ലോക്സഭാ അംഗത്വം തിരികെ ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കൽപറ്റയിൽ സംസാരിച്ചിരുന്നു. മണിപ്പൂർ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭങ്ങളെക്കുറിച്ചും, പാർലമെന്റിലെ മണിപ്പൂർ ചർച്ചയെക്കുറിച്ചും രാഹുൽ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ മണിപ്പൂരിലേക്ക് പോയി. ഞാൻ രാഷ്ട്രീയരംഗത്തേക്ക് വന്നിട്ട് 19 വർഷമായി. പക്ഷെ ഞാൻ മണിപ്പൂരിൽ കണ്ടതുപോലെ ഒരനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം അടക്കമുള്ള നിരവധി വേദനിപ്പിക്കുന്ന സന്ദർഭങ്ങളിലൂടെയും കലാപങ്ങൾ നടന്ന സ്ഥലങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. അത്തരത്തിലുള്ള ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ മണിപ്പൂരിൽ കണ്ടതുപോലെയുള്ള ദൃശ്യങ്ങൾ ഈ സ്ഥലങ്ങളിലൊന്നും തന്നെ ദർശിച്ചിട്ടില്ല. നിങ്ങളെന്റെ കുടുംബമാണെന്ന് ഞാൻ കരുതുന്നു, അതുകൊണ്ടുതന്നെ അവിടെ കണ്ട കാര്യങ്ങൾ നിങ്ങളോട് പറയുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അവിടെ ഞാൻ കണ്ട ജനങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും എനിക്ക് നിങ്ങളോട് പറയാൻ സാധിക്കില്ല. എന്നാൽ രണ്ട് ഉദാഹരണങ്ങൾ നിങ്ങളോട് സംസാരിക്കാം.
എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത, ഇപ്പോഴും എന്റെ മനസ്സിനെ അസ്വാരസ്യപ്പെടുത്തുന്ന രണ്ട് സംഭവങ്ങളാണ് എനിക്ക് നിങ്ങളോട് പങ്കുവയ്ക്കാനുള്ളത്. ഈ രണ്ട് സംഭവങ്ങളും മണിപ്പൂരിലെ സഹോദരിമാരുമായി ബന്ധപ്പെട്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ വച്ച് ഈ വനിതാ സഹോദരിമാർ എന്നോട് പറഞ്ഞ സംഭവങ്ങളാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ ക്യാമ്പിലേക്ക് ചെല്ലുമ്പോൾ ഒരു സ്ത്രീ ആ ക്യാമ്പിലെ മുറിയിൽ നിലത്ത് കിടക്കുകയായിരുന്നു. ആ മുറിയിലുണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. പക്ഷെ നിലത്തുകിടന്ന ഈ സ്ത്രീയുടെയൊപ്പം ആരുമുണ്ടായിരുന്നില്ല. ഞാൻ അവരോട് ചോദിച്ചു, എവിടെയാണ് നിങ്ങളുടെ കുടുംബം. അവർ മറുപടി പറഞ്ഞത് എനിക്ക് കുടുംബാംഗങ്ങൾ ആരുമുണ്ടായിരുന്നില്ല എന്നാണ്. അവർക്ക് എന്ത് സംഭവിച്ചു എന്ന് ഞാൻ അവരോട് ചോദിച്ചു. കുറച്ച് സമയത്തേക്ക് അവർ മറുപടിയൊന്നും പറഞ്ഞില്ല. അവർ കുറച്ച് സമയം നിശബ്ദത പാലിച്ചു. ഞാൻ അവരുടെ കൈകൾ ചേർത്തുപിടിച്ച് ചോദിച്ചു, എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയൂ. അവർ പറഞ്ഞു തുടങ്ങി, “ഞാൻ എന്റെ ഗ്രാമത്തിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. കൂട്ടത്തിൽ എന്റെ കൊച്ച് കുട്ടിയുമുണ്ടായിരുന്നു. എന്റെ മുന്നിൽവച്ചാണ് അവർ എന്റെ മകനെ കൊന്നുകളഞ്ഞത്. അവനെ അവർ എന്റെ കൺമുന്നിൽ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. മരിച്ചുകിടന്ന കുഞ്ഞിനരികിൽ രാത്രി മുഴുവൻ ഞാൻ ഏകയായി കഴിയുകയായിരുന്നു. എന്റെ കൈകളിൽ കിടന്നാണ് എന്റെ കുഞ്ഞ് മരണമടഞ്ഞത്. എന്റെ കുഞ്ഞിന്റെ മൃതശരീരത്തിനൊപ്പം അവിടെ തുടരണോ അതോ എന്റെ ജീവൻ രക്ഷിക്കണോ എന്ന ആശങ്കയിലായിരുന്നു ഞാൻ. എന്റെ മകൻ എന്തായാലും തിരികെ വരാൻ പോകുന്നില്ല, അതുകൊണ്ട് എന്റെ ജീവൻ രക്ഷപ്പെടുത്താനായി അവിടെ നിന്നും ഓടിപ്പോകാൻ ഞാൻ തീരുമാനിച്ചു.”
എങ്ങനെയാണ് അവിടെ നിന്നും രക്ഷപ്പെടതെന്നും കടന്നുപോയ ദുരന്തസാഹചര്യങ്ങളെക്കുറിച്ചും കൃത്യമായി അവർ എന്നോട് വിവരിച്ചു. ഈ കാര്യങ്ങൾ വിവരിക്കുന്നതിനിടയിൽ എന്റെ കൈകൾ കൂട്ടിപ്പിടിച്ച അവരുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഇത് സംഭവിക്കുന്നത് നമ്മുടെ അമ്മയ്ക്കും സഹോദരിക്കും ആയിരുന്നെങ്കിൽ എന്ന് നിങ്ങൾ ഓരോരുത്തരും ചിന്തിച്ച് നോക്കൂ. ആ സംഭവങ്ങൾ നമുക്കാണുണ്ടാകുന്നതെങ്കിൽ എന്ന് ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകൾ ചിന്തിച്ച് നോക്കൂ. നമ്മുടെ കണ്ണുകൾക്ക് മുമ്പിൽ നമ്മുടെ മകൻ കൊല്ലപ്പെടുന്ന ദൃശ്യം ഒന്ന് ചിന്തിച്ചുനോക്കൂ. ഇനിയെന്താണ് നിങ്ങൾക്ക് അവശേഷിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. അവർ താമസിച്ചിരുന്ന വീട് കത്തിച്ചുകളഞ്ഞു, ഉണ്ടായിരുന്നതെല്ലാം അവർക്ക് നഷ്ടപ്പെട്ടു. എന്തെങ്കിലും നിങ്ങളുടെ കൈകളിൽ അവശേഷിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. അവർ മറുപടി പറഞ്ഞത്, ഞാനിട്ടിരിക്കുന്ന ഈ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമില്ലെന്നാണ്. നിങ്ങൾ എന്തെങ്കിലും ഭാവിക്കായി കൈയിൽ കരുതണമെന്ന് ഞാൻ അവരോട് പറഞ്ഞു. അങ്ങനെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ പറഞ്ഞു. അവർ ഇരിക്കുന്ന സ്ഥലത്ത് അവർ പരതി നോക്കി. അവർ പരതിയെടുത്തത് അവർക്ക് മുന്നിൽ വച്ച് കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ ചിത്രമായിരുന്നു. ഈ ഫോട്ടോ മാത്രമാണ് ഇനിയുള്ള ജീവിതത്തിനായി എന്റെ കൈയിൽ അവശേഷിക്കുന്നത്. ഇതുപോലൊരു കഥ എനിക്ക് മറ്റൊരു സ്ത്രീയിൽ നിന്നും കേൾക്കേണ്ടി വന്നു. അവരെയും ഞാൻ കണ്ടത് ഈ ദുരിതാശ്വാസ ക്യാമ്പിൽ വച്ചായിരുന്നു. ഇത് രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. പക്ഷെ എനിക്കറിയാം ഇതുപോലെയുള്ള ആയിരക്കണക്കിന് കഥകളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറയാനുള്ളത്. ചിലരുടെ വീടുകൾ നശിപ്പിക്കപ്പെട്ടു, ചിലർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ചിലരുടെ സഹോദരങ്ങൾ കൊല ചെയ്യപ്പെട്ടു. ചിലരുടെ ബന്ധുക്കൾ കൊല ചെയ്യപ്പെട്ടു. ഇത്തരം നിരവധി കഥകൾ എനിക്ക് കേൾക്കേണ്ടി വന്നു.
അവിടെ നിന്നും ഞാൻ മറ്റൊരു പ്രദേശത്തേക്ക് പോയി. അവിടെ വച്ച് കണ്ട ഒരു സ്ത്രീയോട് ചോദിച്ചു. എന്താണ് നിങ്ങൾക്ക് സംഭവിച്ചത്? അവർ ആദ്യം നിശബ്ദത പാലിക്കുകയാണുണ്ടായത്. അവർ കടന്നുപോയ ദുരന്തമുഹൂർത്തങ്ങളെ ആ മൗനത്തിനിടയിൽ മുന്നിൽക്കാണുകയാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇത് എന്റെ അമ്മയ്ക്കോ സഹോദരിക്കോ ആണ് സംഭവിക്കുന്നതെങ്കിൽ എന്ന് ഞാൻ ആലോചിച്ചു. ആ ദുരന്തചിത്രങ്ങൾ താങ്ങാനാകാതെ അവർ മോഹാലസ്യപ്പെട്ട് നിലത്തുവീണു. നിങ്ങളോരരുത്തരും ചിന്തിച്ച് നോക്കൂ, നിങ്ങളുടെ അമ്മയോ സഹോദരിയോ ഇത്തരത്തിൽ മോഹാലസ്യപ്പെട്ട് നിലത്ത് വീണുപോകുന്നതിനെക്കുറിച്ച്. ഇതാണ് മണിപ്പൂരി സ്ത്രീകൾ അനുഭവിക്കുന്ന ദുരന്തം.
മണിപ്പൂരിൽ ചെന്നപ്പോൾ മെയ്തെയ് വിഭാഗങ്ങളും കുക്കികളും താമസിക്കുന്ന സ്ഥലങ്ങളിൽ ഞങ്ങൾ പോവുകയുണ്ടായി. ഞങ്ങൾ മെയ്തെയ് വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിയപ്പോൾ, നിങ്ങളുടെ സെക്യൂരിറ്റികളിൽ ആരെങ്കിലും കുക്കി വിഭാഗക്കാർ ഉണ്ടെങ്കിൽ ഞങ്ങൾ കൊല്ലുമെന്ന് മെയ്തെയ്കൾ പറഞ്ഞു. കുക്കി പ്രദേശത്ത് ചെന്നപ്പോൾ, നിങ്ങളുടെ സെക്യൂരിറ്റികളുടെ കൂട്ടത്തിൽ ആരെങ്കിലും മെയ്തെയ്കളുണ്ടെങ്കിൽ ഞങ്ങൾ വെടിവച്ച് കൊല്ലുമെന്ന് അവർ പറഞ്ഞു. മെയ്തെയ് പ്രദേശത്ത് ചെന്നപ്പോൾ കുക്കി വിഭാഗക്കാരായ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഞങ്ങൾ സംഘത്തിൽ നിന്നും ഒഴിവാക്കി. സമാനമായ രീതിയിൽ കുക്കി പ്രദേശത്ത് മെയ്തെയ് വിഭാഗക്കാരായ സെക്യൂരിറ്റികളെയും ഒഴിവാക്കി നിർത്തി. ഒന്ന് ചിന്തിച്ചുനോക്കൂ, മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ സമ്പൂർണ്ണമായ വിഭജനമാണ് സംഭവിച്ചിരിക്കുന്നത്. അവിടെ ആകമാനം ചോരയാണ്, എല്ലായിടത്തും നരഹത്യകൾ, ബലാത്സംഗങ്ങൾ. ഇതാണ് മണിപ്പൂരിലെ സ്ഥിതി.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പാർലമെന്റിൽ ഇരുന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിച്ചു. അദ്ദേഹം രണ്ട് മണിക്കൂറും മുപ്പത് മിനിട്ടും സംസാരിച്ചു. അദ്ദേഹം പുഞ്ചിരിച്ചു, തമാശകൾ പറഞ്ഞു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളും ചിരിക്കുകയും തമാശകളിൽ ഉല്ലസിക്കുകയും ചെയ്തു. രണ്ടര മണിക്കൂർ പ്രസംഗത്തിൽ അദ്ദേഹം മിക്ക കാര്യങ്ങളും സംസാരിച്ചു. കോൺഗ്രസിനെക്കുറിച്ച് സംസാരിച്ചു, എന്നെക്കുറിച്ച് സംസാരിച്ചു, ഇൻഡ്യ അലയൻസിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ മണിപ്പൂരിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് രണ്ട് മിനിട്ട് മാത്രമാണ്. ഇന്ത്യ എന്ന ആശയം അതിലെ ജനതയ്ക്കിടയിലെ സമാധാനമാണ് വിഭാവനം ചെയ്യുന്നത്. വെറുപ്പോ, അക്രമമോ, കൊലപാതകമോ, ബാലാത്സംഗമോ ഉണ്ടെങ്കിൽ അത് ഇന്ത്യ എന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ജനങ്ങൾ തമ്മിലുള്ള ഐക്യവും അവർക്കിടയിലെ സമാധാനവുമാണ് ഇന്ത്യ. ഇതാണ് ഞാൻ എന്റെ പാർലമെന്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത്. ഇന്ത്യ എന്ന മഹാത്തായ ആശയത്തെ ബി.ജെ.പി മണിപ്പൂരിൽ കൊല ചെയ്തു എന്ന് ഞാൻ പ്രസംഗിക്കുകയുണ്ടായി. നിങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങളെ നശിപ്പിച്ചു. ആയിരങ്ങൾ ബലാത്സംഗം ചെയ്യപ്പെടാനും കൊലചെയ്യപ്പെടാനും നിങ്ങൾ അനുമതി നൽകി. എന്നിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നിങ്ങൾ ചിരിക്കുകയാണോ എന്ന് ഞാൻ ചോദിച്ചു. രണ്ട് മിനിട്ട് മാത്രമാണോ ഭാരതമാതാവിനേറ്റ മുറിവുകളെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാനുണ്ടായിരുന്നത്. ഇന്ത്യ എന്ന ആശയത്തെ എങ്ങനെയാണ് നിങ്ങൾക്ക് ഇത്രമാത്രം നശിപ്പിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ നാല് മാസമായി നിങ്ങൾ എന്താണ് ചെയ്തത്? എന്തുകൊണ്ട് നിങ്ങൾ മണിപ്പൂരിൽ പോകുന്നില്ല, അക്രമത്തെ തടയാൻ ശ്രമിക്കുന്നില്ല? കാരണം നിങ്ങളൊരു യഥാർത്ഥ ദേശീയവാദിയല്ല. ഇന്ത്യയെന്ന ആശയത്തെ കൊല ചെയ്യുന്ന ആർക്കും ദേശസ്നേഹിയോ ദേശീയവാദിയോ ആകാൻ കഴിയില്ല