സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. പറക്കാല പ്രഭാകർ രചിച്ച ‘ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകത്തിൽ ഒമ്പത് വർഷമായി ബി.ജെ.പി സർക്കാർ തുടരുന്ന നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നു. ഫെഡറലിസത്തെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളെയും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ എങ്ങനെയാണ് ജനങ്ങൾക്ക് ഭീഷണിയായി മാറുന്നതെന്ന് അദ്ദേഹം സംസാരിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ജീവിത പങ്കാളിയുമായ പറക്കാല പ്രഭാകർ, ബി.ജെ.പിയുടെ ആന്ധ്രപ്രദേശ് യൂണിറ്റിന്റെ വക്താവായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
‘ദ ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കണം എന്ന തോന്നലിലേക്ക് എത്തിയത് എങ്ങനെയാണ്?
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന വിടവുകളെക്കുറിച്ച് ഞാന്‍ കുറേ ചിന്തിച്ചു. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും രൂപപ്പെടുന്ന വിടവുകൾ. വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍, വികസനം, മതേതര ആശയങ്ങള്‍ ഇല്ലാതാകുന്നത്, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാകലും ദുർബലപ്പെടലും ഇതെല്ലാം എന്നെ ആശങ്കപ്പെടുത്തി. ഈ ആശങ്കകളെക്കുറിച്ച് പറയണമെന്ന് എനിക്ക് തോന്നി, അവ എഴുതണമെന്നും. ഇതിനെക്കുറിച്ച് പൊതു ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിന് വേണ്ടിയാണ് എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. ഈ പുസ്തകം എഴുതുന്നതിലൂടെ എന്തെങ്കിലും ഞാന്‍ മാറ്റമുണ്ടാകുമെന്ന് കരുതിയിട്ടില്ല. മാറ്റങ്ങള്‍ ഉണ്ടാകുന്നത് വലിയ വിഭാഗം ആളുകളുടെ ശ്രമങ്ങളിലൂടെ മാത്രമാണ്. പക്ഷേ എപ്പോഴും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ആളുകള്‍ അതേപ്പറ്റിയെല്ലാം സംസാരിക്കണം.
ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത് രാജ്യം പല കാര്യങ്ങളിലും ഒരുപാട് പിന്നോട്ടുപോയിട്ടുണ്ട് എന്നാണ്. എത്രയും വേഗം സെന്‍സസ് നടക്കുക എന്നത് വളരെ പ്രധാനമാണ്. 2021ൽ നടക്കേണ്ട സെന്‍സസ് രാജ്യത്ത് ഇനിയും നടന്നിട്ടില്ല എന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തല്‍?
എന്തിനെക്കുറിച്ചുള്ള ഡാറ്റയും വളരെ പ്രധാനമാണ്. നയങ്ങള്‍ രൂപീകരിക്കുവാനും നടപ്പിലാക്കുവാനും ഏതൊക്കെ പ്രദേശങ്ങളിൽ, ഏതൊക്കെ ജനവിഭാഗങ്ങളിലാണ് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതെന്ന് തിരിച്ചറിയാന്‍ നമുക്ക് സമഗ്രമായ സെന്‍സസ് ആവശ്യമാണ്. സെന്‍സസ് നടക്കുന്നില്ല എന്നത് ഇരുളിലേക്ക് വെടിവെക്കുന്നത് പോലെയാണ്. ഭരണകൂടം സെന്‍സസ് നടത്തുവാനുള്ള അതിവേഗ നടപടികള്‍ കൈക്കൊള്ളണം. അല്ലാതെ നമ്മള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന് നമുക്ക് അളക്കുവാന്‍ കഴിയില്ല. ഇനി മുന്നോട്ട് എങ്ങനെ പോകണം എന്ന് പദ്ധതികള്‍ രൂപീകരിക്കുവാന്‍ കഴിയില്ല.
ഇതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതല്ലേ ദേശീയ ജാതി സെന്‍സസ്? ജാതി സെന്‍സസ് നടത്തുക എന്ന കാലങ്ങളായുള്ള ആവശ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ജാതി സെന്‍സസ് നടത്താതിരിക്കാന്‍ ഒരു കാരണവും എനിക്ക് കാണാന്‍ കഴിയുന്നില്ല. കാരണം, നമുക്ക് ഓരോ ജാതികളെക്കുറിച്ചും അറിയേണ്ടത് വളരെ പ്രധാനമാണ്. ജാതി ഇന്ത്യയുടെ യാഥാര്‍ത്ഥ്യമാണ്. ഓരോ ജാതികളുടെയും സാമ്പത്തിക സ്ഥിതിയെന്താണ്, വിദ്യാഭ്യാസ സ്ഥിതി എങ്ങനെയാണ് എന്നെല്ലാം നമ്മളറിയേണ്ടതുണ്ട്. എന്തുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഈ സെന്‍സസിനെ പ്രതിരോധിക്കുന്നതെന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് അവര്‍ ജനറല്‍ സെന്‍സസ് പോലും നടത്താത്തത്? സെന്‍സസിനോട് മാത്രമല്ല, എന്തുതരം ഡാറ്റയോടും ഈ സർക്കാർ വിമുഖത കാണിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. എന്തിനെക്കുറിച്ചും ആധികാരികമായ, ആശ്രയിക്കാവുന്ന ഡാറ്റ ഇല്ലാതിരിക്കുവോളം സർക്കാരിന് അവരുടെ നറേറ്റീവിനെ പ്രബലമാക്കി നിര്‍ത്താന്‍ കഴിയും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. ജാതി സെന്‍സസും സെന്‍സസും നടന്നുകഴിഞ്ഞാല്‍, അത്തരത്തിലുള്ള വിവരശേഖരണത്തിലൂടെ വരുന്ന ഡാറ്റ പുറത്തുവന്നാല്‍ അവര്‍ക്ക് അവരുടെ പ്രചാരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവയുടെ സ്വാതന്ത്ര്യത്തെയും എങ്ങനെയാണ് വിലയിരുത്തുന്നത്? പ്ലാനിങ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നു?
പ്ലാനിങ് കമ്മീഷന്‍ വളരെ പ്രധാനപ്പെട്ടൊരു സംവിധാനമായിരുന്നു. പഞ്ചവത്സര പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ മാത്രമല്ല, വിവിധ പദ്ധതികൾ എങ്ങനെയെല്ലാം നടപ്പിലാക്കിയെന്നും അവയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നും പരിശോധിക്കാനും പഠിക്കാനും അനുഭവസമ്പത്തുള്ള ഒരു സംവിധാനം നിലവിലുണ്ട്. ഏതെങ്കിലും പദ്ധതികളോ നയമോ വിജയകരമായാൽ അവ എങ്ങനെ മറ്റു പ്രദേശങ്ങളിൽ പ്രായോഗികമാക്കാം എന്നതുൾപ്പെടെയുള്ള വിലയിരുത്തലുകൾ പ്ലാനിങ് കമ്മീഷൻ ഉണ്ടായിരുന്നപ്പോൾ നടന്നിരുന്നു. സർക്കാർ പ്ലാനിങ് കമ്മീഷൻ ഇല്ലാതാക്കാൻ തീരുമാനിക്കുകയും നീതി ആയോഗ് സ്ഥാപിക്കുകയും ചെയ്തു. നീതി ആയോഗ് പ്ലാനിങ് കമ്മീഷനെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് എന്നെപ്പോലുള്ളവർ പ്രതീക്ഷിച്ചിരുന്നു. അർത്ഥപൂർണ്ണമായ എന്തെങ്കിലും വർക്ക് ചെയ്യാൻ നീതി ആയോഗിന് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ആ അർത്ഥത്തിൽ നീതി ആയോഗ് എന്നെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. പ്ലാനിങ് കമ്മീഷൻ വളരെ കൃത്യവും മികച്ചതും ആയിരുന്നു എന്നല്ല ഞാൻ പറയുന്നത്. പ്ലാനിങ് കമ്മീഷനും അതിന്റേതായ ദൗർബല്യങ്ങൾ ഉണ്ടായിരിക്കും. പ്ലാനിങ് കമ്മീഷനിൽ തന്നെ മാറ്റങ്ങൾ വരുത്തിയാൽ മതിയായിരുന്നു. പ്ലാനിങ് കമ്മീഷനെ തന്നെ മെച്ചപ്പെടുത്തിയാൽ മതിയായിരുന്നു.
ജൂണില്‍ നടന്ന ഇന്ത്യ റ്റുഡേ കോണ്‍ക്ലേവില്‍ നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന അമിതാഭ് കാന്ത് സംസാരിച്ചിരുന്നു. കേരളത്തില്‍ കൂടുതല്‍ ടൂറിസം വികസനത്തിന് സാധ്യതയുണ്ടെന്നും കേരളത്തിലെ സോഷ്യലിസ്റ്റ് സര്‍ക്കാരുകളാണ് എപ്പോഴും അതിന് തടസ്സം നിന്നിരുന്നതെന്നും അമിതാഭ് കാന്ത് ആ കോണ്‍ക്ലേവില്‍ പറയുന്നുണ്ട്. വളരെ തുറന്നൊരു പ്രസ്താവനയായിരുന്നു അത്. അത് പറയുന്നതും ഒരു മാധ്യമഗ്രൂപ്പിന്റെ കോണ്‍ക്ലേവില്‍. ഭരണനിര്‍വഹണ പദവിയിലുള്ള അല്ലെങ്കില്‍ ഉണ്ടായിരുന്ന ഒരാള്‍ അങ്ങനെയൊരു കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നു എന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
നീതി ആയോഗിന്റെ അജണ്ട തീരുമാനിക്കുക എന്നതാണ് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഡ്യൂട്ടി. ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അടിസ്ഥാന സൗകര്യങ്ങൾ ഇത്തരത്തിൽ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് നീതി ആയോഗിന്റെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് നിരാശാജനകമാണ്. നിയമപരമായി തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ മുന്‍ഗണനകളുണ്ടാകും, അവര്‍ക്ക് ജനസമ്മതി കിട്ടുന്നതിലൂടെയാണ് അവര്‍ അധികാരത്തിലെത്തുന്നത്. പദവിയിലിരിക്കെ നീതി ആയോഗ് എക്‌സിക്യൂട്ടീവിന് അത്തരമൊരു പ്രസ്താവന നടത്താനുള്ള അധികാരമില്ല.
സംസ്ഥാന സർക്കാരുകളെ യൂണിയന്‍ ഗവണ്മെന്റിലേക്ക് ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് കൂടുതലായി നടക്കുന്നത് കാണാം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിലൂടെ നമ്മളത് കണ്ടു, മണിപ്പൂരില്‍ കലാപം ഇന്നും തുടരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏകീകരണം നടത്താന്‍ ശ്രമിക്കുന്നത് ഗവര്‍ണര്‍മാരിലൂടെയാണ്. യൂണിഫോം സിവില്‍കോഡ് പോലുള്ള നിയമശുപാര്‍ശകള്‍ മറ്റൊരുഭാഗത്ത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സിവില്‍ സൊസൈറ്റിയുടെയും പ്രതിരോധം എത്രത്തോളം ശക്തമാണ്?
രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സംസ്ഥാന സര്‍ക്കാരുകളും തുടര്‍ച്ചയായി അവരുടെ എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ കേന്ദ്ര ഗവണ്മെന്റ് അതിന്റെ അജണ്ട നടപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടന ഇന്ന് ഭീഷണിയിലാണ്. കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരുകളിലേക്കുള്ള വിഭവങ്ങളുടെ വിതരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വേണ്ട രീതിയില്‍ നടക്കുന്നില്ല. പ്രത്യേകിച്ച് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണപാര്‍ട്ടികള്‍ വ്യത്യസ്തമായിരിക്കുമ്പോഴും, ഫെഡറല്‍ രാഷ്ട്രീയത്തിന്റെ ചില തത്വങ്ങള്‍ സെന്റര്‍-സ്റ്റേറ്റ് ബന്ധങ്ങളെ ഫിനാന്‍സിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നുണ്ട്. പക്ഷേ ഈ കേന്ദ്ര സര്‍ക്കാര്‍ ആ തത്വങ്ങളെ കാറ്റില്‍ പറത്തിയിരിക്കുകയാണ്.
നിലവില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സഖ്യമായ ഇന്‍ഡ്യയെ എങ്ങനെയാണ് നോക്കിക്കാണുന്നത്? മുമ്പൊന്നുമില്ലാത്ത തോതില്‍ വര്‍ഗീയ ആക്രമണങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യകളും ഇന്ത്യയില്‍ പതിവായിട്ടുണ്ട്. ആര്‍.എസ്.എസ് അവകാശപ്പെടുന്നതുപോലെ, 2025 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഇന്നത്തെ അവരുടെ പ്രവണതകളെ തടയാതിരുന്നാല്‍ അവര്‍ ഈ അജണ്ടകള്‍ തീര്‍ച്ചയായും നടപ്പിലാക്കും. കാരണം അവര്‍ അതൊന്നും മറച്ചുവെച്ചിട്ടില്ല. തുടക്കം മുതലേ അവര്‍ വാദിക്കുന്നത് ഈ രാജ്യം ഹിന്ദുക്കളുടേതാണ് എന്നും മറ്റെല്ലാവരും ഈ ആധിപത്യത്തെ മാനിച്ച് രണ്ടാംതരം പൗരരായി തുടരണം എന്നുമാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിനെ വെല്ലുവിളിച്ചില്ലെങ്കില്‍, ഇതിനെ തടഞ്ഞില്ലെങ്കില്‍ അവര്‍ ഇതെല്ലാം നടപ്പിലാക്കിയേക്കും. പക്ഷേ ഒരു വെല്ലുവിളി, രാഷ്ട്രീയമായ വെല്ലുവിളി ഉയര്‍ന്നാല്‍ അവരെ നിയന്ത്രിക്കാന്‍ കഴിയും. നമ്മുടെ ലിബറല്‍ ഭരണഘടനയുടെ അടിസ്ഥാനതത്വം എന്നത് തന്നെ വൈവിധ്യങ്ങളെ ബഹുമാനിക്കുക എന്നതാണ്. സ്വാതന്ത്ര്യം, സഹിഷ്ണുത, മതേതരത്വം ഇതെല്ലാം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അവരുടെ അജണ്ടയെ ജനങ്ങള്‍ പ്രതിരോധിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. ആ അജണ്ടയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുവരികയും ഇതിനെ എതിര്‍ക്കുകയും ചെയ്യുമോ എന്നതാണ് ചോദ്യം. ഇത് ഒരു തെരഞ്ഞെടുപ്പിനെ മാത്രം സംബന്ധിക്കുന്ന ചോദ്യമല്ല, ഈ പ്രക്രിയയെ തെരഞ്ഞെടുപ്പ് ബലപ്പെടുത്തിയേക്കാമെങ്കിലും. തെരഞ്ഞെടുപ്പിന് ശേഷവും ആളുകള്‍ സ്വന്തം സുഖസൗകര്യങ്ങളിൽ തുടരുകയാണെങ്കില്‍ (complacent) അധികാരത്തില്‍നിന്ന് പോയ പാര്‍ട്ടിക്ക് ഏതുസമയത്തും തിരിച്ചുവരാം. അങ്ങനെ വരുമ്പോള്‍ വലിയ തീവ്രതയിലായിരിക്കും അത് വരിക. അതുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം തന്നെ സിവില്‍ സൊസൈറ്റി സംഘടനകള്‍ രാഷ്ട്രീയ മേഖലയ്ക്ക് അപ്പുറത്തേക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ക്ക് മാത്രമേ ഈ പ്രവണതകള്‍ തിരിച്ചെത്തുകയില്ല എന്ന് ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ.
വിവിധ അന്താരാഷ്ട്ര സംഘടനകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ പല സൂചകങ്ങളിലും പിന്നില്‍ നില്‍ക്കുന്നതായി കാണാം. ദാരിദ്ര്യം, സന്തോഷം, ജനാധിപത്യം എന്നിവയുടേത് ചില ഉദാഹരണങ്ങളാണ്. 2017ല്‍ ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനാല്‍ കുഞ്ഞുങ്ങള്‍ മരിക്കുകയുണ്ടായി. കോവിഡ് കാലയളവില്‍ ‘മേക് ഇൻ ഗുജറാത്’ പദ്ധതിയിൽ നിർമ്മിച്ച ധമൻ-1 വെന്റിലേറ്ററിന് തീപിടിത്തമുണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ എല്ലാവര്‍ക്കും ലഭ്യമാകുന്നില്ല, മറുവശത്ത് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേപ്പറ്റി എന്തൊക്കെയാണ് താങ്കളുടെ നിരീക്ഷണങ്ങള്‍?
കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസമത്വത്തിന്റെ തോത് കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ 125 കോടീശ്വരന്മാരാണ് 2014ല്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 145 ആയിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതിനേക്കാള്‍ പ്രധാനം നമ്മുടെ പ്രതിശീര്‍ഷ വരുമാനം എന്താണ് എന്നതാണ്. അതെങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, അതിലെ തുല്യത/ അസമത്വം എന്താണ്? എത്രപേരാണ് ദരിദ്രര്‍? നമുക്ക് അവരുടെ ജീവിത നിലവാരങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്നുണ്ടോ? ആ കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ പ്രകടനം വളരെ ദുര്‍ബലമാണ്. അസമത്വം പരിഹരിക്കുന്നതിന് ആദ്യം വേണ്ടത് അതൊരു തിന്മയാണ് എന്ന് തോന്നുകയാണ്. അസമത്വം ഒരു പ്രശ്നമായി നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ അതൊരു ഗൗരവമായ പ്രശ്നമാണ്. അതൊരു പ്രശ്നമാണെന്ന് മനസ്സിലാക്കി അതിനെ പരിഹരിക്കണം എന്ന് തീരുമാനിച്ച് അതിനെതിരെ പ്രവർത്തിക്കുന്നതാണ് ഏറ്റവും പ്രധാനം. അതിൽ വിജയിക്കുന്നുവോ ഇല്ലയോ എന്നത് പിന്നീട് വരുന്ന കാര്യമാണ്.
മോദി സർക്കാരിന്റെ ഒരു അവകാശവാദത്തെക്കുറിച്ചാണ് അടുത്ത ചോദ്യം. ജി.ഡി.പിയുടെ കാര്യത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ എന്ന വാദം ശരിയാണോ? എന്താണ് യാഥാര്‍ത്ഥ്യം?
1.4 ബില്യൺ ആണ് ഇന്ത്യയുടെ ജനസംഖ്യ. അതുകാരണം തന്നെ ഇന്ത്യയുടെ ഗ്രോസ് ജി.ഡി.പി തന്നെ വളരെ വലുതാണ്. എന്നാൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യ 148ാമതാണ്, വളരെ താഴെയാണ്. പ്രതിശീർഷ വരുമാനം എന്താണ് എന്നതാണ് പ്രധാനം. ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തോത് എത്രയാണ് എന്നതാണ് പ്രധാനം. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുന്നത് ആഘോഷിക്കാൻ മാത്രമുള്ള കാര്യമാണോ? എന്നെ സംബന്ധിച്ച് അല്ല.
(‘സമദർശി’ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി 2023 സെപ്തംബർ 15ന് തൃശൂർ എത്തിയപ്പോൾ കേരളീയത്തിന് നൽകിയ അഭിമുഖം)