Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ നിന്നും അവരെ കുടിയൊഴിപ്പിക്കാനൊരുങ്ങി കണ്ണൻ ദേവൻ കമ്പനി. ആദ്യഘട്ടമായി, തെരഞ്ഞെടുപ്പിന്റെ മറവിൽ പൊലീസിൻ്റെ സഹായത്തോടുകൂടി നല്ലതണ്ണി, ചൊക്കനാട്, പെരിയവാര തുടങ്ങിയ എസ്റ്റേറ്റുകളിലെ കിടപ്പാടമില്ലാത്ത തൊഴിലാളികളോട് അവിടെ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ പറയുന്നു. അതിനെ തുടർന്നാണ് നാല് ദിവസം മുമ്പ് വാഗുവാര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷലെ കാളിദാസൻ എന്ന തൊഴിലാളിയുടെ വീടിൻ്റെ മേൽക്കൂരയും കതകും ജനലും എല്ലാം അടിച്ചുപൊട്ടിച്ച് കമ്പനിയുടെ ഡെപ്യൂട്ടി മാനേജരായ രാകേഷ് രവിയും സംഘവും അനതികൃതമായി കുടിയിറക്കാൻ ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറലോകം ഈ സംഭവം അറിയുന്നത്. എന്നാൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കൃത്യമായി ഈ പ്രശ്നത്തെ അടയാളപ്പെടുത്തിയില്ല. ബിഗ് ടിവിയുടെ ഇടുക്കി റിപ്പോർട്ടർ സുജിത്ത് സുരേന്ദ്രനാണ് ആദ്യമായി ഈ വാർത്ത പുറത്ത് കൊണ്ടുവരുന്നത്. തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഈ വാർത്ത അറിഞ്ഞിട്ട് പൊതുസമൂഹത്തോട് പ്രതികരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ പാടില്ല എന്നും ലേബർ കമ്മീഷനോട് റിപ്പോർട്ട് തേടുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു. അതിനെ തുടർന്ന് എംഎൽഎ
ആ വീട് സന്ദർശിക്കുകയും ഉദ്യോഗസ്ഥരോട് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പാടില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ അദ്ദേഹം ഇറങ്ങുന്നതിന് മുമ്പേ തന്നെ അവർ കാളിദാസന്റെ വീട് കട്ടവച്ച് അടയ്ക്കാൻ ശ്രമിച്ചു. അവിടെയുള്ള യുവാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസുകാരുടെ വാക്കുപോലും വില വയ്ക്കാതെ എസ്റ്റേറ്റ് മാനേജ്മെൻ്റ് ആ വീട് അടച്ചുപൂട്ടും എന്നമട്ടിൽ പ്രവർത്തിക്കുകയാണ്.


കണ്ണൻദേവൻ കമ്പനിയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് മേൽ ഒരു കോർപ്പറേറ്റ് കമ്പനി ഉയർത്തുന്ന വലിയ വെല്ലുവിളിയായി കാണണം. ഈ നടപടിയിലൂടെ മൂന്നാറിലെ പാവം തൊഴിലാളികളെ വിരട്ടാനാണ് കമ്പനി പദ്ധതി ഇട്ടിട്ടുള്ളത് എന്ന് വ്യക്തമാണ്. 1860കളിൽ ബ്രിട്ടീഷ് പ്ലാൻ്റർമാർ തേയില തോട്ടങ്ങൾ രൂപപ്പെടുത്താൻ തുടങ്ങിയപ്പോൾ തമിഴ്നാട്ടിലെ വരണ്ട ഭൂമികളായ കാഞ്ചിപുരം, തിരുച്ചി, മധുര, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പഞ്ചപാവങ്ങളെ മൂന്നാർ മലകളിലേക്ക് എത്തിച്ചത്. ഈ കൊടും വനപ്രദേശത്തെ താമസയോഗ്യമായ ഭൂമിയാക്കി മാറ്റിയത് ഇന്നത്തെ തൊഴിലാളികളായിട്ടുള്ളവരുടെ നാല് തലമുറ മുന്നിലുള്ളവരാണ്. അവരുടെ പൂർവികരുടെ രക്തവും വിയർപ്പും അധ്വാനവും 1,50,000 ഏക്കർ വരെ പരന്നുകിടക്കുന്ന ആ തേയില തോട്ടങ്ങളിൽ പുതഞ്ഞിരിപ്പുണ്ട്.
കാലങ്ങളായി അധ്വാനം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു തൊഴിലാളി സമൂഹമാണ് മൂന്നാറിൽ നിലനിൽക്കുന്നത്. ജനാധിപത്യ ഇന്ത്യയിൽ പൗരാവകാശ നിയമപ്രകാരം ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത മനുഷ്യരാണ് മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ കൊത്തടിമകളായി ജീവിച്ചിരിക്കുന്നത്. കേരളത്തിൻ്റെ മുഖ്യധാരയിൽ നിന്നും മനഃപൂർവ്വം മാറ്റിനിർത്തപ്പെടുന്ന ഒരു സമൂഹം. അതുകൊണ്ടാണ് മൂന്നാറിൽ എന്ത് സംഭവിച്ചാലും പുറലോകം ആ പ്രശ്നത്തെ ഏറ്റെടുക്കാത്തത്. 1890 മുതൽ ഇന്നുവരെ അവിടെ ജീവിച്ചുവരുന്ന ജനതകൾ കോർപ്പറേറ്റ് കമ്പനികളുടെ അടിമ ജീവിതമാണ് നയിക്കുന്നത്. സ്വന്തമായി ഇരുന്ന മണ്ണിൽ ഒരു തുണ്ട് ഭൂമി പോലും അവർക്ക് അവകാശപ്പെടാനില്ല. അഞ്ച് തലമുറകളായി കമ്പനികൾക്ക് വേണ്ടി സ്വന്തം ജീവനെയും ശരീരത്തെയും വില കൽപ്പിക്കാതെ അധ്വാനിച്ച് കത്തി തീർന്ന, ഊർജ്ജമില്ലാത്ത ജീവിതമാണ് തൊഴിലാളികൾക്ക് കമ്പനിയിൽ നിന്ന് വിരമിക്കുന്നതിന് ശേഷം ജീവിക്കാൻ കഴിയുന്നത്. അവരിൽ ബഹുഭൂരിപക്ഷം ആൾക്കാരും രോഗബാധിതരായി 75 വയസ്സ് ആവുമ്പോഴേക്കും മരിക്കുകയും ചെയ്യുന്നു. അവരുടെ അടയാളങ്ങൾ എല്ലാം കേരളീയർ എന്നാണ്. അവരുടെ തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ് മറ്റുള്ള എല്ലാ അടയാളങ്ങളും കേരളത്തിൽ ജീവിക്കുന്നവർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത് പക്ഷേ, കേരളത്തിൽ ഭൂരഹിതർക്ക് കിട്ടേണ്ട ഒരു ആനുകൂല്യവും മൂന്നാറിൽ ജീവിച്ചുവരുന്ന തൊഴിലാളികൾക്ക് കിട്ടാറില്ല. 1956ന് ശേഷം കേരളത്തിൽ ജീവിച്ചുവരുന്ന മറ്റുള്ളവർക്ക് കിട്ടുന്ന ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ കിട്ടാനും ബുദ്ധിമുട്ടാണ്. ഇതാണ് ഒരു ശരാശരി മൂന്നാർ തൊഴിലാളിയുടെ ജീവിതം, മലകളിൽ തഴച്ചിടപ്പെട്ട ജീവിതം.


വാഗുവാര എസ്റ്റേറ്റ് ലക്കം ന്യൂഡിവിഷനിലെ മാനേജറായ രാകേഷ് രവിയുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഒരു കൂട്ടം ആൾക്കാർ രോഗബാധിതരായ ദമ്പതികളായ കാളിദാസൻ, മീന എന്നിവരുടെ ലയൻസ് വീട് അടിച്ചു പൊട്ടിക്കുകയും അവരെ ആ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുകയും ചെയ്തത്. 10 കൊല്ലത്തിന് മുമ്പ് ഭാര്യ മീനക്ക് ഹൃദയരോഗം ബാധിച്ചതിനെ തുടർന്ന് മലകയറാനും കഠിനാധ്വാനത്തിനും സാധിക്കില്ല എന്നറിഞ്ഞ കാളിദാസൻ പി.ഡബ്ല്യു.ഡിക്ക് സ്വന്തമായ ചട്ടമൂന്നാർ ചെക്ക് പോസ്റ്റിൻ്റെ തൊട്ടടുത്ത് ഒരു പെട്ടിക്കട ഇട്ട് ഉപജീവനമാർഗ്ഗം കണ്ടെത്താൻ ശ്രമിച്ചു. അന്നുമുതലാണ് കാളിദാസൻ കമ്പനിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടുന്നത്. കമ്പനിക്കാർ പറഞ്ഞ ജോലിയല്ലാതെ മറ്റു ഉപജീവനമാർഗങ്ങൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല.
കമ്പനി സർക്കാരിൽ നിന്നും കയ്യേറി വച്ചിരിക്കുന്നത് 75,000 ഏക്കർ സ്ഥലമാണ്. ആ കാര്യങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിന് അവ്യക്തമാണ്. തൊഴിലാളികൾ ആ സ്ഥലങ്ങൾ യാതൊരുവിധ രീതിയിലും ഉപയോഗിക്കരുത് എന്ന വാശിയിലാണ് കമ്പനിക്കാർ. അതിന് പല കാരണങ്ങളുമുണ്ട്. കെ.ഡി.എച്ച്.പി കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പ്രധാന കാരണം. ടാറ്റാ കമ്പനിയുടെ കാലഘട്ടത്തിൽ ശുചിത്വവും സുരക്ഷയുമുണ്ടായിരുന്ന എസ്റ്റേറ്റ് ലയങ്ങളുടെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ്. കഴിഞ്ഞ ബജറ്റുകളിൽ ലയങ്ങളുടെ നവീകരണത്തിന് വേണ്ടി സർക്കാർ മാറ്റിവെച്ച ഒരു തുകയും മൂന്നാറിലെ ലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ലയങ്ങളുടെ അവസ്ഥ ഇങ്ങനെയായിരിക്കെ കമ്പനി ഇപ്പോഴും ബ്രിട്ടീഷ് ഇന്ത്യയിലെ അടിമത്ത രീതിയാണ് തൊഴിലാളികളുടെ മേലിൽ പ്രയോഗിക്കുന്നത്. കുറഞ്ഞ തൊഴിലാളികളെ കൊണ്ട് കൂടുതൽ പണി ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 20 വർഷങ്ങളായി കമ്പനിക്കാർ പ്രവർത്തിച്ചുവരുന്നത്. നഷ്ടപ്പെട്ട കച്ചവടത്തെ മുൻ നിർത്തി നടത്തിയ നാടകത്തെ തുടർന്നാണ് 2016ൽ കമ്പനിക്കെതിരെ പെമ്പിളൈ ഒരുമൈ സമരം രൂപപ്പെട്ടത്. അന്നും തൊഴിലാളികൾ തങ്ങളുടെ കിടപ്പാടങ്ങളുടെ ദയനീയാവസ്ഥയെയും കുറഞ്ഞ കൂലിയെയും മുൻനിർത്തിയാണ് സമരം ചെയ്തത്. 20 ശതമാനം ലഭിക്കേണ്ട ബോണസ് തുക അതിൻ്റെ പൂർണ്ണതയിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോയിട്ട് 20 വർഷമായി. കെ.ഡി.എച്ച്.പി തൊഴിലാളികളെ ദ്രോഹിക്കുന്ന ആ രീതി തുടരുന്നത് മൂന്നാറിലെ തൊഴിലാളി സംഘടനകളുടെ തണലിലാണ് എന്നാണ് ജനങ്ങൾ പറയുന്നത്.


കാളിദാസൻ എന്ന തൊഴിലാളിയുടെ വീട് പൊളിച്ച് ആധുനിക കേരളത്തിൽ നിന്നും അദ്ദേഹത്തിന് പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ മൂന്നാറിൽ മുഖ്യധാരാ തൊഴിലാളി സംഘടനകൾ എല്ലാം നോക്കുകുത്തികൾ ആയിരുന്നു. അവർ ഇപ്പോഴും നിശബ്ദത തുടരുകയാണ്. കമ്പനിയുടെ ഈ മുഖം തുറന്നുകാണിച്ച കാളിദാസനെതിരെ കമ്പനിക്കാർ അവിടുത്തെ തൊഴിലാളികളെ മുൻ നിർത്തി കുറ്റക്കാരനാക്കുന്ന സമീപനമാണ് മൂന്നാറിൽ കാണുന്നത്. മൂന്നാറിൽ അഞ്ച് തലമുറകളായി ജീവിച്ചിട്ട് സ്വന്തം സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികളെ കുടിയിറക്കാനാണ് കെ.ഡി.എച്ച്.പി കമ്പനി ശ്രമിക്കുന്നത്. ഒരു തരത്തിൽ ഇത് നിയമലംഘനമാണ്. തൊഴിലാളികൾക്ക് സ്വന്തമായി സ്ഥലവും വീടും നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെ.ഡി.എച്ച്.പി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനുമുമ്പും കുറച്ച് തൊഴിലാളികളെ പുറത്താക്കാൻ കമ്പനി ശ്രമിച്ചപ്പോൾ ലേബർ കോടതിയിൽ അത്തരത്തിലുള്ള തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്. ആ കേസും നിലനിൽക്കെ കമ്പനിക്കാർ ജനാധിപത്യ ഇന്ത്യയുടെ ഒരു സ്വഭാവവും ഉൾക്കൊള്ളാതെ, നിയമം ലംഘിച്ചുകൊണ്ട് ചൊക്കനാട്, ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും മൂന്നാറിലെ മറ്റുള്ള എസ്റ്റേറ്റുകളിലും വഴിയാധാരമില്ലാതെ ജീവിച്ചുവരുന്ന തൊഴിലാളികളെ പുറത്തിറക്കി വിടാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് കുറേ തൊഴിലാളികളെ പേടിപ്പിച്ചിട്ടുണ്ട് എന്നാണ് തൊഴിലാളികൾ പറയുന്നത്. കമ്പനിക്കെതിരെ ശബ്ദിക്കാൻ അവർക്ക് പേടിയാണ്. ഈ പേടിയാണ് കമ്പനിയുടെ മുതൽക്കൂട്ട്. അതുകൊണ്ട് തലമുറ തലമുറകളായി മൂന്നാറിൽ ജീവിച്ചുവരുന്ന തൊഴിലാളികളെ യാതൊരു കാരുണ്യവും ഇല്ലാതെ ഇവിടെ നിന്നും പുറത്താക്കി അവരുടെ അടയാളങ്ങളെ മായിച്ചുകളയാനാണ് കെ.ഡി.എച്ച്.പി കമ്പനി ശ്രമിക്കുന്നത്. മൂന്നാർ വിട്ടുപോയാൽ ജീവിതം തന്നെ ചോദ്യചിഹ്നമാവുന്ന ഒരു കൂട്ടം ഭൂരഹിതരായ ദലിത് പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് നേരെയാണ് കമ്പനി ഇത്തരത്തിലുള്ള നടപടിക്ക് ഒരുങ്ങുന്നത്. ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണ്.
നവകേരളത്തിൽ മൂന്നാർ തൊഴിലാളികളുടെ അവസ്ഥ വളരെ സങ്കീർണമാണ്. സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയൂ. പക്ഷേ, മൂന്നാർ തൊഴിലാളികളുടെ കാര്യത്തിൽ സർക്കാർ ഇതുവരെ കൃത്യമായ ഇടപെടലുകൾ ഒന്നും നടത്തുന്നില്ല. എപ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് മൂന്നാർ തൊഴിലാളികൾക്ക് ജീവിക്കേണ്ടി വരുന്നത് ഇനിയെങ്കിലും ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനുള്ള അവസ്ഥ കേരള സർക്കാർ മൂന്നാറിലെ പാവം തോട്ടം തൊഴിലാളികൾക്ക് ഒരുക്കിയാൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗവും മുന്നിലില്ലാത്തതുകൊണ്ട് മൂന്നാറിൽ തൊഴിലാളികളുടെ കൂട്ട ആത്മഹത്യ ഉണ്ടാവുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സാമൂഹിക പ്രവർത്തകരും മനുഷ്യവകാശ പ്രവർത്തകരും രാഷ്ട്രീയ കേരളവും മൂന്നാർ ജനങ്ങൾക്ക് ഒപ്പം നിന്ന് അവർക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും സാധ്യമാക്കണം. മൂന്നാറിലെ ഒരു തോട്ടം തൊഴിലാളിയുടെ മകൻ എന്ന രീതിയിൽ പൊതുസമൂഹത്തിനോട് എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്.
(ഗവേഷകൻ, അധ്യാപകൻ. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന ‘മലങ്കാട്’ എന്ന പുസ്തകത്തിന്റെ രചയിതാവ്.)

