ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള ‘ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സ്’ രചിച്ച പ്രശസ്തനായ പക്ഷിനിരീക്ഷകനും, പക്ഷിശാസ്ത്രജ്ഞനുമായ സാലിം അലി ഓള്‍ ഇന്ത്യ റേഡിയോയ്ക്കുവേണ്ടി നടത്തിയ 35 പ്രഭാഷണങ്ങളാണ് Words for Birds: The Collected Radio Broadcasts എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ തന്നെ ശിഷ്യയും ഫീല്‍ഡ് ഓര്‍നിത്തോളജിയില്‍ അപാര പാണ്ഡിത്യവുമുള്ള താര ഗാന്ധി വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. ബോംബേ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സമാഹരിച്ച സാലിം അലിയുടെ ലേഖനക്കുറിപ്പുകള്‍ 2021-ല്‍ താര ഗാന്ധിയുടെ ആമുഖവും ഉള്‍പ്പെടുത്തി ന്യൂ ഡല്‍ഹിയിലെ പെര്‍മനന്റ് ബ്ലാക്ക് പ്രസിദ്ധീകരിച്ചു. മലയാളത്തിലേക്ക് അത് വിവര്‍ത്തനം ചെയ്തിരിക്കുന്നത് (കിളിമൊഴി) ജന്തുശാസ്ത്രത്തില്‍ ഡോക്ട്രേറ്റും, പ്രകൃതിസംരക്ഷണ വിദ്യാഭ്യാസം, വനസംരക്ഷണം, പോഷകാഹാര സുരക്ഷ, പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ് ശാന്തിയാണ്. വി.സി തോമസിന്റെ അദിതി എഡീഷന്‍സാണ് പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.
ഇവിടെ പക്ഷി സ്‌നേഹികള്‍ ജന്മം കൊള്ളാൻ കാരണമായ, ഹിന്ദുസ്ഥാനി ഭാഷയില്‍ സാലിം അലി നടത്തിയ പക്ഷികള്‍ക്ക് വേണ്ടിയുള്ള ഈ 35 ഭാഷണങ്ങള്‍, ഇന്ത്യയില്‍ ഉടനീളം ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ചത് ഓള്‍ ഇന്ത്യ റേഡിയോ ആണ്. ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ ബി.എന്‍.എച്ച്.എസ് ആര്‍ക്കൈവില്‍ നിന്നും കാര്യക്ഷമമായി കാറ്റലോഗ് ചെയ്യപ്പെട്ടിട്ടുള്ള ഫോട്ടോകളാണ് പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മാനവലോകം ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡ് കാലഘട്ടത്തിലാണ് താര ഗാന്ധി ഈ കുറിപ്പുകള്‍ കണ്ടെത്തുകയും സാലിം അലിയുടെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2021-ല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തത്.
ഈ പുസ്തകം അടിസ്ഥാനപരമായി അഞ്ച് ഭാഗങ്ങളായും, അതിന് ചേരുന്ന തരത്തില്‍ വിവിധ അധ്യായങ്ങളിലായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വീണ്ടും തരം തിരിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണം, പക്ഷികളുടെ ഋതുക്കള്‍, പക്ഷികളെ കുറിച്ചുള്ള പഠനം, വംശനാശ ഭീഷണിനേരിടുന്ന പക്ഷികള്‍, ഇന്ത്യയിലെ വന്യപ്രകൃതി തുടങ്ങിയവ ആണ് ഈ അഞ്ച് പ്രധാന ഭാഗങ്ങള്‍. ഓരോ ഭാഷണത്തിനും എടുത്തിരിക്കുന്ന വിഷയത്തിന്റെ തലങ്ങളും മൂല്യവുമായി ബന്ധപ്പെടുത്തിയാണ് ഈ തലക്കെട്ടുകള്‍ തിരഞ്ഞെടുത്തിരിക്കുത്.
സ്വന്തം എയര്‍ഗണ്ണ് ഉപയോഗിച്ച് പക്ഷികളെ വേട്ടയാടി അവയെ പൊരിച്ചുതിന്നുന്ന കുട്ടിക്കാല വികൃതികളില്‍ നിന്നും പക്ഷി നിരീക്ഷണം എന്ന ഹോബിയിലേക്ക് സാലിം അലി വളരാന്‍ കാരണമായത് ഒരു കുരുവിയുടെ ജീവനായിരുന്നു. അങ്ങാടിക്കുരുവി എന്നു തെറ്റിദ്ധരിച്ച് കൊന്ന മഞ്ഞ കഴുത്തുള്ള പക്ഷി അപൂര്‍വ്വമായ ഒരിനമാണെന്ന് ബി.എന്‍.എച്ച്.എസിലൂടെ തിരിച്ചറിയവെ, നിശ്ചലമായ ഒരു ജലാശയത്തിലേക്ക് എറിയുന്ന കല്ല് അലകള്‍ക്ക് പിന്നാലെ അലകള്‍ ഉണ്ടാക്കുന്നതുപോലെ, തന്നിൽ പക്ഷിശാസ്ത്ര താല്‍പര്യം വളർന്നു വികസിച്ചതായി സാലിം അലി പറയുന്നു. ഇതുതന്നെയാവണം ബിസിനസ്സില്‍ താല്‍പര്യമെടുത്ത് പുറത്തൊക്കെ പോയി ജോലി ചെയ്‌തെങ്കിലും, 30 വയസ്സോടെ ഇന്ത്യയിലേക്കു തിരികെവന്ന്, തന്റെ മനസ്സിന് ഏറ്റവും സന്തോഷം നല്‍കുന്ന പക്ഷിനിരീക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കാന്‍ സഹായകമായത്.
മുപ്പത് വയസ്സു മുതല്‍ തൊണ്ണൂറ്റൊന്ന് വയസ്സു വരെയുള്ള അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയില്‍ ദക്ഷിണേന്ത്യയുടെ ഏറ്റവും ജൈവസമൃദ്ധമായ പശ്ചിമഘട്ട ആര്‍ദ്ര നിത്യഹരിതവനങ്ങള്‍ തുടങ്ങി ഉത്തരേന്ത്യന്‍ ഹിമാലയ പര്‍വ്വതങ്ങളും, പടിഞ്ഞാറേ കോണിലുള്ള റാ ഓഫ് കച്ചിലെ വരണ്ട ഉപ്പു ചതുപ്പുകളും, മധ്യേന്ത്യയുടെ കിഴക്കുള്ള ചിലിക്ക തടാകവും വരെ ഇന്ത്യയുടെ മുക്കിലും മൂലയിലും അദ്ദേഹം പക്ഷികളെ തേടി അലഞ്ഞു. ഓരോ യാത്രകളും അദ്ദേഹത്തിന് സമ്മാനിച്ച അറിവുകള്‍, പുസ്തകങ്ങളുടെയും ലേഖനങ്ങളുടേയും പ്രഭാഷണങ്ങളുടേയും രൂപത്തില്‍ പുറത്തുവന്നു. സാധാരണക്കാര്‍ക്ക് പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യം വളര്‍ത്താനായി അദ്ദേഹം ജനപ്രിയ മാസികകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടിയും എഴുതിയിരുന്നു.
ചെറുപ്പത്തില്‍ പക്ഷി വേട്ടയില്‍ ആഹ്ലാദം കണ്ടെത്തിയിരുന്ന അദ്ദേഹം, പിന്നീട് പരിസ്ഥിതി സന്തുലനം, പാരസ്പര്യം തുടങ്ങിയ വിഷയങ്ങള്‍ മനസ്സിലാക്കി തുടങ്ങിയതോടെ മൃഗവേട്ടയ്‌ക്കെതിരേയും, ദേശാടനപ്പക്ഷികളെ മാംസത്തിനായി അതിക്രൂരമായി കൊന്നൊടുക്കുന്നതിന് എതിരേയും, പ്രജനന കാലത്തെ അതിസുന്ദരമായ വെളുത്ത തൂവലുകള്‍ക്ക് വേണ്ടി വെള്ളരിക്കൊക്കുകളെ വേട്ടയാടുന്ന ഫാഷന്‍ വ്യവസായത്തിലെ അധമരായ കശാപ്പുകാര്‍ ഉള്‍പ്പെടെ എല്ലാവരേയും അതിനിശിതമായി വിമര്‍ശിച്ചും പോന്നിരുന്നതായി കാണാം. നമ്മുടെ നാട്ടില്‍ വന്യജീവികളുടെ നിലനില്‍പ്പ് അതീവ പരിതാപകരമാണെന്ന തിരിച്ചറിവിലൂടെയാണ്, ഒരു വേട്ടക്കാരനെ നിലയില്‍ നിന്നും, അല്ലെങ്കില്‍ നിയന്ത്രിതമായ വേട്ട വലിയ കുഴപ്പമില്ല തുടങ്ങിയ വാദങ്ങളില്‍ നിന്നും മാറി വന്യമൃഗ വേട്ടയേ പാടില്ല എന്ന തിരിച്ചറിവിലേക്ക് വരുന്നത്.
മികച്ച ആശയവിനിമയ പാടവത്തോടെയും വാഗ്വിലാസത്തോടെയും അതോടൊപ്പം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന പക്ഷികളോടുള്ള അകൈതവമായ ഉത്തരവാദിത്തത്തോടെയുമാണ് ഓരോ പ്രഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. പക്ഷികളുടെ ആവാസവ്യവസ്ഥ, അവ ജീവിക്കുന്ന ഒരോരോ നാടിന്റേയും പ്രത്യേകതകള്‍ അവയുടെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍, കാലാവസ്ഥയ്ക്കനുസരിച്ച് പക്ഷികള്‍ തിരഞ്ഞടുക്കുന്ന ജീവിതരീതികളും ശൈലികളും, അനുകൂലനങ്ങള്‍ തുടങ്ങി അനേകമനേകം വിഷയങ്ങളാണ് ഓരോ പ്രഭാഷണത്തിലും ഒരു പൂമാല കെട്ടുന്ന ലാഘവത്തോടെയും ചാരുതയോടെയും കൂട്ടിയിണക്കിയിരിക്കുന്നത്.
ജൈവ ചംക്രമണത്തിലും കൃഷിയിടത്തിലും പലതരത്തില്‍ സഹായകമായ പക്ഷികള്‍, നാടിന്റെ സമ്പദ് വ്യവസ്ഥ മെച്ചമാക്കാന്‍ പോലും സഹായകമാവും എന്ന് കാണിച്ചുതരുന്നു. നശിക്കുന്ന ആവാസവ്യവസ്ഥകളും അതുകാരണം വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ രസകരമായ ശൈലിയിലൂടെയും ഉദാഹരണങ്ങളിലൂടെയും അദ്ദേഹം കേള്‍വിക്കാരന് മുന്നിൽ എത്തിക്കുന്നു.
ഇതോടൊപ്പം തന്നെ സ്വയം വിമര്‍ശനാത്മകമായി അല്ലെങ്കില്‍ സ്വയം കളിയാക്കി അവതരിപ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല. മുഷിഞ്ഞ കാക്കി വസ്ത്രങ്ങളും ധരിച്ച് കൈയ്യില്‍ ബൈനോക്കുലറും ക്യാമറയുമായി പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ കുറ്റിച്ചെടികളുടെ ഉള്ളിലും മരപ്പൊത്തുകളിലും നോക്കി നടക്കുന്ന തന്നെ ഒരുപക്ഷേ ദയയോടെ ഒരു ഭ്രാന്തനായോ, വിദേശശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരനായോ ഒക്കെ നാട്ടുകാര്‍ കരുതിയിരിക്കാം എന്ന തമാശയോടെ സ്വയം വിമര്‍ശിക്കുന്ന, കളിയാക്കുന്ന ഒരു സാലിം അലിയേയും നമുക്കീ പ്രഭാഷണങ്ങളില്‍ കാണാനാവും. എന്നാൽ അടഞ്ഞ വീടിന് പുറത്തിറങ്ങി ചെയ്യുന്ന നേരമ്പോക്കുകളില്‍ പക്ഷിനിരീക്ഷണത്തെ വെല്ലാന്‍ പോന്ന ഒരു വിനോദമില്ല എന്നും അദ്ദേഹം നമുക്ക് പറഞ്ഞുതരുന്നു. പക്ഷിനിരീക്ഷണം നടത്താന്‍ ജന്തുശാസ്ത്രം പഠിക്കേണ്ട കാര്യമില്ല എന്നും, അവയോടുള്ള താല്‍പര്യവും സ്‌നേഹവുമാണ് പ്രധാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കാരണം നമ്മുടെ മനസ്സിന് ആരോഗ്യകരമായ ആനന്ദവും സംതൃപ്തിയും പക്ഷിനിരീക്ഷണത്തിലൂടെ നമുക്ക് തിരികെ കിട്ടുന്നുണ്ട്.
പക്ഷിക്കൂടുകള്‍ക്കടുത്ത് മച്ചാന്‍ കെട്ടി, ക്യാമറയും ബൈനോക്കുലറും നോട്ടുപുസ്തകവും പേനയുമായി ദിവസവും മണിക്കൂറുകള്‍ ചിലവഴിച്ചാണ് അദ്ദേഹം തന്റെ പക്ഷിപ്പുസ്തകങ്ങള്‍ക്ക് അടിസ്ഥാനമിട്ടിരിക്കുന്നത്. വളരെ വ്യക്തമായ രീതിയില്‍ മനുഷ്യരില്‍ കാണുതുപോലുള്ള അവയുടെ സ്വഭാവങ്ങളും, സ്വഭാവവൈചിത്ര്യങ്ങളും ശ്രദ്ധിച്ചതൊക്കെ ഈ നോട്ടുപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തലമുറകളായി പലരും വാക്കാല്‍ പറഞ്ഞുവെച്ചിരിക്കുന്ന കെട്ടുകഥകളുടെ തിരുത്തലുകളും ഇങ്ങനെ പുറത്തുവന്നിട്ടുണ്ട്. അങ്ങനെ ആറ്റക്കുരുവികള്‍ കൂട്ടിനുള്ളില്‍ നനഞ്ഞ മണ്ണില്‍ മിന്നാമ്മിനുങ്ങിനെ ഒട്ടിച്ചുവയ്ക്കുമെന്ന വിശ്വാസമൊക്കെ ”കൂട്ടിനുള്ളില്‍ സുഖമായി കിടക്കയില്‍ കിടന്ന് പുസ്തകം വായിക്കാനുള്ള വെളിച്ചമൊന്നും ആറ്റക്കുരുവികള്‍ക്ക് ചത്ത മിന്നാം മിനുങ്ങിയില്‍ നിന്നും കിട്ടില്ല. കൂട്ടിനുള്ളില്‍ പൂര്‍ണ്ണ അന്ധകാരമേ ആയിരിക്കുള്ളു,” എന്ന് തമാശരൂപേണ പറഞ്ഞ് നമ്മുടെ ‘അന്ധവിശ്വാസത്തെ’ അദ്ദേഹം തിരുത്തി തരുത്തുന്നു.
പക്ഷികളെ വലവീശി പിടിച്ച്, കീറിമുറിച്ച് ആന്തരാവയവങ്ങളൊക്കെ മാറ്റി, മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചു വച്ച് പഠിക്കുന്ന രീതിയൊക്കെ മാറി, അവയെ അവയുടെ ആവാസവ്യവസ്ഥകളില്‍ പഠിക്കുന്ന ആനന്ദകരമായ അവസ്ഥയെ പറ്റി അദ്ദേഹം ഈ ആദ്യ ഭാഗത്തില്‍ വിശദീകരിച്ചുതരുന്നു. പക്ഷികളുടെ ജീവിതരീതികളും ചര്യകളും മനസ്സിലാക്കാന്‍ ഒരു ബൈനോക്കുലറും, ക്യാമറയും, നോട്ടു പുസ്തകവും, പെന്‍സിലും, ക്ഷമാശീലവും, കാണുന്ന കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാനും കുറിച്ചുവയ്ക്കാനുമുള്ള കഴിവും ഉണ്ടെങ്കില്‍ നല്ലൊരു പക്ഷി ശാസ്ത്രജ്ഞനാകാന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പുതരുന്നു. പക്ഷികളെ ആവാസവ്യവസ്ഥകളില്‍ തിരിച്ചറിയാന്‍ മാത്രമല്ല, അവ പരിസ്ഥിതിയില്‍ വഹിക്കുന്ന സ്ഥാനവും, അവ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വവും നാം മനസ്സിലാക്കിയാല്‍ മാത്രമേ അവയുടെ പാരിസ്ഥിതിക മൂല്യം നമുക്ക് നിര്‍ണ്ണയിക്കാനാവൂ. നമ്മളവയെ സംരക്ഷിക്കൂ.
സചിത്ര പുസ്തകങ്ങളുടെ അഭാവം മൂലം അതീവ പക്ഷിസമ്പമായ ഭാരതത്തില്‍ പക്ഷിനിരീക്ഷണത്തിന് വലിയ പ്രചാരമുണ്ടായില്ല എന്ന നിരീക്ഷണത്തിന്റെ പിന്‍ഫലമാവും ബേര്‍ഡ്‌സ് ഓഫ് ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് എന്ന പുസ്തകത്തിന്റെ ജനനത്തിന് കാരണമായത്. ഒരു കൂട്ടുകാരനേയോ കൂട്ടുകാരിയേയോ തിരിച്ചറിയുന്ന പോലെ സ്‌നേഹത്തോടെ ഒരു പക്ഷിയെ അതിന്റെ പേര് വിളിച്ച് തിരിച്ചറിയാന്‍ സാധിക്കുന്നത് അവയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ തിരിച്ചറിയാന്‍ സഹായിക്കും എന്ന് പറഞ്ഞ് അധ്യായം പൂര്‍ണ്ണമാകുന്നു.
രണ്ടാമത്തെ വിഭാഗത്തില്‍ പക്ഷികളുടെ ഋതുക്കളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരികളെ കുറിച്ചും ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ മാസം വരെ വന്നെത്തുന്ന പക്ഷികളെ കുറിച്ചും കാലവര്‍ഷത്തിലേയും വേനല്‍ക്കാലത്തിലേയും പക്ഷികളെക്കുറിച്ചും പരദേശികളായ ദേശാടനക്കാരെ കുറിച്ചും, പൊതുവില്‍ ദേശാടനത്തെക്കുറിച്ചും പറഞ്ഞുതരുന്നു.
ദേശാടനപ്പക്ഷികള്‍ നടത്തുന്ന ദ്വിവാര്‍ഷിക യാത്രകളില്‍ നദികളുടെ താഴ്‌വാരങ്ങളെ ഹൈവേ ആയി ഉപയോഗിക്കുന്നു എന്നും, കാലാകാലങ്ങളായി നിലനില്‍ക്കുന്ന നമ്മുടെ വിശ്വാസങ്ങള്‍ക്കും ഉപരിയായി ഹിമാലയത്തിന്റേയും മറ്റു വലിയ പര്‍വ്വതനിരകളുടേയും മുകളിലൂടെ പോലും, അവ പരിഭ്രാന്തിയോ വിവേചനമോ ഇല്ലാതെ ദീര്‍ഘയാത്രകളുടെ ദൂരം കുറയ്ക്കാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ദേശാടനപ്പക്ഷികള്‍ ആവസിക്കുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ ഉള്ള സഹകരണവും, രാഷ്ട്രീയ അതിരുകള്‍ കണക്കാക്കാതെ, പക്ഷികളുടെ ഭൂമിശാസ്ത്രപരമായ വിന്യാസത്തിനും വിവിധങ്ങളായ ആവാസവ്യവസ്ഥകളിലേക്കും, വ്യത്യസ്ത ഭൂപ്രദേശങ്ങളിലേക്കും, തിരികെയുള്ള ആഗോളയാത്രകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന പഠനങ്ങളുടെ ആവശ്യം അദ്ദേഹം വ്യക്തമാക്കുന്നു.
ജീവികളുടെ സ്വഭാവരീതികളേയും ഭക്ഷണക്രമങ്ങളേയും പറ്റി ധാരണകളില്ലാതെ അവയുടെ ജീവിതത്തില്‍ കൈകടത്താന്‍ ശ്രമിക്കുതിനെക്കുറിച്ചും, വിദേശജീവികളെ സ്വദേശികളാക്കി വളര്‍ത്താന്‍ ശ്രമിക്കുതിന്റെ അനൗചിത്യം ഒക്കെ ഈ അധ്യായങ്ങളില്‍ അദ്ദേഹം തുറുന്നുകാട്ടുന്നു. ദേശാടനപ്പക്ഷികളെ കുറിച്ചുള്ള പഠനങ്ങള്‍ വിപുലീകരിക്കാനുള്ള ബി.എന്‍.എച്ച്.എസ്സി-ന്റെ താല്‍പര്യങ്ങളും പക്ഷികളെ റിംഗ് ചെയ്ത് ശാസ്ത്രപഠനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റേയും ഊര്‍ജ്ജിതമാക്കുതിന്റേയും ചിന്തകളോടെ ഈ ഭാഗം അവസാനിക്കുന്നു.
പക്ഷികളെ കുറിച്ചുള്ള പഠനമാണ് അടുത്ത ഭാഗം. അക്ഷരമാല പഠിക്കുന്നതുപോലെ പക്ഷികളെ അവയുടെ സ്വാഭാവിക ഭൂപ്രദേശങ്ങളില്‍ കൃത്യമായി തിരിച്ചറിയാനും, അതുവഴി പക്ഷിനിരീക്ഷണം സൗന്ദര്യാത്മകമാക്കാനും ബൗദ്ധികമായി ആഹ്ലാദകരമാക്കാനും, ശാസ്ത്രത്തിന് ഉപകാരപ്രദമായ സംഭാവനകള്‍ ചെയ്യാനുമുള്ള കാര്യങ്ങളാണ് ഈ അധ്യായങ്ങളില്‍ വിശദീകരിക്കുന്നത്. നമ്മുടെ ഉദാസീനവും വ്യാപകമാവുമായ നശീകരണ പ്രവൃത്തികളും പീഡനങ്ങളും തുടരുകയാണെങ്കില്‍ പല പക്ഷികളുടേയും വംശനാശത്തിന് നാം തന്നെ കാരണക്കാരാവും.
നാടിന്റെ പ്രകൃതി പൈതൃകത്തെ കുറിച്ച് കുട്ടികളുടെ ഇടയില്‍ അവബോധവും, ആസ്വാദനവും ജനിപ്പിക്കാന്‍ ഒന്നും ചെയ്യാതിരിക്കുന്നതിനെ കുറിച്ചുള്ള ഉത്കണ്ഠകള്‍ ഇവിടെ അദ്ദേഹം പങ്കുവയ്ക്കുന്നു. കുഞ്ഞു പ്രായത്തില്‍ കവണകള്‍ കൈയ്യില്‍ക്കിട്ടുന്ന കുട്ടികള്‍, ജീവജാലങ്ങളെ വിനോദത്തിനായി നശിപ്പിക്കുന്നതിൽ ഉത്സുകരായും വലുതായാല്‍ സാമ്പത്തിക ലാഭം കിട്ടുന്നവരായി മാറിയാല്‍ ജീവികളെ ഉന്മൂലനം ചെയ്യാന്‍ മടിക്കാത്തവരായും മാറുന്നു എന്ന് അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഞാന്‍ എങ്ങനെ പക്ഷികളില്‍ തല്‍പരനായി, പക്ഷികള്‍ ഒരു ദേശീയ സമ്പത്ത്, ഇന്ത്യയിലെ പക്ഷി പഠനങ്ങള്‍, പക്ഷികളുടെ പ്രണയബന്ധങ്ങള്‍ തുടങ്ങി മൃഗങ്ങള്‍, മനുഷ്യര്‍, കൃഷി-വന പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പക്ഷികള്‍ വഹിക്കുന്ന പങ്ക് വരെ പത്ത് അധ്യായങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഉള്ള തന്റെ അനുഭവങ്ങള്‍ നമ്മുടെ മുന്നിൽ തുറന്നുതരികയാണ് അദ്ദേഹം.
ഭാഗം നാലില്‍ പൊതുവില്‍ പക്ഷികളുടെ പരിരക്ഷണം, ഇന്ത്യയിലെ പക്ഷിവകുപ്പും ഇവിടുത്തെ പക്ഷി പരിരക്ഷണവും, അപ്രത്യക്ഷമാകുന്ന ജീവജാതികളും, രാജഹംസവും, ആസാമിലെ വംശനാശഭീഷണി നേരിടുന്ന നീര്‍പ്പക്ഷികളെ കുറിച്ചും എല്ലാമാണ് പ്രതിപാദിക്കുന്നത്. ജീവവ്യവഹാരങ്ങളില്‍ പക്ഷികള്‍ക്കുള്ള പങ്ക് അഥവാ ധര്‍മ്മം തിരിച്ചറിഞ്ഞ് മനുഷ്യരില്‍ അവബോധം സൃഷ്ടിക്കാനായി, 1922-ല്‍ പക്ഷി നിരീക്ഷണത്തിനായുള്ള ഒരു അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചു. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പക്ഷിസംഘടനകളുടെ ഏകോപനം കൂടി ലക്ഷ്യമാക്കിയാണ് ഈ കമ്മിറ്റി രൂപീകൃതമായത്. അതിനുള്ള പ്രതിജ്ഞയോടെ അധ്യായം തുടങ്ങുന്നു.
പക്ഷികള്‍ അന്യം നിന്നാല്‍ ഭൂമിയിലെ എല്ലാ ജീവന്റേയും നിലനില്‍പ്പ് അപകടത്തിലാവും എന്ന തിരിച്ചറിവില്‍ നിന്ന് വേനലിലോ ശിശിരത്തിലോ വ്യത്യസ്ത ആവാസവ്യവസ്ഥകളില്‍ താമസിക്കുന്ന പക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ അന്തര്‍ദ്ദേശീയ സഹകരണത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരിച്ചറിവില്ലാത്തതിനാലും, നിരുത്തരവാദപരമായ ഇടപെടലുകളും മൂലം അന്യം നിന്നു പോയ പിങ്ക് തലയുള്ള താറാവിന്റേയും മറ്റും കഥകള്‍ ഈ അധ്യായങ്ങളില്‍ അദ്ദേഹം പറഞ്ഞു പോകുന്നു. റാൻ ഓഫ് കച്ചില്‍ പ്രജനനം നടത്തുന്ന രാജഹംസങ്ങളുടെ വിശദമായ കഥയും ആകര്‍ഷണീയവും ചിന്തോദ്ദീപകവുമായി അദ്ദേഹം പറയുന്നു. ആസാമിലെ മൂന്ന് അപൂര്‍വ്വവും അപ്രത്യക്ഷമായതുമായ പക്ഷികളെ കുറിച്ച് പരാമര്‍ശിക്കുന്നു. അപൂര്‍വ്വമായി മാറിയ മാസ്‌ക്ഡ് ഫിന്‍ഫൂട്ട് എന്ന പക്ഷിയെക്കുറിച്ച് ഗോഹട്ടി സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം, ഈ മഹാഭാഗ്യം, അതായത് ഈ സ്വര്‍ഗ്ഗതുല്യ ഭൂമിയിലെ ജീവനെ പഠിക്കാന്‍ ശ്രമിക്കാതിരിക്കുന്നതിലെ ദൗര്‍ഭാഗ്യം അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു.
അഞ്ചാമത്തേതും അവസാനത്തേതുമായ ഭാഗം ഇന്ത്യയിലെ വന്യപ്രകൃതിയെക്കുറിച്ച് വിശദീകരിക്കുന്നു. നാല് അധ്യായങ്ങളാണ് ഇതില്‍. ഇന്ത്യയിലെ ജന്തുജാലങ്ങള്‍, കാശ്മീരിലെ വന്യജീവി സംരക്ഷണം, സിക്കിമിലെ ഹൃദയഹാരിയായ ജീവികള്‍, ഇന്ത്യയിലെ മനുഷ്യരും പ്രകൃതിയും – പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയാണ് അവ. മഞ്ഞുമൂടിയ മലനിരകളിൽ തുടങ്ങി മരുഭൂമികളും ആര്‍ദ്രമഴക്കാടുകളും, അതിവിശാലമായ ചതുപ്പുകളും പുഴത്തടങ്ങളും കായല്‍-കടല്‍ത്തീരങ്ങളും ഒക്കെ ചേർന്ന വൈവിദ്ധ്യമാര്‍ന്ന ജീവാഭയവ്യവസ്ഥകള്‍ ഒരുക്കുന്ന ഇന്ത്യയെ പോലൊരു കുഞ്ഞ് ഭൂപ്രദേശം ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ അതിസമ്പന്നമാണ്. 500-ലധികം വ്യത്യസ്ത സസ്തനികളും, 1800-ലധികം പക്ഷികളും ഉണ്ടിവിടെ. കേന്ദ്ര വന്യജീവി ബോര്‍ഡൊക്കെ സ്ഥാപിച്ച് നമ്മളവയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും, ജനസംഖ്യാവര്‍ദ്ധനവും വനം കൈയ്യേറ്റവും കൃഷിയിടങ്ങളായി മാറ്റപ്പെടുന്ന വനഭൂമികളും വന്യജീവനെ സാരമായി ബാധിക്കുന്നു.
കാശ്മീരിലെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന അദ്ദേഹം ബാരസിംഗ മാനുകളെ കൊന്നൊടുക്കുന്ന ലൈസന്‍സുള്ള വേട്ടക്കാരേയും അനധികൃത വേട്ടക്കാരേയും കുറിച്ച് വിശദീകരിക്കുന്നു. ബി.എന്‍.എച്ച്.എസ് മാനുകളുടെ പരിരക്ഷണത്തിനും പ്രജനനത്തിനും ഉള്ള കേന്ദ്രം വികസിപ്പിക്കുവാനും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ഉറപ്പാക്കാന്‍ വന്യജീവി പരിപാലകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശംവെച്ചു. കൂടാതെ വിളവെടുപ്പു കാലം കഴിഞ്ഞാല്‍ കര്‍ഷകരുടെ കൈയ്യില്‍ നിന്നും തോക്കുകള്‍ തിരിച്ചുവാങ്ങുന്നതിലൂടെ കൃഷിയില്ലാത്ത സമയങ്ങളില്‍ വന്യജീവികളെ കാരണം കൂടാതെ കൊല്ലുന്നത് ഒഴിവാക്കുവാനുമാകും. നിയമാനുസൃതമായ കാര്യങ്ങള്‍ ഇനിയെങ്കിലും നടപ്പിലാക്കാന്‍ കഴിയുമോ എന്നുള്ളത് ഇപ്പോഴും വലിയൊരു ചോദ്യമായി ശേഷിക്കുന്നു.
സിക്കിമിലെ ഹൃദയഹാരിയായ ജീവികള്‍ പലതിനേയും പരിചയപ്പെടുത്തി അദ്ദേഹം ഇന്ത്യയിലെ മനുഷ്യരേയും പ്രകൃതിയേയും പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും കുറിച്ച് പറഞ്ഞ് അധ്യായം അവസാനിപ്പിക്കുന്നു. കൃഷിയും മൃഗപരിപാലനവും തുടങ്ങിവെച്ചതിലൂടെ പ്രകൃതി സ്വാഭാവികമായി നടത്തിയിരുന്ന നിയന്ത്രണങ്ങളെ അതിജീവിച്ച മനുഷ്യന്‍, വിനാശകരമായ നാഗരിക സംസ്‌കാരത്തിന്റെ മടിത്തട്ടില്‍ ഇരിക്കുകയാണ്. മുമ്പുണ്ടായ ദുരന്തങ്ങളില്‍ നിന്നും പഠിക്കാത്ത നമ്മള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 2000 മി.മീ. മഴ ലഭിച്ചിരുന്ന ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഇപ്പോള്‍ 600 മി.മീറ്ററേ കിട്ടുന്നുള്ളു. നനവാര്‍ ചതുപ്പുകളില്‍ വളരുന്ന പുല്ല് തിന്ന് പെഷവാര്‍ മുതല്‍ ഗംഗാ സമതലങ്ങള്‍ വരെ പരന്ന് ജീവിച്ച കാണ്ടാമൃഗങ്ങള്‍ പശ്ചിമബംഗാള്‍, ആസാം, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ചില വന്യസങ്കേതങ്ങളില്‍ ഒതുങ്ങിപ്പോയിരിക്കുന്നത് ആ പ്രദേശങ്ങളില്‍ വന്ന് ചേര്‍ന്ന പാരിസ്ഥിതിക മാറ്റം കൊണ്ടാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൂടാതെ നമ്മളുപയോഗിക്കുന്ന രാസവിഷങ്ങളും കീടനാശിനികളും ഭൂമിയുടേയും ജലത്തിന്റേയും വായുവിന്റെയും മലിനീകരണത്തിന് കാരണമാകുന്നു. അത് തിരിഞ്ഞ് വീണ്ടും നമ്മളെ തന്നെ ബാധിക്കുന്നു. ഒരു ഉത്തരമായി അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് ജനസംഖ്യാ നിയന്ത്രണമാണ്. അതോടൊപ്പം മറ്റു ജീവന്റെ പ്രത്യുല്‍പാദന വ്യവസ്ഥയെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചുമുള്ള അവബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നു. അതിദ്രുതം തീർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമയത്തില്‍ ബൗദ്ധീകമോ ഭൗതീകമോ ആയ മാര്‍ഗ്ഗം സ്വീകരിച്ചാലും എല്ലാ ജീവനും പരിസ്ഥിതി ദുരന്തങ്ങളുടെ ഇരയാകും. പ്രകൃതി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവാഭയവ്യവസ്ഥകള്‍ നാശത്തെ നേരിടുമ്പോള്‍ അവ തരുന്ന മുറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
അപാരമായ ജ്ഞാനത്തോടെയും നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളിലൂടെയും തയ്യാറാക്കിയ ഈ കുറിപ്പുകളോരോന്നും അറിവും തിരിച്ചറിവും നിറച്ചൊരു തേന്‍കൂടാണ്. ഡോ. ശാന്തി ആസ്വദിച്ച് മൊഴിമാറ്റിയിരിക്കുന്നു ഈ കൃതി. ഒരോ താളും നിറഞ്ഞിരിക്കുന്ന അനുഭവങ്ങളും അവയുടെ വിശകലനവും ഉള്‍ക്കാഴചയും ഡോ. ശാന്തി അതിലെ ആകാംക്ഷയും ആസ്വാദനവും ഒട്ടുമേ ചോർന്നുപോകാതെ ഭംഗിയായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. വായനക്കാരെ ഹഠാദാകര്‍ഷിക്കുന്ന ഒരോ അനുഭവക്കുറിപ്പും നമ്മുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നവയും നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താൻ പാകത്തിന് ശാസ്ത്രീയമായ അടിത്തറയില്‍ അധിഷ്ഠിതവുമാണ്. ഇക്കാര്യങ്ങളില്‍ ഇനിയെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയ നേതൃത്വവും താല്‍പര്യമെടുക്കുമെന്ന് പ്രതീക്ഷിക്കാം.