എട്ട് മണിക്കൂർ- തൊഴിൽ, വിശ്രമം, വിനോദം എന്ന അവകാശം ഉറപ്പിക്കപ്പെട്ടതിനെ അനുസ്മരിക്കുന്ന മെയ്ദിനം ലോകമെങ്ങും ആഘോഷിക്കുമ്പോൾ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നും 12 മണിക്കൂർ തൊഴിലെടുക്കുകയാണ്, അതും ശമ്പളമോ ആനുകൂല്യങ്ങളോ കൃത്യമായി കിട്ടാതെ. നഷ്ടങ്ങളുണ്ടെങ്കിലും 230 കോടിയോളം മാസം വരുമാനം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി എന്തുകൊണ്ട് തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല ? മറ്റ് ആവശ്യങ്ങൾക്ക് തുക വകമാറ്റിയതിന് ശേഷം മാത്രം തൊഴിലാളികളുടെ ശമ്പളം പരിഗണിച്ചാൽ മതി എന്ന സമീപനത്തിലേക്ക് ഒരു സ്ഥാപനം എന്തുകൊണ്ടാണ് മാറുന്നത് ? തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സാമ്പത്തികമായ പിന്തുണ സർക്കാർ എന്തുകൊണ്ടാണ് കെ.എസ്.ആർ.ടി.സിക്ക് നൽകാൻ മടിക്കുന്നത് ? പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നീ ആനുകൂല്യങ്ങൾക്കായി തൊഴിലാളികളിൽ നിന്നും പിടിക്കുന്ന സംഖ്യ കൃത്യമായി അടക്കാത്തതിനാൽ ഈ ആനുകൂല്യങ്ങൾ നഷ്ടമായത് കുറ്റകരമായ അനാസ്ഥയല്ലേ ? തുച്ഛമായ തുകയ്ക്ക് സേവനമനുഷ്ടിച്ചിരുന്ന നിരവധി താത്കാലിക ജീവനക്കാരെ ഒരാനുകൂല്യവും നൽകാതെ പിരിച്ചുവിട്ടത് എന്തിനാണ്? കേരള സമൂഹം വലിയരീതിയിൽ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതാധികാരികളോട് ഈ ചോദ്യം തൊഴിലാളികൾ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇതിനിടയിൽ കോർപ്പറേഷൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബർ 9 ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച കെ സ്വിഫ്റ്റിലും തൊഴിൽ ചൂഷണം തന്നെയാണ് നടക്കുന്നത്. ഒരു സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന കെ സ്വിഫ്റ്റിൽ കെ.എസ്.ആർ.ടി.സിയുടെ ഡ്യൂട്ടി സംവിധാനവും നിയമവ്യവസ്ഥകളും ബാധകമല്ല. കെ-സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി.യുടെ റൂട്ടോ ഷെഡ്യൂളോ കൈയേറില്ലെന്നും സ്വകാര്യ, സമാന്തര വാഹനങ്ങൾ ജനങ്ങളെ ചൂഷണം ചെയ്യുന്ന റൂട്ടുകളിലേക്ക് കടന്നുചെല്ലുമെന്നുമാണ് പറഞ്ഞിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചാണ്. ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ തന്നെ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയായ നീക്കമാണ് കെ സ്വിഫ്റ്റ് എന്നും കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് നൽകുന്നതിന്റെ പകുതി കൂലി നൽകി ജോലി ചെയ്യിക്കാനാണ് കെ സ്വിഫ്റ്റ് ഉണ്ടാക്കിയിരിക്കുന്നതെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനത്തിനും അവിടെയുള്ള തൊഴിലാളികൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ത് ? വിവിധ തൊഴിലാളി സംഘടനാ നേതൃത്വങ്ങൾ പ്രതികരിക്കുന്നു.
ആർ ശശിധരൻ (ടി.ഡി.എഫ് മുൻ വർക്കിംഗ് പ്രസിഡന്റ്, മുൻ ഡയറക്ടർ ബോർഡ് അംഗം)
പണിയെടുക്കുന്നവർക്ക് ശമ്പളം കൊടുക്കേണ്ടത് അടുത്ത മാസം പത്താം തീയതിക്ക് അകമാണ്. അത് ശമ്പളമായി തന്നെ നൽകണം. ഇവിടെ അത് ഗഡുക്കളായും കൂപ്പണായും നൽകപ്പെടുന്നു. പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നു. എട്ടു മണിക്കൂർ ജോലിക്കായി ലോകം മുഴുവൻ മുദ്രാവാക്യം വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാർ, നിയമം ലംഘിച്ച് കെ.എസ്.ആർ.ടി.സി.യിൽ പന്ത്രണ്ടു മണിക്കൂർ പണിയെടുപ്പിക്കുന്നു. ഇങ്ങനെ പണിയെടുക്കുന്ന തൊഴിലാളിയുടെ ശമ്പളവും പെൻഷനുമാണ് തടഞ്ഞുവെക്കുന്നത്. ഓരോ വർഷവും നൽകേണ്ട യൂണിഫോം നിർത്തിവെച്ചിട്ട് ആറു കൊല്ലമായി. ആശ്രിത നിയമനം നിർത്തിവെച്ചിട്ട് ആറു കൊല്ലമായി. മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നില്ല. തൊഴിലാളികളിൽ നിന്നും പിടിക്കുന്ന പ്രൊവിഡന്റ് ഫണ്ട് വകമാറ്റാൻ പാടില്ലെന്ന നിയമമുണ്ടായിരിക്കെ നിയമവിരുദ്ധമായി അത് വകമാറ്റപ്പെടുന്നു. നാഷണൽ പെൻഷൻ സ്കീം പ്രകാരം പ്രതിമാസം തൊഴിലാളികളിൽ നിന്നും പിടിക്കുന്ന സംഖ്യയും അടയ്ക്കാതെ വകമാറ്റുന്നു. മിക്കവാറും പേർക്ക് സ്വന്തം നാട്ടിൽ ജോലിയില്ല, പ്രൊമോഷനുകൾ തടഞ്ഞുവെച്ചിരിക്കുന്നു. രാജ്യത്ത് എല്ലായിടത്തും ബസ്സ് ഓടിക്കുന്നവർക്ക് നൽകുന്ന ബാറ്റ പോലും കുറുക്കുവഴികളിലൂടെ തടഞ്ഞുവെക്കപ്പെടുന്നു. പതിനായിരത്തോളം താത്കാലിക തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ജോലിക്ക് സ്ഥിരതയില്ലാത്ത ഒരു ഇടമായി കെ.എസ്.ആർ.ടി.സി മാറി. നൽകുമെന്ന് പ്രഖ്യാപിച്ച തുകപോലും സർക്കാറും ധനവകുപ്പും കെ.എസ്.ആർ.ടി.സിക്ക് സമയത്ത് നൽകുന്നില്ല.
കെ സ്വിഫ്റ്റ് എന്ന പദ്ധതികൊണ്ടുവന്നത് കെ.എസ്.ആർ.ടി.സി അവസാനിപ്പിക്കാനാണ്. കെ.എസ്.ആർ.ടി.സിയുടെ വസ്തു, ആസ്തി, ബസ്സ്, വർക്ക്ഷോപ്പ്, ഡിപ്പോ, വരുമാനമുള്ള റൂട്ടുകൾ എല്ലാം ഒന്നൊന്നായി കെ സ്വിഫ്റ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. കെ സ്വിഫ്റ്റിനെ ഇന്നും അനുകൂലിക്കുന്ന ഇടതുപക്ഷ യൂണിയനുകൾ എന്താണ് അവർ തൊഴിലാളികളോടും സ്ഥാപനത്തോടും ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല. കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളികളെ കെ സ്വിഫ്റ്റിൽ എടുക്കുന്നില്ല. അതിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്കാണെങ്കിൽ ശമ്പളവും ആനുകൂല്യവും തുശ്ചവുമാണ്. കെ.എസ്.ആർ.ടി.സിയുടെ വസ്തുക്കൾ കെ സ്വിഫ്റ്റിന് കൈമാറ്റം ചെയ്യുന്നു. കുറെയൊക്കെ റിയൽ എസ്റ്റേറ്റ് കച്ചവടം ചെയ്യാനും കോർപ്പറേഷൻ ആഗ്രഹിക്കുന്നു. 5300 ബസ്സുകളാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് കെ.എസ്.ആർ.ടി.സി ഓടിച്ചിരുന്നതെങ്കിൽ ഇന്ന് 2300 ബസ്സുകൾ മാത്രമെയുള്ളു. പുതിയ ബസ്സുകൾ വാങ്ങിക്കാത്തതാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. 4000 ബസ്സുകൾ വാങ്ങുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വാങ്ങിയത് 110 ബസ്സുകളാണ്. 2558 ബസ്സുകൾ പൊളിച്ചടുക്കിയ കെ.എസ്.ആർ.ടി.സിയുടെ 1500 ബസ്സുകൾ കൂടെ പൊളിക്കുവാൻ കേന്ദ്രം നിർദ്ദേശിച്ചു കഴിഞ്ഞു. ബാക്കിയുള്ളതെല്ലാം വരുന്ന അഞ്ചുവർഷത്തിനുള്ളിൽ പൊളിക്കേണ്ടി വരും. അങ്ങനെയെങ്കിൽ സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞതു പോലെ 2030 ആവുമ്പോഴേക്കും ഒരു ബസ്സുപോലുമില്ലാത്ത കോർപ്പറേഷനായി കെ.എസ്.ആർ.ടി.സി മാറും, കെ.എസ്.ആർ.ടി.സി അവസാനിക്കും. കെ സ്വിഫ്റ്റ് ദീർഘ സർവ്വീസുകൾക്ക് മാത്രമായിരിക്കും. സൗജന്യങ്ങൾ അവസാനിക്കും. വരുമാനമുള്ള റൂട്ടുകൾ മാത്രമെ എടുക്കുകയുള്ളു. അതുപോലെ രാത്രികാല സർവ്വീസ്, വിദ്യാർത്ഥികൾക്കുള്ള സർവ്വീസ്, സ്ത്രീകൾക്ക് മാത്രമുള്ള സർവ്വീസ്, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ ഇതൊക്കെ അവസാനിക്കും. സാധാരണക്കാരെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. പാവപ്പെട്ടവന്റെ യാത്രാമാർഗം അവസാനിക്കും. മറ്റിടങ്ങളിലെല്ലാം സർക്കാർ സബ്സിഡിയോട് കൂടി മാത്രമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തുന്നത്. കഴിഞ്ഞ വർഷം 9000 കോടി രൂപ തമിഴ്നാട് സർക്കാർ സബ്സിഡി കൊടുത്തപ്പോൾ കേരളത്തിൽ 1300 കോടിയാണ് നൽകിത്. 2300 കോടി രൂപ സബ്സിഡി കൊടുക്കേണ്ടിടത്താണ് 1300 കോടി രൂപ അനുവദിച്ചത്.
എം.ജി രാഹുൽ (ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ – എ.ഐ.ടി.യു.സി)
ഈ മെയ്ദിനത്തിലും കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ എട്ട് മണിക്കൂർ തൊഴിലിനായി സമരം ചെയ്യുകയാണ്. പന്ത്രണ്ട് മണിക്കൂർ വരെ പണിയെടുക്കേണ്ടിവരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. മോട്ടോർ വർക്കേർസ് ആക്ട് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് നിയമവിരുദ്ധമായി തൊഴിലാളികളെകൊണ്ട് പണിയെടുപ്പിക്കുകയാണ് ഇന്ത്യയിൽ അധികാരത്തിലുള്ള ഒരേയൊരു കമ്യൂണിസ്റ്റ് സർക്കാർ. അതോടൊപ്പം തുടർച്ചയായി ശമ്പളം മുടങ്ങുന്നു. അത് ഗഡുക്കളായി കൊടുക്കുന്ന ഒരു സംവിധാനമാണ് നിലവിലുള്ളത്. സർക്കാർ ആശുപത്രിയോ, സ്കൂളോ പോലെ വരുമാനമില്ലാത്ത ഒരു സംവിധാനമല്ല കെ.എസ്.ആർ.ടി.സി. സേവനം ചെയ്യുന്നതോടൊപ്പം ഒരു ദിവസം ശരാശരി എട്ട് കോടി രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ വരുമാനം 230 കോടിയാണ്. ഇതിൽ നിന്ന് 68 കോടി രൂപ മതി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ. എന്നിട്ടും എന്തുകൊണ്ടാണ് ശമ്പളം കൊടുക്കാൻ മാനേജ്മെന്റിന് കഴിയാത്തത് ? എന്തുകൊണ്ട് സർക്കാർ അതിന് മുൻകൈ എടുക്കുന്നില്ല ?
വരുമാനത്തിൽ നിന്നും ഡീസലിന് ചിലവഴിക്കും. സ്പെയർ പാർട്സും ടയറും ലൂബ്രിക്കന്റ്സും വാങ്ങാൻ ചിലവഴിക്കും. ബാങ്കുകൾക്കുള്ള കടം തിരിച്ചടിക്കാനും ബസ്സുകളുടെ ഇൻഷുറൻസ് അടക്കാനും ചിലവഴിക്കും. എം.എ.സി.ടി കോടതികളിലെ കേസുകൾക്കും പെർമിറ്റുകൾ പുതുക്കാനായും ഈ പണം ഉപയോഗിക്കും. ദൈനംദിന ചിലവുകൾക്കുവേണ്ടി ഉപയോഗിക്കും. ഇതിനെല്ലാം വേണ്ടി ഉപയോഗിക്കുമ്പോഴും ശമ്പളം കൊടുക്കാൻ മാത്രം ഉപയോഗിക്കില്ല. ശമ്പളത്തിന് മുൻഗണന ഇല്ലാതായിരിക്കുന്നു. മുൻപ് ഒന്നാമത്തെ പരിഗണന ശമ്പളത്തിനും രണ്ടാമത് ഡീസലിനുമായിരുന്നു. പിന്നീട് ഡീസലിനായി മുൻഗണന. എങ്കിലും 230 കോടിയിൽ നിന്നും 90-95 കോടി രൂപയക്ക് ഡീസലിന് ചിലവഴിച്ചാലും ശമ്പളം നൽകാനാവും. പക്ഷെ ശമ്പളം കൊടുക്കാൻ സർക്കാർ പണം തരണം എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. ആ പണം കിട്ടുന്നതുവരെ കാത്തിരിക്കുക, അതുവരെ ശമ്പളം കൊടുക്കാതിരിക്കുക. ഇതാണ് ഇപ്പോൾ കോർപ്പറേഷൻ ചെയ്യുന്നത്.
പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുന്ന ഒരു സർക്കാരാണ് എൽ.ഡി.എഫിന്റേത് എന്ന് പറയുമ്പോഴും സേവനമേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ ഇല്ലാതാക്കുകയാണ് ഇടതുപക്ഷ മുന്നണി. അതിന്റെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ അതു മനസ്സിലാക്കാം. 2016 ൽ 5200 ഷെഡ്യൂൾ ഉണ്ടായിരുന്നത് ഇന്ന് 3500 ഷെഡ്യൂൾ ആയി കുറഞ്ഞു. 2016 ൽ 32 ലക്ഷം യാത്രികരുണ്ടായിരുന്നത് 21 ലക്ഷം യാത്രികരായി കുറഞ്ഞു. 18 ലക്ഷം കിലോമീറ്ററിൽ നിന്നും 12 ലക്ഷം കിലോമീറ്ററിലേക്ക് സർവ്വീസ് കുറഞ്ഞു. സ്ഥിരവും താത്കാലികവുമായി 42000 ജീവനക്കാരുണ്ടായിരുന്നെങ്കിൽ 25000 ജീവനക്കാരെ ഇന്നുള്ളൂ. ഇടതുപക്ഷ മുന്നണി അധികാരത്തിലിരിക്കുമ്പോൾ കെ.എസ്.ആർ.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം വളരുകയാണോ, തളരുകയാണോ വേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.
കെ രാജേഷ് (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, കെ.എസ്.റ്റി എംപ്ലോയീസ് സംഘ്- ബി.എം.എസ്)
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സി ഇല്ലാതാവാൻ പോവുകയാണ്. കെ സ്വിഫ്റ്റ് എന്ന സ്വകാര്യ സ്ഥാപനം കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകളിലൂടെ ഓടുകയാണ്. ശരാശരി അഞ്ച് വർഷം ഓടേണ്ട ബസ്സുകളെ ഇനി കെ.എസ്.ആർ.ടി.സി.ക്ക് ഉള്ളൂ. അതു കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനമില്ല. ആ വിഷയം മറച്ചുവെക്കുന്നതിനുവേണ്ടി തൊഴിലാളികളെ പീഡിപ്പിക്കുന്ന നയമാണ് ഇടതുപക്ഷ സർക്കാറിന്റേത്. എട്ട് മണിക്കൂർ- വിശ്രമം,വിനോദം, തൊഴിൽ എന്നുള്ള മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് അന്തർദ്ദേശീയ തൊഴിലാളിദിനം ആചരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ ജോലി, എട്ട് മണിക്കൂർ കൂലി എന്ന നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനാൽ തൊഴിലാളികൾക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപഴകാനുള്ള സമയം നിഷേധിക്കുന്ന, തൊഴിലാളിവർഗ സർക്കാറിന് ചേരാത്ത നയമാണ് കെ.എസ്.ആർ.ടി.സിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
കുറച്ച്കാലം മുമ്പ് മാസാവസാനം ശമ്പളം കിട്ടിയിരുന്ന ഒരു ഡിപ്പാർട്ട്മെന്റായിരുന്നു കെ.എസ്.ആർ.ടി.സി. ഇന്ന് 240 കോടി രൂപ വരെ ടിക്കറ്റ് വരുമാനം കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസമുണ്ട്. ഇത്രയും വരുമാനം കൊണ്ടുവരുമ്പോൾ 80 കോടി രൂപ ശമ്പളത്തിനും 80 കോടി രൂപ ഡീസലിനും 10 കോടി രൂപ സ്പെയർ പാർട്സിനും വരും. 170 കോടി രൂപയാണ് പ്രതിമാസം കെ.എസ്.ആർ.ടി.സി പ്രവർത്തിക്കാൻ വേണ്ടി വരുന്ന തുക. എന്നിട്ടും പ്രവർത്തന ലാഭമുള്ള ഈ മേഖലയിൽ ശമ്പളം കൊടുക്കുന്നത് എവിടെയും കേൾക്കാത്ത രീതിയിൽ ഗഡുക്കളായിട്ടാണ്. ഒരു തൊഴിലാളി സർക്കാറിന്റെ ശമ്പളനയമാണോ ഇത്? ഞങ്ങൾ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ വർഷം വിഷുവും ഈസ്റ്ററും പെരുന്നാളുമില്ല.
കഴിഞ്ഞ ഒരു വർഷമായി തൊഴിലാളികളിൽ നിന്നും പിടിക്കുന്ന എസ്.എൽ.ഐ, ജി.ഐ.എസ് ഇൻഷൂറൻസിന്റെ ആനുകൂല്യം മരണപ്പെട്ട നാൽപ്പതിലധികം ആളുകളുടെ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. തൊഴിലാളികളിൽ നിന്നും ഈ തുക പിടിച്ചെടുത്ത കോർപ്പറേഷൻ അതടച്ചില്ല. തത്ഫലമായിട്ട് ബാങ്ക് ലോണുകളും എൽ.ഐ.സി പ്രീമിയം തുടങ്ങിയ കാര്യങ്ങളും തൊഴിലാളികളിൽ നിന്നും പിടിക്കുമ്പോഴും അത് അടക്കാതെ അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നു. ചുരുക്കത്തിൽ ഈ സ്ഥാപനത്തിലെ തൊഴിലാളികളെയും സ്ഥാപനത്തെയും ഇല്ലായ്മ ചെയ്യുന്ന ഒരു നയമാണ് ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ തൊഴിൽ വിരുദ്ധ നയങ്ങളെ എതിർക്കുന്ന ഇടതുപക്ഷ സർക്കാർ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണ്.
സി.ഐ.ടി.യു പ്രതിനിധിയെ ബന്ധപ്പെട്ടെങ്കിലും അവർ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.