ഉപ്പുകാറ്റിൽ അലയുന്ന കടൽ

ചെറുപ്പത്തിൽ തന്നെ കടലിന്റെ മീന്‍ മണവും ഉപ്പുകാറ്റും തിരയുടെ അലതല്ലുന്ന ഒച്ചയും എന്നിലേക്ക് ഞാന്‍ പോലുമറിയാതെ കയറിവന്നിരുന്നു. പഞ്ചഭൂതങ്ങളാല്‍ സൃഷ്ടിച്ച പ്രപഞ്ചത്തെക്കുറിച്ചറിയുമ്പോള്‍ എന്നിലും ഈ അനന്തവും അപാരവുമായ കടലിന്റെ ഓരോ കണിക കൂടിക്കുഴഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. പയ്യെ, പയ്യെ എന്റെ തന്നെ ആകുലതകളും സന്തോഷവും സന്താപവും പങ്കുവെക്കാനുള്ള ആത്മബന്ധം കടലുമായി ഉണ്ടാകാന്‍ തുടങ്ങി. ആരോടും അടുക്കാനോ സംസാരിക്കാനോ കഴിയാതിരുന്ന ഒറ്റപ്പെട്ട നാളുകളില്‍ മറീനാ ബീച്ചിലേക്ക് നടന്നുപോയിട്ടുണ്ട്. അവിടെ മണിക്കൂറുകളോളം അലസമായിരുന്നിട്ടുണ്ട്. ഏകാന്തവേളയില്‍ കടലോരത്ത് പോയി തനിച്ച് കിടന്നിട്ടുണ്ട്. നുരഞ്ഞുപതഞ്ഞുവരുന്ന തിരമാലയുമായി കലഹിച്ചിട്ടുണ്ട്. ഈര്‍പ്പമുള്ള തീരങ്ങളില്‍ ഒട്ടിച്ചേര്‍ന്നു കിടന്നിട്ടുണ്ട്. രാത്രിയില്‍ അനന്തമായ ആകാശത്തെ നക്ഷത്രങ്ങളെയും വെണ്‍ചന്ദ്രനെയും നോക്കി കിടന്നുറങ്ങുമ്പോള്‍ ഒരു കാമുകിയെപ്പോലെ കടല്‍ എന്നെ ആഞ്ഞുപുണരുന്നുണ്ടായിരുന്നു. ഈ ആത്മൈക്യത്തിന്റെ, ജൈവബന്ധത്തിന്റെ ഭാഗമായി എന്റെ ക്യാമറക്കണ്ണുകള്‍ അവളുടെ വിവിധ ഭാവങ്ങളെ പകര്‍ത്താന്‍ തുടങ്ങി. അങ്ങനെയങ്ങനെ മഹാസമുദ്രത്തിന്റെ ഭാഗമായി അതിലെ ഒരു കുഞ്ഞുതുള്ളിയായി ഞാനും മെല്ലെ മെല്ലെ മാറാന്‍ തുടങ്ങി.

(നവീൻരാജ് ​ഗൗതമൻ: ഫോട്ടോ​ഗ്രാഫർ, ഐ.ടി പ്രൊഷണൽ, ചെന്നൈ സ്വ​ദേശി).