മൂന്നാറിലെ തൊഴിലാളികൾക്ക് ടാറ്റയുടെ കുടിയിറക്കൽ നോട്ടീസ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1937 ലാണ് തമിഴ്‌നാട്ടിലെ രാജപുരത്ത് നിന്ന് എബ്രഹാമും രാജമ്മയും മലകയറി മൂന്നാറിലെത്തുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ സ്ഥിരമായ ജോലി എന്നതായിരുന്നു ആകർഷണം. സ്വന്തം നാട്ടിൽ ശേഷിച്ചിരുന്നതെല്ലാം വിറ്റുകിട്ടിയ പണവുമായി മൂന്നാറിലെത്തിയ ആ കുടുംബം കഴിഞ്ഞ 89 വർഷമായി ഇവിടെയുണ്ട്, കണ്ണൻ ദേവൻ കമ്പനി തൊഴിലാളികൾ എന്ന നിലയിൽ ലഭിച്ച ഒറ്റമുറി ലയത്തിൽ. മൂന്ന് തലമുറയായി ജീവിച്ചുവന്നിരുന്ന ആ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ലയം ഇന്നവർക്ക് അന്യമാകുകയാണ്. എബ്രഹാമിന്റെ മകൻ ഫ്രാൻസിസിന്റെ മക്കൾ മറ്റ് ജോലി തേടിയതോടെ അവർ എത്രയും വേഗം ലയം ഒഴിയണമെന്നാണ് കമ്പനി നൽകിയ നോട്ടീസിൽ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് നൽകിയിരിക്കുന്ന അന്ത്യശാസനം. 1959 കേരള പ്ലാന്റേഷൻ ലേബർ ചട്ടം 63 (2) പ്രകാരം ചീഫ് ഇൻസ്പെകടർ ഓഫ് പ്ലാന്റേഷൻസിനെ അധികാരപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. കണ്ണൻ ദേവൻ കമ്പനിയിലെ തമിഴ് തൊഴിലാളികളുടെ അടിമ ജീവിതത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. നാലുതലമുറകളായി ഒരേ ഒറ്റമുറി ലയത്തിൽ താമസിക്കുകയാണെങ്കിലും ആ മണ്ണിനും വീടിനും ഒരവകാശവും അവർക്കില്ല.

ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് നൽകിയ നോട്ടീസ്.

ടാറ്റ സ്വന്തമാക്കിയ മലനിരകൾ

പൂഞ്ഞാർ രാജാവിന്റെ അധീനതയിലായിരുന്നു ഇന്നത്തെ ദേവികുളം താലൂക്കിലെ മൂന്നാർ ഉൾപ്പെടുന്ന ഭൂപ്രദേശം.1793 ൽ തിരുവിതാകൂറിന്റെ മേൽക്കോയ്മ അംഗീകരിച്ച് പൂഞ്ഞാർ രാജവംശം ഭരണമൊഴിഞ്ഞു. ഉടുമ്പൻചോല, പീരുമേട് പ്രദേശങ്ങൾ 1842 ഓടെ തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. അവശേഷിച്ച കണ്ണൻ ദേവൻ മലനിരകൾ അന്നത്തെ പൂഞ്ഞാർ രാജാവ് കേരളവർമ്മ 1877 ജൂലായ് 11ലെ പാട്ടക്കരാർ പ്രകാരം ജോൺ ഡാനിയൽ മൺറോ എന്ന ബ്രിട്ടീഷുകാരന് കൈമാറിയെന്നാണ് ചരിത്രം. തുടർന്ന് കൊടുംകാടായിരുന്ന പ്രദേശം കൃഷി യോഗ്യമാക്കാൻ ഇംഗ്ലീഷുകാർ തീരുമാനിക്കുകയായിരുന്നു.

മദ്രാസ് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനായിരുന്ന ഗ്രിബൾ ടർണറും സഹോദരൻ എ.ഡബ്യു. ടർണറും കൂടി മൺറോയുടെ ഭൂമി സന്ദർശിക്കാനെത്തി. തുടർന്ന് ഇവർ മൺറോയുമായി സഹകരിച്ച് നോർത്ത് ട്രാവൻകൂർ ലാന്റ് പ്ലാന്റിം​ഗ് ആന്റ് അഗ്രികൾച്ചറൽ സൊസൈറ്റി രൂപീകരിച്ചു. തുടർന്ന് മൺറോ പാട്ടത്തിനെടുത്ത വനഭൂമി ഈ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനാവശ്യമായ തൊഴിലാളികളെ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിൽ നിന്നുമാണ് കൂട്ടത്തോടെ പശ്ചിമഘട്ടത്തിലേക്കെത്തിച്ചത്. അവിടെ നിന്നാണ് മൂന്നാറിലെ തമിഴ് തൊഴിലാളികളൂടെ ചരിത്രം ആരംഭിക്കുന്നത്.

മൂന്നാർ ടൗൺ. കടപ്പാട്: pretty.blue@pinterest

തൊഴിലാളികളെ കൂട്ടത്തോടെ മൂന്നാറിലെത്തിച്ചെങ്കിലും ഭൂമിയോ ഭൂമിയിന്മേലുള്ള അവകാശമോ ഇവർക്കുണ്ടായിരുന്നില്ല. തൊഴിൽ ചെയ്യുന്ന കാലത്തോളം ലയങ്ങളിൽ താമസിക്കാൻ അവരെ അനുവദിച്ചെന്ന് മാത്രം. ബ്രിട്ടീഷ് കമ്പനികൾ പൂർണ്ണമായും പിൻവാങ്ങിയതോടെ 1983ൽ കണ്ണൻദേവൻ കുന്നുകൾ പൂർണ്ണമായും ടാറ്റയുടെ അധീനതയിലാകുകയായിരുന്നു. എന്നാൽ ബ്രിട്ടീഷ് കാലഘട്ടം അവസാനിച്ചെങ്കിലും തൊഴിലാളി ചൂഷണത്തിന് ഒരു മാറ്റവുമുണ്ടായില്ല. കയറിക്കിടക്കാൻ ആകെയുള്ള സ്ഥലം നഷ്ടപ്പെടാതിരിക്കണമെങ്കിൽ കമ്പനിയിലെ തൊഴിൽ നിലനിർത്തണമായിരുന്നു. കുറഞ്ഞ കൂലിക്ക് പണിയെടുക്കണം. അല്ലെങ്കിൽ താമസസ്ഥലം നഷ്ടമാകും. നിർബന്ധിത തൊഴിലിന്റെ ആധുനിക പതിപ്പാണ് മൂന്നാറിൽ ഇന്നും നടക്കുന്നത്. അടിമ സമ്പ്രദായത്തിന് സമാനമായ ഈ ചൂഷണം തലമുറകളായി തുടരുകയാണെങ്കിലും പരിഷ്‌കൃത സമൂഹം ഇതിനെ ഗൗരവമായി കണ്ടില്ല എന്നിടത്താണ് കമ്പനിയുടെ വിജയം കുടികൊള്ളുന്നത്.

രണ്ട് നൂറ്റാണ്ടിലധികമായി ഒറ്റമുറി ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് മൂന്നാറിലുള്ളത്. നാല് തലമുറകളായി അവർ ഈ ഒറ്റമുറി ലയത്തിലെ അടിമജീവിതത്തിന് നിർബന്ധിക്കപ്പെടുകയായിരുന്നു. താമസസ്ഥലം നഷ്ടമാകുമെന്ന ഭീതി അവരെ ഇവിടെത്തന്നെ തുടരാൻ പ്രേരിപ്പിച്ചു. എബ്രഹാമിന്റെ മകൻ ഫ്രാൻസിസും ഇവിടെത്തന്നെ ജനിച്ച് ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. പൊമ്പിള ഒരുമ സമരത്തിന് ശേഷമാണ് ഏറെക്കാലത്തിന് ശേഷം കൂലിയിൽ വർധനവുണ്ടായത്, അതുതന്നെ നാമ മാത്രമായിരുന്നു. കൂലി 500 രൂപയാക്കണം എന്നായിരുന്നു പൊമ്പിള ഒരുമ സമരത്തിന്റെ മുഖ്യ ഡിമാന്റ്. എന്നാൽ സമരം നടന്നിട്ട് പത്തുവർഷത്തിനുശേഷം ഇപ്പോൾ കൂലിയായി കിട്ടുന്നത് 540 രൂപയാണ്. 502 രൂപയായിരുന്ന കൂലി കഴിഞ്ഞ ഏപ്രിലിലാണ് 540 ആക്കി വർധിപ്പിച്ചത്. ഈ പരിമിതമായ കൂലി ജീവിതച്ചെലവുകൾ നിർവഹിക്കാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവ് പുതിയ തലമുറയെ മറ്റ് തൊഴിലുകൾ തേടാൻ പ്രേരിപ്പിക്കുകയാണ്. ഇങ്ങനെ മറ്റ് ജോലികൾ തേടിയ നിരവധി കുടുംബങ്ങൾക്കാണ്, അവർ നാലു തലമുറയായി കഴിയുന്ന ലയങ്ങൾ ഒഴിയണമെന്ന നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കണ്ണൻ ദേവൻ കമ്പനി ലയങ്ങളിലെ തൊഴിലാളികൾ. കടപ്പാട്: thefederal.com

ഭൂപരിഷ്‌കരണത്തിൽ നിന്ന് പുറത്തായ മൂന്നാർ

കേരളത്തിലെ കാർഷിക ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒന്നാണ് ‘കേരള ഭൂപരിഷ്‌കരണ നിയമം, 1963’. എന്നാൽ യഥാർത്ഥ കർഷകരായിരുന്ന തൊഴിലാളികളായ കുടികിടപ്പുകാർക്ക് അഞ്ച് സെന്റിന്റെ കുടികിടപ്പവകാശം മാത്രമാണ് ഈ നിയമം വഴി ലഭിച്ചത്. ഭൂവുടമകൾക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ച ഭൂപരിഷ്‌കരണ നിയമം തോട്ടങ്ങളെ പക്ഷേ ഒഴിവാക്കുകയായിരുന്നു. ഭൂമി തുണ്ടുവത്കരിക്കപ്പെടുന്നത് തോട്ടം കൃഷിയെയും ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും എന്ന ന്യായമായിരുന്നു തോട്ടങ്ങൾക്ക് നൽകിയ ഇളവിന്റെ കാരണം. എന്നാൽ ഈ ഇളവിന്റെ മറവിൽ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ഭൂവുടമകൾ തങ്ങളുടേതാക്കി നിലനിർത്തിയത്. മിച്ചഭൂമിയായി ലഭിക്കേണ്ടിയിരുന്ന ഈ ഭൂമി സ്വകാര്യ ഉടമകളൂടെ കൈവശം തന്നെ തുടർന്നു. ലക്ഷക്കണക്കിന് ഭൂരഹിതർക്ക് നിയമം മൂലം ലഭ്യമാകേണ്ടിയിരുന്ന മിച്ചഭൂമിയാണ് ഈ നിയമത്തിന്റെ പഴുതുകളിലുടെ സ്വകാര്യഭൂമിയായി തുടർന്നത്.

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം ഏക്കർ തോട്ടം ഭൂമി വിദേശ കുത്തകകളുടെ കൈയിലെത്തിയെന്നാണ് കണക്ക്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ ഹാരിസൺ ഭൂമി സംബന്ധിച്ച റിപ്പോർട്ട്, രാജമാണിക്യം റിപ്പോർട്ട്, സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായിരുന്ന സുശീല ഭട്ടിന്റെ ഇടപെടലുകൾ എന്നിവ നഷ്ടമായ തോട്ടം ഭൂമി സംബന്ധിച്ച കണക്കുകൾ പൊതു സമൂഹത്തിന് മുമ്പിൽ വെളിപ്പെടുത്തുകയുണ്ടായി. മൂന്നാറിൽ ടാറ്റ അനധികൃതമായി കൈവശം വെച്ചിരുക്കുന്ന ഭൂമി സംബന്ധിച്ച റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതായിരുന്നു. 1967ൽ അന്നത്തെ റവന്യൂ മന്ത്രി കെ.ആർ. ഗൗരിയമ്മ, കണ്ണൻ ദേവൻ ഭൂമിപ്രശ്‌നം സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ചരിത്രമാണ്. 1877 ൽ പൂഞ്ഞാർ രാജാവും ജോൺ ഡാനിയേൽ മൺറോയും തമ്മിലുള്ള ഉടമ്പടി പ്രകാരം കണ്ണൻ ദേവൻ കമ്പനിയുടെ തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമി പാട്ടവ്യവസ്ഥയിൽ കൊടുത്തിട്ടുള്ളതാണെന്നാണ് മന്ത്രി പറഞ്ഞത്. അതുകൊണ്ടുതന്നെ 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണ നിയം നിലവിൽ വന്നപ്പോൾ വിദേശ കമ്പനികളുമായുള്ള എല്ലാ പാട്ടകരാറുകളും സ്വയമേവ റദ്ദാകേണ്ടിയിരുന്നതാണ്. എന്നാൽ ഭൂപരിഷ്‌കരണ നിയമപ്രകാരം കണ്ണൻ ദേവൻ കമ്പനി ഭൂപരിധി സംബന്ധിച്ച സീലിംഗ് റിട്ടേൺ സമർപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കണ്ണൻദേവൻ കമ്പനിയുടെ കൈവശമിരിക്കുന്നതും, കമ്പനി കൃഷി ചെയ്യാതെയിട്ടിരിക്കുന്നതുമായ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഭൂമി സർക്കാരിൽ നിക്ഷിപ്തമായെങ്കിലും കമ്പനി സുപ്രീംകോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി. ഇത് മറികടക്കാനാണ് കണ്ണൻ ദേവൻ ഭൂമി വീണ്ടെടുക്കൽ നിയം 1971 ൽ സംസ്ഥാന സർക്കാർ പാസ്സാക്കിയത്.

എന്നാൽ നിയമത്തിലെ വകുപ്പ് 4(1) പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയിൽ പ്ലാന്റേഷന്റെ കാര്യക്ഷമമായ നടത്തിപ്പിനും സംരക്ഷണത്തിനും ആവശ്യമുള്ള ഭൂമി തിരികെ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ പ്രകാരം ഭൂമി തിരികെകിട്ടുന്നതിന് കണ്ണൻ ദേവൻ അപേക്ഷ നൽകി. തുടർന്ന് കമ്പനിക്ക് 57235 ഏക്കർ ഭൂമി തിരികെ നൽകാൻ ലാൻഡ് ബോർഡ് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവനുസരിച്ച് കമ്പനിക്ക് ആധാരം രജിസ്റ്റർ ചെയ്ത് നൽകുകയും പിന്നീട് ദേവികുളം തഹസിൽദാർ പോക്കുവരവ് നടത്തിക്കൊടുക്കുകയും ചെയ്തു. 1963 ലെ ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സർക്കാരിൽ നിക്ഷിപ്തമാകുമായിരുന്ന ഭൂമിയാണ് ഇങ്ങനെ കണ്ണൻ ദേവൻ കമ്പനിക്ക് സ്വന്തമായത്. ഈ അട്ടിമറിക്ക് രാഷ്ട്രീയ നേതൃത്വങ്ങൾ കൂട്ടുനിന്നതോടെ തൊഴിലാളികളുടെ അവസ്ഥ നരകതുല്യമായി തുടർന്നു. ആ അവസ്ഥക്ക് ഇന്നും കാര്യമായ മാറ്റമെന്നും സംഭവിച്ചിട്ടില്ലെനനാണ് തൊഴിലാളികൾ കണക്കുകൾ നിരത്തി പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും കേരളത്തിൽ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് കൃഷി ചെയ്യാൻ സംവിധാനങ്ങൾ നിലവിലുണ്ട്. മാത്രമല്ല തൊഴിലാളികൾക്ക് ഭവന പദ്ധതികൾക്കായി സ്ഥലം മാറ്റിവെച്ചിട്ടുമുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിലെ തോട്ടങ്ങളിൽ തോട്ടമുടമകൾ ആവശ്യത്തിലധികം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും അത് തൊഴിലാളികൾക്ക് വാസസ്ഥലങ്ങൾക്കായി പതിച്ചുകൊടുക്കേണ്ട ഭൂമിയാണെന്നും 1931 ലെ റോയൽ കമീഷൻ ഓഫ് ലേബർ ചൂണ്ടിക്കാണിച്ചിരുന്നു.

മൂന്നാറിലെ തോട്ടം തൊഴിലാളികൾ. കടപ്പാട്:broganabroad

ഏറ്റെടുക്കുമോ പാട്ടഭൂമി?

പരമ്പരാഗത ട്രേഡ് യൂണിയൻ നേതൃത്വങ്ങളെ വെല്ലുവിളിച്ച് പൊമ്പിള ഒരുമയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരം ഇന്ത്യയിലെ തൊഴിലാളി സമരചരിത്രത്തിൽ തന്നെ നിർണായകമായ ഒരേടാണ് എഴുതിച്ചേർത്തത്. ട്രേഡ് യൂണിയൻ നേതൃത്വങ്ങൾ ഒറ്റക്കെട്ടായി സമരത്തെ പരാജയപ്പെടുത്താൻ ഒരുമിച്ചെങ്കിലും പൊതുസമൂഹത്തിന്റെ നിർലോഭമായ പിന്തുണ സമരത്തിന് ലഭിച്ചു. സമരം പൂർണ്ണവിജയം നേടിയില്ലെങ്കിലും സമരക്കാർ ഉയർത്തിയ വിഷയങ്ങൾ പൊതുസമൂഹം ചർച്ച ചെയ്തു. അതിലൊന്നായിരുന്നു തലമുറകളായി യാതൊരുവിധ ഉടമാവകാശവുമില്ലാതെ ഒറ്റമുറി ലയത്തിൽ കഴിയുന്ന തൊഴിലാളികളുടെ ദൈന്യത.

എന്നാൽ ടാറ്റയുടെ കൈവശത്തിലുള്ള പാട്ടഭൂമി ഏറ്റെടുക്കാനും നിർധനരായ തൊഴിലാളി കുടുംബങ്ങളുടെ പാർപ്പിടം എന്ന അടിസ്ഥാന ആവശ്യം നിർവഹിക്കാനും സർക്കാരിൽ നിന്ന് നടപടികളുണ്ടായില്ല. സമരത്തോടൊപ്പം നിന്ന പൊതുസമൂഹവും സംഘടനകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയതുമില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പ്രദേശങ്ങളിൽ വീട് നൽകാമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ച് അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധി തൊഴിലാളികളുണ്ട്. റിട്ടയർമെന്റ് പ്രായം കഴിഞ്ഞിട്ടും കരാറടിസ്ഥാനത്തിൽ തോട്ടത്തിൽ ജോലി ചെയ്യുന്നവരുമുണ്ട്. ഇതിലൂടെ ലയത്തിൽ നിന്ന് കുടിയിറക്കപ്പെടുന്നത് ഒഴിവാക്കാനാകുമോ എന്നാണവർ ചിന്തിക്കുന്നത്. തോട്ടത്തിലെ തണുപ്പും മഞ്ഞുമേറ്റുള്ള ജോലി നൽകിയ രോഗങ്ങളല്ലാതെ, മറ്റ് സമ്പാദ്യമൊന്നും ഈ തൊഴിലാളികൾക്കില്ല. വീട് എന്ന സ്വപ്‌നം സഫലമാകുമോ എന്ന പ്രതീക്ഷയും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പാട്ടഭൂമി തിരിച്ചുപിടിക്കാൻ സതീശൻ സർക്കാർ തയാറാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

Also Read

5 minutes read August 14, 2026 1:11 pm