ഈ ഒത്തുചേരൽ പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരമുണ്ടാക്കുമോ?

കാലങ്ങളായി ലോകം പരിഹാരം തേടിക്കൊണ്ടിരിക്കുന്ന ​ഗുരുതരമായ പ്രശ്നമാണ് പ്ലാസ്റ്റിക് മലിനീകരണം. പലതരം ശ്രമങ്ങൾ നടത്തിയിട്ടും പ്ലാസ്റ്റിക് മാലിന്യം ഓരോ വർഷവും ഭീമമായ തോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി നിരവധി അന്താരാഷ്ട്ര ചർച്ചകളും കൂടിച്ചേരലുകളും ക്യാമ്പയിനുകളും നടക്കുന്നുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് എത്താൻ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കരയിലെമ്പാടും പടർന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്താൻ ഉത്പാദകർ ശ്രമിക്കാത്തതും ഉപഭോ​ഗരീതികളിലുണ്ടായ വൻ വർദ്ധനവും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടാൻ കാരണമായി മാറുന്നു. 1950 ൽ രണ്ട് മില്യൺ ടൺ പ്ലാസ്റ്റിക്കായിരുന്നു ലോകത്ത് ഉത്പാദിപ്പിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 348 മില്യൺ ടൺ ആയി. ഓരോ വർഷവും 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്തിച്ചേരുന്നു. ഇന്ത്യ ശരാശരി 3,91,879 ടൺ മൈക്രോപ്ലാസ്റ്റിക്‌സ് പരിസ്ഥിതിയിലേക്കും 31,483 ടൺ കെമിക്കൽ അഡിറ്റീവുകൾ ജലസ്രോതസ്സുകളിലേക്കും പുറന്തള്ളുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ അപകടം തിരിച്ചറിഞ്ഞുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിനായി ലോകം വീണ്ടും ഒത്തുചേരുകയാണ്. പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ആദ്യ ആഗോള ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതിനായി ഏപ്രിൽ 22 മുതൽ 29 വരെ കാനഡയിലെ ഒട്ടാവ ന​ഗരത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ 192 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നിയമനിർമ്മാണം നടത്തുക എന്ന ലക്ഷ്യത്തോടെ യു.എൻ എൻവയോൺമെന്റ് പ്രോ​ഗ്രാം നേതൃത്വം നൽകുന്ന ഇൻ്റർഗവൺമെൻ്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ നാലാമത്തെ സെഷനാണ് ഈ സമ്മേളനം. ലോക ഭൗമ ദിനമായി ആചരിക്കുന്ന ഏപ്രിൽ 22 ന്റെ ഈ വർഷത്തെ പ്രമേയവും ‘പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്’ എന്നതാണ്.

ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന ബ്രാന്റുകളുടെ കണക്ക്. കടപ്പാട്: breakfreefromplastic

‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ എന്ന ആഗോള സന്നദ്ധ സംഘടന 2018 മുതൽ 2022 വരെ നടത്തിയ ബ്രാൻഡ് ഓഡിറ്റ് പ്രക്രിയ പുറത്തുകൊണ്ടുവന്ന കണക്കുകൾ ലോകത്ത് ഏതെല്ലാം ബ്രാൻഡുകളാണ് ഏറ്റവും കൂടുതൽ മാലിന്യം സൃഷ്ടിക്കുന്നതെന്ന് വെളിപ്പെടുത്തി. ആറ് ഭൂഖണ്ഡങ്ങളിലായി 44 രാജ്യങ്ങളിലെ 397 ബ്രാൻഡുകളെ കേന്ദ്രീകരിച്ച് 14760 വളണ്ടിയർമാർ നടത്തിയ ഓഡിറ്റ് പ്രക്രിയ പ്ലാസ്റ്റിക് മലിനീകരണത്തിൽ കോർപ്പറേറ്റുകളുടെ കുറ്റകരമായ പങ്ക് വ്യക്തമാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റ് വരവുള്ള ബഹുരാഷ്ട്ര കമ്പനികളാണ് കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടുന്നത്. ശീതള പാനീയ കമ്പനികളായ കൊക്കക്കോള, പെപ്സികോ , ഭക്ഷ്യ ഉൽപ്പന്ന കമ്പനികളായ നെസ്‌ലെ, മോണ്ടലീസ്, ശുചീകരണ-സൗന്ദര്യ വർദ്ധക ഉൽപന്ന കമ്പനികളായ പ്രോക്ടർ ആൻഡ് ഗാംബിൾ, യുണിലിവർ എന്നിവരാണ് പ്ലാസ്റ്റിക് മലിനീകരണം സൃഷിക്കുന്നതിൽ ആദ്യസ്ഥാനങ്ങളിൽ ഉള്ളത്.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള സംഘടനായ യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആഭിമുഖ്യത്തിൽ നടന്ന 2022 ലെ യു.എൻ എൻവയോണ്മെന്റ് അസംബ്ലിയിലാണ് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് ലോക രാജ്യങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്ന ആഗോള ഉടമ്പടി 2024 അവസാനത്തോടുകൂടി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങുന്നത്. അതിന്റെ ഭാഗമായാണ് Intergovernment Negotiating Committee (INC) രൂപം കൊള്ളുന്നത്. ഇതിന്റെ നാലാമത് സമ്മേളനമാണ് കാനഡയിൽ പുരോ​ഗമിക്കുന്നത്.

കടലിന്റെ അടിത്തട്ടിൽ നിന്നും കിട്ടിയ പ്ലാസ്റ്റിക് കവർ. കടപ്പാട്: breakfreefromplastic

കുതിച്ചുയരുന്ന പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ ആഗോള ഉടമ്പടിയുടെ കരട് തയ്യാറാക്കപ്പെടുന്നതിനാൽ പ്ലാസ്റ്റിക് ഉത്പാദകരായ സമ്പന്ന രാഷ്ട്രങ്ങളും പ്ലാസ്റ്റിക് മലിനീകരണം കാരണം പൊറുതിമുട്ടുന്ന ദരിദ്ര രാജ്യങ്ങളും വളരെ ശ്രദ്ധയോടെയാണ് ഈ സമ്മേളനത്തെ വീക്ഷിക്കുന്നത്. 2015 ലെ പാരീസ് ഉടമ്പടിക്ക് ശേഷമുള്ള സുപ്രധാന ഉടമ്പടിയാവും ഇത്. പ്ലാസ്റ്റിക് ഉത്പാദനം മുതൽ അതിന്റെ ഉപയോഗവും അതിന് ശേഷമുള്ള നിർമാർജനവും വരെയുള്ള വിവിധ ഘട്ടങ്ങളെയും ഉടമ്പടി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ കാനഡയിലെ കൂടിച്ചേരൽ പലതരം വെല്ലുവിളികളെ നേരിടുന്നുമുണ്ട്. INC (4) ൽ ഉണ്ടാകാൻ പോകുന്ന ഉടമ്പടി എത്രമാത്രം അഭിലഷണീയമാവുമെന്ന കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ ഭിന്നിപ്പ് നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ ആഴ്ച നടക്കുന്ന ചർച്ചകൾ ഇതുവരെ നടന്ന ചർച്ചകളേക്കാൾ കൂടുതൽ ശാസ്ത്രജ്ഞന്മാർ, ലോബിയിസ്റ്റുകൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുക്കുന്നതുമാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ത്രാഷ് ഹീറോ വോളണ്ടിയേഴ്സ്. കടപ്പാട്:trashhero.org

ഉറുഗ്വേയിൽ നടന്ന ഒന്നാമത് സമ്മേളനത്തിലും പാരീസിൽ നടന്ന രണ്ടാം സമ്മേളനത്തിലും കെനിയയിലെ മൂന്നാം സമ്മേളനത്തിലും ഈ വിഷയത്തിലുണ്ടായ ചർച്ചകൾ രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ നടന്ന മൂന്നാമത്തെ ചർച്ചയിൽ ചില രാജ്യങ്ങളുടെ എതിർപ്പുകൾ കാരണം കരട് ഉടമ്പടി മുപ്പത് പേജിൽ നിന്നും എഴുപതായി ഉയരുകയാണ് ചെയ്തത്. ഡിസംബറിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന അന്തിമ ചർച്ചകൾക്ക് മുൻപ് പൊതു തത്വങ്ങൾ കണ്ടെത്താനുള്ള സമ്മർദ്ദത്തിലാണ് ഇപ്പോൾ രാജ്യങ്ങൾ. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണം എന്ന് വാദിക്കുന്ന വിവിധ ദ്വീപ് രാഷ്ട്രങ്ങൾ ഉൾപ്പെടെ ജപ്പാൻ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ താത്പര്യങ്ങളെ പ്ലാസ്റ്റിക് -പെട്രോ കെമിക്കൽ ഉത്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രങ്ങളായ സൗദി അറബ്യ, ചൈന, ഇറാൻ പോലുള്ള രാജ്യങ്ങൾ എതിർക്കുന്നു. പെട്രോ കെമിക്കൽ ഉപോല്പന്നമാണ് പ്ലാസ്റ്റിക് എന്നതാണ് ഈ രാജ്യങ്ങൾക്ക് എതിർപ്പുണ്ടാകാൻ കാരണം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നിയന്ത്രണത്തിന് ബദലായി പുനരുപയോഗം, പുനഃചംക്രമണം എന്നീ രണ്ട് മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് ഇന്ധനാവശ്യത്തിനായി പ്ലാസ്റ്റിക്കിന്റെ ജ്വലനം നടത്തുക എന്ന ആശയമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇന്ധനത്തിനായി പ്ലാസ്റ്റിക് കത്തിക്കുന്നത് മാരക മലിനീകരണത്തിന് കാരണമാവുകയും ആരോ​ഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കാനഡയിലെ ഒട്ടാവയിൽ നടക്കുന്ന സമ്മേളനത്തിൽ നിന്നും. കടപ്പാട്:insideclimatenews

മലിനീകരണ നിയന്ത്രണത്തിൽ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം രാജ്യങ്ങളുടെ (The High Ambition Coalition to End Plastic Pollution) താല്പര്യങ്ങൾ തന്നെയാണ് യു.എസും മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി ഓരോ രാജ്യങ്ങൾക്കും അവരവരുടേതായ പദ്ധതികൾ നടപ്പിലാക്കാൻ കഴിയണം എന്നതാണ് യു.എസ് നിലപാട്. യുണിലിവർ, പെപ്സികോ പോലുള്ള കോർപ്പറേറ്റ് കമ്പനികളും സമ്മേളനത്തിൽ പങ്കുചേരുന്നുണ്ട്. കോർപ്പറേറ്റ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് പ്ലാസ്റ്റിക് പാക്കേജിങ്ങുകൾ നടത്തുന്ന ഇത്തരം കമ്പനികളുടെ നിലപാടും ഈ വിഷയത്തിലുള്ള തീരുമാനത്തിൽ നിർണായകമാണ്. പ്ലാസ്റ്റിക് ഉത്പാദകരും വ്യാപാരികളും പ്രധാനമായും പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്നതിനോ മറ്റ് രീതിയിൽ നീക്കം ചെയ്യുന്നതിനോ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും ബദൽ മാർ​ഗങ്ങൾ കണ്ടെത്താനും കാര്യമായ ഇടപെടലുകൾ ഉത്പാദകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകാതെ മാലിന്യ പ്രശ്നം വേ​ഗത്തിൽ പരിഹരിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിലല്ല, നിയന്ത്രണത്തിലാണ് കാര്യമെന്നാണ് കാനഡയിലെ സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ സ്വീകരിച്ച നിലപാട്. ഏപ്രിൽ 29ന് അവസാനിക്കുന്ന സമ്മേളനത്തിൽ ഒരു ആ​ഗോള ഉടമ്പടി രൂപപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകത്തെമ്പാടുമുള്ള പരിസ്ഥിതി-സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 25, 2024 12:38 pm