താനൂർ ദുരന്തവും ജല ടൂറിസത്തിന്റെ സുരക്ഷയും

ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ മലപ്പുറം ജില്ലയിലെ താനൂർ തൂവൽ തീരത്ത് തുടങ്ങിയ ബോട്ട് സർവീസ് കേരളത്തെ നടുക്കിയ ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. 22 പേർക്ക് ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചത് അധികൃതരുടെ അനാസ്ഥയും ടൂറിസം സംരംഭകരുടെ ലാഭക്കൊതിയുമാണ് എന്നതാണ് പ്രാഥമിക വിലയിരുത്തൽ. അമിതഭാരം കാരണം ബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞാണ് സഞ്ചരിച്ചതെന്ന ദൃക്‌സാക്ഷികളുടെ വിവരണം അത് വ്യക്തമാക്കുന്നതാണ്. സാധാരണ ആറുമണിയോടെ നിർത്തുന്ന സർവീസ് രാത്രിയിലേക്ക് നീളുകയും ചെയ്തു. അപകടം നടക്കുന്നത് ഏഴരയോടെയാണ്. ആറു മണിക്ക് ശേഷവും ഒന്നരമണിക്കൂറോളം സർവീസുകൾ തുടർന്നു എന്ന് വ്യക്തം. ബോട്ടിന്റെ നിലവാരമില്ലായ്മയും നിർമ്മിതിയിലെ അപാകതകളും അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. വിനോദയാത്രാ ബോട്ടുകൾ പാലിക്കേണ്ട മാർഗനിർദേശങ്ങളിൽ പലതും കേരളത്തിൽ പാലിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ് താനൂരിലെ അപകടം. വലിയ വഞ്ചിവീടുകൾ മുതൽ ചെറിയ ശിക്കാരകൾ വരെ എല്ലാ ജില്ലകളിലും ഓടിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ജല ടൂറിസം മേഖല എത്രമാത്രം സുരക്ഷിതമാണ്? സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആരുടെയെല്ലാം ഉത്തരവാദിത്തമാണ്. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പ്രതികരിക്കുന്നു.

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട്. കടപ്പാട്:hindustantimes

കെ.വി രവിശങ്കർ (മാധ്യമ പ്രവർത്തകൻ, ടൂറിസം വിദ​ഗ്ധൻ)

അഡ്വഞ്ചർ ടൂറിസം മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ആദ്യമായി നടപ്പിലാക്കിയ സ്ഥലമാണ് കേരളം. ആ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കേരളത്തിൽ ഒരു പ്രവർത്തനവും നടക്കാൻ പാടില്ലാത്തതാണ്. നമുക്ക് നിയമങ്ങളുണ്ട്, സുരക്ഷാ മാനദണ്ഡങ്ങളുമുണ്ട്. അത് നടപ്പിലാക്കുന്നിടത്താണ് പ്രശ്നം നിലനിൽക്കുന്നത്. അതിൽ ഏറ്റവും പ്രധാന വിഷയം കേരളത്തിലെ ടൂറിസം വകുപ്പിന് നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ്. ടൂറിസം വകുപ്പിനെ മൊത്തം പൊളിച്ചെഴുതാതെ ഈ പ്രശ്നങ്ങൾക്കൊന്നും ശാശ്വതമായ പരിഹാരം കാണാൻ കഴിയില്ല. കേരളത്തിൽ ഓരോ ജില്ലയിലും ടൂറിസം കാര്യങ്ങൾ നിയന്ത്രിക്കുന്നത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (dtpc) ആണ്. ഡി.ടി.പി.സിയുടെ പ്രവർത്തനങ്ങളെയും കാലാനുസൃതമായി പൊളിച്ചെഴുതേണ്ടതുണ്ട്. കേരള ടൂറിസം വകുപ്പ് ‘കേരള ​ഗോഡ്സ് ഓൺ കൺട്രി’ ക്യാമ്പയിൻ തുടങ്ങിയിട്ട് കഴിഞ്ഞ 30 വർഷം കഴിഞ്ഞു. 1992ൽ ആ ക്യാമ്പയിൻ തുടങ്ങുന്ന കാലത്തെ അവസ്ഥയല്ല ഇന്നുള്ളത്. എന്നാൽ ലോകത്തിൽ ടൂറിസം വളർന്നതിനനുസരിച്ചുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഇവിടെ നടന്നിട്ടില്ല. ഡി.ടി.പി.സി എന്ന സംവിധാനം തന്നെ ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അന്ന് തുടക്ക കാലത്ത് ഡി.ടി.പി.സി ആവശ്യമായിരുന്നു. കാരണം ടൂറിസം വകുപ്പിന് ജില്ലാ ഓഫീസുകൾ ഉണ്ടായിരുന്നില്ല. ഇന്ന് ടൂറിസം വകുപ്പിന് പതിനാല് ജില്ലകളിലും ഓഫീസുകളുണ്ട്. പ്രാദേശികമായ ടൂറിസം വികസനം ഡ‍ി.ടി.പി.സി ആണ് ചെയ്യുന്നത്. പ്രകൃതിയെ ഇല്ലാതാക്കുന്നതരത്തിൽ ഡി.ടി.പി.സി അധികാരം ദുർവിനിയോ​ഗം ചെയ്യുന്നുണ്ട്. ടൂറിസം വകുപ്പ് എല്ലാ ടൂറിസം അനുബന്ധ പ്രവർത്തനങ്ങൾക്കും നിയമപരമായി ലൈസൻസ് കൊടുക്കാൻ കഴിയുന്ന ഒരു അതോറിറ്റിയായി മാറണം. ഇപ്പോൾ പല്ലും നഖവുമില്ലാത്ത ഫെസിലിറ്റേറ്റർ മാത്രമാണ് ടൂറിസം വകുപ്പ്. വെറും നടത്തിപ്പുകാർ മാത്രമായ ടൂറിസം വകുപ്പിനെ നിയമപരമായ അധികാരങ്ങളുള്ള വകുപ്പായി മാറ്റിയാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നതാണ് എന്റെ 35 വർഷത്തെ അനുഭവം.

കെ.വി രവിശങ്കർ

ടൂറിസത്തിന്റെ കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇന്ന് വലിയ റോളുണ്ട്. 400 പഞ്ചായത്തുകൾ മുൻ​ഗണന കൊടുക്കുന്ന വിഷയമായി ടൂറിസം വികസനം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാറിയിരിക്കുന്നു. എന്താണ് ശാസ്ത്രീയമായ ടൂറിസം വികസനം, സുസ്ഥിര ടൂറിസം മാനദണ്ഡങ്ങൾ വച്ച് എങ്ങനെ നാളത്തേക്ക് അനുയോജ്യമായ ടൂറിസം വികസനം സാധ്യമാക്കാം എന്നീ കാര്യങ്ങളിൽ നമ്മുടെ പഞ്ചായത്തുകൾക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസികൾക്കോ ഒരു ധാരണയുമില്ല. എല്ലാവരും അവരുടെ ആശയങ്ങൾക്കനുസരിച്ച് ചെയ്യുന്നു. ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ തീരെ ഇല്ല. പ്രൈവറ്റ് സെക്ടർ ബിസിനസ് ആയാണ് ടൂറിസം നിൽക്കുന്നത്. സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരും. പബ്ലിക്-പ്രൈവറ്റ്-പാർട്ണർഷിപ്പ് അഥവാ പി.പി.പി മോഡൽ എന്നതായിരുന്നു ‍പണ്ടേ ടൂറിസം. പക്ഷെ ഇന്ന് പ്രൈവറ്റ് ​ഗ്രൂപ്പുകൾ ഒരുവഴിക്ക്, സർക്കാർ വേറൊരു വഴിക്ക് എന്നതാണ് സ്ഥിതി. വിമർശനങ്ങൾ സർക്കാരിന് താത്പര്യമില്ലാതായതോടെ എന്നെപ്പോലെ വളരെ സജീവമായിരുന്ന പലരും നിർജീവമായി. പറഞ്ഞിട്ട് കാര്യമില്ല എന്നതിനാലാണ്. ഇന്ത്യക്ക് മാതൃകയായ സേഫ്ടി സെക്യൂരിറ്റി ​ഗൈഡ്ലൈൻ രൂപീകരിച്ച സംസ്ഥാനമാണ്. പല സംസ്ഥാനങ്ങളും നമ്മുടെ നിർദ്ദേശങ്ങൾ പിന്തുടരുകയും നടപ്പിലാക്കുകയും ചെയ്തു. ഇവിടെ അത് ഫയലിൽ ഉറങ്ങുന്ന ഒരു കടലാസായി മാറി.

റസ്പോൺസിബിൾ ട്രാവലേഴ്സ് ബിഹേവിയർ എന്നതും വിനോദത്തിൽ പ്രധാനമാണ്. ട്രാവലും ടൂറിസവും തമ്മിലുള്ള വ്യത്യാസം തന്നെ നമുക്ക് അത്ര വശമില്ല. വെറും ഒരു യാത്രയല്ലല്ലോ ടൂറിസം. യഥാർത്ഥ യാത്രികർ പരിസ്ഥിതിയേയും ചുറ്റുപാടുകളേയും സുരക്ഷയേയും കുറിച്ച് ബോധമുള്ളവരായിരിക്കണം. റസ്പോൺസിബിൾ യാത്രി​കർക്ക് മാത്രമേ റസ്പോൺസിബിൾ ടൂറിസം കൊണ്ടുവരാൻ കഴിയൂ. അത്തരം കാര്യങ്ങൾ അറിയുന്ന ഒരു ആതിഥേയ സമൂഹത്തെ നമുക്ക് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അവിടെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും തദ്ദേശീയ ജനതയുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യമുള്ളത്. അങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് ഇക്കാര്യങ്ങളിൽ ബോധ്യമുണ്ടായിവരും. സുരക്ഷാ ജാക്കറ്റ് ധരിക്കാതെ ഒരാളും ബോട്ടിൽ കയറില്ല എന്ന് തീരുമാനിച്ചാൽ മതി. ജനങ്ങളും അതുറപ്പിക്കണം, സർക്കാരും അതുറപ്പിക്കണം. പി.പി.പി എന്ന് പറയുന്നതിൽ ഇനി നാല് ‘പി’ വേണം. പബ്ലിക്, പ്രൈവറ്റ്, പീപ്പിൾ, പാർട്ണർഷിപ്പ് വേണം. എന്നാൽ മാത്രമേ ടൂറിസത്തിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ കഴിയൂ.

നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഒരു കാലത്ത് 70 ശതമാനം ജനങ്ങൾക്കും നീന്തൽ അറിയാമായിരുന്നു എന്നതാണ്. അത്യാവശ്യം വെള്ളത്തിൽ പിടിച്ചു നിൽക്കാനുള്ള ശേഷി 90 ശതമാനം ആളുകൾക്ക് 1970കൾ വരെ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ വായിച്ചത്, സ്കൂളുകളിൽ നടന്ന ഒരു കണക്കെടുപ്പിൽ 20 ശതമാനം കുട്ടികൾക്ക് മാത്രമാണ് നീന്തൽ അറിയാവുന്നത് എന്നതാണ്. ഇനിയുള്ള തലമുറയ്ക്ക് നീന്തൽ പഠിക്കാനുള്ള അവസരം ഒരുക്കണം. നീന്തൽ സിലബസിന്റെ ഭാ​ഗമായി മാറണം. കേരളത്തിൽ മുങ്ങിമരണം വളരെ കൂടുതലാണ്. രക്ഷാപ്രവർത്തനത്തിന് അടക്കം അത് സഹായകമാകും.

താനൂരിൽ അപകടത്തിൽപ്പെട്ടവർക്കായുള്ള തിരിച്ചിൽ. കടപ്പാട്:indiatoday

ജാക്സൺ പീറ്റർ (കേരള ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം എക്സ്പേർട് പാനൽ മെമ്പർ)

കേരളത്തിൽ പല സ്ഥലത്തും അഡ്വഞ്ചർ ടൂറിസത്തിന് ലൈസൻസ് നൽകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഞ്ചരിച്ചപ്പോൾ എനിക്ക് മനസിലായ ഒരുകാര്യം ടൂറിസം മേഖലയെക്കുറിച്ച് നന്നായി പഠിക്കാതെയാണ് പലരും ഈ സംരംഭത്തിലേക്ക് കടന്നുവരുന്നത് എന്നതാണ്. ലൈസൻസിം​ഗിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് പലരും ബിസിനസ് തുടങ്ങുന്നത്. ബിസിനസ് തുടങ്ങി ലൈസൻസ് കിട്ടാൻ വേണ്ടി ചെല്ലുമ്പോഴാണ് അവർ നിർമ്മിച്ചിട്ടുള്ള പല കാര്യങ്ങളും, വാങ്ങിയ പല ഉപകരണങ്ങളും ലൈസൻസ് തുടങ്ങാൻ അനുയോജ്യമായതല്ല എന്ന് മനസ്സിലാക്കുന്നത്. കൃത്യമായ പദ്ധതി ഉണ്ടാകുക എന്നതാണ് ആദ്യം വേണ്ടത്. ടൂറിസം ഇൻഡസ്ട്രിയെക്കുറിച്ച് കൃത്യമായി അറിയുക. ലൈസൻസിം​ഗ് സംവിധാനത്തെക്കുറിച്ച് അറിയുക. പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമായി അറിയുക. ആ അറിവില്ലായ്മയുടെ ഉദാഹരണമാണ് താനൂരിൽ നടന്ന അപകടം.

ജാക്സൺ പീറ്റർ

25 പേരെ കയറ്റാൻ കഴിയുന്ന ബോട്ടിൽ അമ്പതോളം ആളുകളെ കൊണ്ടുപോയി. ഒരു ബോട്ടിന് ലൈസൻസ് കിട്ടിയ ശേഷം പിന്നീട് അതിൽ കൂട്ടിച്ചേർക്കലുകൾ ഒന്നും നടത്തരുത്. എത്ര പേരെ കയറ്റാൻ കഴിയുന്ന നിർമ്മിതയാണെന്നോ എത്ര ഭാരം വഹിക്കാൻ കഴിയുമെന്നോ അറിവില്ലാത്തവർ ആണ് പലരും. 25 പേരെ കയറ്റി പോകുമ്പോഴാണ് ബിസിനസ്സ് വയബിൾ അല്ല എന്ന് തിരിച്ചറിയുന്നത്. അതിന് മുന്നേ അക്കാര്യം പഠിക്കുന്നില്ല. അറിവില്ലായ്മയും ക്രിമിനൽ ഉപേക്ഷയുമാണ് ഇത്. കസ്റ്റമേഴ്സിന്റെ സുരക്ഷിതത്വം മാനിച്ച് പ്രവർത്തിക്കുക എന്നതാണ് അടിസ്ഥാന കാര്യം. ജനങ്ങളും ഇത്തരം കാര്യങ്ങൾ തിരിച്ചറിയണം. ജീവന് വിലയുള്ളതിനാൽ എപ്പോഴും വില കുറഞ്ഞ സർവീസുകൾ മാത്രം തേടി പോകാതിരിക്കുക. വില കുറഞ്ഞ ആക്ടിവിറ്റി തിരഞ്ഞെടുക്കുന്നതിനേക്കാൾ എത്രയോ വലുതാണ് നമ്മുടെ ജീവന്റെ വില എന്ന് ഉപഭോക്താക്കളും മനസ്സിലാക്കണം.

ബോട്ട് ടൂറിസം, ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:wikicommons

ബിനു കുരിയാക്കോസ് (സി.ഇ.ഒ-കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി)

താനൂരിൽ നടന്നത് അഡ്വഞ്ചർ ടൂറിസം ആക്ടിവിറ്റിയല്ല, ജനറൽ ബോട്ടിം​ഗ് ആണ്. അത്തരം ആക്ടിവിറ്റികൾക്ക് ആകെ വേണ്ടത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ് എടുക്കുകയും ബോട്ടിന് തുറമുഖ വകുപ്പിൽ നിന്നും പെർമിറ്റ് എടുക്കുകയുമാണ്. അഡ്വഞ്ചർ ടൂറിസം ആക്ടിവിറ്റിക്ക് വേറെ രജിസ്ട്രേഷൻ ഉണ്ട്. തേക്കടി ദുരന്തം ഉണ്ടായ ശേഷം സർക്കാർ എല്ലാവർക്കും ​വ്യക്തമായ മാനദണ്ഡങ്ങൾ കൊടുത്തിട്ടുണ്ട്. അന്നത്തെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്. തുറമുഖ വകുപ്പിലാണ് ബോട്ട് രജിസ്റ്റർ ചെയ്യുന്നത് എന്നതിനാൽ തുറമുഖ വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് അതിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നത്. ബോട്ട് ഓടിക്കുന്നതിന് അം​ഗീകൃത ലൈസൻസ് ഉള്ള ആളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നു. യാത്രികർക്ക് എല്ലാം ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. അതും ഐ.എസ്.ഐ അടയാളം ഉള്ളത്. ലൈഫ് ബോയ് അടക്കമുള്ള ബാക്കിയുള്ള സുരക്ഷാ സംവിധാനങ്ങളും എല്ലാ ബോട്ടുകളിലും വേണം. ആറ് മണിക്ക് ശേഷം യാത്ര പാടില്ല. ഇൻഷുറൻസ് വേണം. തേക്കടി ദുരന്തത്തിന് ശേഷം പരിഷ്കരിച്ച മാർ​ഗനിർദ്ദേശങ്ങളാണ് ഇത്. മുന്നേ ഇതെല്ലാം ഉള്ളതാണ്.

ബിനു കുരിയാക്കോസ്

ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ പരിശോധനകൾ നടത്താനുള്ള വകുപ്പില്ല. ടൂറിസം വകുപ്പ് പരിശോധിക്കാറുള്ളത് അവർ എൻ.ഒ.സി നൽകിക്കൊണ്ട് ഓടുന്ന സ്ഥലങ്ങളിലുള്ള ബോട്ടുകൾ മാത്രമാണ്. ബോട്ടുകൾക്ക് ലൈസൻസ് കൊടുക്കുന്നത് തുറമുഖ വകുപ്പ് തന്നെയാണ്. അവർ പരിശോധനകൾ കാലക്രമത്തിൽ നടത്തേണ്ടതാണ്. ലൈഫ്ജാക്കറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ 36 മണിക്കൂർ വരെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയും. നൂറ് ശതമാനം സുരക്ഷിതത്വം അത് ഉറപ്പ് വരുത്തുന്നുണ്ട്. പിന്നെ താനൂരിൽ സംഭവിച്ചതുപോലെ ബോട്ട് തലകുത്തനെ മറിഞ്ഞാൽ രക്ഷപ്പെടാൻ പ്രയാസമാണ്. ആ ബോട്ടിന്റെ നിർമ്മിതിയും അത്തരത്തിലുള്ളതാണ്. അഡ്വഞ്ചർ ടൂറിസത്തെ സംബന്ധിച്ച് ഓരോ സ്ഥലത്തും ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകുന്നത്. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ, ടെക്നിക്കൽ കമ്മിറ്റി അം​ഗം, കേരള ട്രാവൽമാർട് പ്രതിനിധി, അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ പ്രതിനിധി എന്നിവർ അടങ്ങിയ ആറ് അം​ഗ പാനൽ പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകുന്നത്. താനൂരിൽ നടക്കുന്നത് ടൂറിസം വകുപ്പിന്റെ പരിശോധനാ പരിധിയിൽ വരുന്ന ബോട്ടിം​ഗ് അല്ല. അവർക്ക് ബോട്ടിന്റെ ലൈസൻസും പഞ്ചായത്തിന്റെ അനുമതിയും മാത്രം മതി. വനം വകുപ്പിന്റെ സ്ഥലത്ത് അവർക്കാണ് ഇത്തരം ബോട്ടിം​ഗുകളുടെ നിയന്ത്രണം, ഇറി​ഗേഷൻ വകുപ്പിന്റെ സ്ഥലത്ത് അവർക്കാണ് നിയന്ത്രണം. അതാത് വകുപ്പുകൾക്കാണ് സുരക്ഷ ഉറപ്പ് വരുത്തേണ്ടുന്നതിന്റെ ഉത്തരവാദിത്തം. ടൂറിസം വകുപ്പിന് അതിൽ പ്രത്യേക നിയന്ത്രണമില്ല എന്നത് ഒരു പ്രശ്നമാണ്. പഞ്ചായത്തിന്റെ ലൈസൻസോടെ മാത്രം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പല സ്ഥലത്തും ബോട്ടിം​ഗ് നടക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലൊന്നും സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. ഞങ്ങൾ കണ്ട സ്ഥലങ്ങളിൽ ബോട്ടുടമകൾക്ക് താക്കീത് നൽകിയിട്ടുണ്ട്. വെള്ളത്തിൽ പോകുന്ന ഏതുതരം യാനങ്ങളിലാണെങ്കിലും ലൈഫ് ജാക്കറ്റ് വേണം എന്നത് നിർബന്ധമായും പാലിക്കണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read