർ.ഡി.എസ് പിന്നീട് രംഗത്ത് വരുന്നത്. ഷീറ്റുകൊണ്ടുള്ള മേൽക്കൂരയും ഹാർഡ് വുഡും ഉപയോഗിച്ചാണ് എച്ച്.ആർ.ഡി.എസ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ നിർമ്മാണ രീതിക്കെതിരെ നിരവധി പരാതികൾ ചെറിയ കാലത്തിനിടയിൽ തന്നെ ആദിവാസികൾ ഉന്നയിക്കുന്നുണ്ട്. കാറ്റിൽ ഹാർഡ് വുഡും ഷീറ്റും തകരുന്ന അവസ്ഥ പലയിടത്തും ഉണ്ടായി. കഴിഞ്ഞ ആഴ്ച്ചയിലാണ് വട്ടുലക്കി ലക്ഷം വീട് കോളനിയിലെ വെള്ളങ്കിരിയുടെ വീട് കാറ്റിൽ തകർന്നുവീണത്.
” 50 വർഷത്തോളം ഈ വീട്ടിൽ താമസിക്കാൻ കഴിയുമെന്നു പറഞ്ഞാണ് അവർ ഞങ്ങൾക്കീ വീടുവെച്ചു തന്നത്. താമസിക്കുന്ന ആദ്യ മാസങ്ങളിൽ തന്നെ ഇത് താമസയോഗ്യമല്ലെന്നു മനസ്സിലായതാണ്. കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ കാറ്റിൽ മേൽക്കൂരകളും ജനൽപാളികളും നിലം പതിച്ചിരിക്കുന്നു. എച്ച്.ആർ.ഡി.എസ്സിന്റെ വാദങ്ങളെല്ലാം നുണകാളാണ്. ആദിവാസികളെ പറ്റിക്കുകയാണവർ. സർക്കാർ ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം.” വെള്ളങ്കിരി ആവശ്യപ്പെടുന്നു.
ആനയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ഹാർഡ് വുഡ് ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ബലത്തെക്കുറിച്ചും ആദിവാസികൾക്ക് ആശങ്കയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വീട് നിർമ്മിച്ചതെന്നും വീടുകൾക്ക് ബലക്ഷയമുണ്ടെന്നും അധികൃതർ വിലയിരുത്തിയതിനാൽ നിലവിൽ ഷോളയൂർ പഞ്ചായത്ത് വീടുകൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. പലവീടുകളിലും കക്കൂസുകൾ നിർമ്മിച്ചിട്ടില്ല. വൈദ്യുതി കണക്ഷനുകളുമില്ല. ബി.ജെ.പിയുമായുള്ള ബന്ധമാണ് എച്ച്.ആർ.ഡി.എസ്സിന്റെ ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സഹായമായിത്തീരുന്നതെന്ന് മുരുകൻ പറയുന്നു.
അട്ടപ്പാടിയിൽ ആദിവാസി ക്ഷേമ പ്രവർത്തനത്തിന് രംഗത്തിറങ്ങിയ എച്ച്.ആർ.ഡി.എസ്സിനെതിരെ പല കോണുകളിൽ നിന്നും പരാതികൾ വ്യാപകമാവുകയാണ്. വട്ടുലക്കിയിലെ ആദിവാസിഭൂമി എച്ച.ആർ.ഡി.എസ്സും വിദ്യാധിരാജ വിദ്യാധി രാജ സമാജം ട്രസ്റ്റും കയ്യേറിയതിനെതിനെതിരെ ആദിവാസികളുടെൾ നൽകിയ പരാതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനായി സമരരംഗത്തേക്ക് വന്നാൽ അവർക്ക് എന്ത് സംഭവിക്കും എന്നതിന് തെളിവായി മാറുകയാണ് മുരുകന്റെ അനുഭവം.
ഈ റിപ്പോർട്ടിന്റെ വീഡിയോ സ്റ്റോറി: