ഇനിയും അന്വേഷണം നടക്കേണ്ട കുടക് മരണങ്ങൾ

വയനാട് വെള്ളമുണ്ടയിലെ വാളാരംകുന്ന് കോളനി സ്വദേശിയായ ആദിവാസി യുവാവ് ശ്രീധരനെ (കുട്ടപ്പൻ) കുടകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ആറ് മാസങ്ങൾ പിന്നിടുന്നു. ‘തുടർക്കഥയാകുന്ന കുടകിലെ ആദിവാസി തിരോധാനങ്ങൾ’ എ‌ന്ന തലക്കെട്ടിൽ 2023 മെയ് 19ന് ശ്രീധരന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേരളീയം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് കുടക് മരണങ്ങൾ വീണ്ടും ചർച്ചയായി മാറുന്നത്. കുടകിലെ ഇഞ്ചിതോട്ടങ്ങളിലും മറ്റും ജോലിക്കായി പോകുന്ന ആദിവാസി സമൂഹത്തിലെ വ്യക്തികളുടെ തിരോധാനങ്ങളും ദുരൂഹ മരണങ്ങളും വർദ്ധിച്ചുവരുന്നതായാണ് തുടർ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വാളാരംകുന്ന് കോളനിയിൽ തന്നെയുള്ള സന്തോഷ് എന്ന ആദിവാസി യുവാവാണ് അവസാനമായി ഈ മരണപ്പട്ടികയിലേക്ക് കണ്ണിച്ചേർക്കപ്പെട്ടിരിക്കുന്നത്.

സന്തോഷ്

“ഇവിടെ പണിയില്ലായിരുന്നു. അങ്ങനെ പണിക്ക് പോയതാ. ദിവസവും ഫോണിൽ വിളിക്കുമായിരുന്നു.” മരിച്ചുപോയ സന്തോഷിന്റെ ഭാര്യ സന്ധ്യ പറഞ്ഞു തുടങ്ങി. സന്തോഷിന്റെ മരണമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്ന് സന്ധ്യ ഇനിയും കരകയറിയിട്ടില്ല. ദിവസങ്ങളോ, മാസമോ ഓർത്ത് പറയാൻ പോലുമാകാത്ത വിധം അവർ തകർന്നു പോയിരിക്കുന്നു. മാനന്തവാടിയിൽ പണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ജൂണിൽ 28 വയസുകാരനായ സന്തോഷ് അയൽവാസികളോടൊപ്പം കുടകിലേക്ക് യാത്ര തിരിക്കുന്നത്. എന്നാൽ കർക്കിടകം ഒന്നിന് (ജൂലായ് 17) കുടകിലെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള കുളത്തിൽ വീണ് സന്തോഷ് മരണപ്പെട്ടുവെന്ന വാർത്തയാണ് സന്ധ്യക്ക് ലഭിച്ചത്. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സന്തോഷ് തന്നെ വീഡിയോ കോൾ ചെയ്തിരുന്നുവെന്ന് സന്ധ്യ ഓർക്കുന്നുണ്ട്. അതൊരു ഞായറാഴ്ചയായിരുന്നുവെന്നും സന്ധ്യ ഓർക്കുന്നു. “അന്ന് എല്ലാവരെയും അന്വേഷിച്ചു. ഓണത്തിന് വരാമെന്നും പറഞ്ഞു. അവിടെ ശരിയല്ലായെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു. കൂടെയുള്ള ജിജു ശരിയല്ലെന്നും വെറുതെ കച്ചറയുണ്ടാക്കുന്നുവെന്നും പറഞ്ഞിരുന്നു.” സന്ധ്യ ഓർത്തു.

സന്തോഷ് മുങ്ങിമരിച്ചതായി പറയുന്ന കുളം

ചീരാൽ കല്ലുമുക്കിലുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ ജിജുവിനൊപ്പമാണ് സന്തോഷ് കുടകിലേക്ക് പോയത്. ജിജുവിന്റെ കുടുംബവും സന്ധ്യയുടെ കുടുംബവുമായി വഴിതർക്കം പോലുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും അതുകൊണ്ട് ജിജുവിനൊപ്പം പോകരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും സന്ധ്യയുടെ സഹോദരി സിന്ധു പറഞ്ഞു. കുടകിലെവിടെയാണ് സന്തോഷ് പണിയെടുത്തിരുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും സന്തോഷിന്റെ കുടുംബക്കാർക്ക് അറിയില്ല. കുടകിലെ ഏതോ റബർത്തോട്ടത്തിൽ മെഷീൻ ഉപയോഗിച്ച് അടിക്കാട് വെട്ടലാണ് ജോലിയെന്ന് മാത്രമാണ് ഇവർക്ക് അറിയാവുന്നത്. കോളനിക്കടുത്ത് തന്നെയുള്ള മറ്റ് കുടിയേറ്റ വിഭാഗക്കാർ കോളിനിയിലേക്ക് വഴി വിട്ടുനൽകാൻ തയ്യാറല്ലെന്നും, കുടിവെള്ളം ഉപയോഗിക്കാൻ സമ്മതിക്കുന്നില്ലെന്നുമുള്ള പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്തോഷ് മരണപ്പെടുന്നത്.

കന്നട ഭാഷയിൽ പൊലീസ് നൽകിയ കടലാസ്

എന്നാൽ നാളിതുവരെയും സന്തോഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബത്തിന് ലഭ്യമായിട്ടില്ല. കുടകിൽ വെച്ച് തന്റെ മകൻ വെള്ളത്തിൽ വീണ് മരണപ്പെട്ടുവെന്നും തുടർന്നുള്ള നിയമനടപടിക്രമങ്ങൾ നടത്തി മൃതദേഹം വിട്ടുതരണമെന്നും വിവരിക്കുന്ന ഒരു പരാതി കത്തും അതിനെ അടിസ്ഥാനപ്പെടുത്തി കുടകിലെ ഗോണിഗൊപ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമാണ് ഇന്ന് സന്തോഷിന്റെ അച്ഛൻ രാജുവിന്റെ കൈയിലുള്ളത്. കന്നഡ വായിക്കാൻ അറിയാത്തതിനാൽ തന്നെ എഫ്.ഐ.ആറിലും പോലീസ് എഴുതി നൽകിയ പരാതിയിലും എന്താണ് വിവരിച്ചിരിക്കുന്നത് എന്നത് രാജുവിന് ഇപ്പോഴും വ്യക്തമല്ല. ഗോണിഗൊപ്പയിലെ റബ്ബർത്തോട്ടത്തിൽ മെഷീൻ വെട്ടിന് പോയിരുന്ന സന്തോഷിനെ കെട്ടിടപ്പണിക്കായെത്തിയെന്ന രീതിയിലാണ് പരാതിയിലും എഫ്.ഐ.ആറിലും വിവരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ​ഗുരുതരമായ പൊരുത്തക്കേടുകളാണ് എഫ്.ഐ.ആർ പോലെ വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റിൽ സംഭവിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന് ലഭ്യമാകുമെന്നതിൽ ഒരു ധാരണയുമില്ലാതെ നാളുകൾ തള്ളിനീക്കുകയാണ് സന്തോഷിന്റെ ഭാര്യ സന്ധ്യയും അച്ഛൻ രാജുവും.

മരണം ബാക്കിയാക്കുന്ന സംശയങ്ങൾ

കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ള മണികണ്ഠൻ (16 വയസ്), ജിജു, തങ്കച്ചൻ, വിഷ്ണു തുടങ്ങിയവരോടൊപ്പമാണ് സന്തോഷ് കുടകിലേക്ക് പോയത്. മരണം സംഭവിക്കുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്യുമ്പോൾ വിഷ്ണുവും ജിജുവും മണികണ്ഠനും സന്തോഷിനൊപ്പം ഉണ്ടായിരുന്നുവെന്നും സന്ധ്യ ഓർക്കുന്നുണ്ട്. എന്നിട്ടും മരണശേഷം എന്തുകൊണ്ടാണ് ഇവരാരും സന്തോഷിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും വരാത്തത് എന്ന ചോദ്യമാണ് സന്ധ്യക്ക് ചോദിക്കാനുള്ളത്. മണികണ്ഠന്റെയും ജിജുവിന്റെയും ഫോൺ നമ്പറുകൾ ഇപ്പോഴും സ്വിച്ച് ഓഫിൽ തുടരുന്നതും ഇവരുടെ സംശയം വർദ്ധിപ്പിക്കുന്നു.

“മരിക്കാനായിരുന്നു അവന്റെ ശ്രമമെങ്കിൽ അവന് കുടക് വരെ പോകേണ്ടതില്ലായിരുന്നല്ലോ. അതല്ല മറ്റേതെങ്കിലും തരത്തിൽ മരണപ്പെട്ടതാണെങ്കിൽ ഇവരിലാർക്കെങ്കിലും എന്താണ് സംഭവിച്ചതെന്നെങ്കിലും ഞങ്ങളോട് പറയാമല്ലോ. എപ്പോഴും ഈ വീട്ടിൽ വരികയും ആഹാരം കഴിക്കുകയും ചെയ്തിരുന്ന മണികണ്ഠനെയും കാണാനില്ല.” സിന്ധു പരാതിപ്പെട്ടു.

സന്തോഷ്

പത്താംവയലിലെ സന്തോഷിന്റെ വീട്ടിലേക്കാണ് ശവസംസ്കാര ചടങ്ങുകൾക്കായി സന്തോഷിന്റെ മൃതശരീരം കൊണ്ടുവന്നത്. കുടകിൽ വെച്ച് തന്നെ പോസ്റ്റ്മാർട്ടം കഴിഞ്ഞിരുന്നു. രാജുവിന്റെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയമകനാണ് സന്തോഷ്. നന്നായി നീന്താൻ അറിയാമായിരുന്ന സന്തോഷ് കുളത്തിൽ വീണ് മരിച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്ന് ആവർത്തിച്ചു പറയുകയാണ് സന്തോഷിന്റെ അച്ഛൻ രാജു. “വെള്ളത്തിൽ വീണ് മരിക്കുന്ന ആളുടെ വയർ വീർത്തിരിക്കും. അതുമല്ല, പണി ചെയ്യുന്ന ഡ്രസിൽ തന്നെയാണ് അവൻ ഉണ്ടായിരുന്നത്. കുളിക്കാനിറങ്ങുമ്പോൾ തോർത്തല്ലേ ഉടുക്കുള്ളൂ. ഡെയിലി അവിടെ കുളിക്കുമെന്നാ പറഞ്ഞേ.. നീന്തൽ അറിയാം.” രാജു പറഞ്ഞു. സന്തോഷിന്റെ മൃതശരീരത്തിന്റെ ഫോട്ടോഗ്രാഫിൽ വയർ വീർത്തിട്ടില്ല എന്നുള്ള വിവരം അദ്ദേഹം ആവർത്തിക്കുന്നുണ്ടായിരുന്നു.

പടിഞ്ഞാറെത്തറ പോലീസ് സ്റ്റേഷനിൽ സന്തോഷിന്റെ മരണത്തിൽ സംശയങ്ങളുണ്ടെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പരാതി കൊടുക്കാൻ രാജു ശ്രമിച്ചിരുന്നു. എന്നാൽ മരണം നടന്നത് കർണാടകയിലെ കുടകിൽ ആയതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് പൊലീസ് രാജുവിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത് കൂടാതെ, വാളാരംകുന്ന് കോളനി പ്രദേശത്ത് തന്നെയുള്ള ജോഷി എന്ന വ്യക്തി സന്തോഷിന്റെ ഭാര്യ സന്ധ്യയോട് പൊലീസ് കേസൊന്നും നൽകേണ്ടതില്ലെന്ന് ഒന്നിലധികം തവണ ഉപദേശരൂപത്തിൽ പറഞ്ഞതും ഇവർക്കിടയിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്.

ശ്രീധരൻറെ മരണം അന്വേഷിക്കണം

2023 ഫെബ്രുവരി 17നാണ് കർണാടകയിലെ കുടക് ജില്ലയിലെ ഉതുക്കേരിയിൽ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ ശ്രീധരന്റെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം നടത്തി രണ്ട് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളാരും എത്താതിനാൽ അജ്ഞാത മൃതശരീരമായി കണ്ട് മടിക്കേരിയിലെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ ശ്രീധരന്റെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. 2023 ഏപ്രിൽ 18ന് ശ്രീധരന്റെ സഹോദരൻ അനിൽ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ നൽകിയ കാണ്മാനില്ല പരാതിയെ തുടർന്നാണ് ശ്രീധരന്റെ മരണവിവരം കുടുംബം അറിയുന്നത്. ശ്രീധരന്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ കണ്ടാണ് അനിൽ മൃതദേഹം തിരിച്ചറിഞ്ഞത്.

സഹോദരന്റെ മരണത്തിൽ വീണ്ടും സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്ന് പറയുകയാണ് അനിൽ. “ചേട്ടന്റെ കൂടെ പോയവർ തിരിച്ചുവന്നിരുന്നു. അതിലൊരു കൂട്ടം പറഞ്ഞത് വേറെ സൗക്കാറിന്റെ (മുതലാളിയുടെ) കീഴിൽ ചേട്ടൻ കുടകിൽ പണിയെടുക്കുന്നുണ്ടെന്നാണ്. മറ്റുള്ളവർ പറയുന്നത് ചേട്ടൻ കുട്ടം വരെ വന്നിട്ട് കാണാതായിയെന്നാണ്.” പൊലീസ് കാണിച്ച് തന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ താൻ തിരിച്ചറിഞ്ഞ മൃതദേഹം ഒരുവേള ചേട്ടന്റെ അല്ലെങ്കിലോ എന്ന പ്രതീക്ഷ ഈ ആശങ്കകൾ അനിലിന് നൽകുന്നുണ്ട്.

ശ്രീധരനെ കുടകിലേക്ക് എത്തിച്ചത് ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷാണ്. കുടകിലേക്ക് ആദിവാസികളെ എത്തിക്കുന്ന ഏജന്റാണ് സുരേഷ്. ശ്രീധരൻ മരിച്ചതിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ സുരേഷിന് ശ്രീധരന്റേതെന്ന് പറയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫ് ലഭിച്ചിരുന്നുവെന്നാണ് അനിൽ ആരോപിക്കുന്നത്. “ചേട്ടൻ മരണപ്പെട്ട് ഒരു രണ്ടര മാസം കഴിഞ്ഞാണ് കാണാതായെന്ന് പറഞ്ഞ് ഞങ്ങൾ കേസ് കൊടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോകുമ്പോഴാണ് ഒരു ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും നിന്റെ ചേട്ടനാണോന്ന് നോക്കാനും പറഞ്ഞ് ഫോട്ടോ കാണിച്ചുതന്നത്. മുമ്പ് എന്താണ് കാണിച്ച് തരാത്തതെന്ന് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞിരുന്നില്ല.” അനിൽ ഓർമ്മിച്ചു. “ഫോട്ടോയിൽ മുഖം നിറയെ മുറിപ്പാടുകളുണ്ടായിരുന്നു. മീൻ കടിച്ചതെന്നാണ് പോലീസ് പറഞ്ഞുതന്നത്. പക്ഷെ വെള്ളത്തിൽ ഇറങ്ങാൻ പേടിയുള്ള ആള് എങ്ങനെ കുളത്തിൽ ഇറങ്ങും?”

ശ്രീധരൻ മരണപ്പെട്ട് ആറ് മാസം കഴിയുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണസർട്ടിഫിക്കറ്റോ ശ്രീധരൻറെ കുടുംബത്തിന് ലഭ്യമായിട്ടില്ല. ഇതൊക്കെ ലഭ്യമാക്കണമെങ്കിൽ കർണാടകയിലെ ശ്രീമംഗലം പോലീസ് സ്റ്റേഷൻ വരെ പോകണമെന്നും അതുവരെ പോകാനുള്ള കാശ് ഇല്ലെന്നുമാണ് അനിൽ നിരാശയോടെ പറഞ്ഞുനിർത്തിയത്. ശ്രീധരൻറെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ പോലീസ് മേധാവിക്ക് ശ്രീധരന്റെ കുടുംബം പരാതി നൽകിയിട്ടുമുണ്ട്.

വസ്തുതാന്വേഷണ സമിതി പുൽപ്പള്ളി പാളക്കൊല്ലി കോളനിയിൽ

നീതി തേടുന്ന വസ്തുതാന്വേഷണ സമിതി

വാളാരംകുന്ന് കോളനിയിലെ ശ്രീധരനും, കൊയ്ത്തുപാറ കാട്ടുനായ്ക ഊരിലെ സന്തോഷിനും പുറമെ, കഴിഞ്ഞ ജൂൺ മാസത്തിൽ പുൽപ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കുടകിലെ തോട്ടത്തിൽ ഷെഡിൽ ബോധരഹിതനായി കിടന്നിരുന്ന ശേഖരനെ നാട്ടിൽ നിന്ന് സഹോദരൻ എത്തിയാണ് സർഗൂർ വിവേകാനന്ദ മെമ്മോറിയിൽ ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ചാണ് ശേഖരൻ മരണപ്പെടുന്നതും. മൃതദേഹവുമായി ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മൃതദേഹത്തിലെ ആഴത്തിലുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഐ.സി.യുവിൽ പ്രവേശിക്കപ്പെട്ട ശേഖരനെ പലവട്ടം ബന്ധുക്കൾ സന്ദർശിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന മുറിവെങ്ങനെ മൃതദേഹത്തിലുണ്ടായി എന്നാണ് ശേഖരന്റെ ബന്ധുക്കൾ ഉയർത്തുന്ന ചോദ്യം. ശേഖരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നില്ല. മരണം നടന്ന ആദ്യ ദിവസങ്ങളിൽ ശേഖരന്റെ കുടുംബക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിക്കാതെയായി. ഇതിന് സാമ്പത്തിക സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നുമുണ്ട്.

വയനാട്ടിൽ നിന്നും കുടകിൽ പണിക്ക് പോകുന്ന ആദിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്ന വാർത്തകൾ വീണ്ടും ഉയർന്നുവരാൻ തുടങ്ങിയതോടെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) എന്ന പൗരാവകാശ കൂട്ടായ്മ വിവിധ മനുഷ്യാവകാശ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് വസ്തുതാന്വേഷണ സംഘം രൂപീകരിച്ചു. കുടകിൽ പണിക്കുപോയി കാണാതായവരുടെയും മരണപ്പെട്ടവരുടെയും വീടുകളിൽ ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. വസ്തുതാന്വേഷണ സംഘം തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ, അമിത ജോലിയും തുച്ഛമായ വേതനത്തിനും പുറമെ തൊഴിലുടമയുടെ മർദ്ദനവും കാരണം കുടകിൽ നിന്നും നാട്ടിലേക്ക് രക്ഷപ്പെട്ടെത്തിയ തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരിൽ നിന്നുമുള്ള അരുണിനെ തൊഴിലുടമയും സംഘവും കോളനിയിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോയെന്നും പ്രതിപാദിക്കുന്നുണ്ട്. ജില്ലയിൽ വിവിധ മേഖലകളിലായുള്ള ആദിവാസി ഊരുകളിൽ നിന്നും ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്തവയായി മരണങ്ങളും തിരോധാനങ്ങളും അനവധിയുണ്ടാകുമെന്ന് വസ്തുതാന്വേഷണ സംഘം വിലയിരുത്തുന്നു.

2008ൽ നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തിൽ വയനാട് സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ കുടകിലെ തോട്ടങ്ങളിൽ നിന്ന് ആദിവാസികളുടെ 122 ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുടകിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികളുടെ വിവരം രജിസ്റ്റർ ചെയ്യപ്പെടണമെന്ന വ്യവസ്ഥ 2007 ആഗസ്റ്റിൽ വയനാട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ അത്തരം നടപടികൾ ഇപ്പോൾ വേണ്ടവിധം നടപ്പിലാക്കപ്പെടുന്നില്ല.

കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ, ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് ആക്ട് നടപ്പിലാക്കുന്ന കേരള സർക്കാർ കേരളത്തിൽ നിന്നും കുടകിലേക്ക് പോകുന്ന വയനാട്ടിലെ ആദിവാസികളുടെ വേതനവും തൊഴിൽ സാഹചര്യവും പരിശോധിക്കുന്നില്ലെന്നും സംസ്ഥാനത്തിന് പുറത്ത് ദുരൂഹമായി മരണപ്പെടുന്ന ആദിവാസി തൊഴിലാളികൾക്കായി നഷ്ടപരിഹാരം പോലും ലഭ്യമാക്കുന്നില്ലെന്നും വസ്തുതാന്വേഷണ സംഘം ആരോപിക്കുന്നു. ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സർക്കാർതലത്തിൽ അന്തർ സംസ്ഥാന ചർച്ചകൾ ഉടൻ നടക്കേണ്ടതുണ്ടെന്നും എസ്.എസി-എസ്.ടി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന ലേബർ ഡിപ്പാർട്ട്മെന്റ് എന്നീ വകുപ്പുകൾ പ്രശ്നത്തിൽ ഇടപെട്ട് മതിയായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കൂടാതെ കേരളത്തിൽ നിന്നും കുടകിലേക്ക് പണിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹമരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയ്ക്ക് എ.പി.സി.ആർ കത്ത് അയച്ചിട്ടുമുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 16, 2023 3:36 pm