ജയ്പൂർ സാഹിത്യോത്സവത്തിൽ ഏറ്റവും പ്രധാനപ്പെട്ട സെഷനായി തോന്നിയത് 2023ലെ അന്താരാഷ്ട്ര ബുക്കർ നേടിയ ‘ടൈം ഷെൽട്ടർ’ എന്ന നോവലിന്റെ രചയിതാവായ ജോർജി ഗോസ്പിഡനോവുമായി മാധ്യമ പ്രവർത്തക നന്ദിനി നായർ നടത്തിയ സംഭാഷണമായിരുന്നു. (ഫെബ്രുവരി നാലിനായിരുന്നു ഈ സംഭാഷണം). നിർമ്മിച്ചെടുത്ത ഭൂതകാലം – Invented past എന്ന വാക്കാണ് ഗോസ്പിഡനോവ് ഉപയോഗിച്ചത് – എങ്ങനെ ഇന്ന് ലോകമെങ്ങും രാഷ്ട്രീയക്കാരും ഭരണകൂടങ്ങളും ഉപയോഗിക്കുന്നു എന്നത് വിശദമാക്കുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്.
കമ്യൂണിസം ഭാവിയാണ് വാഗ്ദാനം ചെയ്തത്, മോഹനമായ ഭാവി. അതായത് അക്കാലത്ത് ഭാവിയായിരുന്നു ഏറ്റവും വലിയ പ്രചരണായുധം (പ്രൊപ്പഗണ്ട). ഇപ്പോൾ ഭൂതകാലമാണ്. ഭൂതകാലത്തോടൊപ്പം ഗൃഹാതുരതയും ഉൽപ്പാദിപ്പിക്കപ്പെടുന്നു. അല്ലെങ്കിൽ കണ്ടുപിടിക്കപ്പെടുന്ന ഭൂതകാലത്തിനൊപ്പം അതേ സ്വഭാവത്തിലുള്ള ഗൃഹാതുരത്വവും ഉണ്ടാക്കപ്പെടുന്നു. ഈ ഗൃഹാതുരതയെയാണ് ദേശീയത എന്ന് വിളിക്കുന്നത്. (നൊസ്റ്റാൾജിയക്ക് ഇമ്മട്ടിൽ ഹിംസാത്മകമായ ദേശീയതയായി മാറാൻ കഴിയുമെന്ന ഗോസ്പിഡനോവിന്റെ ചൂണ്ടിക്കാട്ടൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗൃഹാതുരത്വം, രാഷ്ട്രീയമായി നോക്കുമ്പോൾ നനുത്ത ഒരനുഭവമേ അല്ലെന്ന് ഈ സംഭാഷണം വ്യക്തമാക്കി-ലേഖകൻ).
ഇക്കാര്യം ലോകം വേണ്ട വിധം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്- ഗോസ്പിഡനോവ് പറഞ്ഞു. ആ നൊസ്റ്റാൾജയിയിൽ/ദേശീയതയിൽ നിന്ന് ശുദ്ധമായ വംശ വേരുകൾ കൂടി കുഴിച്ചെടുക്കുന്നു- ഇന്ന് ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ/രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന കാര്യം ഇങ്ങിനെ അതി സൂക്ഷ്മമായി അദ്ദേഹം അവതരിപ്പിച്ചു. (ഒരു രാജ്യത്തിന്റേയും പേരുകൾ പരാമർശിച്ചില്ലെങ്കിലും ഇന്ത്യയിൽ ഇന്ന് എങ്ങിനെയാണ് നിർമ്മിത/കണ്ടുപിടിക്കപ്പെട്ട ഭൂതകാലം പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ ആലോചിക്കാൻ അദ്ദേഹത്തിന്റെ സംഭാഷണം ഏറെ സഹായിച്ചു). ഓരോ ഭരണകൂടങ്ങളും തങ്ങളുടെ ജനതക്ക് ഒരു സുവർണ്ണ ഭൂതകാലം ഉണ്ടായിരുന്നതായി അവകാശപ്പെടുന്നു. അങ്ങിനെയുള്ള ഭൂതകാലത്തിന്റെ കച്ചവടക്കാരായി ലോക രാഷ്ട്രങ്ങൾ മാറിയിരിക്കുന്നു. അതായത് ഭാവി സമ്പൂർണ്ണമായും റദ്ദാക്കപ്പെട്ടു. മുമ്പ് ഭാവി വാഗ്ദാനം ചെയ്തവരും ഇപ്പോൾ സുവർണ ഭൂതകാലത്തിലേക്ക് പിൻനടക്കുന്നവരും സാധാരണക്കാരന് നൽകുന്നത് വണ്ടിച്ചെക്കുകളാണ് എന്നതാണ് യാഥാർഥ്യം- അതാണ് ഈ നൂറ്റാണ്ടിൽ കഴിയുന്ന മനുഷ്യൻ മനസ്സിലാക്കേണ്ടത്.
എന്നാൽ ഭൂതകാലം എന്നത് ഓരോ വ്യക്തിയുടേയും സ്വകാര്യ സംഭവമാണെന്ന യാഥാർഥ്യമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. റഫറണ്ടം എന്ന വാക്കിന്റെ എറ്റിമോളജി ഞാൻ പരിശോധിച്ചു. ഭൂതകാലം എന്ന ആശയത്തിലാണ് അതെത്തുന്നത്. അതായത് ജനഹിത പരിശോധനകൾ ഭൂതകാലത്തോടുള്ള പ്രതികരണമോ പ്രതിഫലനമോ ആകണമെന്ന് ഹിത പരിശോധന നടത്തുന്നവർ കരുതുന്നു. അതായത് ആ പ്രവർത്തനവും ഭൂതകാലത്തോട് തന്നെ ചേർന്നുനിൽക്കുന്നു. സമയത്തിൽ നടന്ന കുടിയേറ്റം മാത്രമാണ് ഭൂതകാലം എന്ന് മനസ്സിലാക്കാതെ മനുഷ്യന് എങ്ങിനെ മുന്നോട്ടുപോകാൻ കഴിയും?
‘ടൈം ഷെൽട്ട’റിൽ മറവി രോഗത്തിന് ചികിത്സിക്കുന്ന പല തലമുറകളിലുള്ളവരെ സാനിട്ടോറിയത്തിന്റെ പല നിലകളിലായ് താമസിപ്പിച്ചിരിക്കുന്നു. അവരുടെ ഓർമ്മകൾ-മറവികൾ എന്നിവയിലൂടെ യൂറോപ്പിന്റെ ചരിത്രം അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത് – നന്ദിനി നായരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അവസാനിച്ചുപോയ കാലത്തിലാണ് ടൈം ഷെൽട്ടറിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത്. പക്ഷേ, അവരുടെ സ്പേസ് അങ്ങിനെത്തന്നെ നിലനിൽക്കുകയാണ്. ഓഷ്വിറ്റ്സിന്റെ ഓർമ്മകളെടുക്കൂ. അതിൽപ്പെട്ടവരുടെ ജീവിതകാലം കഴിഞ്ഞു. പക്ഷെ, ആ സ്പേസ് നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ആ ഓർമ്മകളും നിലനിൽക്കുന്നു. അതുകൊണ്ടാണ് മറവിയുടെ ദൈവമുണ്ടെങ്കിൽ ഓർമ്മയുടെ ദൈവവുമുണ്ടെന്ന് നോവലിൽ പറയുന്നത്. ആ രണ്ട് ദൈവങ്ങളുമുണ്ട് – ഇത് പറഞ്ഞ് ഗോസ്പിഡനോവ് ചിരിച്ചു – മനുഷ്യന് മെഗാ ബൈറ്റ്സ് ഓഫ് മെമ്മറിയുണ്ട്-അത് മറക്കരുത്.
ഞങ്ങൾ ബൾഗേറിയക്കാർ എപ്പോഴും വിഷാദികളാണ്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ടുതന്നെ എപ്പോഴും സംസാരത്തിൽ ഐറണിയും ഉണ്ടാകും. ഉദാഹരണത്തിന് ടൈം ഷെൽട്ടറിന് ബുക്കർ കിട്ടിയ ശേഷം ഒരു ടാക്സി ഡ്രൈവർ എന്നോട് പറഞ്ഞു – ബുക്കർ കിട്ടുന്നതിന് മുമ്പേ ഞാൻ നിങ്ങളുടെ നോവൽ വായിച്ചിട്ടുണ്ടെന്ന് – ദു:ഖം, വിഷാദം എന്നതിന് ഞങ്ങളുടെ ഭാഷയിലെ വാക്ക് ത്ഗാ എന്നാണ്. ആ വാക്ക് ഉച്ചരിക്കുമ്പോൾ തൊണ്ടമുഴ (ആദംസ് ആപ്പിൾ) മൂന്ന് തവണയെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ചലിക്കണം. അതിൽ തന്നെ ഒരാൾ വിഷാദിയാകും. പക്ഷേ എനിക്ക് ആ വാക്ക് ത്ഗ ഏറ്റവും ഇഷ്ടമുള്ളതിൽ ഒന്നാണ്. അതിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാം, ഞങ്ങൾ ബൾഗേറിയക്കാർ വിഷാദം എന്തുമാത്രം ഇഷ്ടപ്പെടുന്നുവെന്ന്! ഓരോ ദശാബ്ദത്തിനും ഒരു വാക്കുണ്ട്, മണമുണ്ട്, സംഗീതമുണ്ട്. അത് അടുത്ത ദശാബ്ദത്തിലുണ്ടാവില്ല. നോവലിൽ നിങ്ങൾക്കത് കാണാം. ഓർമ്മകളുടെ പൂട്ട് തുറക്കാൻ ഏറ്റവും പറ്റിയ സാമഗ്രികൾ മണങ്ങളും സംഗീതവുമാണ്. ഞാനാ തിരിച്ചറിവ് ടൈം ഷെൽട്ടറിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അറുപതുകൾ, എഴുപതുകൾ, എൺപതുകൾ എടുത്ത് നോക്കൂ. ഓരോ പത്ത് കൊല്ലത്തിനും ഓരോ മണവും സംഗീതവുമായിരുന്നു. യൂറോപ്പിലെ കാര്യമാണ് ഞാൻ പറയുന്നത്. ലോകത്ത് എല്ലായിടത്തും അങ്ങിനെയായിരിക്കും.
മനുഷ്യർക്ക് എല്ലായ്പ്പോഴും പ്ലേലിസ്റ്റും ചെക്ക് ലിസ്റ്റും ഉണ്ടായിരിക്കും. അത് മതിയാകാതെ വരുമ്പോൾ അവയെ ഉപേക്ഷിച്ച് പുതിയ ലിസ്റ്റുകളിലേക്ക് മനുഷ്യർ പോകും. അത് മനുഷ്യ സ്വഭാവമാണ്. ഉദാഹരണത്തിന് 1980തുകളിലെ ടാറിന്റെ മണം എന്നിലുണ്ട്. പക്ഷേ ഇന്നത്തെ ടാറിൽ നിന്നും ആ മണം എനിക്കു കിട്ടുന്നില്ല. ടാർ മാറിയതാണോ, കാലം മാറിയതയാണോ, ഞാൻ മാറിയതാണോ? അതോ മണത്തെക്കുറിച്ചുള്ള സങ്കൽപ്പം മാറിയതാണോ? ഞാനെഴുത്തിൽ എപ്പോഴും ഇക്കാര്യം അന്വേഷിക്കുന്നു. അങ്ങിനെയാണ് തലമുറകളുടെ അഭിരുചികളെ ഞാൻ തിരിച്ചറിയുന്നത്.
ഒരു ദിവസത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സമയം ഏതെന്ന ചോദ്യത്തിന് ഗോസ്പിഡനോവ് പ്രതികരിച്ചു, ഉച്ച കഴിഞ്ഞ് മൂന്നു മണി. ആ സമയത്ത് ജനലുകൾ തുറന്നിട്ട് റോഡിലേക്ക് നോക്കിയിരിക്കും. സാധാരണമല്ലാത്ത ഒരു നിശ്ശബ്ദത അപ്പോഴാണ് അനുഭവിക്കാനും ആസ്വദിക്കാനുമാവുക. പിന്നെ, മറ്റൊന്ന് കൂടിയുണ്ട്, യേശു മരിച്ചത് മൂന്നുമണിക്കായിരുന്നല്ലോ.
കുട്ടിക്കാലത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ പറഞ്ഞു: നിർത്താതെ കഥകൾ പറഞ്ഞുതരുന്ന മുത്തശ്ശിയാണ് എന്റെ കുട്ടിക്കാലത്തിന്റെ ഉള്ളടക്കം. ഒരിക്കൽ എനിക്ക് കടുത്ത ചെവി വേദന വന്നു, ഞാനിപ്പോൾ ചാകുമെന്ന് പറഞ്ഞ് വലിയ വായിൽ ഞാൻ നിലവിളിക്കാൻ തുടങ്ങി. മുത്തശ്ശി എന്നെ ആശ്വസിപ്പിച്ചത് ഇങ്ങിനെ ആയിരുന്നു; “ആദ്യം നിന്റെ മുത്തച്ഛൻ മരിക്കും. പിന്നെ ഞാൻ. അത് കഴിഞ്ഞ് നിന്റെ അച്ഛൻ. അതും കഴിഞ്ഞ് നിന്റെ അമ്മ. അതെല്ലാം കഴിഞ്ഞേ നീ മരിക്കൂ”. അമ്മൂമ്മ അയൽവാസികളെക്കുറിച്ച് പറഞ്ഞിരുന്ന കഥകൾ (അവർ കഥാപുസ്തകങ്ങളിലെ കഥകൾ ഒരിക്കലും വായിച്ചു തന്നിട്ടില്ല) സത്യത്തിൽ എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പിന്നെ രാത്രി കാണുന്ന ദുസ്വപ്നങ്ങൾ. അത് വലിയ നിക്ഷേപമായി മാറിയിട്ടുണ്ട്. രക്തം ചൂടുപിടിപ്പിക്കുന്ന തരത്തിലുള്ള ദുസ്വപ്നങ്ങൾ കുട്ടിക്കാലത്തും കൗമാരത്തിലും പതിവായിരുന്നു. ദുസ്വപ്നങ്ങളുടെ ആഖ്യാന രീതി എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവയെ മറന്ന് കളഞ്ഞിരുന്നെങ്കിൽ എനിക്ക് വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു. ഞാൻ തുടക്കത്തിൽ കവിതകളാണ് എഴുതിയിരുന്നത്. ഇപ്പോഴും കവിത എഴുത്തുണ്ട്. പക്ഷെ കവിതക്ക് പ്രസാധകരില്ല. ലോകം മുഴുവൻ അങ്ങിനെയാണോ എന്നെനിക്കറിയില്ല. ഞങ്ങളുടെ ഭാഷയിൽ തീർച്ചയായും അത് അങ്ങിനെയാണ്. അതുകൊണ്ട് നോവലുകളിലേക്ക് കവിതയെ കട്ടുകടത്തുന്ന രീതിയും ഞാൻ ഉപയോഗിക്കുന്നുണ്ട്. എന്റെ നോവലുകളിലെ കവിതാശകലങ്ങളും എന്റേത് തന്നെ. (കവിത പരാജയപ്പെടുന്നു, ഫിക്ഷൻ മാത്രം വിജയിക്കുന്നു എന്ന പ്രസാധക ഫോർമുലയോടുള്ള ഗോസ്പഡനോവിന്റെ പ്രതികരണമായിരുന്നു ഇത്, ഒപ്പം ലോകമെങ്ങും കവികൾ നോവലിസ്റ്റുകളായി മാറുന്നതിനെക്കുറിച്ചുള്ള വിശദീകരണവും).
എന്റെ ഭാഷ (ബൾഗേറിയൻ) അതി മനോഹരമാണ്. അതിന്റെ ആഴങ്ങൾ എനിക്ക് മറ്റ് ഭാഷകളിലൊന്നും പ്രകടിപ്പിക്കാൻ കഴിയില്ല. ത്ഗാ എന്ന വാക്കിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. അതൊരുദാഹരണം മാത്രം. നിർമ്മിത ഭൂതകാലം, ഭാവിക്കമ്മി (Future deficit) എന്ന രോഗം – ഇതിനിടയിൽ 21-ാം നൂറ്റാണ്ടിലെ മനുഷ്യർ ജീവിക്കുന്നു. അങ്ങിനെയൊരു ലോകക്രമം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനോട് കൂടിയാണ് ടൈം ഷെൽട്ടർ പ്രതികരിക്കുന്നത്. മറവി രോഗം ഇന്ന് ഭരണകൂടങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഏറ്റവും പ്രിയങ്കരമായ രോഗമായി മാറിയിരിക്കുന്നു.
ടൈം ഷെൽട്ടറിലെ കഥാപാത്രങ്ങൾ ഓരോ ദശാബ്ദത്തിൽ ജീവിക്കുന്നവരാണല്ലോ. താങ്കൾ അതിലെ കഥാപാത്രമാവുകയാണെങ്കിൽ ഏത് ദശാബ്ദത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു- നന്ദിനി നായരുടെ ചോദ്യത്തോട് നോവലിസ്റ്റ് ഇങ്ങിനെ പ്രതികരിച്ചു: “ഏത് ദശാബ്ദത്തിലും ജീവിക്കാം. എന്നാൽ എല്ലാ ദശാബ്ദത്തിലും എനിക്ക് 12 വയസ്സായിരിക്കണം. അതിൽ കൂടുതൽ പാടില്ല. അതിനൊരു പ്രധാന കാരണം കൂടിയുണ്ട്. എന്റെ അച്ഛനും അമ്മയും എല്ലാ ദശാബ്ദത്തിലും എനിക്കൊപ്പം ചെറുപ്പക്കാരായിത്തന്നെയുണ്ടാകും, അതൊരു നല്ല കാര്യമായിരിക്കും അല്ലേ?”