ബ്രാഹ്മണ്യം സാധ്യമാക്കിയ ക്ലാസിക്കൽ കല എന്ന ഭാവന

അസത്യത്തിലും ഭാവനയിലും നമുക്ക് ജീവിക്കാം. ഇല്ലാത്ത ഭൂതകാലത്തിൽ നിന്ന് ജീവിച്ച് തുടങ്ങാം. ഇല്ലാത്ത ഭൂതകാലത്തിൻ്റെ അളവുകോലെടുത്ത് വർത്തമാനകാലത്തെ ക്രമപ്പെടുത്താം. ഭാവിയെയും നിശ്ചയിക്കാം. കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നിയേക്കാവുന്നതാണെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടക്കുന്നത് ഇതൊക്കെയാണ്. ക്ലാസിക്കൽ കല എന്ന കള്ളം നിൽക്കുന്നത് ഭാവനയുടെ ഈ അടിത്തറയിൽ ആണ്. എന്നുവച്ചാൽ ദേശീയത സാധ്യമാക്കിയ സവർണഭൂതകാലം എന്ന മിത്തിൽ കെട്ടിപ്പൊക്കിയതാണ് ഇന്ത്യൻ ക്ലാസിക്കൽ കലകൾ. ആധുനികതയുടെ നിർവചനങ്ങൾക്കകത്ത് സ്വരൂപമാർജിക്കുകയും അതിൻ്റെ തന്നെ ബ്രാഹ്മണ്യ താല്പര്യങ്ങളിലൂടെ ഇന്നും സഞ്ചരിക്കുകയും ചെയ്യുന്ന ചരിത്രമാണ് പൊതുവെ ക്ലാസിക്കൽ കലകൾക്കെല്ലാമുള്ളത്. അതിനാൽ ആരാണ് ഏറ്റവും ക്ലാസിക്കൽ ആയ രൂപം നിർമ്മിക്കുന്നതും അവതരിപ്പിക്കുന്നതും എന്ന സംശയത്തിന്മേലുള്ള മത്സരമാണ് ഇന്ന് നൃത്തലോകത്ത് നടക്കുന്നത്. ക്ലാസിക്കൽ ആക്കിയിട്ടും ആക്കിയിട്ടും മതിയാവുന്നില്ലേ എന്ന ലളിതമായ ഒരു ചോദ്യം മതി ക്ലാസിക്കൽ നൃത്തം എന്ന പദവിയുടെ അർത്ഥരാഹിത്യം തിരിച്ചറിയാൻ. പക്ഷേ, അത്ര എളുപ്പമല്ല അതിൻ്റെ ഭാരം കുടഞ്ഞുകളയുന്നത്.

ആധുനികത ഉടച്ചുവാർത്ത അല്ലെങ്കിൽ അഴിച്ചുപണിത ഒരു നൃത്തരൂപമാണ് മോഹിനിയാട്ടം. ആ നിലയ്ക്ക് അതൊരു പുതിയ കലാരൂപമാണ്. അടവ് സംവിധാനം, മുദ്രാവിനിയോഗപദ്ധതി, ആഹാര്യം ഇങ്ങനെ നോക്കിയാൽ അക്കലയുടെ അടിസ്ഥാനമായ എല്ലാം തന്നെ ചിട്ടപ്പെട്ടത് ആധുനികതയോടെയാണ്. ഇന്ന് നാം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഈ പുതിയ മോഹിനിയാട്ടമാണ്. ഭരതനാട്യത്തിൽ രുഗ്മിണി ദേവി വഴിയും കൂച്ചിപ്പുടിയിൽ വെമ്പട്ടി ചിന്നസത്യം വഴിയും ഒക്ക ഈ ആധുനികീകരണപ്രക്രിയ നടക്കുന്നുണ്ട്.

ആർ.എൽ.വി രാമകൃഷ്ണൻ

ക്ലാസിക്കൽ ആക്കുക എന്നതിൻ്റെ അർത്ഥം ബ്രാഹ്മണ്യത്തിലേക്ക് ചേർക്കുക എന്നാണ്. ശാസ്ത്രഗ്രന്ഥങ്ങളിലേക്ക്, അമ്പലങ്ങളിലേക്ക്, ആചാരനിഷ്ഠകളിലേക്ക് ചെല്ലുകയാണ് അതിൻ്റെ വഴി. ദേവന് സമർപ്പിക്കുന്ന ദേവദാസികൾ എന്ന മിത്ത് അങ്ങനെ രൂപപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ പാരമ്പര്യ നർത്തകികൾക്ക് ക്ഷേത്രവുമായി വലിയ ബന്ധമൊന്നുമില്ല. അവർ വീടുകളിൽ, കൊട്ടാരങ്ങളിൽ, തെരുവിൽ ഒക്കെ നൃത്തം ചെയ്തു. 1895 ലെ വിദ്യാവിനോദിനിയിൽ വന്ന ലേഖനത്തിൽ മോഹിനിയാട്ടം ചെയ്യുന്ന നായർ സ്ത്രീകളെ ദുരാചാരികളായി ചിത്രീകരിക്കുന്നുണ്ട്. അബ്രാഹ്മണരായ ഈ ശൂദ്രനർത്തകികളുടെ നൃത്തത്തെ പാടേ ഇല്ലാതാക്കിയ ചരിത്രമാണ് ആധുനികതയുടേത്. അവർ ചെയ്ത നൃത്തം അശ്ലീലമായിക്കണ്ടവരാണ് ഇന്ന് കാണുന്ന ക്ലാസിക്കൽ നൃത്തത്തിൻ്റെ ഉപജ്ഞാതാക്കൾ. അങ്ങനെയാണ് ആധുനികതയോടെ സവിശേഷമായ അധികാരപദവി ആർജിച്ച അഭിജാത നായർ കുടുംബങ്ങളിൽ നിന്നുള്ളവരെ കലാമണ്ഡലം പുതിയ നൃത്തക്കാരികളായി തെരഞ്ഞെടുത്തത്. ഇത് മോഹിനിയാട്ടത്തിൻ്റെ ചരിത്രത്തിലെ സവിശേഷമായ സന്ദർഭമാണ്. ഇങ്ങനെ സംസ്കരിച്ചെടുത്ത മോഹിനിയാട്ടത്തിൻ്റെ ചരിത്രത്തിലാണ് വാസ്തവത്തിൽ നാം ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും വേര് കാണാൻ കഴിയുക. അതിനാൽ ഫോക്ക് x ക്ലാസിക്കൽ എന്ന ദ്വന്ദത്തിനകത്ത് നിന്നുള്ള ചർച്ചയൊക്കെ പാഴ്‌വേലയാണ്.

പുരാണത്തിലെ മോഹിനിയുമായി മോഹിനിയാട്ടത്തിന് ബന്ധമൊന്നുമില്ലെന്ന് ഇനി പറയണ്ടല്ലോ. പിന്നെ എന്തിനാണ് ഈ ‘മോഹിനീരൂപം?’ വെളുത്ത, അഴകിന് അളവുകൾ ഉള്ള നൃത്തശരീരം സങ്കല്പിക്കുന്നത് ബ്രാഹ്മണ്യത്തിൻ്റെ രീതിയാണ്. അതിനാൽ ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരണികൾ എടുക്കുന്ന വിനോദ് മങ്കരയും കാക്കയുടെ നിറമുള്ളത് എന്ന് ഒരു നൃത്ത ശരീരത്തെ ആക്ഷേപിച്ച സത്യഭാമയും ഒരേ തരക്കാരാണ്. “നന്ദികേശ്വരൻ്റെ അഭിനയ ദർപ്പണത്തിൽ തന്വീ രൂപവതീ ശ്യാമാ പീനോന്നത പയോധരാ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിൽ നർത്തകീ ലക്ഷണം വിവരിക്കുന്നുണ്ട്. നർത്തകി മെലിഞ്ഞവളും സുന്ദരിയും തരുണിയും ഉയർന്നതും വൃത്താകാരമായ സ്തനങ്ങളുള്ളതും മറ്റുള്ളവരെ രസിപ്പിക്കുന്നവളും നൃത്താരംഭം, നൃത്താവസാനം എന്നിവയെപ്പറ്റി ഔചിത്യബോധമുള്ളവളും സംഗീതത്തിനും താളത്തിനുമനുസരിച്ച് രംഗത്ത് ചലിക്കുന്നവളും ആകർഷകമായ വേഷഭൂഷകൾ അണിഞ്ഞിട്ടുള്ളതും പ്രസന്ന മുഖത്തോടു കൂടിയവളുമായിരിക്കണമെന്നു പറയുന്നുണ്ട്. പത്ത് തരം ആളുകളെ നൃത്തത്തിന് കൊള്ളുകയില്ല എന്നും പറയുന്നുണ്ട്. അവർ ഇവരാണ്. കൃഷ്ണമണിയിൽ വെളുത്ത പാടുള്ളവൾ, തലമുടി കുറഞ്ഞവൾ, തടിച്ച ചുണ്ടുള്ളവൾ, തൂങ്ങിയ സ്തനമുള്ളവൾ, തടിച്ചവൾ, ക്ഷീണിച്ചവൾ, ഉയരക്കൂടുതലുള്ളവൾ, തീരെ ഉയരം കുറഞ്ഞവൾ, കൂനുള്ളവൾ, ശബ്ദം പുറപ്പെടാത്തവൾ ” വിനോദ് മങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും (21 ഫെബ്രുവരി 2024).

ടി.എം കൃഷ്ണ

സമാനമായ വാദങ്ങൾ മദ്രാസ് മ്യൂസിക് അക്കാദമിയുടെ പരിപാടിക്ക് ടി.എം കൃഷ്ണ അധ്യക്ഷനാവുന്നതുകൊണ്ട് പങ്കെടുക്കില്ലെന്ന് തീരുമാനിച്ച വിഷയത്തിന്മേൽ നൃത്യ പിള്ള അവതരിപ്പിക്കുന്നുണ്ട്. കർണാടക സംഗീതവും ഭരതനാട്യവും ബ്രാഹ്മണിക ഭാവനയിലേക്ക് ചേർത്തതിൽ മദ്രാസ് മ്യൂസിക് അക്കാദമിക്ക് വലിയ പങ്കുണ്ടെന്ന് നൃത്യ എഴുതുന്നു. ഈ ക്ലാസിക്കൽ കലാ ഭാവനയുടെ പരിധിക്കപ്പുറം പോയാൽ മാത്രമേ ഒരു മാറ്റം സാധ്യമാകൂ എന്നും അവർ നിരീക്ഷിക്കുന്നു. ബ്രാഹ്മണിക് ധാർമ്മികത നിശ്ചയിക്കുന്ന പരിധികൾ, നിയമങ്ങൾ, പുരാണഭാരം, ഇതൊക്കെ തന്നെയാണ് കാതലായ വിഷയങ്ങൾ. അവയാണ് നാം ഇന്ന് കാണുന്ന അരുതുകൾ, അഴുക്കുകൾ, വർണവെറി, ജാതിവെറി ഒക്കെ കലയിലേക്ക് കൊണ്ടുവന്നത്.

I think that it’s important to say that in some ways the cultural dimensions of earlier Indian nationalism (from 1930s) always took Hindu majoritarianism for granted. The making of the “classical” traditions under the patronage of Indian National Congress and nationalist politics in fact shaped these “traditions” in the image of dominant-caste Hindus. Culture —performing arts in particular — were spaces of exception for the “secular” and “democratic” values of Nehruvian nationalism. The linkage of Hinduism to these forms was just a given.

We need to rethink classifications of classical ,folk and contemporary – it is largely determined by WHO performs these artforms today. It cannot be a battle between the conservative brahmins and the benevolent brahmins. Debrahminising is the Decolonization in the context of India. We need to be far more radical in our understandings of Dance and Music, reject the frameworks through which we perceive artforms. We need a systemic overhaul, we need alternative spaces where there can be critical engagement with Art, social histories cannot be neglected. (Nrithya Pillai 22 feb 2022, FB post).

നൃത്യ പിള്ള

മോഹിനിയാട്ടത്തെ കുറിച്ച് ആലോചിക്കുന്ന പലരും ഇത്തരം പല കുഴികളിൽ വീണുപോവുന്നുണ്ട്. നിറത്തിൻ്റെയും ശരീരത്തിൻ്റെയും പേരിൽ ഒരാളെ അപമാനിച്ച വ്യക്തിയെ നിറത്തിൻ്റെയും ശരീരത്തിൻ്റെയും പേരിൽ തന്നെ അധിക്ഷേപിക്കുന്നവർ ഉണ്ട്. മോഹിനിയാട്ടം കേവലം സവർണ്ണകലയാണെന്ന് പറഞ്ഞ് അവഗണിക്കുന്നവർ ഉണ്ട്. ചന്ദനം ചാർത്തലുകാർ, മൂക്കുത്തി തിരച്ചിലുകാർ എന്നൊക്കെ അധിക്ഷേപിക്കുന്ന ശ്രീചിത്രൻ എം.ജെയെ പോലുള്ളവർ ഉണ്ട്. ആധുനികത ആട്ടിയോടിച്ച അബ്രാഹ്മണ നൃത്തക്കാരികൾ ചെയ്തു എന്ന് ആധുനികത തന്നെ അടയാളപ്പെടുത്തിയ മൂക്കുത്തി തിരച്ചിലൊക്കെ ഇങ്ങനെ അധിക്ഷേപിക്ക പെടേണ്ട കാര്യങ്ങളല്ല. അതൊക്കെ ആധുനികതയുടെ പൊട്ടക്കാഴ്ച മാത്രമായിരുന്നു.

പൊതുവെ കണ്ടുവരുന്ന പ്രതികരണങ്ങളെയും സംശയത്തോടെ കാണേണ്ടതുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ബ്രാഹ്മണർ ഏറ്റവും എളുപ്പം ആക്രമിക്കപ്പെടുന്നു എന്ന് പറഞ്ഞ രഞ്ജിനി – ഗായത്രിക്ക് അഭൂതമായ പ്രോത്സാഹനമാണ് കിട്ടുന്നത്. അനിത രത്നം നടത്തുന്ന narthaki.com എന്ന പേജിൽ അവരുടെ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടു. പിന്നീട് അത് പേജിൻ്റെ വാദമല്ല പറഞ്ഞയാളുകളുടെ വാദമാണ് എന്ന് പറഞ്ഞ് അവർ കൈകഴുകി. അതേ പേജിൽ രാമകൃഷ്ണൻ മാഷിൻ്റെ വിഷയം കേവലം നിറത്തിൻ്റെ വിഷയമാണെന്ന തരത്തിൽ അവതരണം വന്നു. നിറം ആണ് വിഷയം എന്ന എളുപ്പം ഈ വിഷയത്തിലെ മിക്ക പ്രതികരണങ്ങളെയും നിർണയിച്ചിട്ടുണ്ട്. അതിനാലാണ് രഞ്ജിനി ഗായത്രിയുടെ വിഷയം അവരാരും ചർച്ച ചെയ്യാത്തത്. അനിത രത്നത്തിൻ്റെ പൊള്ളയായ ഐക്യദാർഢ്യം ആഘോഷിക്കുന്നത്. വിനോദ് മങ്കരയ്ക്കെതിരെ മിണ്ടാത്തത്. രഞ്ജിനി ഗായത്രിക്ക് വേണ്ടി വാദിച്ച കലാധരനെതിരെ മിണ്ടാത്തത്.

അമിത്ത് കെ

അബ്രാഹ്മണരായ നൃത്തക്കാരികളെ പുറന്തള്ളുകയും ബ്രാഹ്മണ്യത്തിൻ്റെ ഭാവനയിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്ത മോഹിനിയാട്ടമാണ് ക്ലാസിക്കൽ നൃത്തമായി ഇന്ന് നാം കാണുന്നത്. ഞാനൊരു ക്ലാസിക്കൽ ഡാൻസർ അല്ല. വെറും മോഹിനിയാട്ടം ഡാൻസർ ആണ്. എൻ്റെ മുൻതലമുറ അബ്രാഹ്മണരായ നൃത്തക്കാരികളാണ്.

ചുരുക്കത്തിൽ, ബ്രാഹ്മണ്യത്തിൻ്റെ ഭാവനയിൽ ജീവിക്കുന്നവരുടെ പ്രശ്നമായി ഈ സന്ദർഭങ്ങളെ മനസിലാക്കേണ്ടതുണ്ട്. അതിനെതിരെയുള്ള സമരം ചില പ്രത്യേക സന്ദർഭങ്ങളിൽ, ദിവസങ്ങളിൽ, മാത്രം ഉയർന്നുവരേണ്ടതുമല്ല. കലാപ്രവർത്തകരും കലാസ്വാദാകരും സകല നേരവും സജ്ജരായിരിക്കേണ്ടതാണ്. ബഹുഭൂരിപക്ഷം പേരുടെയും അകത്തുകിടക്കുന്ന ചരിത്രത്തിൻ്റെ കലക്കങ്ങൾ അറിയാതെ പുറത്തു വരുന്നതുവരെ കാത്തുനിൽക്കണ്ട. ഇത് ആശയപരമായ സമരമായി കൂടി മനസിലാക്കേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 23, 2024 8:52 am