Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കോവിഡ്-19 മഹാമാരിയുടെ അപ്രതീക്ഷിത പ്രതിസന്ധി ഘട്ടത്തിൽ പൗരന്മാർക്ക് അടിയന്തര സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 മാർച്ചിലാണ് കേന്ദ്രസർക്കാർ ‘പി.എം കെയേഴ്സ് ഫണ്ട്’ (Prime Minister’s Citizen Assistance and Relief in Emergency Situations Fund) രൂപീകരിച്ചത്. തുടക്കത്തിൽ തന്നെ വ്യക്തികളിൽ നിന്നും കോർപ്പറേറ്റുകളുടെ സി.എസ്.ആർ (CSR) ഫണ്ടുകളിൽ നിന്നും വലിയൊരു തുക ഇതിലേക്ക് ഒഴുകിയെത്തി. കോവിഡ് കാലത്ത് വെന്റിലേറ്ററുകൾ വാങ്ങാനും വാക്സിൻ ഗവേഷണങ്ങൾക്കും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും താത്കാലികമായി ഈ ഫണ്ട് പ്രയോജനപ്പെട്ടെങ്കിലും, നിലവിൽ ഇതിന്റെ വിനിയോഗവും സുതാര്യതയും സംബന്ധിച്ച് രാജ്യവ്യാപകമായി പരാതികൾ ഉയരുകയാണ്.
2026 ആഗസ്റ്റ് ആദ്യവാരം ഓഡിറ്റ് പൂർത്തിയാക്കിയ 2023-24-ലെയും 2024-25-ലെയും കണക്കുകൾ പുറത്ത് വന്നപ്പോൾ പി.എം. കെയേഴ്സ് ഫണ്ടിൽനിന്ന് ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രമെന്നാണ് വ്യക്തമാകുന്നത്. 8452.06 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ചെലവഴിച്ചത് 87 ലക്ഷം രൂപ മാത്രം. ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, ഫണ്ടിലുള്ള തുകയുടെ വലിയൊരു പങ്കും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിലാണ് (FD) നിക്ഷേപിച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരാത്ത പി.എം. കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23-നുശേഷം പുറത്തുവിട്ടിരുന്നില്ല. ഒരു അടിയന്തര ഫണ്ടിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് കോടി രൂപ എത്രത്തോളം പൊതുതാൽപര്യത്തിനായി ഉപയോഗിക്കപ്പെട്ടു എന്നതാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ഉയർത്തുന്ന പ്രധാന ചോദ്യം.


എന്താണ് പി.എം കെയേഴ്സ്?
2020 മാർച്ചിലാണ് പ്രധാനമന്ത്രി എക്‌സ് ഒഫിഷ്യോ ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ ട്രസ്റ്റികളായും പിഎം കെയേഴ്സ് ഫണ്ട് നിലവിൽ വന്നത്. കോവിഡ് പോലുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ സംഭവിക്കുമ്പോൾ ധനസഹായം ലഭ്യമാക്കുകയാണു ലക്ഷ്യം. ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് മറ്റു സർക്കാർ ജീവകാരുണ്യ ഫണ്ടുകളെപ്പോലെ നൂറുശതമാനം ആദായ നികുതിയിളവ് ലഭിക്കും. ഫണ്ട് സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കേന്ദ്ര സർക്കാർ ഉത്തരം നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ചോദിക്കുന്നത് വിലക്കുകയും ചെയ്തു. 2026 ജനുവരി 30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിന് നൽകിയ അറിയിപ്പിലാണ് പി.എം കെയേഴ്സ്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിഷയങ്ങളും അനുവദനീയമല്ലെന്ന് വ്യക്തമാക്കിയത്. ജനങ്ങളിൽ നിന്ന് സംഭാവനയായി സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ വിനിയോഗത്തെക്കുറിച്ച് ജനപ്രതിനിധികൾക്ക് പാർലമെന്റിൽ ചോദ്യമുന്നയിക്കാനുള്ള അവസരം നിഷേധിക്കുന്നത് ഫണ്ടിന്റെ സുതാര്യതയെ കുറിച്ചുള്ള വിമർശനങ്ങളെ ശക്തിപ്പെടുത്തി.
സ്വാതന്ത്ര്യാനന്തരം 1948-ൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു രൂപീകരിച്ച ‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി’ (PMNRF) പതിറ്റാണ്ടുകളായി നിലവിലിരിക്കെയാണ് പി.എം കെയേഴ്സ് എന്ന പേരിൽ പുതിയൊരു ഫണ്ട് രൂപീകരിച്ചത്. ഇതിന്റെ ആവശ്യകത തുടക്കം മുതൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രണ്ട് ഫണ്ടുകളുടെയും ലക്ഷ്യങ്ങൾ സമാനമായിരിക്കെ, പുതിയ ഫണ്ട് രൂപീകരിച്ചത് എന്തിനാണെന്നും കോവിഡ് സഹായങ്ങൾക്കായി നിലവിലുള്ള ഫണ്ട് ഉപയോഗിക്കാമായിരുന്നില്ലേ എന്നും പ്രതിപക്ഷവും മാധ്യമങ്ങളും ചോദിച്ചിരുന്നു. ഘടനാപരമായി നോക്കുമ്പോൾ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ഫണ്ട് മാനേജ്മെന്റിലെ മാറ്റങ്ങളും ഇപ്പോഴും വ്യക്തമല്ല.
അടങ്ങാത്ത വിവാദങ്ങൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ചില പദ്ധതികൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയ ചില വെന്റിലേറ്ററുകൾ ഗുണനിലവാരമില്ലാത്തതാണെന്ന പരാതികൾ മഹാമാരി പടരുന്ന കാലത്ത് തന്നെ വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിരുന്നു. അതേസമയം, കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച ‘പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ’ എന്ന പദ്ധതി ഈ ഫണ്ട് വഴി നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് വിലയിരുത്താൻ കൂടുതൽ വിശദമായ കണക്കുകൾ ആവശ്യമാണ്. എങ്കിലും ഫണ്ടിന്റെ മൊത്തം വിനിയോഗം പരിശോധിക്കുമ്പോൾ ഇത്തരം പദ്ധതികൾക്ക് ഉപയോഗിച്ച തുക താരതമ്യേന ചെറുതാണ്.
ഫണ്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന തുകയും പ്രകൃതിദുരന്തങ്ങളിലെ സഹായവിതരണവും സംബന്ധിച്ചാണ് മറ്റൊരു പ്രധാന വിമർശനം. പുറത്തുവന്ന ചില കണക്കുകൾ പ്രകാരം, ഫണ്ടിലെ വലിയൊരു തുക (ഏകദേശം 8,452 കോടിയോളം രൂപ) ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി (FD) മാറ്റിയിരിക്കുകയാണ്. കോവിഡിന് സമാനമായ അടിയന്തര സാഹചര്യങ്ങൾ ഭാവിയിൽ നേരിടാനാണ് ഈ തുക മാറ്റിവെച്ചിരിക്കുന്നത് എന്ന് സർക്കാരിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അടിയന്തര ഘട്ടങ്ങളിലും ഈ ഫണ്ട് ഉപയോഗിക്കേണ്ടതുണ്ട്. സമീപകാലത്ത് വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ, ഹിമാചലിലെ പ്രളയം, ഗുജറാത്ത്, മഹാരാഷ്ട്ര, അസം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയുണ്ടായപ്പോൾ ഫണ്ടിൽ നിന്ന് ആവശ്യമായ അടിയന്തര സഹായം ലഭ്യമാക്കിയില്ല. ഫണ്ട് സ്ഥിരനിക്ഷേപമാക്കിയതിലൂടെ വലിയൊരു തുക പലിശയിനത്തിൽ ലഭിച്ചു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ദുരന്തസമയത്ത് ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട അർഹരായവർക്ക് ഈ തുക ഉപയോഗിക്കാത്തതിലെ ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കോർപ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ (CSR) പി.എം കെയേഴ്സിലേക്ക് വലിയ തോതിൽ ഒഴുകിയത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും താഴെത്തട്ടിലുള്ള വികസനങ്ങളെയും ബാധിച്ചുവെന്നതാണ് മറ്റൊരു പ്രധാന വിലയിരുത്തൽ. മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് (CMDRF) നൽകുന്ന സംഭാവനകളെക്കാൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പി.എം കെയേഴ്സിലേക്ക് ഫണ്ട് നൽകാൻ കേന്ദ്രസർക്കാർ പ്രത്യേക ഇളവുകളിലൂടെ കൂടുതൽ പ്രോത്സാഹനം നൽകി എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ ബാധിച്ചു. കൂടാതെ, സാധാരണഗതിയിൽ ഈ സി.എസ്.ആർ ഫണ്ടുകൾ ലഭിച്ചിരുന്ന മറ്റ് സന്നദ്ധ സംഘടനകളുടെയും (NGOs) ഗ്രാമീണ വികസന പദ്ധതികളുടെയും പ്രവർത്തനത്തെയും ഫണ്ടിന്റെ ഈ കേന്ദ്രീകരണം പ്രതികൂലമായി ബാധിച്ചു.


ഇതിനുപുറമെ, പി.എം കെയേഴ്സ് ഫണ്ടിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിക്കാൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) പ്രകാരം പ്രത്യേക ഇളവുകൾ നൽകിയതിലും പ്രശ്നങ്ങളുണ്ട്. വിദേശ ഫണ്ടുകൾ എത്രത്തോളം ലഭിച്ചു എന്നും, അത് എങ്ങനെ വിനിയോഗിച്ചു എന്നും പൂർണ്ണമായും വ്യക്തമല്ല. ഫണ്ടിലേക്ക് പണം നൽകിയതാരെന്നോ, തുക എവിടെ ചെലവഴിക്കുന്നു എന്നോ വിവരാവകാശ നിയമം വഴി അറിയാൻ കഴിയില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട പ്രശ്നം. ഫണ്ടിന്റെ വെബ്സൈറ്റിൽ വരവ്-ചെലവ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും, വ്യക്തിഗത സംഭാവനകളുടെ പൂർണ വിവരങ്ങളോ ഓരോ ചെലവിന്റെയും വിശദമായ രേഖകളോ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട് പരിശോധിക്കാനുള്ള അവസരം ഇതോടെ പരിമിതപ്പെടുന്നു. പി.എം കെയേഴ്സ് ഫണ്ട് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു ‘പബ്ലിക് അതോറിറ്റി’ അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളിൽ നിന്നും പണം സമാഹരിച്ചിട്ടും ഇത് പൊതുഫണ്ടല്ലെന്ന് പറയുന്നതിലെ വൈരുദ്ധ്യം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ വിഷയത്തിൽ കോടതികളുടെ ഇടപെടലുകളും നിർണായകമായിരുന്നു. പി.എം കെയേഴ്സിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (NDRF) മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ വന്നിരുന്നുവെങ്കിലും, പി.എം കെയേഴ്സ് ഒരു പബ്ലിക് ട്രസ്റ്റ് ആണെന്നും തുക അങ്ങോട്ട് മാറ്റേണ്ടതില്ലെന്നുമാണ് കോടതി വിധിച്ചത്. ഇതുകൂടാതെ, പൊതുഫണ്ടുകൾ പരിശോധിക്കേണ്ട ഭരണഘടനാ സ്ഥാപനമായ സി.എ.ജി (CAG) അല്ല, പകരം സ്വകാര്യ ഓഡിറ്റർമാരാണ് പി.എം കെയേഴ്സിന്റെ കണക്കുകൾ പരിശോധിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലുള്ള പ്രധാനമന്ത്രി അധ്യക്ഷനായ ഒരു ട്രസ്റ്റ് നിയന്ത്രിക്കുന്ന ഫണ്ടിന്റെ കണക്കുകൾ സി.എ.ജി പരിശോധിക്കാത്തത് സുതാര്യതയില്ലായ്മയുടെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ഇത് പൊതുജനങ്ങൾക്ക് ഫണ്ടിന്മേലുള്ള വിശ്വാസ്യതയെ സാരമായി ബാധിക്കുന്ന കാര്യമാണ്.


അറിയാനുള്ള അവകാശം
ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകൾ കൂടുതൽ സുതാര്യമാക്കുകയും, അതിനെ പൂർണ്ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും വേണമെന്നാണ് നിലവിലെ പ്രധാന ആവശ്യം. കൂടാതെ, സി.എ.ജി (CAG) ഓഡിറ്റ് ഏർപ്പെടുത്തി കണക്കുകളിലെ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന തുകയും അതിൽ നിന്നുള്ള പലിശയും ദുരന്തബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ അനുവദിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. ഇതിനായി വ്യക്തമായ മാനദണ്ഡങ്ങളും പാർലമെന്ററി സമിതികളുടെ പരിശോധനയും കൊണ്ടുവരാവുന്നതാണ്. ജനങ്ങളുടെ ഫണ്ട് സുതാര്യമായി വിനിയോഗിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്നും, സാങ്കേതികത്വത്തിന്റെ പേരിൽ കണക്കുകൾ മറച്ചുവെക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പണം എത്രയുണ്ട് എന്ന കണക്ക് വെളിപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്തം. ജനങ്ങളിൽനിന്ന് സമാഹരിച്ച പണം എവിടെ നിന്ന് വന്നു, എങ്ങനെ സൂക്ഷിക്കുന്നു, എവിടേക്ക് വിനിയോഗിക്കുന്നു, ആരുടെ തീരുമാന പ്രകാരമാണ് ചെലവഴിക്കുന്നത് എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം. ഒരു ജനാധിപത്യ സംവിധാനത്തിൽ പൊതുതാൽപര്യത്തിനായി സമാഹരിക്കുന്ന ഫണ്ടിന്റെ സുതാര്യതയും ഉത്തരവാദിത്തവും ഒഴിവാക്കാനാകാത്തതാണ്. സാങ്കേതികമായ കാരണങ്ങളുടെ പേരിൽ ഈ കണക്കുകൾ പൊതുപരിശോധനയിൽ നിന്ന് അകറ്റിനിർത്തുന്നത് ആരോഗ്യകരമായ ജനാധിപത്യ കീഴ്‌വഴക്കമല്ല.

