ഗണപതിയെ മുൻനിർത്തിയുള്ള വിവാദങ്ങൾ പല വിതാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഗണപതിയുടെ ശിരസ് ഇന്ത്യയിൽ അതി പ്രാചീന കാലത്ത് നിലനിന്ന പ്ലാസ്റ്റിക് സർജറിയുടെ ദൃഷ്ടാന്തമായാണ് ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്നത്. സായൻസിക ചിന്തയുടെ വെളിച്ചത്തിൽ മിത്തിക്കൽ കഥാപാത്രങ്ങളുടെ അവസ്ഥാവിശേഷങ്ങളെ സയൻസായി ചിത്രീകരിക്കുന്ന പ്രവണതക്ക് ഇന്ത്യയിൽ ആക്കം കൂടിയിട്ടുണ്ട്. കൗരവരെ ടെസ്റ്റ്യൂബ് ശിശുക്കളായി അവതരിപ്പിക്കുന്ന പ്രവണത ഇതിന്റെ നിദർശനമാണ്. ഗണപതിയുടെ ശിരസ് പ്ലാസ്റ്റിക്ക് സർജറിയാണെന്ന് ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾ തന്നെ പങ്കുവെയ്ക്കുന്ന നിലയിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു.
യഥാർത്ഥത്തിൽ പിൽക്കാല പുരാണ ആഖ്യാനങ്ങളിലാണ് ഗണപതി ഗജശിരസുള്ള ദേവതാ സങ്കല്പമായി പരിണമിക്കുന്നത്. ഋഗ്വേദത്തിലെ ഗണസൂക്‌തത്തിൽ (ഗണാനാം ത്വാം ഗണപതിം ഹവാമഹേ…) ആനയുടെ ശിരസുള്ള ഗണപതിയെയല്ല കാണാൻ കഴിയുക. ഇവിടെ ഗണപതി എന്ന സങ്കല്പം ഗോത്ര പതി അഥവാ ഗോത്ര നാഥൻ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഗണങ്ങൾ കൂട്ടങ്ങളാണ്. ഈ കൂട്ടങ്ങളുടെ നാഥനാണ് ഗണപതി.
പ്രാചീന ഇന്ത്യ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ ഈറ്റില്ലമാണെന്ന് വാദിച്ചുറപ്പിക്കാനാണ് പ്ലാസ്റ്റിക് സർജറിയുടെ ഉദാഹരണമായി ഗണപതിയെ ചൂണ്ടിക്കാട്ടുന്നത്. പുരാണ ആഖ്യാനങ്ങളെ മുൻനിർത്തി ഇന്ത്യയുടെ സായൻസിക സംഭാവനകൾ വർണിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഒരു വേള, ഇന്ത്യയുടെ യഥാർത്ഥ സായൻസിക സംഭാവനകളെ തമസ്കരിക്കാൻ മാത്രമേ ഇത് ഉതകൂ. ഇന്ത്യയിലെ ആയുർവേദത്തിന്റെ വികാസം കാലഘട്ടത്തിന്റെ പരിമിതിയെ മുൻ നിർത്തി ചിന്തിച്ചാൽ പോലും ശാസ്ത്രീയ വികാസത്തിന്റെ അടയാളങ്ങൾ അത് സംവഹിക്കുന്നുണ്ടെന്ന് കാണാം. എന്നാൽ കാലക്രമേണ ബ്രാഹ്മണ്യം ആയുർവേദത്തെയും പിടിമുറുക്കി വിശ്വാസ ചികിത്സയാക്കി ചുരുക്കി. ഗണിതശാസ്ത്ര രംഗത്ത് ആര്യഭടന്റെയും സംഗമ ഗ്രാമ മാധവന്റെയും കേളല്ലൂർ നീലകണ്ഠ സോമയാജി തുടങ്ങിയവരുടെയും സംഭാവനകളും പ്രശംസനീയമാണ്. ഇത്തരം ഗണനീയമായ സംഭാവനകളെ അപ്രസക്തമാക്കുന്നവയാണ് ഹിന്ദുത്വരുടെ പ്രസ്താവനകൾ. ഒരേസമയം രണ്ട് ലോകങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ ‘ഹിന്ദുത്വം’ പ്രചരിപ്പിക്കുക എന്നത് തന്നെ വളരെ എളുപ്പമാണ്. ജാതി ബ്രാഹ്മണ്യത്തിന്റെ വിശ്വാസ പാരമ്പര്യങ്ങളുടെ ഒരു ലോകവും, ഭരണഘടനാ ദത്തമായ ജനാധിപത്യ രാഷ്ട്രവും എന്ന വിരുദ്ധ ലോകങ്ങളുടെ യുക്തി വൈചിത്രങ്ങളാണ് ഇന്ത്യയെ ഇന്നും നയിക്കുന്നത്.
ബ്രാഹ്മണ്യം അവകാശവാദം ഉന്നയിക്കുന്ന ദേവതാ സങ്കല്പങ്ങൾ പലതും ഇന്ത്യയിലെ ദലിത പിന്നോക്ക കീഴാള മനുഷ്യരുടെ പാരമ്പര്യത്തിൽ ഉൾച്ചേർന്നതാണ് എന്നതാണ് മറ്റൊരു കാര്യം. ശിവൻ ഇത്തരമൊരു കീഴാള സങ്കല്പമായിരുന്നു. ഭാഗവതപുരാണത്തിലെ ദക്ഷയാഗം കഥയിൽ ശിവനെ ദക്ഷൻ ചണ്ഡാളൻ എന്നാണ് ഭർത്സിക്കുന്നത്. തമിഴരുടെ തദ്ദേശീയ ദേവതയായ മുരുകൻ സ്കന്ദനായി തീർന്നതിൽ ബ്രാഹ്മണ്യത്തിന്റെ സ്വാധീനമുണ്ട്. മഹാരാഷ്ട്രയിലെ അമ്മ ദൈവ സങ്കല്പങ്ങൾ പലതും പിൽക്കാലത്ത് ദുർഗയായും പാർവതിയായും പരിണമിച്ചതിനെ കുറിച്ച് ഡി.ഡി. കൊസാംബി സൂചിപ്പിക്കുന്നുണ്ട്. വിന്ധ്യാ പർവത നിവാസികളായ ആദിവാസി ഗോത്രങ്ങളുടെ അമ്മ ദൈവം കാലക്രമത്തിൽ ദുർഗയാവുകയായിരുന്നു എന്ന് യൂക്കോ യോക്കോച്ചി തന്റെ വിന്ധ്യാ വാസിനിയെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിൽ എഴുതുന്നുണ്ട്. മഹാരാഷ്ട്രയിലെ പശുപാലകരുടെ ആരാധനാ മൂർത്തിയാണ് പിന്നീട് വിഠലായി അറിയപ്പെട്ടത്. ചാമ കൃഷി ചെയ്തിരുന്ന ആദിവാസികളുടെ ദൈവമായ വരാഹമാണ് കാലാന്തരത്തിൽ തിരുപ്പതി ഭഗവാനായി രൂപാന്തരപ്പെട്ടതെന്ന് സ്കന്ദപുരാണത്തിലെ തിരുപ്പതി മാഹാത്മ്യം വായിച്ചാൽ ബോധ്യപ്പെടും. കേരളത്തിലെ മാടനും മറുതയുമെല്ലാം ഇപ്രകാരം ബ്രാഹ്മണ്യത്താൽ സ്വാംശീകരിക്കപ്പെട്ടു. കർഷക ഗോത്രങ്ങളുടെ ദേവതയായ ഹനുമാൻ രാമന്റെ ദാസനായി മാറുന്നത് ഫ്യൂഡൽ നാടുവാഴി ക്രമങ്ങൾക്ക് കർഷകർ കീഴ്പ്പെടേണ്ടി വന്നതിന്റെ ദൃഷ്ടാന്തമാണെന്ന് ഡി.ഡി കൊസാംബി നിരീക്ഷിക്കുന്നുണ്ട്. രാമനും ഹനുമാനും തമ്മിലുള്ള സ്വാമി-ദാസ ബന്ധം തന്നെ നാടുവാഴി ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയുടെ മേൽക്കീഴ് ശ്രേണിയെയാണ് ദൃശ്യപ്പെടുത്തുന്നത്. ഏറ്റവും പ്രാചീനമായ ഋഗ്വേദത്തിൽ ഇന്ദ്രനും വരുണനും അഗ്നിയുമാണ് മുഖ്യ ആരാധനാ മൂർത്തികൾ. പുരാണങ്ങളുടെ രചനാകാലത്താണ് ഗണപതിയെയും മറ്റും ബ്രാഹ്മണ്യം സ്വാംശീകരിക്കാൻ തുടങ്ങിയത്.
രാമായണത്തിലെ പുഷ്പക വിമാനത്തെ മുൻ നിർത്തിയുള്ള ചർച്ചകളും മിത്തിനെ സയൻസാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ആധുനികമായ അർത്ഥത്തിലല്ല വിമാനം എന്ന സങ്കല്പം വാല്മീകി രാമായണത്തിൽ വിവരിക്കുന്നത്. വാല്മീകി രാമായണത്തിലെ പുഷ്പക വിമാനത്തെ ആ അർത്ഥത്തിൽ വിമാനം എന്ന് വിളിക്കാമോ എന്നും സംശയമാണ്. വാല്മീകി വർണിക്കുന്ന വിമാനം കാഞ്ചന ചിത്രിതമായ വിഭാഗങ്ങളോടു കൂടിയതും വൈഡൂര്യം കൊണ്ടും രത്നം കൊണ്ടും നിർമിതമായ വേദികളുള്ളതും മണ്ഡപങ്ങൾ നിറഞ്ഞതുമാണ് (തത: കാഞ്ചന ചിത്രാംഗം വൈദൂര്യ മണി വേദികം/കൂടാഗാരൈ പരീക്ഷിപ്തം സർവതോ രജത പ്രഭം). ഈ വിമാനമാവട്ടെ മേരുവിന്റെ കൊടുമുടി പോലുള്ള ആകാരത്തോടു കൂടിയതാണ് (തം മേരു ശിഖരം ..). ഇഷ്ടമനുസരിച്ച് പറപ്പിക്കാവുന്ന പർവതാകാരമാണ് രാമായണത്തിലെ പുഷ്പക വിമാനം (തത് പുഷ്പകം കാമഗമം വിമാന / മുപസ്ഥിതം ഭൂധര സന്നികാശം). ആയിരക്കണക്കായ വാനരന്മാരും രാക്ഷസന്മാരും ഈ വിമാനത്തിൽ കയറുന്നുണ്ട്. ഒരു പരിധിയും ഇല്ലാതെ ആയിര ക്കണക്കിനാളുകൾ കയറുന്ന വിമാനം കവിയുടെ ഭാവനാ സങ്കല്പമല്ലാതെ മറ്റെന്താണ്. വിമാനത്തിന്റെ ശാസ്ത്രീയ പ്രവർത്തനത്തെക്കുറിച്ചോ, അത് എങ്ങനെയാണ് ആകാശത്ത് പറക്കുന്നതെന്നോ രാമായണം വിവരിക്കുന്നില്ല. ഒരു വിമാനം പറക്കണമെങ്കിൽ അതിനനുസൃതമായ സാങ്കേതിക വിദ്യകൾ വികസിക്കേണ്ടതുണ്ട്. അത്തരം ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തെ സൂചിപ്പിക്കുന്ന പരാമർശങ്ങൾ വാല്മീകി രാമായണത്തിലില്ല. ഒരു കണക്കുമില്ലാതെ അസംഖ്യം ആളുകൾ കയറുന്ന വിമാനം കവിയുടെ സ്വപ്നരാജ്യത്ത് മാത്രം ജീവിക്കുന്ന ഒന്നാണ്. അതിന് യാഥാർത്ഥ്യവുമായുള്ള ചരിത്രബന്ധം ശൂന്യമാണ്.
ചുരുക്കത്തിൽ ഗണപതിയുടെ പ്ലാസ്റ്റിക് സർജറി കഥകളും പുഷ്പക വിമാനത്തിന്റെ തറവാട്ടു ഘോഷണവുമെല്ലാം ഒരു മിഥ്യാ ഭൂതകാലത്തിന്റെ തെറ്റായ ആവിഷ്കാരം മാത്രമാണ്. ചരിത്രവുമായുള്ള അതിന്റെ ബന്ധമാവട്ടെ തുലോം തുച്ഛവും. ഹിന്ദുത്വ ആഖ്യാനങ്ങൾ ചരിത്ര ബാഹ്യവും സയൻസ് വിരുദ്ധവും പ്രതിലോമകരവും ജ്ഞാനോദയ വിരുദ്ധവുമായ ജാതി അസമത്വ മൂല്യങ്ങളിലാണ് അതിന്റെ ആധാരം തേടുന്നത്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന് നാരായണ ഗുരു അരുളി ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആത്മശിഷ്യനായ സഹോദരൻ അയ്യപ്പൻ “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ” എന്ന് ഉദ്ഘോഷിച്ചു. “വേണം ധർമം വേണം ധർമം വേണം ധർമം യഥോചിതം ” എന്ന് സഹോദരൻ പ്രതിവചിച്ചു. ദൈവാനുഭൂതിയെ കരുണയായി, അപര സ്നേഹമായി ദർശിച്ച ഗുരു സഹോദരന്റെ അഭിപ്രായത്തെ പിന്തുണക്കുകയാണുണ്ടായത്. ഇന്നായിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു ? നാം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് ആത്മ പരിശോധന നടത്തേണ്ട സന്ദർഭവുമാണിത്.
നവശൂദ്രർ ബ്രാഹ്മണ്യത്തിന് വേണ്ടി കലാപാഹ്വാനവും നാമജപ ഘോഷയാത്രയും നടത്തുന്നത് ഭരണഘടനാ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിന് വേണ്ടിയാണ്. ചരിത്രത്തിൽ എക്കാലവും ബ്രാഹ്മണ്യത്തിന്റെ ദാസവേല ചെയ്തവർ ഇന്നും അതു തുടരുകയാണ്. കേരളത്തിലെ ശൂദ്രരാഷ്ട്രീയത്തിന്റെ പ്രത്യേകത തന്നെ അത് ബ്രാഹ്മണ്യ സംരക്ഷണത്തിൽ അധിഷ്ഠിതമാണ് എന്നാണ്. ശബരിമല നാമജപ ഘോഷയാത്രയിലും ശൂദ്രലഹളയിലും ഇതാണ് തെളിഞ്ഞുകണ്ടത്. ഇപ്പോൾ ഗണപതിയുടെ പേരിൽ രംഗപ്രവേശം ചെയ്തിരിക്കുന്നതും ബ്രാഹ്മണ്യ രാഷ്ട്രീയത്തെ ഉയർത്തി പിടിക്കുന്നതിന് വേണ്ടിയാണ്. ഭക്തന്റെ സ്വകാര്യ അനുഭൂതിയാവേണ്ട ഭക്തിയും വഴിപാടുകളും സമരമുറയാക്കി മാറ്റുന്നവരാണ് യാർത്ഥത്തിൽ അതിനെ പരിഹാസ്യമാക്കി മാറ്റുന്നതും. ഭരണഘടന മുന്നോട്ട് വെച്ച പ്രാതിനിധ്യ ജനായത്തത്തെ സവർണ സംവരണം നടപ്പിലാക്കി ഭരണഘടനയെ തന്നെ അട്ടിമറിക്കാൻ പ്രേരണ ചെലുത്തിയത് ശൂദ്ര ബ്രാഹ്മണ്യമാണ്. അതുകൊണ്ട് തന്നെ ഗണപതിയെ മുൻ നിർത്തിയുള്ള വിവാദം ശൂദ്ര രാഷ്ട്രീയത്തിന്റെ ഒരടയാളം മാത്രമാണ്. അടിസ്ഥാനപരമായി ജാതിമൂല്യങ്ങളുടെ സാംസ്കാരിക വൽക്കരണത്തിലൂടെ ജാതി മേൽക്കോയ്മ ഉറപ്പിച്ച് ഹിന്ദുത്വത്തിന് സുരക്ഷിത താവളം ഒരുക്കുകയാണ് ശൂദ്ര ബ്രാഹ്മണ്യം. ബ്രാഹ്മണ്യ വ്യവഹാരങ്ങളുടെ മൂല്യ – ആഹ്വാനങ്ങളിലൂടെ നവശൂദ്ര വാദത്തെ ശക്തിപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം. ഇത് ഭരണഘടനാ ജനാധിപത്യത്തിനെതിരായ കലാപാഹ്വാനമാണെന്നതാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.