മലയാള കവിതയുടെ വികാസപാത

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആസാമിലെ കൊക്രജാർ കാവ്യോത്സവത്തിൽ പങ്കെടുത്തപ്പോഴാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ഭാഷാ കവികളെ നേരിട്ട് കാണാനും ഭാഷാതീതമായി പരിചയപ്പെടാനും അവസരമുണ്ടായത്. കേട്ടു പരിചയമില്ലാത്ത, അ‍ർത്ഥം തിരിയാത്ത ആ മൊഴികളിലെ കവികളെ കേട്ടിരിക്കെ, അവയുയ‍ർത്തിയ ഒലിയലകളുടെ അനുഭൂതിയിൽ ലയിച്ചിരിക്കെ, കേരളത്തിലെ ഗോത്രകവികളായ സുഹൃത്തുക്കളെ ഓർത്ത്, ഇന്ത്യയുടെ വിദൂരമായ രണ്ടറ്റങ്ങളെ ഇണക്കുന്ന ഈ കാവ്യ പ്രതിഭാസമോർത്ത് അത്ഭുതപ്പെട്ടു, അതെന്നെ ആഹ്ലാദിപ്പിച്ചു. വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ഗോത്രഭാഷകൾക്കും കവിതകൾക്കും പ്രത്യേക പരിഗണനയോടെ നടത്തപ്പെട്ട ആ കാവ്യോത്സവത്തിൽ രാവെളുക്കുവോളം തുടർന്ന കൂടിയിരിപ്പുകളിൽ പോലും സംസാരവിഷയം ഭാഷാ വൈവിധ്യവും, ഗോത്രഭാഷാ കവിതകളുമായിരുന്നു. വടക്കു-കിഴക്കൻ ഗോത്രഭാഷകളിലെയും ഗോത്രപാരമ്പര്യമുള്ള മാനക ഭാഷയിൽ എഴുതുന്ന കവികളുടെയും കവിതകളെ കുറിച്ച് സംസാരിക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ ഗോത്ര കവിതയെക്കുറിച്ചും അവ‍‍ർ ചോദിച്ചുകൊണ്ടിരുന്നു. ഈ വിനിമയം സാധ്യമാക്കിയ ഇംഗ്ലീഷിന് നന്ദി പറഞ്ഞുകൊണ്ട് മലയാളവും, മറാത്തിയും, കന്നടയും, ബംഗാളിയും, ആസാമീസുമെല്ലാം മാതൃഭാഷയായ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

ആധുനികതയെ മറികടന്ന തൊണ്ണൂറുകൾക്ക് ശേഷം സാങ്കേതിക വികാസത്തോടൊപ്പം കടന്നുവന്ന ബ്ലോഗ് കവിതകളുടെയും സാമൂഹിക മാധ്യമങ്ങളിൽ ഇന്നും തുടരുന്ന അതിന്റെ പലമൊഴിവഴികളുടെയും കാവ്യാഭിരുചികളിൽ നിന്നും വ്യതിരക്തമായ കവിതകളുമായാണ് രണ്ടായിരത്തിന്റെ രണ്ടാംപാദത്തിൽ ഗോത്രകവിതകൾ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. തിളനില കവിതാ ജേർണലിന്റെ ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച അശോകൻ മറയൂരിന്റെ കവിതകളിലൂടെയാണ് ഗോത്രകവിത ശ്രദ്ധയാകർഷിക്കുന്നതെങ്കിലും തുടർന്നുവന്ന വർഷങ്ങളിൽ വിവിധ ഗോത്രഭാഷകളിൽ നിന്നുള്ള നിരവധി കവികൾ കവിതകളുമായെത്തി.

തിളനില ലക്കം 1

മലയാളത്തിന്റെ ലിപികൾ ഉപയോഗിച്ചുകൊണ്ട് ഗോത്രഭാഷകളിൽ കവിതകൾ എഴുതുകയും, ആ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഒരു വായനാസമൂഹത്തെ കണ്ടെത്തുവാനും ഈ കവികൾക്ക് കഴിഞ്ഞു. എന്നാൽ മലയാളവുമായുള്ള ഈ വിനിമയം ഗോത്രഭാഷകളുടെയും സംസ്കാരങ്ങളുടെയും വികാസത്തിന് മാത്രമല്ല മലയാള കവിതയുടെയും, കേരളം മലയാളികളുടെ മാത്രം മാതൃഭൂമിയല്ല എന്ന സാംസ്കാരിക ബോധത്തിന്റെയും ചരിത്ര ബോധത്തിന്റെയും വികാസത്തിനും കാരണമായി.

തിളനില (കവിതാ ജേ‍ർണൽ), അശോകൻ മറയൂരിന്റെ പച്ചവ്വ്്ട് (കവിതാ സമാഹാരം), ഗോത്ര കവിത (കേരളത്തിലെ ഗോത്ര കവികളുടെ സമാഹാരം), ബേത്തിമാരൻ (ജീവചരിത്രം) തുടങ്ങിയ പുസ്തകങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലെയും ആനുകാലികങ്ങളിലെയും പ്രസിദ്ധീകരണങ്ങളിലൂടെയും  പോസ്റ്റിങ്ങുകളിലൂടെയും കവിതയുടെ കാ‍ർണിവിലിലെയും മറ്റു സാഹിത്യോത്സവങ്ങളിലെയും തുട‍ർച്ചയായ അവതരണങ്ങളിലൂടെയും ഉറച്ച ഒരടിത്തറ ഗോത്ര കവിതയ്ക്ക് കേരളത്തിലുണ്ടായിരിക്കുന്നു. ധന്യ വേങ്ങച്ചേരിയുടെ ‘മിരെ നീരി’ലൂടെ ഇപ്പോൾ കേരള ഗോത്ര കവിതയിൽ ഒരു പെൺകവിയുടെ ആദ്യ സമാഹാരവും പുറത്തിറങ്ങിയിരിക്കുന്നു. അതോടൊപ്പം സ്ത്രീ-പുരുഷ ദ്വന്ദ്വത്തിനപ്പുറം പ്രകൃതിയെയും, ഉദയ് കൃഷ്ണയെയും പോലുള്ള ക്വിയർ കവികളും ഗോത്ര കവിതയുടെ സ്വത്വ വൈവിധ്യങ്ങളെ വിപുലമാക്കുന്നു.

പച്ചവ്വ്്ട്

തെക്കെയിന്ത്യയിലെയും, വടക്കെയിന്ത്യയിലെയും, വടക്കു-കിഴക്കൻ പ്രദേശങ്ങളിലെയും വിവിധ ഗോത്രഭാഷകളിൽ ഒരേ സമയം ഈ കാവ്യമുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നു. അയ്യപ്പപ്പണിക്കർ തന്റെ കവിതാ ജേ‍ർണലിന് നൽകിയ ‘കേരള കവിത’ എന്ന തലക്കെട്ടിനെ അർത്ഥവത്താക്കുന്നതാണ് കേരളത്തിലെ ഗോത്രകവികളുടെയും കവിതകളുടെയും ഈ കടന്നുവരവ്. ഗോത്ര കവിത എന്ന പരിപ്രേക്ഷ്യത്തിലെ സ്വത്വവൈവിധ്യത്തെ തിരിച്ചറിയുന്നതിന് ഒരാമുഖം എന്ന നിലയ്ക്കാണ് ഈ ലഘുലേഖനം. ഗോത്ര കവിതയിൽ മാത്രമല്ല രണ്ടായിരത്തിന്റെ രണ്ടാം പാദത്തിൽ എഴുതി വരുന്ന ഒരു പുതിയ തലമുറയുടെ തന്നെ സവിശേഷതകളിൽ ഒന്നായും ഈ സ്വത്വബോധങ്ങളെ കാണാനാവും. മുഖ്യധാരാ സാഹിത്യത്തിൽ ഇടമില്ലാതിരുന്ന ജീവിത പരിസരങ്ങളിൽ നിന്നും വരുന്ന ഈ കവികൾ മലയാളകവിതയുടെ വികാസത്തിന്റെ ചരിത്രപാതയെ മുന്നോട്ടുനയിക്കുന്നത് എങ്ങനെയെന്ന് ഈ വേളയിൽ വിലയിരുത്തേണ്ടതുണ്ട്.

ഗോത്ര കവിത

കഴിഞ്ഞ കവിതയുടെ കാർണിവലിൽ കേരളത്തിലെ ഗോത്ര കവികളെ നേരിട്ടു കാണുന്നതിനും കവിതകൾ സമാഹരിക്കുന്നതിനുമായി പട്ടാമ്പിയിലെ കവിതയുടെ കാർണിവലിൽ എത്തിയ ഗുജറാത്തി കവിയും നോവലിസ്റ്റുമായ കാഞ്ചി പട്ടേലുമായി പരിചയപ്പെടാനും രണ്ട് രാപകലുകൾ സംവദിക്കാനും കഴിഞ്ഞു. തുടർന്നു ഫോൺ കോളുകളിലൂടെയും, വാട്സാപ്പിലൂടെയും നടത്തിയ സംഭാഷണങ്ങൾ ചേ‍ർത്തുവെച്ച് തയ്യാറാക്കിയ അഭിമുഖത്തിലൂടെ – ‘ഗോത്രകവിതയിലുണ്ട് പ്രകൃതിയുടെ താക്കോൽ’ (കേരളീയം, ഡിസംബ‍ർ 15) –  ഗുജറാത്തിലെ ഗോത്ര ജനതയ്ക്കും, അവരുടെ മൊഴികൾക്കും, സംസ്കാരത്തിനും, ജീവിത പ്രശ്നങ്ങൾക്കും സ്വയം സമ‍ർപ്പിച്ച ഒരു മനുഷ്യനെ അടുത്തറിയാൻ മാത്രമല്ല ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലെ കവിതകൾ അന്വേഷിക്കുകയും ഇംഗ്ലീഷിലേക്ക് വിവ‍ർത്തനം ചെയ്യുകയും സമാഹരിക്കുകയും ചെയ്യുന്ന കാഞ്ചിയുടെ ഗോത്ര കവിതാ നിരീക്ഷണങ്ങൾ അടയാളപ്പെടുത്താനും സാധിച്ചു. ഇന്ത്യയൊട്ടാകെയുള്ള ഗോത്ര കവികളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സമാഹരിക്കുവാനുള്ള കാഞ്ചിയുടെ ഉദ്യമം എന്നെ അത്ഭുതപ്പെടുത്തി. കാഞ്ചിയുടെ വാക്കുകൾ അതിലേറെ ആശ്ചര്യപ്പെടുത്തുകയും ആ സമർപ്പണം വെളിപ്പെടുത്തുകയും ചെയ്തു. പട്ടേൽ വിഭാഗത്തിൽ നിന്നുള്ള ഒരാളായിട്ടും ഗോത്ര ഭാഷകളോടും ജീവതത്തോടുമുള്ള സമരസപ്പെടൽ സാധ്യമായത് എങ്ങനെ എന്ന് കാഞ്ചി അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.

കാഞ്ചി പട്ടേൽ കവിതയുടെ കാർണ്ണിവലിൽ

ഇന്ത്യയൊട്ടാകെയുള്ള ഗോത്ര ഭാഷാ കവിതകളെ പരിചയിച്ചിട്ടുള്ള കാഞ്ചി പട്ടേൽ ഇന്ത്യൻ ഗോത്ര കവിതയുടെ വൈവിധ്യത്തെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ് :

“ചുറ്റുമുള്ള പരിസ്ഥിതിയുമായി സംവദിക്കുന്ന വംശപരവും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ വേരുകൾ, മൊഴികൾ, കലകൾ, ഭാവങ്ങൾ, ലോകവീക്ഷണങ്ങൾ എന്നിവയുടെ വലിയ വൈവിധ്യം (ഗോത്രകവിത) വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ അവഗണിക്കുന്നതിന് പകരം ആഘോഷിക്കുകയാണ് വേണ്ടത്. വിവിധങ്ങളായ ഈ ഗോത്രങ്ങളിൽ നിന്നുള്ള കവിതകൾ വ്യത്യസ്തമാണെന്ന് മാത്രമല്ല അവ ഓരോന്നും അനന്യവും അതുല്യവുമാണ്.”

ഗോത്ര കവിത എന്ന പരിപ്രേക്ഷ്യം ഉൾകൊള്ളുന്ന ചരിത്രപരവും സാംസ്കാരികപരവുമായ വൈവിധ്യത്തെ വെളിപ്പെടുത്തുന്നതാണ് കാഞ്ചിയുടെ ഈ നിരീക്ഷണം. അഭിമുഖത്തിൽ അദ്ദേഹം അത് വിശദമാക്കുന്നുണ്ട്. അനന്യവും അതുല്യവുമായ ഈ വൈവിധ്യങ്ങളെ അവഗണിക്കുന്നതിന് പകരം ആഘോഷിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം എടുത്തു പറയുന്നു. കേരളത്തിലെ ഗോത്രകവിതയിൽ തന്നെ ഈ വൈവിധ്യം പ്രകടമായി കാണാം. പച്ചവ്്ട് എന്ന പേരിൽ ആദ്യ ഗോത്ര കവിതാ സമാഹാരം പുറത്തിറക്കിയ അശോകൻ മറയൂരിന്റെയും, ഗോത്ര കവിത സമാഹാരത്തിന്റെ എഡിറ്റ‍ർമാരിൽ ഒരാളായ സുകുമാരൻ ചാലിഗദ്ധയുടെയും കവിതകളിൽ നിന്നും തന്നെ ഈ വൈവിധ്യത്തെ മനസ്സിലാക്കാനാവും.

എടമലക്കുടിയിൽ നിന്നുള്ള അശോകൻ മറയൂരിന്റെ ഗോത്ര ഭാഷയ്ക്ക് അടുപ്പം തമിഴിനോടാണ് എങ്കിൽ വയനാട്ടിൽ നിന്നുള്ള സുകുമാരൻ ചാലിഗദ്ധയുടെ ഗോത്ര ഭാഷയ്ക്ക് അടുപ്പം കന്നടത്തോടാണ്. അശോകന്റെ കവിതയുടെ പാരമ്പര്യം സംഘകാലത്തേക്ക് നീളുന്നതാണ് എങ്കിൽ സുകുമാരന്റെ കവിതയുടെ പാരമ്പര്യം ആഫ്രിക്കയോളം ചെന്നെത്തുന്നതാണ്. അശോകന്റെ കവിതകളിലെ അലങ്കാര പ്രയോഗങ്ങളിൽ സംഘകാല കവിതയുടെ പടർച്ചകൾ കാണാം. സുകുമാരന്റെ കവിതകളിലെ താളവിന്യാസങ്ങളിൽ ആഫ്രിക്കൻ വാദ്യങ്ങളുടെ നാദങ്ങൾ കേൾക്കാം. കേരളത്തിലെ ഗോത്രഭാഷാ കവിതകളിലെ ശ്രദ്ധേയരായ രണ്ടു കവികളിൽ തന്നെ ഇത്രയും വ്യതിരക്തമായ സാംസ്കാരിക-ചരിത്ര വൈവിധ്യമുണ്ടെന്ന് അവരുടെ കവിതകൾ പരിചയിച്ചാൽ മനസ്സിലാക്കാം.

അശോകൻ മറയൂരും, ധന്യ വേങ്ങച്ചേരിയും, സുകുമാരൻ ചാലിഗദ്ധയും തമ്മിൽ ഗോത്ര കവിത സമാഹാരത്തെ മുൻനി‍ർത്തി നടത്തിയ, കേരളീയം പ്രസിദ്ധീകരിച്ച ‘അറുക്കപ്പെട്ട നാവുകൾ തുന്നിച്ചേ‍ർത്ത പുസ്തകം’ എന്ന സംഭാഷണത്തിലും ഇതുമായി ബന്ധപ്പെട്ട സംവദം നടന്നു. കുടി അഥവാ രക്തബന്ധം എന്ന വാക്കിനെ മുൻ നി‍ർത്തി ആ വാക്ക് തന്റെ കവിതയെയും അതിന്റെ ദ‍ർശനങ്ങളെയും ഏതെല്ലാം തരത്തിൽ നി‍ർണ്ണയിക്കുന്നു എന്ന് അശോകൻ മറയൂ‍ർ വാചാലനാകുമ്പോൾ സുകുമാരന്റെ ഭാഷയിൽ വ്യാവഹാരിക അ‍ർത്ഥത്തിനപ്പുറം ആ വാക്കിന് പ്രസക്തിയില്ല. അതിനാൽ കേരളത്തിലെ ഗോത്ര കവിതയുടെ സാംസ്കാരികവും ചരിത്രപരവുമായ വൈവിധ്യത്തെ മനസ്സിലാക്കിയാവണം ഗോത്ര കവിതയുടെ സ്വത്വബോധത്തെയും തനിമയെയും മനസ്സിലാക്കേണ്ടത്.

അറുക്കപ്പെട്ട നാവുകൾ തുന്നിച്ചേർത്ത പുസ്തകം

വ്യത്യസ്ത ദേശങ്ങളിലും, ഭൂപ്രകൃതികളിലും, ആവാസവ്യവസ്ഥകളിലും അവ രൂപപ്പെടുത്തിയിട്ടുള്ള ജീവിത ശൈലിയിലും ഭാഷയിലും ജീവിക്കുന്ന ഈ കവികൾ കൂടി ചേരുന്ന ഗോത്ര കവിത എന്ന സമാഹാരം അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ വൈവിധ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ ഗോത്രങ്ങളുടെയും ഗോത്രഭാഷകളുടെയും സമന്വയമാണ് ഗോത്ര കവിത എന്ന സമാഹാരം മുന്നോട്ടുവെയ്ക്കുന്നത്. വ്യത്യസ്തങ്ങളായ ഭാഷകൾക്കും, സംസ്കാരങ്ങൾക്കും, ജീവിത രീതികൾക്കും അതീതമായി കേരളത്തിലെ ഗോത്രങ്ങൾക്കിടയിൽ രൂപപ്പെടേണ്ട പരസ്പര സംവാദത്തിന്റെയും ഏെക്യത്തിന്റെയും അനിവാര്യതയും ഈ കവിതകളിലെ സമാനമായ പരിതസ്ഥിതികളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും തിരിച്ചറിയാനാവും. കേരളത്തിലും, ഇന്ത്യയിലും അരികുവത്കരിക്കപ്പെട്ടവരിൽ ഏറ്റവും അരികുവത്കരിക്കപ്പെട്ടവരായി ആൾകൂട്ട ആക്രമണങ്ങൾക്കും, പൊതുബോധ പരിഹാസങ്ങൾക്കും വിധേയരായി, സ്വന്തം ഭാഷയിൽ നിന്നും മണ്ണിൽ നിന്നും കുടിയിറക്കപ്പെടുന്ന ഗോത്ര വിഭാഗങ്ങളുടെ കവിതയിലൂടെയുള്ള ഈ ആത്മപ്രകാശനങ്ങളുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഗോത്രജീവിതത്തിന്റെ സ്വത്വബോധത്തിൽ നിന്നും മാത്രം ആവിഷ്ക്കരിക്കാനാവുന്നതാണ്.

ഇതിനു സമാനമായി ഡി അനിൽ കുമാറിന്റെ കവിതകളെയും ചേർത്തു വായിക്കാനാവും. തിരുവനന്തപുരത്തെ തീരദേശ മൊഴിയിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും കവിതയെഴുതുന്ന അനിൽ കുമാറിന് തന്റെ കവിതയ്ക്കായി ‘കടപ്പെറപ്പാസ’ എന്ന ഒരു നിഘണ്ടു തന്നെ തയ്യാറാക്കേണ്ടി വരുന്നത് ആ വാക്കുകളിലൂടെ മാത്രം വിനിമയം ചെയ്യാനാവുന്നതാണ് തന്റെ ജീവിതവും കവിതയും എന്ന ബോധ്യത്തിൽ നിന്നുമാണ്. സംഘകാല കവിതകളിലെ നെയ്തൽ തിണയുടെ ഒരു തുടർച്ച അനിലിന്റെ കവിതകളുടെ കടലോരത്തുമുണ്ട്. ഈ കവിതകളിലെ ചരിത്രാവബോധത്തിലും, സങ്കൽപ്പനങ്ങളിലുമെല്ലാം നിറയുന്നത് കടലും കടലിനെ ഉപജീവിച്ചു ജീവിച്ച മനുഷ്യരുടെ ദർശനങ്ങളുമാണ്.

അവിയങ്കോര

കേരളത്തിലുൾപ്പെടെ ഇന്ത്യയിലെമ്പാടും തീരദേശ ജനത അനുഭവിക്കുന്ന അന്യവത്കരണത്തിന്റെയും അവർ നേരിടുന്ന നിരവധിയായ സംഘർഷങ്ങളുടെയും പലനിലകളിലുള്ള സാക്ഷ്യങ്ങളും, ചോദ്യങ്ങളും ഈ കവിതകളിലുണ്ട്. ഇതിന് സമാനമായി തമിഴ് തീരത്തു നിന്നും സ. ദുരൈയെ പോലെയുള്ള കവികളും കടലോര ജീവിതത്തെ എഴുതിക്കൊണ്ടിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇങ്ങനെ തങ്ങളുടെ  സ്വത്വാവിഷ്ക്കാരങ്ങളിലൂടെ മുഖ്യധാരാ സാഹിത്യത്തിന് അപരിചിതമായിരുന്ന കാടിന്റെയും കടലിന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് കടന്നു രുന്നു.

ഇതേ സമയം അഭിറാം  എസ് എഴുതുന്ന കവിതകളിൽ ഗുഹാചിത്രങ്ങളും, ലിപികളും, വേട്ടക്കാരും, ശിലകളും എല്ലാം സമകാല ജീവിതത്തിന്റെ അടരുകളിൽ പ്രത്യക്ഷപ്പെടുന്നു. മനുഷ്യാവബോധത്തിലെ ഗോത്രസ്മൃതികളിൽ നിന്നും ഈ കവിയുടെ വരികൾക്കിടയിൽ നാഗങ്ങൾ ഇഴയുന്നു. മനുഷ്യന്റെ പരിണാമ ചരിത്രത്തെ തന്നെ തന്റെ പാരമ്പര്യമായി സങ്കൽപ്പിക്കുന്ന അഭിറാമിന്റെ കവിതകൾ കുട്ടനാടിനോട് ചേർന്നുള്ള തന്റെ ജന്മസ്ഥലത്തെ ഭൂപ്രകൃതിയെയും, അതിലെ മനുഷ്യരെയും, അവരുടെ ജീവിതചര്യകളെയും അവയിൽ ഒളിമിന്നുന്ന അബോധങ്ങളെയും എല്ലാം ഉൾകൊള്ളുന്നതാണ്. ഗോത്ര കവിതയോടൊപ്പം രണ്ടായിരത്തിന്റെ രണ്ടാം പാദത്തിൽ എഴുതി വരുന്ന ഒരു പുതിയ തലമുറയിലെ കവികളിൽ പലരിലും ഇത്തരത്തിൽ പലനിലകളിൽ പ്രവർത്തിക്കുന്ന സ്വത്വബോധങ്ങളെ കാണാനാവും. ഭാഷയിലും, ഭാവനയിലും തങ്ങളുടെതായ പാരമ്പര്യങ്ങളെ തിരിച്ചറിയുവാനും അവയിൽ വേരുകളാഴ്ത്തിക്കൊണ്ട് സമകാല ജീവിതത്തെ ആവിഷ്ക്കരിക്കുവാനും ഉള്ള ശ്രമത്തിലൂടെ തങ്ങളുടേതായ സാംസ്കാരിക ചരിത്രത്തിൽ നിന്നും തങ്ങളുടേതു മാത്രമായ ഒരു കവിത കണ്ടെത്താൻ ഈ തലമുറയിലെ കവികൾക്കാവുന്നു. അതിനാൽ തന്നെ വ്യത്യസ്തരായി നിലകൊള്ളുവാനും പരസ്പരം ഉൾകൊള്ളുവാനും ഈ തലമുറയിലെ കവികൾക്കു സാധിക്കുന്നു. അതിന് സഹായകമായ സമാനതകളിൽ ഒന്നു മാത്രമാണ് സ്വത്വബോധം.

കേരളത്തിന്റെ സാംസ്കാരിക സ്ഥലിയിൽ അദൃശ്യവും അജ്ഞാതവുമായിരുന്ന ഗോത്ര ജീവിതത്തിന്റെ മൊഴികളുമായി യാദൃശ്ചികമായല്ല ഗോത്രഭാഷാ കവികൾ മുഖ്യധാരയിലേക്ക് കടന്നുവന്നത്. മലയാള കവിതയുടെ സാംസ്കാരിക വികാസത്തിന്റെ തുടർച്ചയിലാണ് ഇന്ന് കേരള കവിതയിലെ പുതുകവികൾ അവരുടെ സ്വത്വപ്രകാശനം നടത്തുന്നത്. സവർണ്ണ ഹൈന്ദവമായിരുന്ന മലയാള സാഹിത്യത്തിന്റെ മുഖ്യധാരാ ചരിത്രം വിവിധ സമുദായങ്ങൾ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയിലൂടെയാണ് വികാസം പ്രാപിച്ചു വരുന്നതും ഹൈന്ദവേതരമായ ജീവിത പരിസരങ്ങൾ മലയാള കവിതയിലും സാഹിത്യത്തിലും അടയാളപ്പെടുന്നതും. കേരളീയ ക്രിസ്ത്യൻ ജീവിതവും, മുസ്ലീം ജീവിതവും, ദലിത് ജീവിതവുമെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മലയാള സാഹിത്യം, സാംസ്കാരികവും സൗന്ദര്യാത്മകവും രാഷ്ട്രീയപരവുമായി വികസിച്ചു വന്നതും വികസിച്ചുകൊണ്ടിരിക്കുന്നതും.

ഈ ചരിത്രദിശയെ മനസ്സിലാക്കുമ്പോൾ കേരള കവിതയിലെ സ്വത്വബോധ കവിതകൾ മലയാള കവിതയുടെ വികാസ ചരിത്രപാതയുടെ തുടർച്ചകളാണെന്ന് തിരിച്ചറിയാനാവും. ഇങ്ങനെ വ്യത്യസ്തമായ സ്വത്വബോധങ്ങളുടെ ആത്മപ്രകാശനങ്ങളിലൂടെയും അവയ്ക്കിടയിലെ സംവാദങ്ങളിലൂടെയുമാണ് സവർണ്ണേതരമായ സമുദായങ്ങൾക്കും അവയിലെ മനുഷ്യർക്കും സാംസ്കാരികമായ പ്രാതിനിധ്യം കൈവന്നിട്ടുള്ളതും അവർ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിട്ടുള്ളതും. അതിലൂടെയാണ് സാംസ്കാരികമായ ഇടകലർച്ച സാധ്യമായിട്ടുള്ളത്. ഈ പ്രാതിനിധ്യങ്ങളുടെ സർഗാത്മകമായ സംവാദങ്ങളിലൂടെയാണ് കേരളത്തിന്റെ ജനാധിപത്യ ബോധം വികസിച്ചു വരുന്നത്. ഈ വികാസത്തിന്റെ ചരിത്രപാതയിൽ കടന്നുവന്നിട്ടുള്ള ഗോത്ര കവിതകളും സ്വത്വബോധ കവിതകളും പുരോഗമന വിരുദ്ധമാണ് എന്നും അത് വർഗബോധത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും വിലയിരുത്തുന്നത് ചരിത്ര വിരുദ്ധമാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക സ്വത്വവൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും അവയ്ക്കിടയിൽ സംവാദം സാധ്യമാക്കുകയും ചെയ്യുന്നതാണോ ഈ സംസ്കാരങ്ങളെയും സ്വത്വങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് അയഥാർത്ഥമായ ഒരു പൊതു സ്വത്വത്തിൽ നിന്നുകൊണ്ടുള്ള സാഹിത്യത്തിന് വേണ്ടി വാദിക്കുന്നതാണോ പുരോഗമനം? എല്ലാ മതങ്ങളും ഉപേക്ഷിക്കുന്നതാണ് മതേതരത്വം എന്ന് വിശ്വസിക്കുന്നത് പോലെയാണത്.

ഒരു സമുദായത്തിൽ അതിന്റെ സാംസ്കാരികപരമായ സാമൂഹിക ചുറ്റുപാടിൽ പിറന്നതിന്റെയും വള‍ർന്നതിന്റെയും ഓ‍ർമ്മകളും, സ്വപ്നങ്ങളും, സംഘ‍ർഷങ്ങളും, സംവാദങ്ങളുമെല്ലാം പങ്കുവെക്കുന്ന എഴുത്താണ് സ്വത്വബോധമുള്ള കവിത അല്ലെങ്കിൽ സാഹിത്യം. ഇതിൽ നിന്നെല്ലാം മുക്തമായ ഒരു ജീവിതം കേരളത്തിലോ ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലും സാധ്യമാണോ ? എങ്കിൽ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും വരുന്ന എഴുത്ത് എങ്ങനെയാണ് പുരോഗമന വിരുദ്ധമാവുന്നത് ? വായനയും എഴുത്തും ജീവിതവും ഒരു നവീകരണ പ്രവർത്തിയാണെന്നിരിക്കെ അതിലൂടെ കടന്നുപോകുന്ന തന്റെ സ്വത്വപ്രകാശനമല്ലേ സത്യസന്ധമായ എഴുത്ത് ? മറിച്ച് ഏതെങ്കിലും ഒരു ആദർശത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മറവിൽ നിന്നുകൊണ്ടുള്ള, ഏതെങ്കിലും ലക്ഷ്യപ്രാപ്തിക്കുള്ള എഴുത്ത് മാത്രമാണ് ശെരി എങ്കിൽ അത് ജീവിതവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.    

കേരളത്തിലെയും ഇന്ത്യയിലെയും ഗോത്രജനത കൈവരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യതയും സാംസ്കാരിക പ്രാതിനിധ്യവും ഗോത്രകവിതയുടെ കൂടി ഫലമാണ്. സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള മാറ്റിനിർത്തലിൽ നിന്നും ഗോത്രജനതയെ പൂർണ്ണമായും വിമോചിപ്പിക്കാൻ ഇനിയും ഗോത്രകവികൾ എഴുതിവരേണ്ടതുണ്ട്. ഗോത്ര സ്വത്വങ്ങൾക്കകത്ത് നിന്നു തന്നെ സ്ത്രീ, ക്വിയർ കവികൾ വന്നുകൊണ്ടിരിക്കുന്നതും ഇതുവരെ കേൾക്കാത്ത തങ്ങളുടെ ജീവിതത്തിന്റെ യാഥാർത്ഥ്യത്തിന് തങ്ങളുടെതായ ഒരു ഭാഷ രൂപപ്പെടുത്തുന്നതിനായാണ്. ഗോത്ര കവിതയെ സംബന്ധിച്ച് അതിലൂടെ രണ്ടു നിലകളിലുള്ള സംവാദങ്ങളാണ് സാധ്യമാകുന്നത്.

മിരെ നീര്

ഒന്ന്, മുഖ്യധാര സമൂഹവുമായും സംസ്കാരവുമായുള്ള സംവാദം. മറ്റൊന്ന് കേരളത്തിലെയും ഇന്ത്യയിലെയും ഗോത്രങ്ങൾക്കിടയിലെ സംവാദം. ഈ രണ്ടു നിലകളിലുള്ള സംവാദവും പ്രധാനപ്പെട്ടതാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഗോത്രങ്ങൾക്കിടയിലെ സംവാദങ്ങളും ഐക്യവും രൂപപ്പെടുന്നതിലൂടെ മാത്രമെ മുഖ്യധാരാ സമൂഹത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും ഗോത്ര ജനതയ്ക്ക് ശക്തമായ പ്രാതിനിധ്യം കൈവരിക്കാനാവു. അന്നിലയ്ക്ക് ഗോത്രഭാഷകളുടെ ആധുനികവത്കരണമാണ് ഗോത്ര കവിത.

കാഞ്ചി പട്ടേലിന്റെ വാക്കുകളിലൂടെ ഈ ലഘുലേഖനം അവസാനിപ്പിക്കാം.

“ഗോത്ര വിഭാഗങ്ങളെ എല്ലാം ഒരുമിപ്പിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. ഈ ഗോത്ര വിഭാഗങ്ങൾ എല്ലാം കലാകാരുടെ കൂട്ടായ്മകളാണ്. വളരെ കുറച്ചെ അവർ സംസാരിക്കു, എങ്കിലും ആഴമേറിയതാവും ഓരോ വാക്കും. അവരുടെ കലകളിലൂടെ അവരുടെ ശക്തി വർദ്ധിപ്പിക്കാനാണ് 1995 മുതൽ എന്റെ ശ്രമം. ഓരോ വർഷവും ഈ കലാകാരന്മാരുടെ ഒരു മേള സംഘടിപ്പിച്ച് വരുന്നു. വിവിധ ഗോത്രങ്ങളിൽ നിന്നുള്ള കവികളും കലാകാരന്മാരും  മറ്റ് എഴുത്തുകാരും പലയിടങ്ങളിൽ നിന്നുള്ള ആസ്വാദകരും അവിടെ വന്നെത്തുന്നു. കവിത മാത്രമല്ല ഗോത്ര ജീവിത്തിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവരാണ് കാട് സംരക്ഷിച്ചത്, അവരുടെ കൈയിലാണ് പ്രകൃതിയുടെ താക്കോലുള്ളത്.”

Also Read

8 minutes read June 11, 2023 4:23 pm