സംഘപരിവാറും അവർ നിയന്ത്രിക്കുന്ന സർക്കാരും ചേർന്ന് ഹിന്ദുത്വവത്കരണ അജണ്ടകൾ ആസൂത്രിതമായി നടപ്പിലാക്കിയ വർഷമായിരുന്നു 2022. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും, ദലിത്-ആദിവാസി പീഡനങ്ങളും, സവർണ സംവരണവും, മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള വ്യാജമായ കേസുകളുമൊക്കെയായി സംഘപരിവാർ തങ്ങളുടെ ഹിന്ദു രാഷ്ട്രനിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ തുടർന്ന വർഷം. എന്തെല്ലാമായിരുന്നു ആ സംഭവങ്ങൾ എന്നത് ഏറെ ജാഗ്രത ആവശ്യപ്പെടുന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
തയ്യാറാക്കിയത്: മൃദുല ഭവാനി
ഗുജറാത്ത് വംശഹത്യയിൽ ബില്‍കീസ് ബാനു കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ട വര്‍ഷമാണ് 2022. സാമ്പത്തിക സംവരണം എന്ന പേരില്‍ സവര്‍ണജാതി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം സുപ്രീം കോടതി അംഗീകരിച്ച വര്‍ഷം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ വന്ന പരാതികളില്‍ സുപ്രീം കോടതി നിലപാടെടുത്ത വര്‍ഷം കൂടിയാണ് 2022. വളരെയധികം സാധാരണവല്‍ക്കരിക്കപ്പെട്ട, ഹിന്ദുത്വര്‍ നടത്തുന്ന വിദ്വേഷ കൊലപാതകങ്ങളും മുസ്‌ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ശക്തമായി വന്ന ബുള്‍ഡോസര്‍ രാജിനും വീട് തകര്‍ക്കലിനും 2022 സാക്ഷിയായി. ഹിന്ദുത്വരുടെ വര്‍ഗീയ പ്രസംഗങ്ങളും ഹിന്ദു മഹാസഭകളിലെ അതിക്രമ ആഹ്വാനങ്ങളും വര്‍ഷത്തിലുടനീളം നടന്നു.
കര്‍ണാടകയിലെ റായ്ചൂരില്‍ റിപബ്ലിക് ദിനത്തില്‍ റായ്ചൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ദേശീയ പതാകയുയര്‍ത്തുമ്പോള്‍ ഡയസില്‍ നിന്നും ഡോ.ബിആര്‍ അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത മല്ലികാര്‍ജുന ഗൗഡയെന്ന ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ പ്രതിഷേധിച്ചു. പക്ഷേ മല്ലികാര്‍ജുന ഗൗഡയെ സ്ഥലംമാറ്റിയതല്ലാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഫെബ്രുവരിയില്‍ ഇതില്‍ പ്രതിഷേധിച്ച് ഒരുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത റാലി നടന്നു. തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് സ്ത്രീയെ പിന്തുടര്‍ന്ന് തടസ്സപ്പെടുത്തിയ സംഭവത്തില്‍ 20 ബ്രാഹ്മണ പൂജാരിമാര്‍ക്കെതിരെ എസ്.സി എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു, എന്നാല്‍ ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോവിഡ് കാരണം പ്രവേശനം പരിമിതപ്പെടുത്തിയ കനകസഭയിലേക്ക് പോകാന്‍ ഭക്തര്‍ നിരന്തരം ആവശ്യപ്പെടുന്നതാണെന്നും അതുമാത്രമേ ചെയ്തിരുന്നുള്ളുവെങ്കിലും വെള്ളി മോഷ്ടിക്കാനാണ് ഇവര്‍ പോയതെന്നാണ് പൂജാരിമാര്‍ ആരോപിച്ചതെന്ന് ന്യൂസ് മിനിറ്റ് റിപോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ വെങ്കൈവയൽ ഗ്രാമത്തിൽ ദലിതരുടെ കുടിവെള്ള ടാങ്കിൽ മനുഷ്യമലം കലർത്തിയ അതിക്രമ സംഭവം റിപോർട്ട് ചെയ്യപ്പെട്ടത് ഡിസംബർ അവസാന ആഴ്ചയിലാണ്. ഈ കുറ്റകൃത്യം സംഘടിതമായി നടന്നതാണെന്നും വർഷങ്ങളോളം സമരം ചെയ്ത് കുടിവെള്ള കണക്ഷൻ നേടിയത് ഇഷ്ടപ്പെടാത്തവരാണ് ഇത് ചെയ്തതെന്നും പ്രശ്നബാധിതരിൽ ഒരാൾ പറഞ്ഞതായി ഐഎഎൻഎസ് റിപോർട്ട് ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കെതിരെയുള്ള സവര്‍ണരുടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമാണ് 2022. ലൈംഗിക അതിക്രമങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മാധ്യമങ്ങളില്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2021ലെ നാഷണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് ജാതീയമായ ആക്രമണ കേസുകളില്‍ 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെട്ടത് വളരെ ചെറിയ ശതമാനം കേസുകളില്‍ മാത്രമാണ്. ഉത്തര്‍ പ്രദേശിലാണ് 2011 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ അതിക്രമ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ദലിത്, ആദിവാസി ജനതയ്ക്ക് നേരെ 2021ല്‍ എന്‍.സി.ആര്‍.ബി ഡാറ്റ കാണിക്കുന്നത് 1081 അതിക്രമങ്ങളാണ്. ഇതില്‍ ലെെംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടും. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എവിഡന്‍സ് എന്ന എന്‍.ജി.ഓയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം 1,272 ജാതി ആക്രമണങ്ങള്‍ തമിഴ്‌നാട്ടില്‍ നടന്നിട്ടുണ്ട്. സംസ്ഥാനത്തെ നാല് ജില്ലകള്‍ ആര്‍ടിഐ അപേക്ഷകളോട് പ്രതികരിച്ചിട്ടില്ല എന്ന് എവിഡന്‍സിന്റെ സ്ഥാപക ഡയരക്ടര്‍ എ കതിര്‍ 2022 ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. സതര്‍ക് നാഗരിക് സംഗതന്‍ എന്ന വിജിലന്‍സ് സംഘടന തയ്യാറാക്കിയ ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളുടെ റിപോര്‍ട്ട് കാര്‍ഡില്‍ ആര്‍.ടി.ഐ അപേക്ഷകളോട് ഏറ്റവും കുറഞ്ഞ പ്രതികരണം നടത്തിയത് തമിഴ്നാട്ടിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ്. 14% ആണ് തമിഴ്നാട്ടിലെ ആര്‍.ടി.ഐ പ്രതികരണ നിരക്ക്. മഹാരാഷ്ട്രയും ഛത്തീസ്ഗഢുമാണ് 50%ല്‍ കുറഞ്ഞ പ്രതികരണ നിരക്കുള്ള സംസ്ഥാനങ്ങള്‍. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ത്രിപുര, മിസോറാം, മണിപൂര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിലാണ് 100% പ്രതികരണ നിരക്കുള്ളത്.
വര്‍ഗീയ അതിക്രമങ്ങള്‍ കലാപമായി റിപോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍
ഏപ്രിലില്‍ രാം നവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഗോവ, മുംബെെ, ഡല്‍ഹി എന്നിവിടങ്ങളില്‍ മുസ്ലീം ജനതയ്ക്കെതിരെ വംശീയ ആക്രമണങ്ങള്‍ നടന്നു. സായുധ റാലികളില്‍ പലതും മുസ്ലീങ്ങളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണങ്ങളിലേക്ക് നയിച്ചുവെന്ന് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. ജയ് ശ്രീറാം വിളിച്ചുകൊണ്ട് മുസ്ലീങ്ങളുടെ കടകളും പള്ളികളും ദര്‍ഗകളും കത്തിച്ചുവെന്നും ഈ ഗ്രൗണ്ട് റിപോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, പല മുഖ്യധാരാ മാധ്യമങ്ങളിലും ഇത് വര്‍ഗീയ സംഘര്‍ഷമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. ജൂണില്‍ ഒപ് ഇന്ത്യ എഡിറ്ററും ബി.ജെ.പി വക്താവുമായ നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശങ്ങളും വര്‍ഗീയ ആക്രമണങ്ങളിലേക്ക് നയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിഷേധിച്ച നൂറിലേറെ പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെ അക്രമങ്ങളുടെ സൂത്രധാരന്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്തു, ജാവേദ് മുഹമ്മദിന്‍റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

2022 ഏപ്രിലില്‍ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിയെത്തുടര്‍ന്നുണ്ടായ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ശേഷം ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ അനധികൃതം എന്നാരോപിച്ച് മുസ്ലീങ്ങളുടെ വീടുകളും കടകളും തകര്‍ക്കാനായി ബുള്‍ഡോസര്‍ ഉപയോഗിച്ചു. സമാനമായ രീതിയില്‍ മധ്യപ്രദേശിലും ഗുജറാത്തിലും ബുള്‍ഡോസര്‍ ഉപയോഗിച്ചു.
2022ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വര്‍ഗീയ വിദ്വേഷ പ്രസംഗ കേസുകള്‍ പരിശോധിക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്‍റെ ലേഖനത്തില്‍, ഹിന്ദു മഹാസഭകളിലൂടെ പൊതുവേദികള്‍ സൃഷ്ടിച്ച് നടത്തിയ വംശീയ പ്രസംഗങ്ങള്‍ പരിശോധിച്ച ഏഴ് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ അഞ്ചും ബി.ജെ.പി അധികാരത്തിലുള്ളവയാണ്. ഒമ്പത് പരിപാടികളില്‍ ബിജെപി നിയമനിര്‍മാതാക്കള്‍ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടുണ്ട്. 2021ലാണ് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു മഹാസഭകള്‍ നടന്നു തുടങ്ങിയത്. പരസ്യമായ വിദ്വേഷ പ്രഖ്യാപനങ്ങളുടെയും പ്രസ്താവനകളുടെയും വേദികളാകുകയായിരുന്നു. ഹിന്ദു ഭീകരവാദികള്‍ മുസ്‌ലീം ജനതയ്‌ക്കെതിരെ ആയുധങ്ങളെടുക്കുവാനും മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി മുസ്‌ലീങ്ങളെ ഇല്ലാതാക്കാനും ഹിന്ദു സ്ത്രീകളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനും ആഹ്വാനം ചെയ്തത് ഇത്തരം വേദികളിലാണ്. 2022 ഒക്ടോബര്‍ 10ന് അഭിഭാഷക ഹര്‍പ്രീത് മന്‍സുഖ്‌നാനിയുടെ പരാതി പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ നിര്‍ത്തണമെന്നും അവ രാജ്യത്തിന്റെ അന്തരീക്ഷം മലിനമാക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറയുകയുണ്ടായി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നില്ല എന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഈ ഹര്‍ജി. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിനോടൊപ്പം കേസ് പരിഗണിക്കവേ യുയു ലളിത് വ്യക്തമാക്കിയത് സാധാരണ കേസുകളിലേത് പോലുള്ള നടപടിക്രമങ്ങള്‍ ഇത്തരം കേസുകളില്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ്. കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഹിയറിങ് നവംബറിലേക്ക് മാറ്റി.
ഒക്ടോബര്‍ 21ന് മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ളയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സര്‍ക്കാരുകളോട് വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ സ്വമേധയാ കേസെടുക്കണമെന്ന വിധിച്ചു. ഇന്ത്യയുടെ മതേതര സങ്കല്‍പങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ വിധിയുടെ ഉള്ളടക്കം. ഈ വിധിയെ മാനിക്കാതിരിക്കുന്നത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്നും ജസ്റ്റിസ് കെ.എം ജോസഫിന്റെയും ജസ്റ്റിസ് ഋഷികേശ് റോയിയുടെയും വിധിയില്‍ പറയുന്നു. ഡിസംബര്‍ 25ന് ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ കര്‍ണാടകയിലെ ഷിവമോഗയില്‍ ഹിന്ദു ജാഗരണ്‍ വേദികെയുടെ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഹിന്ദുക്കളോട് വീടുകളില്‍ ആയുധങ്ങളുമായി തയ്യാറായിരിക്കാന്‍ ആഹ്വാനം ചെയ്തു. ലവ് ജിഹാദ് ചെയ്യുന്നവരെയും അങ്ങനെ തന്നെ കൈകാര്യം ചെയ്യുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. മറ്റൊന്നുമില്ലെങ്കിലും പച്ചക്കറിയരിയുന്ന കത്തികളെങ്കിലും സൂക്ഷിക്കുക, ശത്രുക്കളുടെ കഴുത്തരിയാന്‍ അതുതന്നെ ധാരാളം എന്നായിരുന്നു പ്രഗ്യ പറഞ്ഞത്.
നവംബറിലാണ് ഡല്‍ഹിയില്‍ ലിവ് ഇന്‍ പാര്‍ട്ണറിനാല്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതി കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്. അഫ്താബ് പൂനാവാല എന്ന യുവാവും ശ്രദ്ധയും തമ്മിലുള്ള ബന്ധത്തില്‍ ഗാര്‍ഹിക പീഡനം പതിവായിരുന്നു എന്നതിന് ശ്രദ്ധ അയച്ച സന്ദേശങ്ങള്‍ തെളിവായിരുന്നു. ദിവസങ്ങളോളം ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് ഈ കുറ്റകൃത്യത്തിന്‍റെ മരവിപ്പിക്കുന്ന വിശദാംശങ്ങാണ്. മുസ്ലീം നാമധാരിയായ കുറ്റാരോപിതനെതിരെ ദേശീയ മാധ്യമങ്ങളിലും ബി.ജെ.പി, സംഘപരിവാര്‍കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫെെലുകളിലും വിദ്വേഷ പ്രചാരണം ശക്തികൊണ്ടു. ഇതൊരു ലവ് ജിഹാദ് കൊലപാതകമാണ് എന്ന പ്രചാരണം നടന്നു. എഫ്.ഐ.ആറില്‍ ശ്രദ്ധയുടെ പിതാവിന്‍റെ ജാതി അഭിമാനം സൂചിപ്പിക്കുന്ന പരാമര്‍ശവും ശ്രദ്ധേയമാണ്. അഫ്താബ് പൂനാവാലയെ നുണപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വാഹനത്തിന് നേരെ ആയുധധാരികളായ ഹിന്ദുത്വവാദികളുടെ ആക്രമണ ശ്രമമുണ്ടായി, റിപബ്ലിക് ടിവി ഈ സംഭവത്തെ റിപോര്‍ട്ട് ചെയ്തത്, ശ്രദ്ധാ വാള്‍ക്കര്‍ കൊലപാതക കേസില്‍ അന്വേഷണം സുതാര്യമല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതേപ്പറ്റിയറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട് തുടങ്ങിയ ചര്‍ച്ചയില്‍ ഈ ആക്രമണശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചു. ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചോ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചോ ചര്‍ച്ചകളുണ്ടാകേണ്ട ഒരു സാഹചര്യത്തെ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.


രാജ്യത്താകെ വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മാണം ഇതുവരെയും സാധ്യമായിട്ടില്ല. നിലവിലുള്ള രീതിയില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ തന്നെയാണ് ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികള്‍ക്കെതിരെ ചുമത്തുന്നത്. അപ്പോഴും അത്തരം കേസുകളിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുകയും ചെയ്യുന്നില്ല. 2022 ജനുവരി വരെ മാത്രം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള യതി നര്‍സിങ് ആനന്ദയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 20 കേസുകളാണ്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ആയുധങ്ങള്‍ കൈവശം വെക്കാത്തതിനാല്‍ തന്നെ ഒരു ഭീകരവാദിയെന്ന് എങ്ങനെ വിളിക്കാന്‍ കഴിയുമെന്നും മനസ്സില്‍ തോന്നിയ കാര്യം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നുമാണ് നര്‍സിങ് ആനന്ദ തന്റെ വിദ്വേഷ പ്രസംഗങ്ങളെ ന്യായീകരിക്കുന്നത്.
“നമ്മുടെ ചരിത്രം തെറ്റായ രീതിയില്‍ എഴുതപ്പെട്ടതാണെന്ന് ഞാന്‍ പലപ്പോഴും കേള്‍ക്കുന്നു. ഇതെല്ലാം തിരുത്താന്‍ നമുക്ക് എന്താണ് തടസ്സം? നമ്മുടെ ചരിത്രലേഖകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 30 മഹാസാമ്രാജ്യങ്ങളെക്കുറിച്ചും മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നോട്ടുവന്ന 300 പോരാളികളെക്കുറിച്ചും ഗവേഷണം നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്താല്‍ നമ്മള്‍ക്ക് ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം സ്ഥാപിക്കാന്‍ കഴിയും, നുണകള്‍ ഇല്ലാതാകും. രാജ്യത്തിന്റെ പ്രൗഢി കൂട്ടാനുള്ള ഏത് ശ്രമത്തെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.” അസമില്‍ അഹോം ജനറല്‍ ലചിത് ബര്‍ഫുകന്റെ 400ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോള്‍ നവംബര്‍ 25ന് അമിത് ഷാ പറഞ്ഞതിങ്ങനെയാണ്.
സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വലിയ രീതിയില്‍ തിരുത്തിയെഴുതിയ കര്‍ണാടക സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം നടപ്പിലാക്കിയതും സംസ്ഥാനത്ത് വ്യവസ്ഥാപിത വലതുപക്ഷം എത്ര ശക്തമായി വലതുപക്ഷ അജണ്ടകളെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നു കാണിക്കുന്നു. ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥിനികളെയും അധ്യാപകരെയും സ്‌കൂള്‍ ഗേറ്റില്‍ വെച്ച് ഹിജാബ് അഴിപ്പിക്കുകയും ഹിജാബ് നിരോധനം കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വലിയ വിഭാഗം വിദ്യാര്‍ത്ഥിനികള്‍ പുറത്താക്കപ്പെടുകയും ചെയ്ത വര്‍ഷമാണ് 2022. മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ ഹിജാബ് നിരോധനത്തെ അനുകൂലിക്കുകയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തന നിലവാരങ്ങള്‍ മാറ്റിവെച്ച് പക്ഷം ചേരുകയും ചെയ്തു. 2022 ഏപ്രില്‍ 6ന് ന്യൂസ് 18ല്‍ സംപ്രേഷണം ചെയ്ത ഒരു ചര്‍ച്ചയ്‌ക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തുകയുണ്ടായി. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ അല്‍ഖയ്ദ ഗ്യാങ് എന്ന് വിശേഷിപ്പിക്കുകയും വംശീയ മുന്‍വിധികളിലൂന്നിയ ചര്‍ച്ച നടത്തുകയും ചെയ്തതിനാണ് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയില്‍ എന്‍.ബി.ഡി.എസ്.എ കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചത് 2022 സെപ്തംബറിലാണ്. ഇന്ത്യയിലെ മുസ്ലീം സ്വത്വ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെ നിലനില്‍പിനെ ചോദ്യം ചെയ്യുന്ന നടപടിയായി ഇത് വിലയിരുത്തപ്പെട്ടു.

”കര്‍ണ്ണാടകത്തിലെ പാഠപുസ്തകങ്ങള്‍ അവര്‍ പൂര്‍ണ്ണമായി മാറ്റുകയാണ്. ഉള്‍പ്പെടുത്തല്‍, പുറന്തള്ളല്‍, തെറ്റായി വ്യാഖ്യാനിക്കല്‍ എന്നിങ്ങനെ മൂന്നു തരത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പുതുതായി ഉള്‍പ്പെടുത്തിയതില്‍ 90 ശതമാനത്തില്‍ അധികവും ബ്രാഹ്മിണ്‍ എഴുത്തുകാരെ മാത്രമാണ്. ബ്രാഹ്മണരല്ലാത്ത എഴുത്തുകാരുടെ ബ്രാഹ്മിണിക് ആയ എഴുത്തുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടിപ്പു സുല്‍ത്താന്റെ ചരിത്രപ്രാധാന്യം പറയുന്ന ഭാഗം ഒഴിവാക്കി, ഒരു മുസ്ലിം ഭീകരവാദിയെന്ന നിലയില്‍ അവതരിപ്പിച്ചു. ഡോ. ബി.ആര്‍ അംബേദ്കര്‍, തന്തൈ പെരിയാര്‍ എന്നിവരുടെ എഴുത്തുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണ്യത്തെ തുറന്നെതിര്‍ത്ത അക്കാ മഹാദേവി, കനകദാസ, സൂഫി സന്യാസികള്‍ എന്നിവരുടെ എഴുത്തുകള്‍ ഒഴിവാക്കി.’ പാഠപുസ്തകത്തിലെ വ്യാജ ചരിത്രനിര്‍മിതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശിവസുന്ദര്‍ പറഞ്ഞതിങ്ങനെയാണ്”. ബാബ്റി മസ്ജിദ് കേസ് വിധിയിലെ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടിയുള്ള കേസുകള്‍ ക്ലോസ് ചെയ്തതും ഹുബ്ലി ഈദ് ഗാഹ് മെെതാനത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കര്‍ണാടക ഹെെക്കോടതി അനുമതി നല്‍കിയതും ഓഗസ്റ്റ് 30നാണ്.
മാധ്യമങ്ങളുടെ പൊളിയുന്ന നുണകള്‍
2004 മുതല്‍ 2014 വരെയുള്ള തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ബോംബ് നിര്‍മാണത്തിലും സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് അംഗവും മഹാരാഷ്ട്രയിലെ മുന്‍ ബജ്രംഗ് ദള്‍ തലവനുമായ യശ്വന്ത് ഷിന്‍ഡേ വെളിപ്പെടുത്തിയത് ഓഗസ്റ്റ് 30നാണ്. 2006ല്‍ നടന്ന നന്ദേഡ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ നന്ദേഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജമ്മുവില്‍ വെച്ച് നടന്ന ആയുധപരിശീലനത്തില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങളുള്ളത്. ഇന്ത്യന്‍ ആര്‍മി സൈനികരാണ് പരിശീലനം നല്‍കിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണം നടത്തുന്ന സി.ബി.ഐ ഈ സത്യവാങ്മൂലം തള്ളിക്കളയുകയാണ് ചെയ്തത്.
ഭീമ കൊറേഗാവില്‍ 2018 ജനുവരി ഒന്നിന് ദലിതര്‍ക്ക് നേരെ നടന്ന ജാതീയ ആക്രമണങ്ങള്‍ അന്വേഷിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഗണേഷ് മോര്‍ (സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍) നടത്തിയ വെളിപ്പെടുത്തല്‍ ഭീമ കൊറേഗാവ് ഗൂഢാലോചന കേസില്‍ നിര്‍ണായകമാണ്. 2022 ഡിസംബര്‍ 27നാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഈയടുത്ത് വിരമിച്ച ഗണേഷ് മോര്‍ പറയുന്നത് സ്വന്തം സ്റ്റേഷന്‍ പരിധിയില്‍ ഫയല്‍ ചെയ്ത ഒമ്പത് അതിക്രമ കേസുകളില്‍ ഒന്നിലും അതിന് കാരണമായത് എള്‍ഗാര്‍ പരിഷദ് എന്ന പൊതുപരിപാടിയാണ് എന്നതിന് തെളിവുകളില്ല എന്നാണ്. ഈ കേസില്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ വരുന്നത് ആദ്യമായാണ്. കലാപത്തിന് കാരണമായ എള്‍ഗാര്‍ പരിഷദ് സംഘടിപ്പിച്ചു എന്നാരോപിച്ചാണ് കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അതിക്രമത്തിന് ആഹ്വാനം നല്‍കുകയും പ്രാദേശികമായി സംഘടിക്കുകയും ചെയ്ത മിലിന്ദ് ഏക്‌ബോടെ, സംഭാജി ഭിഡെ എന്നീ ഹിന്ദുത്വ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. ഈ രണ്ട് വെളിപ്പെടുത്തലുകളും കെട്ടിച്ചമച്ച കേസുകളെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെക്കൂടിയാണ് തുറന്നുകാണിക്കുന്നത്.
പ്രാതിനിധ്യവും ഉടമസ്ഥതയും
ഇന്ത്യന്‍ മാധ്യമങ്ങളിലെ ജാതിപ്രാതിനിധ്യത്തെക്കുറിച്ച് ഒക്ടോബറില്‍ ഓക്‌സ്ഫാം ഇന്ത്യ പുറത്തിറക്കിയ ഗവേഷണ റിപോര്‍ട്ട് ന്യൂസ് റൂമുകളിലെ ദലിത്, ആദിവാസി, മുസ്‌ലീം അസാന്നിധ്യം വെളിപ്പെടുത്തുന്നു. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള എഡിറ്റോറിയല്‍ പദവികളില്‍ 80 ശതമാനത്തിൽ അധികവും സവര്‍ണരാണ് എന്നതാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ സര്‍വേ നടത്തിയ 218 പദവികളില്‍ 191ലും ഉള്ളത് സവര്‍ണരാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നിലും
ഇന്ത്യന്‍ മാധ്യമങ്ങളിലെ ജാതിപ്രാതിനിധ്യത്തെക്കുറിച്ച് ഒക്ടോബറില്‍ ഓക്‌സ്ഫാം ഇന്ത്യ പുറത്തിറക്കിയ ഗവേഷണ റിപോര്‍ട്ട് ന്യൂസ് റൂമുകളിലെ ദലിത്, ആദിവാസി, മുസ്‌ലീം അസാന്നിധ്യം വെളിപ്പെടുത്തുന്നു. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള എഡിറ്റോറിയല്‍ പദവികളില്‍ 80 ല്‍ അധികവും സവര്‍ണരാണ് എന്നതാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ സര്‍വേ നടത്തിയ 218 പദവികളില്‍ 191ലും ഉള്ളത് സവര്‍ണരാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നിലും എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നേതൃപദവികളിലില്ല. ഇത്തരം ജാതി ആധിപത്യം ഇവര്‍ ചെയ്യുന്ന പത്ര, ടെലിവിഷന്‍ റിപോര്‍ട്ടുകളിലും ചര്‍ച്ചകളിലും പ്രതിഫലിക്കുന്നതെങ്ങനെയെന്നും ഓക്‌സ്ഫാം പഠനം വെളിപ്പെടുത്തുന്നുണ്ട്, ദേശീയ മാധ്യമങ്ങളുടെ പ്രൈം ടൈം ചര്‍ച്ചകളില്‍ വര്‍ഗീയതയും മതവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാകുകയാണ്. 2019ലും ഓക്‌സ്ഫാം ഇന്ത്യ സമാന വിഷയത്തില്‍ സര്‍വേ നടത്തിയിരുന്നു. സമാന്തര മാധ്യമങ്ങളെന്ന നിലയില്‍ രൂപപ്പെട്ടുവന്ന റിപോര്‍ട്ടിങ്ങിലും പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെന്നും ഓക്സ്ഫാം റിപോര്‍ട്ട് കാണിക്കുന്നു.
മീഡിയ വൺ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കിയ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുടെ നടപടിയെ കേരള ഹൈക്കോടതി ഉയർത്തിപ്പിടിച്ചത് ഫെബ്രുവരിയിൽ ആണ്. മാർച്ചിൽ സുപ്രീം കോടതി ഈ വിലക്ക് സ്റ്റേ ചെയ്തു. നവംബറിൽ വീണ്ടും കേസ് പരിഗണിച്ച കോടതി ഉത്തരവ് റിസർവ് ചെയ്തു. കാരണം വ്യക്തമാക്കാതെ എങ്ങനെയാണ് ഒരു ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് തടസ്സപ്പെടുത്തുക എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് ചോദിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.
മാധ്യമ ഉടമസ്ഥത, മാധ്യമപ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ദ കാരവന്‍ മാഗസിന്‍ മീഡിയ ഇഷ്യുവിലെ ‘പ്രെെവറ്റ് ഇന്‍ററസ്റ്റ് ജേണലിസം’ എന്ന ലേഖനത്തില്‍ ഹര്‍തോഷ് സിങ് ബല്‍ എഴുതുന്നു, “ഒരു മാധ്യമസ്ഥാപനം തുടങ്ങാന്‍ പോകുന്ന ഒരാളെക്കാള്‍ ഇന്ത്യയില്‍ വിചാരണ ചെയ്യുക ജേണലിസത്തില്‍ കരിയര്‍ തുടങ്ങാന്‍ പോകുന്ന ഒരാളുടെ യോഗ്യതകളെയാണ്.” എന്‍.ഡി.ടി.വിയില്‍ അദാനി ഷെയര്‍ സ്വന്തമാക്കിയ സാഹചര്യത്തില്‍ ഹര്‍തോഷ് നിരീക്ഷിക്കുന്നു, “ചിലരില്‍ മാത്രം ഒതുങ്ങുന്ന മീഡിയ ബിസിനസ് കാഴ്ചപ്പാടുകളിലെ വെെവിധ്യങ്ങളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്, മാധ്യമങ്ങളുടെ മുന്‍ഗണനകളെയും തീരുമാനിക്കുന്നു. ഉടമസ്ഥരുടെ സാമ്പത്തിക നേട്ടങ്ങളുറപ്പാക്കുകയും ചെയ്യും. ഉടമസ്ഥരുടെ മറ്റു ബിസിനസുകളില്‍ ഇതിനുണ്ടാക്കാന്‍ കഴിയുന്ന സ്വാധീനവും കണക്കിലെടുക്കപ്പെടും. ഇങ്ങനെയുള്ള ഇന്ത്യന്‍ സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. അദാനി എന്ന മറ്റൊരു കുത്തക മുതലാളിയിലേക്ക് ഇത് വ്യാപിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും മാറാനില്ല. 1983ല്‍ യു.എസില്‍ മീഡിയയുടെ 90 ശതമാനവും 50 കമ്പനികളുടേതായിരുന്നു. 2011ല്‍ ഈ കമ്പനികളെല്ലാം വെറും ആറ് കോര്‍പറേറ്റുകളാല്‍ നിയന്ത്രിതമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഡെെവേഴ്സിറ്റി സാധ്യമാകുന്നതിനുപോലും മുമ്പാണ് സമാനമായ മാറ്റമുണ്ടാകുന്നത്.”
വര്‍ഗീയ ആക്രമണങ്ങള്‍ക്ക് തിരികൊളുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന അവതാരകര്‍, തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തി, ട്വിറ്റര്‍ ഹാഷ് ടാഗുകളുപയോഗിച്ച് പൊതു അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകള്‍, ജാതി കുറ്റകൃത്യങ്ങളെ ആ രീതിയില്‍ റിപോര്‍ട്ട് ചെയ്യാനുള്ള വിമുഖത, മുന്‍വിധികളെ അടിസ്ഥാനമാക്കിയുള്ള റിപോര്‍ട്ടിങ് എന്നിവ ഇത്തരത്തില്‍ നിരവധി ദേശീയ മാധ്യമങ്ങളുടെ പൊതു സ്വഭാവമായി കാണപ്പെടുന്നു.
മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ഓപ്ഇന്ത്യയില്‍ ഈ പൊതുസ്വഭാവങ്ങളുടെ ആകെത്തുക കാണാം, ഇന്ത്യയില്‍ വളരെ സജീവമായി വലതുപക്ഷ സര്‍ക്കാരിന് വേണ്ടി ഓപ്ഇന്ത്യ നടത്തുന്ന പ്രചരണങ്ങളുടെ തുടര്‍ച്ചയും വ്യാപ്തിയും തീവ്രമാണ്. സത്യത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിരവധി വ്യാജവാര്‍ത്താ വെബ്സെെറ്റുകളും വിദ്വേഷ പ്രചാരണം വേഗത്തിലാക്കുന്നു. നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചു നടത്തിയ വിവാദ പ്രസ്താവന പുറത്തുവിട്ടതിനെ തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത ഒരു ട്വീറ്റിന്‍റെ പേരില്‍ ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബെെര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ജൂണിലാണ്.
യതി നര്‍സിങ് ആനന്ദ്, മഹന്ത് ബജ്രംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രസംഗങ്ങളും സുബെെര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള സുബെെറിന്‍റെ ട്വീറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.
“സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വ്യാജവിവരങ്ങളുടെ പ്രചാരണം ആയുധമാക്കിയവരെ സുബൈറിന്റെ ജാഗ്രത പ്രകോപിപ്പിച്ചിട്ടുണ്ട്,” അറസ്റ്റിനോട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിച്ചത് ഇങ്ങനെയാണ്. “എനിക്കെതിരെ ഞാന്‍ ചെയ്‌തൊരു റിപോര്‍ട്ടിന്റെ പേരില്‍ അവര്‍ക്ക് പരാതി ഫയല്‍ ചെയ്യാന്‍ കഴിയില്ല, കാരണം നമ്മുടെ റിപോര്‍ട്ടുകളില്‍ വസ്തുതകളുണ്ട്. ഒരു ബന്ധവുമില്ലാത്ത ട്വീറ്റുകളുടെ പേരില്‍ എന്നെ ആക്രമിക്കുന്നത് അതുകൊണ്ടാണ്.” ഒക്ടോബര്‍ 2021ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സുബൈര്‍ പറയുന്നു.
വിചാരണകള്‍ അവസാനിക്കാത്ത വര്‍ഷം
കമ്മിറ്റി റ്റു പ്രൊടക്റ്റ് ജേണലിസ്റ്റ്സ് തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതലാണ് 2022 ഡിസംബര്‍ 1വരെ ലോകത്താകെ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. 363 മാധ്യമപ്രവര്‍ത്തകര്‍, 2021ലേതിനേക്കാള്‍ 20ശതമാനം കൂടുതലാണ് ഇത്. ഇതില്‍ നാലു പേര്‍ കശ്മീരി മാധ്യമപ്രവര്‍ത്തകരാണ്. സി.പി.ജെയുടെ പ്രസ് റിലീസ് ഇന്ത്യ ഗവണ്മെന്‍റിന്‍റെ കസ്റ്റഡിയിലുള്ള ഏഴ് മാധ്യമപ്രവര്‍ത്തകരെയാണ് ലിസ്റ്റ് ചെയ്തത്. ആസിഫ് സുല്‍ത്താന്‍, സിദ്ദീഖ് കാപ്പന്‍, ഗൗതം നവ്ലാഖ, മനാന്‍ ധര്‍, ഫഹദ് ഷാ, സജാദ് ഗുല്‍, രൂപേഷ് കുമാര്‍ സിങ് എന്നിവരാണ് ലിസ്റ്റിലുള്ളത്. 2022 ഫെബ്രുവരി 4നാണ് കശ്മീര്‍ വല്ല എഡിറ്റര്‍ ഫഹദ് ഷാ അറസ്റ്റ് ചെയ്യപ്പെട്ടത്. ദേശദ്രോഹപരമായ ഉള്ളടക്കം ഭയംജനിപ്പിക്കുന്ന രീതിയില്‍ അപ് ലോഡ് ചെയ്തു എന്ന കുറ്റമാണ് ഫഹദിനെതിരെ ആരോപിക്കുന്നത്. യു.എ.പി.എ കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും പബ്ലിക് സേഫ്റ്റി ആക്റ്റ് ചുമത്തിയത് കാരണം തടവില്‍ തന്നെ തുടരുകയാണ്. വിചാരണ കൂടാതെ ഒരാളെ തടവിലിടാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു. 2018ല്‍ ബുര്‍ഹാന്‍ വാനിയെക്കുറിച്ചെഴുതിയ ലേഖനത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആസിഫ് സുല്‍ത്താന് 2022 ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പബ്ലിക് സേഫ്റ്റി ആക്റ്റ് ചുമത്തിയതിനാല്‍ ജയിലില്‍ തുടരുകയാണ്. യു.എ.പി.എ കേസിലും പി.എം.എല്‍.എ കേസിലും ജാമ്യം ലഭിച്ചിട്ടും, ഉത്തര്‍പ്രദേശില്‍ ഹത്രസ് കൂട്ട ബലാത്സംഗ കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മോചനം ഇനിയും സാധ്യമായിട്ടില്ല.

ഭീമ കൊറേഗാവ് ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവ്ലാഖ ക്യാന്‍സര്‍ ടെസ്റ്റ് നടത്താന്‍ വീട്ടുതടങ്കലിന് ഹര്‍ജി നല്‍കിയിരുന്നു. 2022 നവംബര്‍ മുതല്‍ നവ്ലാഖ വീട്ടുതടങ്കലിലാണ്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറാത്തി മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ധവാലെയും ജയിലില്‍ തുടരുകയാണ്. കവിയും ആക്റ്റിവിസ്റ്റുമായ സുധീര്‍ ഹിന്ദിയില്‍ എഴുതിയ ഒരു കവിത ഇങ്ങനെ, “ജയില്‍ ജീവിതത്തിലെ യൂ-ടേണ്‍ ആണ്, ജീവിതത്തില്‍ മടക്കിവെച്ചൊരു പേജ്, ജയിലൊരു സ്കൂള്‍ ആണ്, ആളുകളവിടെ ഭ്രാന്തുപിടിക്കുകയോ ദെെവഭക്തരാകുകയോ ചെയ്യുന്നു”
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിലെ ജേണലിസം വിദ്യാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ സജ്ജാദ് ഗുല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2022 ജനുവരിയിലാണ്. ആളുകളെ സര്‍ക്കാരിനെതിരെ പ്രകോപിപ്പിക്കുന്നു എന്നതാണ് കുറ്റാരോപണം. സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മനാന്‍ ധറിനെ തീവ്രവാദ ആരോപണമുന്നയിച്ചാണ് 2021 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തത്. യു.എ.പി.എ കേസില്‍ തടവില്‍ തുടരുകയാണ്. രൂപേഷ് കുമാര്‍ സിങ് ജാർഖണ്ഡിൽ നിന്നുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആണ്. ആദിവാസി ജനതയെ കുറിച്ച് റിപ്പോർട്ട് ചെയ്തതിന് മാവോയിസ്റ്റ് എന്നാരോപിച്ചാണ് 2022 ജൂലൈയിൽ രൂപേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പെഗാസസ് സ്പെെവെയര്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളില്‍ രൂപേഷിന്‍റേതും ഉണ്ടായിരുന്നതായി ദ വയര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
2022 നവംബര്‍ 19ന് കശ്മീരില്‍ ഏഴ് മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. മൊഹമ്മദ് റാഫി, ഗൗഹര്‍ ഗീലാനി, ഖാലിദ് ഗുല്‍, റാഷിദ് മഖ്ബൂര്‍, സജ്ജാദ് ക്രല്‍യാരി, ഖാസി ഷിബ്‌ലി, വസീം ഖാലിദ് എന്നിവരുടെ വീടുകളാണ് റെയ്ഡ് ചെയ്തത്. ചില മാധ്യമപ്രവര്‍ത്തകരെ തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതിലുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഈ റെയ്ഡ് എന്നാണ് ഇവര്‍ക്ക് നല്‍കിയ വിശദീകരണം. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, മെമറി കാര്‍ഡുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവ പൊലീസ് കണ്ടുകെട്ടി. ആസിഫ് സുല്‍ത്താന്റെ അഭിഭാഷകന്‍ ആദില്‍ പണ്ഡിറ്റിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ കശ്മീരിലെ 43 പേരുടെ ലുക് ഔട്ട് സര്‍ക്കുലറില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഏകദേശം 22 മാധ്യമപ്രവര്‍ത്തകരാണ് ഈ ലിസ്റ്റിലുള്ളത്. പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോഗ്രാഫര്‍ സന്ന ഇര്‍ഷാദ് മാട്ടൂവിനെ പ്രെെസ് വാങ്ങാനുള്ള ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞത് 2022 ഒക്ടോബറിലാണ്. ജൂലെെയില്‍ ശ്രീലങ്കയിലേക്ക് റിപോര്‍ട്ടിങ് അസെെന്‍മെന്‍റിനായി യാത്രതിരിച്ച ആകാശ് ഹസ്സനും യാത്രാവിലക്ക് നേരിട്ടു. കശ്മീരില്‍ പ്രശ്നങ്ങളില്ലെന്ന ഇമേജ് നിലനിര്‍ത്താനാണ് പട്ടികപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ യാത്രകള്‍ വിലക്കുന്നത് എന്ന് സി.പി.ജെ പ്രസ്താവനയില്‍ പറഞ്ഞു.
നവംബറിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി അപ് ലിങ്കിങ്, ഡൗൺലോഡിങ് നിയമങ്ങൾ പുതുക്കിയത് ടെലിവിഷൻ ചാനലുകൾ 30 മിനിറ്റ് ദേശീയ താല്പര്യം ഉൾക്കൊള്ളുന്ന കണ്ടന്റ് സംപ്രേഷണം ചെയ്യണം എന്ന നിർദേശത്തോടെയാണ്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
