തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് പെരിയകരംപൂർ എന്ന ഗ്രാമം. പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന ഇരുപതോളം ഇരുള കുടുംബങ്ങളാണ് സർക്കാർ നൽകിയ പട്ടയഭൂമിയിൽ ഇവിടെ താമസിക്കുന്നത്. വനവിഭവങ്ങൾ ശേഖരിച്ചും പാമ്പിനെയും എലിയേയും പിടിച്ചും ജീവിച്ചിരുന്ന ഇരുളരെ വനനിയമങ്ങൾ നിലവിൽ വന്നപ്പോൾ സർക്കാർ പുനരധിവസിപ്പിച്ച സ്ഥലം.
ബസ് സർവ്വീസ് ഇല്ലാത്ത പെരിയകരംപൂരിലേക്ക് പോകാൻ കാഞ്ചീപുരത്ത് നിന്നും ഒട്ടോ വിളിച്ചു. ഇരുളർ താമസിക്കുന്ന സ്ഥലത്താണ് പോകേണ്ടത് എന്ന് പറഞ്ഞപ്പോൾ അവർ വരാൻ തയ്യാറല്ലായിരുന്നു. അവസാനം ഒരാൾ പകുതി ദൂരം കൊണ്ടാക്കാമെന്ന് സമ്മതിച്ചു. കാഞ്ചീപുരം-തിരുപ്പതി ഹൈവേയിൽ കാമരാജ് സ്ട്രീറ്റിലുള്ള ബേറ്റ പബ്ലിക്ക് സ്കൂളിന്റെ അടുക്കൽ വരെ അയാൾ ഞങ്ങളെ എത്തിച്ചു. അവിടെ വച്ച് കണ്ട തനികാചലം എന്ന ഒട്ടോ ഡ്രൈവർ ഇരുള കുടിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. ഇരുളർ താഴ്ന്നവരായതിനാലാണ് മിക്ക ഒട്ടോക്കാരും ഇരുള കുടിയിലേക്ക് വരാൻ തയ്യാറാകാത്തതെന്ന് തനികാചലം യാത്രക്കിടയിൽ പറഞ്ഞു.
വിദ്യാഭ്യാസമില്ലായ്മയും പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യവും ജാതീയമായ വേർതിരിവും സർക്കാർ ഭൂമിയിൽ പട്ടിണി കിടക്കുക എന്ന വിധിയാണ് ഇരുളർക്ക് നൽകിയത്.
ഭക്ഷണത്തിന് പകരം കൈമാറ്റം ചെയ്യാൻ ശരീരിക അധ്വാനം മാത്രമല്ലാതെ മറ്റൊന്നും ഇരുളരുടെ കയ്യിലില്ലായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, അടിമത്തം അതിന്റെ ക്രൂരമായ മുഖത്തോടെ അനുഭവിക്കേണ്ടി വരുന്ന വിഭാഗമാണ് ഇരുളരുടേത്. സ്വന്തമായി ഭൂമിയോ മറ്റ് സാമ്പാദ്യങ്ങളോ ഇല്ലാത്ത ഇരുളർക്ക് ആകെ കൈമുതലായിട്ടുള്ളതും പണയം വയ്ക്കാൻ കഴിയുന്നതും സ്വന്തം ശാരീരികാധ്വാനം മാത്രമാണ്. അത് ഇരുളരെ അടിമവേലക്കാരാക്കി (Bounded Labour) മാറ്റി.
തമിഴ് നാട്ടിലാകെ രണ്ടരലക്ഷത്തോളം ഇരുളർക്ക് ഇനിയും ഐഡി കാർഡോ റേഷൻ കാർഡോ ലഭിച്ചിട്ടില്ല. ക്യാമറ കണ്ടപ്പോൾ അവർ കരുതിയത് ആധാർ കാർഡ് നൽകുവാൻ വന്ന സർക്കാർ ഉദ്യോഗസ്ഥരായിരിക്കും ഞങ്ങൾ എന്നാണ്. പെരിയകരംപൂരിലെ പകുതി പേർക്ക് മാത്രമാണ് പട്ടയം ഉള്ളത്. പകുതിപ്പേർക്കും റേഷനരി കിട്ടുന്നില്ല. സ്കൂളിലേക്ക് പോകണമെങ്കിൽ 10 കിലോമീറ്റർ നടക്കണം. പ്ലസ് ടുവാണ് ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത. ആർത്തവമെത്തിക്കഴിഞ്ഞാൽ മിക്ക പെൺക്കുട്ടികളുടെയും സ്കൂൾ വിദ്യാഭ്യാസം അതോടെ നിലയ്ക്കും.
കൊയ്ത്ത് കാലത്ത് പാടത്ത് പണി ഉണ്ടായിരിക്കും. പാടത്ത് പണിയില്ലാത്തപ്പോൾ തൊഴിലുറപ്പിന് പോകും. കൂലി ബാങ്കിലാണ് വരുന്നതെങ്കിലും അക്ഷരാഭ്യാസമില്ലത്തതിനാൽ ബാങ്കുകാർ കൊടുക്കുന്ന 50 രൂപയാണ് തൊഴിലുറപ്പിന്റെ കൂലി എന്നാണ് അവർ വിശ്വസിച്ചിരിക്കുന്നത്.
സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ പണി പകുതി മാത്രമേ പൂർത്തിയായിട്ടുള്ളൂ. മണ്ണ് കൊണ്ട് നിർമ്മിച്ച പനയോല മേഞ്ഞ കുടിലുകളിലാണ് എല്ലാ കുടുംബങ്ങളും താമസിക്കുന്നത്. ഇരുളടഞ്ഞ കുടിലുകളിലും ജീവിതത്തിലും വെളിച്ചം എത്തുമെന്ന വിശ്വാസത്തിൽ കുലദൈവമായ കന്നിയമ്മാളെ സ്തുതിച്ച് അവർ പാടുന്നുണ്ടായിരുന്നു. “കന്നിയമ്മാളെ കന്നിയമ്മാളെ വണങ്ങിവന്തോം എൻ മനിസ്സുക്കുള്ളെ ഉന്നെ വേണ്ടി പാടവന്തോം…”.