കുട്ടികൾ നട്ടുവളർത്തിയ നാട്ടുമരം

കർണ്ണാടകയ്ക്കും ആന്ധ്രയ്ക്കും ഇടയ്ക്കുള്ള മൊളക്കാൽമുരു എന്ന ഗ്രാമത്തിലെ ഗവൺമെന്റ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങൾ പറയുന്ന പ്രൊഫ. ശോഭീന്ദ്രന്റെ പുസ്തകമാണ് ‘മൊളക്കാൽമുരുവിലെ രാപകലുകൾ’. ഡെക്കാൺ പീഠഭൂമിയുടെ ഭാ​ഗമായ ആ ഉഷ്ണമേഖലാ പ്രദേശത്തെ ജീവിതത്തിൽ നിന്നും പകർന്നുകിട്ടിയ അനുഭവങ്ങളാണ് പച്ചമനുഷ്യനായിത്തീരാനുള്ള പ്രചോദനമായി മാറിയതെന്ന് ശോഭീന്ദ്രൻ മാഷ് പറയാറുണ്ട്. കുട്ടികളാൽ രൂപപ്പെട്ട ഒരധ്യാപകനായി, ഒരു നാട്ടുമനുഷ്യനായി മാറുന്നതിന്റെ തുടക്കം എന്തായിരുന്നു എന്ന് മാഷ് പറയുന്ന അധ്യായമാണ് ‘കുട്ടികൾ നട്ടുവളർത്തിയ നാട്ടുമരം’. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘മൊളക്കാൽമുരുവിലെ രാപകലുകൾ’ എന്ന പുസ്തകത്തിലെ ആ ഭാ​ഗം അന്തരിച്ച ശോഭീന്ദ്രൻ മാഷിനെ അനുസ്മരിച്ചുകൊണ്ട് പുനഃപ്രസിദ്ധീകരിക്കുന്നു.

എന്നെ രൂപപ്പെടുത്തിയ ഒരു പാഠപുസ്തകമായിരുന്നു മൊളക്കാൽമുരു. നാടും നാട്ടുകാരും കുട്ടികളും എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും അവരിലൊരാളായി കാണുകയും ചെയ്തു. ബാംഗ്ലൂർ കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് കോട്ടും ടൈയുമൊക്കെയായിരുന്നു അവിടത്തെ അന്തരീക്ഷം ആവശ്യപ്പെട്ടത്. മൊളക്കാൽ മുരുവിലെത്തിയപ്പോൾ ആദ്യം ഞാൻ ഒഴിവാക്കിയത് കഴുത്തിൽ കെട്ടാനായി വാങ്ങിവച്ച ടൈകൾ ആയിരുന്നു. കോട്ടും അവിടെ ആവശ്യമുണ്ടായിരുന്നില്ല. പച്ചയായ മനുഷ്യരും അത്രയേറെ നിഷ്കളങ്കരായ കുട്ടികളും അന്നാട്ടിലെത്തിയ ആദ്യനാൾ തൊട്ട് എന്റെ അറിവിനെയും ഉറച്ചുപോയ ബോധ്യങ്ങളെയും തിരുത്തി. കോളേജ് അധ്യാപകൻ എന്ന ഭാവത്തിൽനിന്ന് മനുഷ്യൻ എന്ന പരമമായ സത്യത്തിലേക്ക് അതെന്നെ നയിച്ചു.

മൊളക്കാൽമുരു റെയിൽവെ സ്റ്റേഷൻ

എനിക്ക് കുട്ടികളോട് സംസാരിക്കാൻ അവരുടെ ഭാഷ അറിയില്ലായിരുന്നു. ഞാൻ ഇംഗ്ലീഷിൽ അവരോട് സംസാരിച്ചു. പാഠ പുസ്തകത്തെ മാറ്റിവച്ച് ജീവിതത്തെക്കുറിച്ചാണ‌് ഞാൻ അവരോട് സംസാരിച്ചു തുടങ്ങിയത്. ജനനത്തിനും മരണത്തിനും ഇടയിലെ ജീവിതകഥയുടെ പുസ്തകം ഞാൻ അവരുടെ മുന്നിൽ തുറന്നുവച്ചു. അതിൽ ഞാൻ ആദ്യം പറഞ്ഞത് എന്റെ ജീവിതകഥ തന്നെയായിരുന്നു. ഞാൻ ജനിച്ച നാട്. അവിടത്തെ ഭൂപ്രകൃതി. മനുഷ്യർ… അവിടെനിന്ന് ദേശത്തിന്റെയും ഭാഷയുടെയും ജാതിമതങ്ങളുടെയും എല്ലാ അതിരുകളെയും ഇല്ലാതാക്കുന്ന ഭൂമി, സൗരയൂഥവും അനന്തകോടി നക്ഷത്രങ്ങളും ഉൾക്കൊള്ളുന്ന ആകാശം, പ്രപഞ്ചത്തിന്റെ പരമവിശാലതയിൽനിന്ന് പിന്നെ ഞാൻ താഴെയിറങ്ങി വന്നു. കർണാടകയിലെ മൊളക്കാൽമുരു എന്ന ഈ ഗ്രാമത്തിലേക്ക്. അവിടെ ഒരു കോളേജ്. ഈ ക്ലാസ് മുറി. രണ്ടു പാദങ്ങൾ മാത്രം ചവിട്ടിനിൽക്കുന്ന രണ്ടടി മണ്ണിലേക്ക് ഒരു ജീവിതകഥ ഞാൻ ചുരുക്കിപ്പറഞ്ഞു. എന്നിട്ട് ഞാൻ അവരോട് ചോദിച്ചു: “നിങ്ങളിപ്പോൾ എവിടെയാണ്?”

കുട്ടികൾ ഭൂമിയും ആകാശവും മറ്റു ഗ്രഹങ്ങളും ചുറ്റിസഞ്ചരിച്ച് ചവിട്ടിനിൽക്കുന്ന രണ്ടടി മണ്ണിലേക്ക് നോക്കുന്നു. അതോടൊപ്പം കടന്നുവന്ന വഴിത്താരകളെക്കുറിച്ച് ഓർക്കുന്നു. ഞാൻ ചോദിച്ചു: “പലവഴികളിലൂടെ സഞ്ചരിച്ച് ഇപ്പോൾ നിങ്ങളും ഇവിടെ എത്തിനിൽക്കുന്നു. അല്ലേ?”
പലരും പറഞ്ഞു: “ഹവുദു സാർ, ഹവുദു.”
ഞാൻ എല്ലാവരോടുമായി പറഞ്ഞു: “കണ്ണടച്ചു നിളെല്ലാവരും മനുഷ്യവംശം കടന്നുവന്ന വിദൂരമായ ഇന്നലെകളിലേക്ക് നോക്കൂ.”
കുട്ടികൾ അവർക്കാവുന്ന ദൂരത്തിൽ മനസ്സുകൊണ്ട് സഞ്ചരിച്ചു. വീടില്ലാത്ത, നാടില്ലാത്ത ഒരു കാലഘട്ടം പലരും മനസ്സിൽ കണ്ടു.
കണ്ണു തുറക്കാൻ പറഞ്ഞപ്പോൾ. കുട്ടികൾ കൺതുറന്നു. ഒരു കുട്ടിയോട് കണ്ടത് പറയാൻ പറഞ്ഞു.
അവൻ പറഞ്ഞു: “മേഷെ, നാനു ആദിമാനവരു അലൊടി വുതന്നു കണ്ടു.” (മാഷെ, ഞാൻ കുറേ നാടോടികളെ കണ്ടു).
മറ്റൊരാൾ പറഞ്ഞു: “മേഷെ, നാനു അവരിഗളു വേട്ടയാടു വുതന്നു കണ്ടു.” (മാഷെ, ഞാൻ അവർ നായാടുന്നത് കണ്ടു). അടുത്തയാൾ പറഞ്ഞു: “മേഷെ, അവർ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അലയുകയായിരുന്നു.”
ഞാൻ എല്ലാവരെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ട് എല്ലാവരോടുമായി വീണ്ടും കണ്ണടയ്ക്കാൻ പറഞ്ഞു. അവർ ഒരു സിനിമ കാണുന്ന താത്പര്യത്തോടെ കണ്ണുകൾ അടച്ചിരുന്നു.
“നേരത്തേ കണ്ട കാഴ്ചയിൽനിന്ന് കുറച്ചുകൂടി അടുത്തേക്ക് വരൂ. നിങ്ങൾക്കവിടെ പലതും കാണാൻ കഴിയും. അതൊക്കെ ഒന്നു കണ്ടു നോക്കൂ.”

മൊളക്കാൽമുരുവിലെ ക്ഷേത്രം

കുട്ടികൾ അവരുടെ ആത്മബോധങ്ങളിലൂടെ സഞ്ചരിച്ചു. അതിനിടയിൽ ഞാൻ അവർക്കു കാണാവുന്ന കാഴ്ചയുടെ സമൃദ്ധികളെപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണുതുറക്കാൻ പറഞ്ഞു. അവർ പ്രസന്നമായ മുഖത്തോടെ കണ്ണുകൾ തുറന്നു. സന്തോഷത്തിന്റെ ഒരു വലയത്തിനുള്ളിലിരുന്ന് അവർ കണ്ടതിനെപ്പറ്റി പറയാൻ ഒരുങ്ങിനിന്നു.
ഞാൻ ചോദിച്ചു: “നിങ്ങൾക്ക് എന്തൊക്കെ കാണാൻ കഴിഞ്ഞു?”
ഒരു പെൺകുട്ടി വേഗത്തിൽ എഴുന്നേറ്റുനിന്നു.
“മേഷെ, ഞാനൊരു നദി ഒഴുകി വരുന്നതു കണ്ടു. അതിന്റെ തീരത്ത് വിശാലമായ വയലേലകളും കണ്ടു.”
മറ്റൊരു കുട്ടി പറഞ്ഞു: “മേഷെ ഞാനൊരു കുടിലു കണ്ടു. അവിടെ കുറേപ്പേർ താമസിക്കുന്നുണ്ടായിരുന്നു.”
“ആളുകൾ പലതരം പണിയിലേർപ്പെടുന്നത് കണ്ടു.”
“ഒരു ഗോത്രത്തലവനെ കണ്ടു. ചക്രങ്ങൾ കണ്ടു.” അങ്ങനെ ഓരോരുത്തരായി പലതും പറഞ്ഞു. അവരെയെല്ലാം ഞാൻ ഒന്നുകൂടി അഭിനന്ദിച്ചു. ഞാൻ പറഞ്ഞു: “ഇനി നമ്മുടെ ജീവിതത്തിലേക്കു വരാം. നമുക്കു ജീവിക്കാൻ എന്തൊക്കെ വേണം?”
അവരുടെ ഉത്തരങ്ങൾ അവർ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ കണ്ടെത്തുന്നു.
“മനേ ബേക്കു”(വീടു വേണം സാർ
“ആഹാര മത്തു ബട്ടെ”(ഭക്ഷണം വേണം. വസ്ത്രം) “ജോലി. കൂലി, ശമ്പളം, വാഹനങ്ങൾ, പദവികൾ” ആവശ്യങ്ങളുടെ പട്ടിക നീണ്ടു.
കല്യാണം, കുട്ടികൾ എന്ന് ചിലർ. അതോടെ ക്ലാസാകെ പൊട്ടിച്ചിരിയായി മാറുന്നു.
ഞാൻ ബോർഡിൽ ഇവർ പറഞ്ഞ ആവശ്യങ്ങളുടെ പട്ടികയുടെ ഒരു ഗ്രാഫ് വരച്ചുവച്ചു. എന്നിട്ട് ഞാൻ ചോദിച്ചു.
“നിങ്ങളുടെ സങ്കല്പത്തിനനുസരിച്ച ഒരു വീട്ടിലാണോ നിങ്ങൾ താമസിക്കുന്നത്?”
പലരുടെയും മുഖം ഇരുണ്ടു.
“അല്ല സാർ, നന്ന മനെ തുമ്പ ചിക്കതു.”(അല്ല സാർ. എന്റേത് ഒരു ചെറിയ വീടാണ്.)
“നൻതു അഷേ” (എന്റേയും എന്റേയും…)
ഒരു കുട്ടി പറഞ്ഞു: “ഞാൻ ഒരു നല്ല വീടിനെക്കുറിച്ച് സ്വപ്നം കാണാറുണ്ട് മേഷെ. പക്ഷേ, നടക്കില്ല.”
ഞാൻ പറഞ്ഞു: “നല്ല സൗകര്യമുള്ള വീടും ഒരു സൗകര്യവുമില്ലാത്ത വീടുകളും ഉണ്ട്. നല്ല ഒരു വീടുണ്ടാക്കാൻ എന്താണു
വേണ്ടത്?”
“ഹണ ബേക്കു.” (പണം വേണം) എല്ലാവരും പറഞ്ഞു. “പണമില്ലാത്തതുകൊണ്ടാണ് പലരുടെയും വീടുകൾ സൗകര്യമില്ലാത്തതായി മാറുന്നത്. കുടിലുകളും ചായ്പ്പുകളും ചേരികളും ഉണ്ടാവുന്നത് അതുകൊണ്ടാണ്. താമസിക്കാൻ ഒരു വീടില്ലാത്ത കോടാനുകോടികളുണ്ടാവുന്നതും അതുകൊണ്ടാണ്. പണമില്ലാത്തതുകൊണ്ടാണ് ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രങ്ങൾ വാങ്ങി ധരിക്കാനോ കഴിയാത്തത്. പണം ഒരു വ്യക്തിയുടെ ആവശ്യം മാത്രമല്ല. എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങളുടെ പിൻബലമാണത്.

മൊളക്കാൽമുരുവിലെ കുന്നുകൾ

ഞാൻ ബോർഡിലെഴുതി:
Everyone needs money. It is a common factor. Some get it in plenty; some others get it very scarcely. These are the two extremes.
“ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യർ ജീവിക്കുകയും ജീവിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്ന ലോകത്ത് പണം പ്രധാനമായിത്തീരുന്നു. അത് സമൃദ്ധിയേയും ദാരിദ്ര്യത്തെയും സൃഷ്ടിക്കുന്നു. മനുഷ്യർക്കിടയിൽ അസമത്വത്തെ വളർത്തിയെടുക്കുന്നു.” ഞാൻ ഓരോരുത്തരുടെയും വീട്ടിലേക്ക് പണം വരുന്ന വഴികളെക്കുറിച്ച് കുട്ടികളോട് ആലോചിക്കാൻ പറഞ്ഞു.
കുട്ടികൾ അവരുടെ അപ്പനും അമ്മയും വയലിലേക്കു പോവുന്നത് കാണുന്നു. തുണി നെയ്യുന്നത്, വിറകു കീറുന്നത്, പലതരം കൂലിപ്പണികളിലേർപ്പെടുന്നത്. കുടുംബത്തിലെ എല്ലാവർക്കും വേണ്ടത് ഉണ്ടാക്കാൻ പാടുപെടുന്ന ഒരു ജീവിത ചുറ്റുവട്ടം അവർ സ്വന്തം മനസ്സിനൊപ്പംതന്നെ സഞ്ചരിച്ച് കണ്ടുപിടിക്കുന്നു.
ഞാൻ പറഞ്ഞു: “നമുക്കു പഠിക്കാനുള്ള ഇക്കണോമിക്സ് ഇതുതന്നെയാണ്. പണത്തിന്റെ വരവും ചെലവും ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നു. ജീവിതത്തെയും സമൂഹത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു. അതിനെക്കുറിച്ച് നമുക്ക് ഇതുപോലെ ഒന്നിച്ച് അന്വേഷിക്കാം. ജനിച്ചു മരിച്ചുപോയവരെല്ലാം പലതരം ജീവിതയാത്രകളിലൂടെയാണ് കടന്നുപോയത്. നിങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ദിശ കണ്ടെത്തുന്ന ഒരു യാത്രയിലാണ്. ഞാൻ നിങ്ങൾക്ക് ദിശകാണിച്ചു തരുന്നു. നിങ്ങൾ എനിക്കുള്ള ദിശയും കാണിച്ചുതരിക.

‘മൊളക്കാൽമുരുവിലെ രാപകലുകൾ’, കവർ

ക്ലാസ് കഴിഞ്ഞപ്പോൾ കുറച്ചു കുട്ടികൾ എന്റെ പിറകേ വന്നു. ഞാൻ അവരുടെ വാക്കുകൾക്ക് അന്നു ചെവികൊടുത്തു. അന്നു മാത്രമല്ല പിന്നീടങ്ങോട്ട് എന്നും ചെവികൊടുത്തു. ഏറെ താമസിയാതെ അവരെന്നോടൊപ്പം നടക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ കോളേജിൽനിന്ന് ഒന്നിച്ചു മടങ്ങാനും ഒന്നിച്ച് നടക്കാനും കാത്തിരുന്നു. രാവിലെ നേരത്തേ ഞാൻ താമസിക്കുന്ന സ്ഥലത്തെത്തി എന്റെ കൂടെ കോളേജിലേക്ക് നടന്നു. പിന്നെപ്പിന്നെ അവർ എന്നെ മൊളക്കാൽമുരുവിലെ പല ഇടങ്ങളിലേക്കും കൊണ്ടുപോയി. ചിരിച്ചും കൂട്ടുകൂടിയും ഉപദേശിച്ചും എനിക്കവരും ഞാനവർക്കും പരസ്പരം കൂട്ടായി മാറി. വീടോ നാടോ എന്നോടൊപ്പമില്ലാത്തതുകൊണ്ടാവാം അക്കാലങ്ങളിൽ എന്റെ സമയമത്രയും ഞാൻ അവർക്കു നൽകി. അവരെന്നെ മതിമറന്നു സ്നേഹിക്കുകയും ഞാനവരുടെ സ്നേഹവലയത്തിൽ പെട്ടുപോവുകയും ചെയ്തു. ചുരുക്കത്തിൽ കുട്ടികളാൽ രൂപപ്പെട്ട ഒരധ്യാപകനായി, ഒരു നാട്ടുമനുഷ്യനായി ഞാൻ മാറുന്നതിന്റെ തുടക്കം അതായിരുന്നു.

എഴുത്ത്: ദീപേഷ് കരിമ്പുങ്കര, കടപ്പാട്: ഡി.സി ബുക്സ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read