നീറ്റ് നിർത്തലാക്കി എൻ.ടി.എ പിരിച്ചുവിടണോ?

സംശയാസ്പദമായ ഫലപ്രഖ്യാപനത്തിലൂടെ ആധികാരികതാ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് NEET (UG) ഉം (മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)  പരീക്ഷാ നടത്തിപ്പ് സ്ഥാപനമായ NTA യും (നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി). മുഴുവൻ മാർക്കും നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലുള്ള അസാധാരണമായ വർധനവ്, പ്രത്യേക സെൻ്ററിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കും കോച്ചിങ്ങ് സെൻ്ററുകളിലെ വിദ്യാർഥികളിൽ ചിലരും മുഴുവൻ മാർക്കും കരസ്ഥമാക്കിയത്, ചില വിദ്യാർഥികൾ 719,718 എന്നിങ്ങനെ പാറ്റേണിന് പുറത്ത് മാർക്കുകൾ നേടിയത്, NEETൻ്റെ ചരിത്രത്തിലാദ്യമായി പരാതിപ്പെടുക പോലും ചെയ്യാതെ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത്, ഫലപ്രഖ്യാപന തീയതിക്കും പത്ത് ദിവസം മുമ്പ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടക്കുന്നതിനിടയിൽ നിശബ്ദമായി ഫലം പ്രഖ്യാപിച്ചത് തുടങ്ങി ക്രമക്കേടുകളുടെ നീണ്ട നിരയാണ് NEETൻ്റെയും NTAയുടേയും അസ്തിത്വം ചോദ്യം ചെയ്യപ്പെടാൻ കാരണമായിക്കുന്നത്. ഒപ്പം, ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണം കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി.

മേൽപ്പറഞ്ഞ ക്രമക്കേടുകളിൽ ചോദ്യപേപ്പർ ചോർച്ചയും ചില വിദ്വാർഥികൾക്ക് വഴിവിട്ട സഹായം ചെയ്തതും ഭരണഘടനയിലെ പതിനാലാം അനുച്ഛേദ (തുല്യതക്കുള്ള അവകാശം)ത്തിൻ്റെ ലംഘനമാണെന്നും നിലവിൽ പ്രഖ്യാപിച്ച NEET (UG) ഫലം അസാധുവാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർഥികൾ ഉടനടി തന്നെ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. NEET (UG) ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ റിട്ട് (Writ) ആയും പൊതുതാൽപര്യ ഹർജിയായും സുപ്രീം കോടതിയിലും പല സംസ്ഥാന ഹൈക്കോടതികളിലും പലരും നൽകിയിട്ടുമുണ്ട്. സമാന്തരമായി NEET പരീക്ഷയെഴുതിയ വിദ്യാർഥികൾ സ്വമേധയാ സംഘടിച്ച് രാജ്യവ്യാപകമായി തെരുവിലിറങ്ങുകയും ചെയ്തതോടെ 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയ സംഭവം അന്വേഷിക്കാനായി  ഒരു നാലംഗ സമിതിയെ നിയോഗിക്കാൻ NTA തയ്യാറായി. അപ്പോഴും മറ്റ് ആരോപണങ്ങൾ NTA കണക്കിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ കമ്മിറ്റി, അനുവദിക്കപ്പെട്ട ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിച്ചാൽ പോലും ഗ്രേസ് മാർക്കിൻ്റെ കാര്യത്തിൽ മാത്രമേ തീരുമാനമാവാൻ സാധ്യതയുള്ളൂ എന്ന് ചുരുക്കം.

നീറ്റ് ക്രമക്കേടുകൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിൽ നടന്ന സമരം.

ഇനി കോടതിയിലിരിക്കുന്ന കേസുകളുടെ കാര്യം പരിശോധിക്കാം. NEET പരീക്ഷയുടെ ‘പവിത്രത’ നഷ്ടപ്പെട്ടെന്ന് നിരീക്ഷിക്കുകയും ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള ആരോപണങ്ങൾക്കുള്ള മറുപടിയും പുനപരീക്ഷയെന്ന ആവശ്യത്തിലുള്ള അഭിപ്രായവും ആരാഞ്ഞ് NTAക്ക് നോട്ടീസ് അയക്കുകയും ചെയ്തെങ്കിലും കൗൺസിലിംഗ് നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടാൻ തയ്യറായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കൗൺസിലിംഗ് എന്നാൽ വിദ്യാർഥികൾ നേടിയ റാങ്കിനനുസരിച്ച് മെഡിക്കൽ സീറ്റുകൾ അനുവദിച്ച് നൽകുന്ന പ്രക്രിയയാണ്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട NEET (UG) ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് കൗൺസിലിംഗ് നടത്തുക. അങ്ങനെ കൗൺസിലിംഗ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഫലം റദ്ദാക്കുന്നതും പുനപരീഷ നടത്തുന്നതും പ്രായോഗികമാവില്ല എന്നുറപ്പാണ്. കൗൺസിലിംഗ് നടപടികൾ തുടരാൻ അനുവദിച്ചതിലൂടെ ഫലം റദ്ദാക്കാനും പുനപരീക്ഷ നടത്താനും ഉത്തരവിടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് സുപ്രീം കോടതി ചെയ്തത്. മാത്രമല്ല, കോടതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാനുള്ള ഉത്തരവാദിത്വം പരാതിക്കാരായ വിദ്യാർഥികളിൽ നിക്ഷിപ്തമാണ്. തിരിമറികൾ നടന്നെന്നും ചോദ്യ പേപ്പർ ചോർന്നെന്നുമുള്ള വസ്തുത സ്ഥാപിക്കാനാവശ്യമായ തെളിവുകൾ സമാഹരിക്കുക എളുപ്പമല്ല. അതിനാൽ ആ കാര്യത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായ വിധി പ്രസ്താവത്തിനുള്ള സാധ്യത തുലോം കുറവാണ്. ഇന്ന് NTA നൽകിയ ശുപാർശയുടെ പശ്ചാത്തലത്തിൽ, ഗ്രേസ് മാർക്ക് നേടിയ 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദ് ചെയ്യാനും, അവർക്കായി മാത്രം പുനപരീക്ഷ നടത്താനും കോടതി ഉത്തരവിടുകയും ചെയ്തതോടെ എല്ലാവർക്കും പുനപരീക്ഷയെന്ന വിദ്യാർഥികളുടെ ആവശ്യം ഏതാണ്ട് നിരാകരിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു.

പ്രവേശനം ഏകീകരിച്ചപ്പോൾ സംഭവിച്ചത്?

രാജ്യത്തെ മെഡിക്കൽ ബിരുദ പ്രവേശനം NEETലൂടെ ഏകീകരിച്ചത് മെഡിക്കൽ മേഖലയിലേക്കുള്ള പ്രവേശനത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കിയെന്നതാണ് വാസ്തവം. സർക്കാർ കോളേജുകളിലെ 15ശതമാനം സിറ്റുകൾ കേന്ദ്ര ക്വാട്ടയിലേക്ക് പോവുന്നതോടെ സ്വന്തം സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടാൻ വിദ്യാർഥി കൂടുതൽ ഉയർന്ന റാങ്ക് നേടണമെന്ന അവസ്ഥയായി. മാത്രമല്ല, ഓരോ വർഷവും അധികരിക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണത്തിനനുസരിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ സീറ്റ് വർധിപ്പിക്കാത്തതും മത്സരം അതിതീക്ഷ്ണമാക്കി. ഏതെങ്കിലും ഒരു ‘മികച്ച’ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പഠിക്കാതെ മെഡിക്കൽ സീറ്റ് നേടാനാവില്ല എന്നുറപ്പാക്കപ്പെട്ടു.

ദേശീയ തലത്തിൽ പരീക്ഷയും ചോദ്യപേപ്പറും ഏകീകരിച്ചതിലുള്ള സൗകര്യവും കടുത്ത മത്സരം തുറന്നുനൽകിയ സാധ്യതയും പ്രയോജനപ്പെടുത്തി രാജ്യമപ്പാടെ ശാഖകളുള്ള വൻകിട കോച്ചിങ്ങ് സെൻ്ററുകൾ മുളച്ചുപൊന്തി. അവരുടെ നിക്ഷേപത്തിൻ്റെയും പരസ്യങ്ങളുടേയും പ്രഭാവത്തിലും അകപ്പെട്ട് ചെറിയ ചിലവിൽ പരിശീലനം നൽകിയിരുന്ന ഒരു ശാഖയും കുറച്ച് കുട്ടികളുമായി പ്രവർത്തിച്ചിരുന്ന എൻട്രൻസ് കോച്ചിങ്ങ് സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. എൻട്രൻസ് പരിശീലനംതന്നെ വൻ വ്യവസായമായി മാറ്റപ്പെട്ടു.

2024 NEET(UG)യുമായി ബന്ധപ്പെട്ടു പുറത്തുവന്ന ക്രമക്കേടുകൾ, NEET നടപ്പിലാക്കുമ്പോൾ അതിൻ്റെ വക്താക്കൾ വാദിച്ചിരുന്നതുപോലെ സംസ്ഥാനങ്ങൾ നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടുകൾ ഇല്ലാതാക്കിയില്ല എന്ന് തെളിയിച്ചിരിക്കുന്നു. പകരം, ക്രമക്കേടുകൾ നടത്താനുള്ള അധികാരം കേന്ദ്രീകരിക്കുകയാണ് NEET ചെയ്തത്. മറ്റ് ചില വസ്തുതകൂടി നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. ഒന്നാമതായി, NEET നിലവിൽ വരുന്നതിന് മുമ്പ് ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായാണ് മെഡിക്കൽ പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷകൾ നടത്തിയിരുന്നത്. ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ നേതൃത്വം അഥവാ സർക്കാരുകളാണ് അതുസംബന്ധിച്ച നയപരമായ തീരുമാനങ്ങൾ കൈകൊണ്ടിരുന്നത്. എന്നാൽ NEET നടത്തുന്നത് അഖിലേന്ത്യാ തലത്തിലായതിനാൽ അത് സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നത് കേന്ദ്ര സർക്കാരാണ്. നിലവിൽ സംഭവിച്ചതുപോലുള്ള ക്രമക്കേടുകൾ നടന്നാൽ ഇരകളാക്കപ്പെടുന്ന വിദ്യാർഥികൾക്ക് നേരത്തെ അതത് സംസ്ഥാന സർക്കാരുകളുടെ അടുത്തേക്ക് പരാതിയുമായി പോവാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അവസരമില്ല. രണ്ടാമതായി, സംസ്ഥാനതലത്തിൽ എൻട്രൻസ് പരീക്ഷകൾ നടന്നിരുന്ന കാലത്ത്, ഒരു ക്രമക്കേട് ശ്രദ്ധയിൽപ്പെടുകയും പുനപരീക്ഷ നടത്തേണ്ട സാഹചര്യം ഉടലെടുക്കുകയുംചെയ്താൽ, ക്രമക്കേട് നടന്ന സംസ്ഥാനത്തെ ഫലം മാത്രം റദ്ദാക്കാനും പുനപരീക്ഷ നടത്താനുമുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതും സാധ്യമല്ല. മൂന്നാമതായി, പരീക്ഷ നടത്തുന്ന NTAക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യത്തെ സംബന്ധിച്ചാണ്. ദേശീയ ഏജൻസിയാണെങ്കിലും NTAക്കെതിരെ വിദ്യാർഥികൾക്ക് അതത് സംസ്ഥാങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാം, പല സംസ്ഥാന ഹൈക്കോടതികളിലും NTAക്കെതിരായി വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതികളെല്ലാം ഒരുമിച്ച് സുപ്രീം കോടതി പരിഗണിക്കണമെന്നും വിധി പറയണമെന്നും ആവശ്യപ്പെടാൻ NTAക്ക് സാധിക്കും. നിലവിലെ ക്രമക്കേടുകളെ സംബന്ധിച്ച പരാതികൾ അങ്ങനെ കേൾക്കാൻ NTA സുപ്രീം കോടതിയിൽ ശുപാർശചെയ്യുകയും ചെയ്തിട്ടുണ്ട്.

നീറ്റ് ക്രമക്കേടിനെതിരെ കർണ്ണാടകയിലെ കോളാറിൽ നടന്ന സമരം.

സംസ്ഥാനങ്ങൾക്ക് വ്യത്യസ്ഥമായ താൽപര്യങ്ങളുണ്ട്. NEET നടപ്പിലാക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച സംസ്ഥാനമാണ് തമിഴ്നാട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ കേന്ദ്രത്തിൽ അധികാരത്തിൽവന്ന ഭരണ നേതൃത്വം അധികാരം നിലനിർത്താൻ പ്രാദേശിക പാർട്ടികളെ അഥവാ സംസ്ഥാനങ്ങളുടെ താൽപര്യങ്ങളെ പരിഗണിച്ചേ തീരൂ എന്ന സാഹചര്യവും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ നേടിയ വിജയവും അത്തരം സംസ്ഥാനങ്ങളിലെ നീതിന്യായ സംവിധാനങ്ങൾക്ക് സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് ഉതകും വിധം വിധി പ്രസ്താവം നടത്താനുള്ള ആത്മവിശ്വാസം നൽകും. ഇത് മുന്നിൽ കണ്ടാണ് NTA സുപ്രീം കോടതി പരാതികളെല്ലാം ഒരുമിച്ച് കേൾക്കണം എന്ന ശുപാർശ ചെയ്തിരിക്കുന്നത്. നീതിന്യായ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നതിൽ നിന്നും സാധാരണക്കാരനെ അകറ്റിക്കളയുന്ന ഈ സാഹചര്യം ഉടലെടുക്കാൻ കാരണം പരീക്ഷാ നടത്തിപ്പ് ഒരു കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചതാണ്.

മാർക്ക് ദാനം ആരെയാണ് സഹായിക്കുക?

ഇത്തവണ NEET (UG) പരീക്ഷയെഴുതിയ 67 വിദ്യാർഥികൾ ആകെ മാർക്കായ 720ൽ 720 നേടിയിട്ടുണ്ട്. ഈ വിദ്യാർഥികൾക്ക് പോലും ഡൽഹി എയിംസിൽ സീറ്റ് കിട്ടാനുള്ള സാധ്യതയില്ല എന്ന് പറയപ്പെടുന്നു. അതായത് മാർക്ക് നില വലിയ തോതിൽ ഉയർന്നെങ്കിലും വിദ്യാർഥികൾ റാങ്ക് ലിസ്റ്റിൽ വളരെ പിന്നോട്ടു പോവാനുള്ള സാഹചര്യമാണുള്ളത്. സാധാരണ ഗതിയിൽ 700 മാർക്ക് മാർക്ക് നേടുന്ന വിദ്യാർഥികൾ 300-400 റാങ്കുകളിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഇത്തവണ അവരുടെ റാങ്ക് 2300വരെ താഴ്ന്നു. സാധാരണ ഗതിയിൽ മാന്യമായ മാർക്കായ 600 കിട്ടിയ വിദ്യാർഥിക്ക് ഇത്തവണ കിട്ടിയ റാങ്ക് ഒരു ലക്ഷമാണ്. ഉയർന്ന മാർക്ക് നേടിയാലും സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് കിട്ടില്ല എന്നർഥം.

സർക്കാരിൻ്റെ കണക്കനുസരിച്ച് 2014ലുണ്ടായിരുന്നതിൻ്റെ ഇരട്ടിയിലധികം മെഡിക്കൽ സീറ്റുകളുണ്ട് ഇന്ന് ഇന്ത്യയിൽ. 2014ൽ 51,348 സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2024ൽ അത് 1,07,948 ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ ഏകദേശം 55,648 സീറ്റുകൾ മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. ഈ സീറ്റുകൾ നേടാൻ വേണ്ടിയാണ് പണവും സമയവും മുടക്കിയും സമ്മർദ്ദങ്ങൾ സഹിച്ചും ഒരു വിദ്യാർഥി എൻട്രൻസിന് തയ്യാറെടുക്കുന്നത്. ഉയർന്ന മർക്ക് നേടിയിട്ടും സർക്കാർ സീറ്റുകൾ കിട്ടാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ പിന്നെ വിദ്യാർഥിക്ക് മുന്നിൽ രണ്ട് സാധ്യതകളെ അവശേഷിക്കുന്നുള്ളൂ. ഒന്ന്, വീണ്ടും ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്ന് എൻട്രൻസ് പരിശീലനം തുടരുക, അല്ലെങ്കിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ചേരുക. രണ്ടാണെങ്കിലും കോച്ചിങ് സ്ഥാപനങ്ങൾക്കും സ്വകാര്യ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൊയ്ത്തിനുള്ള സാഹചര്യമാണ് എൻട്രൻസ് പരീക്ഷാ മാർക്ക് ദാനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നീറ്റ് പരീക്ഷാ സമ്പ്രദായത്തിനെതിരെ തമിഴ്നാട്ടിൽ നടന്ന പ്രക്ഷോഭത്തിൽ നിന്നും. കടപ്പാട്:scroll

NMCയും സ്വകാര്യ മെഡിക്കൽ കോളേജുകളും

നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തിരുന്നത് ഒരു ജനാധിപത്യ സ്ഥാപനമായ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ഫെഡറൽ ഘടനക്ക് നിരക്കുന്ന സ്ഥാപനമായിരുന്നു അത്. എന്നാൽ 2022ൽ നിലവിൽ വന്ന NMC, മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള അവകാശത്തെ കേന്ദ്രീകരിച്ചു. NMC വന്നതോടെ വൻകിട മെഡിക്കൽ കോളേജ് ഉടമകൾക്കും മൾട്ടി-സ്പെഷ്യലിറ്റി സ്ഥാപനങ്ങൾക്കും രാജ്യത്തെവിടേയും ആശുപത്രി പണിയാതെ തന്നെ മെഡിക്കൽ കോളേജുകൾ തുറക്കാനുള്ള അനുവാദം നൽകപ്പെട്ടു. നേരത്ത രണ്ട് വർഷമെങ്കിലുമായി പൂർണാർഥത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കനുബന്ധമായേ മെഡിക്കൽ കോളേജുകൾ ആരംഭിക്കാവൂ എന്നായിരുന്നു നിബന്ധന. ഈ നിബന്ധനയിൽ ഇളവ് നൽകിയതോടെ രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സീറ്റുകൾ വിൽക്കാൻ സാധിക്കണമെങ്കിൽ NEET പരീക്ഷയിൽ കൂടുതൽ പേർ യോഗ്യരായേ തീരൂ.

നീറ്റ് കോച്ചിം​ഗ് സെന്ററുകൾ ഏറെയുള്ള കോട്ട (രാജസ്ഥാൻ) യിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:fb

NEET നിർത്തലാക്കേണ്ടതുണ്ടോ?

ക്രമക്കേടുകൾ പുറത്തു വന്നതോടെ NEET അവസാനിപ്പിക്കണമെന്നും NTA പിരിച്ചുവിടണമെന്നുമുള്ള ആവശ്യം വീണ്ടും സജീവമായിട്ടുണ്ട്. കേന്ദ്രീകരണം സാധാരണക്കാരന് നയരൂപീകരണത്തിൽ ഇടപെടാനുള്ള സാധ്യതയും നിയമപരിരക്ഷ ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കും എന്ന ആശങ്ക നിലനിൽക്കുന്നതിലാണ് ഇത്തരമൊരു ആവശ്യത്തെ പ്രസക്തമാക്കുന്ന ഘടകം. മാത്രമല്ല, നിലവിലെ പ്രതിസന്ധി ഈ ആശങ്ക അസ്ഥാനത്തല്ല എന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു. മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ താഴെനിന്നും മേലോട്ട് വ്യാപിക്കുന്ന ഫെഡറൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അത് വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്.

NTAയുടെ ശുപാർശ സ്വീകരിച്ച് ഗ്രേസ് മാർക്കിൻ്റെ കാര്യത്തിൽ മാത്രം തീരുമാനം വന്നതോടെ വിദ്യാർഥികൾക്ക് കോടതിയിൽ നിന്നും നീതി കിട്ടില്ലെന്ന കാര്യം ഉറപ്പായി. ഇനി വേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തിന് മേൽ ഒരു സമ്മർദ്ദ ശക്തിയായി പ്രവർത്തിച്ചാൽ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാവുന്നതേയുള്ളൂ. ആ സമ്മർദ്ദം തുടർന്നാൽ എൻട്രൻസ് പരീക്ഷ നടത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വീണ്ടെടുക്കാനും സാധിക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 13, 2024 12:18 pm