ലോകം മുതലാളിത്തത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതല്ല

പരിസ്ഥിതിയെ പരിഗണിക്കാതെ സാമൂഹ്യനീതി കൈവരിക്കാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃ നിരയിലുണ്ടായിരുന്ന ഒരു വ്യക്തി രൂപം നൽകിയ പ്രസ്ഥാനമാണ് Nature Human Centric People’s Movement (NHCPM). NHCPM ന്റെ സ്ഥാപകനായ രാം പ്യാര സറാഫ് (1924 – 2009) ഇരുപത്തിരണ്ടാം വയസിൽ പൊതുജീവിതം ആരംഭിക്കുകയും പത്തു വർഷം ജമ്മു കാശ്മീർ നിയമസഭയിൽ അംഗവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന അദ്ദേഹം പിന്നീട് കുറച്ചുകാലം ചാരു മജുദാറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചു. അതിനുശേഷമാണ് NHCPM ന് രൂപം നൽകുന്നത്. NHCPM ന്റെ മുൻ ദേശീയ സെക്രട്ടറിയും നിലവിലെ സൗത്ത് ഏഷ്യൻ കമ്മറ്റി അംഗവുമായ സജ്ജൻ കുമാർ NHCPM ന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

എന്താണ് Nature Human Centric People ‘s movement (NHCPM) എന്നും അത് എങ്ങനെ രൂപംകൊണ്ടു എന്നും പറയാമോ?

ആദം സ്മിത്തും കാൾ മാർക്സും മുന്നോട്ടുവച്ച പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളും വ്യാവസായിക യുഗത്തിന് ശേഷമുണ്ടായ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളും തിരിച്ചറിഞ്ഞ പ്രശ്ചാത്തലത്തിലാണ് രാം പ്യാര സറാഫ് ഈ പ്രസ്ഥാനത്തിന് രൂപം നൽകുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി സ്വാർത്ഥനാണെന്ന (Man is selfish by nature) ആദം സ്മിത്തിന്റെ വാദവും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നുള്ള (Social Animal) എന്ന മാർക്സിന്റെ വാദവും ഏകപക്ഷീയമായ ആശയമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മനുഷ്യൻ ജൈവപരവും സാമൂഹികവുമായ ഘടകങ്ങൾ (Bio-social aspects) ചേർന്ന ജീവിയാണെന്നു അദ്ദേഹം വിശ്വസിച്ചു. ഒരു ജൈവ സംവിധാനമായി മനുഷ്യൻ നിലനിൽക്കുമ്പോഴും ദൈനംദിന വ്യവവാഹരത്തിലും ജീവിത സംഘാടനത്തിലും ഒരു സാമൂഹികജീവി കൂടിയാണ്. കൂടാതെ ലോകത്ത് പ്രകൃതി വിഭവങ്ങളെയും മനുഷ്യരെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥയെ എങ്ങനെ മാറ്റിത്തീർക്കാം എന്ന അദ്ദേഹത്തിന്റെ ആലോചനയുടെ ഫലം കൂടിയായിരുന്നു അത്. മാത്രവുമല്ല കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മുതലാളിത്ത വ്യവസ്ഥയും സ്റ്റേറ്റ് നിയന്ത്രിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയും എങ്ങനെ മൂലധനത്തെ കൈകാര്യം ചെയ്യാം എന്നതിനാണ് പ്രാമുഖ്യം നൽകിയത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുതലാളിത്ത മാർക്കറ്റാണ് മൂലധനം കൈകാര്യം ചെയ്യേണ്ടത് എന്ന് കരുതിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അത് നിയന്ത്രിക്കേണ്ടത് എന്ന് മാർക്സ് വിഭാവനം ചെയ്തു. മനുഷ്യന്റെ ജൈവപരവും സാമൂഹ്യവുമായ അസ്തിത്വത്തെയും പരിസ്ഥിതിയുമായുള്ള സഹവർത്തിത്വത്തെയും ഈ രണ്ട് ആശയധാരകളും അവഗണിച്ചു. പരിസ്ഥിതിയുടെയും മനുഷ്യന്റെയും ജൈവ സംവിധാനത്തെ അത് പരിഗണിച്ചില്ല. മൂലധനത്തിന് പകരം മനുഷ്യനെയും പ്രകൃതിയെയും പ്രാഥമികമായി പരിഗണിക്കുന്ന പുതിയ ഒരു പ്രത്യയശാസ്ത്രം ലോകത്തിന് ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെയാണ് 2002 ഡിസംബറിൽ പ്രകൃതിയുടെ സുസ്ഥിരമായ നിലനിൽപ്പ്, നീതി, സമത, സുതാര്യത, ജനങ്ങൾ നിയന്ത്രിക്കുന്ന ജനാധിപത്യ സംവിധാനം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കി NHCPM രൂപമെടുക്കുന്നത്.

രാം പ്യാര സറാഫ്

തീവ്ര ഇടതു പക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആർ.പി സറഫ് എന്ന രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാണ് NHCPM പോലുള്ള ഒരു സംഘടനയ്ക്കു രൂപം നൽകുന്നതെന്ന് പറയാമോ?

അദ്ദേഹം സി.പി.ഐ യുടെയും സി.പി.ഐ‌(എം)ന്റെയും കേന്ദ്ര കമ്മറ്റിയിൽ അംഗമായിരുന്നു. ചാരും മജുൻദാറിൻറെ സി.പി.ഐ(എം.എൽ ) രൂപീകൃതമായപ്പോൾ അതിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായിരുന്നു. വൈരുദ്ധ്യാത്മക ഭൗതിക വാദം (Dialectical materialism) എന്ന ആശയവുമായി അദ്ദേഹത്തിന് തുടക്കം മുതലെ വിയോജിപ്പുകളുണ്ടായിരുന്നു. അത് സമഗ്രമായി ജീവിതത്തെ സമീപിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മാർക്സിന്റേയും ലെനിന്റേയും എഴുത്തുകളിൽ വൈരുദ്ധ്യാത്മകതയേയും വൈരുധ്യാത്മക ഭൗതികവാദത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥയായിരുന്നു മാർക്സിന്റെ ചിന്തകളുടെ അടിത്തറ. സാംസ്ക്കാരിക കാര്യങ്ങൾ അതിനുപരിതലത്തിലുള്ള ഘടനയായിട്ടാണ് കണ്ടിരുന്നത്. എന്താണോ പുറമെ കാണുന്നത് അത് അടിസ്ഥാനപരമായ കാര്യമെന്നാണ് മാർക്സ് പറഞ്ഞുവെച്ചത്. ഷെറോഫ് ജി പറഞ്ഞത് ഭൗതിക ഘടനയും അതിന്റെ ഗുണവും പ്രഭാവവും രണ്ടല്ല എന്നായിരുന്നു. അല്ലെങ്കിൽ രണ്ടിന്റെയും ഇടപെടലാണ് ലോകത്തു നടക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ചേതനയും ഭൗതിക ഘടനയും ഉണ്ട്. അത് മനുഷ്യന് മാത്രമല്ല, മണ്ണിനുമുണ്ട്. ഒന്നിന്റെ ഭൗതിക ഘടനയെയും അതിന്റെ ചേതനയെയും വേർതിരിക്കാൻ കഴിയുമെന്നോ ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാണെന്നോ അദ്ദേഹം കരുതിയിരുന്നില്ല. അതുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിനു പരിമിതികൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്തുകൊണ്ട് മാർക്സ് വിഭാവനം ചെയ്ത രീതിയിൽ ലോകം വികസിച്ചില്ല എന്നും മുതലാളിത്തം ലോകത്തെ ഭരിക്കുന്നു എന്നും അദ്ദേഹം ചിന്തിച്ചതിൽ നിന്നും മാർക്സിസത്തിന്റെ പരിമിതികൾ അദ്ദേഹത്തിന് ബോധ്യമായി. മാർക്സിസം, മാവോയിസം തുടങ്ങിയ ആശയങ്ങളെല്ലാം ജീവിതത്തെ സമഗ്രമായി പരിഗണിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

നക്സൽബാരിയിൽ നിന്നും

അദ്ദേഹം ഇങ്ങനെ ചിന്തിക്കുമ്പോൾ ലോകത്ത് പാരിസ്ഥിതിക ദുരന്തങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ കാലത്ത് ഇങ്ങനെയൊരു കാര്യം ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ ഗൗരവമായി പരിഗണിച്ചു എന്നത് വലിയ കാര്യമല്ലേ?

അതെ. 1970 കളിൽ ലോകത്ത് അത്തരം ചർച്ചകൾ ചില ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ പാർട്ടികൾ അത്തരം ഒരു പ്രശ്‌നത്തെ തിരിച്ചറിയുകയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. പാരിസ്ഥിതിക പ്രതിസന്ധികൾക്ക് കാരണമായ ഒരു പ്രത്യയശാസ്ത്രം ലോകത്തെ ഭരിക്കുന്നു എന്നും അതിനെ പ്രധിരോധിക്കുന്ന പ്രത്യയശാസ്ത്രവും അതേ പരിമിതിക്കുള്ളിലാണ് നിൽക്കുന്നതെന്നും അദ്ദേഹം തിരിച്ചറിയുകയായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ സ്വാഭാവിക പരിണതിയല്ലല്ലോ. അത് ഒരു വിഭാഗം മനുഷ്യരുടെ പ്രവൃത്തിയുടെ അനന്തരഫലമാണല്ലോ. സോഷ്യലിസവും മുതലാളിത്തവും ഒരുപോലെ നിരന്തര വളർച്ചയിൽ വിശ്വസിച്ചു. സാമ്പത്തിക വളർച്ചയെ സാമൂഹിക അഭിവൃദ്ധിയുടെയും പുരോഗതിയുടെയും മാനദണ്ഡങ്ങളാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ പണത്തിനു സാർവ്വ ലൗകികമായ അപ്രമാദിത്വം കൈവന്നു. ഉൽപ്പാദനവും ലാഭവും പരിഗണിച്ചപ്പോൾ സാമൂഹ്യനീതിയും പാരിസ്ഥിതിക സന്തുലനവും അവഗണിക്കപ്പെട്ടു. ഒരുവശത്ത് വ്യക്തി താല്പര്യങ്ങൾക്കു മുന്തിയ പരിഗണനകൾക്കും മറുവശത്തു സാമൂഹ്യ താല്പര്യങ്ങൾക്കുമായിരുന്നു പ്രാമുഖ്യം നൽകിയത്. ഇത് രണ്ടും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും പ്രതിബന്ധമായി.

ആർ.പി സറഫിന്റെ ഉൾക്കാഴ്ചകൾ അദ്ദേഹം ജീവിച്ച കാലത്തിലെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് രൂപപ്പെടുത്തിയത് അല്ലെ? അത് മാത്രം വച്ച് നമ്മൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ മനസിലാക്കാനും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനും കഴിയുമോ?

തീർച്ചയായും കാലം മുന്നോട്ടുപോകുന്നതിനനുസരിച്ച് പുതിയ ആശയങ്ങൾ ആവശ്യമുണ്ട്. ആശയ നവീകരണം എന്നും ആവശ്യമുള്ളതാണ്. അതിനു വേണ്ടി കൂടിയാണല്ലോ ഞങ്ങൾ പല വിഭാഗം ആളുകളോടും വിദഗ്ദ്ധരോടും ആശയ സംവാദം നടത്തുന്നത്. ആശയങ്ങളെ നവീകരിക്കാനും പുതിയ ആശയങ്ങളെ കൂട്ടിച്ചേർക്കാനും തയ്യാറാക്കാതിരുന്നാൽ ഏതു ആശയ പദ്ധതിയും ജീർണ്ണിക്കുകയേയുള്ളൂ.

NHCPMന്റെ പാരിസ്ഥിതിക കാഴ്ചപ്പാടുകൾ വിശദീകരിക്കാമോ?

നേരത്തെ ലോകത്തുണ്ടായി വന്ന രാഷ്ട്രീയ ആശയങ്ങൾ എല്ലാം മനുഷ്യന് കൂടുതൽ പ്രാമുഖ്യം നല്കിക്കൊണ്ടുള്ളതായിരുന്നു. മനുഷ്യന് തന്റെ ചുറ്റും നടക്കുന്നതൊക്കെ അറിയാമെന്നും പ്രകൃതി പ്രതിഭാസങ്ങളെ എല്ലാം നിയന്ത്രിക്കാൻ കഴിയും എന്നുള്ളതുമാണ് അതിന്റെ അടിസ്ഥാന ചിന്താ പദ്ധതി. ഈ ആശയധാരയ്ക്ക് ശക്തി പകരുന്നതാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥ. പ്രകൃതിയെ തന്റെ വരുതിയിൽ നിർത്താനും പ്രകൃതി വിഭവങ്ങളെ തന്റെ ഇച്ഛാനുസരണം ഉപഭോഗം ചെയ്യാനും തനിക്ക് അധികാരം ഉണ്ടെന്ന് അത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യനും പ്രകൃതിക്കും ഇടയിൽ സഹകരണത്തിന്റെയും പരസ്പ്പര ആശ്രിതത്വത്തിന്റെയും ആവശ്യമില്ലയെന്നും പ്രകൃതിയെ മനുഷ്യന് ഏകപക്ഷീയമായി നിയന്ത്രിക്കാൻ പറ്റുമെന്നുമുള്ള ബോധം അത് ലോകത്ത് പരക്കെ സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായാണ് സമ്പത്തും അധികാരവും ഉള്ള ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുകയും അവരുടെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായത്. അറിവിന്റെ കുത്തകവൽക്കരണത്തോടെ ഭൂരിപക്ഷം ജനതയെ നിയത്രിക്കാൻ അവർക്ക് എളുപ്പം കഴിഞ്ഞു.

പ്രകൃതി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ബയോ സോഷ്യൽ രീതിയിലാണ്. അതായത് മനുഷ്യന് രണ്ട് പ്രധാന വശങ്ങളുണ്ട്. ഒന്ന് ജീവശാസ്ത്രപരമായതാണ്, രണ്ടാമത്തേത് സാമൂഹികപരമായതും. മനുഷ്യന്റെ ശാരീരിക ആവശ്യങ്ങൾ പലതും നിർവഹിക്കപ്പെടുന്നത് വ്യക്തിതലത്തിലാണ്. വിശപ്പ് ശമിപ്പിക്കുന്നതും, ഉറങ്ങുന്നതും, വിശ്രമിക്കുന്നതും ഒക്കെ ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ നടക്കുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങൾ മറ്റൊരു വ്യക്തിക്ക് നിർവ്വഹിക്കാൻ പറ്റുന്നതല്ല. ഇത് തന്നെയാണ് മറ്റു ജീവജാലങ്ങളുടെയും അവസ്ഥ. എന്നാൽ മനുഷ്യൻ തന്റെ പരിണാമ പ്രക്രിയത്തിൽ ഒരു സാമൂഹിക ജീവിയായി കൂടി മാറുന്നുണ്ട്. ജീവശാസ്ത്രപരമായ കാര്യങ്ങൾ മാത്രം നിർവ്വഹിച്ചുകൊണ്ട് മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്നുള്ള സ്ഥിതി വന്നു. അതിനു കുടുംബത്തിൽ തുടങ്ങി അന്താരാഷ്‌ട്ര തലത്തിൽ വരെ മാനങ്ങളുണ്ട്. ഉൽപ്പാദന പ്രക്രിയയിലും മനുഷ്യന് കൂട്ടായുള്ള പരിശ്രമം ആവശ്യമായി വന്നു. തനിക്കു വേണ്ടതെല്ലാം പ്രകൃതിയിൽ നിന്നും ഒറ്റയ്ക്ക് ഉൽപ്പാദിപ്പിക്കാൻ മനുഷ്യന് കഴിയാതെ വന്നു. ചുരുക്കത്തിൽ തന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഈ സാമൂഹിക ജീവിതം ആവശ്യമായി തീർന്നു.

മുതലാളിത്തം ഈ യാഥാർഥ്യങ്ങളെ മൂടിവച്ചു. വ്യക്തിതലത്തിൽ ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നുള്ള മിഥ്യാ ധാരണയാണ് അതുകൊണ്ടുവന്നത്. അത് സ്വകാര്യ ജീവിതത്തിന് പ്രാമുഖ്യം നൽകുകയും സാമൂഹ്യ ജീവിതത്തിന്റെ പ്രസക്തിയെ അവഗണിക്കുകയും ചെയ്തു. അങ്ങനെ വ്യക്തിതല ലക്ഷ്യങ്ങളും, ആവശ്യങ്ങളും നേടിയെടുക്കുന്നതിലേക്ക് ജീവിതത്തെ ചുരുക്കി കൊണ്ടുവന്നു. പണവും, അധികാരവും വ്യക്തിയെ സുരക്ഷിതനാക്കും എന്ന ബോധത്തെ അത് പ്രബലപ്പെടുത്തി. അങ്ങനെ മത്സരബുദ്ധി ശക്‌തിപ്പെട്ടു. മറ്റൊരാളെ നിയന്ത്രിക്കുകയും ചൂഷണം തുടരുകയും ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തിന് അനിവാര്യമാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഇത് മനുഷ്യവംശത്തിനും ജൈവ സംവിധാനത്തിനെ തന്നെയും വലിയ ദുരന്തത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇത് പ്രകൃതിയുമായുള്ള പരസ്പരാശ്രിത ബന്ധത്തിൽ വിടവ് ഉണ്ടാക്കിയിരിക്കുകയാണ്.

കടപ്പാട്:theecologist.org

മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ പിടിമുറുക്കൽ ശക്തിയാകുമ്പോൾ തന്നെ അതിനെതിരെയുള്ള പ്രതിരോധങ്ങൾ കൂടി ലോകത്ത് ഉണ്ടാവുന്നില്ലേ?

അധികാരവും തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും ഏതാനും വ്യക്തികളുടെ തലത്തിലേക്ക് ചുരുക്കപ്പെട്ടു. അതിനെ നാം ഇന്ന് കോർപ്പറേറ്റ് യൂണിറ്റുകൾ എന്ന് വിളിക്കുന്നു. അല്ലെങ്കിൽ സർക്കാർ എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ പൊതുകാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് അവരാണ്. സാധാരണ മനുഷ്യർക്ക് അവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയില്ല എന്ന് വന്നു. സമൂഹത്തെ നിയന്ത്രിക്കുന്ന കാർഷികവൃത്തി, വിദ്യാഭ്യാസ രംഗം, മാധ്യമങ്ങൾ, ആരോഗ്യരംഗം ഒക്കെ ഈ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലകപ്പെട്ടു. ഇപ്പോൾ ഇതിന്റെ ഭവിഷ്യത്തുക്കൾ അനുഭവിക്കുന്ന ലോകം പാരിസ്ഥിതിക നാശത്തെക്കുറിച്ചും അപമാനവീകരണത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. തത്വശാസ്ത്രത്തിൽ generality (പൊതുഘടന/ആവശ്യം) എന്നും particularity (സ്വകാര്യ ഘടന/ആവശ്യം) എന്നും പറയുന്ന രണ്ടു കാര്യങ്ങളെയും മനുഷ്യ ജീവിതത്തിൽ കൂട്ടിയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇപ്പോൾ ലോകത്തു ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി പല ഭാഗത്തും പ്രതിരോധ നിരകൾ ഉയർന്നു വരുന്നുണ്ട്. അതിന്റെ ഒരു പരിമിതി അത് ഏതെങ്കിലും ഒറ്റപ്പെട്ട ഒരു പ്രശ്നത്തോടുള്ള പ്രതികരണമായി ആരംഭിക്കുകയും അതിനോടുള്ള തൽക്ഷണ പ്രതികരണത്തിൽ ഒതുങ്ങുകയും ചെയ്യുന്നു എന്നതാണ്.

എന്താണ് മനുഷ്യനും പ്രകൃതിക്കുമിടയിൽ ഉണ്ടായിരിക്കേണ്ട ബന്ധം?

മനുഷ്യനും പ്രകൃതിയും രണ്ടല്ല. നമ്മൾ പ്രകൃതിയുടെ ഭാഗം തന്നെയാണ്. എന്നാൽ മുതലാളിത്തവും മാർക്സിസവും പറയുന്നത് അങ്ങനെയല്ലാ എന്നാണ്. ഒരു വീട് വയ്ക്കുമ്പോൾ നമ്മൾ പറയുന്നത് ‘ഞാൻ വീടുവച്ചു’ എന്നാണ്. എന്നാൽ പ്രകൃതി വിഭവങ്ങൾ എടുത്തുകൊണ്ട് പ്രകൃതിയുമായി ചേർന്നുമാത്രമേ അത് സാധ്യമാവുകയുള്ളൂ. മനുഷ്യൻ മാത്രമായി ഈ ലോകത്തു ഒന്നും സൃഷ്ടിക്കുന്നില്ല. പ്രകൃതിയും മനുഷ്യനും മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നത് യാഥാർഥ്യമാണ്. അത് പ്രപഞ്ച പരിണാമത്തിന്റെ ഭാഗമാണ്.

NHCPM ന്റെ പ്രത്യശാസ്ത്രത്തെക്കുറിച്ച് താങ്കൾ വിശദീകരിച്ചു. NHCPM ഒരു രാഷ്ട്രീയ സംഘടന ആണോ അതോ ഒരു ജനകീയ മൂവ്മെന്റ് ആണോ? അതിന്റെ പ്രവർത്തന രീതിയെക്കുറിച്ചു പറയാമോ?

NHCPM പ്രകൃതിക്കും മനുഷ്യനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സാമൂഹ്യ സംഘടനയാണ് (sociological movement). വിശാലമായ അർത്ഥത്തിൽ സാമൂഹ്യശാസ്ത്രം (Sociology) ആണ് അതിന്റെ അടിസ്ഥാന. അതിൽ രാഷ്ട്രീയവും, സാമ്പത്തിക ശാസ്ത്രവും, സംസ്ക്കാരവും, പരിസ്ഥിതിയും എല്ലാം വരും. NHCPM ഇതെല്ലം ചേർന്നതാണ്. അത് ഏതെങ്കിലും ഒരു രാഷ്ട്ര താൽപര്യത്തെ മുൻനിർത്തിയുള്ളതല്ല. ആഗോളതലത്തിലാണ് അതിന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഭൂമിയെ ഉൾക്കൊള്ളുന്നതാണ് അതിന്റെ വീക്ഷണം. അതുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് അതിനെ വിളിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പേരിന്റെ കൂടെ പീപ്പിൾസ് മൂവ്‌മെന്റ്റ് എന്ന് ചേർത്തിട്ടുള്ളത്. മനുഷ്യനും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു പ്രസ്ഥാനം.

പ്രകൃതിയെ ഒരു വിഭവശേഖരമായി മനുഷ്യൻ കാണാൻ തുടങ്ങിയത് എന്നുമുതലാണ് ? വ്യവാസായിക യുഗമാണോ മനുഷ്യ കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തെ മനുഷ്യ ജീവിത്തിന്റെ ഭാഗമാക്കി മാറ്റിയത്?

മുതലാളിത്തവും കോളോണിയലിസവും ചേർന്നാണ് പ്രകൃതി മനുഷ്യന് അനന്തമായി ചൂഷണം ചെയ്യാനുള്ള ഒരു വസ്തുവാണെന്നുള്ള ആശയത്തെ ലോകമാകമാനം അടിച്ചേൽപ്പിച്ചത്. കൂടാതെ മുതലാളിത്തം ലോകം മുഴുവൻ ഒരേ സമയത്തു ഒരേ തീവ്രതയിലും വ്യാപ്തിയിലും അല്ല വ്യാപിച്ചത്. മുതലാളിത്തം എന്ന ആശയത്തെ ലോകം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നില്ല. ഇതിനെതിരെ ഒരുപാട് പ്രതിരോധ പ്രവർത്തനങ്ങൾ അതിനെതിരെ വ്യത്യസ്ത ജനവിഭാഗങ്ങളിൽ നിന്നും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഏറ്റവും വലിയ വിനാശ ശക്തിയായി കോർപ്പറേറ്റ് സംവിധാനം മാറിയിരിക്കുകയാണ്.

ദില്ലിയിലെ കർഷക സമരം. കടപ്പാട്: edition.cnn.com

വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങളുമായി NHCPM എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി അജണ്ടയുടെ അടിസ്ഥാനത്തിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന നിലപാടാണ് NHCPM എടുത്തിട്ടുള്ളത്. ജനവിരുദ്ധമായ മൂന്ന് ബില്ലുകൾ പിൻവലിക്കണം എന്ന കാര്യത്തിൽ യോജിപ്പുണ്ടായിരുന്നത് കൊണ്ടാണ് കർഷക പ്രസ്ഥാനങ്ങളുടെ സമരത്തിൽ ഐക്യപ്പെട്ടത്. അതേ സമയം കാർഷിക രംഗത്ത് ഇപ്പോൾ നടക്കുന്ന രീതിയുമായി വിയോജിപ്പാണുള്ളത്. ഇപ്പോഴത്തെ വ്യാവസായിക രീതികളെ പിന്തുണയ്ക്കുന്ന രാസകൃഷി രീതികൾ മാറണം എന്ന അഭിപ്രായം ആണ് NHCPMനുള്ളത്. വിയോജിപ്പുള്ള കാര്യങ്ങൾ തുറന്നു പറയുകയും സംവാദത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പൊതുവെ സ്വീകരിച്ചു വരുന്ന നയം.

ദില്ലിയിൽ കർഷകരുടെ ഐതിഹാസിക സമരം നടക്കുമ്പോൾ NCHPM അതിനു പിന്തുണയുമായി ഉണ്ടായിരുന്നു. എങ്ങനെയാണ് NHCPM അതിന്റെ ഭാഗമായത് ?

കർഷക പ്രക്ഷോഭത്തിൽ ഇന്ത്യ മുഴുവൻ പങ്കെടുക്കണം എന്നായിരുന്നു ഞങ്ങൾ ഭാരതീയ കിസാൻ മോർച്ചയോട് ആവശ്യപ്പെട്ടത്. അതിനു വേണ്ടി രാകേഷ് ടികായത്തിന്റെ കൂടെ പല സംസ്ഥാനങ്ങളിലും അതിന്റെ പ്രചാരണത്തിൽ പങ്കാളിയായി ഉണ്ടായിരുന്നു. അദ്ദേഹം പല സംസ്ഥാനങ്ങളിലും യോഗങ്ങളിൽ പങ്കെടുത്തു. ഞങ്ങൾക്ക് അംഗപരിമിതി ഉണ്ടായിരുന്നു. എങ്കിലും എല്ലാ ദേശത്തുമുള്ള കർഷകരുടെ പങ്കാളിത്തം സമരത്തിൽ ഉണ്ടാവണമെന്ന് ഞങ്ങൾ കരുതി. ഭാരതീയ കിസാൻ മോർച്ചയുടെ പ്രവർത്തനങ്ങൾ കുറച്ചു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു നന്നായി നടന്നു കൊണ്ടിരുന്നത്. അത് ശരിയല്ല എന്നുള്ള നിലപാട് ആയിരുന്നു ഞങ്ങളുടേത്. അങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കർഷകരെക്കൂടി ഇതിലേക്ക് കൊണ്ടുവരുന്നത്. അതുപോലെ മൂന്ന് നിയമങ്ങൾ പിൻവലിച്ചാലും എം.എസ്.പി (കുറഞ്ഞ താങ്ങുവില) നിയമമായി നിലവിൽ വന്നാലും പ്രശ്നങ്ങൾ അവസാനിക്കില്ല എന്നതായിരുന്നു. ശരിയായ മാറ്റങ്ങൾ നടക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന കൃഷി രീതിയെ പ്രകൃതി സൗഹൃദ കാർഷിക രീതിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ കോർപ്പറേറ്റുകൾക്ക് സ്വാധീനമുള്ള രാസകൃഷി രീതികൾ വലിയ പ്രതിസന്ധിയിലാണ്. ഇത്തരം അടിസ്ഥാന പ്രശ്ങ്ങൾ കൂടി ചർച്ചചെയ്യാനുള്ള വേദിയായി ആ സമരത്തെ NHCPM കണ്ടു. നേരത്തെ ഞങ്ങളെ വെറും പരിസ്ഥിതി വാദികൾ ആയിട്ടായിരുന്നു കർഷകർ കണ്ടിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. അവർ ഞങ്ങളുടെ സെമിനാറിലും ചർച്ചകളിലും പങ്കെടുക്കാൻ തുടങ്ങി.

കർഷക സമരം ഒരു വിജയമായിരുന്നു എന്ന് NHCPM കരുതുന്നുണ്ടോ?

തീർച്ചയായും ജനവിരുദ്ധ നിയമങ്ങൾ പിൻവലിച്ചത് വലിയ നേട്ടമാണ്. എന്നാൽ സമരം വലിയ വിജയമായി എന്ന് കരുതാൻ പറ്റില്ല. സമരം കാർഷിക രംഗത്തെ കോർപ്പറേറ്റ് വൽക്കരണത്തിന്റെ വേഗത്തെ കുറച്ചു എന്ന് കരുതാം. ഇപ്പോൾ തന്നെ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ് കാർഷിക രംഗം. കാർഷിക ഉപകരണങ്ങൾ, വളം, വിത്ത് എന്നിവ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് അവരാണ്. ഇനി ബാക്കിയുള്ളത് ഭൂമിയാണ്. അത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനാണ് താൽക്കാലിക വിരാമമിട്ടിരിക്കുന്നത്. സമരത്തിന്റെ ഒരു നേട്ടം തന്നെയാണ് അത്. കാലാവസ്ഥാ പ്രതിസന്ധിയും, മനുഷ്യരുടെ ആരോഗ്യവും പരിഗണിച്ചുകൊണ്ട് സുസ്ഥിര കൃഷിരീതികളിലേക്ക് മാറിയാലേ കർഷക സമരം പൂർണ്ണമാവുകയുള്ളൂ. ആ ദിശയിലേക്കു തന്നെയാണ് കാര്യങ്ങൾ പോകുന്നത്.

ഭൂമിയിലെ മനുഷ്യർക്ക് വേണ്ട ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന വലിയ ഉത്തരവാദിത്തം നിറവേറ്റുന്നവരാണ് കർഷകർ. അവർക്കു അവരുടെ ജീവിതം കൂടി നോക്കേണ്ടതുണ്ട്. ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത പ്രശ്നം ഒരു വശത്തുണ്ട്. ഈ സ്ഥിതിയിൽ കോർപ്പറേറ്റ് വൽക്കരണത്തെ കർഷകർ എങ്ങനെ പ്രതിരോധിക്കും?

രണ്ടു കാര്യങ്ങൾ കർഷകർക്ക് നോക്കേണ്ടി വരും. കർഷകർക്ക് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടി വരും. അതിന്റെ കൂടെ മുഴുവൻ മാനവ സമൂഹത്തോട് ഉള്ള ഉത്തരവാദിത്തവും അവർക്കു നിറവേറ്റേണ്ടി വരും. അവർ മനുഷ്യർക്ക് വേണ്ടി ശുദ്ധമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും പകരം മാനവ സമൂഹത്തോട് തങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. അതെ സമയം സാമൂഹിക സുരക്ഷയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും ഉത്തരവാദിത്തം കേവലം കൃഷിക്കാരന്റേത് മാത്രമല്ല. സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. കൃഷിക്കു പ്രാഥമിക പരിഗണനയും വ്യവസായത്തിന് രണ്ടാമത്തെ പരിഗണനയും സർക്കാർ നൽകേണ്ടി വരും. സ്വാഭാവികമായും ഇപ്പോൾ തുടരുന്ന വികസന മാതൃകയ്ക്ക് മാറ്റം വരും. എല്ലാ സാമൂഹിക സംഘടനകളും തങ്ങളുടെ താല്പര്യങ്ങൾക്കൊപ്പം മാനവ സമൂഹത്തിന്റെ താൽപ്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ പൊതു താല്പര്യത്തെ ചെറുതും വലുതുമായ സംഘടനകൾ അവഗണിച്ചിരിക്കുകയാണ്.

NHCPM കോർപ്പറേറ്റുവൽക്കരണത്തിനെതിരെ ഏതു തരത്തിലുള്ള പ്രവർത്തങ്ങളാണ് നടത്തുന്നത്? ഏതുതരം പ്രവർത്തനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്?

കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയുമൊക്കെ സംഘടനകൾ ഇന്ന് സംജാതമായിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെ ജീവിതത്തെയും ഇപ്പോഴത്തെ സാമ്പത്തിക ക്രമം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാൽ പലരും രോഗത്തിന്റെ മൂലകാരണത്തെ അല്ല ചികിത്സിക്കുന്നത്. പലരും ചികത്സിക്കാൻ നോക്കുന്നത് രോഗ ലക്ഷണങ്ങളെയാണ്. അതുകൊണ്ടുള്ള പ്രശ്നം രോഗം മാറാതിരിക്കുകയും ഒരു ലക്ഷണം മാറി വേറൊരു രോഗലക്ഷണം രംഗത്ത് വരികയും ചെയ്യും എന്നതാണ്. നമുക്ക് രോഗത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. രോഗലക്ഷണങ്ങളെ അല്ല. എന്താണ് രോഗം എന്നും അത് എത്ര തീവ്രമായി ബാധിച്ചിരിക്കുന്നു എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് വിവിധ പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ട് വരുന്ന സംഘടനകളെ രോഗലക്ഷണങ്ങൾക്കൊപ്പം രോഗത്തെയും ചികത്സിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഞങ്ങൾ പല ജനകീയ പ്രസ്ഥാനങ്ങളോടും സംഘടനകളോടും സഹകരിക്കുകയും അവരുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നത്. ആഗോളതലത്തിൽ പ്രകൃതിക്കും മനുഷ്യനും വേണ്ടിയുള്ള ജനകീയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ അവരോട് പറയുന്നു. ദേശ രാഷ്ടങ്ങൾ, ജാതി മത പ്രസ്ഥാനങ്ങൾ ഒക്കെ ശ്രമിക്കുന്നത് മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു പ്രശ്നങ്ങൾ പരിഹരിക്കാനാണ്. മാത്രവുമല്ല ഇന്നത്തെ പ്രതിസന്ധികൾ പലതും നമുക്ക് പ്രാദേശികമായി മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല. Think globally, Act locally എന്നത് തെറ്റാണ്. നമുക്ക് ഒരേ സമയം പ്രാദേശികതലത്തിലും ആഗോളതലത്തിലും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതാണ് NHCPM ചെയ്യാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇത് ഒരു സാമൂഹിക മുന്നേറ്റമാണെന്ന് നേരത്തെ പറഞ്ഞത്.

കടപ്പാട്:progressive.international

കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധിയായി നമ്മുടെ മുന്നിലുണ്ട്. ഇപ്പോൾ ലോകത്ത് നിലനിൽക്കുന്ന വ്യവസ്ഥിതി തുടർന്നുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനും കഴിയില്ല. എന്താണ് നമ്മുടെ മുന്നിലുള്ള വഴി?

നമ്മൾ മുതലാളിത്തത്തിന്റെ അജണ്ട പിന്തുടന്നുകൊണ്ടാണ് പരിഹാരം തേടുന്നത്. പണമാണ് അതിന്റെ കേന്ദ്ര ബിന്ദു. എന്നാൽ നമ്മുടെ യഥാർത്ഥ മൂലധനം വായു, ജലം, മണ്ണ്, ജൈവ വൈവിധ്യം തുടങ്ങിയവയാണ്. നമ്മളെ സംബന്ധിച്ചു വിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണ് പണം. പണത്തിന് അതിൽ കൂടുതൽ പ്രസക്തിയില്ല. അല്ലെങ്കിലും പ്രകൃതിയില്ലാതെ എന്ത് സമ്പദ്‌വ്യവസ്ഥയാണ് നിലനിൽക്കുക? സാമ്പത്തിക മൗലികവാദം ഇനിയും നമുക്ക് തുടർന്ന് പോകാൻ കഴിയില്ല. അത് കാലഹരണപ്പെട്ടിരിക്കുന്നു. ഇത് മനസിലാക്കാതെ രാഷ്ട്രീയ പരിഹാരം സാധ്യമല്ല. വ്യക്തി തലത്തിൽ പണം ഉണ്ടാക്കൂ, വിപണിയിൽ മത്സരിക്കൂ, വിജയം നേടൂ, സുരക്ഷിത ജീവിതം ആസ്വദിക്കൂ എന്ന് ആഹ്വാനം നൽകുന്ന പ്രത്യയശാസ്ത്രം അവസാനിക്കേണ്ടിയിരിക്കുന്നു. അത് പൊതുവായ കാര്യങ്ങളോടുള്ള പ്രതിപത്തി വ്യക്തികളിൽ ഇല്ലാതാക്കിയിരിക്കുകയാണ്. എല്ലാവരും അവനവനെ പറ്റി മാത്രം ചിന്തിക്കുന്ന അവസ്ഥ വലിയ ദുരന്തമാണ്. അതുകൊണ്ടാണ് പൊതു ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ ഇന്ന് ആളുകൾ മുന്നോട്ടുവരാൻ മടിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് അധികാരം കൈമാറിയത് കൊണ്ട് വലിയ കാര്യമില്ല.

കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രഭാവം കുറയ്ക്കാൻ നിലവിലെ സമ്പദ്‌വ്യവസ്ഥ മാറണം എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന പല സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്നത്. NHCPM ഇതിനെ എങ്ങനെയാണ് കാണുന്നത്?

നിലവിലെ സംവിധാനത്തിൽ സമ്പദ്‌വ്യവസ്ഥ മാത്രം മാറ്റാൻ സാധിക്കുകയില്ല. സാമൂഹികപരമായ മാറ്റമാണ് ആവശ്യം. ഇതിലൂടെ മാത്രമേ യഥാർത്ഥ രോഗം മാറ്റിയെടുക്കാൻ പറ്റുകയുള്ളു. അതിന്റെ ഭാഗമായി മാത്രമേ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും സംസ്ക്കാരവും ഒക്കെ മാറുകയുള്ളൂ. ഇതിൽ ഏതെങ്കിലും ഒന്ന് മാറണമെന്ന് ആവശ്യപ്പെടുന്നതിൽ കാര്യമില്ല. അതുകൊണ്ട് എവിടെയൊക്കെ ജനങ്ങൾ ഒത്തുകൂടുന്നുവോ അവിടെയൊക്കെ യഥാർത്ഥ പ്രശ്നവും പരിഹാരവും ചർച്ച ചെയ്യാനുള്ള വേദികളാക്കി മാറ്റണം. അതിനു ജനങ്ങളുടെ ഇടപെടൽ വേണം. ഏതാനും വിദഗ്‌ദ്ധർക്ക് മാത്രം മാറ്റം കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ടാണ് NHCPM പ്രവർത്തകർ കർഷക സമര വേദികളിലും SAPACC സമ്മേളനത്തിലും ഒക്കെ പങ്കെടുക്കുകയും ആശയ സംവാദം നടത്തുകയും ചെയ്യുന്നത്. ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം Anthropocene Epoch ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മനുഷ്യ കേന്ദ്രീകൃതമല്ല മനുഷ്യ സ്വഭാവം. അതുകൊണ്ടു കാലാവസ്ഥ പ്രതിസന്ധിക്കു മുഴുവൻ മനുഷ്യരും ഉത്തരവാദിയെന്ന് പറയാൻ കഴിയില്ല. അത് യൂറോപ്പിന്റെ ചിന്താ പദ്ധതിയാണ്. അവർക്കു ഇപ്പോഴും കാര്യങ്ങൾ വ്യക്തമായിട്ടില്ല. നമ്മൾ അവരുടെ അവ്യക്തതകൾ ഏറ്റെടുക്കേണ്ടതില്ല.

മുതലാളിത്തം കൊണ്ടുവന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണു നോക്കിക്കാണുന്നത്?

കാലഹരണപ്പെട്ട ആശയങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും പുരോഗമന ആശയങ്ങളെ തമസ്ക്കരിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്. അതിനു വേണ്ടി ജാതിയെയും മതത്തെയും സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു. മതത്തിലെ നല്ല വശങ്ങളെ അവർ പൂർണ്ണമായും അവഗണിക്കുകയും ചെയ്യും. അതിനിടയിലൂടെ കോർപ്പറേറ്റ് സേവ ഗംഭീരമായി നടത്തുകയും ചെയ്യുന്നു. അങ്ങനെ എല്ലാ പുരോഗമന വിരുദ്ധ ശക്തികളും ഒന്നിച്ചു സംഘപരിവാറിന് പിന്തുണ നൽകിയിരിക്കുന്നു. മറുവശത്തു കോൺഗ്രസ്സും ഇതിൽ നിന്നും വലിയ വ്യത്യസ്ഥമല്ലാത്ത രാഷ്ട്രീയം നയം തന്നെയാണ് പിന്തുടരുന്നത്. കോർപ്പറേറ്റുകളെ ഒഴിവാക്കിക്കൊണ്ടുള്ള പോളിസികളൊന്നും രാഹുൽ ഗാന്ധിയുടെ കയ്യിലുമില്ല. രാഷ്ട്രീയ പാർട്ടികൾക്ക് വൻ തുകകൾ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയും തങ്ങൾക്കനുകൂലമായ പോളിസികൾ പാർലിമെന്റിൽ രൂപപ്പെടുത്തിയും കോർപ്പറേറ്റുകൾ ഭരണകൂടങ്ങളെ സമ്പൂർണ്ണ നിയന്ത്രണത്തിൽ നിർത്തിയിരിക്കുകയാണ്. ജനകീയ താൽപ്പര്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന പാർട്ടികൾ ഇന്ന് ഇന്ത്യയിൽ ജന്മമെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയില്ലെന്നു അവർ ഉറപ്പാക്കിയിട്ടുണ്ട്.

സജ്ജൻ കുമാർ

ഈ അവസ്ഥയിൽ കോർപ്പറേറ്റ് ശക്തികൾക്കെതിരെ എങ്ങനെ പൊരുതും? എന്താണ് നമ്മുടെ മുൻപിലുള്ള വഴി?

ഇന്ന് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത രീതിയിലുള്ള പ്രവർത്തനത്തിലൂടെ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ന് കോർപ്പറേറ്റുകളെ ആശ്രയിക്കാതെ, മാധ്യമ വാർത്തകളെ ആശ്രയിക്കാതെ പ്രവൃത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അവിടെയാണ് സോഷിയോളോജിക്കൽ അപ്പ്രോച്ച് ആവശ്യമായി വരുന്നത്. അത് വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ്. അല്ലാതെ ഏതെങ്കിലും സ്വാധീനത്തിനു വഴങ്ങി ആശയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി നടത്തുന്ന പ്രവർത്തനം അല്ല. അത് ദൈനം ദിനം ഉണ്ടായിവരുന്ന സാഹചര്യങ്ങളോട് തന്ത്രപരമായി ഇടപെടുന്ന രീതിയുമല്ല. അത് ദീർഘ വീക്ഷണത്തോടെ മനുഷ്യനെയും പ്രകൃതിയെയും നിലനിർത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

താങ്കൾ ഒരു പാട് യാത്ര ചെയ്യുന്ന ആൾ ആണല്ലോ. ഒരുപ്പാട്‌ മനുഷ്യരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. ആളുകൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നത്?

എന്റെ ഗ്രാമവാസികൾ എന്നോട് ചോദിക്കുന്നത് ഈ പ്രതിസന്ധിയുടെ അവസാനം എല്ലാവരും മരിക്കുമെങ്കിൽ എന്തിനാണ് ഇങ്ങനെ ഓടിനടന്ന് പ്രശനം പരിഹരിക്കാൻ സമയം കളയുന്നത് എന്നാണ്. അവർ പറയുന്നത് അവസാനം എല്ലാം ഇല്ലാതാവുമെങ്കിൽ അങ്ങനെ സംഭവിക്കട്ടെ എന്നാണ്. മനുഷ്യരുടെ ചിന്ത ഈ ദിശയിലാണിപ്പോൾ നടക്കുന്നത്. എല്ലാവരും നിലനിൽക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം എന്നല്ല ചിന്തിക്കുന്നത്. എത്രയോ കാലമായി എന്റെ പ്രവർത്തനങ്ങളെ അറിയുന്ന എന്റെ ഗ്രാമവാസികളാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം. അതിനർത്ഥം കോർപ്പറേറ്റ് ശക്‌തികൾ നയിക്കുകയും സാധാരണ ജനങ്ങൾ അവരെ പിന്തുടരുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്നാണ്. അവർ നൽകുന്ന ഉത്തരങ്ങളിൽ ലോകം സംതൃപ്തരായിരിക്കുന്നു. ചോദ്യങ്ങൾ ക്രമേണ ഇല്ലാതായി കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വില വർദ്ധനവ് ഉണ്ടായിട്ടും ആരും സമരം ചെയ്യാൻ മുന്നോട്ടുവരാത്തത്. ചൂഷണ വ്യവസ്ഥയുമായി നമ്മൾ പോരുത്തപ്പെട്ടിരിക്കുന്നു എന്നുകൂടി നമ്മൾ മനസിലാക്കണം. അവർ വിഭാവനം ചെയ്യുന്നതൊക്കെ വികസനം എന്നപേരിൽ സ്വീകരിക്കുകയും ചെയ്യുന്നു. അത് പ്രചരിപ്പിക്കാൻ ഇന്ന് മാധ്യമങ്ങൾ കോർപ്പറേറ്റ് ശക്തികൾ കയ്യടക്കിയിരിക്കുന്നു. എതിർ പക്ഷത്ത് നിൽക്കുന്നവരുടെ ശബ്ദം കേൾപ്പിക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ലോകം അന്ധകാരത്തിലേക്ക് പോകുന്നുവെന്ന് തോന്നുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

13 minutes read February 28, 2023 5:10 pm