കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനയോഗത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കരുതൽ തടങ്കൽ അറസ്റ്റിലെ മുസ്ലീം വിരുദ്ധത ചൂണ്ടിക്കാണിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ പൊലീസ് നടപടി. മക്തൂബ് മീഡിയ എന്ന വെബ് പോർട്ടലിന് വേണ്ടി ഈ വിഷയം റിപ്പോർട്ട് ചെയ്ത ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ റിജാസ് എം സിദ്ദീഖിനെതിരെയാണ് വടകര പൊലീസ് സ്വമേധയാ കേസെടുത്തത്. ദേശീയ മാധ്യമ ദിനമായ നവംബർ 16ന് മക്തൂബ് മീഡിയയുടെ എഡിറ്റർ അസ്ലഹ് കയ്യാലക്കത്തിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് മുസ്ലീം പുരുഷന്മാരെ പൊലീസ് മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഒക്ടോബർ 30ന് മക്തൂബ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നിരുന്നു. ആ റിപ്പോർട്ടിനെതിരെയാണ് ഐ.പി.സി 153 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്ന വകുപ്പ് ചേർത്ത് വടകര പോലീസ് കേസെടുത്തിരിക്കുന്നത്.
“2023 ഒക്ടോബറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്‌ഫോടനം അന്വേഷിക്കുന്നതിനിടെ ഒരു തുമ്പും ലഭിക്കാതെ തന്നെ മുസ്ലീം യുവാക്കളെ കസ്റ്റഡിയിലെടുത്തതിന് കേരളാ പൊലീസ് നേരിട്ട തിരിച്ചടി വ്യക്തമാക്കുന്നതാണ് ഞങ്ങളുടെ റിപ്പോർട്ട്. സമുദായ നേതാക്കളുടെയും, അഭിഭാഷകരെയും അഭിപ്രായങ്ങൾ ഉദ്ധരിച്ചുകൊണ്ട് നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നും കേരളത്തിലെ മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന വിവേചനം തുറന്നുകാണിക്കുന്നു ഈ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ റിപ്പോർട്ടറെ സമീപിക്കുകയും സ്ഥാപനത്തിൽ നിന്ന് നിയമസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.” മക്തൂബ് മീഡിയ പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് സ്റ്റേഷനിലേക്ക് വരുമെന്ന് പറഞ്ഞിട്ടും പൊലീസ് എഡിറ്ററുടെ വീട്ടിൽ വന്ന് അന്വേഷണം നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മക്തൂബ് വിശദീകരിക്കുന്നു.
വാർത്ത നൽകിയതിനെതിരെ ക്രിമിനൽ കേസെടുക്കുന്നത് പൊലീസിന്റെ മുസ്ലിം വിരുദ്ധ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് മക്തൂബ് ഡെപ്യൂട്ടി എഡിറ്റർ ഷഹീൻ അബ്ദുല്ല പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്ത റിജാസിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ തിരികെ കിട്ടുന്നതിനായി കീഴ്കോടതിയെയും, കേസ് റദ്ദ് ചെയ്യുന്നതിനായി ഹൈക്കോടതിയെയും സമീപിക്കുമെന്ന് ഷഹീൻ കേരളീയത്തോട് പറഞ്ഞു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ നിന്നും നിരന്തരം ഗ്രൗണ്ട് റിപ്പോർട്ടുകൾ ചെയ്യുന്ന മക്തൂബ് മീഡിയക്ക് ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് നേരിടേണ്ടിവരുന്നതെന്നും ഷഹീൻ കൂട്ടിച്ചേർത്തു.
”ആ വാർത്തയിലൂടെ തങ്ങളെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നായിരുന്നു പൊലീസിന്റെ ആരോപണം. എന്നാൽ ഇതേ വിഷയം ഫേസ്ബുക്ക് പോസ്റ്റായി പ്രചരിച്ചതും പിന്നീട് മീഡിയാവൺ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും ചൂണ്ടിക്കാട്ടിയപ്പോൾ മീഡിയവണും നിങ്ങളും കണക്കാണ്, ഇരു മാധ്യമങ്ങളും എന്തിനാണ് മുസ്ലിം വിഷയങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്നതെന്നുമായിരുന്നു പൊലീസിന്റെ ചോദ്യം. സാധാരണ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ കേസെടുക്കുന്നതായി കേട്ടിട്ടുണ്ട്. അതുതന്നെ കടന്നുകയറ്റമാണ്. അപ്പോഴാണ് വാർത്തയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് കേട്ടുകേൾവി പോലുമില്ലാത്തതാണ്.” മക്തൂബ് എഡിറ്റർ അസ്ലഹ് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 29-ന് ആണ് കളമശേരിയിൽ ക്രിസ്ത്യൻ വിഭാഗമായ യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിനിടയിൽ ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ആറ് പേർ മരണപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ ആലുവ പൊലീസ് പാനായിക്കുളം സിമി കേസിൽ സുപ്രീംകോടതി നിരപരാധിയായി കണ്ടെത്തി വിട്ടയച്ച നിസ്സാം പാനയിക്കുളത്തിനെ കരുതൽ തടങ്കലിൽ വച്ചിരുന്നു. 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുൾ സത്താറാണ് നിസാമിനൊപ്പം ഇതേ സ്‌റ്റേഷനിൽ കരുതൽ തടങ്കലിലായ മറ്റൊരാൾ. അഞ്ച് പേർ ഇത്തരത്തിൽ കരുതൽ തടങ്കലിലാക്കപ്പെട്ടു എന്നാണ് മക്തൂബ് റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി കേസിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ അതേ ദിവസം തന്നെ സ്വയം കീഴടങ്ങിയിരുന്നു. പിറ്റേ ദിവസം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രാഥമികന്വേഷണത്തിൽ പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.