

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കാർഷികപ്പെരുമയുടെ ശീലുകളും ശീലങ്ങളുമായി ഓണനാളുകൾ വരവായി. നെന്മണികളുടെ നറുമണമേലുന്ന വയലേലകൾ. മേടം സമ്മാനിച്ച വിരിപ്പുകൃഷിയുടെ വിളവെടുപ്പുത്സവമാണ് ചിങ്ങത്തിൽ-ഓണാടൻ വിതച്ചാൽ ഓണത്തിന് പുത്തരിയെന്ന ചൊല്ല് സാർത്ഥകമാക്കികൊണ്ട് ഏറ്റവും മുമ്പ് വിളയുന്ന നെല്ല് പുഴുങ്ങികുത്തി അരിയാക്കി ആദ്യം ഭക്ഷണം വെക്കുന്നതാണ് പുത്തരിസദ്യ. ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിച്ചുവരുന്നു. കൊയ്ത കറ്റ തലച്ചുമടായി കൊണ്ടുവന്നാണ് മെതിക്കാനിടുക. മഴ നനഞ്ഞാൽ നെല്ല് മുളയ്ക്കും. അതിനാൽ കോലായിലോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലോ ആണ് കറ്റകെട്ടിവക്കാറ്. കൊയ്ത് മെതിക്കുന്നവർക്ക് കൊടുക്കുന്ന നെല്ലാണ് പതം അല്ലെങ്കിൽ വല്ലി.
പണിയാൻ മികവായിട്ടില്ലാഞ്ഞാൽ,
പിന്നെയും കടമേവനും നിർണ്ണയം
നശിച്ചു കൃഷിചെയ്യുന്ന കാലത്ത്
പണക്കാരനും വീഴും കടത്തിന്മേൽ.
അടിമയും ഉടമയും പരസ്പര ധാരണയോടെ പ്രവർത്തിക്കണമെന്ന് കൃഷിഗീത ഓർമ്മിപ്പിക്കുന്നു.
കുംഭത്തിൽ നട്ട ചേനയും മേടത്തിൽ മുളച്ച മത്തനും കുമ്പളവും ഇടവത്തിലിട്ട പയറും പിന്നെ വെണ്ടയും കയ്പയും കായക്കുലകളുമൊക്കെ ഓണസദ്യയുട കൂട്ടുകളായി. ആമോദം പ്രദാനം ചെയ്യുന്നതാണ് കൃഷിയെന്ന് കൃഷിഗീത ഉറപ്പിച്ചുപറയുന്നുണ്ട്.
നനച്ചുണ്ടാക്കീട്ടുള്ളൊരു സസ്യാദി
മനസ്സിനേറെ സൗഖ്യമഹോ! നൃണാം.


സുലഭമായിരുന്നു നാളികേരം. ഭൂരിഭാഗം പേരും കൊപ്ര ആട്ടിവെക്കും. പറ്റാത്തവർ വെളിച്ചെണ്ണ വാങ്ങും. പഴയകാലത്ത് പായസമൊന്നും ഉണ്ടാക്കിയിരുന്നില്ല ഓണത്തിന്.
തിരുവോണത്തലേന്ന് നേരത്തെ മണ്ണുകൊണ്ടുണ്ടാക്കി ഉണക്കിയെടുത്ത ഓണത്തപ്പനെ ഓട് അരച്ച്തേച്ച് ചുമപ്പിക്കും. അരിമാവിൽ നൂല് മുക്കി ആദ്യം മണ്ണത്തപ്പനിൽ കള്ളികളാണ് വരക്കുക. പിന്നെയാണ് അരിമാവ് ഈർക്കിലിയിൽ മുക്കി അണിയിച്ചൊരുക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതോടൊപ്പം നീലം മുക്കിയും കുത്തിടാറുണ്ട്. ശേഷം കൂർത്ത മുകളറ്റത്തുണ്ടാക്കിയ തുളയിൽ കൃഷ്ണകിരീടമോ ചെത്തി പൂങ്കലയോയാണ് വെക്കാറ്. നാലുവശത്തുള്ള ദ്വാരങ്ങളിൽ ഈർക്കിലിയിൽ കൊരുത്ത മറ്റ് പുഷ്പങ്ങളും. പല കാര്യങ്ങളും തലേദിവസം ചെയ്തുവെക്കാറാണ് പതിവ്. കുട്ടികളുടെ ചുമതലയാണതെല്ലാം. ഓണം വെളുപ്പിന് മണ്ണുകൊണ്ടുണ്ടാക്കിയ മുറ്റത്തെ തറയിൽ അല്ലെങ്കിൽ മുട്ടിപലകയിൽ ഒരു തൂശനിലവെച്ച് അണിഞ്ഞ് മാവേലിയെ പ്രതിഷ്ഠിക്കും. തുമ്പയും തുളസിയും കൊണ്ട് പുഷ്പവൃഷടി. ചെറിയ ചടങ്ങുകൾ. നേദ്യം ഉപ്പുചേർക്കാത്ത പൂവട. നാളികേരമുടച്ച് രണ്ടുമുറികളിലേയും തേങ്ങാവെള്ളത്തിൽ തുളസിയില രണ്ടാക്കി കീറിയിടും. എത്രയും വേഗം അവ വശങ്ങളിലേക്ക് നീങ്ങിയെത്തിയാൽ ശുഭം. കാലതാമസം കഷ്ടപ്പാടുണ്ടാക്കുമെന്നാണ് വിശ്വാസം. ആറപ്പേ പോ, ആറപ്പേ പോ എന്നത് മാവേലി മന്നനുള്ള വരവിളി. ചാണകം മെഴുകിയ കളത്തിൽ അരിച്ചാന്തുകൊണ്ട് മെനയുന്നത് വിവിധ ചിത്രങ്ങൾ. അരിമാവിൽ വെള്ളമൊഴിച്ച് പതം വരുത്താൻ ചെറുകിഴങ്ങ് അരിഞ്ഞിടും. തുടർന്നാണ് ഓണം അണിഞ്ഞുകയറ്റുന്നത്. ചവിട്ടുപടി, ഉമ്മറ കോലായി, കട്ടിലപടി എന്നിവിടങ്ങളിലേക്ക്. അതിലും ആകൃതികൾ ആകാവുന്നത്ര. മഴയുടെ ലാഞ്ചനയുണ്ടെങ്കിൽ ചെറിയ ഓലപ്പുര കെട്ടും. അല്ലെങ്കിൽ കളം നനയാതിരിക്കാൻ വെക്കുന്നത് ഒരു കുട.
കളിക്കാലം കൂടിയായിരുന്നു ഓണം. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വേർതിരിവില്ല, വേവലാതികളും. പിണക്കമുള്ളവരെപോലും ഇണക്കാനുള്ള വേദി. ചിലപ്പോൾ ചില വഴക്കും വക്കാണങ്ങളുമൊക്കെ ഉണ്ടാകും. അത് അപ്പോഴേ തീരുകയും ചെയ്യും. കുട്ടികൾ സാധാരണ കളിച്ചിരുന്ന എല്ലാ വിനോദങ്ങളുമുണ്ടായിരുന്നു. പുതിയ ആടകളണിഞ്ഞാണ് കളിക്കളത്തിലിറങ്ങുക. തെങ്ങോല കൊണ്ട് നെയ്തെടുത്ത തലപ്പന്ത് കളി, കിളിമാസ്,വട്ടുകളി, ഗോട്ടികളി, ഓടി പ്രാന്തി തുടങ്ങിയവ. ഇവയോടൊപ്പം കുളത്തിലെ കുളിയും കളിയുമെല്ലാം മെയ്വഴക്കവും മനോധൈര്യവും പകർന്നു നൽകി. മുങ്ങി മരണങ്ങൾ കേൾപ്പാനില്ലായിരുന്നു. കളികളിൽ സ്വാർത്ഥതയും മത്സരവും ദൃശ്യമായിരുന്നില്ല. ഉച്ചയൂണ് കഴിഞ്ഞായിരുന്നു ഓണംകളി. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചും വെവ്വേറെയും പാടി കളിച്ചു. പ്രൊഫഷണലിസം തൊട്ടുതീണ്ടിയിട്ടില്ലാത്ത അനുഭവം. തുടക്കക്കാരും പങ്കാളികൾ. കണ്ടും കേട്ടും പഠിച്ചും മുന്നിലെത്തി. പത്തുപേരിൽ തുടങ്ങി, ഇരുപത്, മുപ്പത് എന്നിങ്ങനെ വർധിച്ച് അന്തിത്തിരി കൊളുത്തുംവരെ ഓണക്കളി തുടരുമായിരുന്നു.


ഒറ്റദിവസത്തെ ഇവന്റ് മാനേജ്മെന്റ് ആയിരുന്നില്ല ഓണം. അത്തം പത്തിന് പൊന്നോണം എന്ന് കൗണ്ട് ഡൗൺ – കാത്തിരിപ്പായി. ഓരോ ദിവസവും കൗതുകത്തിന്റെ വേറിട്ട പൂക്കളങ്ങൾ. പറമ്പിൽ നിന്നും കേറാതെ, മലരുകളാൽ മനം നിറയാതെ, പിൻവാങ്ങില്ല. മണ്ണുകൊണ്ട് പൂത്തറകൾ ഓണത്തപ്പനും. ചിലർ മാത്രം മരംകൊണ്ടുള്ളത് വാങ്ങി വെക്കും. ഓണം കൊണ്ടിരുന്നത് ഒന്നല്ല, മൂന്ന്, അഞ്ച് എന്നിങ്ങനെയുള്ള മാതേവർ. കലയും കൈവിരുതും കനവുകളും മണ്ണിലും മനസ്സിലും വിരിഞ്ഞുനിന്നു. ഉത്രാട പാച്ചിലിൽ വിയർത്ത് തിരുവോണ ഒരുക്കങ്ങൾക്കായുള്ള നെട്ടോട്ടം. സാമ്പത്തിക പ്രയാസം അതിരൂക്ഷം. ആത്മവിശ്വാസവും ഇച്ഛാശക്തിയും കൂട്ടായ്മയും മാത്രമായിരുന്നു കൈമുതൽ. ചെയ്ത്, ചെയ്ത് ശീലിച്ച് കോട്ടങ്ങൾ കുറച്ച് നേട്ടങ്ങളുടെ നെറുകയിലേക്ക് നടന്നുകയറി. പിന്തുണയോടെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും. അതൊരു ഉത്സവം മാത്രമായിരുന്നില്ല, പാരസ്പര്യത്തിന്റെ സ്വപ്നസാഫല്യം.
കമ്പോളത്തിന്റെ കസർത്തും കടന്നുകയറ്റവും ഇല്ലാതിരുന്ന ഓണക്കാലം. ‘കള്ളപ്പറയും ചെറുനാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല’. ആവശ്യമുള്ളത് പരമാവധി സ്വയം ഉണ്ടാക്കുകയായിരുന്നു. അല്ലാത്തവമാത്രം കടയിൽ നിന്ന് വാങ്ങും. മേടത്തിൽ പണിത്തിരക്കാണെങ്കിൽ, ഓണത്തിന് കൊയ്യാനുള്ള നെല്ലെങ്കിലും ആദ്യമായി കൃഷി ചെയ്യുമായിരുന്നു. വയലില്ലാത്തവർ കൊയ്യാൻപോയി നെല്ല് നേടും. പറമ്പില്ലാത്തവരാകട്ടെ പാട്ടത്തിന് കൃഷിയിറക്കുകയാണ് പതിവ്. മറ്റുള്ളവർ സ്ഥിരമായി ജോലിക്ക് പോകുന്നിടത്ത് നിന്നും വിഭവങ്ങൾ ശേഖരിക്കുകയും. എല്ലാവർക്കും വാഴകൃഷിയുണ്ടായിരുന്നതിനാൽ ഉപ്പേരിയും ശർക്കരവരട്ടിയും വീടുകളിലാണ് ഉണ്ടാക്കാറ്. പഴക്കുലകൾ മുറിയിൽ കെട്ടിത്തൂക്കും, ആവശ്യത്തിന് എടുത്തുകഴിക്കാൻ. ഇഞ്ചിക്കറിയും അച്ചാറും തലേന്ന് തന്നെ തയ്യാറാക്കിവെക്കാറുണ്ട്. ഉപ്പേരിയും പപ്പടവും പഴവും മറ്റുവിഭവങ്ങളുമടങ്ങുന്ന ഓണസദ്യ. മൂന്നുനാലുദിവസം കുശാൽ. പിന്നെ, ‘ഓണമുണ്ട വയറേ, പാട്ടും പാടികിട’ എന്ന് പറയും. ഉള്ളതുകൊണ്ട് ഓണംപോലെ. മേനിനടിച്ച്, കടം വാങ്ങി ആത്മഹത്യക്ക് മുതിർന്നിരുന്നില്ല.
മൂന്നോണം മുക്കിമൂളി
നാലോണം നക്കി നൊണഞ്ഞ്
അഞ്ചാംകഞ്ഞി അടപ്പത്ത്
പിള്ളേരടപ്പൻ പാടത്ത്
സാധനങ്ങൾ പരിമിതമായിരുന്നതിനാൽ ഒന്നും പാഴാക്കുമായിരുന്നില്ല. ഓണത്തിന് ബാക്കിവന്ന ചോറും കറികളും തേങ്ങയും കൂടി അരച്ചുചേർത്ത് തിളപ്പിച്ച് പാത്രത്തിലൊഴിച്ച് വായകെട്ടി ഉറിയിൽ സൂക്ഷിക്കും. അഞ്ചോണനാൾ കാലത്ത് ഈ പുളിങ്കഞ്ഞി കഴിച്ചിട്ടാണ് പണിയാളർ ജോലിക്കിറങ്ങിയിരുന്നത്. ഓർമ്മിക്കാനും ഓമനിക്കാനും ഒരോണം. അതുകൊണ്ട് പണിയെടുക്കുന്നവർ പടിയിറങ്ങാതിരിക്കാൻ, മണ്ണിൽ സമൃദ്ധി വിരിയിക്കാൻ നമുക്ക് അധ്വാനത്തിന്റെ ധ്വനി പാഠങ്ങൾ പാടാം.