1952 മുതലാണ് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യത്തെ ആഴ്ച ദേശീയ വന്യജീവി വാരമായി ആചരിക്കുന്നത്. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനത്തിന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രകാലം ഇന്ത്യ മുഴുവൻ വന്യജീവി വാരാഘോഷം നടത്തിയിട്ടുള്ളത്. ഇന്ന് 69-ാം വന്യജീവി വാരാഘോഷത്തിന് തുടക്കമിടുമ്പോഴും വലിയൊരു ശതമാനം ചർച്ചയും പ്രവർത്തനങ്ങളും നടക്കുന്നത് വലിയതും ഭംഗിയുള്ളതുമായ ആന, കടുവ, പുലി, സിംഹം തുടങ്ങിയ ചുരുക്കം ചില ജീവികളെ ചുറ്റിപ്പറ്റിയാണ്. തീർച്ചയായും അവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ് എന്നതിൽ തർക്കമില്ല. പക്ഷെ അവ മാത്രമാണോ സംരക്ഷിക്കപ്പെടേണ്ടത്? വനത്തിൽ വസിക്കുന്ന വലിയതും കാണാൻ ഭംഗിയും ഗാംഭീര്യമുള്ളതും മാത്രമാണ് വന്യജീവികൾ എന്ന ഒരു പൊതുബോധം ഇന്നും നിലവിലുണ്ട്. തേനീച്ച പോലുള്ളവ ഒരു വന്യജീവിയാണോ എന്ന് പോലും സംശയിക്കുന്നവർ നമ്മുടെ ചുറ്റുമുണ്ട്. ലോകത്തിലെ എഴുപതു ശതമാനത്തിലധികം കൃഷിയും തൊണ്ണൂറു ശതമാനത്തിലധികം വനസസ്യങ്ങളും പരാഗണത്തിനായി തേനീച്ചകളെയാണ് ആശ്രയിക്കുന്നത്. അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്താലും വനനശീകരണവും നഗരവതകരണവും കാരണവും തേനീച്ചകൾ ഭൂമിയിൽ നിന്ന് പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 2019ൽ ആണ് റോയൽ ജിയോഗ്രഫിക്ക് സൊസൈറ്റി ഓഫ് ലണ്ടൻ തേനീച്ചകളെ ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജീവിയായി പ്രഖ്യാപിച്ചത്. അതുപോലെ തന്നെ കീട നിയന്ത്രണത്തിൽ പ്രകൃതിയുടെ തനത് ഏജന്റുമാരായ ആയ തവളകൾ, ഇരയായും ഇരയപിടയന്മാരായും പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്ന പാമ്പുകൾ, ശുദ്ധജല ശ്രോതസ്സുകളുടെ സൂചകരായ തുമ്പികൾ, വാൽമാക്രികൾ, വിത്ത് വ്യാപനത്തിലും പരാഗണത്തിലും നല്ല ആവാസവ്യവസ്ഥയുടെ സൂചകരായി വർത്തിക്കുന്ന പക്ഷികൾ എന്നിങ്ങനെ അനേകായിരം ചെറുജീവികൾ നമ്മുക്ക് ചുറ്റുമുണ്ട്. ഇവയുടെയെല്ലാം സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട് എന്നോർമ്മിപ്പിച്ചുകൊണ്ട് കുറച്ച് ചിത്രങ്ങളിലേക്ക്.
(Featured image: Calotes grandisquamis)
(സന്ദീപ് ദാസ്: ഉരഗ-ഉഭയജീവികളെക്കുറിച്ച് പഠിക്കുന്ന ഗവേഷകൻ, ഫോട്ടോഗ്രാഫർ)