കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പൂക്കോട് ക്യാമ്പസിൽ പഠിച്ചിരുന്ന സിദ്ധാര്‍ത്ഥന്‍ എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് അറിയിപ്പുണ്ടാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. കുറച്ച് വിദ്യാര്‍ത്ഥികള്‍ സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായ കാര്യം വെളിപ്പെടുത്തുകയും സര്‍വ്വകലാശാല അധികൃതരോട് തങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് 23ന് വിദ്യാർത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടാകുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഇരുപത് വയസ്സുള്ള സിദ്ധാര്‍ത്ഥന്‍ സര്‍വ്വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി വിദ്യാര്‍ത്ഥിയായിരുന്നു.
ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് സര്‍വ്വകലാശാലയിലെത്തി പൊലീസ് അന്വേഷണം നടത്തിയത് ഫെബ്രുവരി 22നാണ്. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈത്തിരി പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ദേശീയ ആന്റി റാഗിങ് സെല്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എന്നിവര്‍ സര്‍വ്വകലാശാലയോട് അന്വേഷണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. സസ്‌പെൻഷൻ നേരിട്ടവരിൽ എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികളും ഉൾപ്പെടും.
ഫെബ്രുവരി 22ന് സര്‍വ്വകലാശാലയില്‍ ആന്റി റാഗിങ് കമ്മിറ്റിയുടെ മീറ്റിങ് നടന്നിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്വൈസര്‍മാര്‍ ശേഖരിച്ച മൊഴികള്‍ പരിശോധിക്കുന്നതിനായാണ് യോഗം ചേര്‍ന്നതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. 16ാം തീയ്യതി രാത്രി മെന്‍സ് ഹോസ്റ്റലില്‍ വച്ച് സിദ്ധാര്‍ത്ഥന്‍ ശാരീരിക മര്‍ദ്ദനത്തിനിരയായതായും ആന്റി റാഗിങ് സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരം സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ റാഗിങ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ആന്റി റാഗിങ് സെല്‍ നടപടിയെടുത്തത്.
സംഭവങ്ങളെക്കുറിച്ചും സര്‍വ്വകലാശാലയില്‍ പോയ സമയത്ത് പൊലീസ്, ഡീന്‍, വിദ്യാര്‍ത്ഥികൾ എന്നിവരുടെ പ്രതികരണങ്ങളെക്കുറിച്ചും സിദ്ധാര്‍ത്ഥന്റെ ബന്ധു ഷിബു ഫെബ്രുവരി 22ന് കേരളീയത്തോട് പ്രതികരിച്ചു.
“അവൻ വളരെ ആക്റ്റീവ് ആയ, ഉത്സാഹശീലമുള്ള കുട്ടിയായിരുന്നു. അവിടെ വെെൽഡ് ഫോട്ടോഗ്രാഫിയിലും ഫ്രോഗ് സർവ്വേയിലുമൊക്കെ പങ്കെടുത്തിരുന്നു. ക്ലാസ് റെപ്രസന്റേറ്റീവ് ആയിരുന്നു. അങ്ങനെ ആ കോളേജിൽ മാത്രമല്ല തൃശൂർ മണ്ണുത്തിയിലെ ക്യാമ്പസിലും അവന് ബന്ധങ്ങളും സ്വീകാര്യതയും ഉണ്ടായിരുന്നു. അത്രയ്ക്കും ആക്റ്റീവ് ആയി നിന്ന കുട്ടിയാണ്. അവന് പഠിത്തത്തിലും ഫ്രണ്ട്ഷിപ്പിലും ഒന്നും പ്രശ്നങ്ങളൊന്നുമില്ല, അങ്ങനെയാണ് അവൻ പറഞ്ഞുകൊണ്ടിരുന്നത്.” ഷിബു പറയുന്നു.
“14ാം തീയ്യതി വാലന്റെെൻസ് ഡേയുമായി ബന്ധപ്പെട്ട് അവിടെയെന്തോ പ്രശ്നം ഉണ്ടായി. സിദ്ധാർത്ഥ് 15ാം തീയ്യതി രാവിലെ അമ്മയെ വിളിച്ചു പറയുന്നു, അമ്മ നാളെ മുതൽ സ്പോർട്സ് ഡേ ആയതുകൊണ്ട് രണ്ട് ദിവസം അവധിയാണ്. ഞായറും ഉണ്ട്, അപ്പോ മൂന്ന് ദിവസം കിട്ടും ഞാൻ വരട്ടേ എന്ന്. അപ്പോ അവൾ ഉടൻ വന്നോളാൻ പറഞ്ഞു. രണ്ട് മണിയായപ്പോൾ വിളിച്ചു പറഞ്ഞു, ഞാൻ ചുരത്തിൽ നിൽക്കുന്നതേയുള്ളൂ ബ്ലോക്ക് ആണ്, രണ്ട് മണിക്കുള്ള ട്രെയ്ൻ കിട്ടില്ല എന്ന്. വെെകുന്നേരത്തെ ട്രെയ്നിന് വരും എന്ന് പറഞ്ഞു. വെെകുന്നേരം അവൾ വിളിച്ചു നോക്കുമ്പോൾ ട്രെയ്ൻ കിട്ടി എന്നും, ഇരിക്കാൻ സീറ്റ് കിട്ടി എന്നും രാവിലെ എത്തുമെന്നും അവൻ പറഞ്ഞു. പിന്നെ അവൾ ഇടയ്ക്ക് വിളിച്ചു, സംസാരിച്ചു. രാവിലെ നാല് മണിയാകുമ്പോൾ അവൻ വിളിച്ചു, ഞാൻ എത്തിയിട്ടില്ല, എന്റെ സുഹൃത്ത് തിരിച്ചുവിളിച്ചു, കോളേജിൽ എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞു. എറണാകുളത്തെത്തിയപ്പോൾ അടുത്ത ട്രെയ്നിൽ കയറി ഞാൻ കോളേജിലേക്ക് പോയി എന്ന് പറഞ്ഞു. അവന്റെ കൂടെ പഠിക്കുന്ന തിരുവനന്തപുരത്തുള്ള ഒരു കുട്ടി വിളിച്ചു എന്നാണ് അവൻ പറയുന്നത്. പോയിട്ട് പിന്നെ ഇവൾ കോണ്ടാക്റ്റ് ചെയ്യുമ്പോൾ ഇടയ്ക്ക് ഒരിക്കൽ ഫോണെടുത്ത് കഴിച്ചു, കിടക്കുന്നു എന്ന് മാത്രമേ പറഞ്ഞുള്ളൂ. പിന്നെ അന്നത്തെ ദിവസം ഒരിക്കലോ മറ്റോ ആണ് ഫോണെടുത്തത്. പിറ്റേ ദിവസവും ഇതുപോലെ തന്നെ.” പതിനാറാം തീയ്യതി സിദ്ധാര്‍ത്ഥന്റെ ഫോണ്‍ കോളില്‍ അസ്വാഭാവികത തോന്നിയതായി ഷിബു പറയുന്നു.
“അവന്റെ അമ്മ അവന്റെ സുഹൃത്തുക്കളെ വിളിച്ചുനോക്കിയപ്പോൾ, ആന്റി ഞാൻ പറയാം, പറയാം എന്നൊക്കെയാണ് പറഞ്ഞത്. നാലുതവണയോ മറ്റോ അവനെ വിളിച്ച് കിട്ടിയില്ലെങ്കിലാണ് സുഹൃത്തിനെ വിളിക്കുന്നത്. മറ്റൊരു സുഹൃത്തിനെയും വിളിക്കാറുണ്ടായിരുന്നു, തിരുവനന്തപുരത്ത് തന്നെ ഉള്ള ആളാണ്. അവനും ഈ കാര്യങ്ങൾ എല്ലാം അറിയാം. ഇവരെല്ലാവരും അതിന് കൂട്ടുനിൽക്കുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. പതിനെട്ടാം തീയതി രണ്ട് ഇരുപത് ആയപ്പോൾ അവിടെ പി.ജിക്ക് പഠിക്കുന്ന കസിൻ എന്നെ വിളിച്ച് ചേട്ടാ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. നമുക്കത് താങ്ങാൻ പറ്റിയില്ല, അടുത്ത ദിവസം നമ്മൾ അങ്ങോട്ടേക്ക് പോയി.” ഷിബു ഓര്‍മ്മിച്ചു.
“അവിടെ പോയി വെെത്തിരി പൊലീസ് സ്റ്റേഷനിൽ കേസും ഫയൽ ചെയ്തു, മരണത്തില്‍ സംശയമാണെന്നുള്ള സ്റ്റേറ്റ്മെന്റും കൊടുത്തു. പോസ്റ്റ്മോർട്ടം സമയത്ത് പരിശോധിച്ചപ്പോൾ അവന്റെ കഴുത്തിലൊക്കെ അസ്വാഭാവികമായ മുറിവുകൾ ഉണ്ടായിരുന്നു. പൊലീസിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊക്കെ സാധാരണയാണ് എന്നാണ്. റിപ്പോർട്ടിൽ എന്ത് വരുമെന്ന് അറിയില്ല.” ഷിബു പറഞ്ഞു.
റാഗിങ് സാധാരണമാക്കപ്പെടുമ്പോൾ
റാഗിങ് നടക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പ്രശ്നം ക്യാമ്പസിൽ കുറേക്കാലങ്ങളായി നിലനിൽക്കുന്നതായി സര്‍വ്വകലാശാലയിലെ ഒരു അവസാന വര്‍ഷ വിദ്യാര്‍ത്ഥി കേരളീയത്തോട് പറഞ്ഞു.
“ഞാൻ രണ്ടാം വർഷം ആയിരുന്ന സമയത്ത് ഫിസിക്കൽ ബൗണ്ടറി ലംഘിക്കുന്ന കാര്യങ്ങൾ ലേഡീസ് ഹോസ്റ്റലിൽ സാധാരണമായി കഴിഞ്ഞിരുന്നു. ഇപ്പോഴും മെൻസ് ഹോസ്റ്റലിൽ അത് സാധാരണമായിത്തന്നെ തുടരുന്നു. ലേഡീസ് ഹോസ്റ്റലിൽ പല പ്രശ്നങ്ങൾ ഉണ്ടാകുകയും അത് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ അത് നിന്നു പോയതാണ്. പക്ഷേ ഇപ്പോഴും കുട്ടികളെ റൂമിലേക്ക് വിളിച്ച് ഇൻസൽട്ട് ചെയ്യുന്നുണ്ട്. റാഗിങ് നടക്കുന്നുണ്ട്, പരസ്യമായിട്ടല്ലെങ്കിൽ പോലും. കോളേജ് തുടങ്ങിയ സമയം മുതൽ ഞങ്ങളുടെ സെക്കൻഡ് ഇയർ ആകുന്നതുവരെ റാഗിങ് അവിടെ നോർമലെെസ് ചെയ്യപ്പെട്ടിരുന്നു. ക്യാംപസിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി ഉണ്ടായിരുന്നു. വിമെൻസ് സെൽ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ ക്യാംപസിലുള്ള ആരെങ്കിലും ബൗണ്ടറി വയലേറ്റ് ചെയ്ത് സംസാരിച്ചത് റിപ്പോർട്ട് ചെയ്യാൻ വിമെൻസ് സെല്ലിനെ സമീപിക്കുന്നവർ ഒക്കെ ഉണ്ട്. പക്ഷേ അവരോട്, ആര് പറഞ്ഞു ഇൻസ്റ്റഗ്രാം എടുക്കാൻ എന്നൊക്കെയാണ് സെല്ലിന്റെ ചുമതലയുള്ളവർ ചോദിക്കുന്നത്. ഈ സംഭവത്തിൽ നോർത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ സംസാരിക്കാൻ തയ്യാറായതുകൊണ്ട് ഇത് തെളിവായി മാറി. ഈ വയലൻസ് മൊത്തം നയിച്ച ആൾ പോയി ഇവരുടെ റൂമിൽ ചെന്ന് നിങ്ങളാരെങ്കിലും സാക്ഷിമൊഴി കൊടുത്താൽ നിങ്ങളുടെ തലവെട്ടും എന്ന് ഭീഷണി മുഴക്കിയിരുന്നു. എസ്.എഫ്.ഐ മാത്രം ഉള്ള ക്യാംപസിനുണ്ടാകുന്ന ഭവിഷ്യത്തുകൾ ഇതാണ്, നമുക്ക് ചോയ്സ് വേണമല്ലോ എപ്പോഴും. കോളേജിൽ ഇങ്ങനെയുള്ള കാര്യങ്ങളെ ഗൗരവമായെടുത്ത് ആക്ഷനെടുത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇപ്പോൾ കുറ്റവാളികൾ ആയിത്തീർന്നവർ ഈ സിസ്റ്റത്തിന്റെ ഇരകൾ തന്നെയാണ്.” വിദ്യാര്‍ത്ഥി പറഞ്ഞു.
വിദ്യാർത്ഥിയുടെ മരണത്തെ കുറിച്ച് സർവകലാശാല ഡീനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. അന്വേഷണം നടക്കും എന്ന പ്രാഥമിക വിവരം നൽകിയത് അല്ലാതെ, സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയ ശേഷം കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിട്ടില്ല.