അതിഥി തൊഴിലാളി എന്ന വിളിയിൽ എത്രത്തോളം കരുതലുണ്ട്?

‘അന്യസംസ്ഥാന തൊഴിലാളികള്‍ അന്യരല്ല, അവര്‍ അതിഥികളാണ്’. ഇത് കേട്ടുതുടങ്ങിയിട്ട് കുറച്ച് കാലമായി. സര്‍ക്കാര്‍ രേഖകളില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേര് ഒഴിവാക്കപ്പെടുകയും അതിഥി തൊഴിലാളികള്‍ എന്ന് ആദരവോടെ വിളിക്കപ്പെടുകയും ചെയ്തു. അതിഥികളെന്ന് വിളിക്കപ്പെട്ടെങ്കിലും അവർക്ക് നൽകുന്ന പരി​ഗണനയുടെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല എന്നാണ് കേരളത്തിലെ അതിഥി തൊഴിലാളികളിൽ പലരുടെയും ജീവിതം വ്യക്തമാക്കുന്നത്. തൊഴില്‍ സുരക്ഷയുടെയും തൊഴിൽ അവകാശങ്ങളുടെയും കാര്യത്തിൽ വളരെ പരിതാപകരമായ സ്ഥിതിയിലൂടെയാണ് ഇന്നും അതിഥി തൊഴിലാളികളുടെ ജീവിതം കടന്നുപോകുന്നത്. കേരളത്തിലെ ബംഗാള്‍ എന്ന് തന്നെ വിളിക്കുന്ന പെരുമ്പാവൂരില്‍ എത്തിയാല്‍ അത്തരം നിരവധി തൊഴിലാളികളെ കണ്ടെത്താനാകും. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ഷെയ്ക്ക് മുക്താര്‍ അലിയുടേത് ആ അനേക ജീവിതങ്ങളിൽ വളരെ അപൂർവ്വമായ ഒന്നാണ്. അനീതിയുടെയും അതേസമയം തന്നെ അതിജീവനത്തിന്റെയും കഥ.

ഒരു സ്‌ക്രാപ്പ് ഗോഡൗണില്‍ ജോലി ചെയ്യുമ്പോള്‍ വലതുകൈ യന്ത്രത്തിനിടയില്‍ പോയി കൈപ്പത്തി മുറിച്ച് മാറ്റേണ്ടി വന്ന തൊഴിലാളിയാണ് മുക്താർ അലി. ഓഗസ്റ്റ് ഇരുപതിന് അപകടമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥാപന ഉടമ ഇയാളോട് നാട്ടിലേക്ക് തിരികെ പോകാനാണ് ആവശ്യപ്പെട്ടത്. റാണി നഗര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പാനിപ്പിയ എന്ന ഗ്രാമത്തില്‍ നിന്നാണ് മുക്താര്‍ അലി 2000ല്‍ കേരളത്തിലെത്തിയത്. ഒരു വര്‍ഷക്കാലം പെരുമ്പാവൂരില്‍ കേബിള്‍ ലൈന് വേണ്ടി കുഴിയെടുക്കുന്ന ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരികെപ്പോയി. അവിടെ വളയും ആഭരണങ്ങളും വീടുകളില്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന ജോലിയായിരുന്നു. ഇതിനിടെ ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. മൂന്ന് കുട്ടികളും ജനിച്ചു. അവരുടെ വിദ്യാഭ്യാസ ചിലവുകളും വീട് നിര്‍മ്മിക്കുന്നതിന്റെ കട ബാധ്യതകളും തീര്‍ക്കാനായി 2019ല്‍ മുക്താർ വീണ്ടും കേരളത്തിലേക്ക് വണ്ടി കയറി. കോവിഡ് ബാധയെ തുടര്‍ന്ന് അതിഥി തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയപ്പോഴും കടഭാരങ്ങളോർത്ത് മുക്താര്‍ കേരളത്തിൽ തന്നെ നിന്നു.

മൂന്നര സെന്റ് സ്ഥലം മാത്രമാണ് നാട്ടിലുള്ളത്. അതും രണ്ടാമത്തെ ഭാര്യയുടെ ഓഹരിയായി ലഭിച്ചതാണ്. മുക്താര്‍ അലിക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരുമാണ് ഉണ്ടായിരുന്നത്. ചെറിയൊരു മുറുക്കാന്‍ കടയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇദ്ദേഹത്തിന്റെ കുടുംബം ജീവിച്ചിരുന്നത്. കുടുംബസ്വത്തായി വളരെ കുറച്ച് സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരിമാരുടെ വിവാഹത്തിന് വേണ്ടി മാറ്റിവച്ചത് കഴിഞ്ഞുള്ള അൽപ്പം ഭൂമി. ഭാര്യയുടെ വിഹിതമായി ലഭിച്ച ഭൂമി ഈടായി വച്ചാണ് മുക്താർ വീട് നിര്‍മ്മിച്ചത്. ഈ ഭൂമി നഷ്ടമായി പോകാതിരിക്കാൻ വേണ്ടിക്കൂടിയാണ് കോവിഡ് വ്യാപന കാലത്ത് പോലും നാട്ടിലേക്ക് തിരികെ പോകേണ്ടെന്ന് 46 വയസ്സുകാരനായ ഇദ്ദേഹം തീരുമാനിച്ചത്. ഇതിനിടെയാണ് 2020 ഓഗസ്റ്റ് 20ന് ആ അപകടം മുക്താറിന്റെ ജീവിതം തകർത്തത്.

സ്ക്രാപ് ​ഗോഡൗണിലെ അപകടം

ആക്രിക്കടകളില്‍ നിന്നും എടുത്തുകൊണ്ട് വരുന്ന സാധനങ്ങള്‍ ഗോഡൗണുകളിലെത്തിച്ച് വലിയ യന്ത്രത്തില്‍ വച്ച് ഇടിച്ചാണ് സ്‌ക്രാപ്പ് പാക്ക് ചെയ്യുന്നത്. കോയമ്പത്തൂരിലും മറ്റും എത്തിച്ച് ഉരുക്കാന്‍ വേണ്ടിയാണ് സ്‌ക്രാപ്പ് ഇത്തരത്തില്‍ പാക്ക് ചെയ്യുന്നത്. വലിയ യന്ത്രത്തിലേക്ക് സ്‌ക്രാപ്പ് എടുത്തുവച്ചുകൊണ്ടിരുന്നപ്പോള്‍ ആരോ യന്ത്രത്തിന്റെ സ്വിച്ച് ഓണാക്കിയതാണ് അപകടത്തിന് കാരണം. അന്ന് പെരുമ്പാവൂരിലെ തൊഴിലാളി ക്യാമ്പുകളില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പമാണ് മുക്താര്‍ അലി താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ സ്ഥാപന ഉടമ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഇദ്ദേഹത്തെ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് കൈപ്പത്തി മുറിച്ചു മാറ്റിയത്. കൈവച്ച് പിടിപ്പിക്കാനായി ശരീരത്തില്‍ നിന്നുതന്നെ ഞെരമ്പെടുത്തെങ്കിലും അത് നടക്കാതെ പോയി. ഏകദേശം പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നിട്ടാണ് തിരികെ പെരുമ്പാവൂരില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം സ്ഥാപന ഉടമ തന്നെ തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ലെന്ന് മുക്താര്‍ അലി പറയുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം ആശുപത്രിയില്‍ പോയി ഡ്രസ് ചെയ്യുന്നതിന് നടന്നുപോകേണ്ട അവസ്ഥയായിരുന്നു തനിക്കെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിക്കാശിന് വേണ്ട 120 പോലും എടുക്കാനില്ലാത്ത അവസ്ഥയായിരുന്നു. മുക്താര്‍ അലിയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആലപ്പുഴയിലെ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ മുഖാന്തരം അനുവദിക്കേണ്ടതുണ്ടെങ്കിലും ഗോഡൗണ്‍ ഉടമ ഇബ്രാഹിം കുട്ടി അത് നിഷേധിക്കുകയായിരുന്നു.

മുക്താർ അലി

അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനും പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്റെ കോഓര്‍ഡിനേറ്ററുമായ ജോര്‍ജ്ജ് മാത്യു മുക്താര്‍ അലിയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിന് വേണ്ടി രംഗത്തെത്തിയതോടെ ഗോഡൗണ്‍ ഉടമയുടെ ദേഷ്യം അദ്ദേഹത്തോടായി മാറി. ജോര്‍ജ്ജ് മാത്യുവിന്റെ സഹായത്തോടെ മുക്താര്‍ അലി പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2020 ഒക്ടോബര്‍ 18ന് ഇബ്രാഹിം കുട്ടിയും മകന്‍ റമീസും ഗുണ്ടകളും ചേര്‍ന്ന് ജോര്‍ജ്ജ് മാത്യുവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു. ഈ കേസ് പെരുമ്പാവൂര്‍ പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. ദുര്‍ബലമായ വകുപ്പുകളാണ് പോലീസ് ഈ കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നു. മുതലാളി വിളിക്കുന്നതായി അറിയിപ്പ് കിട്ടി താന്‍ ഗോഡൗണില്‍ എത്തിയപ്പോള്‍ കാണുന്നത് ജോര്‍ജ്ജ് മാത്യുവിനെ അവിടെ കെട്ടിയിട്ടിരിക്കുന്നതാണെന്ന് മുക്താര്‍ അലി പറയുന്നു. അവര്‍ ബലമായി ഇദ്ദേഹത്തെക്കൊണ്ട് ഏതാനും പേപ്പറുകളില്‍ കൈരേഖ പതിപ്പിച്ച് എടുക്കുകയും ഇനി ഇവിടെ നില്‍ക്കരുതെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അത്തരം ഒരു പേപ്പറും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മുക്താര്‍ അലിക്ക് വേണ്ടി ട്രിബ്യൂണലില്‍ ഹാജരാകുന്ന അഡ്വ. എ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ സ്ഥാപനത്തിലുണ്ടായ അപകടത്തിലേറ്റ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം ട്രിബ്യൂണല്‍ വഴി മാത്രമാണ് കൊടുക്കാനാകുക. വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷന്‍ ആക്ടിന്റെ ഒരു പ്രത്യേകത അതാണെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹമായതില്‍ കുടുതല്‍ നഷ്ടപരിഹാരം തൊഴിലുടമ കൊടുക്കാന്‍ തയ്യാറായാലും അതിന് രേഖയുണ്ടെങ്കിലും അതായത് ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെങ്കില്‍ പോലും അതും ട്രിബ്യൂണല്‍ വഴി നല്‍കിയാല്‍ മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂവെന്ന് ജോര്‍ജ്ജ് മാത്യുവും ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കിസ്മത്ത് എന്ന ഒരു എന്‍ജിഒയും മുക്താര്‍ അലിയുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ജോര്‍ജ്ജ് മാത്യുവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോ കാണിച്ച് തങ്ങള്‍ സുഹൃത്തുക്കളാണെന്നും പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാമെന്നുമാണ് അവര്‍ മുക്താര്‍ അലിയോട് പറഞ്ഞത്. എന്നാല്‍ ഈ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ഒരിക്കല്‍ ഫോണ്‍ വിളിച്ച് കാണണമെന്ന് പറഞ്ഞ ചെന്നപ്പോള്‍ അവര്‍ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിച്ചിരുന്നു. ആ ഫോട്ടോയാണ് സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അവര്‍ മുക്താര്‍ അലിയെ കാണിച്ചത്. ഇത്തരം എന്‍ജിഒകളെല്ലാം മുക്താര്‍ അലിയുടെ കേസ് ഒത്തുതീര്‍പ്പിലാക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ കേസിലെ നിമയപ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

മുക്തറിന്റെ അതിജീവനം

ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയപ്പോള്‍ കൈപ്പത്തി നഷ്ടപ്പെട്ട ഒരു തൊഴിലാളിക്ക് തൊഴിൽ നൽകാൻ ആരും തയ്യാറായില്ല. വീട്ടിലേക്ക് തിരികെ ചെന്നാല്‍ ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബം എങ്ങനെ ജീവിക്കുമെന്ന ചോദ്യം മുക്താർ അലിക്ക് മുന്നിൽ മുഴങ്ങിനിന്നു. അറ്റുപോയ കൈപ്പത്തി തൊഴിലെടുക്കാൻ ഒരു തടസ്സമായി മാറരുതെന്ന് മുക്താർ തീരുമാനിച്ചുറപ്പിച്ചു. മണ്ണ് കഴിച്ച് വിശപ്പടക്കാന്‍ സാധിക്കില്ലെന്നതിനാൽ പെരുമ്പാവൂരില്‍ ലോട്ടറി കച്ചവടം തുടങ്ങി. ആദ്യമൊന്നും അതില്‍ നിന്നും വലിയ വരുമാനമൊന്നുമുണ്ടായില്ല. എന്നാല്‍ ഇടയ്ക്ക് ലോട്ടറി അടിയ്ക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ വന്ന് ലോട്ടറി എടുക്കാന്‍ തുടങ്ങി. ലോട്ടറി കച്ചവടം ലാഭകരമായി തുടങ്ങിയതോടെ രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഇപ്പോള്‍ താമസിക്കുന്ന രണ്ട് മുറിയും കടയും ആരംഭിച്ചു. ഒന്നര മാസമായി മുറുക്കാനും ബീഡിയും സിഗരറ്റും ചായയുമെല്ലാം കച്ചവടം ചെയ്യുന്ന ഇവിടെ ഇപ്പോള്‍ ഉച്ചയൂണും ആരംഭിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും എത്തി. മുക്താര്‍ അലിക്ക് ആശുപത്രിയിലും മറ്റും സഹായത്തിനായി ആദ്യ ഭാര്യ മോദിനാമിയ ഇവിടെ തന്നെ നിന്നു. അവര്‍ വന്നതിന് ശേഷമാണ് കടയില്‍ ഊണ് കൊടുക്കാന്‍ ആരംഭിച്ചത്. മിതമായ നിരക്കില്‍ ഊണും ചിക്കന്‍കറിയും വിളമ്പുന്ന ഈ കടയെ അതിഥി തൊഴിലാളികളാണ് പ്രധാനമായും ആശ്രയിക്കുന്നത്. വലതു കൈനഷ്ടപ്പെട്ട ഒരു തൊഴിലാളി അധികൃതരുടെ കടുത്ത അവഗണനയ്ക്കിടയിലും ഇവിടെ അതിജീവനം കണ്ടെത്തി എന്നത് മുക്താറിന് തന്നെ വലിയ കരുത്തായി മാറി. ലോട്ടറി കച്ചവടവും പെട്ടിക്കടയുമെല്ലാം സജീവമായത് ആ പ്രാപ്തിയിൽ നിന്നാണ്.

തൊഴിൽ നിയമങ്ങളിലെ പരിമിതികൾ

മുക്താറിനോടുള്ള അധികൃതരുടെ വിവേചനത്തിന് ഒരു പ്രധാന കാരണം നിയമപരമായ പരിമിതികൾ കൂടിയാണെന്ന് ജോര്‍ജ്ജ് മാത്യു ചൂണ്ടിക്കാട്ടുന്നു. “ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയെ സംബന്ധിച്ച നിയമങ്ങള്‍ കേരളത്തിൽ വളരെ ദുര്‍ബലമാണ്. ഉള്ള നിയമം കൃത്യമായി നടപ്പാക്കപ്പെടുന്നുമില്ല. ഇന്‍ഡസ്ട്രിയല്‍ സുരക്ഷയെ സംബന്ധിച്ച ബോധവല്‍ക്കരണം തൊഴിലാളികള്‍ക്ക് നല്‍കാനും സാധിക്കുന്നില്ല. തൊഴിലാളികള്‍ക്ക് മാത്രമല്ല, തൊഴിലുടമകള്‍ക്ക് പോലും ഇക്കാര്യത്തില്‍ കാര്യമായ ധാരണയില്ല. അതുകൊണ്ട് തന്നെ ചെറിയ വ്യവസായങ്ങള്‍ ആണെങ്കില്‍ പോലും തൊഴിലാളികൾക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. കരിങ്കല്‍ ക്വാറികളിലും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും നിരവധിയാളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റ് ഇനിയൊരിക്കലും തൊഴില്‍ ചെയ്യാനാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മറ്റ് വികസന മുതലാളിത്ത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം അപകടങ്ങൾ ഇന്ത്യയില്‍ വളരെ കൂടുതലാണ്. തൊഴില്‍ നിയമങ്ങള്‍ വളരെ ദുര്‍ബലമായ സ്ഥലങ്ങളിലും അതിനെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത സ്ഥലങ്ങളിലും നിക്ഷേപം നടത്താനാണ് വലിയ കോര്‍പ്പറേറ്റുകള്‍ക്കും താല്‍പര്യം.” ജോർജ്ജ് മാത്യു പറയുന്നു.

ഒരാള്‍ക്ക് ജോലി സ്ഥലത്ത് വച്ച് അപകടം പറ്റുകയോ മരിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുന്നില്ലെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു. “വര്‍ക്ക്‌സൈറ്റില്‍ അപകടം നടന്നാല്‍ ആശുപത്രി അധികൃതര്‍ തൊഴില്‍ വകുപ്പിനെ അറിയിക്കണമെന്ന വിധത്തിലുള്ള യാതൊരു നിയമവും ഇവിടെ നിലനില്‍ക്കുന്നില്ല. മുഴുവന്‍ അപകടങ്ങളും മരണങ്ങളും തൊഴില്‍ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്ന ആവശ്യമാണ് പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ വര്‍ക്ക്‌സൈറ്റ് ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. വര്‍ക്ക്‌സൈറ്റ് സേഫ്റ്റിയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുകയും വേണം. തൊഴിലാളികള്‍ക്ക് ഈ നിയമത്തെക്കുറിച്ച് ധാരണയില്ലാത്തത് സ്‌റ്റേറ്റിന്റെ വീഴ്ചയാണ്. അതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും വേണം. തൊഴില്‍ മേഖലയിലെ അപകട സാധ്യതകള്‍ പരമാവധി ഇല്ലാതാക്കേണ്ടതുണ്ട്. ചെറുകിട ഇന്‍ഡസ്ട്രികൾക്ക് സേഫ്ടി ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ സര്‍ക്കാര്‍ അതിനുള്ള സഹായം ചെയ്ത് കൊടുക്കുകയും വേണം. കാരണം, സമൂഹത്തിന്റെ മുഴുവന്‍ ആവശ്യകതയും ഉത്തരവാദിത്തവുമാണ് തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത്.” ജോർജ്ജ് മാത്യു കൂട്ടിച്ചേർത്തു.

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ ശക്തമാണെന്ന് പറയുമ്പോഴും അസംഘടിത മേഖലകളിലെ തൊഴിലാളികളില്‍ 90 ശതമാനത്തിനും ഈ നിയമപരിരക്ഷ ലഭിക്കുന്നില്ല. സംഘടിത തൊഴിലാളികളുള്ള മേഖലയിൽ മാത്രമാണ് തൊഴില്‍ നിയമങ്ങള്‍ പൊതുവെ പാലിക്കപ്പെടാറുള്ളത്. എന്നാല്‍ മൊത്തം തൊഴിലാളി വര്‍ഗ്ഗത്തിന്റെ 90 ശതമാനവും അസംഘടിത വിഭാഗത്തിലുള്ളവരാണ്. അസംഘടിത മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കുന്നതിന് തന്നെ ധാരാളം പരിമിതികള്‍ ഉള്ളതാണ് അതിന് കാരണം. അവര്‍ ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നവരല്ല. അവര്‍ക്ക് കൂടി പരിരക്ഷ ലഭിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടാകണം എന്നാണ് ജോർജ്ജ് മാത്യുവിനെ പോലെയുള്ളവർ ആവശ്യപ്പെടുന്നത്. അതിഥി തൊഴിലാളികള്‍ക്കിടയിലും ട്രേഡ് യൂണിയന്‍ സംവിധാനങ്ങളില്ലാത്തത് ഇത്തരം നിയമ പരിരക്ഷ ഉറപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. അതേസമയം വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ തൊണ്ണൂറ് ശതമാനവും നിര്‍വഹിക്കുന്നതും ജി.ഡി.പിക്ക് സംഭാവന ചെയ്യുന്നതിലുമെല്ലാം വലിയ പങ്കുവഹിക്കുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. അത് ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയിലാണെങ്കിലും നഗരങ്ങളിലെ ചെറുകിട വ്യവസായങ്ങളിലാണെങ്കിലും അവരാണ് സുപ്രധാന പങ്കുവഹിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലെത്തി തൊഴില്‍ ചെയ്യുന്നവരാണ് അവര്‍. മൈഗ്രന്റ് ലേബേഴ്‌സ് ആയി പരിഗണിക്കപ്പെടുന്നത് പ്രധാനമായും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലെത്തി തൊഴില്‍ ചെയ്യുന്നവരെയാണ്. ഗ്രാമങ്ങളിലെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെ തുടര്‍ന്ന് ചെറുകിട സ്വത്ത് ഉടമസ്ഥതയിലും പരമ്പരാഗത തൊഴില്‍ മേഖലകളായ കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നവരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടെയുള്ള ജനസംഖ്യയിലെ ഒരു വലിയ ഭൂരിപക്ഷം തൊഴിൽരഹിതരായി മാറുകയുണ്ടായി. അവര്‍ നഗരങ്ങളിലേക്ക് തൊഴിൽ തേടി ചേക്കേറുകയായിരുന്നു. മുക്താർ അലിയും ആ പലായനത്തിലെ ഒരു കണ്ണിയാണ്.

കേരളത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ അറബ്-പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയ മലയാളികളുടെ അധ്വാനപങ്കായിരുന്നിട്ടും ഇവിടെ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യുമ്പോള്‍ നമ്മൾ ആ ചരിത്രം ഓര്‍ക്കാറില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ഇടപെടുന്നത് കാരുണ്യ പ്രവർത്തനമായാണ് ഇവിടെ പലപ്പോഴും കൈകാര്യം ചെയ്യപ്പെടാറുള്ളത്. അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതില്‍ നിന്നും തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുകയാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാറുള്ളത്. മുക്താര്‍ അലിയുടെ കേസിലും അതുതന്നെയാണ് സംഭവിച്ചത്. തൊഴിൽ അവകാശങ്ങളും തൊഴിൽ നിയമങ്ങളും ചർച്ചയാകാതെ പോകുന്നു.

അപകടത്തിന് ശേഷമാണ് മുക്താര്‍ അലിയെ പരിചയപ്പെടാൻ ജോർജ്ജ് മാത്യു എത്തുന്നത്. ആ പരിചയപ്പെടലിന് ശേഷമാണ് ലേബര്‍ ഓഫീസര്‍ക്ക് ഒരു പരാതി ഇംഗ്ലീഷില്‍ അയയ്ക്കാന്‍ തീരുമാനിച്ചത്. അന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ആണ്. എങ്കിലും ഈ വിഷയം പ്രാഥമികമായി അന്വേഷിക്കേണ്ടത് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയതിനാലാണ് അദ്ദേഹത്തെ തന്നെ സമീപിച്ചത്. അസിസ്റ്റന്റ് ലേബർ ഓഫീസർ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പോയി സ്‌റ്റേറ്റ്‌മെന്റ് എടുത്തു. പുതിയ നിയമം അനുസരിച്ച് ലേബര്‍ ഓഫീസര്‍ മുന്‍കൂട്ടി അറിയിച്ചിട്ട് വേണം ഇത്തരം ഇന്‍സ്‌പെക്ഷനുകള്‍ നടത്താന്‍ എന്നാണ്. ഒരു നിയമലംഘനം കണ്ടെത്താന്‍ വരുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് പറയുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്?

“ലേബര്‍ ഓഫീസറുടെ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ തൊഴിലാളികള്‍ ആരും തയ്യാറായില്ലെന്നതാണ് ഇതില്‍ ഏറ്റവും സങ്കടകരം. അതിനുശേഷം പല തവണ സ്ഥാപന ഉടമയെ സ്റ്റേറ്റ്‌മെന്റ് എടുക്കാനായി ലേബര്‍ ഓഫീസര്‍ വിളിപ്പിച്ചെങ്കിലും അവര്‍ ഹാജരാകാൻ തയ്യാറായിട്ടില്ല. പിന്നീട് ചെയ്യാനുള്ളത് കോര്‍പ്പറേറ്റ് കോമ്പന്‍സേഷന്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിന് സ്ഥാപന ഉടമയുടെ സ്റ്റേറ്റ്‌മെന്റും കിട്ടിണം. ആ അനിശ്ചിതത്വം ഇതില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്ഥാപന ഉടമ വരില്ലെന്ന് പറഞ്ഞാല്‍ പിന്നെ വിഷയത്തില്‍ കലക്ടര്‍ ഇടപെടുമായിരുന്നു. ഒരുദിവസം ഞാന്‍ ഇങ്ങോട്ട് സൈക്കിളില്‍ വരികയായിരുന്നു. എന്റെ തലയിലേക്ക് ഒരടി കിട്ടിയത് മാത്രമാണ് ഓര്‍മ്മ. പ്രദേശവാസികള്‍ ഇത് മനസ്സിലാക്കി പോലീസ് സ്‌റ്റേഷനില്‍ പോയി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അവര്‍ തൊഴിലാളികളെ ഓടിച്ച് വിടാന്‍ നോക്കിയെങ്കിലും കൂട്ടാക്കാതെ വന്നപ്പോഴാണ് പോലീസ് ഇടപെട്ടത്. ഇതെല്ലാം പിന്നീട് ബോധം വന്നപ്പോഴാണ് മനസ്സിലായത്. കേരളത്തിലെ പത്തമ്പതോളം ആക്ടിവിസ്റ്റുകള്‍ ഇടപെട്ട് പോലീസിനെതിരെ പരാതി കൊടുത്തപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഞാന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നാണ് യാതൊരു നടപടിയുമുണ്ടാകാതിരുന്നത്.” ജോർജ്ജ് മാത്യു പറയുന്നു.

മുക്താര്‍ അലിയുടെ കേസില്‍ ഉന്നയിക്കപ്പെടുന്ന മറ്റൊരു പോരായ്മ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലാണ്. എവിടെയാണ് റെസിഡന്‍സ് അഡ്രസ് അവിടെ നിന്ന് മാത്രമേ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റുകയുള്ളൂവെന്നാണ് പറയുന്നത്. പക്ഷെ ഒരു തൊഴിലാളിക്ക് അപകടമുണ്ടായാല്‍ അവിടെ നിന്നല്ലേ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ടതെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. അതിന് ചെയ്യേണ്ടത് ലേബര്‍ ഓഫീസറുടെ വര്‍ക്ക് സൈറ്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൊടുക്കുകയെന്നതാണ്. പല ഇന്‍ഡസ്ട്രിയല്‍ അപകടങ്ങളിലും അങ്ങനെ തന്നെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കൊടുത്തിട്ടുള്ളത്.

അതേസമയം ജോലിസ്ഥലത്ത് വച്ച് തന്നെയാണ് മുക്താര്‍ അലിക്ക് അപകടമുണ്ടായതെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കേസാണെന്ന് പെരുമ്പാര്‍ അസിസ്റ്റന്റ് ലേബർ ഓഫീസര്‍ ജയപ്രകാശ് വ്യക്തമാക്കുന്നു. തൊഴിലുടമ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്. അതനുസരിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മിഷന്‍ തൊഴിലുടമയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. തൊഴിലുടമയുടെ മറുപടി കിട്ടിയ ശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വിശദീകരിക്കുന്നു. എറണാകുളത്തെ വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ കമ്മിഷന്‍ ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ ട്രിബ്യൂണല്‍ ആയി നോട്ടിഫൈ ചെയ്തിരിക്കുന്നത് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയും. അവരാണ് ഇനി ഈ കേസ് കൈകാര്യം ചെയ്യേണ്ടത്. കൂടുതല്‍ നടപടികള്‍ നിയമവിദഗ്ധര്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂവെന്നും അസിസ്റ്റന്റ് ലേബർ ഓഫീസര്‍ വ്യക്തമാക്കി.

ജീവിതത്തില്‍ ഇനി ഒരു ജോലിയും ചെയ്ത് ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഒരു തൊഴിലാളി എത്തിപ്പെട്ടതാണ് ഈ കേസിലെ ദയനീയതയെന്ന് മുക്താര്‍ അലിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അഡ്വ. എ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ ആക്ട് പ്രകാരം വലിയൊരു തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ മുക്താര്‍ അലിക്ക് അര്‍ഹതയുണ്ടെങ്കിലും അപകടം സംഭവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലുടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടില്ല. വലതുകൈയുടെ പത്തി നഷ്ടപ്പെട്ട അണ്‍സ്‌കില്‍ഡ് അല്ലെങ്കില്‍ സെമി സ്‌കില്‍ഡ് തൊഴിലാളിക്ക് ജീവിതത്തില്‍ ഇനി ഒരു ജോലിയും ചെയ്ത് ജീവിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ ആക്ടിലെ പുതിയ ഭേദഗതി പ്രകാരം ഇദ്ദേഹത്തിന് വലിയൊരു തുക നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. അത് വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ കമ്മിഷന്‍ വഴി കൊടുക്കണം. ആലപ്പുഴയിലെ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. തൊഴിലുടമയ്ക്ക് ഈ നഷ്ടപരിഹാരം നേരിട്ട് കൊടുക്കാനും സാധിക്കില്ല, ട്രിബ്യൂണല്‍ വഴി മാത്രമാണ് ഇത് കൊടുക്കാന്‍ സാധിക്കുകയുള്ളൂ. നഷ്ടപരിഹാര തുക കണക്കു കൂട്ടി തൊഴിലുടമ കോടതിയില്‍ കെട്ടേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

പെരുമ്പാവൂര്‍ മേഖല തൊഴില്‍ നിയമങ്ങള്‍ തീരെ പാലിക്കപ്പെടാത്ത പ്രദേശം കൂടിയാണെന്നും ജയശങ്കര്‍ ആരോപിക്കുന്നു. ഈ നിയമം മാത്രമല്ല, ഒരു നിയമവും അവിടെ തൊഴിലാളികള്‍ക്ക് അനുകൂലമായി പാലിക്കപ്പെടുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് ജോലി ചെയ്യിക്കുമ്പോള്‍ അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള തൊഴില്‍ സുരക്ഷിതത്വവും നല്‍കുന്നില്ല. ആപല്‍ക്കരമായ യന്ത്രസാമഗ്രികള്‍ വച്ച് ജോലി ചെയ്യിക്കുമ്പോള്‍ ആവശ്യം പാലിക്കേണ്ടതായ ചില മാനദണ്ഡങ്ങളും സുരക്ഷാ ഏര്‍പ്പാടുകളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്യില്ല. അതുകൊണ്ടാണ് കൈ യന്ത്രത്തിനുള്ളില്‍ അകപ്പെട്ട് മുറിഞ്ഞ് പോകുന്നത് പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ഇവിടെ ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാരുള്ളത്. എവിടെയെല്ലാം ഫാക്ടറികളുണ്ടോ അവിടെയെല്ലാം ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെയാണ് ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കുന്നത്. എന്നാല്‍ അവര്‍ അവിടെ പോകാറുമില്ല, പരിശോധന നടത്താറുമില്ല. ജയശങ്കർ പറയുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംബേദ്കര്‍ മുന്നോട്ടുവച്ച ഫാക്ടറി ആക്ടില്‍ വിള്ളല്‍ വീഴുന്നതുകൊണ്ടാണ് അപകടം സംഭവിക്കുന്നത്. ഒരു ഫാക്ടറിക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അതിന്റേതായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അപകട സാധ്യതയുള്ള ഫാക്ടറിയാണെങ്കില്‍ നിര്‍ബന്ധമായും ഈ നിബന്ധനകള്‍ പാലിക്കേണ്ടതാണ്. ആ നിബന്ധനകള്‍ പാലിക്കാതെയാണ് വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സ്വാഭാവികമായും അവിടെ ഇടയ്ക്കിടയ്ക്ക് അപകടങ്ങള്‍ സംഭവിക്കും. അപകടമുണ്ടാകാതിരിക്കാനാണല്ലോ നമ്മള്‍ ആദ്യം നോക്കേണ്ടതെന്നും അഡ്വ. ജയശങ്കര്‍ ചോദിക്കുന്നു.

നഷ്ടമാകുന്ന നഷ്ടപരിഹാരം

മുക്തർ അലി കടയിലെ ജോലിക്കിടയിൽ

തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റൊരു നിയമം വര്‍ക്ക്‌മെന്‍ കോംപന്‍സേഷന്‍ ആക്ട് ആണ്. ഇത്തരം അപകടങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ തൊഴിലുടമ തൊഴിലാളികളെ പരമാവധി അവഗണിക്കുകയും ബംഗാളിലേക്കോ ആസാമിലേക്കോ കയറ്റി അയക്കുകയും ചെയ്യും. അതോടെ പിന്നെ നഷ്ടപരിഹാരം കൊടുക്കാതിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. അതിന് പോലീസുകാരും നാട്ടിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും കുടപിടിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളിക്കും ഈ നിയമത്തിന്റെ സാധ്യതകള്‍ അറിയാത്തതിനാല്‍ കിട്ടുന്ന തുച്ഛമായ തുക വാങ്ങി പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ 1926ല്‍ ബ്രിട്ടീഷുകാര്‍ പാസാക്കിയതാണ് വര്‍ക്ക്‌മെന്‍സ് കോംപന്‍സേഷന്‍ ആക്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിയമങ്ങളില്‍ ഒന്നാണ് ഇത്. നരേന്ദ്ര മോദിയുടെ പുതിയ ലേബര്‍ കോഡ് വരുമ്പോള്‍ ആ നിയമം മാറും. എങ്കില്‍ പോലും അത് നിലനില്‍ക്കുന്നുണ്ട്. ജോലി സ്ഥലത്തുവച്ച് ആ ജോലി കൊണ്ടുണ്ടാകുന്ന അപകടങ്ങളില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത തൊഴിലുടമയ്ക്കുണ്ട് എന്നാണ് ഈ നിയമം പറയുന്നത്. ഈ നഷ്ടപരിഹാരം കണക്കുകൂട്ടേണ്ട രീതിയൊക്കെ ആ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. ടോട്ടല്‍ ഡിസേബിള്‍മെന്റ്, പാര്‍ഷ്യല്‍ ഡിസേബിള്‍മെന്റ്, ടെമ്പററി ഡിസേബിള്‍മെന്റ്, പെര്‍മെനന്റ് ഡിസേബിള്‍മെന്റ് എന്നൊക്കെ പരിശോധിച്ചാണ് അത് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുക്താറിന്റെ കേസില്‍ പെര്‍മെനന്റ്, ടോട്ടല്‍ ഡിസേബിലിറ്റിയാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ കൈ നഷ്ടപ്പെട്ടപ്പോള്‍ അയാളുടെ തൊഴിലെടുക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. മാത്രമല്ല, ഒരുവര്‍ഷമായിട്ടും ഒരു മെഡിക്കല്‍ ബോര്‍ഡ് കൂടി ഇദ്ദേഹത്തിന് ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. എവിടെവച്ചാണോ അപകടമുണ്ടായത് അവിടെ പോയല്ലേ പരിശോധിക്കേണ്ടത്. ഒന്നുകില്‍ പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അല്ലെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് എത്ര ശതമാനം ഡിസേബിലിറ്റി ഉണ്ടായതെന്ന് പറയേണ്ടത്. അതിന് പകരം അദ്ദേഹത്തോട് മുര്‍ഷിദാബാദില്‍ പോയി സര്‍ട്ടിഫിക്കറ്റുമായി വരാനാണ് അധികൃതർ പറയുന്നത്.

നഷ്ടമായ കൈപ്പത്തിക്കും അധികൃതരുടെ അവ​ഗണനകൾക്കും മുക്താറിനെ തളർത്താനായില്ല. നാട്ടിലെ തൊഴിൽ നിയമങ്ങൾ ഈ അതിഥി തൊഴിലാളിയോട് നീതികാണിച്ചില്ലെങ്കിലും മുക്താർ പോരാടി, നിയമവ്യവസ്ഥയോടും സ്വന്തം ജീവിതസാഹചര്യങ്ങളോടും. ലോക്ഡൗൺ കാലത്ത് ദാരിദ്ര്യത്തിലേക്ക് തിരികെ നടന്ന പതിനായിരക്കണക്കിന് ഇതരദേശത്തൊഴിലാളികളുടെ കൂട്ടത്തിൽ ഒരാളാകാൻ അയാൾ തയ്യാറായിരുന്നില്ല. മുക്താർ ഇവിടെ ഉറച്ചുനിന്നു. കരുതലോടെ കൂടെയുണ്ടെന്ന് പറയുന്ന കേരളം മുക്താറിനൊപ്പം ഇല്ലെങ്കിലും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read