പ്ലാച്ചിമട സമരം 2000 ദിവസം പിന്നിട്ട 2007 ഒക്ടോബർ 13ന്, പ്ലാച്ചിമട സമരപ്പന്തലിന് മുന്നിൽ വി മോഹനന്റെ ‘നീതിക്കായുള്ള സഹനം’ എന്ന ശില്പം അനാഛാദനം ചെയ്തുകൊണ്ട് പ്രൊഫ. ശോഭീന്ദ്രൻ നടത്തിയ പ്രസംഗം. 2007 ഒക്ടോബറിൽ കേരളീയം പ്രസിദ്ധീകരിച്ച ആ പ്രസംഗം ശോഭീന്ദ്രൻ മാഷിനെ ഓർമ്മിച്ചുകൊണ്ട് പുനഃപ്രസിദ്ധീകരിക്കുന്നു.
മോഹന്റെ ശില്പത്തെ നിങ്ങൾക്ക് പരിചയപ്പെടുത്താനാണ് ഞാൻ സംസാരിക്കുന്നത്. ശില്പി എത്രനാളാണ് ഇതിനുവേണ്ടി പണിയെടുത്തത്? മോഹന്റെ വീട്ടിൽ ഇതേപോലുള്ള കല്ലുകൾ വേറെയുമുണ്ട്, പക്ഷെ പണിതീരാത്ത കല്ലിൽ ഒന്നുമില്ല. മോഹനന്റെ കൈയ്യും, മനസും, ഭാവനയും ഒന്നുപോലെ പ്രവർത്തിച്ചതുകൊണ്ടാണ് വെറും കല്ലായിരുന്ന ഇതിന് അർത്ഥമുണ്ടായത്.
കരിങ്കല്ലിൽ ശില്പം നിർവ്വഹിക്കുന്നവരെല്ലാം യന്ത്രമുപയോഗിച്ചാണ് സാധാരണ നിർമ്മാണം നടത്തുന്നത്. എന്നാൽ മോഹനൻ കൈയ്യും, ഉളിയും മാത്രമെ ഈ ശില്പം തീർക്കാൻ ഉപയോഗിച്ചിട്ടുള്ളു. കൊത്തുപണി തീരുന്ന അത്രയും നീണ്ട നാളുവരെ ഈ ഭാവന മനസ്സിൽ നിർത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ ഭാവനയുടെ പൂർത്തീകരണമാണ് പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് നമ്മുടെ പ്ലാച്ചിമടയിൽ എത്തിച്ചേർന്നിരിക്കുന്നത്.
2000 ദിവസങ്ങൾ വെറുതെയങ്ങ് ഉണ്ടായതല്ല. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും അവർ ഊറ്റിയെടുത്തുകൊണ്ടിരുന്നത്. നമ്മുടെ ജീവനാണ് അവർ ഊറ്റിയെടുത്തത്. നിങ്ങളുടെ നാട്ടിൽ നടന്നതുപോലെയുള്ള ഒരു കഥ ലോകത്തൊരിടത്തും നടന്നിട്ടില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഒരാൾ കൂടി വെള്ളത്തെക്കുറിച്ച്, ജലാവകാശങ്ങളെക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ പ്ലാച്ചിമട സമരത്തെ കാണുന്നു. ആവിധം, ലോകത്തെ ജലം ജീവനാണെന്ന് പഠിപ്പിച്ച ഗ്രാമമാണ് പ്ലാച്ചിമട, അതുകൊണ്ട് ഈ 2000 ദിവസം നമുക്ക് വലിയ കാര്യമാണ്. ഇവിടെ ഇന്ന് ജീവിക്കുന്നവർ ചരിത്ര പുരുഷന്മാരും സ്ത്രീകളുമാണ്.
എത്ര ദിവസങ്ങൾ കഴിഞ്ഞാലും അവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം നിങ്ങൾ വിടാൻ പാടില്ല. നാളുകൾ ഇങ്ങനെ പോയാൽ ശ്രദ്ധിക്കേണ്ടവർക്ക് ശ്രദ്ധിക്കേണ്ടിവരും. ഈ ഷെഡ് ഇവിടെത്തന്നെ നിക്കട്ടെ. നമ്മുടെ ജീവിതം നടന്നാട്ടെ. നമ്മുടെ കൂടും ബകാര്യങ്ങൾ നടന്നോട്ടെ, നമ്മുടെ കുട്ടികൾ സ്കൂളിൽ പൊയ്ക്കോട്ടെ, എന്നാലും നമുക്ക് സമരം തുടരാൻ കഴിയുമല്ലോ. തീർച്ചയായും അധികാരികൾക്ക് ശ്വാസം മുട്ട ലുണ്ടാകും. നമുക്ക് മൂവായിരവും അത് കഴിഞ്ഞും പോകാം, ബുദ്ധി ഉദിക്കേണ്ടവർക്ക് എന്നുദിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ബാനർ ഇമേജ്: പ്ലാച്ചിമട സമരസമിതി ശില്പം സ്വീകരിക്കുന്നു.
(പിന്നീട് പ്ലാച്ചിമടയിൽ നിന്നും കോഴിക്കോടേക്ക് കൊണ്ടുപോയ ഈ ശില്പം മാനാഞ്ചിറയിൽ സ്ഥാപിച്ചു.)