ഓഖിയുടെ ആറാം വർഷം: ദുരന്തനിവാരണത്തിന് സജ്ജമായോ തീരം?

ഓഖിക്ക് ശേഷം കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് ചില നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഖിയെ തുടർന്ന് തുടർച്ചയായി കാലാവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങൾ നൽകപ്പെടുന്നുണ്ട്. പ്രാദേശിക സംവിധാനങ്ങൾ വഴി കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന ചില മാതൃകകളും ഉണ്ടായി വന്നിട്ടുണ്ട്. കാലാവസ്ഥ മനസിലാക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ താല്പര്യവും കൂടി. അതിനനുസരിച്ച് വിവരങ്ങൾ നൽകാനുള്ള ചില പുതിയ സംവിധാനങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. എന്നാൽ, ഇവിടുത്തെ സംവിധാനങ്ങൾ  കൊടുക്കുന്ന മുന്നറിയിപ്പുകൾ കേരളത്തിന് പൊതുവായി നല്കപ്പെടുന്നവയാണ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള എല്ലാ മത്സ്യതൊഴിലാളികൾക്കും ഒരുമിച്ചുള്ള blanket ഫോർകാസ്റ്റ് ആണ് നൽകുന്നത്. ലൊക്കേഷൻ സ്പെസിഫിക് ഫോർകാസ്റ്റ് ഇപ്പോഴും ഔദ്യോഗികമായി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാൻ കാലാവസ്ഥാ വിവരവിനിമയ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരെത്തുടരെ നൽകുന്നുണ്ടെങ്കിലും കൂടുതൽ സന്ദർഭങ്ങളിലും ഈ മുന്നറിയിപ്പുകളിൽ പറയുന്ന കാര്യങ്ങൾ നടക്കാറില്ല എന്നാണ് മത്സ്യത്തൊഴിലാകളുമായുള്ള സംഭാഷണങ്ങളിൽ നിന്ന് മനസിലാവുന്നത്. അതിന് കാരണം കേരളതീരത്തെ മുഴുവൻ ഒറ്റ യൂണിറ്റായി കണ്ടുകൊണ്ട് മുന്നറിയിപ്പ് നല്കുന്നതുകൊണ്ടാണ്. ഇത് കടൽപ്പണിക്കാർക്ക് കാലാവസ്ഥാ മുന്നറിയിപ്പുകളോടുള്ള വിശ്വാസ്യത കുറയ്ക്കാൻ കാരണമായിട്ടുണ്ട്.  അതിനാൽ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ കൃത്യതയിലേക്ക് എത്തിയിട്ടില്ല എന്നത് വസ്തുതയാണ്.

ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്നു. കടപ്പാട് : scroll.in

ചില സർക്കാരിതര സംവിധാനങ്ങൾ കൂടുതൽ പ്രാദേശികാടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി, അവർക്കാവശ്യമായ സമയത്തെയും, സ്ഥലത്തെയും വിവരങ്ങൾ നല്കുന്നുണ്ട്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും, ബ്രിട്ടനിലെ സസെക്‌സ് സർവകലാശാലയും ചേർന്ന് പ്രവർത്തിക്കുന്ന ‘ഫോർകാസ്റ്റിംഗ് വിത്ത് ഫിഷേസ്’ എന്ന സംവിധാനം ഇതിനൊരുദാഹരണമാണ്.  ഇൻകോയിസ് (ഇന്ത്യൻ  നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) തിരുവനന്തപുരത്തെ ലാൻഡിംഗ് സെന്റേഴ്‌സിൽ ലൊക്കേഷൻ സ്പെസിഫിക് ആയ കാലാവസ്ഥാ വിവരങ്ങൾ എത്തുന്നുണ്ട്. എന്നാൽ മൽസ്യത്തൊഴിലാളികളിലേക്ക് നേരിട്ട് ഇവ എത്തുന്നില്ല. ഇൻകോയിസ് ഒരു കേന്ദ്ര സർക്കാർ ഏജൻസിയാണ്. ഇൻകോയിസിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവർ സന്ദേശങ്ങൾ കൈമാറുന്നത്. ഈ പ്രവചനത്തിന് താരതമ്യേന എഴുപത് ശതമാനം മുതൽ എൺപത് ശതമാനം വരെ കൃത്യതയുണ്ട്. എന്നാൽ ലാൻഡിംഗ് സെൻറർ സ്പെസിഫിക് ഫോർകാസ്റ്റിന് പകരം സംസ്ഥാനത്തിന് മൊത്തമായുള്ള ഫോർകാസ്റ്റിങ്ങാണ് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവർ മത്സ്യബന്ധനം നടത്തുന്ന ഇടങ്ങളിലെ കടൽ, കാലാവസ്ഥാ വിവരങ്ങൾ അവർക്കിപ്പോഴും അറിയാൻ കഴിയുന്നില്ല. പരമ്പരാഗത അറിവുകളും സഹ കടൽപ്പണിക്കാരിൽ നിന്നുള്ള വിവരങ്ങളും മാത്രമാണ്  അവർക്കിപ്പോഴും കാലാവസ്ഥ മനസിലാക്കാനും കടലിൽ പോകുവാനുള്ള തീരുമാനങ്ങൾ എടുക്കാനും സഹായകമാവുന്നത്.

ഓഖിക്കു ശേഷം വിൻഡി, വിൻഡ്ഫൈൻഡർ തുടങ്ങിയ ആപ്ലിക്കേഷനുകൾ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ പണം നൽകി ഉപയോഗിക്കേണ്ട സംവിധാനങ്ങളാണ്. കൂടുതൽ പണം നൽകിയാൽ മാത്രമേ ഇവയുടെ കൃത്യത കൂടിയ പ്രീമിയം സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകുന്നതിന് മുൻപ് അവർക്കു കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്ന സംവിധാനങ്ങൾ ഇനിയും പൂർണമായും ലഭ്യമായിട്ടില്ല. പലപ്പോഴും കടലിൽ പോയതിന് ശേഷമാണ് സർക്കാർ നൽകുന്ന ബ്ലാങ്കറ്റ് ഫോർകാസ്റ്റ് പോലും അവർക്ക് ലഭിക്കുന്നത്.

കാലാവസ്ഥാ നിർദേശങ്ങൾ കൃത്യമായി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാൻ ഒരു ഇന്റർമീഡിയേറ്ററി സംവിധാനം നമുക്ക് ആവശ്യമുണ്ട്. “ഇന്ററാക്ടീവ് ഫോർകാസ്റ്റ്” ആണ്  മത്സ്യത്തൊഴിലാളികൾ താൽപര്യപ്പെടുന്നത്. അവരോട് സംസാരിച്ച്, അവര് കടലിൽ പോകുന്നത് എവിടെയാണെന്നറിഞ്ഞ്, അവിടുത്തെ കാറ്റിന്റെ വേഗതയും ദിശയുമെല്ലാം പറഞ്ഞുകൊടുക്കാൻ സാധിക്കണം. മത്സ്യത്തൊഴിലാളികൾക്ക് വിളിച്ച് ചോദിച്ച് ലൊക്കേഷൻ-സ്പെസിഫിക് ആയ കാലാവസ്ഥാ മനസിലാക്കാൻ സാധിക്കുന്ന ഒരു സംവിധാനം സർക്കാർ നേതൃത്വത്തിൽ ഇവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഓരോ ഹാർബർ അടിസ്ഥാനമാക്കിയെങ്കിലും കാലാവസ്ഥ മനസിലാക്കി മത്സ്യത്തൊഴിലാളികളോട് പറഞ്ഞുകൊടുക്കുന്ന തരത്തിൽ അവർക്ക് പ്രായോഗികമായി മനസിലാകുന്ന തരത്തിൽ, ഭാഷയിൽ ഒരു സംവിധാനം ഉചിതമായിരിക്കും.

ഇൻകോയിസ്-നാവിക് സംവിധാനം

ഓഖിയെ തുടർന്ന് സർക്കാർ മത്സ്യത്തൊഴിലാക്കികൾക്ക് അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ, ഇസ്രോയുടെയും, ഇൻകോയ്‌സിന്റെയും സഹായത്തോടെ തയ്യാറാക്കിയ ഉപഗ്രഹാധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമാണ് നാവിക്. നാവിക് സംവിധാനം മത്സ്യത്തൊഴിലാളികൾ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ളതാണ്. ആൻഡ്രോയിഡ് ഫോണുകൾ ശാന്തമായ കാലാവസ്ഥയിൽ, തെളിവുനാൾ എന്ന് പറയുന്ന സമയത്ത് മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ സാധിക്കൂ. നാവിക് ആപ്ലിക്കേഷൻ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ തരത്തിൽ ലളിതമല്ല. കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സമയത്ത് നാവിക് ഫോണിൽ ബന്ധിപ്പിച്ച് ഉപയോഗിക്കുക എന്നത് സാഹചര്യവശാൽ സാധ്യമല്ല. പരീക്ഷണാടിസ്ഥാനത്തിൽ നാവിക് ഉപയോഗിച്ചപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ നിന്നും നൽകിയ സന്ദേശങ്ങൾ വിവരം എത്തിച്ചേരേണ്ട കേന്ദ്രത്തിൽ എത്താത്ത അനുഭവങ്ങളുമുണ്ട്. അതിനാൽ നാവിക് ഒരു പരാജയമായിരുന്നു. 15,000 പേർക്ക് ഈ സംവിധാനം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നുണ്ടോ, നാവികിന്റെ ഉപയോഗം കാര്യക്ഷമമാണോ എന്ന തരത്തിൽ ഒരു പോസ്റ്റ്-ഇന്റെർവെൻഷൻ പഠനം സർക്കാർ നടത്തിയിട്ടില്ല. നാവിക് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

 ഇൻകോയിസ് (ഇന്ത്യൻ  നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സെർവിസ്സ്) ആസ്ഥാനം

സാറ്റ് ലൈറ്റ് ഫോണുകൾ

അടിയന്തര സാഹചര്യത്തിൽ ആശയവിനിമയം സാധ്യമാക്കുവാൻ 1000 മത്സ്യത്തൊഴിലാളികൾക്ക് സാറ്റ് ലൈറ്റ് ഫോൺ നൽകുന്നതിന് 9.42 കോടി രൂപ അനുവദിച്ചതായി സർക്കാർ 2019 ൽ വ്യക്തമാക്കിയിട്ടുണ്ട്. സാറ്റ് ലൈറ്റ് ഫോൺ കേരളത്തിൽ സർക്കാർ ഇതുവരെ നൽകിയിട്ടില്ല. തമിഴ്നാട്ടിൽ ഓഖിക്ക് ശേഷം സാറ്റ് ലൈറ്റ് ഫോൺ വിതരണം ചെയ്തിട്ടുണ്ട്. സാറ്റ് ലൈറ്റ് ഫോൺ കടലിൽ കൂടുതൽ ദൂരം പോയാലും മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നതിന് ചെലവ് വളരെ കൂടുതലാണ്. ഒരു മിനിട്ടിന് നൂറ് രൂപയിൽ കൂടുതൽ തുക നൽകേണ്ടി വരും. പൊതുവെ സാറ്റ് ലൈറ്റ് ഫോൺ കൂടുതൽ ഉപയോഗപ്രദമാണെന്നാണ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിലെ മീൻ ലഭ്യതക്കുറവ് കാരണം കടലിൽ വളരെ ദൂരത്തേക്ക് പോകേണ്ടിവരുന്നുണ്ട്. സാറ്റ് ലൈറ്റ് ഫോണുകളും, ഹൈ ഫ്രീക്കൻസി വയർലസ്  സംവിധാനങ്ങളുമാണ് കടലിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് ആശയവിനിമയം നടത്താൻ വേണ്ടത്. എന്നാൽ ഈ രണ്ട് സംവിധാനങ്ങളും ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.

മറൈൻ ആംബുലൻസുകൾ

പ്രത്യാശ, പ്രതീക്ഷ, കാരുണ്യ എന്നീ പേരുകളിൽ മൂന്ന് മറൈൻ ആംബുലൻസുകളാണ് കേരളത്തിൽ തെക്ക്, വടക്ക്, മധ്യ തീരങ്ങളിലായി നല്കപ്പെട്ടിട്ടുള്ളത്. മറൈൻ ആംബുലൻസുകൾ ഏതെങ്കിലും ഒരു ജീവൻ രക്ഷിച്ചതായി നമ്മൾ ഇതുവരെയും കേട്ടിട്ടില്ല. ഈ ആംബുലൻസുകൾ വിവിധ ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുകയാണ്. ഈ ആംബുലൻസിന്റെ രൂപകല്പനയിൽ തന്നെ പ്രശ്നങ്ങളുണ്ട്. നമ്മുടെ കടലിന്റെ റഫ് സീസണിൽ ഇത്  ഉപയോഗിക്കുക സാധ്യമല്ല. 14 നോട്ടിക്കൽ മൈൽ ഒരു മണിക്കൂറിൽ സഞ്ചരിക്കാൻ മാത്രം ശേഷിയുള്ള യാനങ്ങളാണ് ഇവ. ഈ മറൈൻ ആംബുലൻസ് ഉപയോഗിച്ചുകൊണ്ട് ദ്രുതഗതിയിൽ നമുക്ക് ജീവൻരക്ഷാ പ്രവർത്തനം നടത്തുക സാധ്യമല്ല. അപകടം നടക്കുമ്പോൾ ഇപ്പോഴും നമ്മുടെ മീൻപിടുത്ത ബോട്ടുകൾ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതിന് കാരണം നമ്മുടെ മത്സ്യബന്ധന യാനങ്ങൾക്ക് മറൈൻ ആംബുലൻസുകളെക്കാൾ വേഗതയുണ്ട് എന്നതാണ്. മറൈൻ ആംബുലൻസിന്റെ നടത്തിപ്പ് ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ്. ഇവർ ഈ ചുമതല മറ്റൊരു ഏജൻസിക്ക് ഔട്സോഴ്സ് ചെയ്ത് അവരാണ് തൊഴിലാളികളെയെല്ലാം നിയോഗിച്ച് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. അതിലെ ജീവനക്കാരൊന്നും കടലുമായി ബന്ധപ്പെട്ട്  പ്രായോഗിക അറിവുള്ളവരല്ല. ഒരു ആംബുലൻസിന് ആറരക്കോടി നിർമ്മാണ ചെലവുണ്ട്. അതുപോലെ ഇതിൽ ജോലി ചെയ്യുന്നവർക്ക് ലക്ഷങ്ങൾ ശമ്പളവും നൽകുന്നുണ്ട്. എന്നാൽ യാതൊരു ഉപയോഗവുമില്ലാതെ വെറുതെ കിടക്കുകയാണ് ഈ ആംബുലൻസുകൾ. അപകടമുണ്ടാകുന്ന സഹചര്യത്തിൽ ഒരു ഗ്രാമത്തിൽ സ്‌ക്യൂബാ ഡൈവർമാരും സ്‌കിൽഡ് ആയ മത്സ്യത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളും (എഞ്ചിൻ മെക്കാനിക്, ജി.പി .എസ് വിദഗ്ദർ, ബോട്ട് റിപ്പയറിംഗ് വിദഗ്ദർ തുടങ്ങി) അടങ്ങുന്ന ഒരു അടിയന്തര രക്ഷാപ്രവർത്തന സംവിധാനം എല്ലാ ജില്ലകളിലും സർക്കാർ നേതൃത്വത്തിൽ തുടങ്ങുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും.

വിഴിഞ്ഞം ഹാർബറിലെ മറൈൻ ആംബുലൻസ് ‘പ്രതീക്ഷ’

ലൈഫ് ജാക്കറ്റ്

ഇപ്പോൾ വള്ളം രജിസ്റ്റർ ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റിന്റെ തുകയും കൂടി നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകുകയുള്ളൂ. എന്നാൽ മത്സ്യത്തൊഴിലാളികൾ അവരുടെ ജാക്കറ്റ് വീട്ടിൽ വച്ചിട്ടാണ് കടലിൽ പോകുന്നത്. അതിനു രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ലൈഫ് ജാക്കറ്റിന്റെ സൈസ് തന്നെയാണ്. ഒരു വള്ളത്തിൽ അഞ്ച് പേര് മത്സ്യബന്ധനത്തിന് പോകുന്നുണ്ടെങ്കിൽ അഞ്ച് ലൈഫ് ജാക്കറ്റ് വച്ചാൽ തന്നെ അവരുടെ വള്ളം നിറയും. രണ്ടാമത് പ്രയോഗികതയുമായി ബന്ധപ്പെട്ടതാണ്. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാൽ കടലിൽ നീന്തൽ കഴിയില്ല. നീന്തേണ്ട സാഹചര്യങ്ങൾ ഈ തൊഴിലുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ നൽകിയിട്ടുള്ള ലൈഫ് ജാക്കറ്റ് ധരിച്ചുകൊണ്ട് മത്സ്യബന്ധനം നടത്താൻ കഴിയില്ല. മത്സ്യത്തൊഴിലാളികളുടെ സാഹചര്യം ഉൾകൊണ്ടുകൊണ്ടല്ല യാനങ്ങളിലെയും കടലിലെയും  ഈ ലൈഫ് ജാക്കറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നേർത്ത ജാക്കറ്റ് ലഭ്യമാണ്, പക്ഷെ അവയല്ല ഇവിടെ സർക്കാർ നൽകുന്നത്. അത്തരത്തിലുള്ള ജാക്കറ്റുകൾ അല്പം ചിലവേറിയതാണ്. മത്സ്യത്തൊഴിലാളികൾക്ക് അത്തരം ജീവൻ രക്ഷാ ജാക്കറ്റുകൾ വാങ്ങുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. കടൽപ്പണിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ജാക്കറ്റുകൾ നിർമ്മിച്ച് നൽകുക, അല്ലെങ്കിൽ സബ്സിഡി നിരക്കിൽ മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം തൊഴിൽ സൗഹൃദമായ ജാക്കറ്റുകൾ നൽകുക എന്നുള്ളതാണ് പ്രായോഗികമായ മാർഗങ്ങൾ. പ്രാദേശിക സംവിധാനങ്ങൾ വഴി ഇത്തരം ജീവൻരക്ഷാ ഉപാധികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും സമാന്തരമായി നടത്താം.

ആഘാതങ്ങളെക്കുറിച്ച് ഇനിയും സർക്കാർ പഠിച്ചു തീർന്നിട്ടില്ല

ഓഖിയിൽ മരിച്ചതും, കാണാതായതുമായ മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കൈയ്യിലില്ല. പല ഏജൻസികളും പല കണക്കുകളാണ് നൽകുന്നത്. ഡാറ്റയിൽ നിന്ന് തന്നെ നമ്മുടെ സംവിധാനത്തിന്റെ പ്രശ്നങ്ങൾ തുടങ്ങുന്നു. നമ്മുടെ ഒരു മത്സ്യബന്ധന ഗ്രാമത്തിൽ എത്ര മത്സ്യത്തൊഴിലാളികളുണ്ട്, യാനങ്ങളുണ്ട്, ഒരപകടം നടന്നാൽ എത്ര മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടുണ്ട് എന്നറിയാൻ സാധ്യമായ രീതിയിൽ നമുക്ക് ഡാറ്റയില്ല. മറ്റൊന്ന് ഓഖിക്ക് ശേഷം സമഗ്രമായി അതിന്റെ ആഘാതങ്ങളെക്കുറിച്ച് ഒരു പഠനം ഇവിടെ നടന്നിട്ടില്ല. 2018 -ൽ സർക്കാർ നിയോഗിച്ച പഠനം ഇതുവരെ പൂർത്തിയായിട്ടില്ല. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. തുടർപഠനം നടത്തേണ്ടിയിരുന്നത് ഗുജറാത്തിൽ പ്രവർത്തിക്കുന്ന IRMA (Institute of Rural Management, Anand) എന്ന സ്ഥാപനമാണ്. IRMA രണ്ടു കോടിയുടെ പ്രൊപ്പോസലാണ് ഈ പഠനത്തിനായി വച്ചത്. എന്നാൽ ഈ തുക സർക്കാർ നൽകാത്തതിനാൽ ഇതുവരെയും ആ പഠനം നടന്നിട്ടില്ല. അതുകൊണ്ട് ആ പാക്കേജും ബജറ്റ് പ്രഖ്യാപനത്തിലെ പേപ്പറിൽ മാത്രം ഒതുങ്ങി.

സുരക്ഷിതമല്ലാത്ത ഹാർബറുകൾ

കടലിൽ വച്ച് അപകടം നടന്നാൽ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ അവരുടെ തീരങ്ങളിലേക്ക് വരിക അവർക്ക് സാധ്യമല്ല, ഹാർബറുകളെ  ആശ്രയിക്കുകയേ വഴിയുള്ളു. എന്നാൽ തിരുവനന്തപുരത്തെ കാര്യം പരിശോധിച്ചാൽ വിഴിഞ്ഞം (നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനത്തിന് ശേഷം), തേങ്ങാപട്ടണം, മുതലപ്പൊഴി ഹാർബറുകൾ തീരെ സുരക്ഷിത്തമല്ലാത്തതിനാൽ  ഇവർക്ക് സുരക്ഷിതമായി തിരിച്ചുവരിക സാധ്യമല്ല. കടലിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ നിന്ന് അതിജീവിച്ച് ഹാർബറിൽ കടക്കുന്നതിനിടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ കവാടത്ത് അപകടം നടക്കുന്നത് ഇപ്പോൾ പതിവാണ്. മുതലപ്പൊഴിയിലെ കടൽപ്പണിക്കാരുടെ തുടർ മരണങ്ങൾ നമ്മൾ പലപ്പോഴും വായിക്കുന്നുണ്ട്. കൊല്ലം, കൊച്ചി ഹാർബറുകൾ മാത്രമേ താരതമ്യേന സുരക്ഷിതമായുള്ളൂവെന്നാണ് കേരളത്തിന്റെ തെക്കൻ തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ പറയുന്നത്. തിരുവനന്തപുരത്തെ ഒരു കടൽപ്പണിക്കാരന് പ്രക്ഷുബ്ധ കാലാവസ്ഥയിൽ കടലിൽ നിന്ന് പ്രാണരക്ഷാർത്ഥം വള്ളമടുപ്പിക്കാൻ ജില്ലയിൽ ഇടമില്ല, കൊല്ലം വരെ പോവുക അപ്രായോഗികവും. ഇത് വലിയൊരു അപാകതയാണ്.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം. കടപ്പാട് അദാനി വാച്ച്

എമർജൻസി റെസ്പോൺസ് പ്രോട്ടോക്കോൾ

കടലിൽ അപകടം നടന്ന ആദ്യ ഒരു മണിക്കൂറിൽ എന്തെങ്കിലും ചെയ്താൽ മാത്രമേ നമുക്ക് ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. കടലിൽ ഒരു അപകടം നടന്നാൽ നാം സ്വീകരിക്കേണ്ട ഒരു എമർജൻസി റെസ്പോൺസ് പ്രോട്ടോകോൾ ഉണ്ടാക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. തിരച്ചിൽ നടത്താൻ തുടങ്ങുന്നത് പോലും വളരെ വൈകിയാണ്. അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളുടെ ശവശരീരം കൊണ്ടുവരാനാണെങ്കിൽ നമുക്ക് തിരച്ചിൽ സേനകളുടെ ആവശ്യമില്ലല്ലോ. കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം നടത്താനുള്ള ടീം നമുക്കില്ല, രക്ഷപ്പെടുത്താൻ തരത്തിൽ ശേഷിയുള്ള വാഹനങ്ങൾ നമുക്കില്ല, അതിന് പരിശീലനം ലഭിച്ച ആളുകളുമില്ല, അത്തരം വൈദഗ്‌ധ്യമുള്ള മത്സ്യത്തൊഴിലാളി സമൂഹാംഗങ്ങളെ ഇത്തരം ഏജൻസികളിലും സേനകളിലും സംവിധാനങ്ങളിലും ഉൾപ്പെടുത്തിയിട്ടുമില്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇപ്പോഴും അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നത്. ദുരന്തം ഉണ്ടാകുമ്പോൾ പെട്ടെന്ന് പ്രതികരിക്കേണ്ടത് മൂന്ന് സംവിധാങ്ങളാണ്. ഒന്ന് സർക്കാർ, രണ്ട് പ്രാദേശിക സമുദായ സ്ഥാപനങ്ങൾ, മൂന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസികൾ. എന്നാൽ ഈ മൂന്ന് സംവിധാങ്ങളും ഒരു ദുരന്തത്തെ നേരിടാൻ പറ്റുന്ന തരത്തിൽ സജ്ജമല്ല എന്നതാണ് ഇപ്പോഴത്തേയും സ്ഥിതി.

തയ്യാറാക്കിയത്: നിഖിൽ വർഗീസ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 30, 2023 1:47 pm