സമരങ്ങളും, പ്രതിഷേധങ്ങളും അവസാനിക്കാത്ത വർഷം കൂടിയായിരുന്നു കേരളത്തെ സംബന്ധിച്ച് 2022. സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു തുണ്ട് ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രതിഷേധിക്കാനിറങ്ങിയവരും, വീടും തൊഴിലും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട നിസഹായരായ മനുഷ്യരുടെ ചെറുത്തുനിൽപ്പുകളും, നീണ്ടകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലും നീതി കിട്ടാതെ പോയവരുടെ നിരന്തര സമരങ്ങളും, വിഭവങ്ങൾ കൊള്ളയടിക്കപ്പെടുന്നതിനെതിരായ അതിജീവന പോരാട്ടങ്ങളും, സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള യുവതലമുറയുടെ പ്രതിഷേധങ്ങളും 2022 ൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ വലിയ അലയൊലികൾ തീർത്തു. പ്രതിഷേധങ്ങൾ അടിച്ചമർത്താനായി സർക്കാർ ഉപയോഗിച്ച പൊലീസിംഗ് രീതികളേയും, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിക്ഷിപ്ത താത്പര്യങ്ങളെയും, ഭരണ സംവിധാനങ്ങളുടെ തുടർച്ചയായ അവഗണനകളെയും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമരങ്ങൾ നീതിയെയും ജനാധിപത്യത്തെയും സംബന്ധിച്ചുള്ള നിർണ്ണായക ചോദ്യങ്ങൾ വരും വർഷത്തേക്കും മുന്നോട്ടുവയ്ക്കുന്നു.
സിൽവർ ലൈൻ വിരുദ്ധ സമരം
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച ആശങ്കകളുമായാണ് കേരളം 2022ലേക്ക് പ്രവേശിച്ചത്. പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരം റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ സർവ്വേക്കല്ല് സ്ഥാപിക്കാൻ തുടങ്ങിയതോടെ പ്രതിഷേധം രൂപപ്പെട്ടു തുടങ്ങി. എന്നാൽ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തി ബലപ്രയോഗത്താൽ സർവ്വേക്കല്ല് സ്ഥാപിച്ചത് സിൽവർ ലൈൻ വിഷയത്തെ വലിയ ജനകീയ സമരമാക്കി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപ്പേർ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി. സിൽവർ ലൈൻ പാത കടന്നുപോകുന്ന ജില്ലകളില്ലെല്ലാം മാസങ്ങളോളം നീണ്ടുനിന്ന ശക്തമായ സമരം കാരണം സർക്കാരിന് പദ്ധതിയുടെ ഭാഗമായ നടപടികൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി കിട്ടിയാലുടൻ തുടങ്ങുമെന്നും മുഖ്യമന്ത്രിയും ഭരണപക്ഷവും ആവർത്തിച്ചതോടെ രണ്ടാംഘട്ട സമരത്തിനായുള്ള തയ്യാറെടുപ്പിലാണ് സിൽവർ ലൈൻ വിരുദ്ധ സമര സമിതി. സിൽവർലൈൻ പദ്ധതിക്കെതിരായി ആദ്യമായി സമരപന്തലുയർത്തിയ കോഴിക്കോട് ജില്ലയിലെ കാട്ടിലപീടികയിൽ ഇപ്പോഴും സമരം തുടരുകയാണ്.
വിഴിഞ്ഞം സമരം
സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് നിർണായക പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് 2015 ൽ സംസ്ഥാന സർക്കാരും അദാനി പോർട്സ് കമ്പനിയുമായി ചേർന്ന് 7700 കോടിയുടെ വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സർക്കാരുമായുള്ള കരാർ പ്രകാരം നിർമ്മാണഘട്ടത്തിലുൾപ്പടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കുമെന്നും 2019 ൽ പദ്ധതി പൂർത്തിയാക്കും എന്നുമായിരുന്നു വാഗ്ദാനം. എന്നാൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങിയതോടെ തിരുവനന്തപുരത്തെ കടൽത്തീരങ്ങളിൽ തീരശോഷണം രൂക്ഷമാവുകയും നിരവധി പേർക്ക് വീട് നഷ്‍ടമാവുകയും ചെയ്തു. 2017 മുതൽ തീരശോഷണം മൂലം വിഴിഞ്ഞം പദ്ധതിക്കെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും പരിഹാര നടപടികളൊന്നുമുണ്ടായില്ല. 2022ലാണ് ശക്തമായ പ്രത്യക്ഷ സമരത്തിലേക്ക് മത്സ്യത്തൊഴിലാളികൾ എത്തുന്നത്. 2022 ജൂൺ 5 ന് വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ശംഖുമുഖത്ത് നിരാഹാര സത്യാഗ്രഹം തുടങ്ങിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലുമുണ്ടായില്ല. ജൂലൈ 20ന് ലത്തീൻ സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ തുടങ്ങിയ സമരമാണ് 140 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളികളുടെ ശക്തമായ സമരത്തിന് തുടക്കം കുറിച്ചത്.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനയാനങ്ങളുമായി തിരുവനന്തപുരം നഗരത്തിലെത്തി നടത്തിയ സമരം വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. നവംബർ 26, 27 തിയതികളിൽ നടന്ന പൊലീസ് അടിച്ചമർത്തലും കേസുകളുമാണ് സമരം താത്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. സർക്കാരുമായി നടന്ന ചർച്ചകളിലൊന്നും തുറമുഖ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സമരം തുടരണമെന്ന തീരുമാനത്തിൽ തന്നെയാണ് വിഴിഞ്ഞത്തെ സമരനേതൃത്വം. നവംബറിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തുക, സമരപ്രവർത്തകരുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും നാഷണൽ ഫിഷർ വർക്കേഴ്സ് ഫോറവും 2023 ജനുവരി അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തും.
എൻഡോസൾഫാൻ സമരം
നീണ്ടകാല സമരങ്ങളിലൂടെ എൻഡോസൾഫാൻ എന്ന മാരക കീടനാശിനി നിരോധിക്കാൻ കഴിഞ്ഞെങ്കിലും ഇനിയും പരിഹരിക്കാത്ത എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ വീണ്ടും ജനശ്രദ്ധയിലേക്കെത്തിച്ചത് 2022 ൽ ദയാബായി നടത്തിയ നിരാഹാര സമരമാണ്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 18 ദിവസത്തോളം 82 വയസുകാരിയായ ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തിയത്.
നിരാഹാര സമരം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാരാന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകാത്തതിനെതിരെ വ്യാപകമായ വിമർശനമുയർന്നു. അതോടെയാണ് സർക്കാർ സമവായ ചർച്ചക്ക് തയ്യാറായത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ നീണ്ട 22 വർഷത്തെ കാത്തിരിപ്പിനും നിരന്തര പ്രതിഷേധങ്ങൾക്കുമൊടുവിൽ 2022 മാർച്ചിൽ 200 കോടി നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
പ്ലാച്ചിമട സമരം
20 വർഷം നീണ്ട പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും വഴി നീതി ലഭിക്കാത്തതുകൊണ്ട് പ്ലാച്ചിമട ജനത കൊക്കകോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പ്ലാച്ചിമടയിൽ സമരം ആരംഭിച്ച വർഷമാണ് 2022. 2011 ഫെബ്രുവരി 11 ന് ആണ് കേരള നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബൂണൽ ബിൽ പാസാക്കിയത്. പ്ലാച്ചിമടയിലെ ഭൂഗർഭജലം, കുടിവെള്ളം, കൃഷി, തൊഴിൽ നഷ്ടം എന്നിവ പരിഗണിച്ച് 216.24 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കകോള കമ്പനിയിൽ നിന്നും ഇടാക്കാനായിരുന്നു ബില്ല് കൊണ്ടുവന്നത്.
കേന്ദ്ര മന്ത്രാലയങ്ങളുടെ എതിർപ്പുകൾ കാരണം ബില്ല് രാഷ്ട്രപതി തിരിച്ചയയ്ക്കുകയായിരുന്നു. എന്നാൽ കേരള സർക്കാർ ബില്ല് വീണ്ടും അവതരിപ്പിക്കണമെന്നും നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കൊക്കകോള വിരുദ്ധ സമര സമിതി ആഗസ്ത് 15 മുതൽ പ്ലാച്ചിമടയിലെ സമരപന്തലിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുന്നത്. ആ സമരം ഇപ്പോഴും അവിടെ തുടരുകയാണ്.
വനിതാ ഹോസ്റ്റൽ സമരം
പെൺകുട്ടികൾക്ക് മാത്രം കർശനമാക്കിയ ഹോസ്റ്റൽ പ്രവേശന സമയത്തെ ചോദ്യം ചെയ്തുകൊണ്ട് കേരളത്തിലെ പല ക്യാമ്പസുകളിലുള്ള വിദ്യാർത്ഥിനികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2022. വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ പ്രവേശന സമയവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം സമരം നടന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലായിരുന്നു. വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം 9.30 വരെ കർശനമാക്കിയതിന് എതിരെയും, 10.30 ന് ശേഷം ഭക്ഷണം പുറത്ത് നിന്ന് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുമാണ് വിദ്യാർത്ഥിനികൾ സമരം ചെയ്തത്. അതേസമയം രാത്രി 11.30 വരെ കോളേജ് ലൈബ്രറി പ്രവർത്തിക്കുകയും 10 മണിക്ക് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നുമുള്ള നിർബന്ധത്തിനെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം നടത്തിയത്. പെൺകുട്ടികൾക്ക് മാത്രമാണ് ഇത്തരം നിയന്ത്രണം എന്ന് ചൂണ്ടക്കാണിച്ചുകൊണ്ട് നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് ആണധികാരത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കാൻ ആവില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി.
പിന്നാലെ, ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശന സമയം നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തൃശൂർ മെഡിക്കൽ കോളേജിൽ രാത്രി 9.30 ന് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന ചട്ടത്തിനെതിരെ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പേരിൽ നവംബർ മാസം വിദ്യാർത്ഥിനികൾ സമരത്തിന് തുടക്കം കുറിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട്, 25 വയസ് പൂർത്തിയായാൽ മാത്രമെ ആളുകൾക്ക് പക്വത വരുകയുള്ളൂവെന്നും കോളേജുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ്ഹോമുകളല്ലെന്നും ആരോഗ്യസർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ പരാമർശം വിവാദമായിരുന്നു.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം
ജാതി വിവേചനവും സംവരണ അട്ടിമറിയും ആരോപിച്ച് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഡയറക്ടർ ശങ്കർ മോഹനെതിരെ 2022 ഡിസംബർ ആദ്യമാണ് സമരം തുടങ്ങിയത്. മുൻപ് പലപ്പോഴും സംവരണ അട്ടിമറിയുമായി ബന്ധപ്പെട്ട് ഡയറക്ടർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഡയറക്ടറിനെ പിന്തുണക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാല കൃഷ്ണനെതിരെയും പ്രതിഷേധമുണ്ടായി.
ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ സ്ത്രീകൾ ഉൾപ്പടെ ഡയറക്ടർ ശങ്കർ മോഹനെതിരെ ജാതീയമായ പീഡന ആരോപണം ഉന്നയിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലുകളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.
ആവിക്കൽതോട് സമരം
കോഴിക്കോട് ആവിക്കൽ തോടിൽ കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ ശ്രമത്തെ പ്രതിരോധിച്ച വെള്ളയിൽ എന്ന കടലോര ഗ്രാമത്തിന്റെ പ്രതിഷേധത്തെ തീവ്രവാദമെന്ന പേരിൽ ഒതുക്കാനായിരുന്നു സർക്കാരിന്റെ ആദ്യ ശ്രമം. മത്സ്യത്തൊഴിലാളികൾ തിങ്ങി പാർക്കുന്ന ആവിക്കൽ തോടിനോട് ചേർന്നുള്ള 36 സെന്റിലാണ് പദ്ധതി നടപ്പിലാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. പ്രദേശത്തെ മനുഷ്യരുടെ ആരോഗ്യത്തേയും തൊഴിലിനേയും സാരമായി ബാധിക്കുന്നു എന്നതിനാൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാരും കോർപ്പറേഷനും പിന്മാറണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരം തുടങ്ങി.
പൊലീസിനെ ഉപയോഗിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ മർദ്ദനം അഴിച്ചുവിട്ടിട്ടും നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടും കേസെടുത്തിട്ടും പ്രസ്തുത സ്ഥലത്ത് നിന്ന് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതിയും പ്രദേശവാസികളും. ആവിക്കൽതോടിൽ കക്കൂസ് മാലിന്യപ്ലാന്റ് വേണ്ടതില്ലെന്ന് വാർഡ് സഭയിൽ പ്രമേയം പാസാക്കിയതും സമരത്തിന്റെ നിർണ്ണായക ഇടപെടലായി മാറി.
മരിയനാട് ഭൂസമരം
രണ്ട് പതിറ്റാണ്ടിന് ശേഷവും മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്കടക്കം അർഹമായ ഭൂമി പതിച്ചു നൽക്കാത്ത സർക്കാർ നടപടികൾക്കെതിരെ ആദിവാസി ജനത പല സ്ഥലങ്ങളിലും സമരത്തിലാണ്. 2022 മെയ് മാസത്തിൽ 150 ഓളം ആദിവാസി കുടുംബങ്ങൾ പുൽപ്പള്ളി മരിയനാട് എസ്റ്റേറ്റിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. മരിയനാട് തോട്ടത്തിലെ ആദിവാസികൾ ഒഴികെയുള്ള മുഴുവൻ കൈയേറ്റങ്ങളും അടിയന്തരരമായി ഒഴിപ്പിക്കുക, മുത്തങ്ങ പാക്കേജിൽ ഉൾപ്പെട്ടവർക്കും പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കും ഭൂമി പതിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
2001 ൽ നടന്ന കുടിൽകെട്ടൽ സമരത്തിന്റെയും മുത്തങ്ങ സമരത്തിന്റെയും ഫലമായി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാൻ കേന്ദ്രസർക്കാർ കൈമാറിയ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽപ്പെട്ടതാണ് മരിയനാട് എസ്റ്റേറ്റും. സുപ്രീംകോടതി ആ ഭൂമി ആദിവാസികൾക്ക് കൈമാറാൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ കാര്യമായ നടപടി എടുത്തിട്ടില്ല.
ബഫർസോൺ സോൺ പ്രതിഷേധം
സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരം പോലെ കേരളത്തിലെ പല ജില്ലകളിലും നടന്ന സമരമായിരുന്നു ബഫർസോൺ പ്രഖ്യാപനത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം. സംരക്ഷിത വനമേഖലക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല (ഇ.എസ്‍.ഇസെഡ്/ബഫർസോൺ) വേണമെന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുരേഖ വന്നതോടെയാണ് മലയോര മേഖലയിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്. കേരളത്തിലെ പല മലയോര പട്ടണങ്ങളിലും ഹർത്താലുകളും വലിയ പ്രതിഷേധ മാർച്ചുകളും നടന്നു.
ആറ് ദേശീയ ഉദ്യാനങ്ങളും 18 വന്യജീവി സങ്കേതങ്ങളും ഉൾപ്പടെ കേരളത്തിൽ ആകെ 24 സംരക്ഷിത പ്രദേശങ്ങളുണ്ട്. ഇതിന് ചുറ്റും ജീവിക്കുന്ന അനേകായിരം മനുഷ്യരെ ബഫർസോൺ ബാധിക്കുമെന്ന ആശങ്കയായിരുന്നു പ്രതിഷേധങ്ങൾക്ക് കാരണം. എന്നാൽ സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിക്കാൻ സുപ്രീംകോടതി ജൂൺ 3 ന് ഉത്തരവിട്ടതോടെ പ്രതിഷേധങ്ങൾ ശക്തമായി. 2022 അവസാനിച്ചിട്ടും ബഫർസോൺ സംബന്ധിച്ച് വ്യക്തത നൽകാനോ ജനങ്ങളുടെ ആശങ്കകൾ അവസാനിപ്പിക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മലയോര മേഖലയിൽ ഹർത്താലുകളും പ്രതിഷേധങ്ങളും ശക്തമായി തുടരുകയാണ്.
മധുവിന് നീതി തേടി
ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം 2018 ഫെബ്രുവരി 28ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. അതേവർഷം അവസാനത്തോടെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചത് നാല് വർഷത്തിന് ശേഷം 2022ൽ മാത്രമാണ്. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലാണ് വിചാരണ നടക്കുന്നത്.
വിചാരണയ്ക്കിടയിൽ മധുവിന്റെ അടുത്ത ബന്ധുക്കളടക്കം ഇതുവരെ വിസ്തരിച്ച പ്രധാന സാക്ഷികളില്‍ ഒന്‍പതുപേർ കൂറുമാറി. വിചാരണ തുടങ്ങാന്‍ വൈകിയത് സാക്ഷികളുടെ കൂട്ട കൂറുമാറ്റത്തിന് കാരണമായെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ 2022 ൽ നടന്നു. ആ സമരങ്ങൾ ഇപ്പോഴും അവർ പലരീതിയിൽ തുടരുകയാണ്.
വാളയാർ പെൺകുട്ടികൾ
2017 ലാണ് പാലക്കാട് ജില്ലയിലെ വാളയാറിൽ രണ്ട് മാസത്തെ ഇടവേളയിൽ പതിമൂന്നും ഒൻപതും വയസുള്ള ദലിത് പെൺകുട്ടികളെ സമാന സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്. പിന്നീട് പെൺകുട്ടികൾ ലൈംഗിക പീഢനങ്ങൾക്ക് ഇരയായതായി തെളിയുകയും വലിയ രീതിയിലുള്ള ജനകീയ സമരങ്ങൾ ഉയർന്നുവരുന്നതും. പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയുടെ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.
പരസ്പര വിരുദ്ധമായ സാക്ഷിമൊഴികൾ കാരണം മൂന്ന് പ്രതികൾക്കും ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് അന്വേഷണം അട്ടിമറിക്കുന്നത് തടയാൻവേണ്ടി വാളയാർ നീതി സമര സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിക്കുന്നത്. 2022 ലും ഒട്ടേറെ സമരങ്ങൾ വാളായർ വിഷയത്തിൽ സമിതി നടത്തുകയുണ്ടായി. വാളയാർ സഹോദരിമാരുടെ ദുരൂഹമരണത്തിൽ ഇരകൾക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ തുടരന്വേഷണം നീതിപൂർവ്വം നടത്തണമെന്നും ഹൈക്കോടതി ഇടപെടൽ വേണമെന്നുമാണ് മാതാപിതാക്കളും സമരസമിതിയും ആവശ്യപ്പെടുന്നത്.
മറ്റ് സമരങ്ങൾ
ചെല്ലാനം തീരസംരക്ഷണത്തിന് പുലിമുട്ടുകളും കടൽഭിത്തിയും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം, തീരദേശത്തിന്‍റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന ആലപ്പുഴ തോട്ടപ്പള്ളി പൊഴിയിലെ കരിമണൽ ഖനനത്തിനെതിരായ ഒരു വർഷത്തിലേറെയായി തുടരുന്ന സമരം, മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കമുള്ള യു.എ.പി.എ തടവുകാരുടെ മോചനത്തിനായുള്ള വിവിധ സമരങ്ങൾ, കിളിമാനൂർ തോപ്പിൽ കോളനിയിലേതുപോലെയുള്ള അനേകം കരിങ്കൽ ഖനന വിരുദ്ധ സമരങ്ങൾ, ലിംഗനീതിക്കും അധ്യാപകന്റെ ലൈംഗിക ചൂഷണത്തിനുമെതിരെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ നടത്തിയ ‘ഹല്ലാ ബോൽ’ പോരാട്ടം, കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ സദാചാര പീഢനത്തിനെതിരെ ആദി എന്ന ക്വിയർ വിദ്യാർത്ഥി കോഴിക്കോട് ഗവൺമെന്റ് ബി.എഡ് കോളേജിൽ നടത്തിയ സമരം, വിദ്യാഭ്യാസ അവകാശങ്ങൾക്കും ഭരണഘടനാനുസൃതമായ സംവരണാവകാശങ്ങൾക്കും വേണ്ടി ദലിത്-ആദിവാസി വിദ്യാർത്ഥികൾ നടത്തിയ സമരങ്ങൾ എന്നിങ്ങനെ അനേകം പ്രക്ഷോഭങ്ങൾ 2022ലും കേരളത്തിൽ നിറഞ്ഞുനിന്നു.