ജാതിയെ പറ്റിയുള്ള ചർച്ചകൾക്ക് യാതൊരു ഇടവും കൊടുക്കാത്ത സ്ഥലമാണ് കേരളം. സാക്ഷരത ജാതിയില്ലായ്മയുടെ പര്യായമായി വ്യാഖ്യാനിക്കുകയും, എന്നാൽ സമൂഹത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും ജാതി കൃത്യമായി പാലിക്കുകയും ചെയ്യുന്ന പ്രത്യേകതരം പ്രവർത്തനരീതിയാണ് മലയാളികൾ കാലങ്ങളായി പിന്തുടർന്ന് പോരുന്നത്. പ്രശസ്ത സാമൂഹിക ചിന്തകനായ സതീഷ് ദേശ്പാണ്ഡെ പറഞ്ഞത് പോലെ, സ്വാതന്ത്ര്യാനന്തരം ഭരണഘടന നിലവിൽ വന്നതോട് കൂടി ഇന്ത്യയിലെ സവർണ്ണർ ജനറൽ സമൂഹം ആയി പട്ടികപ്പെടുത്തപ്പെട്ടപ്പോൾ അവർ ജാതിയില്ലായ്മ സ്വയം അവകാശപെടുകയും എന്നാൽ ജാതിയുടെ എല്ലാ വിശേഷാധികാരങ്ങളും നിലനിർത്തി അനുഭവിച്ചു പോരുകയും ചെയ്തു. ഇത് വളരെ എളുപ്പത്തിൽ കോളനിയാനന്തര ഇന്ത്യൻ സമൂഹത്തെ സംസ്കൃതവൽകരിക്കാൻ സഹായകമായി. തുടർന്ന്
ഇന്ത്യയിൽ നിലവിൽവന്ന ജന്മിത്ത ജനാധിപത്യം ഡിസിഷൻ മേക്കിങ്ങിൽ നിന്ന് അടിത്തട്ട് വിഭാഗങ്ങളെ മാറ്റിനിർത്തുക കൂടി ചെയ്തതുകൊണ്ട് തന്നെ ഇത്തരം ജാതി മേധാവിത്തത്തെ ചോദ്യം ചെയ്യത്തക്ക നിലയിൽ അധികാരമോ, ഇടമോ അവർക്ക് സമൂഹ-അധികാരഘടനയുടെ ഒരു തട്ടിലും ലഭിച്ചില്ല താനും.
ഹിംസകളാൽ നിർമ്മിക്കപ്പെടുകയും നിർണ്ണയിക്കപ്പെടുകയും ചെയ്യുന്ന ഏകാത്മകമായ ഒരു കൂട്ടം ബന്ധങ്ങളാണ് ജാതി. അവ ആക്രമണങ്ങളുടെ രൂപത്തിലും, പ്രതീകാത്മക രൂപത്തിലും, ഘടനാപരമായ സ്വഭാവത്തിലുമാണ് പ്രവർത്തിക്കുന്നത്. കേരളത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സ്വഭാവം, ആക്രമണങ്ങളെക്കാൾ അധികം പ്രതീകാത്മ-ഘടനാപരമായ സ്വഭാവങ്ങളിൽ പ്രവർത്തിക്കാൻ ജാതിയ്ക്ക് സാധ്യത നൽകി. അതോടൊപ്പം മേല്പറഞ്ഞപോലെ തീരുമാന നിർണ്ണയനങ്ങൾ എടുക്കുന്നതിലും, അധികാര സ്ഥാനങ്ങളിലും അടിത്തട്ട് ജനതകൾക്ക് സ്ഥാനം ലഭിക്കാതെ കൂടെ ആയപ്പോൾ ജാതി മേൽകോയ്മകളെ തിരിച്ച് എതിർക്കുക എന്നത് കൂടുതൽ ദുസ്സഹവുമായി. സ്വാഭാവിക സംഭാഷണങ്ങളിൽ തൊട്ട് തമാശകൾക്ക് ഉള്ളിൽ വരെ ജാതിയെ കൃത്യമായി വരച്ചിട്ടുകൊണ്ട് അവയെ സമൂഹത്തിന്റെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ അതിനാൽ സാധിച്ചു. ‘നിന്റെ സ്ഥാനം ഇതാണ്’ എന്ന് പറയാതെ തന്നെ ആളുകൾ അവബോധങ്ങൾ അതിലൂടെ സൃഷ്ടിച്ചു . പണ്ട് ബഹുമാനപ്പെട്ട കെ. ആർ നാരായണൻ ഇന്ത്യൻ രാഷ്‌ട്രപതിയായിരുന്ന കാലത്ത് “രാഷ്‌ട്രപതി പതാക ഉയർത്തുന്ന സമയം ആൾക്കാര് നോക്കുമ്പോ, പുള്ളിയും മേളിലോട്ട് കയറി പോയി” എന്നിങ്ങനെ നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ടായിരുന്ന ചില തമാശകൾ മേല്പറഞ്ഞതിന്റെ ഉദാഹരണമാണ്.
ജാതിയെ ഇങ്ങനെ ദൃശ്യതയ്ക്ക് പുറകിൽ നിർത്തിക്കൊണ്ട് കാലങ്ങളായി നടന്നുകൊണ്ടിരുന്ന എല്ലാ ജാതി അക്രമങ്ങളും മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പടെ കാര്യമായി ഒതുക്കിനിർത്തിയിരുന്നു. സിവിൽ സമൂഹങ്ങളുടെ ഇടപെടലിലേക്ക് വിഷയങ്ങൾ എത്താതിരിക്കാൻ സകല സവർണ ജാതി ഒട്ടകങ്ങളും നന്നായി ശ്രമിക്കുകയും ചെയ്തിരുന്നു . എന്നാലിപ്പോ അതിന് അപമാനമെന്നോണമാണ് കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസ്ഥ നാടാകെ അറിഞ്ഞിരിക്കുന്നത്. സകല സംവിധാനങ്ങളും കാര്യമായി മുഖം തിരിക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണ അത് സാധിച്ചില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെയും, അവരുടെ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റസ് കൗൺസിലിന്റെയും ഇടപെടൽ നിർണായകമാവുകയും, വിഷയത്തെ പൊതുചർച്ചാ ഇടത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കേരളത്തിലെ ക്യാമ്പസുകൾ എത്രമാത്രം ജാതീയമായ ഇടങ്ങളാണെന്ന് ഈ സംഭവം തുറന്ന് കാണിച്ചു. ഒരുപക്ഷെ കേരള ചരിത്രത്തിലെ ജനാധിപത്യ സമരങ്ങളിൽ പുതിയൊരു ദിശ നൽകാൻ സാധിക്കുന്ന സമരമായി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സാധിക്കുമെന്ന് സമരം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ വ്യക്തതയിൽ നിന്നും കരുതാവുന്നതാണ്.
സവർണ്ണ ജാതി കോളനിയാക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട്
കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിഷയത്തിലെ പ്രത്യേകത, ജാതിയുടെ ശ്രേണീകൃത സ്വഭാവത്തെ കൃത്യമായി ഈ സംഭവം തുറന്നു കാണിക്കുന്നു എന്നതാണ്. വ്യത്യസ്ത ജാതി സമൂഹത്തിന് മുകളിൽ എത്തരത്തിലാണ് ജാതി പ്രവർത്തിക്കുന്നത് എന്ന് നമുക്ക് ഈ വിഷയത്തിലൂടെ കാണാവുന്നതാണ്. കേരളത്തിലെ ജാതിഘടനകൾക്കുള്ളിൽ മാത്രം നിലനിൽക്കുന്ന ഉപജാതി ഭിന്നത ഉൾപ്പടെ സങ്കീർണമായ ശ്രേണീകൃത അവസ്ഥ ഈ വിഷയത്തിൽ പ്രകടമായി കാണാൻ സാധിക്കുന്നുണ്ട് . അതിനാൽ തന്നെ കേരളത്തിലെ ദലിതരും സവർണ്ണരും എന്ന ബൈനറിയെ തിരുത്തികൊണ്ടാണ് ഇതിന്റെ ചർച്ച വികസിക്കേണ്ടതും.
ഒരു ബ്രാഹ്മണിക്കൽ ഹിന്ദു സാമൂഹിക വ്യവസ്ഥക്ക് അകത്ത് എങ്ങനെയാണോ വിവിധ വിഭാഗങ്ങളെ പരിഗണിക്കുന്നത്, അതേ നിലയിലാണ് ഡയറക്ടർ ശങ്കർ മോഹന്റെ കീഴിൽ കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചു വന്നത്. ജാതിയുടെ ശ്രേണികൃതാവസ്ഥ പരിപാലിച്ചുകൊണ്ട് കൃത്യമായി കോളേജിലെ വിദ്യാർത്ഥികൾ മുതൽ ജീവനക്കാരെ വരെ വേർതിരിച്ചു നിലനിർത്തി എന്നതാണ് ഇതിൽ കൃത്യമായി തിരിച്ചറിയേണ്ട കാര്യം. സാമൂഹികനീതി മുതൽ ഭരണഘടന വരെ, പാലിക്കപ്പെടേണ്ട എല്ലാ ധാർമിക-നിയമ വ്യവസ്ഥകളെയും, സംഹിതകളെയും പ്രത്യക്ഷത്തിൽ തന്നെ ലംഘിച്ചുകൊണ്ടാണ് ഈ വിദ്യാഭ്യാസ സ്ഥാപനവും അതിന്റെ ഡയറക്ടറും ഇതേവരെ നിലകൊണ്ടത്. ഭരണഘടന പ്രകാരം നടപ്പിലാക്കേണ്ട സംവരണം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ കൃത്യമായ ലംഘനമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നിരിക്കുന്നത്. വിദ്യാർത്ഥികളെ ജാതിയുടെ പേരിൽ മാനസിക സമ്മർദ്ദത്തിൽ ആക്കുന്നത് മുതൽ അവർക്ക് ലഭിക്കേണ്ട പരിരക്ഷകൾ ഉൾപ്പടെ ഉള്ളവ തടഞ്ഞുവയ്ക്കുക വരെ അധികൃതർ ഇവിടെ ചെയ്തിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയം തുടങ്ങുന്നത് തന്നെ ഇ-ഗ്രാന്റ്സ് നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിന്നായിരുന്നു. ഗ്രാന്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇത്തരത്തിലുള്ള അധികൃതരുടെ പെരുമാറ്റവും അലസ്സമായ സമീപനവും കൃത്യമായി പിന്നോക്ക-ദലിത് വിഭാഗത്തിലെ കുട്ടികളുടെ പ്രശ്നം തങ്ങളുടേത് അല്ല എന്ന നിലയിൽ ഉള്ള തോന്നലിൽ നിന്നുണ്ടാവുന്നതാണെന്നത് വ്യക്തമാണ്. തുടർന്ന് ഈ വിഷയത്തെ പ്രശ്നവൽക്കരിച്ച അനന്തപദ്മനാഭൻ എന്ന വിദ്യാർത്ഥിയോട് ഡയറക്ടർ മോശമായി പെരുമാറുകയും അദ്ദേഹത്തെ ഫൈനൽ പ്രൊജക്റ്റ് ചെയ്യിക്കാതിരിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തുകയും, ‘ഈ വിദ്യാർത്ഥിയോട് വ്യക്തിപരമായ പ്രശ്നമുണ്ടോ?’ എന്ന് കോടതി ആരായുക പോലും ചെയ്തിട്ടും ഇപ്പോഴും പ്രൊജക്റ്റ് ചെയ്യിക്കാത്തതിനാൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അനന്തപദ്മനാഭൻ. തുടർന്നുണ്ടായ വിഷയമാണ് ശരത് എന്ന വിദ്യാർത്ഥിയുമായിട്ടുള്ളത്. ഈ വിഷയത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നീതിനിഷേധങ്ങൾ പൊതുചർച്ചയിലേക്ക് ഏത്തപ്പെടുന്നത്.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിംഗ് വിഭാഗത്തിലേക്ക് ആണ് ശരത് പ്രവേശനം തേടിയത്. എന്നാൽ മികച്ച പ്രകടനം പരീക്ഷയ്ക്കും, അഭിമുഖത്തിലും കാഴ്ച്ചവച്ചിട്ടും പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ശരത് അധികൃതരോട് കാര്യങ്ങൾ ആരായുന്നത്. പ്രവേശനം ലഭിക്കാനുള്ള മാർക്കില്ല എന്ന് അധികൃതരിൽനിന്ന് മറുപടി ലഭിച്ചതോടുകൂടി ശരത് ഉത്തരകടലാസ് എടുക്കുകയും മാർക്ക് ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. 10 സീറ്റുകൾ ഉള്ള കോഴ്സിൽ 4 സീറ്റ് ഇപ്പോഴും വേക്കന്റ് ആയിരുന്നിട്ടും കട്ട് ഓഫ് മാർക്കുള്ള തനിക്ക് എന്തുകൊണ്ട് സീറ്റ് നൽകുന്നില്ല എന്ന് ശരത് തിരിച്ചു ചോദിച്ചിടത്തുനിന്നാണ് അധികൃതരുടെ ഭരണഘടനാ അട്ടിമറിയടക്കം പുറത്തുവരുന്നത്. സംവരണം ഉൾപ്പടെ ഒരു തരത്തിലുള്ള പ്രാതിനിധ്യ ജനാധിപത്യ സംവിധാനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്നില്ല. മാത്രമല്ല കട്ട് ഓഫ് ഉൾപ്പടെ ഒന്നും തന്നെ കൊടുക്കാൻ പാടില്ല എന്ന നിലപാടാണ് ഇൻസ്റ്റിറ്റ്യൂട്ട് കൈകൊണ്ടിട്ടുള്ളത്. നിർബന്ധമായും നടപ്പിലാക്കേണ്ട കാര്യം ഇത്ര നിസ്സാരമായി തള്ളിക്കളയുന്നത് അത്ര നിഷ്കളങ്കമായിട്ടല്ല മനസ്സിലാകുന്നത് . നിയമം തങ്ങൾക്ക് ബാധകമല്ല എന്നവർ പറയാതെ പറയുകയാണ് ഇവിടെ. ഭരണത്തിൽ നിലനിൽക്കുന്ന പ്രഭുവർഗ്ഗ (Oligarchy) അധികാരത്തിന്റെ ഏറ്റവും പുതിയ ഇരകളാണ് ശരത്തും അനന്തപദ്മനാഭനും. അതുകൊണ്ട് തന്നെയാണ് ഇത്ര മാധ്യമശ്രദ്ധ ലഭിച്ചിട്ടും സ്റ്റേറ്റ് അനങ്ങാത്തതും, അവർക്ക് എതിരെ സമ്മർദ്ദം ഇല്ലാത്തതും.
ഘടനാപരമായി ജാതിയെ നിലനിർത്തുന്നതിന് ഉപയോഗിക്കുന്ന മെറിറ്റ് വാദമാണ് ഇവിടെ ശരത്തിന് എതിരെ പ്രയോഗിക്കുന്നത്. ജനാധിപത്യത്തിന്റെ അകക്കാമ്പിനെ തന്നെ ഇല്ലാതാക്കുന്ന ഈ വാദം സംവരണത്തിനും അതേപോലെ ബഹുജന ഉന്നമനത്തിനുമെതിരായി സവർണ്ണർ എല്ലാക്കാലത്തും ഉപയോഗിച്ചുപോരുന്നതാണ്. അതുവഴി ഇക്കൂട്ടർക് എളുപ്പത്തിൽ സവർണ്ണ ജാതിയിടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നുള്ളതാണ് വസ്തുത. അതേസമയം മറ്റ് വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനത്തിൽനിന്ന് വ്യത്യസ്തമാണ് കെ.ആർ നാരായണനിൽ നടക്കുന്നത്. ഇവിടെ സർഗാത്മകതയും, കലാപരമായ പ്രാവീണ്യങ്ങളും പ്രധാന മാനദണ്ഡമാവുന്നതുകൊണ്ട് തന്നെ മറ്റിടങ്ങളിലെ പോലെ പാഠ്യപദ്ധതിയ്ക്കുള്ളിൽ സാംസ്കാരിക അധീശത്വം നടത്തി ജാതി ഫിൽറ്ററിങ് സാധ്യമല്ലാതാവുന്നു. അതിനാൽ തന്നെ സവർണ്ണ കോളനികളായി ഇത്തരം കലാരംഗങ്ങൾ നിലനിർത്താൻ പ്രവേശനം നിഷേധിക്കുകയാണ് അനുയോജ്യമെന്ന് അവർ മനസ്സിലാക്കിയതിന്റെ ഭാഗമാണ് ശരത്തിന്റെയുൾപ്പടെ ഉള്ളവരുടെ പുറംതള്ളലുകൾ.
തൊഴിലിന്റെ ജാതി ഏണി
ഇൻസ്റ്റിറ്റ്യൂട്ടിലെ ഓഫീസ് സ്റ്റാഫ് ആയ നിഖിലാണ് ആദ്യമായി ഡയറക്ടർക്ക് എതിരായി പരാതി നൽകുന്നത്. ദലിത് സമുദായ അംഗമായ നിഖിലിനെ മാത്രം വീട്ടിലെ ഗ്യാസ് കുറ്റി എടുപ്പിക്കുന്നത് മുതലുള്ള എല്ലാ വീട്ടുജോലിയും എടുക്കാൻ ഡയറക്ടർ നിർബന്ധിച്ചിരുന്നു. അതിൽനിന്നാണ് സ്വീപ്പർ തൊഴിലാളികളിലേക്ക് ശ്രദ്ധ എത്തപ്പെട്ടത്. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വീപ്പർ ജോലിക്കാരെ, ഡയറക്ടർ ശങ്കർ മോഹനും ഭാര്യയും നിർബന്ധിച്ച് വീട്ടുജോലി ചെയ്യിച്ചിരുന്നു. വീട്ടിലെത്തുന്ന ജീവനക്കാരികളോട് ജാതിയെന്താണെന്ന് ആദ്യം തന്നെ ഡയറക്ടറുടെ ഭാര്യ ചോദിച്ചറിയുകയും അതിൽ ഒരു ദലിത് സ്ത്രീയും, മൂന്ന് പിന്നോക്കവിഭാഗം (വിശ്വകർമ്മ, വീരശൈവ) സ്ത്രീകളും ഒരു നായർ സ്ത്രീയും ഉണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു. ദലിത് സ്ത്രീയെ വീട്ടിലേക്ക് വരേണ്ടതില്ല എന്നറിയിക്കുകയും പിന്നോക്ക വിഭാഗം സ്ത്രീകളെ കൊണ്ട് ഇവരുടെ കക്കൂസ് കൈകൾ ഉപയോഗിച്ച് (സ്ക്രബ്ബർ) കഴുകിക്കുകയും ചെയ്തു.
മൂന്ന് സ്ത്രീകളും മധ്യവയസ്കരായ വിധവകൾ ആയതിനാൽ ജോലി കളയും എന്ന് ഭീഷണിപ്പെടുത്തി തങ്ങളുടെ ജോലി സമയത്തെക്കാൾ ഏറെ സമയം ഇൻസ്റ്റിറ്റ്യൂട്ടിലും, കൂടാതെ വീട്ടിലും പണിയെടുപ്പിച്ചു പോന്നിരുന്നു. അക്കൂട്ടത്തിൽ ഒരു സ്ത്രീ (പേര് വെളിപ്പെടുത്തുന്നില്ല, ശബ്ദലേഖനമുണ്ട്) അവിടെയുണ്ടായ ഒരു അനുഭവം കൂടി പങ്കുവയ്ക്കുന്നു. “കൊറോണ സമയമാണ്, ചെറിയ കുട്ടികൾ ഉള്ള ഞാൻ ഒരു ഗ്ലൗസ് പോലുമിടാതെ ഈ ജോലിയൊക്കെ (കക്കൂസ് കൈകൊണ്ട് കഴുകുന്ന ജോലി) ചെയ്തിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ അവർ ഓടി വന്നു കെട്ടിപിടിക്കും. അപ്പോൾ എന്റെ മക്കൾക്ക് എന്തേലും അസുഖങ്ങൾ വരില്ലേ എന്ന് ചോദിച്ചപ്പോൾ, ‘അതിനെന്താ ഞങ്ങളുടേതല്ലേ കക്കൂസും അതിലുള്ളതും’ എന്നാണ് ഡയറക്ടറുടെ ഭാര്യ മറുപടി നൽകിയത്.”
എന്തുമാത്രം ഹിംസാത്മകമായ കാര്യങ്ങളാണ് ക്യാമ്പസിൽ നടന്നിരിക്കുന്നത് എന്ന് ഇത്രയും കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതാണ്. ഇത്രയുമൊക്കെ തുറന്നുപറച്ചിലുകൾ ഉണ്ടായിട്ടും സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നടപടികളോ ഇടപെടലുകളോ ഉണ്ടാവുന്നില്ല എന്നത് വിഷയത്തെ കൂടുതൽ ഭയാനകമാക്കുന്നുണ്ട്. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിൽ നിലനിൽക്കുന്ന പാഠ്യപദ്ധതിയിലെ വ്യവസ്ഥയില്ലായ്മ കൂടി ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റിൽ പോലും കരിക്കുലത്തെ സംബന്ധിക്കുന്ന യാതൊന്നും ലഭ്യമല്ല. വിദ്യാർത്ഥികൾ പറയുന്നത് അത്തരമൊരു സംവിധാനം നിലനിൽക്കുന്നതായി അവർക്ക് അറിവില്ല എന്നതാണ്. മൂന്ന് വർഷ കോഴ്സ് ഇപ്പോൾ ആറു വർഷം വരെ ആയി നിൽക്കുന്നു തുടങ്ങിയുള്ള എല്ലാവിധ അക്കാദമിക് പ്രശ്നങ്ങളും ഡയറക്ടർ ഉൾപ്പടെ ഉള്ളവരുടെ അനാസ്ഥയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഇത് ഒരു നിലയിൽ തന്റെ അധീശത്വം നിലനിർത്തി തനിക്ക് തല്പരരായവരെ തസ്തികകളിലേക്ക് എത്തിക്കാനുള്ള ഡയറക്ടറുടെ ശ്രമത്തിന്റെ ഭാഗം കൂടിയായി മനസ്സിലാക്കാവുന്നതാണ്. ഇത്രമേൽ പ്രശ്‌നങ്ങളിൽ മുങ്ങി നിൽക്കുമ്പോഴും ചെയർമാൻ അടൂർ പ്രത്യക്ഷത്തിൽ തന്നെ ഡയറക്ടർക്ക് പിന്തുണ നല്കികഴിഞ്ഞിരിക്കുന്നു. ഭരണകൂടം നടപടികൾ ഇല്ലാതെ നിശബ്ദത പാലിക്കുന്നു. അതോടൊപ്പം നിയമപരമായി വിഷയത്തെ നേരിടുന്ന ശരത്തിനു എതിർകക്ഷിയായി സർക്കാർ വക്കീൽ വാദിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആർക്കൊപ്പമാണെന്ന് ഇതിൽനിന്നും വ്യക്തമാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നിരാഹാരസമരത്തിലേക്ക് കടക്കാൻ പോവുന്ന സാഹചര്യത്തിൽ എത്തിനിൽക്കുമ്പോൾ ഇതിൽ ഏറ്റവും വലിയ കാരണക്കാർ സ്റ്റേറ്റ് തന്നെയാണ്. സർക്കാരിന്റെ സവർണ്ണ പ്രീണനം തന്നെയാണ് പ്രാഥമികമായി വിഷയത്തിലെ നീതി നിഷേധത്തിനുള്ള ആധാരം. അല്ലെങ്കിൽ തന്നെ സവർണ്ണ സംവരണം ആദ്യമായി നടപ്പിലാക്കിയ ഇടത് സർക്കാർ എങ്ങനെയാണ് സംവരണവിരുദ്ധത ഉണ്ടെന്ന് തുറന്നു സമ്മതിക്കുക. എന്നാൽ സർക്കാരും ജാതിവാദികളും മനസ്സിലാക്കേണ്ട പ്രധാന കാര്യം സംസ്ഥാനത്തെ സിവിൽ സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നതാണ്. ജാതിയില്ലാ കേരളത്തിലെ നിങ്ങളുടെ കപടത തീർച്ചയായും തിരിച്ചറിയപ്പെടുക തന്നെ ചെയ്യും. എന്തായാലും ജെ. എൻ. യു വിലും പൂനയിലും പ്രശ്നമുണ്ടായപ്പോൾ ഉയർന്നു കേട്ട ഇടത് ശബ്ദങ്ങൾ ഇവിടെ നിശബ്ദമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.