പി.എം ശ്രീ: എന്തുകൊണ്ടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ വഴങ്ങുന്നത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വി.ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരും തീരുമാനിച്ചിരിക്കുന്നു. തങ്ങൾ അധികാരത്തിലെത്തുന്നതിൽ എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീയിൽ ഒപ്പുവെച്ചതും ഒരു ഘടകമായിരുന്നു എന്ന കാര്യം യു.ഡി.എഫ് വിസ്മരിച്ചിരിക്കുന്നു. പല നിലകളിൽ ചെറുക്കപ്പെടേണ്ട ഒന്നായിട്ടും അതിന് മുതിരാതെ പി.എം ശ്രീ നടപ്പിലാക്കാൻ തീരുമാനിച്ചതിലൂടെ ഈ സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഉയരാൻ പോവുന്നില്ല എന്ന സൂചനയാണ് നൽകുന്നത്.

കേരളം പി.എം ശ്രീ കരാറിൽ ഒപ്പുവെക്കുന്നത് 2025 ഒക്ടോബർ മൂന്നിനാണ്. ഘടകകക്ഷികളോട് പോലും ചോദിക്കാതെ കരാർ ഒപ്പിട്ടത് അന്ന് വലിയ വിവാദമായിരുന്നു. വിദ്യാഭ്യാസത്തിന്റെ മേലുള്ള ഫെഡറൽ അവകാശങ്ങൾ ഇല്ലാതാക്കാനും അതുവഴി കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പിലാക്കാനുമുള്ള വഴിയായി അത് മാറി. പി.എം ശ്രീ നടപ്പിലാക്കാൻ ജനാധിപത്യ നടപടിക്രമം പോലും പാലിക്കാതിരുന്നത് ഇടതുപക്ഷത്തിനെതിരെ വലിയ വിമർശനമുയരാൻ കാരണമായി. പി.എം ശ്രീയിലൂടെ വരാൻ പോവുന്ന ‘വിദ്യാഭ്യാസം’ എജ്യുക്കേഷനിസ്റ്റുകൾക്കിടയിലും അദ്ധ്യാപകരിലും ആശങ്കയുണ്ടാക്കി. ഇപ്പോഴിതാ, നടപടിക്രമങ്ങൾ പാലിക്കാതെ ഒപ്പിട്ട അതേ പദ്ധതി, ജനങ്ങളുടെ ആശങ്കകളൊന്നും പരിഹരിക്കാതെ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു!

പി.എം ശ്രീയിലെ ആശങ്കകൾ

ദേശീയ വിദ്യാഭ്യാസ നയം – 2020 (NEP) വിഭാവനം ചെയ്യുന്നതുപോലെ പൊതുവിദ്യാഭ്യാസത്തെ മാറ്റിയെടുക്കലാണ് പി.എം ശ്രീയുടെ ഉദ്ദ്യശം. അത് പ്രധാനമായും വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണമാണ്. വികസിത മുതലാളിത്ത രാജ്യങ്ങൾക്കും ആഗോള ബിസിനസ് ഭീമന്മാർക്കും ആവശ്യമായ വിലകുറഞ്ഞ അധ്വാനശക്തിയെ എത്തിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ടവരായി ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളെ മാറ്റിത്തീർക്കാൻ നവഉദാരവൽകരണ നയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യ പങ്കാളിയായിട്ടുള്ള യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്റ്റ് പോലുള്ള ഉടമ്പടികളിൽ വികസിത മുതലാളിത്ത രാജ്യങ്ങളുടേയും ആഗോള ബിസിനസ് ഭീമന്മാരുടേയും താൽപര്യമാണ് സംരക്ഷിക്കുന്നത്. ഈ താൽപര്യങ്ങൾക്ക് യോജിക്കും വിധം വിദ്യാഭ്യാസ ഉള്ളടക്കത്തെ പരിഷ്കരിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയം-2020 ചെയ്യുന്നത്. 2030-ഓടെ സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന 50 ശതമാനം പേരെയെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കടത്തിക്കൊണ്ടുപോവാനാണ് എൻ.ഇ.പി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസമെന്ന് വിളിക്കുന്നെങ്കിലും വിദ്യാഭ്യാസമല്ല എൻ.ഇ.പിയുടെ ലക്ഷ്യം. തൊഴിലഭ്യാസമാണ്. അത് രണ്ടും മൗലികമായി വ്യത്യസ്തവുമാണ്. പി.എം ശ്രീ സ്കൂളുകളിലൂടെ സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായും തൊഴിലഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റപ്പെടുമോ എന്ന ആശങ്കയാണ് ഒന്നാമത്തേത്.

സാമ്പത്തിക സമാഹരണമാണ് മറ്റൊരു ആശങ്ക. പൊതു-സ്വകാര്യ പങ്കാളിത്തം, കോർപ്പറേറ്റ് സോഷ്യൽ റസ്പോൻസിബിളിറ്റി ഫണ്ട്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളിലൂടേയും സാമൂഹ്യ ധനസമാഹരണ മാർഗത്തിലൂടെയും സ്കൂൾ നടത്തിപ്പ് ചിലവുകൾ കണ്ടെത്തുക തുടങ്ങിയ സാമ്പത്തിക സമാഹരണ മാർഗങ്ങളെപ്പറ്റി വ്യക്തമായി തന്നെ പി.എം ശ്രീ കരാർ പ്രതിപാദിക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ സ്കൂളുകളുടെ നടത്തിപ്പ് സാവധാനം ജനങ്ങളുടെ (മാത്രം) ബാധ്യതയാവുമോ എന്ന സന്ദേഹമുണർത്തുന്നുണ്ട്. ഇപ്പോഴും അവശേഷിക്കുന്ന രണ്ട് ആശങ്കകളാണിത്.

Representative Image

നവഉദാരവൽക്കരണ നയങ്ങളും സാംസ്കാരിക ദേശീയതയും

രാജ്യത്ത് നവഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയത് കോൺഗ്രസ് ഭരിക്കുമ്പോഴാണെങ്കിലും അതിനെ സഹായിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യശാസ്ത്രം കോൺഗ്രസിനില്ലായിരുന്നു. ദേശീയ ഉദ്ഗ്രഥനത്തെയും വ്യാവസായിക വളർച്ചയേയും സഹായിക്കുന്ന ബഹുസ്വര ദേശീയതയിൽ പൊതിഞ്ഞ സോഫ്റ്റ് ഹിന്ദുത്വ പ്രത്യയശാസ്ത്രമായിരുന്നു കോൺഗ്രസ് മുന്നോട്ടുവെച്ചത്. വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതും ബഹുസ്വരവും ആധുനികവുമെന്ന് കരുതുമ്പോഴും, പ്രാചീനതയിൽ വേരുകൾ തേടുന്നതിൽ നിന്നും മറ്റൊരു ദേശീയതക്കും മാറിനിൽക്കാൻ ആവാതിരുന്നതുപോലെ കോൺഗ്രസ് മുന്നോട്ടുവെച്ച ബഹുസ്വര ദേശീയതക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സോഫ്റ്റ് ഹിന്ദുത്വയിൽ പൊതിഞ്ഞ ദേശീയതയാണ് അതെന്ന് വിലയിരുത്തുന്നത്. ആധുനിക വിദ്യാഭ്യാസം കിട്ടിയ സവർണരും വരേണ്യരും മുന്നോട്ടുവെച്ച ദേശീയതയായിരുന്നു കോൺഗ്രസിൻറേത്.

എല്ലാതരത്തിലുമുള്ള സാമൂഹ്യവിഭജനങ്ങളേയും ഉച്ചനീചത്വങ്ങളേയും സാമ്പത്തിക അസമത്വത്തേയും ഒരു കുടക്കീഴിൽ കൊണ്ടുനടക്കുന്ന, വൈഭവം ആവശ്യമുള്ള ഒരു സർക്കസാണ് ആ അർഥത്തിൽ കോൺഗ്രസും അതിന്റെ പ്രത്യയശാസ്ത്രവും. ആർ.എസ്.എസ് മുന്നോട്ടുവെച്ച വളരെ സങ്കുചിതവും സമൂഹത്തിന്റെ ഐക്യത്തെ തകർക്കാൻ കരുത്തുള്ള സാംസ്കാരിക ദേശീയത അക്കാലത്തുതന്നെ രൂപപ്പെട്ടിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല ആർ.എസ്.എസ് മുന്നോട്ടുവെച്ച ദേശീയത. ഭൂരിപക്ഷം പേർ പിന്തുടരുന്ന സംസ്കാരത്തിന്റെ താത്പര്യങ്ങൾ ആധുനിക ദേശരാഷ്ട്രത്തിന്റെ നയങ്ങളിൽ പ്രതിഫലിക്കണമെന്ന അധീശത്തപരവും ആധുനിക ഉദാരജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന നിലപാടും ചേർന്നതായിരുന്നു ആർ.എസ്.എസ് മുന്നോട്ടുവെച്ച ദേശീയത. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നാൽ ഒരു മൂല്യവ്യവസ്ഥയോ അതിനടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണസ്ഥാപനങ്ങളൊ ന്യൂനപക്ഷ അവകാശങ്ങളൊ ആയിരുന്നില്ല. അത് കേവലം ‘ഭൂരിപക്ഷത്തിന്റെ’ ഭരണം മാത്രമായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുകയെന്നാൽ പ്രീണിപ്പിക്കലുമായിരുന്നു. ആ അർഥത്തിൽ സാംസ്കാരിക ഭൂരിപക്ഷീയതയുടേയും പിന്തിരിപ്പൻ ആധുനികതയുടേയും സങ്കലനമാണ് ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന സാംസ്കാരിക ദേശീയത. സ്ഥിരതയും ജനങ്ങളുടെ ആകമാന പിന്തുണയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതി വേണമെന്നതിനാൽ സ്വതന്ത്ര്യത്തിന് മുമ്പും പിന്നീടും ഇന്ത്യയിലെ ഇൻഡസ്ട്രിയലിസ്റ്റുകൾ കോൺഗ്രസിന് പിന്തുണ നൽകി. എങ്കിലും ഭരണഘടനയിലുൾപ്പെടെ സ്വാധീനം ചെലുത്താൻ ആർ.എസ്.എസിന്റെ സാംസ്കാരിക ദേശീയതക്ക് സാധിച്ചിട്ടുണ്ട്.

കോൺഗ്രസ്: വാക്ക് മറന്നുപോയവർ!

ഉദാര ജനാധിപത്യ, മതേതര, ഭരണഘടന ജനാധിപത്യം എന്ന ആശയം കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസം ഈ മൂല്യവ്യവസ്ഥയുടെ കൈമാറ്റത്തിൽ ഊന്നിയില്ല. അത് ഇൻഡസ്ട്രികൾക്ക് താൽപര്യമുള്ള ടെക്നോ-മാനേജീരിയൽ വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഗണത്തിൽപ്പെടുന്നതായിരുന്നു. അവിടങ്ങളിൽ പഠിച്ചിറങ്ങുന്നവർ സാങ്കേതികവിദ്യകളിൽ അതിനൈപുണ്യമുള്ളവരും ജാതിയേയും മതത്തേയും ജനാധിപത്യ സ്ഥാപനങ്ങളെയും സങ്കീർണമായ സാമൂഹ്യശാസ്ത്ര ചോദ്യങ്ങളിൽ സമ്പൂർണ്ണ അജ്ഞരുമായിരുന്നു. ശാസ്ത്രീയ മനോഭാവത്തെപ്പറ്റി മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിലൊതുങ്ങി. സാമൂഹ്യഘടനയെ സംബന്ധിച്ച വിമർശനാത്മക അനേഷ്വണം പ്രോത്സാഹിപ്പിക്കപ്പെട്ടതേയില്ല. വരേണ്യ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾക്ക് വൻതോതിലുള്ള ധനസഹായം നൽകപ്പെട്ടിരുന്നെങ്കിലും പ്രാഥമിക വിദ്യാഭ്യാസവും സർവകലാശാലകളിലെ സാമൂഹ്യശാസ്ത്ര വകുപ്പുകളും അവഗണിക്കപ്പെട്ടു. ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് അനുഭവങ്ങളിലൂടെ സ്വാംശീകരിക്കപ്പെടുന്ന ഒന്നാണെന്നുമുള്ള ധാരണക്കായിരുന്നു സ്വാധീനം. അതിനാൽതന്നെ ജനാധിപത്യമൂല്യങ്ങളുടെ വികാസത്തിന് ആവശ്യമായ ശക്തമായ ബോധന അടിത്തറ ഒരുക്കപ്പെട്ടില്ല. ഉണ്ടെങ്കിൽതന്നെ അത് ടെക്സ്റ്റ് ബുക്ക് അഭ്യാസങ്ങളായ ഒതുക്കപ്പെട്ടു. തെരഞ്ഞെടുപ്പാണ് ജനാധിപത്യമെന്ന ചുരുക്കം ‘ഭൂരിപക്ഷത്തിന്റെ’ ഭരണമാണ് ജനാധിപത്യമെന്ന സാംസ്കാരിക ദേശീയതയുടെ യുക്തിക്ക് ചേർന്നു നിൽക്കുന്ന ആശയമാണ്. ചുരുക്കത്തിൽ വാക്കുമറന്ന കോൺഗ്രസിന്റെ പ്രയോഗങ്ങൾ സാംസ്കാരിക ദേശീയതയെ സഹായിക്കുന്നതായിരുന്നു.

Representative Image

മറുവശത്ത്, ബഹുസ്വരമെന്ന എന്നുപറയപ്പെടുന്ന കോൺഗ്രസിന്റെ കാൽപ്പനികമായ ദേശീയതാ സങ്കൽപ്പം മറ്റ് പലവിധങ്ങളിലും സാംസ്കാരിക ദേശീയതയുടെ വളർച്ചയെ സഹായിക്കുന്നുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളെ നിരുപാധികം സ്വാംശീകരിക്കാൻ ശേഷിയുള്ള ഒന്നായിട്ടാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ബഹുസ്വര ദേശീയത ‘ഇന്ത്യൻ’ സംസ്കാരത്തെ അവതരിപ്പിക്കുന്നത്. അവർ ഇന്ത്യൻ സംസ്കാരമായി അവതരിപ്പിച്ചത് സംസ്കൃത സാഹിത്യത്തേയും സവർണ പാരമ്പര്യത്തേയുമായിരുന്നു. അവർണരുടേയും ആദിവാസികളുടേയും ശ്രമണ പാരമ്പര്യത്തിൻറേയും ചരിത്രം ബഹുസ്വര ദേശീയതക്കകത്ത് തിരസ്കരിക്കപ്പെടുകയോ അപ്രധാനമാക്കപ്പെടുകയോ ചെയ്തു. ജാതീയമായ അടിച്ചമർത്തലോ ആദിവാസികളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ അസ്തിത്വമോ ശ്രമണ പാരമ്പര്യത്തിന്റെ വേദ ആധിപത്യ- വർണ-ജാതി വിരുദ്ധ നിലപാടുകളോ ചർച്ച ചെയ്യപ്പെട്ടില്ല. സാംസ്കാരിക ദേശീയതയുടെ വക്താക്കൾ ഈ വിടവിനെ നികത്താൻ സഹായിക്കുന്ന പുതിയ ചരിത്രം സൃഷ്ടിച്ചു. അവർണൻ ഹിന്ദു രാജ്യത്തിന്റെ സംരക്ഷകരായി അവതരിപ്പിക്കപ്പെട്ടു. ആദിവാസികളെ സാംസ്കാരികമായി സ്വധീനിക്കാനായി വനവാസി കല്യാൺ ആശ്രം എന്ന സംഘടനയിലൂടെ ആദിവാസി മേഖലകളിൽ സ്കൂളുകളും ഹോസ്റ്റലുകളും ആരോഗ്യ സേവനകേന്ദ്രങ്ങളും സ്ഥാപിച്ചു. ബുദ്ധ-ജൈനമതങ്ങളും സിക്കിസവും ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമാണെന്ന കോൺഗ്രസ് നിലപാടും സാംസ്കാരിക ദേശീയതയെ സഹായിക്കുന്നതായിരുന്നു. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും ബഹുസ്വരതയും ആധുനികവും എന്ന് കരുതുമ്പോഴും ബഹുസ്വര ദേശീയത പ്രാചീനതയിൽ വേരുകൾ തിരയുമായിരുന്നു. ആ തിരച്ചലിന്റെ വിപുലീകൃതവും അക്രമണാത്മകവുമായ രൂപത്തെ നമ്മുക്ക് സാംസ്കാരിക ദേശീയതയിൽ കാണാം. വ്യോമയാനം, ജനിതകം, അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് തുടങ്ങിയവ വേദകാലത്തെയുണ്ടെന്ന് പറയാൻ സാധിക്കുന്നത് അങ്ങനെയാണ്.

സാംസ്കാരിക ദേശീയതയും പി.എം ശ്രീയും

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് ടെക്നോ-മാനേജീരിയൽ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതിനും സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നൽകാത്തതിന് പിന്നിലും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. സമാനമായി, നവഉദാരവൽക്കരണ സാമ്പത്തികനയവും സാംസ്കാരിക ദേശീയതയും വേർപ്പെടുത്താനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നു. നവലിബറൽ സാമ്പത്തിക നയം സാമൂഹ്യ സുരക്ഷാ പദ്ധതികളെ ഇല്ലാതാക്കുന്നുണ്ട്. സ്വാതന്ത്രാനന്തരം പതിറ്റാണ്ടുകളോളം സാമൂഹ്യ-സാമ്പത്തിക സുരക്ഷാ കവചമായി പ്രവർത്തിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. 1991-ൽ നവഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിയതോടെ ഈ സുരക്ഷാകവചം തകർന്നു. ഇന്ത്യൻ മധ്യവർഗം അരക്ഷിതരായി. അവർക്ക് സുരക്ഷിതത്വം കുറഞ്ഞ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവന്നു. മൂലധനാധിഷ്ടിത വികസനം ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണമായി. നഗരങ്ങളിൽ വരേണ്യരും അരികുവൽക്കരിക്കപ്പെട്ടവരും ഇടകലർന്നു.

ഈ ഘടകങ്ങൾ – സാമ്പത്തിക അരക്ഷിതാവസ്ഥ, കുടിയേറ്റത്തിലൂടെയുണ്ടായ സാമൂഹ്യ-സാംസ്കാരിക വിഛേദം, ഇടകലരലിലൂടെ ചോദ്യംചെയ്യപ്പെട്ട ജാതി ബോധം, ആഗോള മൂലധനത്തോടൊപ്പം കടന്നുവന്ന പാശ്ചാത്യ സാംസ്കാരിക പ്രവണതകൾ മധ്യവർഗത്തിലുണ്ടാക്കിയ ആകുലതകൾ – കൈകാര്യം ചെയ്യാനുള്ള പ്രത്യയശാസ്ത്ര ഉപകരണം എന്ന നിലക്കാണ് സാംസ്കാരിക ദേശീയത പിന്തുണക്കപ്പെട്ടത്. ഈ പ്രവണത ഇന്ന് ലോകമാകമാനം ദൃശ്യവുമാണ്. നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ എതിർപ്പുകൂടാതെ നടപ്പിലാക്കാനുള്ള മാനസിക പരിസരം സൃഷ്ടിക്കുകയാണ് സാംസ്കാരിക ദേശീയത ചെയ്യുന്നത്. മേൽസൂചിപ്പിച്ച എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ഭൂരിപക്ഷ സാംസ്കാരിക ഐക്യത്തിലൂടേയും അവർക്കുവേണ്ടിയുള്ള ഭരണത്തിലൂടേയുമാണ് സാധ്യാമാവുകയെന്ന് അവർ തട്ടിവിടും. കോൺഗ്രസ് ജനാധിപത്യത്തെ സംബന്ധിച്ച് അവതരിപ്പിച്ച വികലമായ കാഴ്ചപ്പാടുകളാലും വിദ്യാഭ്യാസനയത്താലും സാംസ്കാരിക ദേശീയതയോട് അറിയാതെ അടുപ്പം സ്ഥാപിച്ചവർ സ്വാഭാവികമായി സമ്പൂർണമായും സാംസ്കാരിക ദേശീയതയുടെ വക്താക്കളാവും. കോൺഗ്രസ് ചരിത്രത്തിൽ നിന്നും പുറംതള്ളിയവരെ സാംസ്കാരിക ദേശീയത പുതിയ ചരിത്രം നിർമ്മിച്ചുനൽകി കൂടെകൂട്ടും. ഒരേസമയം നവലിബറൽ നയങ്ങൾ നടപ്പിലാക്കാനും സാസംകാരിക ദേശീയത പ്രചരിപ്പിക്കാനും ശേഷിയുള്ള പാർട്ടി എന്ന നിലയ്ക്കാണ് ബി.ജെ.പിയെ നവലിബറൽ കാലത്തെ കോർപ്പറേറ്റുകൾ പിന്തുണച്ചത്.

പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതിനെതിരെ നടന്ന സമരത്തിൽ നിന്നും

നവഉദാരവൽക്കരണ കാലത്തെ കമ്പോളതാത്പര്യങ്ങളും രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങളും ഉൾകൊള്ളുന്ന മാനസിക ഘടനയുള്ളവരെ സൃഷ്ടിക്കലാണ് ഇന്ന് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയവും പി.എം ശ്രീയും. വിദ്യാഭ്യാസത്തിന് മേലുള്ള രാഷ്ട്രീയ അധികാരം കേന്ദ്രീകരിച്ച് ഈ താൽപര്യത്തെ സഹായിക്കുന്ന സ്കൂൾ ഘടനയും ഉള്ളടക്കവും സ്ഥാപിച്ചെടുക്കലാണ് പി.എം ശ്രീയുടെ ഉ​ദ്ദേശം. അത് നടപ്പിലാക്കാനുള്ള കരാറിലാണ് പിണറായി വിജയൻ സർക്കാർ ഒപ്പുവെച്ചതും ഇന്നിപ്പോൾ വി.ഡി സതീശൻ സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതും.

കേരളത്തിൽ അടുത്തിടെയുണ്ടായ രണ്ട് സർക്കാരുകളും പി.എം ശ്രീ നടപ്പിലാക്കാൻ തീരുമാനിക്കുന്നതിന് കാരണം അവർക്ക് നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങളോട് എതിർപ്പില്ലാത്തതാണ്. ആ നയങ്ങൾ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും അതിന്റെ പ്രത്യയശാസ്ത്രമായ സാംസ്കാരിക ദേശീയതയേയും അംഗീകരിക്കേണ്ടി വരുന്നതാണ് അടിസ്ഥാന പ്രശ്നം. നവഉദാരവൽക്കരണ നയങ്ങൾക്ക് ബദലായ ഒരു സാമ്പത്തിക നയത്തിന് മാത്രമേ ഇനി സാംസ്കാരിക ദേശീയതയ്ക്കുള്ള സാംസ്കാരിക ബദലിനെ സൃഷ്ടിക്കാൻ പറ്റുള്ളൂ. ആ ബദലുകൾകൊണ്ടുമാത്രമേ പി.എം ശ്രീയെ നേരിടാനുമാവൂ. എങ്കിലും ഞങ്ങൾ ഒരിക്കൽക്കൂടി പറഞ്ഞുനോക്കുകയാണ്, “പി.എം ശ്രീ നടപ്പിലാക്കരുത്.”

Also Read

7 minutes read June 20, 2026 6:32 am