ഓണമായാൽ നല്ല സ്റ്റൈലിൽ ഡിസൈൻ ചെയ്ത വീട്ടുമുറ്റത്തെ പൂക്കളങ്ങൾ ആസ്വദിച്ച് നടക്കുക എന്നതൊരു വിനോദമായിരുന്നു. പണ്ടൊക്കെ പൂക്കൂടയുമായി രാവിലെ പോകുമായിരുന്നു, നാട്ടിലെ എല്ലാ വേലികളും, പൊതുവിടങ്ങളും, പൊന്തക്കാടുകളുമൊക്കെ കയ്യേറി പൂക്കൾ പറിച്ച് ഏറ്റവും ഭംഗിയുള്ള പൂക്കളം നിർമ്മിക്കുന്നതൊരു അന്തസായി കണക്കാക്കിയിരുന്നു. പുതിയ പൂക്കളെ കണ്ടെത്തുക, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ നിറത്തിലുള്ള പൂക്കൾ കൊണ്ട് കളം അലങ്കരിക്കുക എന്നതൊക്കെയായിരുന്നു അന്നത്തെ പ്രധാന ആഗ്രഹങ്ങൾ.
എന്നാൽ ഇന്ന് കാണുന്ന പൂക്കളങ്ങൾക്കൊക്കെ ഒരേ നിറവും ഭാവവുമാണ്. കാണാൻ നല്ല ചന്തമൊക്കെയുണ്ടെങ്കിലും ഒരു അപൂർണ്ണത എല്ലാ കളങ്ങളിലും കാണാനുണ്ട്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന രീതിയിൽ വരത്തൻ പൂക്കൾ അതായത് ചെണ്ടുമല്ലി, ഉണ്ടമല്ലി, ജമന്തിയെല്ലാം കളത്തിൽ ആധിപത്യം നേടിയിട്ടുണ്ട്. ഓണ വിപണിയും പൂക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നു. പണ്ടെല്ലാം കളം നിറഞ്ഞ് നിന്നിരുന്ന മുക്കുറ്റിയും, തുമ്പയും, കാക്കപ്പൂവുമെല്ലാം പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് അൽപം ആശങ്കയുണ്ടാക്കുന്നതാണ്. നാട്ടിലെ വേലിപടർപ്പുകളിലും, പൊതുവിടങ്ങളിലുമെല്ലാം സമൃദ്ധമായിരുന്ന നാട്ടുപൂക്കൾ അപ്രത്യക്ഷമാകുന്നത് വഴി ഇല്ലാതാകുന്നത് കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ ഒരു ഭാഗവും അതിനെ ചുറ്റിപറ്റിയുള്ള ആവാസവ്യവസ്ഥയുമാണ്. ഇത് വലിയ വെല്ലുവിളിയാണുയർത്തുന്നത്.
അപ്രത്യക്ഷമാകുന്ന നാട്ടുപൂക്കൾ
പൂക്കളില്ലാത്ത ഓണത്തെക്കുറിച്ച് ചിന്തിക്കുക അത്ര എളുപ്പമല്ല. കാരണം അത്തം മുതൽ തിരുവോണം വരെ പത്തുദിവസം നീളുന്ന മലയാളിയുടെ ഓണാഘോഷങ്ങളിലെ പ്രധാന ഘടകമാണ് ഓണപൂക്കളം. ആകർഷകമായ ഡിസൈനുകളിൽ വ്യത്യസ്തങ്ങളായ പൂക്കളുപയോഗിച്ച് വീട്ടുമുറ്റത്ത് തീർക്കുന്ന പൂക്കളങ്ങളാണ് ഓണക്കാലത്തെ ഏറ്റവും വലിയ ആകർഷണം. ദശപുഷ്പങ്ങൾ ഉപയോഗിച്ച് പൂക്കളമിടുന്നതായിരുന്നു പരമ്പരാഗത രീതി. അതുകൊണ്ട് ഒരുകാലത്ത് പൂക്കളങ്ങളിൽ മുക്കുറ്റിയും, തിരുതാളിയുമെല്ലാം നിറഞ്ഞിരുന്നു. കൂടാതെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും, പൊതുവിടങ്ങളിൽ നിന്നുമെല്ലാം പൂക്കൾ ശേഖരിച്ച് പൂക്കളങ്ങൾ അലങ്കരിച്ചിരുന്നു. തുമ്പ, മുക്കുറ്റി, തുളസി, ചെമ്പരത്തി, തുടങ്ങി നിരവധി നാട്ടുപൂക്കൾ പൂക്കളങ്ങളിലും നാട്ടിലും സുലഭമായിരുന്നു. ഇവയിൽ ഔഷധ ഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങളുണ്ട്. ഇത്തരത്തിൽ ഒരു കാലത്ത് പൂക്കളങ്ങളിൽ ഉപയോഗിച്ചിരുന്ന നാട്ടുപൂക്കളെ പരിചയപ്പെടാം.
കാണാതാകുന്ന നാട്ടുപൂക്കളും പാരിസ്ഥിതിക പ്രശ്നങ്ങളും
പ്രകൃതിക്ക് മേലെയുള്ള മനുഷ്യന്റെ അമിതമായ ഇടപെടലും, കാലാവസ്ഥയിലുള്ള മാറ്റങ്ങളും ആവാസവ്യവസ്ഥയെത്തന്നെ മാറ്റി മറിച്ചിട്ടുണ്ട്. കാലം തെറ്റിയുള്ള മഴയും പ്രകൃതി ദുരന്തങ്ങളും പൊതുഭൂമികളില്ലാതാവുന്നതുമെല്ലാം കേരളത്തിലെ വിവിധയിനം സസ്യ ജന്തുജാലങ്ങളെ പാടെ ഇല്ലാതാക്കി കളയുകയോ, അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുകയോ ചെയ്യുന്നു. ഇതു മൂലം ഓണക്കാലത്ത് നാട്ടുമ്പുറങ്ങളിൽ സമൃദ്ധമായി കണ്ടുവന്നിരുന്ന പല നാട്ടുചെടികളും പുതിയ തലമുറയ്ക്ക് അന്യമായി പോകുന്നു. അധിനിവേശ സസ്യങ്ങളുടെ ഇടപെടലും കാലാവസ്ഥ വ്യതിയാനവുമെല്ലാം ഇത്തരം നാട്ടുപൂക്കളുടെ നാശത്തിന് കാരണമാകുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജ് പ്രസിഡന്റ് ഡോ. അജയൻ സദാനന്ദൻ കേരളീയത്തോട് പറഞ്ഞു. “കേരളത്തിലെ നാട്ടുമ്പുറങ്ങളിൽ ഓരോ പ്രദേശങ്ങളുടെയും കാലാവസ്ഥയ്ക്കനുസരിച്ച് ഉണ്ടാകുന്ന ഓണപ്പൂക്കളുണ്ട്. ഇവ പലതരത്തിലുണ്ട്. ചെറിയ ഓണപ്പൂ, വലിയ ഓണപ്പൂ, ഓണതാർപ്പൂ എന്നിവ. ഇത്തരം പൂക്കൾ പ്രധാനമായും കാശിതുമ്പ വർഗത്തിൽപ്പെടുന്നവയാണ്. ഓണപ്പൂക്കളിൽ ചിലയിനം സസ്യങ്ങൾ മഴക്കാലത്ത് ഉണ്ടാവുകയും മഴക്കാലം കഴിഞ്ഞാൽ ഇല്ലാതാവുകയും ചെയ്യുന്നവയാണ്. ഇത്തരം സസ്യങ്ങൾക്ക് പ്രത്യേക ജൈവവ്യവസ്ഥയുണ്ട്. ഈ ജൈവവ്യവസ്ഥയിൽ പ്രകൃതിക്കാവശ്യമായ ഒരുപാട് ചെറിയ ബാക്ടീരിയ ഫംഗസ് തുടങ്ങിയവ വളരുന്നുണ്ട്. ഒരിക്കൽ ഇവ നശിച്ച് കഴിഞ്ഞാൽ പിന്നെ പുനർനിർമ്മിക്കുന്നത് എളുപ്പമല്ല. ഗ്രാമങ്ങളിലും, മനുഷ്യന്റെ അമിതമായ ഇടപെടലില്ലാത്ത പ്രദേശങ്ങളിൽ പോലും ഇത്തരം സസ്യങ്ങളുടെ അളവിൽ മാറ്റം വന്നിട്ടുണ്ട്. കാലാവസ്ഥമാറ്റം അതി ഭീകരമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും ചെറിയ സമയം കൊണ്ട് അതി തീവ്രമായാണ് മഴ പെയ്യുന്നത്. തീവ്രമായ മഴയിൽ മേൽ മണ്ണ് വലിയ രീതിയിൽ വെള്ളത്തിനൊപ്പം ഒഴുകിപോകുന്നു. മേൽമണ്ണിൽ ചെറുതായി പറ്റിപ്പിടിച്ച് ജീവിക്കുന്ന അധികം വേരോട്ടമില്ലാത്ത ചെടികൾ മേൽമണ്ണിനൊപ്പം ഒലിച്ചുപോകുന്നു. ഇതിന്റെ വിത്തും മൂല കാണ്ഡവുമെല്ലാം ഇതോടെ നശിക്കും.
കാലാവസ്ഥ വ്യതിയാനം പോലെതന്നെ പ്രശ്നമാണ് അധിനിവേശ സസ്യങ്ങളുടെ വർധനയെന്നും ഡോ. അജയൻ ചൂണ്ടിക്കാട്ടി. “അധിനിവേശ സസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അപകടകാരികളുമാണ് പുല്ലിനത്തിൽപ്പെട്ട അധിനിവേശ സസ്യങ്ങൾ. പുൽപ്രദേശങ്ങളേറെയും ഈ സസ്യങ്ങൾ കീഴടക്കികഴിഞ്ഞു. ഇത്തരം പ്രദേശങ്ങളിൽ ഓണക്കാലത്തുണ്ടാകുന്ന ചെറിയ സസ്യങ്ങളുടെ സാധ്യതയെ അധിനിവേശ സസ്യങ്ങൾ ഇല്ലാതാക്കുന്നു. ഉദാഹരണമായി ഓണക്കാലത്ത് പുൽമേടുകളിൽ കൂടുതലായി ഉണ്ടായിരുന്ന പൂക്കളാണ് കണ്ണാന്തളിപ്പൂക്കൾ. അവയുടെ എണ്ണം ഇന്ന് വല്ലാതെ കുറഞ്ഞിരിക്കുന്നു. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും മണ്ണിടിച്ചിലുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. പെട്ടെന്ന് വരുന്ന മഴയും കാലാവസ്ഥവ്യതിയാനവും അധിനിവേശ സസ്യങ്ങളുടെ ഇടപെടലുമെല്ലാം ഈ നാട്ടു സസ്യങ്ങളുടെ എണ്ണം ക്രമാതീതമായി കുറച്ചു. അധിനിവേശ സസ്യങ്ങളിൽ ഒരു ചെടിയിൽ തന്നെ ആയിരകണക്കിന് വിത്തുണ്ടാകും. ഈ വിത്തുകൾ കാറ്റിലൂടെ പറക്കുകയും പ്രജനനം പെട്ടെന്ന് നടക്കുകയും ചെയ്യുന്നവയാണ്. ഇത് ചെറിയ ചെടികൾക്ക് ആവശ്യമായ വെള്ളമോ വെളിച്ചമോ നൽകില്ല. പ്രളയത്തിനുശേഷം ഇത്തരം പുല്ലിനത്തിൽപ്പെടുന്ന അധിനിവേശ സസ്യങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക തടാകങ്ങളും ഇത്തരം സസ്യങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. ഇത്തരം അധിനിവേശ സസ്യങ്ങൾ തടാകങ്ങളിൽ കൂടുതലായി വളർന്നിരുന്ന ആമ്പൽ, താമര തുടങ്ങിയ ജല സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നു. ഇത് ജൈവഘടനയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും. ആമ്പൽ, താമര തുടങ്ങിയ സസ്യങ്ങളിൽ പല തരത്തിലുള്ള ചെറിയ തേനീച്ചകൾ, ശലഭങ്ങൾ തുടങ്ങിയവ മുട്ടയിടുകയും പ്രജനനം നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത്തരം സസ്യങ്ങളുടെ നാശം ഈ ചെറു ജീവികളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമാകുന്നു. ഓണക്കാലത്ത് സമൃദ്ധമായി കണ്ടിരുന്ന ചെടികളാണ് ചെത്തി, തുമ്പ തുടങ്ങിയ നാടൻ പൂക്കൾ. അതിൽ തുമ്പ, മുക്കുറ്റി, വിഷ്ണുക്രാന്തി തുടങ്ങിയ ചെടികൾ പൊതുവിടങ്ങളിലും പാടവും പാടവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രദേശങ്ങളിലുമാണ് കൂടുതൽ കണ്ടുവന്നിരുന്നത്. പാടങ്ങൾ കൃത്യമായി പരിപാലിക്കാത്തതും പൊതുവിടങ്ങളില്ലാതാകുന്നതും അധിനിവേശ സസ്യങ്ങളുടെ ആധിപത്യവുമെല്ലാം ഇത്തരം സസ്യങ്ങളുടെ എണ്ണത്തെ ഗണ്യമായി കുറച്ചു. മറ്റൊരു കാരണം അമിതമായ കീടനാശിനി പ്രയോഗമാണ്. പുല്ലുകൾ കരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കീടനാശിനികൾ വളരെ സെൻസിറ്റീവായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ഇത്തരം ചെടികളെ ഇല്ലാതാക്കുന്നു. ഓണപ്പൂക്കൾ കൂടുതലായും കണ്ടുവന്നിരുന്നത് ഇടനാടുകളായിട്ടുള്ള പുൽമേടുകളിലും, ചരിഞ്ഞ പ്രതലങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലുമൊക്കെയാണ്. ഈ മൂന്ന് പ്രദേശങ്ങളിലും വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രധാനമായും ആഗോളതാപനത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ്. കൂടാതെ പല വിളകളുടെയും അശാസ്ത്രീയമായ നിയന്ത്രണങ്ങളും പുതിയ വിളകളെ ഇത്തരം പ്രദേശങ്ങൾക്ക് പരിചയപ്പെടുത്തുന്നതുമെല്ലാം ഈ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.”
സംരക്ഷണത്തിനുള്ള വഴികൾ
കുന്നിടിച്ചും, പാടങ്ങൾ പൊതുവിടങ്ങൾ എന്നിവ സംരക്ഷിക്കാതെയും നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കിയത് പ്രകൃതിയിലെ അമൂല്യമായ നാട്ടുപ്പൂക്കളേയും അവയെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയുമാണ്. ഈ മാറ്റങ്ങൾ കാലാവസ്ഥയിൽ വലിയ മറ്റങ്ങൾ സൃഷ്ടിക്കുകയും ജൈവഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു. ഇവയെ മറികടക്കണമെങ്കിൽ പ്രകൃതിയെ സംരക്ഷിക്കുകയും, മാറുന്ന ആവാസ വ്യവസ്ഥയെയും ജൈവവൈവിധ്യങ്ങളെയും തിരിച്ചുപിടിക്കുകയും വേണം. ഇത്തരത്തിൽ നാട്ടു പൂക്കളെ സംരക്ഷിക്കാനുള്ള മാർഗങ്ങളും ഡോ. അജയൻ സദാനന്ദൻ വിശദമാക്കി. “പ്രധാനമായും നാട്ടുപൂക്കളെ സംരക്ഷിക്കുന്നതിനായി ഭരണ സംവിധാനങ്ങൾ കൃത്യമായ ഇടപെടലുകൾ നടത്തണം. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യനിയമപ്രകാരം രൂപം നൽകിയ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലെയും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികളെ ആക്ടീവ് ആക്കുകയും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം. കൂടാതെ ഓരോ പഞ്ചായത്തുകളിലേയും ജൈവവൈവിധ്യ റിപ്പോർട്ടുകൾ ശരിയായി തയ്യാറാക്കുകയും പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുകയും വേണം. ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കികൊടുത്താൽ പരിസ്ഥിതിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന പല സസ്യങ്ങളും രണ്ട് തലമുറകൊണ്ട് തിരികെ നിർമിക്കാം. എന്നാൽ അവയുടെ വളർച്ചയ്ക്കാവശ്യമായ ചുറ്റുപാടുകൾ പുനർനിർമ്മിക്കുകയാണ് പ്രധാനമായും വേണ്ടത്. എളുപ്പം പ്രാവർത്തികമാക്കാൻ കഴിയില്ലെങ്കിലും സമയമെടുത്തുള്ള ജൈവവൈവിധ്യങ്ങളുടെ പുനർനിർമ്മാണം പ്രകൃതി ദുരന്തങ്ങളാൽ വലയുന്ന കേരളത്തിന്റെ നിലവിലെ പരിസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്.”
സമൃദ്ധമായ പഴയ ഓണക്കാലത്തിന്റെ ഓർമ്മകളിൽ നിന്ന് ഓണപ്പൂക്കളെ മറ്റി നിർത്തുക എളുപ്പമല്ല. എന്നാൽ പുതിയ തലമുറയ്ക്ക് ഓണപ്പൂക്കൾ അപരിചിതമാണ്. പൂക്കളങ്ങളിൽ നിറഞ്ഞിരുന്ന നാട്ടുപൂക്കളുടെ സ്ഥാനം വ്യാപാരാടിസ്ഥാനത്തിൽ വിപണിയിലേക്കെത്തിയ പുതിയ പൂക്കൾ കയ്യേറി. പല നിറത്തിലുള്ള പൂക്കൾ വിപണിയിൽ ലഭ്യമാണ്. ഈ പൂക്കളിലേറെയും അന്യസംസ്ഥാനങ്ങളായ കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിന്റെ വിപണിയിലേക്കെത്തുന്നത്. ഇറക്കുമതി ചെയ്യുന്ന പൂക്കൾ അത്തം മുതൽ വിപണിയെ കീഴടക്കും. കേരളത്തിൽ കുടുംബശ്രീ യൂണിറ്റുകളും മറ്റും പൂക്കൾ കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. ഓണപ്പൂക്കളുടെ ലഭ്യതക്കുറവും ഇത്തരം മറ്റങ്ങൾക്ക് വഴിവച്ചു. ഓണക്കാലത്തെ പൂർണ്ണമാക്കിയിരുന്ന ഓണപ്പൂക്കളും ഓണത്തുമ്പികളും അപ്രത്യക്ഷമാകുന്നതും, കാലം തെറ്റിയുള്ള വേനലും മഴയും അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങളും സൂചിപ്പിക്കുന്നത് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ആവാസവ്യവസ്ഥയെയും ജൈവസമ്പത്തിനെയും തകർക്കുന്നതോടൊപ്പം മനുഷ്യനെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുന്ന കാലം വിദൂരമല്ലെന്നാണ്.