പുതുവർഷങ്ങൾ പലതാണ്, കലണ്ടറുകളും

ലോകത്താകമാനം നവവത്സരാഘോഷങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് ഗ്രിഗേറിയൻ, ‌ജൂലിയൻ കലണ്ടറുകൾ ആസ്പദമാക്കിയാണ്. ഏകമാനകവത്ക്കരണത്തിന്റെ (one dimensionalism) ഭാഗമായി ഭൂരിഭാഗം രാജ്യങ്ങളിലും ഔദ്യോഗിക വർഷാരംഭം ജനുവരി ഒന്നിന് ആക്കിയെങ്കിലും ചാന്ദ്രകലണ്ടർ (Lunar Calendar) പ്രകാരം മറ്റുമാസങ്ങളിൽ പുതുയുഗപിറവി ആഘോഷിക്കുന്നവരും ധാരാളം. ചൈനയിൽ ചാന്ദ്രകലണ്ടർ അനുസരിച്ച് ജനുവരി 21, ഫെബ്രുവരി 20 തിയതികൾക്കുള്ളിൽ വസന്തോത്സവമായും ഭൂട്ടാനിൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലും ആചരിച്ചുവരുന്നു. അയർലാന്റിൽ മുൻപ് മാർച്ച് 25 നും ഗ്രാമീണർ ഫെബ്രുവരി ഒന്നിനും ആഘോഷിച്ചിരുന്നത് ഇപ്പോൾ ജനുവരി ഒന്നിലേക്ക് മാറ്റിയിരിക്കുന്നു. ജനുവരി 1, 13 തിയതികളിൽ ഇരുദിനങ്ങളിലായിട്ടാണ് സ്വിറ്റ്സർലാന്റിലെ ആഘോഷം. ചൈനീസ് കലണ്ടർ അനുസരിച്ച് ജപ്പാൻകാരുടേത് ജനുവരി 21 നും ഫെബ്രുവരി 21 നും ഇടയിലെ ആദ്യ
പൂർണ്ണചന്ദ്രദിനത്തിലായിരുന്നു. ഉള്ളിൽ പണം ഒളിപ്പിച്ചുവെച്ച് കൊച്ചുസമ്മാനങ്ങൾ ന്യൂ ഇയർ ഗിഫ്റ്റായി കുട്ടികൾക്കും നൽകുന്ന പതിവ് ജനപ്പാനിലുണ്ട്. ഇത് ഒടോഷിഡാമ (otoshidama) എന്നാണ് അറിയപ്പെടുന്നത്.

ചാന്ദ്രകലണ്ടർ

ഇന്നിപ്പോൾ വൈവിധ്യങ്ങൾക്ക് വിടചൊല്ലി, ആഗോളവത്ക്കരണത്തിന്റെ ആഘാതത്താൽ ഒരേ തീയതി (ജനുവരി 1) യിലാക്കിയിരിക്കുന്നു പുതുവർഷം. സൂര്യ സഞ്ചാരം ഗണിച്ച്, കൃഷിക്കനുകൂലമായ സമയമാണ് അനുയോജ്യം. സാമ്പത്തിക വർഷാരംഭം (ഏപ്രിൽ 1) ആണ് ഇതിനോട് ഏറ്റവും അടുപ്പമുള്ളത്. പല രാജ്യങ്ങളിലും ഏപ്രിൽ 13, 14 ദിവസങ്ങളിലാണ് പുതുവർഷാചരണം.

ജപ്പാനിലെ ഒടോഷിഡാമ ചടങ്ങിൽ പങ്കുചേരുന്ന കുട്ടികൾ

കൊയ്ത്ത്, വസന്തകാലങ്ങളുടെ പര്യവസാനം കുറിച്ചുകൊണ്ട് ശ്രീലങ്കയിൽ അലുത് അവരുദ്ദ (Aluth Avarudda) എന്ന പേരിലും, സൂര്യൻ മീനരാശിയിൽ നിന്നും മേടരാശിയിലേക്ക് കടക്കുന്ന സമയം വിളവെടുപ്പുത്സവമായി കംബോഡിയയിൽ ചോവുൽ ച്നം ത്മേയ് (choul chnam thmey) എന്ന പേരിലും ആചരിക്കപ്പെടുന്നു. മൂന്ന് ദിവസങ്ങളിൽ ഒന്നാം ദിനം മഹാ സംക്രാൻ ആയിട്ടാണ് ആചരണം. സോങ്ക്രാൻ, പീ മായി (pii mai) എന്നീ ശീർഷകളിലാണ് ലാവോസിൽ മൂന്നുനാൾ ആഘോഷം. ഭൂട്ടാനിലും ലാവോസിലും ജപ്പാനിലും പോയ വർഷത്തെ പ്രശ്നങ്ങളിൽ, പാപങ്ങളിൽ, കഴിവകേടുകളിൽ നിന്നും വിമുക്തി എന്നതാണ് സങ്കല്പനം. കൊറിയൻ കലണ്ടറിലെ ആദ്യ ദിനമാണ് പുതുവർഷം. സിയോലൽ (Seollal), ഹംഗൽ (Hangal) എന്നീ പേരുകളിൽ ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയ്ക്കാണ് ആഘോഷം.

ശ്രീലങ്കയിലെ അലുത് അവരുദ്ദ പുതുവർഷാഘോഷം

മൈഥിലി വിഭാഗക്കാരുടെ ആഘോഷം ഇന്ത്യ, നേപ്പാൾ, ബീഹാർ പ്രവിശ്യകളിൽ ജൂഡിഷീതൽ അഥവ പഹിൽ ബൈശാഖി എന്ന നാമധേയത്തിൽ നടക്കുന്നു. കന്നഡിഗരും തെലുങ്കരും ‘യുഗം’ ‘ആദി’ എന്നീ വാക്കുകൾ ഉരുത്തിരിഞ്ഞുള്ള ഉഗാദിയാണ് പുതുവർഷമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആചരിക്കുന്നത്. ഏപ്രിൽ 14/15 നുള്ള പനസംക്രാന്തിയാണ് (മഹാവിഷു സംക്രാന്തി) ഒഡീഷക്കാരുടെ പുതുവർഷാഘോഷം. ഗുജറാത്തിലേത് ആദ്യമാസമായ കാർത്തികയിലെ ഒന്നാം തിയതി. ദീപാവലി കഴിഞ്ഞുവരുന്ന തൊട്ടടുത്ത ദിവസം ‘ബെസ്തു വർഷ’ എന്ന പേരിൽ. ഏപ്രിൽ 14 നുതന്നെയാണ് തമിഴ് പുത്താണ്ട്. മലയാളികളുടേതുപോലെ അവരും കണിവെക്കുന്നു. പഞ്ചാബിലെ വിളവെടുപ്പുത്സവം കൂടിയാണ് ഏപ്രിൽ 14 ലെ ബൈശാഖി. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ തപ്ന (Thapna) എന്നറിയപ്പെടുന്ന പുതുവർഷം സാധാരണയായി മാർച്ച് മാസത്തിൽ ആചരിക്കുന്നു. സജിബു നൊൻഗ്മ പൻബ, meetei cheinaoba എന്നീ പേരുകളിലാണ് മണിപ്പൂരിലെ പുതുവത്സര ആഘോഷം. സജിബു വർഷത്തിലെ ആദ്യമാസം – അതായത് ഏപ്രിലിൽ. കാശ്മീരി പണ്ഡിറ്റുകളുടെ നവവത്സരം നവ്രേ (Navreh) ചൈത്ര മാസത്തിലെ ആദ്യദിനമാണ്. കണികാണൽ ചടങ്ങും നിലവിലുണ്ട്.

പഞ്ചാബിലെ വിളവെടുപ്പുത്സവം കൂടിയായ ബൈശാഖി

ജ്യോതിഷമനുസരിച്ച് 12 രാശികളിൽ ആദ്യത്തേതായ മേടമാസത്തിലായിരുന്നു കേരളത്തിൽ പുരാതനകാലത്ത് വർഷാരംഭം. എ.ഡി. 825 ൽ കൊല്ലവർഷം പിറന്നതോടെയാണ് ചിങ്ങം ഒന്ന് ആുപിറവിയാക്കിയത്. കേരളത്തിലെ വസന്തമാസം കൂടിയാണിത്. കൃഷിയുടെ പ്രാരംഭം കുറിച്ചുകൊണ്ട് മേടം ഒന്നിന് വിഷു ആഘോഷിക്കുന്നു, സാധാരണയായി ഏപ്രിൽ 14 ന്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യസമൃദ്ധിക്കായി കണികാണൽ ചടങ്ങ്. കുടുംബത്തിലെ മുതിർന്നവർ പണം നല്കുന്ന വിഷുകൈനീട്ടം എന്ന ആചാരവും. കനകപ്രഭചൊരിഞ്ഞ് സംസ്ഥാന പുഷ്പമായ കണിക്കൊന്ന പൂക്കൾ. കാർഷികവൃത്തിയുടെ തുടക്കമെന്ന നിലയിൽ വിഷുച്ചാൽ പൂട്ട്. ദിനരാത്രങ്ങൾ തുല്യമായ (Equinox) ‘വിഷുവൽ’ സംജ്ഞയിൽ നിന്നത്രേ വിഷുവിന്റെ തത്ഭവം. ഒരാണ്ടിലെ മഴയുടെ അളവ് സൂചിപ്പിച്ചുകൊണ്ട് വിഷുഫലം. വടക്കൻ കേരളത്തിൽ കന്നിമാസം ഒന്നാം തിയതിയും, മത്സ്യത്തൊഴിലാളികൾ ഇടവമാസം 16 നും പുതുവത്സരം ആഘോഷിക്കുന്നു.

മണിപ്പൂരിലെ പുതുവത്സര ആഘോഷം

ബൾഗേറിയയിൽ മുട്ടയും പാൽക്കട്ടിയും ചേർത്തുള്ള ബനിസ (Banitsa) എന്ന ചീസ് പേസ്റ്റ്ട്രീകളിൽ പുതുവർഷത്തിൽ ഭാഗ്യം തേടി എന്ന കുറിപ്പും ഒരു വെള്ളിനാണയവും ഒളിപ്പിച്ചുവെക്കും. ക്രിസ്തുമസ്സിനേക്കാൾ വരളെ പ്രാധാന്യത്തോടെയാണ് ബൾഗേറിയക്കാർ സെന്റ് ബേസിൽസ് ഡേ (St. Basil’s Day) എന്ന പേരിൽ ന്യൂ ഇയർ ആഘോഷിക്കുന്നത്. ഡിസംബർ 31ന് ആരംഭിച്ച് ജനുവരി രണ്ടുവരെ നീണ്ടുനിൽക്കുന്ന ഈ ദിവസങ്ങൾ പൊതു അവധികൂടിയാണ്. അയർലന്റിൽ പുതുവർഷ തലേന്ന് വീട്ടുകാരോ അതിഥികളോ വരുമ്പോൾ വെള്ളിനാണയമോ മറ്റെന്തെങ്കിലും സമ്മാനമോ നല്കുക പതിവാണ്. തലേ ദിവസത്തെ കാലാവസ്ഥ പുതുവർഷ ദിനത്തിന്റെ ഫലം നിർണ്ണയിക്കും എന്നാണ് വിശ്വാസം. അത് സാമ്യപ്പെട്ടിരിക്കുന്നത് വിഷുകൈനീട്ടം, എത്രപറ വർഷം ലഭിക്കും എന്നീ കേരളീയ ആചാരങ്ങളുമായിട്ടാണ്.

മ്യാൻമറിലെ തിൻഗ്യാൻ എന്ന പുതുവർഷാഘോഷം

ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലും 45 ശതമാനം പേർ നവവത്സര പ്രതിജ്ഞ എടുക്കും. മ്യാൻമറിലേത് (പഴയ ബർമ്മ) തിൻഗ്യാൻ (Thingyan) എന്ന പേരിൽ ഏപ്രിൽ പകുതിയോടെ. നേപ്പാളിലെ ആഘോഷം ഏപ്രിലിലാണ്. ന്യൂ ഇയറിന്റെ തലേന്ന് നേപ്പാളികൾ വലിയ കൊടിമരം നിർമ്മിച്ച് പുതുവർഷ ദിനത്തിൽ തള്ളിയിടുകയും ചെയ്യും. ഇത് ഐശ്വര്യദായകമാണത്രെ. ക്രിസ്തുവർഷം (ഇംഗ്ലീഷ് വർഷം) കൂടാതെ കൊല്ല വർഷം, ശക വർഷം, സപ്തർഷി വർഷം, ബ്രഹ്മ വർഷം, തമിഴ് വർഷം, പുതുവെയ്പ്പുവർഷം തുടങ്ങിയ കാലഗണനാ സമ്പ്രദായങ്ങൾ നിലവിലുണ്ട്. 1341 ലെ പെരിയാർ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായതാണ് പുതുവെയ്പ്പു വർഷം. ആചാര – ആഘോഷങ്ങളിൽ പ്രതിഫലിക്കുന്നത് മാനവരാശിയുടെ പൊതു വിശ്വാസങ്ങളും കാഴ്ചപ്പാടുകളും. വൈവിധ്യതകളിലാണ് ജീവന്റെ തുടിപ്പും ആകർഷകത്വവും. അതുകൊണ്ട് എല്ലാം ഒരുപോലെയാക്കുന്ന പ്രവണതകൾക്കെതിരെയും നാം ജാഗ്രത പുലർത്തേതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 1, 2024 1:28 pm