Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തൃശൂരിൽ നടന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിൽ അരങ്ങേറിയ ചെന്നൈയിൽ നിന്നുള്ള കാട്ടിയക്കാരി തീയറ്റർ ഗ്രൂപ്പിന്റെ നാടകം ‘നൂറമ്മ ബിരിയാണി ദർബാർ’, നൂറമ്മ എന്ന ട്രാൻസ് സ്ത്രീയുടെ കഥ ആണ് അവതരിപ്പിച്ചത്. നൂറമ്മ എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ ട്രാൻസ്‌ഫോബിയയെ നാടകം തുറന്നുകാട്ടുകയാണ് ഈ നാടകം. വീടും നാടും ഉപേക്ഷിക്കേണ്ടി വരികയും, ജോലിയില്ലാതെ പട്ടിണി കിടക്കുകയും, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുകയും, കൊലചെയ്യപ്പെടുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യേണ്ടിവരുന്ന മുഴുവൻ ട്രാൻസ് സമൂഹത്തിന്റെയും ജീവിതമാണ് ഈ നാടകം. നൂറമ്മ ബിരിയാണി ദർബാറിൽ നൂറമ്മയായി അഭിനയിക്കുന്നത് ട്രാൻസ്‍ജൻഡർ ആക്ടിവിസ്റ്റും, കലാകാരിയും, എഴുത്തുകാരിയുമായ എ രേവതി ആണ്. വർഷങ്ങളായി ട്രാൻസ് -ക്വിയർ സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് രേവതി അമ്മ. ഇരുപത് വർഷത്തോളമായി കലയിലൂടെ അവരുടെ രാഷ്ട്രീയം രേവതി അമ്മ പറയുന്നു. കൊളംബിയ യൂണിവേഴ്സിറ്റി ബട്ലർ ലൈബ്രറിയുടെ മുന്നിൽ മായ അഞ്ചലോയുടെയും ടോണി മോറിസോണിന്റെയും പേരിനോടൊപ്പം എഴുതപ്പെട്ട പേരാണ് രേവതി അമ്മയുടേത്.


രേവതി അമ്മ അവതരിപ്പിക്കുന്ന നൂറമ്മ എന്ന കഥാപാത്രത്തിന്റെ മോണോലോഗ് ആണ് നാടകം. രേവതി അമ്മയുടെ മുറിയിലെ പ്രിയപ്പെട്ടവരുടെ ഫോട്ടോയും, വസ്ത്രം, മേക്ക്അപ്പ് സാധനങ്ങൾ, മുറിയോട് ചേർന്ന് ബിരിയാണി പാചകം ചെയ്യുന്ന അടുപ്പും ചെമ്പുമുള്ള അടുക്കളയുമാണ് വേദിയിൽ കാണാൻ കഴിയുന്നത്. നൂറമ്മ പറയുന്ന ഓരോ കഥയുടെയും അംശങ്ങൾ നമുക്ക് വേദിയിൽ കാണാം. കഥയോടും, കഥാപാത്രത്തോടും നീതി പുലർത്തുന്ന തരത്തിൽ വേദി ഒരുക്കി എന്നത് സംവിധാന മികവാണ്. നൂറമ്മ പറയുന്നതെല്ലാം ട്രാൻസ് വ്യക്തികളുടെ കഥകളാണ്. കൃത്യതയുള്ള ഒഴുക്കിൽ രേവതി അമ്മ കഥ അവതരിപ്പിക്കുന്നു.
നാടകത്തിൽ പറയുന്ന കാര്യങ്ങൾ മിക്കതും മുൻപും ട്രാൻസ് വ്യക്തികളുടെ പ്രതിസന്ധികളായി പല മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിൽ ട്രാൻസ് വ്യക്തികൾ തന്നെ അവതരിപ്പിച്ചിട്ടുള്ളവയാണ്. അതൊക്കെയും ഇന്നും പരിഹാരമില്ലാത്ത പ്രശ്നങ്ങളായി നിലനിൽക്കുന്നു എന്നതാണ് നൂറമ്മ ബിരിയാണി ദർബാർ എന്ന നാടകത്തിന്റെ പ്രസക്തി. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന രാഷ്ട്രീയത്തെ പറ്റിയും സംഭാഷണങ്ങളിൽ സൂചനകൾ കടന്നുവരുന്നുണ്ട്. ട്രാൻസ്‌ഫോബിക്ക് സമൂഹത്തിൽ ഐഡന്റിറ്റിയുടെ പേരിൽ ഭക്ഷണവും തൊഴിലും ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ട്രാൻസ് മനുഷ്യരുടെ വിശപ്പിന്റെ രാഷ്ട്രീയത്തെ പറ്റിയും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ പറ്റിയും നാടകം ശബ്‌ദിക്കുന്നു.


ശ്രീജിത്ത് സുന്ദരം സംവിധാനം ചെയ്ത നാടകത്തിൽ ശീതൾ ശ്യാമും സൗമ്യയും നൂറമ്മയുടെ മക്കളായി അഭിനയിക്കുന്നു. ട്രാൻസ് സമുദായത്തിലെ അമ്മ – മക്കൾ ജമാഅത്ത് സംവിധാനങ്ങൾ നാടകത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വീട്ടിൽ നിന്നുണ്ടായ അക്രമത്തെ തുടർന്ന് വീട് വിടുന്നതും, ശേഷം ഏതെങ്കിലുമൊരു നഗരത്തിൽ ലൈംഗികമായ അതിക്രമങ്ങൾ നേരിടുന്നതും ഭൂരിപക്ഷം ട്രാൻസ് വ്യക്തികളുടെയും, പ്രത്യേകിച്ച് ട്രാൻസ് സ്ത്രീകളുടെ അനുഭവമാണ്. പലരുടെയും അത്തരം അനുഭവങ്ങൾ വായിച്ചും കേട്ടും നമുക്കറിവുള്ളതാണ്. നൂറമ്മയുടെ കുട്ടിക്കാലവും വീട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും നാടകത്തിന്റെ തുടക്കത്തിൽ പറയുമ്പോഴും ട്രാൻസ് സ്ത്രീയായി ജീവിക്കുന്നതിന് മുമ്പ്, ജനിച്ചപ്പോൾ വീട്ടുകാർ നൽകിയ പേര് (dead name) വെളിപ്പെടുത്താതെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയുക എന്നത് തീർത്തും രാഷ്ട്രീയ ജാഗ്രത തന്നെയാണ്. ട്രാൻസ്‍ജൻഡർ വ്യക്തികൾ അല്ലാത്ത പല കലാകാരും കാല്പനികമായി ഈ പേര് മാറ്റത്തെ അവതരിപ്പിക്കുന്നത് അരോചകമായി പല കലകളിലും മുമ്പ് അനുഭവപ്പെട്ടിട്ടുണ്ട്.
നൂറമ്മയ്ക്ക് പുതിയ നഗരത്തിൽ ലഭിച്ച കൂട്ടുകാരിയാണ് തങ്കം, തങ്കത്തിന്റെ അമ്മയെ നൂറമ്മയ്ക്ക് പരിചയപ്പെടുത്തുന്നു. ഒരേ അമ്മയുടെ മക്കളായി, സഹോദരികളായി തങ്കവും നൂറമ്മയും മാറുന്നു. നൂറമ്മയുടെയും തങ്കത്തിന്റെയും അമ്മയുടെ ബിരിയാണി ഉണ്ടാക്കാനുള്ള നൈപുണ്യം അവരുടെ ജമാഅത്തിൽ തലമുറകളായി അവർ കൈമാറി നൽകിയതാണ്. വീടും കുടുംബവും നഷ്ടമാകുന്ന ട്രാൻസ് മനുഷ്യർക്ക് പലപ്പോഴും അവകാശപ്പെടാൻ പാരമ്പര്യങ്ങളോ ചരിത്രങ്ങളോ ഇല്ലാതാകുന്നു. അത്തരത്തിൽ കൈമാറി വരുന്ന രുചിയുടെ കഥ ഇവിടെ മറയ്ക്കപ്പെടുന്ന ട്രാൻസ് ചരിത്രങ്ങളുടെ ഓർമ്മയായി മാറുന്നു. അമ്മയിൽ നിന്ന് ബിരിയാണി ഉണ്ടാക്കാൻ പഠിച്ച്, കല്യാണത്തിനും മറ്റ് പരിപാടികൾക്കും ബിരിയാണി ഉണ്ടാക്കിയാണ് അവർ ജീവിച്ചിരുന്നത്.
തങ്കം പിന്നീട് ഒരു ഹോട്ടൽ തുടങ്ങുകയാണ്. അതിനെക്കുറിച്ച് നൂറമ്മ പറയുന്നത്, ഭക്ഷണം പാകം ചെയ്യുന്ന ആൾ ആരാണെന്ന് ആരും അറിയില്ല എന്നാണ്. അതുകൊണ്ടുതന്നെ ഐഡന്റിറ്റി അവിടെ ഒരു പ്രശ്നമല്ല. മറിച്ച് ഒരു ഹോട്ടൽ ഉടമ ആരാണെന്ന് എല്ലാവർക്കും അറിയാൻ പറ്റും, അതിനാൽ ഹോട്ടൽ തുടങ്ങുക എന്നത് വളരെ ധൈര്യം ആവശ്യമുള്ള കാര്യമാണ്. തങ്കം എപ്പോഴും ആ ധൈര്യം ജീവിതത്തിൽ കാണിച്ചിരുന്നു എന്ന് നൂറമ്മ പറയുന്നു. ഹോട്ടൽ തുടങ്ങിയതിന് ശേഷം ഒരു ദിവസം തങ്കത്തിനെ കാണാതാവുന്നു. ഹോട്ടലിന്റെ പുറകിൽ വേസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നുമാണ് തങ്കത്തിന്റെ ശവശരീരം കണ്ടെടുക്കുന്നത്. 2020ൽ സംഗീത എന്ന 59 വയസ്സ് പ്രായമുള്ള മുതിർന്ന ട്രാൻസ് സ്ത്രീയുടെ ശവശരീരം ഇതേ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിൽ കോവൈ ട്രാൻസ് കിച്ചൻ എന്ന പേരിൽ കമ്മ്യൂണിറ്റി കിച്ചൻ നടത്തി വരുന്ന സംഗീത നിരവധി ട്രാൻസ് വ്യക്തികൾക്ക് ജോലി നൽകിയിരുന്നു. സംഗീതമ്മയോട് സാമ്യത ഉള്ളതാണ് തങ്കത്തിന്റെ കഥാപാത്രം. സംഗീതമ്മയുടെ ജീവിതവും മറ്റ് പല ട്രാൻസ് വ്യക്തികളുടെ ജീവിതവും നൂറമ്മ ബിരിയാണി ദർബാറിൽ നമുക്ക് കാണാൻ കഴിയും.


കോവിഡ് രണ്ടാം തരംഗത്തിൽ ട്രാൻസ് വ്യക്തികൾ നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കിയ ബിരിയാണി അടുത്തുള്ള ആശുപത്രിയിൽ വിതരണം ചെയ്യുന്നതാണ് നാടകത്തിന്റെ അവസാനം. നാടകത്തിനിടയിൽ പാചകം ചെയ്ത ബിരിയാണി അവസാനം കാണികൾക്ക് നൽകിയത് കൗതുകമുള്ള അനുഭവമായി മാറി. ഇപ്പോഴും യാചിക്കുന്നവരിയിട്ടാണ് നമ്മൾ ട്രാൻസ് ജൻഡർ വ്യക്തികളെ കണ്ടിട്ടുള്ളത്. മറിച്ച്, ഈ സമൂഹത്തിന് വേണ്ടി നല്ലത് സംഭാവന ചെയ്യുന്നവരായിട്ടാണ് ഈ നാടകത്തിൽ ട്രാൻസ് വ്യക്തികളെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ ശ്രീജിത്ത് സുന്ദരം പറയുന്നു.
ട്രാൻസ് ജൻഡർ വ്യക്തികളുടെ നേതൃത്വത്തിലുള്ള കേരളത്തിലെ മഴവിൽ ധ്വനി എന്ന നാടക കൂട്ടായ്മയുടെ ആദ്യ നാടകമായ ‘പറയാൻ മറന്ന കഥകൾ’ സംവിധാനം ചെയ്തത് ശ്രീജിത്ത് സുന്ദരം തന്നെയാണ്. 2018ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ നാടകാവതരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ഒരു ഷോയിൽ നിന്ന് ലഭിച്ച മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister’s Distress Relief Fund) സംഭാവന ചെയ്തിരുന്നു. കോയമ്പത്തൂരിൽ നിന്നമുള്ള ട്രാൻസ് വ്യക്തികളും 30,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. എന്നാൽ, കോവിഡ് കാലത്ത് സർക്കാരിന്റെ ക്ഷേമ പദ്ധതിയായ പാചക സാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റ്, രണ്ടാം തരംഗത്തിന്റെ സമയത്ത് ഒന്നോ രണ്ടോ തവണ മാത്രമാണ് ട്രാൻസ് ജൻഡർ വ്യക്തികൾക്കായി വിതരണം ചെയ്തത്. സർക്കാരിന്റെ റേഷൻ സംവിധാനത്തിലും ജനസംഖ്യ കണക്കുകളിലും രേഖപ്പെടാത്ത ഈ മനുഷ്യരെ സംബന്ധിച്ച് കോവിഡ് അതിജീവനം വളരെ പ്രയാസകരമായിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ പരസ്പരമുള്ള സഹായത്തിലൂടെയാണ് കോവിഡ് മഹാമാരിയെ ട്രാൻസ്-ക്വിയർ മനുഷ്യർ അതിജീവിച്ചത്.
സമൂഹത്തെ മാറ്റുന്നതിൽ കലയ്ക്ക് വലിയ പങ്കുണ്ട്. പക്ഷേ, ട്രാൻസ്-ക്വിയർ വ്യക്തികൾക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കാറില്ല. നമ്മുടെ പുസ്തകം എഴുതുന്ന സിസ് ജൻഡർ വ്യക്തികൾക്കും നമ്മളെക്കുറിച്ച് സിനിമ ചെയ്യുന്നവർക്കും അവാർഡുകൾ ലഭിക്കുന്നു. നമുക്ക് പക്ഷേ, പുസ്തകം എഴുതാനും സിനിമ ചെയ്യാനുമുള്ള അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് രേവതി അമ്മ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ മരണപ്പെട്ട ട്രാൻസ് വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഇൻസ്റ്റലേഷൻ നാടകത്തിന്റെ അവസാനം കാണിക്കുന്നുണ്ട്. ശാലു, പ്രവീൺ നാഥ്, സ്വീറ്റ് മരിയ, അനന്യ തുടങ്ങി ട്രാൻസ്‌ഫോബിക്ക് സമൂഹം കൊല ചെയ്ത, രേഖപ്പെടുത്താത്ത മരണങ്ങളും ജീവിതവും ആണ് ഈ മനുഷ്യർ.

