

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2025 ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ ഭീകരർ (സാത്താന്മാർ) കൊലപ്പെടുത്തിയ ഇന്ത്യക്കാരായ ഇരുപത്തിയാറ് മനുഷ്യരുടെ ചോരയ്ക്ക് പകരമായിട്ടാണ് മെയ് 5ന് പുലർച്ചെ ആരംഭിച്ച ‘സിന്ദൂർ’ തിരിച്ചടി. ഇത് ഇന്ത്യ നിർത്തിയത് (താത്കാലികമായെന്നാണ് ഔദ്യോഗിക ഭാഷ്യം) പാകിസ്താനുമായുണ്ടാക്കിയ ‘വെടിനിർത്തൽ’ കരാറിന്റെ ഭാഗമായി മെയ് 10 ശനിയാഴ്ചയാണ്. വെടിനിർത്തൽ ആദ്യമായി പ്രഖ്യാപിച്ചത് നമ്മുടെ പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ്. അമേരിക്കയിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഇരുരാജ്യങ്ങളിലെയും (ഇന്ത്യ – പാകിസ്താൻ) നേതാക്കളുമായി സംസാരിച്ചതുകൊണ്ടാണ് (close touch) ഇപ്രകാരം ഒരു കരാറിലെത്താൻ സഹായകമായതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥന്മാർ അവകാശപ്പെടുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു സർവ്വകക്ഷിയോഗം വിളിച്ചുകൂട്ടി ഒരു സ്പെഷ്യൽ പാർലിമെന്റ് സെക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, മറ്റ് പ്രതിപക്ഷ കക്ഷികളും. വെടിനിർത്തൽ കരാറിലൂടെ പൂർവ്വസ്ഥിതി കൈവശം വന്നെങ്കിലും കരാറുണ്ടാക്കുന്നതിൽ അമേരിക്കൻ പങ്ക്, യുദ്ധ ദിവസങ്ങളുടെ കണക്കെടുപ്പ് എന്നിവ ജനസഭാ പാർലിമെന്റിൽ ചർച്ച ചെയ്ത് വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. (ഹിന്ദു എഡിറ്റോറിയൽ: Fire and Cease Fire: On Operation Sindoor and the understanding, 12/5/2025)


“നിങ്ങളെ, മോദിയടക്കമുള്ള ഇന്ത്യക്കാരെ ചരിത്രപരവും സാഹസികവുമായ ഈ തീരുമാനത്തിൽ എത്തിക്കാൻ അമേരിക്കക്കാർക്ക് സഹായിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു” എന്നാണ് ട്രമ്പ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ഞായറാഴ്ച (11/05/25: ഹിന്ദു: 12/05/25) പ്രസ്താവിച്ചത്. ജോർജ് ഓർവെലിന്റെ ‘1984’ലെ ‘Ministry of Truth’ ഓർമ്മയിലെത്തിച്ചു ട്രമ്പിന്റെ ട്രൂത്ത് സോഷ്യൽ. അന്തർദേശീയ കച്ചവടക്കാരനും ബ്രോക്കറുമായ ട്രമ്പിന്റെ പ്രസ്താവനയിൽ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് പാർലിമെന്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലോ (ഇന്ത്യയ്ക്ക് ട്രൂത്ത് ഭാരത് എന്ന പ്ലാറ്റ്ഫോമുണ്ടോ? അറിയില്ല.) തെളിവുകൾ സഹിതം നൽകേണ്ടത് നമ്മുടെ ജനാധിപത്യ സർക്കാറിന്റെ കടമയാണ്. ഇന്ത്യയടക്കം പാകിസ്താന്റെയും വെടിനിർത്തലിന് മൂന്നാം കക്ഷിയായി എന്തിന് അമേരിക്ക വരണം? ഇത് ഇന്ത്യയിലെ പൗരന്മാർ അറിയേണ്ട അടിസ്ഥാനപരമായ കാര്യമാണ്. പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളുടെ ചോരകുടിക്കാൻ ആട്ടിൻ തോലണിഞ്ഞ് എത്തുന്ന ചെന്നായയുടെ പ്രതിരൂപമുള്ള അമേരിക്ക.
അത് വ്യക്തമാക്കാനുള്ള ജനാധിപത്യം മോദി സർക്കാറിനുണ്ടോയെന്നത് കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇല്ലെന്ന് നമുക്ക് കാണാനാവും. ‘മൻ കി ബാത്തിൽ’ രാജ്യസ്നേഹത്തിന്റെ വായ്ത്താരിയുണർത്തി പ്രധാനമന്ത്രി ഈ പ്രശ്നത്തിൽ നിന്നും മാറിനിൽക്കാനാണ് സാധ്യത. പാർലിമെന്റ് ഒരു സ്പെഷ്യൽ സെക്ഷൻ വിളിച്ചുകൂട്ടുമോ? ചോദ്യം ചെയ്യുന്നവരെയും, വിമർശിക്കുന്നവരെയും രാജ്യദ്രോഹികളാക്കി ചാപ്പയടിക്കുന്ന ഒരു ജിങ്കോയിസ്റ്റ് (തീവ്രദേശ സ്നേഹമുള്ള) രീതിയാണ് പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പുലർത്തിപോരുന്നത്. സോഷ്യൽ മീഡിയയിലും തെരുവുകളിലും ഈ ജിങ്കോയിസത്തെ വാഴ്ത്തിപ്പാടാനും, അല്ലാത്തവരെയെല്ലാം രാജ്യദ്രോഹികളാക്കാനും ആർ.എസ്.എസിനും, ബി.ജെ.പിക്കും എളുപ്പം സാധിക്കും. അങ്ങനെ നോക്കിയാൽ സംഘപരിവാറിന് വോട്ട് ചെയ്യാത്ത ഏകദേശം 68 – 70 ശതമാനം ഇന്ത്യക്കാരും ‘രാജ്യദ്രോഹികളാണ്’. രബീന്ദ്രനാഥ ടാഗോറോ മഹാത്മാ ഗാന്ധിയോ ജയപ്രകാശ് നാരായണനോ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരായിരുന്നേനെ ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും ഭീകരരായ രാജ്യദ്രോഹികൾ. ജയപ്രകാശ് നാരായണനെന്ന ‘രാജ്യദ്രോഹി’ നിരന്തരമായി ഇന്ദിരാഗാന്ധി സർക്കാരിനെ ചോദ്യം ചെയ്തു, വിമർശിച്ചു. കോടിക്കണക്കിന് മനുഷ്യരെ സർക്കാരിനെതിരായി അണിനിരത്തി. ഇന്ത്യ കണ്ട ഏറ്റവും കടുത്ത സ്വേച്ഛാധിപതികളിൽ ഒരാളായ ഇന്ദിരാഗാന്ധിയെ താഴെയിറക്കുന്നതിൽ യുവാവായിരുന്ന താനുമുണ്ടായിരുന്നുവെന്നാണ് നരേന്ദ്രമോദി അവകാശപ്പെടുന്നത്. അത് ശരിയാണെങ്കിൽ, അദ്ദേഹം പാർലിമെന്റിൽ വസ്തുതകൾ നിരത്തി ട്രമ്പിനെ ഈ കരാർ കച്ചവടത്തിൽ നിന്ന് ഒഴിവാക്കുമെന്നുറപ്പിക്കാം.


എന്നാൽ കാര്യങ്ങൾ ആ വഴി നീങ്ങാൻ സാധ്യത കുറവാണ്. കഴിഞ്ഞയാഴ്ചയിലെ ജിങ്കോയിസ്റ്റ് അന്തരീക്ഷം നിലനിർത്താനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുക. ഇതേ ജിങ്കോയിസ്റ്റ് മനോഭാവമാണ് 2024ൽ പോലും ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവതിനെ കൊണ്ട് ഇന്ത്യയ്ക്ക് പരമാധികാരം ലഭിച്ചത് പ്രധാനമന്ത്രി അയോദ്ധ്യയിൽ (വിവാദ ഭൂമിയായ ബാബരി പള്ളി തകർത്ത സ്ഥലത്ത്, സുപ്രീം കോടതിയുടെ വിധിയനുസരിച്ച് പണിത) പ്രാണപ്രതിഷ്ഠ നടത്തിയതോടെയാണെന്ന് പറയിപ്പിക്കുന്നത്. അപ്പോൾ ലക്ഷകണക്കിന് ഇന്ത്യക്കാർ 1857 മുതൽ നടത്തിയ സ്വാതന്ത്ര്യ സമരം നിഷ്ഫലമാണെന്നോ? 1908 മുതൽ 1922 വരെ കടുത്ത ദേശസ്നേഹിയും മാറാത്തയിലെ പ്രമുഖ സാഹിത്യകാരനുമായിരുന്ന സവർക്കറിന്റെ അക്കാലത്തെ സ്വാതന്ത്ര്യസമര പ്രവർത്തനത്തെ പോലും റദ്ദാക്കുകയാണോ മോഹൻ ഭാഗവത്? ശരിയാണ്, 1922 ന് ശേഷം ആൻഡമാൻ തടവറയിൽ നിന്നും പുറത്തുവന്ന സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി കൊടുത്തു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന്റെ ചുവടുപിടിച്ച് (മറിച്ചോ), മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് അടിപ്പെട്ടുകൊണ്ട് ജീവിക്കണം എന്ന് പറഞ്ഞ് അഖണ്ഡഭാരത യുക്തി പ്രയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിനനുകൂലമായി നിലകൊണ്ടതും സവർക്കർ തന്നെയാണ്. ഇതെല്ലാം ചരിത്ര വസ്തുതകളായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ശ്യാമപ്രസാദ് മുഖർജി ചെറിയ രീതിയിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, മറ്റൊരു ഹിന്ദുത്വക്കാരനും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല.
സ്വാതന്ത്ര്യ സമരത്തിൽ ജീവത്യാഗം ചെയ്യാൻ പോലും തയ്യാറായ സർദാർ പട്ടേലിനെ നെഹ്റുവിന് വേണ്ടി ചരിത്ര ബോധം ഇല്ലാതെ കോൺഗ്രസ് കയ്യൊഴിഞ്ഞതാണ് അദ്ദേഹത്തെ ഹിന്ദുത്വയുടെ വക്താവായി നർമ്മദ സരോവറിൽ പ്രതിഷ്ഠിക്കാനിടയാക്കിയത്. ഞാനിത്രയും സൂചിപ്പിക്കാൻ കാരണം, ഇന്ത്യയിലെ ഒരു രാഷ്ട്രീയ സ്വയം സേവകനും മറ്റൊരു ഇന്ത്യക്കാരനെ ‘രാജ്യദ്രോഹിയെന്ന്’ മുദ്രകുത്താൻ ധാർമ്മികാധികാരമില്ല. വിശ്വപ്രസിദ്ധ സാഹിത്യകാരനായ (ജ്ഞാനപീഠം പുരസ്കർത്താവ്) യു.ആർ അനന്തമൂർത്തിയോട്, അദ്ദേഹത്തിന്റെ മരണത്തിന്റെ മുൻപുള്ള ദിവസങ്ങളിൽ ഹിന്ദുത്വയെ വിമർശിച്ചതിന്റെ പേരിലാണ് പാകിസ്താനിലേക്ക് പോകാൻ പാസ്പോർട്ട് എടുത്തുകൊടുക്കുമെന്ന് ആർ.എസ്.എസുകാർ പറഞ്ഞത്.


പഹൽഗാമിലെ നിഷ്കളങ്കരുടെ ചോരവീഴ്ത്തിയ ചെകുത്താന്മാരുടെ ക്രൂരതയെ എതിർക്കുമ്പോഴും അതിൽ തിരിച്ചടി നൽകുന്ന ഇന്ത്യൻ രാഷ്ട്രതന്ത്രത്തെ ഒരു പൗരനെന്ന നിലയിൽ അംഗീകരിക്കുമ്പോഴും അതിനപ്പുറം ഗാന്ധിയെയും ബുദ്ധനെയും നിരന്തരം വായിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെന്ന നിലയിൽ ശാന്തി, ശാന്തി, ശാന്തി എന്ന് മന്ത്രിക്കാനുള്ള ഒരു സ്പെയ്സ്, ഒരിടം, സ്വാതന്ത്ര്യം എനിക്കുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ വളർന്നത്, പഠിച്ചത്,
“ഭാരതമെന്ന പേർ കെട്ടാലഭിമാന-
പൂരിതമാകണമന്തരംഗം,
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞെരമ്പുകളിൽ ” എന്ന് കേട്ടാണ്.
പിന്നീട് ഗാന്ധിയും, ടാഗോറും, ബുദ്ധനും വായിച്ചപ്പോഴാണ് അറിഞ്ഞത്, ഭാരതത്തിൽ ഒതുങ്ങിനിൽക്കുന്നില്ല നാമോരുരുത്തരും! പ്രപഞ്ചത്തിലെ ചേതനവും അചേതനവുമായ എല്ലാമായി യാതൊരു ഭേദങ്ങളുമില്ലാതെ അലിഞ്ഞുചേരാൻ കഴിയണം, യത്നിക്കണം.
അത് ‘ഭോലോ ഭാരത് മാതാ’യെന്ന ഹിംസാത്മക വിളിയിൽ ഒതുങ്ങുന്നതല്ല. അവരോട് നമുക്ക് കലഹിക്കേണ്ടതില്ല. ഈ ഭൂമിയിലെ ഇടത്തെ പറ്റി ആർക്കും സംശയം വേണ്ട. ഇന്ന് അവരിൽ ബഹുഭൂരിഭാഗവും വിശ്വസിക്കുന്നത് അവരല്ലാത്തവരെയെല്ലാം തിരസ്കരിക്കണം എന്നാണ്. ഇത് ധാർമ്മികമല്ല. അത്തരക്കാരുടെ ഗുരുനാഥനായ ഗോൾവാൾക്കർ അദ്ദേഹത്തിന്റെ ‘വിചാരധാര’യിൽ പറയുന്നുണ്ട് : ഒരു രാഷ്ട്രീയ സ്വയം സേവകനെ വാർത്തെടുക്കേണ്ടത്, ഒരു മയിലിന് കറുപ്പ് നൽകുന്ന പോലെയാണ്. കറുപ്പ് നിത്യവും ഭക്ഷിക്കുന്ന മയിൽ, അതിന്റെ വളർത്തച്ഛനിൽ നിന്ന് വിട്ട് പോകുന്നില്ല. (ഓർമ്മയിൽ നിന്ന് എടുത്തെഴുതിയത്, ആശയം ശരിയാണ്, വസ്തുതയിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക). ഈ മൂശയിൽ വാർത്തെടുക്കപ്പെടുന്ന ഒരു സ്വയം സേവകന്റെ മസ്തിഷ്കത്തെയും ഹൃദയത്തെയും മറ്റൊരു തലത്തിലേക്കെത്തിക്കാൻ ബുദ്ധിമുട്ടല്ലേ? പ്രധാനമന്ത്രിയായ മോദിയ്ക്കു പോലും, മുസ്ലീം സഹോദരന്റെ സ്കൾ കാപ്പ് തലപ്പാവിന് പകരം വെക്കാൻ കഴിയില്ല. മുസൽമാനെപറ്റിയുള്ള അദ്ദേഹത്തിന്റെ തെരെഞ്ഞടുപ്പ് കാലത്തെ പാരാമർശങ്ങളിൽ അത്ഭുതം തോന്നാറില്ല.
മുസ്ലീം സംസ്കാരത്തിൽ നിന്നും ചിഹ്നങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും സ്മാരകങ്ങളിൽ നിന്നും ഇന്ത്യയെ വിമോചിപ്പിക്കണമെന്ന് ആർ.എസ്.എസിന്റെ തലച്ചോറ് നിരന്തരം ആവശ്യപ്പെടുന്നു. അവർ പല രീതികളിലൂടെ അതിനായി പ്രവർത്തിക്കുന്നു. ക്രിസ്ത്യാനിയെക്കുറിച്ചും, വിമർശകരെക്കുറിച്ചും ആ തലച്ചോറിന്റെ നിലപാട് അതാണ്. ആ തലച്ചോറിൽ ഗാന്ധിയെ ഉൾക്കൊള്ളാനാവില്ല. ഇന്ത്യയിൽ പ്രധാനമന്ത്രിയടക്കമുള്ള ഏതെങ്കിലും ആർ.എസ്.എസുകാരൻ ഗാന്ധിയെ സത്യസന്ധതയോടെ സമഗ്രമായി ഉൾക്കൊളളുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല (എന്റെ വിശ്വാസം തെറ്റാകണേ എന്ന് പ്രാർത്ഥിക്കുമ്പോഴും). “നിങ്ങൾക്കെന്റെ മുഖത്ത് തുപ്പാം, എന്നെ കൊല്ലാം; പക്ഷേ ഞാനെന്റെ അവസാന നിമിഷം വരെയും പറഞ്ഞുകൊണ്ടിരിക്കും: രാമ-റഹിം, കൃഷ്ണ- കരീം.” ഇത് പറഞ്ഞ ഗാന്ധിയെ എങ്ങനെ ആർ.എസ്.എസിന് ഉൾക്കൊള്ളാനാവും?


രാഷ്ട്രീയ സ്വയം സേവക സുഹൃത്തുക്കളോട് പറയാനുള്ളത്, ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും, ശിഖനും, ബുദ്ധിസ്റ്റും, ജൈനനും, ഈ മണ്ണിൽ പിറന്നവരാണ്. ഹിന്ദിയും മലയാളവും തമിഴും ഒഡിയയും കന്നഡയും ഉറുദുവും കശ്മീരിയും ഈ മണ്ണിന്റേതാണ്. രാജ്യസ്നേഹം ആരുടെയും കുത്തകയല്ല. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹത്തെ പ്രതിഷ്ഠിക്കുന്ന ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്’ (സ്വയം ഭരണം) വായിച്ച് നോക്കാനെങ്കിലും മനസ്സുണ്ടാവുക. യുദ്ധകാലത്ത് യുദ്ധത്തിന്റെ വികാരം ആർജിക്കുന്നതിനിടയിൽ ശാന്തി മന്ത്രം ഉരുവിടുന്നവരുണ്ടെങ്കിൽ, അതും കേൾക്കുക. യുദ്ധം കൂടുതൽ യൂദ്ധത്തിലേക്കെ ചരിത്രത്തെ, ലോകത്തെ കൊണ്ടുപോയിട്ടുള്ളൂ. ഭൂമിയിലെ 99.99 ശതമാനം മനുഷ്യരും ആഗ്രഹിക്കുന്നത് ശാന്തിയാണ്. ഒപ്പം സ്വാതന്ത്ര്യവും.
” സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം”
– ഉദ്‌ബോധനം (കുമാരനാശാൻ)
ഇലക്ഷൻ കാലത്ത് അല്ലെങ്കിൽ തെരെഞ്ഞെടുപ്പ് അടുക്കാറുകുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും എറിഞ്ഞ് കൊടുത്ത് അവരെ പ്രീണിപ്പിച്ച് വോട്ട് നേടി അധികാരത്തിലെത്തുന്ന രാഷ്ട്രതന്ത്രം ജനകീയ വികസനത്തിന്റേതല്ല. കേന്ദ്രത്തിലായാലും കേരളത്തിലായാലും ഭരണക്കാർക്കും അവരുടെ സിൽബന്തികൾക്കും ആരെയും തടവിലാക്കാം. കേന്ദ്രമാണെങ്കിൽ എത്ര തരം ഏജൻസികളാണ്, ഒരു വ്യക്തിയെ പൂട്ടിയിടാൻ. കമ്പ്യൂട്ടർ ഹാക്ക് ചെയ്ത്, മാവോയിസ്റ്റാക്കാം. ഹൈ സെക്യൂരിറ്റി തടവറയിൽ എന്നെന്നേക്കുമായി ഇടാം. കോടതി പോലും അതിന് പലപ്പോഴും മൗനാനുവാദം നൽകും. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ വിഭവങ്ങൾ അധീനപ്പെടുത്താനുള്ള ജനകീയ പാതകൾ രാജ്യത്തെവിടെയുമുണ്ട്. ആദിവാസിക്കോ ദലിതനോ ഒരു ചെറുവിരലനക്കാൻ സാധിക്കില്ല. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നാം കടന്നുപോവുന്നത്. കറുപ്പ് തിന്നുന്ന സ്വയം സേവകനോ ബി.ജെ.പിക്കാരനോ തത്കാലം ഇതറിയണമെന്നില്ല. അറിയുമ്പോഴേക്കും ഇന്ത്യയുടെ ശരീരവും ഹൃദയവും ദ്രവിച്ചെന്നിരിക്കും. പക്ഷേ, ഉറപ്പിക്കാം, ഇന്ത്യ ഈയവസ്ഥ തരണം ചെയ്യും. അതാണ് ദരിദ്രനാരായണന്റെ ഇന്ത്യ. ഗാന്ധിയുടേയും അംബേദ്കറുടെയും ബുദ്ധന്റെയും ഇന്ത്യ. പാരതന്ത്ര്യം മരണമാണെന്നറിയുന്നവന്റെ ഇന്ത്യ.


പിൻകുറിപ്പ്:
വെടിനിർത്തൽ കരാറിന്റെ സമയത്ത് തന്നെയാകാം തൃശൂരിൽ ഒരു സംഭവമുണ്ടായി. ഞാൻ അറിയുന്ന പത്ത് സുഹൃത്തുക്കൾ കേരള സാഹിത്യ അക്കാദമി കേന്ദ്രീകരിച്ച്, വൈകീട്ട് അഞ്ച് മണിയോടെ യുദ്ധവിരുദ്ധ ജനകീയ സമാധാന റാലി കോർപ്പറേഷൻ പരിസരത്തേക്ക് നടത്താൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ വൈകീട്ട് നാലേമുക്കാലിന് തന്നെ എ.സി.പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അക്കാദമിയിലെത്തി. പത്ത് പേരെയും പ്രിവന്റീവ് കസ്റ്റഡിയിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്റർ ഉയർത്തിയ മറ്റൊരു പ്രവർത്തകനെയും കസ്റ്റഡിയിലെടുത്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും മാന്യമായാണ് പെരുമാറിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കസ്റ്റഡിയിലെടുത്തതിന് എ.സി.പി പറഞ്ഞ കാരണം, സമാധാന റാലിയിലെത്തിയവരെ പൊലീസ് സംരക്ഷിക്കുകയായിരുന്നു എന്നാണ്. പാലസ് റോഡിലുള്ള ഒരു കച്ചവട സ്ഥാപനത്തിന്റെ മുകളിൽ മാരകായുധങ്ങളുമായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ബി.ജെ.പി – ആർ.എസ്.എസുകാരിൽ നിന്ന്. തെരുവിൽ സമാധാന റാലിയെത്തിയാൽ റാലിയിലെ പങ്കാളികളെ നേരിടാൻ ബി.ജെ.പി- ആർ.എസ്.എസുകാർ എത്തും; അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. അതൊഴിവാക്കാനാണ് അറസ്റ്റ് എന്നുമായിരുന്നു പൊലീസ് ഭാഷ്യം. ആർ.എസ്.എസ് – ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ പ്രതികരണമുണ്ടായിട്ടില്ല.
യുദ്ധകാലത്തും ഒരു സമധാന റാലി നടത്താൻ പൗരർക്ക് അവകാശമില്ലേ? സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവർ പാകിസ്താന്റെ ടെററിസത്തെ ഒരു കാരണവശാലും അംഗീകരിക്കുന്നവരല്ല. യുദ്ധമല്ല ടെററിസത്തിന് മറുപടിയെന്ന് മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം 2008 അവസാന മാസത്തിൽ അന്നത്തെ ബംഗാൾ ഗവർണ്ണരായിരുന്ന ഗാന്ധിയുടെ പൗത്രൻ ഗോപാലകൃഷ്ണ ഗാന്ധിയോട് പറയുന്നുണ്ട്. ഡോ. കലാം: ” Terror may not stop with war” (പുറം: 534: ഗോപാലകൃഷ്ണ ഗാന്ധി: The Undying Light). ആരാണ് ശരി, ഡോ. കലാമോ, കേന്ദ്ര ഭരണമോ? തൃശൂരിലെ ഇടതുപക്ഷ പൊലീസോ? സമാധാന റാലിക്കാരോ?