വിമർശകരെ വരുതിയിലാക്കാൻ യോ​ഗിയുടെ മാധ്യമ നയം

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന പുതിയ ഡിജിറ്റൽ മീഡിയ നയം വ്യാപകമായ വിമർശനങ്ങൾക്ക് വഴി തുറന്നിരിക്കുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങൾ മാത്രം ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് പുതിയ നയം പറയുന്നത്. ‘ദേശവിരുദ്ധ’ പോസ്റ്റുകൾ ഇടുന്നവർക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കുമെന്നും നയം പറയുന്നു. ആഗസ്റ്റ് 27 നാണ് സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് തയാറാക്കിയ ‘ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം 2024’ന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാന സർക്കാരിന്റെ നയങ്ങളും പദ്ധതികളും സോഷ്യൽ മീഡിയ ചാനലുകളിൽ പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻസേഴ്സിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ നയം. സർക്കാർ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായി എട്ട് ലക്ഷം രൂപ വരെ നൽകുമെന്നാണ് പറയുന്നത്. നികുതിദായകരുടെ പണം സർക്കാരിന്റെ പുതിയ പദ്ധതികളും സംരംഭങ്ങളും പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് കൈക്കൂലിയായി നൽകാനാണ് യു.പി സർക്കാർ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി ഈ നയത്തെ വിമർശിച്ചു. ഇതിൽ നിന്നും ഇൻഫ്ലുവൻസർമാർ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭത്തിനായി സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കുന്നവരെ നാണം കെടുത്തണമെന്നും ധ്രുവ് കൂട്ടിച്ചേർത്തു. സർക്കാർ ഫണ്ട്‌ ബി.ജെ.പി അനുകൂലികൾക്ക്‌ വീതംവച്ച്‌ നൽകാനും വിമർശകരെ രാജ്യദ്രോഹികളായി മുദ്രകുത്താനുമുള്ള ഒരു ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നു. യു.പിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് ഡിജിറ്റൽ മീഡിയയിലൂടെയുള്ള പ്രചാരണങ്ങളാണെന്നാണ് പാർട്ടി വിലയിരുത്തൽ. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള ആലോചനകൾ അന്ന് മുതൽ സർക്കാർ ആരംഭിച്ചിരുന്നു.

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കടപ്പാട്:newslaundry

എന്താണ് ഡിജിറ്റൽ മാധ്യമ നയം പറയുന്നത്?

സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻ‌‌സർമാരെ ഉപയോ​ഗിക്കുക എന്നതാണ് നയത്തിന്റെ പ്രധാന ഉദ്ദേശം. ഇത്തരം പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ വി-ഫോം എന്ന ഡിജിറ്റൽ ഏജൻസിയെ നിയമിച്ചിട്ടുണ്ടെന്നും നയരേഖയിൽ പറയുന്നു. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവയുടെ പ്രദർശനത്തിന് വി-ഫോം മേൽനോട്ടം വഹിക്കും. സർക്കാരിനെ പുകഴ്ത്തുന്നവരെ നാല് വിഭാഗങ്ങളായി തിരിക്കുമെന്നും അതിൽ പറയുന്നു. കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങൾ കൈമാറുക. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ച് പണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണെങ്കിൽ പ്രതിമാസം പരമാവധി അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോകൾ, ഷോർട്ട്‌സ്, പോഡ്‌കാസ്‌റ്റുകൾ എന്നിവയുടെ തുക യഥാക്രമം എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി താമസിക്കുന്ന യു.പി സ്വദേശികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് ഈ നയം സഹായകമാകും എന്നതാണ് സർക്കാരിന്റെ വാദം.

വാസിം അക്രം ത്യാഗി

സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ളവയായി ഉത്തർപ്രദേശിലെ ഡിജിറ്റൽ മാധ്യമങ്ങളെ മാറ്റുകയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വർ​ഗീയ താത്പര്യങ്ങളെയും വിഭാ​ഗീയ അജണ്ടകളെയും വിമർശിക്കുന്ന മാധ്യമങ്ങളെ ഇപ്പോൾത്തന്നെ സർക്കാർ വേട്ടയാടുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി 2024 ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡിജിറ്റൽ മാധ്യമ പ്രവർത്തകർക്കെതിരെ ഉത്തർപ്രദേശിൽ സർക്കാർ കേസെടുത്ത സംഭവം വിവാദമായിരുന്നു. ജൂലായ് നാലിന് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നടന്ന ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് യു.പി പൊലീസ് കേസെടുത്തത്. സക്കീർ അലി ത്യാഗി, വാസിം അക്രം ത്യാഗി, ആസിഫ് റാണ, സെയ്ഫ് അലഹ്ബാദി, അഹമ്മദ് റാസ എന്നീ മാധ്യമപ്രവർത്തകർക്ക് എതിരെയാണ് കേസ്. ഹാഷിംപുരയിലേയും മൈലാനയിലേയും സമകാലിക അവസ്ഥകളെക്കുറിച്ച് ശ്രദ്ധനേടിയ റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള വസീം അക്രം ത്യാഗി പത്തുവർഷമായി മാധ്യമരംഗത്ത് സജീവമാണ്. വിദ്വേഷ കുറ്റകൃത്യങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് സക്കീർ അലി ത്യാഗി. യുണൈറ്റഡ് പ്രസ് ക്ലബ് പ്രസിഡൻ്റും മുതിർന്ന ജേർണലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമാണ് അഹമദ് റാസ.

‘ദേശവിരുദ്ധ’ പോസ്റ്റുകൾക്ക് ജീവപര്യന്തം

പുതിയ നയമനുസരിച്ച്, ‘ദേശവിരുദ്ധ’ ഉള്ളടക്കം പോസ്റ്റുചെയ്യുന്നത് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. കൂടാതെ, ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കം ക്രിമിനൽ അപകീർത്തി ചാർജുകൾക്ക് കാരണമായേക്കാമെന്ന് മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞു. ആക്ഷേപകരമോ അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും നിയമനടപടികളുണ്ടാകും. എന്നാൽ ‘ദേശവിരുദ്ധ’ ഉള്ളടക്കങ്ങളുടെ പരിധിയിൽ എന്തൊക്കെയാകും വരിക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.

വിവാദമായ ബ്രോഡ് കാസ്റ്റിങ് സേവന (നിയന്ത്രണ) ബില്ലിന്റെ ഒളിച്ചുകടത്തൽ എന്നാണ് ഈ നയത്തെ കോൺഗ്രസ് വിശേഷിപ്പിച്ചത്. ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഈ ബിൽ കൊണ്ടുവന്നത്. മാധ്യമങ്ങളിൽ നിന്നും എഡിറ്റേഴസ് ഗിൽഡിൽ നിന്നും രൂക്ഷ എതിപ്പുയർന്നതിനെ തുടർന്നാണ് ബിൽ സർക്കാർ പിൻവലിച്ചത്. എന്നാൽ സമാനമായ രീതിയിൽ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള ശ്രമമാണ് യു.പി സർക്കാർ ഈ നയത്തിലൂടെ നടത്തുന്നത്. “ബി.ജെ.പി വിരുദ്ധവും സർക്കാർ വിരുദ്ധവുമായ കമന്റുകൾ ദേശവിരുദ്ധമായി പ്രഖ്യാപിക്കുമോ? കുറ്റകരമായ ഉള്ളടക്കങ്ങളുടെ വ്യാഖ്യാനം എന്താണ്? ഇന്ത്യ സഖ്യത്തിന്റെ എതിർപ്പ് കാരണം 2024 -ൽ മോഡി സർക്കാരിന് ബ്രോഡ്കാസ്റ്റ് ബിൽ പിൻവലിക്കേണ്ടി വന്നിരുന്നു. സ്വേച്ഛാധിപത്യം ഇപ്പോൾ പിൻവാതിലിലൂടെ കൊണ്ടുവരുന്ന ഒന്നായി മാറിയോ” എന്ന് കോൺഗ്രസ്‌ നേതാവ് പവൻ ഖേര എക്സിൽ കുറിച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഉത്തർപ്രദേശ് സർക്കാറിന്റെ ഡിജിറ്റൽ മീഡിയ നയത്തിൽ നിന്ന് ക്ലോസ് 7(2) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മാർ​ഗമായി യു.പി സർക്കാർ ഇത് ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

ഇൻഫ്ലുവൻസേഴ്സിനെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ നടത്തിയ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് പരിപാടിയിൽ നിന്നും. കടപ്പാട്:X

ബി.ജെ.പി പ്രചാരകരാകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്

ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സ് ആയിരിക്കുമെന്ന് മിഷിഗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻഫർമേഷൻ അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാൽ നടത്തിയ പഠനം പറയുന്നു. രാഷ്ട്രീയക്കാരുമായി കൂടുതൽ അഭിമുഖങ്ങൾ നടത്തിയിട്ടുള്ളത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരല്ല, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണെന്നും പഠന കാലയളവിലെ കണക്കുകൾ വച്ച് ഈ പേപ്പർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനുള്ള ഈ സ്വാധീനം കാരണമാണ് അവരെ വരുതിയിലാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നതും. ബി.ജെ.പിയാണ് അതിൽ മുന്നിൽ എന്നാണ് വസ്തുതകൾ പറയുന്നത്. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരിൽ കൂടി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കാൻ കർണാടക സർക്കാരും രാജസ്ഥാൻ സർക്കാരും നേരത്തെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും സർക്കാരുകൾ പുറത്തുവിട്ടിരുന്നു. ഇൻഫ്ലുവൻസേഴ്സിനെ സ്വാധീനിക്കാനായി 2024ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് എന്ന പരിപാടി കേന്ദ്ര സർക്കാർ നടത്തിയിരുന്നു. രാജ്യത്തെ ആദ്യ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡുകൾ തെരഞ്ഞെടുപ്പ് തീയതികൾ വരുന്നതിന് തൊട്ടുമുമ്പ്, 2024 മാർച്ച് എട്ടിന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് പ്രധാനമന്ത്രി തന്നെയാണ് വിതരണം ചെയ്തത്.

സോഷ്യൽ മീഡിയയുടെ വളർച്ച സർക്കാരിനെതിരായ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി മാറുന്നതിനെ തടയുക എന്നതാണ് യു.പി സർക്കാരിന്റെ നയവും ഉദ്ദേശിക്കുന്നത്. സർക്കാരിന് അനുകൂലമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഇൻഫ്ലുവൻസേഴ്സിനെ സൃഷ്ടിക്കുന്നതിലൂടെ ഡിജിറ്റൽ മാധ്യമങ്ങളുടെ വിശ്വാസ്യതയേയും സർക്കാർ തന്നെ തകർക്കുകയാണ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 5, 2024 1:16 pm