ഈ ‘വികസനം’ എല്ലാ അർത്ഥത്തിലും നമ്മെ ദരിദ്രരാക്കുന്നു

സാംസ്കാരികവും ജൈവപരവുമായ വൈവിധ്യങ്ങളുടെ പുനരുജ്ജീവനത്തിനും ലോകമെമ്പാടുമുള്ള പ്രാദേശിക സമൂഹങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളുടെയും ശാക്തീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ‘ലോക്കൽ ഫ്യൂച്ചേഴ്സ്’ എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് ഹെലേന നോർബെർഗ് ഹോഡ്ജ്. ലഡാക്കിലെ ജനതയുടെ പാരമ്പര്യത്തെയും അവരുടെ സംസ്ക്കാരത്തിൽ വന്ന മാറ്റങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ‘Ancient Futures’ എന്ന ഹെലേനയുടെ പുസ്തകം അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ രാമമൂർത്തി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ‘പുരാതന ഭാവികൾ’ എന്ന പേരിൽ ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ചു. ‘Local is Our Future’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അവർ. സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ തുറന്ന വിമർശകയായ ഹെലേന 1994-ൽ ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷൻ (IFG) സ്ഥാപിച്ചു. ആഗോളവത്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രാദേശികവത്കരണത്തെ മുന്നോട്ടുവയ്ക്കുന്ന അവർ 2014-ൽ ഇന്റർനാഷണൽ അലയൻസ് ഫോർ ലോക്കലൈസേഷൻ (IAL) സ്ഥാപിച്ചു. സാമ്പത്തിക ആഗോളവത്കരണത്തിനെതിരായ തന്റെ വാദങ്ങൾ വിശദമാക്കുന്ന ‘ദ ഇക്കണോമിക്സ് ഓഫ് ഹാപ്പിനസ്’ (2011) എന്ന ഡോക്യുമെന്ററി ഫിലിം ഹെലേന നിർമ്മിക്കുകയും സഹസംവിധാനം ചെയ്യുകയും ചെയ്തു. വിനോദസഞ്ചാരത്തിന്റെയും വികസനത്തിന്റെയും കടന്നുകയറ്റത്തിൽനിന്നും ലഡാക്കിന്റെ പരമ്പരാഗത സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും കാത്തുസൂക്ഷിക്കുന്നതിന് സംഭാവന നൽകിയതിന് 1986-ൽ അവർക്ക് റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് ലഭിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെയും വർദ്ധിച്ചുവരുന്ന അസമത്വത്തെയും നേരിടാനുള്ള ഒരു മാർഗമായി പ്രാദേശികവത്കരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കുവയ്ക്കുന്നു.

താങ്കൾ എഴുതിയ ‘Ancient Futures’ എന്ന പുസ്തകം ലോകമാകെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ‘പുരാതന ഭാവികൾ’ എന്ന പേരിൽ അടുത്തിടെ മലയാളത്തിലേക്കും ഈ പുസ്തകം വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ‘Ancient Futures’ എന്ന ഈ പുസ്തകത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങാമോ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിലെ ജീവിതം അനുഭവിച്ചവരിൽ നിന്ന്. പടിഞ്ഞാറൻ മാതൃക തകരുകയാണെന്നും അത് സർവ്വ നാശത്തിലേക്കുള്ള വഴിയാണെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനു ബദലായ ഒരു സംസ്ക്കാരം, സമ്പദ് വ്യവസ്ഥയും ജീവിതരീതിയും വളർന്നു വരേണ്ടതിനെപ്പറ്റി അവർ ബോധവാൻമാർ ആയിരിക്കുന്നു. അത്തരത്തിലുള്ള ഒരന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കാം ഈ പുസ്തകം സ്വീകരിക്കപെട്ടത് എന്ന് ഞാൻ കരുതുന്നു. എങ്ങനെയാണ് ‘വികസനം’ സ്വയംപര്യാപ്തമായും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചുകൊണ്ടിരുന്ന ലഡാക്കിലെ ജനതയെ നശിപ്പിച്ചത് എന്നതിന്റെ നേർക്കാഴ്ചയായി ആ പുസ്തകം വായനക്കാർക്ക് അനുഭവിക്കാൻ കഴിഞ്ഞു. ‘വികസനം’ അവരെ എല്ലാ അർത്ഥത്തിലും ദരിദ്രരാക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്.

വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ള താങ്കൾ ലഡാക്കിലേക്ക് എങ്ങനെയാണ് എത്തിയതെന്നും അവിടെ ദീർഘകാലം തദ്ദേശീയരുടെ ജീവിതവുമായി അടുത്തിടപഴകി ജീവിക്കാൻ ഇടയായതെന്നും പറയാമോ?

ഒരു ലിം​ഗ്വിസ്റ്റ് എന്ന നിലയിൽ ഞാൻ അമേരിക്ക, സ്വീഡൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ പഠിക്കുകയും ജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പ്രധാന താല്പര്യം മനഃശാസ്ത്രത്തിലും ആർട്ടിലും ആയിരുന്നു. എനിക്കു പുതിയ ഭാഷകൾ പഠിക്കാൻ വലിയ താൽപ്പര്യം ആയിരുന്നു. ഞാൻ പാരീസിൽ ആയിരുന്നപ്പോഴാണ് ലഡാക്ക് എന്ന സ്ഥലത്തേക്ക് പോകാനുള്ള അവസരം ഉണ്ടായത്. ഒരു ഫിലിം നിർമ്മാണത്തിൽ സഹായിക്കാൻ ആയിരുന്നു അത്. നിർമ്മാതാക്കളെ ഭാഷാപരമായി സഹായിക്കുകയായിരുന്നു മുഖ്യ ഉദ്ദേശം. അതിന്റെ ഭാഗമായി വളരെ സമാധാനത്തോടെ സമ്പന്നമായ ഒരു സംസ്കാരത്തിന്റെ ഭാഗമായി ജീവിക്കുന്ന ആളുകളെ പരിചയപ്പെട്ടപ്പോൾ തന്നെ എനിക്ക് ലഡാക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് ഞാൻ അവിടെ തുടരുകയും അവരുടെ ജീവിതം കൂടുതൽ അടുത്തറിയാൻ ശ്രമിക്കുകയും ചെയ്തു. ഭൂമിയിലെ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ഒരു പറുദീസ ആയിരുന്നു ഞാൻ അവിടെ കണ്ടത്. ആരോഗ്യമുള്ള ഒരു ജനത സ്വയം പര്യാപ്തമായി സന്തോഷത്തോടെ അവിടെ ജീവിച്ചു പോരുകയായിരുന്നു. എന്നാൽ ഏതാണ്ട് ഇരുപതു വർഷം കഴിയുമ്പോഴേക്കും ‘വികസനം’ കൊണ്ടുവന്ന മാറ്റങ്ങൾ ലഡാക്കിനെ തകർത്തു കളഞ്ഞു. ഇന്ന് എവിടെയും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും മലിനമായ ജലസ്രോതസുകളും കോൺക്രീറ്റ് കെട്ടിടങ്ങളും ആണ് കാണാൻ കഴിയുക. മാറിയ സാമ്പത്തിക ക്രമം തൊഴിലില്ലായ്‌മയും മത്സരവും അവിടെ കൊണ്ടുവന്നു. Ancient Futures ൽ ഈ മാറ്റങ്ങൾ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്.

ലഡാക്കിലെ ആട് മേയ്ക്കുന്ന സ്ത്രീ. കടപ്പാട്: scrapsfromtheloft.com‌

മനുഷ്യവശം അഭിമുഖീകരിക്കുന്ന നാനാതരം പ്രതിസന്ധികളെ മനസ്സിലാക്കുകയും അതിനെ മറികടന്ന് കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ് താങ്കൾ. നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടെ പ്രതിസന്ധിയുടെ മുഖ്യ കാരണം എന്ന് താങ്കൾ വ്യക്തമായി പറയുന്നുണ്ട്. സാമൂഹ്യനീതിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പല പുരോഗമന പ്രസ്ഥാനങ്ങളും ആവശ്യപ്പെടാതെ പോകുന്ന ഒരു കാര്യമാണ് സമ്പദ്‌വ്യവസ്ഥയിലെ മൗലികമായ മാറ്റം. എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥയാണ് പ്രതിസന്ധികളുടെ അടിസ്ഥാന കാരണം എന്ന് പറയുന്നത്?

കൊളോണിയലിസം പല തനതു സംസ്ക്കാരങ്ങളിലും ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു. തൊഴിലില്ലായ്മ, ദാദ്രിദ്യം, ആത്മഹത്യ, വിഷാദ രോഗം തുടങ്ങിയവ ആരോഗ്യത്തോടെ ജീവിച്ചുവന്നിരുന്ന ജനസമൂഹങ്ങളിലേക്ക് കടന്നുവരുന്നത് കൊളോണിയൽ ആധിപത്യത്തിലൂടെ ആയിരുന്നു. വ്യത്യസ്ത സംസ്ക്കാരവും ജീവിത മൂല്യങ്ങളും ഉള്ള പല ഗോത്ര സമൂഹങ്ങളും സൗഹാർദ്ദപരമായി എത്രയോ കാലമായി ജീവിച്ചുവരികയായിരുന്നു. കേന്ദ്രീകൃതമായ, മുകളിൽനിന്നും അടിച്ചേൽപ്പിക്കുന്ന കൊളോണിയൽ രീതികൾ ലോകത്തെ പല രീതിയിൽ ജീർണ്ണതയിലേക്കു നയിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക സമ്പദ്‌വ്യവസ്ഥ പുരോഗമനപരം എന്ന് പുറമെ നിന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി അത് ഒരു വിനാശ പദ്ധതിയാണ്. എന്നാൽ സാമ്പത്തിക വളർച്ചയും വികസന പദ്ധതികളും ജീവിതത്തെ മുന്നോട്ടുനയിക്കുകയാണെന്ന നിരന്തര പ്രചാരണം ജനങ്ങളുടെ മനസ്സിലേക്ക് ബോധപൂർവ്വം അടിച്ചേൽപ്പിക്കുകയായിരുന്നു. അവർ ജീവിച്ചുവരുന്ന ജീവിതം മോശപ്പെട്ടതാണെന്ന പ്രചാരണത്തിലൂടെ തദ്ദേശവാസികളുടെ മനസ്സിൽ അപകർഷതാബോധം സൃഷ്ടിക്കുന്നതിൽ പാശ്ചാത്യ സംസ്ക്കാരം വിജയിച്ചു. അതുകൊണ്ടുതന്നെ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയെ വിമർശനാത്മകമായി നോക്കിക്കാണാൻ പലർക്കും അവസരം ഉണ്ടായില്ല എന്ന് വേണം കരുതാൻ. എന്നാൽ സർവ്വ വ്യാപിയായ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യ കരങ്ങൾ നമ്മുടെ ജീവിതത്തിന്റെ സർവ്വ മേഖലകളിലും വിനാശകരമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്നു. വിപണിയൊരുക്കുന്ന നിരർത്ഥകമായ പന്തയത്തിൽ നിന്നും ഒന്ന് മാറി നിന്ന് സ്വതന്ത്രമായി ഈ സംവിധാനത്തെ മനസിലാക്കാൻ ശ്രമിച്ചാൽ ഈ കാര്യം തിരിച്ചറിയാവുന്നതേ ഉള്ളൂ. എന്നാൽ അതിനുള്ള അറിവുകൾ മുഖ്യധാരാ സർവ്വകലാശാലകളും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ കാര്യങ്ങൾ ലോകത്തിൽ പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. കർഷകരെ നൂതന കൃഷിരീതികൾ പഠിപ്പിക്കാൻ ഇന്ത്യയിലേക്കെത്തിയ ആൽബർട്ട് ഹൊവാഡ് പറഞ്ഞത് ഓർമ്മയില്ലേ? ഞാൻ അവരെ അല്ല പഠിപ്പിക്കേണ്ടത്, മറിച്ചു ഇം​ഗ്ലണ്ട് ഇന്ത്യക്കാരിൽ നിന്നാണ് പഠിക്കാനുള്ളതെന്ന്. അദ്ദേഹം ഇന്ത്യയിൽ കണ്ടത് മണ്ണിനെ മനസിലാക്കി ആരോഗ്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ അറിഞ്ഞ്, വിത്യസ്ത രീതികൾ മണ്ണിൽ പ്രയോഗിക്കുന്ന ഒരു ജനതയെ ആയിരുന്നു. ഈ ജനതയുടെ സമ്പത്തു കൊള്ളയടിച്ചും അവരെ അടിമകളാക്കിയുമാണ് യൂറോപ്യൻ സംസ്ക്കാരം ഇന്ന് കാണുന്ന രീതിയിൽ ‘വികസിച്ചത്’.

ലഡാക്കിലെ കുട്ടികൾ, കടപ്പാട്: treebo.com

താങ്കൾ വിവിധ സംസ്ക്കാരണങ്ങളുമായി നേരിട്ട് ഇടപെട്ടു നടത്തിയ സുദീർഘമായ സാമൂഹ്യപ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക ആഗോളവത്കരണം കൊണ്ടുവരുന്ന ‘വികസനം’ അയഥാർത്ഥമാണെന്നും അത് ഒരു വിനാശകരമായ പദ്ധതിയാണെന്നും മനസിലാക്കി. അങ്ങനെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം വളരെ പ്രധാനമാണെന്ന് താങ്കൾ പറയാൻ തുടങ്ങി. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിച്ചും അത് എങ്ങനെയാണ് സാംസ്ക്കാരിക വൈവിധ്യത്തെ നിലനിർത്താൻ സഹായിക്കുക എന്നും പറയാമോ ?

ഇന്ന് ലോകത്തിന്റെ പലഭാഗത്തും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് തങ്ങളുടെ നിയന്ത്രണത്തിലും സാംസ്ക്കാരിക മൂല്യങ്ങളിലും ഊന്നിയുള്ള ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് 1700 കളിൽ കൊളോണിയലിസം കൊണ്ടുവന്ന ചൂഷണ വ്യവസ്ഥ വേറെ രീതിയിൽ തുടരുന്ന നവ ആഗോള സമ്പദ്‌വവ്യസ്ഥയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ആണ്. ഓരോ പ്രദേശത്തും ഒരു സമൂഹത്തിന് വേണ്ട ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവ അവർ തന്നെ ഉണ്ടാക്കുന്ന ഒരു പ്രവർത്തനമാണ് പ്രാദേശിക സമ്പദ് വ്യവസ്ഥ. ആഗോള വ്യാപാരികളെ ആശ്രയിക്കുന്നതിനു പകരം പ്രകൃതിയെയും തങ്ങളുടെ ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ളതാണ് അത്. ഇത് ഏകവിളകൾ പിന്തുടരുന്നതിന് പകരം വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരതയെ പരിഗണിക്കുകയും ചെയ്യുന്നു. കൂടുതൽ സമയം പണിയെടുക്കുന്നവർ ദരിദ്രരാകുകയും മറുവശത്തു ഒരു ന്യൂനപക്ഷം ശതകോടീശ്വരന്മാർ ആവുകയും ചെയ്യുന്ന സംവിധാനത്തിന് വിരുദ്ധമാണ് ഇത്. ഇങ്ങനെ സമ്പന്ന വിഭാഗത്തിന് സേവനം ചെയ്യുന്നത് അവസാനിപ്പിച്ച് കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാനുള്ള സാധാരണ മനുഷ്യരുടെ പ്രയത്നമാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നത്. ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണ ഉൽപ്പാദനത്തിലാണ് അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഏകവിളകൾക്ക് പകരം വൈവിധ്യമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥ സുശക്തമാക്കപ്പെടുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൂടുതൽ മനുഷ്യർക്ക് ജോലി സാധ്യതകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ ആസ്വാദ്യകരവും അർത്ഥവത്തുമായ ജീവനോപാധിയായി മാറുന്നു. ഏതെങ്കിലും പ്രകൃതിവിരുദ്ധമായ ഏകവിളത്തോട്ടത്തിൽ സാമ്പത്തിക അടിമയായി ആർക്കോവേണ്ടി പണിയെടുക്കുന്നതിനു വിരുദ്ധമാണ് ഇത്. കൂടാതെ ആഗോള വിപണിയും തദ്ദേശീയ വിപണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പ്രാദേശിക ഭക്ഷ്യ ഉത്പാദനം വളരെ ഫലപ്രദമായ ഒരു ഇടപെടലാണ്. ഇവിടെ മണ്ണിനും മനുഷ്യനും ദോഷം ചെയ്യുന്ന വിഷപ്രയോഗങ്ങൾ കൂടുതൽ ലാഭം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കേണ്ട കാര്യവുമില്ല. കൂടാതെ അത് ജൈവ വൈവിധ്യത്തെ നിലനിർത്തുകയും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തിരിച്ചുപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത് സമഗ്രമായി കാര്യങ്ങളെ കാണുന്ന രീതികൂടിയാണ്.

നിലനിൽക്കുന്ന വ്യവസ്ഥിതി മാറ്റാൻ വേണ്ടി പ്രയത്‌നിക്കുന്ന പല സംഘടിത പ്രവർത്തനങ്ങളും ലോകത്തിന്റെ പല ഭാഗത്തായി നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് Economy of Happiness നെ അടിസ്ഥാനപ്പെടുത്തിയുള്ള താങ്കളുടെ പ്രവർത്തനങ്ങൾ. അതിനെപ്പറ്റി പറയാമോ ? ഇത് ലഡാക്കിലെ നിങ്ങളുടെ അനുഭവത്തിൽ നിന്നും രൂപംകൊണ്ട ഒന്നാണോ ?

ഞാൻ പെട്ടെന്ന് തന്നെ ലഡാക്കിലെ ഭാഷ പഠിച്ചിരുന്നു. ഏറ്റവും ആരോഗ്യവും സന്മനസുമുള്ളവരുമായ മനുഷ്യരുമായാണ് ഞാൻ അന്ന് ഇടപഴകിയത്. ഞാൻ ആദ്യമായിട്ടായിരുന്നു ഇത്രയും ആത്മാഭിമാനവും സഹിഷ്ണുതയും നർമ്മ ബോധവും ഉള്ള ജനങ്ങളെ കാണുന്നത്. ഓരോ ആളുകളും എല്ലാ കുട്ടികളുടെയും സംരക്ഷകരായിരുന്നു. കുട്ടികളെ വളർത്തുക എന്നത് ഒരു പൊതു ഉത്തരവാദിത്തം ആയിരുന്നു. രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിനപ്പുറം മനുഷ്യബന്ധത്തിന്റെ നാനാർത്ഥങ്ങൾ മനസ്സിലക്കാൻ ഈ അനുഭവം എന്നെ സഹായിച്ചു. ഓരോ കുട്ടിയും സ്നേഹിക്കപ്പെടാനും അംഗീരിക്കപ്പെടാനും ആഗ്രഹിക്കുന്നു എന്ന യാഥാർഥ്യം അവർ മനസിലാക്കിയിരുന്നു. ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. ഓരോ കുട്ടിയും ഒരുപാട് സ്നേഹവും പരിഗണനയും അംഗീകാരവും അതുല്യനായ ഒരു വ്യക്തി എന്ന നിലയിൽ അർഹിക്കുന്നുണ്ട്. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പ്രധാന കാരണങ്ങൾ ആയി എനിക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ സ്വീഡനിൽ എത്തിയപ്പോൾ അവിടെ നിലനിന്ന ജീവിതം എത്ര വ്യത്യസ്തമാണെന്നും ഓരോ വ്യക്തിയും എന്തുമാത്രം ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും എനിക്ക് മനസിലായി. വിഷാദരോഗവും മദ്യപാനാസക്തിയും ഉയർന്നിരിക്കുമ്പോഴും അതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കാത്ത അവസ്ഥ ആയിരുന്നു മറ്റു പല രാജ്യങ്ങളിലും ഞാൻ കണ്ടത്. നിലനിൽക്കുന്ന വ്യവസ്ഥ ഏകാന്തതയും മത്സരവും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് ഇക്കോണമി ഓഫ് ഹാപ്പിനെസ്സിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങുന്നത്. അത് തലമുറകൾ തമ്മിലുള്ള ബന്ധത്തിലും അറിവിന്റെ കൈമാറ്റത്തിലും ഊന്നിയുള്ള ഒന്നാണ്.

ഉത്തരഖണ്ഡിലെ ഒരു ഡാം നിർമ്മാണം. കടപ്പാട്: tribuneindia.com

ഹിംസാത്മകമായ ഈ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി വരുന്ന ഒന്നാണ് നമ്മുടെ മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസം. അത് എങ്ങനെയാണ് ഒറ്റപ്പെടലും പരസ്പര ചൂഷണവും കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാവരും വളരെ പെർഫെക്റ്റ് ആയിരിക്കണം, സൗന്ദര്യം ഉള്ളവരായിരിക്കണം, പണം ഉള്ളവരായിരിക്കണം എന്നൊക്കെ പഠിപ്പിച്ചു കുട്ടികളെ സാധാരണ മനുഷ്യൻ എന്ന നിലയിൽ നിന്നും മാറ്റിയെടുക്കുകയാണ് വിദ്യാഭ്യാസം. നിങ്ങൾ എപ്പോഴും ഒരു വിജയി ആയിരിക്കണം, അല്ലെങ്കിൽ നിങ്ങൾ ആരുമല്ലാതാവും ഏന്നാണ് പഠിപ്പിക്കുന്നത്. അതേസമയം പ്രാദേശിക സമ്പദ്‌വ്യവസ്ഥ പരസ്പര സഹകരണത്തിലും ആശ്രിതത്വത്തിലും വിശ്വസിക്കുന്നു. എല്ലാവരും പെർഫെക്റ്റ് ആകുന്നതിന് പകരം ഓരോ ആൾക്കും അയാളുടെ കഴിവിനും താല്പര്യത്തിനും അനുസരിച്ചു സാമൂഹ്യ ജീവിതത്തിൽ പങ്കാളിയാകാൻ അത് അവസരം നൽകുന്നു. അത് വൈവിധ്യത്തെ അംഗീകരിക്കുന്നു.

അതുപോലെ നമ്മൾ ഇന്ന് വ്യാപകമായി കാണുന്ന തൊഴിലില്ലായ്മ ഈ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതാണ്. ഇല്ലായ്മ സൃഷ്ടിച്ചാണ് അത് നിലനിൽക്കുന്നത് തന്നെ. ദാരിദ്ര്യം സ്വാഭാവികമായി ഉണ്ടാവുന്നതല്ല. കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം മനുഷ്യരും അസന്തുഷ്ടരാണ് എന്നതാണ് യാഥാർഥ്യം. ഇക്കോണമി ഓഫ് ഹാപ്പിനെസ്സ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ സ്നേഹം, ബഹുമാനം, അംഗീകാരം തുടങ്ങിയവയെ പരസ്പരം കൈമാറാൻ അവസരമൊരുക്കുന്നതാണ്. അത് വിപണിക്കുവേണ്ടി ചരക്കുകൾ ഉൽപ്പാദിപ്പിച്ചു മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനെ തന്നെ റദ്ദാക്കുന്ന ഒന്നല്ല.

എന്നാൽ പ്രഗത്ഭരായ സാമ്പത്തിക ശാസ്ത്രജ്ഞർ അടക്കമുള്ളവർ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ മൗലികമായ മാറ്റങ്ങൾ വേണം എന്ന് പറയാറില്ല. അമർത്യാസെൻ അടക്കമുള്ളവർ സാമൂഹ്യനീതിയെക്കുറിച്ചും ക്ഷേമ പ്രവർത്തങ്ങളെക്കുറിച്ചും വർദ്ധിച്ചു വരുന്ന അസമത്വത്തിനെതിരെയും സംസാരിക്കുമ്പോഴും വളർച്ചയിൽ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്‌വ്യവസ്ഥ മാറണം എന്നോ പ്രകൃതി വിഭവങ്ങളെ അനന്തമായി ഉപയോഗിച്ചുകൊണ്ട് ഇനിയും അതിന് മുന്നോട്ടുപോകാൻ കഴിയില്ല എന്നോ പറയാറില്ല. മാത്രവുമല്ല, പാരിസ്ഥിക സുസ്ഥിരതയെക്കുറിച്ചു പറയുന്ന ഇക്കോളജിക്കൽ എക്കണോമിസ്റ്റുകളെ ഭരണകൂടങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കാറുമില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് ?

ആളുകളെ കുടിയിറക്കിയും വംശഹത്യ നടപ്പാക്കിക്കൊണ്ടുമാണ് ആധുനിക സമ്പദ്‌വ്യവസ്ഥ നിലനിന്നുപോരുന്നതു. അങ്ങനെയാണ് അത് നിരന്തര വളർച്ച കൈവരിക്കാൻ ശ്രമിക്കുന്നത്. യൂറോപ്പിൽ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരാണ് ഫാക്ടറികളിൽ ചെറിയ തുകയ്ക്ക് തൊഴിലെടുക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം സമ്പന്ന രാജ്യങ്ങൾ അവരുടെ സാമ്പത്തിക നേട്ടങ്ങൾക്കായി കൂടിയാലോചിച്ചു നടപ്പാക്കിയ നയങ്ങളാണ് ലോകത്തിൽ ഇന്നു കാണുന്ന സമ്പദ്ക്രമത്തിന്റെ മാതൃ. കോളനി രാജ്യങ്ങൾ രാഷ്ട്രീയമായി സ്വതന്ത്രമായ ശേഷവും സാമ്പത്തിക കോളനിവൽക്കരണത്തിലൂടെ ചൂഷണം പുതിയ രീതിയിൽ തുടരുകയാണ് അതിന്റെ ലക്ഷ്യം. വേൾഡ് ബാങ്ക്, ഐ.എം.എഫ്, ​ഗാട്ട് തുടങ്ങിയ സ്ഥാപങ്ങൾക്ക് രൂപം നൽകിയത് ഇതിന്റെ ഭാഗമായാണ്. യഥാർത്ഥ ലക്ഷ്യം മറച്ചുവച്ചുകൊണ്ടു മൂന്നാമതൊരു ലോക മഹായുദ്ധവും സാമ്പത്തിക മാന്ദ്യവും ഇല്ലാതാക്കാൻ പുതിയ സാമ്പത്തിക പരിപാടികൾ ലോകം മുഴുവൻ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇതിന്റെ വക്താക്കൾ പ്രചരിപ്പിച്ചു. ​Integrate, harmonize, തുടങ്ങിയ മനോഹര പദങ്ങൾ അവർ ഇതിനായി ഉപയോഗിച്ചു. ഇതിന്റെ ലക്ഷ്യങ്ങൾ സദുദ്ദേശപരമെന്നു പല പ്രധാന വ്യക്തികളും വിശ്വസിച്ചു. അവർ പുത്തൻ സാമ്പത്തിക നയങ്ങളെ അടിസ്ഥാനപരമായി വിമർശിക്കാതെ ഇരുന്നു. മറുവശത്തു കേന്ദ്രീകൃത അധികാര ഘടനയും വൻ സൈനികശേഷിയും വിഭവ ചൂഷണവും അടിച്ചമർത്തലും നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ടു ചേരികളല്ലാതെയുള്ള ഒരു മാതൃക ലോകത്തിന് മുന്നിൽ ഇല്ലാതെ വന്നു. സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന്റെ ചില വശങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭരണകൂടങ്ങളും നിലനിന്നു . ഇവയൊന്നും തന്നെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യമോ ജൈവവൈവിധ്യത്തിന്റെ ആവശ്യകതയോ പാരിസ്ഥിതിക സുസ്ഥിരതയോ പരിഗണിച്ചിരുന്നില്ല.

ഇന്ത്യയിലെ വായു മലിനീകരണം. കടപ്പാട്: hindustantimes

പ്രാകൃതിക മൂലധനം സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെന്നു പോലും ഈ വ്യവസ്ഥകൾ പരിഗണിച്ചില്ല. സാങ്കേതികവിദ്യ സമ്പത്തുണ്ടാക്കുമെന്ന മിഥ്യാധാരണ ഇതിന്റെ വക്താക്കൾ പ്രചരിപ്പിച്ചു. അങ്ങനെ തൊഴിൽ വർധിക്കുമെന്നും. പ്രാദേശിക വിഭവങ്ങളെ വിവേകത്തോടെ വിനാശകാരികളല്ലാത്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തദ്ദേശവാസികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന മാതൃക ബോധപൂർവ്വം അവഗണിക്കപ്പെട്ടു. എന്നി‌ട്ട് സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കയ്യിലേക്ക് ഒതുങ്ങുന്നതിനെ പ്രോൽസാഹിപ്പിച്ചു. മാത്രവുമല്ല സാങ്കേതികവിദ്യയുടെ വികാസം അനിവാര്യമാണെന്ന പൊതുബോധവും സൃഷ്ടിച്ചു. ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന സമ്പത്തിന്റെ വിതരണം ആവശ്യപ്പെടുന്നവരും അതിന്റെ സ്രോതസ്സ് പ്രകൃതിയാണെന്നും അതിലെ വിഭവങ്ങൾക്ക് പരിമിതി ഉണ്ടെന്നും പരിഗണിക്കുന്നില്ല.

അറിവിന്റെ എല്ലാ കേന്ദ്രങ്ങളെയും കോളനിവത്കരിച്ചിരിക്കുകയാണ്. ശാസ്ത്ര സാങ്കേതികവിദ്യ സ്ഥാപനങ്ങളും മാധ്യമങ്ങളും ഗവേഷണ സ്ഥാപനങ്ങളും എല്ലാം വലിയ ഫണ്ടിംഗ് ഏജൻസിയുടെ നിയന്ത്രണത്തിൽ ആണ്. ഈ മുഖ്യധാരാ ട്രെൻഡിൽ നിന്നും മാറിനിന്ന് വേറൊരു ലോകം സാധ്യമാണെന്ന് അന്വേഷിച്ചാൽ മാത്രാമേ നമുക്ക് പുതിയ വഴികൾ കണ്ടെത്താൻ കഴിയുകയുള്ളൂ. ചുരുക്കം ചിലരിലേക്കു സമ്പത്തു കുമിഞ്ഞുകൂടുന്നത് എത്ര അപഹാസ്യമായ കാര്യമാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയേണ്ടിയിരിക്കുന്നു. റോബോട്ടുകൾ നിയന്ത്രിക്കുന്ന അൽഗോരിതം അടിസ്ഥാനപ്പെടുത്തിയുള്ള ലോകക്രമം കൂടുതൽ ജനാധിപത്യപരവും നീതിപൂർവ്വമായതാണെന്നും വാദിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. മനുഷ്യരേക്കാൾ കൂടുതൽ ഉത്തരവാദിത്തത്തോടെ കൂടുതൽ സ്വതന്ത്രമായ ലോകം സൃഷ്ടിക്കാൻ റോബോട്ടുകൾക്കും ഇന്റർനെറ്റിനും കഴിയുമെന്നാണ് ആണ് ഇക്കൂട്ടർ വാദിക്കുന്നത്.

പുതിയ ഐ.പി.സി.സി റിപ്പോർട്ട് പറയുന്നത് ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് വളരെ അപകടനിലയിലാണെന്നും പതിവ് രീതിയിൽ ജീവിതം മുന്നോട്ടുപോവുക ദുഷ്ക്കരവുമാണെന്നാണ്. അവിടെയാണ് ഹെലേനപറയുന്ന ഇക്കോണമി ഓഫ് ഹാപ്പിനെസ്സ് പ്രസക്തമാവുന്നത്. പല രാജ്യങ്ങളും കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ പല നടപടികൾ എടുക്കുമ്പോഴും നിലവിൽ പിന്തുടർന്നുവരുന്ന വളർച്ചയിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ വിമർശനാത്മകമായി നോക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. ഇത് വലിയ പരിമിതി അല്ലെ ? അപവളർച്ച (degrowth) ഒരു സർക്കാരിനും സ്വീകാര്യമല്ല എന്നതല്ലേ യാഥാർഥ്യം ? താങ്കൾ പറയുന്ന ഇക്കോണമി ഓഫ് ഹാപ്പിനെസ്സ് ലോക രാഷ്ട്രങ്ങൾ നടപ്പാക്കാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുണ്ടോ ?

ലോകത്തിലെ മിക്കാവാറും രാജ്യങ്ങളിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അവരോട് അപവളർച്ചയെക്കുറിച്ച് സംസാരിക്കുന്നതു അത്ര എളുപ്പമല്ല. അവരുടെ മുന്നിലുള്ള ജീവിത പുരോഗതിക്കു തടസം നിൽക്കുന്ന പ്രതീതിയാണ് അത് ഉണ്ടാക്കുക. അതിനു പകരം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്ന കാര്യമാണ് അവരോടു സംസാരിക്കേണ്ടത്. ഇതായിരിക്കും മാറ്റത്തിനുവേണ്ടിയുള്ള ശക്തമായ ജനകീയ മുന്നേറ്റത്തെ ഉണ്ടാക്കുക. പാരിസ്ഥിതിക യാഥാർഥ്യങ്ങളെ പരിഗണിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ദീർഘകാല അടിസ്ഥാനത്തിൽ വേണ്ടത്. അതിന് ചെറിയ സമൂഹങ്ങളിൽ പ്രവർത്തന ക്ഷമമാവുന്ന മാതൃകകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഈ മാതൃകകകൾ മറ്റുള്ളവർക്ക് പ്രചോദനമാവേണ്ടതാണ്. അങ്ങനെ ഇപ്പോഴത്തെ സാമ്പത്തിക ആഗോളവൽക്കരണത്തെ ചോദ്യം ചെയ്യുകയും ബദലുകൾ ഉയർത്തുകയും ചെയ്യുന്ന ആഗോള ജനകീയ പ്രസ്ഥാങ്ങൾ ഉയർന്നുവരേണ്ടിയിരിക്കുന്നു. പുതിയ സമ്പദ്‌വ്യവസ്ഥയ്ക്കു വേണ്ടിയുള്ള വിവിധ മുന്നേറ്റങ്ങൾ commons, degrowth, doughnut തുടങ്ങിയ പേരുകളിൽ ലോകത്തിന്റെ പലഭാഗത്തും രൂപപ്പെട്ടുവന്നിട്ടുണ്ട്. കോവിഡ്, യുക്രൈൻ യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയവ ആഗോള സപ്ലൈ ചെയിനിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളരാൻ അനുകൂലമായ സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെപ്പറ്റിയുള്ള വ്യക്തമായ ചിന്തകൾ ഉണ്ടാവേണ്ടതുണ്ട്. വൻ പണവും അൽഗോരിതവും നിയന്ത്രിക്കുന്ന ലോകത്തിൽ നിന്നും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഓരോ സമൂഹത്തിനും കഴിയേണ്ടിയിരിക്കുന്നു. എഴുത്തുകാർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങി ജീവിതത്തിന്റെ നാനാ തലങ്ങളിലുള്ള ജനവിഭാഗം മുഖ്യധാരാ സമ്പദ്‌വ്യവസ്ഥ ജീവിത വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആഗോള സമ്പദ്ക്രമത്തെ നേരിടുന്ന പ്രാദേശിക സമ്പദ്ക്രമം ക്രമാനുഗതമായി ഉയർന്നുവരുന്നുണ്ട്. ഇത് നയപരമായ മാറ്റത്തിനായുള്ള താഴെത്തട്ടിൽ നിന്നുള്ള പ്രതിരോധമായി താമസിയാതെ അത് മാറും. അപ്പോൾ മാത്രമേ സർക്കാരുകൾ അത് ഏറ്റെടുക്കാൻ സാധ്യതയുള്ളൂ.

കോളനി രാജ്യങ്ങളിൽ നിന്നുമുള്ള മരം മുറിച്ച് കടത്തിൽ. കടപ്പാട്: wikipedia

അത് ശരിയാണ്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന സിസ്റ്റം വളരെ ശക്തമായ ഒന്നാണ്. അതുകൊണ്ട് ചെറിയ സമൂഹങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും മാറ്റത്തിന്റെ പാതയിൽ നിലകൊണ്ടാൽ മാത്രം മൗലികമായ മാറ്റങ്ങൾ സാധ്യമാവുമോ ? അവിടെ സർക്കറുകൾ മാറ്റത്തിന് തുടക്കമിടുന്നതല്ലേ കൂടുതൽ പ്രായോഗികം ?

വ്യാവസായിക പുരോഗതി കൈവരിച്ച പടിഞ്ഞാറൻ രാജ്യങ്ങളിൽ വിക്ടോറിയൽ കാലം മുതൽ വംശാധിപത്യ പ്രവണതകളും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളും ശക്തി പ്രാപിച്ചു വരുന്നതായി കാണാം. എന്നാൽ ഇപ്പോൾ ആദിവാസി ജനതയുടെ മൂല്യങ്ങളെയും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കുന്ന സംസ്‌കാരങ്ങളെയും ബഹുമാനിക്കുന്ന ഒരു രീതി ഉണ്ടായി വരുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി പ്രാദേശിക തലത്തിൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കാവുന്നതാണ്. ചില സ്ഥലങ്ങളിൽ നഗരങ്ങളിലെ ഭരണകൂടങ്ങൾ സുസ്ഥിരതയുടെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ ലോകത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രാദേശിക തലങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ ജനങ്ങൾക്കിടയിൽ നേരിട്ട് നടക്കേണ്ടതുണ്ട്. നൂതന ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങൾ, വിഡിയോകൾ, തുടങ്ങിയവ പ്രാദേശിക പ്രസിദ്ധീകരങ്ങൾ, റേഡിയോ, ഇന്റർനെറ്റ് തുടങ്ങിയ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും വേണം. ജനങ്ങളുടെ സമ്മർദ്ദം ഉണ്ടായാൽ മാത്രമേ സർക്കാരുകൾ മാറ്റങ്ങൾ കൊണ്ടുവരാൻ തുനിയുകയുള്ളൂ. ഇപ്പോൾ വലിയ കോർപറേറ്റുകൾ നടത്തുന്ന ഇടപെടലുകളും സമ്മർദ്ദവുമാണ് ഭരണകൂടങ്ങളെ നയിക്കുന്നത്. കോർപ്പറേറ്റുകൾ വലിയ യന്ത്രം കണക്കെയാണ് പ്രവർത്തിക്കുന്നത്. രക്തവും മാംസവുമുള്ള സാധാരണ മനുഷ്യരുടെ ഇടപെടലാണ് ഇനി നമുക്ക് വേണ്ടത്. അതിനു മാത്രമേ വൈവിധ്യം (diversity) എന്ന പ്രധാനപ്പെട്ട ജീവിത മൂല്യത്തെ ഉയർത്തിക്കാട്ടാൻ കഴിയുകയുള്ളൂ. മനുഷ്യർക്കിടയിലും മനുഷ്യർക്ക് പ്രകൃതിയുമായും ആരോഗ്യകരമായ ആശ്രിതത്വം ഉണ്ടാകുക എന്നതാണ് പ്രധാനം.

ലാഭം മുൻ നിർത്തിയുള്ള ബിസിനസ്, പലിശയുടെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് സമ്പ്രദായം എന്നിവ ഗ്ലോബൽ ട്രേഡിന്റെ പ്രധാന ഘടകങ്ങൾ ആണല്ലോ. പുതിയ സാമ്പത്തികക്രമത്തിനെ പറ്റി ചിന്തിക്കുമ്പോൾ ലാഭം, പലിശ എന്നിവയെ ഒഴിവാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കേണ്ടത് പ്രധാനമല്ലെ ? ഇക്കോണമി ഓഫ് ഹാപ്പിനെസ്സ് പ്രായോഗികമാക്കുമ്പോൾ ഇതുകൂടി പരിഗണിക്കേണ്ടി വരില്ലേ ?

ഇല്ലായ്മ കൃത്രിമമായി സൃഷ്ട്രിച്ചാണ് ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത്. എന്നാൽ പ്രാദേശിക സമ്പദ് വ്യവസ്ഥ അങ്ങനെ അല്ല. ഒരു പ്രദേശത്തിനുവേണ്ട ഭക്ഷണം അവിടെ ഉണ്ടാക്കുമ്പോൾ സമൃദ്ധിയാണ് കൊണ്ടുവരുന്നത്. കാരണം അതിലൂടെ ഉണ്ടാവുന്ന സാമ്പത്തിക വ്യവഹാരങ്ങൾ ആ പ്രദേശത്തെ ജനങ്ങളുടെ നിയന്ത്രണത്തിലാണ് നടക്കുക. ഇപ്പോൾ നടക്കുന്നത് വിപണിക്ക് വേണ്ടി നടക്കുന്ന ഉത്പാദനമാണ്. ഇത് മണ്ണിനെയും ആവാസ വ്യവസ്ഥയെയും നശിപ്പിക്കുന്ന ഏകവിള കൃഷികളാണ്. അതുപോലെ തന്നെയാണ് മറ്റു മേഖലകളിലുള്ള ഉൽപ്പാദനവും നടക്കുന്നത്. ഇപ്പോൾ നടക്കുന്ന ഉൽപ്പാദനം ലാഭം മാത്രം പരിഗണിക്കുന്നതും പ്രകൃതിയെയോ മനുഷ്യന്റെ ക്ഷേമത്തെയോ നോക്കാതെ ഉള്ളതുമാണ്. നമുക്ക് വേണ്ടത് ഒരു സമൂഹത്തിന്റെ ആവശ്യവും പാരിസ്ഥിതിക പരിമിതികളും സാധ്യതകളും പരിഗണിച്ചുകൊണ്ടുള്ള ഉൽപ്പാദന വ്യവസ്ഥയാണ്. സാമ്പത്തിക വളർച്ച മുഖ്യലക്ഷ്യം ആകുമ്പോൾ ഇത് പരിഗണിക്കാതെ പോകുന്നു. നാളത്തെ ലോകത്തിനു വേണ്ടി എന്തെകിലും ബാക്കിവയ്ക്കാൻ പോലും ശ്രദ്ധിക്കാതെ വരുന്നു. ഇക്കോണമി ഓഫ് ഹാപ്പിനെസ്സ് ഊന്നൽ കൊടുക്കുന്നത് പാരിസ്ഥിതിക സുസ്ഥിരതയ്ക്കും മനുഷ്യ ക്ഷേമത്തിനുമാണ്. അത് ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read